ധാരാവി ധാരാവി എന്ന് കേട്ടാല്‍ മാത്രം പോരാ...; ദാവൂദിനെ കണ്ടു മിണ്ടിയ മലയാളി ബോംബെയുടെ കഥ എഴുതുമ്പോള്‍
ദാവൂദ് ഇബ്രാഹിമിനെ നേരിട്ടുകണ്ടു അഭിമുഖം നടത്തിയ ഒരു മലയാളി പത്രപ്രവര്‍ത്തകനുണ്ട്. കൊല്ലംകാരനായ ഇഗ്നേഷ്യസ് പെരേര. 1990 ജൂണില്‍ ദാവൂദ് മുംബൈ അധോലോകം അടക്കിവാഴുന്ന കാലത്ത് ദുബായിയില്‍ ഡി കമ്പനി ആസ്ഥാനത്ത് എത്തി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്ത യുവ പത്രപ്രവര്‍ത്തകന്‍ ഇഗ്നേഷ്യസ് ഞെട്ടിച്ചത് ദാവൂദിനെ തേടിനടന്ന ബോംബെ പോലീസിനെ മാത്രമല്ല, മഹാനഗരത്തില്‍ ക്രൈം റിപ്പോര്‍ട്ടര്‍മാരായി വിലസിയിരുന്ന കൊമ്പന്‍ പത്രപ്രവര്‍ത്തകരെയും കൂടെയാണ്. പത്തു വര്‍ഷത്തിലധികം ബോംബയില്‍ ക്രൈം ബീറ്റ് കൈകാര്യം ചെയ്ത ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇഗ്‌നേഷ്യസിന്റെ ബീറ്റ് ഡയറി ത്രസിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെ സമാഹാരമാണ്.
അതില്‍ ചിലത് ഒരു പുസ്തകത്തിന്റെ ഭാഗമാകുകയാണ്. ഇഗ്നേഷ്യസ് പെരേര രചിച്ച 'ബോംബെ ടു മുംബൈ' എന്ന പുസ്തകം ഒക്ടോബര്‍ 29ന് കൊല്ലത്ത് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായിനാഥ് പ്രകാശനം ചെയ്യും. കേരള മീഡിയ അക്കാദമി ആണ് പ്രസാധകര്‍.
പുസ്തകത്തിലെ അവസാന അധ്യായത്തില്‍ പലര്‍ക്കും അറിയാത്ത ബോംബെ കലാപത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വിവരിക്കുന്നു.
പുസ്തകം ആരംഭിക്കുന്നത് ബോംബെ പട്ടണത്തിന്റെ പഴയകാല ചരിത്ര വിവരണത്തോടെയാണ്. അവസാനത്തെ അധ്യായം 1992-1993-ലെ ബോംബെ കലാപത്തിലേക്കും തുടര്‍ന്ന് ബോംബ് സ്‌ഫോടന പരമ്പരയിലേക്കും കൊണ്ടെത്തിച്ച സംഭവവികാസങ്ങളെ കുറിച്ചും അതിന്റെ ഫലമായി ബോംബയില്‍ സംഭവിച്ച രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളെയും കുറിച്ചാണ്. കലാപത്തിന് ശേഷമാണ് ബോംബെ പട്ടണം ഔദ്യോഗികമായി മുംബൈ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ബോംബെ ഒഴിച്ച് രാജ്യത്തിന്റെ ഒട്ടു മിക്ക പട്ടണങ്ങളിലും വര്‍ഗീയ കലാപം പൊട്ടി പുറപ്പെട്ടു. എന്നാല്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നു ബോംബയില്‍ മാത്രമാണ് വര്‍ഗീയ കലാപം അരങ്ങേറിയത്. പുസ്തകത്തിലെ അവസാന അധ്യായത്തില്‍ പലര്‍ക്കും അറിയാത്ത ബോംബെ കലാപത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വിവരിക്കുന്നു. ബോളിവുഡും ക്രിമിനല്‍ സംഘങ്ങളും തമ്മിലുള്ള ബന്ധവും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളികള്‍ കൂട്ടമായി തങ്ങിയിരുന്ന ആന്റ്റോപ് ഹില്ലിന്റെ അധോലോക ബന്ധങ്ങളെ കുറിച്ചും ഒക്കെ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. തെക്കേ ഇന്ത്യയില്‍ ഇന്ന് വളര്‍ന്നുവന്ന അധോലോക നായകന്‍ വരദരാജന്‍ മുതലിയാറെ കുറിച്ചും രസകരമായ വിവരങ്ങള്‍ ഇഗ്നേഷ്യസ് വെളിപ്പെടുത്തുന്നുണ്ട്.
'ബോംബെ ടു മുംബൈ' എന്ന പുസ്തകത്തിലെ ആറാം അധ്യായം പ്രസാധകരുടെ അനുമതിയോടെ 'ദ ഫോര്‍ത്ത്' പ്രസിദ്ധീകരിക്കുന്നു:
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ചേരി എന്നതാണ് ധരാവിയുടെ പ്രശസ്തി
"ധാരാവി ധാരാവി എന്ന് കേട്ടാല്‍ മാത്രം പോരാ...കാണണം"
നല്ലതുപോലെ കണ്ടിട്ടുമുണ്ട്, കുറച്ചു സുഹൃത്തുക്കളുമുണ്ടായിരുന്നു അവിടെ. എല്ലാ രീതിയിലും രാപകല്‍ വ്യത്യാസമുണ്ടെങ്കിലും, ബോംബെയിലെ നരിമാന്‍ പോയിന്റ് എന്ന സ്ഥലത്തെക്കുറിച്ച് രാജ്യമാകെ കേട്ടിട്ടുള്ളതുപോലെ ബോംബെയിലെ ധാരാവിയെക്കുറിച്ചും (യഥാര്‍ത്ഥ ഉച്ചാരണം-ധരാവി) ബോംബെക്ക് പുറത്തുള്ള ധാരാളംപേര്‍ക്ക് കേട്ടറിവുണ്ട്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ചേരി എന്നതാണ് ധരാവിയുടെ പ്രശസ്തി.
വെറും രണ്ടര ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ആ പ്രദേശം ഏകദേശം പത്തു ലക്ഷം ജനങ്ങളുടെ പാര്‍പ്പിടമാണ്. അതില്‍ പലരുടെയും ഉപജീവന മാര്‍ഗവും ആ ചേരി തന്നെയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണെങ്കിലും ധരാവി ബോംബെ പട്ടണത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് ഭാഷയില്‍ പറഞ്ഞാല്‍ ധരാവി ചേരി ബോംബെ പട്ടണത്തിന്റെ ഒരു പ്രൈം പ്രോപ്പര്‍ട്ടിയാണ്. അവിടെ താമസിക്കുന്നവര്‍ക്ക് ഒരുവിധം വേണ്ടതെല്ലാം അതിനുള്ളില്‍ത്തന്നെ ലഭ്യമാണ്.
എന്റെ ഓര്‍മയില്‍ ആ ചേരിക്കുള്ളില്‍ മൂന്ന് ബാര്‍ ഹോട്ടലുകളുണ്ടായിരുന്നു. ഇന്ന് ചിലപ്പോള്‍ അത് ഒന്നോ രണ്ടോ കൂടികാണും. ബാര്‍ ഹോട്ടലുകള്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ സാധാരണ ഉദ്ദേശിക്കുന്നതുപോലുള്ള ബാര്‍ അല്ല. തകര ഷീറ്റും ആസ്‌ബെസ്റ്റോസും മറ്റും കൊണ്ട് കെട്ടി, ചേരിയുടെ ഭാഗമായിത്തന്നെ നില്‍ക്കുന്ന ബാറുകള്‍. എന്നാല്‍ ഉള്‍ഭാഗം ഫാള്‍സ് സീലിങ്ങും ഡിം ലൈറ്റുകള്‍കൊണ്ടും നല്ലതുപോലെ മോടി പിടിപ്പിച്ചിട്ടുണ്ട്. അതില്‍ ഒരു ബാറില്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ പോകുമായിരുന്നു, കാരണം നാട്ടില്‍ പണ്ട് ചില ചായ കടകളില്‍ കിട്ടുമായിരുന്ന അതേ രുചിയുള്ള പറോട്ടയും ബീഫ് കറിയും കിട്ടും അവിടെ. ചെറിയ തട്ടുദോശ പോലെയുള്ള നാല് ചൂട് പറോട്ടയും വിറകടുപ്പില്‍ പാചകം ചെയ്ത തിളക്കുന്ന ബീഫ് കറിയും. നാല് പറോട്ട കഴിക്കാന്‍ കൃത്യമായ അളവില്‍ ഗ്രേവി. ഗ്രേവിയില്‍ അധികം എരിയില്ലാത്ത നീളത്തില്‍ അരിഞ്ഞ രണ്ടു കഷ്ണം പച്ചമുളകും കാണും. അതിനും നല്ല സ്വാദ്. ആന്റ്റോപ് ഹില്ലില്‍ കിട്ടുന്നതിനേക്കാള്‍ രുചിയുള്ള പറോട്ടയും ബീഫും. ആ പറോട്ടയ്ക്കും ബീഫിനും മലയാളികളല്ലാത്ത ആരാധകരുമുണ്ടായിരുന്നു. വല്ലപ്പോഴും കൊതിമൂത്ത് ആ ബാറില്‍ പോകുമ്പോള്‍ രണ്ടു സിക്സ്റ്റി കൂടി വാങ്ങും. അവിടെ പോകുബോള്‍ എന്നോടൊപ്പം മാട്ടുങ്കയില്‍ താമസിക്കുന്ന സുഹൃത്ത് രാജുവും കാണും കൂടെ. രാജു ഒരു തമിഴ് ബ്രാഹ്‌മണനാണ്, അതുകൊണ്ട് ബീഫ് കഴിക്കില്ല, എന്നാല്‍ പറോട്ടയും മുട്ടക്കറിയും, രണ്ടു സിക്സ്റ്റിയും കഴിക്കും. എന്റെ കൂടെ കൂടിയതിനു ശേഷമാണ് രാജു പറോട്ട ആദ്യമായി കഴിക്കുന്നത്.
ഒരിക്കല്‍ സിക്സ്റ്റിക്കൊപ്പം ഒരു ചെറിയ പാക്കറ്റ് റോസ്റ്റഡ് മസാല കശുവണ്ടി പരിപ്പ് വാങ്ങുകയുണ്ടായി. പത്ത് പരിപ്പ് ഒരു പാക്കറ്റില്‍; അന്നത്തെവില ആറു രൂപ. വില ഇപ്പോഴും ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. കൊല്ലത്തുകാരനായ ഞാന്‍ ആ പാക്കറ്റില്‍നിന്നു ഒരെണ്ണം കടിച്ചപ്പോള്‍ മനസിലായി അത് കശുവണ്ടി പരിപ്പല്ലെന്ന്. അത് മൈദാ ഉപയോഗിച്ച് കശുവണ്ടി പരിപ്പിന്റെ ആകൃതിയിലുള്ള അച്ചില്‍ നിര്‍മ്മിച്ചെടുത്ത കൃത്രിമ കശുവണ്ടി പരിപ്പായിരുന്നു നല്ല എരിവുള്ള മസാലപ്പൊടിയും തൂകിയിട്ടുണ്ട്. പക്ഷെ ബാറില്‍ കുറേ പേര്‍ ഡിം ലൈറ്റിലിരുന്ന് അതു കശുവണ്ടി എന്നു വിശ്വസിച്ചു ആസ്വദിച്ചു കഴിക്കുന്നത് കണ്ടു. ബില്ലടച്ചിട്ട് കൗണ്ടറിലിരിക്കുന്ന ഉടമസ്ഥനോട് പോകാന്‍ നേരം ഞാന്‍ ചോദിച്ചു ആ കശുവണ്ടി പരിപ്പുകള്‍ എവിടുന്നാണ് വാങ്ങുതെന്നു. അയാള്‍ പറഞ്ഞു ധരാവിയിലുള്ള ഒരാള്‍ സപ്ലൈ ചെയ്യുന്നതാണെന്ന്. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'ധരാവിയല്ലേ''. ഇനി വിദേശ മദ്യം വേണ്ടാ, വാറ്റു ചാരായം മതിയെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അതും യഥേഷ്ടം കിട്ടും ധരാവിയില്‍. അതിന്റെ കുത്തക വരദാ ഭായിയുടെ വലംകൈ, പരമശിവത്തിനായിരുന്നു.
ധരാവിയില്‍ ചൈനീസ് വിഭവങ്ങളും പഞ്ചാബി വിഭവങ്ങളും വിളമ്പുന്ന ഭക്ഷണശാലകളുമുണ്ട്, കൂടാതെ കുറേ പ്യുര്‍ വെജ് ഭക്ഷണശാലകളും. കൂട്ടത്തില്‍ അന്ന് 'വേല്‍മുരുഗന്‍' എന്നൊരു 'പ്യുര്‍' വെജ് ഭക്ഷണശാലയുണ്ടായിരുന്നു. അതിന്റെ മുകളില്‍ നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഒരു ഒന്നാം നിലയും തട്ടികൂട്ടിയിട്ടുണ്ട് അതേ ഉടമസ്ഥന്‍. അതൊരു ബാറാണ്. അവിടെ എല്ലാവിധ മാംസാഹാരവും വിളമ്പും. രണ്ടിനുംകൂടി അടുക്കള ഒന്ന്. പരാതികളൊന്നും കേള്‍ക്കാതെ അങ്ങനെയൊക്കെ ധരാവിയില്‍ മാത്രമേ നടക്കൂ.
ബോംബെ പട്ടണത്തില്‍ ഭക്ഷണം ഏറ്റവും വിലകുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഒരു സ്ഥലമാണ് ധരാവി
കുറച്ചുമാറി മറ്റൊരു സ്ഥലത്തു മദ്യകുപ്പിയുമായി ചെന്നാല്‍ ഇരുന്നു കുടിക്കാനുള്ള സൗകര്യം. ഗ്ലാസും വെള്ളവും നല്‍കും. അഞ്ചുരൂപ സിറ്റിംഗ് ഫീസ് ഒരാള്‍ക്ക്; കൂടെ ഒരു ചെറിയ കിണ്ണത്തില്‍ കുറച്ചു പുഴുങ്ങിയ കടലയും സൗജന്യമായി തരും. സോഡാ വേണ്ടവര്‍ക്ക് അതും, പക്ഷെ അതിനു ബില്ലിടും. ഒരേ സമയം എട്ടുപേര്‍ക്കിരിക്കാം. ബാര്‍ റേറ്റ് കൊടുക്കാതെ ഇരുന്നു മദ്യപിക്കാനുള്ള സൗകര്യമായതുകൊണ്ട് അവിടെയും കുറേപേര്‍ പോകും. ആളുകൂടുതല്‍ വന്നാല്‍ ആ സൗകര്യം കാല്‍ മണിക്കൂറായി ചുരുക്കും. പക്ഷെ അവിടെ പോകുന്നവര്‍ക്ക് അത്രയും സമയമൊന്നും വേണ്ട. മിന്നല്‍ വേഗത്തില്‍ ഒരു പിടി, അതിവേഗത്തില്‍ പുഴുങ്ങിയ കടല പകുതി അകത്താക്കുക, കുപ്പിയിലുള്ള ബാക്കി വീണ്ടും ഒറ്റപ്പിടി, ശേഷിക്കുന്ന കടല തീര്‍ക്കുക, സ്ഥലം കാലിയാക്കുക.
ബോംബെ പട്ടണത്തില്‍ ഭക്ഷണം ഏറ്റവും വിലകുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഒരു സ്ഥലമാണ് ധരാവി. എന്ന് പറഞ്ഞു മോശമായ ആഹാരമല്ല, ധരാവിക്ക് പുറത്തുനിന്നു കുറഞ്ഞവരുമാനക്കാരായ ധാരാളംപേര്‍ അവിടെ എത്തുമായിരുന്നു ഭക്ഷണം വാങ്ങി കഴിക്കാന്‍. സമയക്കുറവു കാരണം അവിടെ താമസിക്കുന്ന പലരും രണ്ടുനേരമെങ്കിലും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍.
ജനസംഖ്യയില്‍ പകുതിയില്‍ കൂടുതല്‍ ഹിന്ദുക്കളാണ്, എന്നാല്‍ മുസ്ലിം സമുദായത്തിന്റെ ശക്തമായ ഒരു സാന്നിധ്യവുമുണ്ട്. ക്രിസ്ത്യാനികള്‍ ഒരു ചെറിയ ശതമാനം മാത്രം.
ധരാവി നിലകൊള്ളുന്ന സ്ഥലം ഒരുകാലത്തു വലിയൊരു കണ്ടല്‍വന ചതുപ്പു പ്രദേശമായിരുന്നു. മഹാരാഷ്ട്രയിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളായ കോലി സമുദായത്തില്‍പെട്ടവരാണ് ആ പ്രദേശത്തെ പരമ്പരാഗതമായി ഉപയോഗപ്പെടുത്തിയത്. അത് കൂടുതലും വലകള്‍ ഉണക്കാനും അതുപോലുള്ള മറ്റാവശ്യങ്ങള്‍ക്കും. താമസയോഗ്യമായ സ്ഥലമല്ലാത്തതുകൊണ്ടു അവിടാരും സ്ഥിരതാമസം ഇല്ലായിരുന്നു. വേലിയേറ്റ സമയത്തു മാഹിം ഉള്‍ക്കടല്‍ വഴി വളരെയധികം കടല്‍ വെള്ളം കയറുമായിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമായും പാരിസ്ഥിക കാരണങ്ങളാല്‍ ആ പ്രദേശത്തില്‍ വേലിയേറ്റ സമയത്തുള്ള കടല്‍ കയറ്റത്തിന്റെ വീര്യം കുറയാന്‍ തുടങ്ങി. അങ്ങനെ 1800-കളുടെ അവസാനത്തോടെ ബോംബെ പട്ടണത്തില്‍ എത്തിയ പല ദിവസക്കൂലി തൊഴിലാളികളും അവിടെ തമ്പടിക്കാന്‍ തുടങ്ങി. ക്രമേണെ അത് ബോംബെയില്‍ എത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യമായി താമസിക്കാനുള്ള ഒരു താവളമായി മാറി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള ജനങ്ങള്‍ അവിടെ താമസമാക്കി. തമിഴ് നാട്ടില്‍ നിന്ന് ധരാളംപേര്‍ അവിടെ താമസമുണ്ട്. അവിടുത്തെ ജനസംഖ്യയില്‍ പകുതിയില്‍ കൂടുതല്‍ ഹിന്ദുക്കളാണ്, എന്നാല്‍ മുസ്ലിം സമുദായത്തിന്റെ ശക്തമായ ഒരു സാന്നിധ്യവുമുണ്ട്. ക്രിസ്ത്യാനികള്‍ ഒരു ചെറിയ ശതമാനം മാത്രം.
1985 ഡിസംബറില്‍ രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശതാബ്ദി ബോംബെയില്‍ ആഘോഷിക്കുന്നത്. രണ്ടാഴ്ച നീണ്ടുനിന്ന ആഘോഷപരിപാടികളായിരുന്നു. അതിന്റെ സമാപന സമ്മേളനം അഭിസംബോധന ചെയ്യുന്ന വേളയില്‍ രാജീവ് ഗാന്ധി ധരാവി നിവാസികളുടെ മാലിന്യം നിറഞ്ഞതും അനാരോഗ്യപരമായ താമസ ചുറ്റുപാടുകളില്‍നിന്നും അവര്‍ക്കു മോചനം നല്‍കാനായി കേന്ദ്ര സര്‍ക്കാരിന്റെ വക ഒരു ബൃഹത് പദ്ധതി പ്രഖ്യാപിച്ചു. അതിനു 100 കോടി രൂപയും വകയിരുത്തി . ആധുനിക ഫ്‌ലാറ്റുകള്‍, സ്‌കൂള്‍, ആശുപത്രി, മാര്‍ക്കറ്റ് മുതലായവ അടങ്ങിയ ഒരു പദ്ധതി ധരാവികാര്‍ക്ക്. അതിനു 'പ്രൈം മിനിസ്റ്റേഴ്സ് ഗ്രാന്റ്‌റ് പ്രൊജക്റ്റ്' എന്ന് പേരുമിട്ടു. പക്ഷെ പദ്ധതി വിജയിച്ചില്ല. കാരണം അത് മുന്‍പോട്ടു കൊണ്ടുപോകുന്ന കാര്യത്തില്‍ ഭൂരിപക്ഷം ധരാവി നിവാസികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഫ്‌ലാറ്റുകളില്‍ താമസമായാല്‍ അവര്‍ ധരാവിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പല വ്യവസായങ്ങളും, മറ്റു ഉപജീവന മാര്‍ഗങ്ങളും പൂട്ടേണ്ടിവരും. ധരാവിയില്‍ പ്രവര്‍ത്തിക്കുന്ന പല ചെറുകിട വ്യവസായങ്ങളും അവരവര്‍ താമസിക്കുന്ന വീടിനുള്ളില്‍ത്തന്നെ. ഫ്‌ലാറ്റില്‍ താമസിക്കാമെന്നേയുള്ളു, ജീവിതം ദാരിദ്ര്യ രേഖക്ക് താഴെ പോകും, പട്ടിണിയാകും. അതുകൊണ്ട് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
ധരാവിയിലെ തമിഴരെ കണ്ടാല്‍ പട്ടിണിപാവങ്ങളെന്നു തോന്നും. പക്ഷെ അവരുടെ മടിയിലും കീശയിലും നിറയെ കാശാണ്
ഞാന്‍ ബോംബെയില്‍ എത്തുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ധരാവി ആ പട്ടണത്തിനുള്ളില്‍ ഒരു സമാന്തര സമ്പദ് വ്യവസ്ഥയായി മാറിക്കഴിഞ്ഞിരുന്നു. അവിടുത്തെ പല കുടിലുകളും ഒരു ചെറിയ വ്യവസായ സ്ഥാപനംകൂടിയാണ്. ചേരിയിലെ കുടിലുകളിലാണ് താമസമെങ്കിലും ധരാവിക്കാര്‍ ദരിദ്രരല്ല. അവരുടെ കൂട്ടത്തില്‍ സമ്പന്നരുണ്ട്, കുറച്ചുപേര്‍ ഇടത്തര വരുമാനത്തിന് മുകളിലും, പിന്നെ കുറേപേര്‍ ഇടത്തര വരുമാനകാര്‍. കുറച്ചുപേര്‍ മാത്രമേ കാണൂ ദാരിദ്ര്യ രേഖക്ക് താഴെ. ധരാവിയിലെ തമിഴരെ കണ്ടാല്‍ പട്ടിണിപാവങ്ങളെന്നു തോന്നും. പക്ഷെ അവരുടെ മടിയിലും കീശയിലും നിറയെ കാശാണ്. ഷിര്‍ട്ടിന്റെ കൈചുരുട്ടഴിച്ചാല്‍ അവിടുന്നും വീഴും നോട്ടുകള്‍. തമിഴ്നാട്ടില്‍ വലിയ കൃഷിഭൂമിയും മറ്റു സ്വത്തുക്കളുമുള്ളവരാണ് അവരില്‍ പലരും. ഒക്കെ വാങ്ങിയത് ധരാവിയില്‍നിന്നുള്ള സമ്പാദ്യംകൊണ്ട്. അധോലോക നായകന്‍ വരദാഭായുടെ കല്പനകള്‍ക്കായിരുന്നു അവിടെ രാജ്യത്തെ നിയമങ്ങളെക്കാള്‍ മതിപ്പ്.
സിനിമയിലെ 'ഈ ധാരാവി, ധാരാവി എന്ന് കേട്ടിട്ടുണ്ടോ?' എന്ന വൈറലായ ചോദ്യത്തില്‍ ഒരു ഭീഷണിയുടെ ധ്വനിയുണ്ട്.
സിനിമയിലെ 'ഈ ധാരാവി, ധാരാവി എന്ന് കേട്ടിട്ടുണ്ടോ?' എന്ന വൈറലായ ചോദ്യത്തില്‍ ഒരു ഭീഷണിയുടെ ധ്വനിയുണ്ട്. ധരാവിയും ധരാവിയില്‍ താമസിക്കുന്നവരും അപകടകാരികളാണെന്ന് ഒരു മുന്നറിയിപ്പും താക്കീതും. അതില്‍ അതിശയോക്തിയൊന്നും ഇല്ല. അങ്ങനെയുള്ള ഒരന്തരീക്ഷമാണ് ധരാവിയില്‍. സാമൂഹിക വിരുദ്ധരുടെ കോട്ടയല്ലെങ്കിലും ഒരു താവളമാണ് ധരാവി. ആ ചേരിയില്‍ ആര്‍ക്കും ഭൂമി സ്വന്തമായിട്ടില്ല. കാരണം അത് സര്‍ക്കാര്‍ ഭൂമിയാണ്. അതില്‍ ജനം കൈയേറി താമസിക്കുന്നു. ബോംബെയുടെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തു സര്‍ക്കാര്‍ അവരെ ഒഴിപ്പിക്കുന്നില്ലെന്നു മാത്രം. അവിടുള്ള എല്ലാ കെട്ടിടങ്ങളും താത്കാലിക കെട്ടിടങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആ കെട്ടിടങ്ങള്‍ക്ക് ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൈവശ അവകാശം കൊടുക്കാറുണ്ട്. കൈവശ അവകാശം ഉടമസ്ഥാവകാശമല്ല. ആ അവകാശത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ഇടംപിടിക്കാം, വൈദ്യുതി കണക്ഷനും, റേഷന്‍ കാര്‍ഡും കിട്ടും. പക്ഷെ തന്റേടവും കൈക്കരുത്തുമില്ലെങ്കില്‍ ഉടമസ്ഥാവകാശമുണ്ടായിട്ട് കാര്യമില്ല. അത് കൈയൂക്കുള്ള മറ്റാരെങ്കിലും കൈക്കലാക്കും. അങ്ങനെ ധാരാളം സംഭവങ്ങള്‍ നടക്കാറുണ്ടായിരുന്നു ധരാവിയില്‍. പോലീസാകട്ടെ കാശും പിടിപാടുമുള്ളവന്റെ പക്ഷത്താണ്. മൂന്ന് ചതുരശ്ര കിലോമീറ്ററിന് താഴ മാത്രമേ വിസ്തീര്‍ണം ഉള്ളെങ്കിലും, ചേരിയിലെ ക്രമാസമാധാനപാലനത്തിനായി ഒരു ധരാവി പോലീസ് സ്റ്റേഷന്‍ ചേരിക്കുള്ളില്‍ത്തന്നെയുണ്ട്. പലതുള്ളി പെരുവെള്ളം എന്ന രീതിയില്‍ വന്‍ കൈക്കൂലി വരുമാനമായിരുന്നു അവിടുത്തെ പോലീസുകാര്‍ക്ക് അന്നൊക്കെ. പോലീസ് സ്റ്റേഷനില്‍ പോകേണ്ട സാഹചര്യം വന്നാല്‍, ചെലവുള്ള കാര്യമാണ് നീതിയും ന്യായവും കൂടെയുണ്ടെങ്കില്‍പോലും. പലപ്പോഴും അനീതിയായിരുന്നു ധരാവികാര്‍ക്ക് പോലീസ് സ്റ്റേഷനില്‍നിന്നും വേണ്ടിയിരുന്നത്. അങ്ങനൊരു ഉല്‍പന്നം വില്‍ക്കാന്‍ തയ്യാറുള്ള പോലീസുകാരും ധാരാളമുണ്ടായിരുന്നു. എല്ലാദിവസവും ധരാവിയില്‍ താമസിക്കുന്ന ധാരാളം പേര്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ട സാഹചര്യത്തില്‍ പോയി പെടാറുമുണ്ട്. അതുകൊണ്ടു അവിടേക്കൊരു സ്ഥലമാറ്റം കിട്ടാന്‍ വന്‍ മത്സരമാണ് പോലീസുകാര്‍ക്കിടയില്‍ അന്ന്. അത്തരം ഇരുപത്തഞ്ചോളം പോലീസ് സ്റ്റേഷനുകളുണ്ടായിരുന്നു ബോംബെ പട്ടണത്തില്‍. അതൊക്കെ പോലീസ് ഭാഷയില്‍ 'എ' ഗ്രേഡ് സ്റ്റേഷനുകള്‍. അതുപോലെ 'ബി' ഗ്രേഡുണ്ട് കുറേ, പിന്നെ 'സി' ഗ്രേഡും.
ധരാവിയില്‍ വീടിനു കൈവശാവകാശമുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട് കൈയൂക്കുപയോഗിച്ചു പോലീസിന്റെ സഹായത്തോടെ തട്ടിയെടുത്ത കഥ ഞാന്‍ ദി ഡെയിലിയില്‍ കൊടുത്തിരുന്നു. 'തഗ്സ് ഇന്‍ യൂണിഫോം' എന്ന തലക്കെട്ടില്‍ അത് പ്രസിദ്ധീകരിച്ചത് 1986 ഏപ്രില്‍ 19ന്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേര് എസ്. കെ. ഖഡെ. അദ്ദേഹം കുടുംബസമേതം കൈവശാവകാശത്തിന്റെ അടിസ്ഥാനത്തില്‍ താമസിച്ചിരുന്നത് ധരാവിയിലെ റൂം നമ്പര്‍-1 , മുനിസിപ്പല്‍ ചൗള്‍ നമ്പര്‍ 276-A എന്ന വീട്ടില്‍. 1986 തുടക്കത്തില്‍ അദ്ദേഹത്തിന് അന്റോപ് ഹില്ലിലെ സെന്‍ട്രല്‍ ഗവണ്മെന്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഒരു ഫ്‌ലാറ്റ് അലോക്കേറ്റു ചെയ്തു. അങ്ങനെ ധരാവിയിലെ വീടും പൂട്ടി കുടുംബസമേതം അന്റോപ് ഹില്ലിലേക്കു താമസം മാറി. രണ്ടാഴ്ച കഴിഞ്ഞു ധരാവിയിലെ വീട്ടില്‍നിന്നു എന്തോ എടുക്കാന്‍ വേണ്ടി പോയപ്പോള്‍ വീട്ടില്‍ വേറെ ഒരു കുടുംബം താമസിക്കുന്നു. അവര്‍ അവകാശപ്പെട്ടു അത് അവരുടെ വീടെന്ന്. ഖഡെ കൈവശമുള്ള എല്ലാ രേഖകള്‍ സഹിതം ധരാവി പോലീസില്‍ പരാതിപ്പെട്ടു. ഒരനക്കവുമില്ല. പിന്നെ മേഖല ഡിസിപി ക്ക് പരാതി നല്‍കി, എന്നിട്ടും ഒരനക്കവുമില്ല. അതിനുശേഷം സിറ്റി പോലീസ് കമ്മിഷണര്‍ ഡി എസ് സോമന് പരാതി നല്‍കി. സോമന്‍ അത് ധരാവി പോലീസിനോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന്‍ ഉത്തരവിട്ടു. പക്ഷെ നല്‍കിയ റിപ്പോര്‍ട്ട് അതിക്രമിച്ചു കയറിയവര്‍ക്ക് അനുകൂലമായിരുന്നു. ഒടുവില്‍ ഖഡെ കോടതിയില്‍ പോയി. അതുവരെയുള്ള കാര്യങ്ങളായിരുന്നു എന്റെ റിപ്പോര്‍ട്ടില്‍.
വരദാഭായുടെ കാര്യസ്ഥന്‍ പരമശിവത്തിന് ധരാവിയില്‍ ഒരു വിശ്വസ്തനുണ്ടായിരുന്നു, പേര് സെല്‍വരാജ്. പോലീസ് സ്റ്റേഷന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതായിരുന്നു സെല്‍വരാജിന്റെ വകുപ്പ്. മാട്ടുങ്കയിലെ രാജു വഴി എനിക്ക് സെല്‍വരാജിനെ നല്ല പരിചയമായിരുന്നു. ഒരിക്കല്‍ ഒരു കൂടലിനിടെ സെല്‍വരാജ് ധരാവി പൊലീസിന് കൈക്കൂലി എങ്ങനെയാണ് ഏല്പിക്കുന്നതെന്നു എന്നോട് വിവരിച്ചു. എന്തെങ്കിലും കാര്യം സാധിക്കാന്‍ സ്റ്റേഷനില്‍ ചെന്നാല്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ സെല്‍വരാജിനോട് സൗഹൃദത്തില്‍ ഒരു സിഗരറ്റ് ചോദിക്കും. സെല്‍വരാജ് കയ്യിലുള്ള പാക്കറ്റ് കൊടുക്കും. അതില്‍ നാലോ അഞ്ചോ സിഗരറ്റ് കാണും. ഉദ്യോഗസ്ഥന്‍ അതിലൊരെണ്ണം എടുത്തു കത്തിക്കും, എന്നിട്ടു പാക്കറ്റ് മേശപ്പുറത്തു വെക്കും. കാര്യങ്ങള്‍ കഴിഞ്ഞു പോകുബോള്‍,സെല്‍വരാജ് ആ പാക്കറ്റ് തിരിച്ചു ചോദിക്കില്ല , പോലിസ് ഉദ്യോഗസ്ഥന്‍ അത് തിരിച്ചു കൊടുക്കത്തുമില്ല. അതിനുള്ളില്‍ കാണും ഒരു നോട്ട്, മിക്കവാറും അഞ്ഞൂറിന്റെതായിരിക്കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കണ്ടുപിടിച്ചതുപോലെ എന്തോ താന്‍ കണ്ടുപിടിച്ചെന്നമട്ടില്‍ സെല്‍വരാജ് അവകാശപ്പെടുന്നത്, ആ രീതിയിലുള്ള കൈക്കൂലി കൈമാറ്റം പുള്ളിയുടെ കണ്ടുപിടിത്തമാണെന്ന്. വളരെ സേഫ്, ആരെങ്കിലും കണ്ടാല്‍ സിഗരറ്റ് കൊടുത്തെന്നേ തോന്നൂ- ''എപ്പിടിയിറുക്ക്'' എന്നും ചോദിച്ചു എന്നോട്.
ഭൂമി സ്വന്തമായി ഇല്ലാത്തതുകൊണ്ട് ബാങ്കില്‍ വസ്തു ഈടുവെച്ചു വായ്പ എടുക്കാന്‍ സാധ്യമല്ല ധരാവികാര്‍ക്ക്. എന്നാല്‍ അവിടുത്തെ നല്ലൊരു വിഭാഗം താമസക്കാര്‍ വ്യവസായികളും കച്ചടക്കാരുമായതു കൊണ്ട് വായ്പ എടുക്കേണ്ടിവരു പലപ്പോഴും. ഈ സ്ഥിതിവിശേഷം നല്ലതുപോലെ മുതലെടുത്തു കാശുണ്ടാക്കിയവരാണ് അവിടെത്തന്നെയുള്ള ബ്ലേഡ് പലിശക്കാര്‍. അവരില്‍ പലരും ചട്ടമ്പികളുമാണ്.
കൈവശ അവകാശമുള്ള വസ്തു മറിച്ചുകൊടുക്കുന്നതും വലിയ വരുമാനമാര്‍ഗമായിരുന്നു ധരാവിയില്‍. നല്ല കച്ചവടം നടക്കുന്ന ഒരു കട അല്ലെങ്കില്‍ പുതുതായി എന്തെങ്കിലും തുടങ്ങിയാല്‍ നല്ല കച്ചവടം നടക്കാന്‍ സാധ്യതയുള്ള കട, അതിനൊക്കെ ചോദിക്കുന്ന വില. കൊല്ലത്തു ചിന്നക്കടയില്‍ കട മറിച്ചു കൊടുക്കുന്നതിനേക്കാള്‍ വില കിട്ടുമായിരുന്നു ധരാവിയില്‍ ഒരു കട മറിച്ചുകൊടുത്താല്‍ അന്നൊക്കെ. ധരാവിയിലെ ചില കച്ചവടക്കാര്‍ അവര്‍ക്കുള്ള അവരുടെ കടകളില്‍നിന്നും ആവശ്യംപോലെ കാശുണ്ടാക്കി കട മറിച്ചുകൊടുത്തിട്ടു അവിടെല്ലാം മതിയാക്കി നാട്ടില്‍ പോയി സുഖമായി ജീവിക്കുന്ന കഥകളുമുണ്ട്.
ധാരാളം മാല പൊട്ടിക്കല്‍ സംഭവങ്ങള്‍ നടക്കുന്ന ഒരു പട്ടണമായിരുന്നു അന്നൊക്കെ ബോംബെ.
മറ്റൊരു രസകരമായ ഒരു സംഭവം എന്റെ ഓര്‍മയില്‍ വരുന്നത് ധരാവി പോലീസ് സ്റ്റേഷന് തൊട്ട് എതിര്‍വശമുള്ള ഒരു ഡോക്ടറുടെ ക്ലിനിക്കാണ്. ക്ലിനിക്കെന്നു പറഞ്ഞാല്‍ അതും തകര ഷീറ്റും മറ്റും കൊണ്ട് തട്ടി കൂട്ടി നിര്‍മിച്ച ഷെഡ് . ബിഹാറില്‍നിന്നോ, യുപിയില്‍ നിന്നൊ എടുത്ത ഒരു ഡിഗ്രി പേരിന്റെ കൂടെ എഴുതിവെച്ചിട്ടുണ്ട്. അത് യുനാനിയാണോ, ഹോമിയോയാണോ, സിദ്ധയാണോ, ആയുര്‍വേദയാണോ എന്നറിയാന്‍ ബുദ്ധിമുട്ടാണ്. എന്തായാലും എംബിബിഎസ് ഇല്ല അതില്‍. എന്നാല്‍ ഡോക്ടര്‍ അവിടെ പ്രാക്ടീസ്ചെയ്യുന്നത് അലോപ്പതി. ധാരാളം പേഷ്യന്റ്സ് ഉണ്ട്. പലരും പറയുന്നത് ഡോക്ടര്‍ക്ക് നല്ല കൈപുണ്യമെന്ന്. പോലീസ് സ്റ്റേഷനിലെ ചിലരും ഡോക്ടറുടെ പേഷ്യന്റ്സാണ്. ക്ലിനിക്കിന് കുറച്ചുമാറി ഡോക്ടര്‍തന്നെ ഒരു ക്ലിനിക്കല്‍ ലാബും നടത്തുന്നുണ്ട്. വരുന്ന നല്ല ശതമാനം രോഗികളെയും ആദ്യം കുറിപ്പുകൊടുത്തു അങ്ങോട്ട് പറഞ്ഞുവിടും. ഡോക്റ്റര്‍ ഫോണില്‍ കൂടി പറഞ്ഞുകൊടുക്കുന്നതാണ് ക്ലിനിക്കിലിരിക്കുന്ന ടെക്നിഷ്യന്‍സ് റിപ്പോര്‍ട്ടില്‍ ടൈപ്പ് ചെയ്യുന്നതെന്നും ചിലര്‍ ആരോപിക്കുന്നത് കേട്ടിട്ടുണ്ട്. ഒരാളെന്നോട് പറഞ്ഞു ഒരിക്കല്‍ ആ ഡോക്ടറുടെ ലാബില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ അയാള്‍ക്കു സംശയം തോന്നി. അങ്ങനെ അതേ കുറിപ്പുവെച്ചു മറ്റൊരു ലാബില്‍ പോയി പരിശോധിച്ച്. ആ റിപ്പോര്‍ട്ടില്‍ വ്യത്യസ്തമായ റിസള്‍ട്ട് ആയിരുന്നു. രണ്ടുംകൂടിയെടുത്തു ധരാവി ഡോക്ടറുടെ പക്കല്‍ ചെന്ന് 'എന്താണ് ഇതിന്റെ അര്‍ഥം' എന്ന് ഗൗരവത്തില്‍ ചോദിച്ചു. ഉടന്‍തന്നെ ഡോക്ടര്‍ തന്റെ ലാബിലെ റിപ്പോര്‍ട്ടെടുത്തു ചവച്ചു വിഴുങ്ങി വെള്ളവും കുടിച്ചു. എന്തായാലും ധാരാളം കാശ് ആ ഡോക്റ്റര്‍ ധരാവിയില്‍ നിന്ന് സമ്പാദിച്ചു. ഇടക്കിടെ മെഡിക്കല്‍ റെപ്സും വന്നു പോകാറുണ്ട്, അവരുടെ വക ഗിഫ്റ്റുകള്‍ വേറെ.
ധാരാളം മാല പൊട്ടിക്കല്‍ സംഭവങ്ങള്‍ നടക്കുന്ന ഒരു പട്ടണമായിരുന്നു അന്നൊക്കെ ബോംബെ. അത്തരം സംഭവങ്ങള്‍ കൂടുതലും തിരക്കുള്ള സമയത്തു ലോക്കല്‍ ട്രെയിനിലും, സ്റ്റേഷനുകളിലുമായിരിക്കും. അതുകൊണ്ടു തന്നെ പല സ്ത്രീകളും ജോലിക്ക്പോകുമ്പോള്‍ സ്വര്‍ണ മാലകള്‍ ഇടാറില്ല. എന്നാല്‍ പൊട്ടിച്ചെടുക്കുന്ന മാലകള്‍ പലതും എത്തുന്നത് ധരാവിയില്‍. അവിടെ തട്ടാന്മാര്‍ അതൊക്കെ വിലകുറച്ചു വാങ്ങി ഉരുക്കി പുതിയ ആഭരണങ്ങളാക്കി മാറ്റും. അന്നൊരു സ്വര്‍ണക്കടയുമുണ്ടായിരുന്നു ധരാവിയില്‍.
ഏതായാലും, മുകളില്‍ സൂചിപ്പിച്ച കശുവണ്ടി പരിപ്പ് തൊട്ടു പലതും അവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിലതൊക്കെ ഹൈ ക്വാളിറ്റി സാധനങ്ങള്‍. അവിടെ ഉത്പാദിപ്പിക്കുന്ന പലതും നല്ല ഉഗ്രന്‍ പാക്കിങ്ങില്‍ ബോംബെയുടെ പല പോഷ് കടകളില്‍പോലും ലഭിക്കും, ആഹാര പദാര്‍ത്ഥങ്ങള്‍തൊട്ട് ലെതര്‍ ഉത്പന്നങ്ങള്‍വരെ. ലെതര്‍ ഉത്പന്നങ്ങള്‍ക്ക് പേരുകേട്ട സ്ഥലത്താണ് ധരാവി. ബോംബെയിലെത്തുന്ന വിദേശികളില്‍ പലരും അവിടെച്ചെന്ന് ലെതര്‍ ഉത്പന്നങ്ങള്‍ വാങ്ങിയിട്ട് പോകുന്നത് പതിവാണ്. വിലകുറവ് മാത്രമല്ല നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍. ഷൂസും, ബെല്‍റ്റും, സാന്‍ഡലുമാണ് പ്രധാന ഉത്പന്നങ്ങള്‍. റെഡിമെയിഡ് വസ്ത്ര നിര്‍മാണത്തിനും, പ്രത്യേകിച്ച് ഷര്‍ട്ടുകള്‍ക്കും, പേരുകേട്ട പ്രദേശമാണ് ധരാവി. നൂറുകണക്കിന് തയ്യല്‍ മെഷീനുകളിരിക്കുന്ന അനേകം ഷെഡുകള്‍ കാണാം ധരാവിയില്‍. ഈ വ്യവസായവുമായി ബന്ധപ്പെട്ട് അവിടെ ഉത്പാദിപ്പിക്കുന്ന നല്ലൊരു ശതമാനം റെഡിമെയിഡ് ഉത്പന്നങ്ങളും കയറ്റുമതിക്കുള്ളതാണ്.
എന്നാല്‍ ഞാന്‍ ബോംബെയിലുള്ള സമയത്ത് ധരാവിയില്‍ വലിയ ചിലവില്ലാതെ കുറേപേര്‍ ധാരാളം കാശ് സമ്പാദിച്ചത് 'വീഡിയോ പാര്‍ലര്‍' നടത്തുന്നതിലൂടെയായിരുന്നു. ഒരു ഷെഡും, ഒരു ടീവിയും, വീസിയാറും മതി. സിനിമ പ്രദര്‍ശിപ്പിക്കാന്‍ വീഡിയോ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് കിട്ടും. എന്നാല്‍ ധരാവിയില്‍ പ്രദര്‍ശിപ്പിച്ച പലതും ബ്ലൂ ഫിലിം അഥവാ അശ്ളീല ചിത്രങ്ങള്‍. അത്തരം ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഒരു ഷോയ്ക്കു ഇരുനൂറിലധികം കാണികള്‍ കാണും, അട്ടിയടുക്കി ഒരു ഷെഡില്‍. അന്നത്തെ ടിക്കറ്റ് നിരക്ക് അഞ്ചുരൂപ (1985/1986). പരമാവധി 45 മിനിറ്റു ദൈര്‍ഘ്യം കാണും ഒരു ഷോ. ഒരു ദിവസം പത്തു മുതല്‍ പന്ത്രണ്ട് ഷോവരെ നടത്തും ഒരു പാര്‍ലര്‍ ബ്ലൂ ഫിലിം കിട്ടിയാല്‍. എല്ലാ ഷോയും ഹൌസ് ഫുള്ളായിരിക്കും- യൂ ട്യൂബ് ഇല്ലാത്ത കാലമാണേ. ധരാവിയില്‍ ബ്ലൂ ഫിലിമിന് ഉപയോഗിക്കുന്ന കോഡ് ഭാഷ 'മലയാളത്തു പടം ' എന്നാണ്. അത് പറഞ്ഞാണ് പുതിയ വീഡിയോ കാസെറ്റ് കിട്ടിയിട്ടുണ്ടെന്ന് പാര്‍ലര്‍ ഉടമ തന്റെ പാര്‍ലറിലേക്കു ആളെ കൂട്ടുന്നത് . അത്തരത്തില്‍ അശ്‌ളീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നൂറിലധികം വീഡിയോ പാര്‍ലറുകളുണ്ടായിരുന്നു ധരാവിയില്‍ അന്നൊക്കെ. നല്ല വരുമാനം കിട്ടുന്ന സംരംഭമായിരുന്നു നടത്തിപ്പുകാര്‍ക്ക്. ധരാവിയിലെ അത്തരം വീഡിയോ പാര്‍ലറുകളെക്കുറിച്ചു ഒരു വാര്‍ത്ത ദ ഡെയ്ലി പ്രസിദ്ധീകരിച്ചു 'പോണ്‍ ഡെന്‍സ് ത്രൈവ് അറ്റ് ധരാവി' എന്ന തലക്കെട്ടില്‍ (അത് ഞാന്‍ എഴുതിയ വാര്‍ത്ത അല്ല). വാര്‍ത്ത വന്നതിന്റെ പിറ്റേ ദിവസം പോലീസ് ഒരേയൊരു വീഡിയോ പാര്‍ലര്‍ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു. പാര്‍ലറില്‍നിന്ന് ടി.വി. യും വി.സി.ആറും അയാളുടെ തലയില്‍ വെച്ച് നടത്തിയാണ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയത്. പക്ഷെ ബാക്കിയുള്ള ഒരു പാര്‍ലറും പോലീസ് തൊട്ടില്ല. ആ ഒരാളെ മാത്രം പിടിക്കാന്‍ എന്താ കരണമെന്നറിയില്ല. രണ്ടു ദിവസം പാര്‍ലറുകള്‍ പൂട്ടിയിട്ടിരുന്നു. പിന്നീട് പഴയതുപോലെ ഹൗസ്ഫുള്‍- ബ്ലൂ ഫിലിം അഥവാ ''മലയാളത്തു പടം'' കാണാന്‍ ധരാവിയില്‍ വീണ്ടും തിരക്കായി.
ധരാവിയില്‍ സംഗം ഗല്ലി എന്നൊരു തെരുവുണ്ട്. അതൊരു റെഡ് സ്ട്രീറ്റ് അഥവാ ചുവന്ന തെരുവായിരുന്നു.
ധരാവിയില്‍ സംഗം ഗല്ലി എന്നൊരു തെരുവുണ്ട്. അതൊരു റെഡ് സ്ട്രീറ്റ് അഥവാ ചുവന്ന തെരുവായിരുന്നു. ഒരു സ്ത്രീയാണ് പ്രധാന നടത്തിപ്പുകാരി. ഇനി, ധരാവിയില്‍നിന്നു കാശ് സമ്പാദിക്കുന്ന മാര്‍ഗം ഏതായാലും, തുകയുടെ ഒരു ഭാഗം വരദാ ഭായിക്ക് പോയിരിക്കും, പുള്ളി അവിടെ വിലസിയ കാലഘട്ടത്തില്‍. ആ കൊടുക്കുന്ന തുകയുടെ പേര് 'പ്രൊട്ടക്ഷന്‍ മണി' എന്നായിരുന്നു.
എന്നാല്‍ ഇതിന്റെയൊക്കെ നടുവില്‍ അതൊന്നും ശ്രദ്ധിക്കാന്‍പോകാതെ സമാധാനമായി കുടുംബ ജീവിതം നയിക്കുന്ന ധാരാളംപേരുമുണ്ടായിരുന്നു ധരാവിയില്‍.
(കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കോപ്പികൾക്കായി 93889 59192 എന്ന നമ്പറിൽ ബന്ധപ്പെടുക)