ജസ്റ്റിസ് പുട്ടസ്വാമി: സ്വകാര്യത മൗലികാവകാശമാണെന്ന വിധിയിലേക്ക് നയിച്ച പോരാട്ടം
''സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ്. പൗരന്മാരുടെ അന്തസ് ഉയർത്തിപ്പിടിക്കും വിധം അവരുടെ സ്വകാര്യത സംരക്ഷിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്,'' 2017 ഓഗസ്റ്റ് 24ലെ സുപ്രീംകോടതിയുടെ ചരിത്ര വിധി. ഭരണഘടനയുടെ അനുച്ഛേദം 21, 14, 19 എന്നിവ അടിസ്ഥാനമാക്കി അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അധ്യക്ഷനായ ഒൻപതംഗ ബെഞ്ചിന്റെതായിരുന്നു വിധി. നാഴികക്കല്ലായ ആ വിധിയിലേക്ക് നയിച്ചത് ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള നിർണായകമായൊരു പോരാട്ടമായിരുന്നു. ഇന്ന്, 98-ാം വയസിൽ അന്തരിച്ച കർണാടക മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയായിരുന്നു ആ പോരാട്ടത്തിനു പിന്നിൽ.
2012ൽ 86-ാം വയസിലാണ് പുട്ടസ്വാമി ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്നത്
2012ൽ 86-ാം വയസിലാണ് പുട്ടസ്വാമി ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പോരാട്ടത്തിനg തുടക്കമിടുന്നത്. ആധാർ ചോദ്യം ചെയ്തുള്ള ആദ്യ നീക്കമായിരുന്നു പുട്ടുസ്വാമിയുടേത്. ഓരോ വ്യക്തിക്കും ആധാർ കാർഡ് നിർബന്ധമാക്കുന്നതും വിവിധ സർക്കാർ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള നീക്കത്തzയും അദ്ദേഹം ചോദ്യം ചെയ്തു. ഭരണഘടനപ്രകാരം അനുവദിച്ചിട്ടുള്ള തുല്യതയുടെയും സ്വാതന്ത്ര്യത്തിന്‍റെയും ലംഘനമാണ് നീക്കമെന്ന് അദ്ദേഹം വാദിച്ചു.
''പൗരന്മാരുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണിത്. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി പോലും എതിർത്ത ഒരു പദ്ധതിയുമാണ് ആവശ്യമായ ചർച്ചകളില്ലാതെ കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. ഇതെങ്ങനെ അനുവദിക്കാനാകും?'' ഇതായിരുന്നു പുട്ടസ്വാമി ഉയർത്തിയ ചോദ്യം. ബയോമെട്രിക് അടയാളങ്ങൾ ശേഖരിക്കുന്നതും വിവിധ ഏജൻസികളെ പദ്ധതിയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തുന്നതുമുൾപ്പെടെ വ്യക്തിവിവരങ്ങൾ ചോരാനുള്ള സാധ്യകൾ അദ്ദേഹം അക്കമിട്ട് നിരത്തി. ഈ പോരാട്ടമാണ് 2017ലെ സുപ്രധാന വിധിയിലെത്തി നിന്നത്.
സ്വകാര്യതയെ പ്രത്യേക അവകാശമായി ഭരണഘടന അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ മൗലികാവകാശമായി കണക്കാൻ സാധിക്കില്ലെന്നുമാണ് കേസില്‍ കേന്ദ്രം ആദ്യം സുപ്രീംകോടതിയില്‍ വാദിച്ചത്. പിന്നീട് നിലപാട് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യതയെ മൗലികാവകാശമായി കണക്കാക്കാമെന്നും എന്നാല്‍ അത് ഉപാധികളോടെയായിരിക്കണമെന്നും വാദിച്ചു. ഇതെല്ലാം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി.
1926ൽ ബെംഗളുരുവിനു സമീപം ജനിച്ച പുട്ടസ്വാമി 1952ലാണ് അഭിഭാഷക ജീവിതം ആരംഭിച്ചത്. 1977 മുതൽ 1986 വരെ കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. വിരമിച്ചശേഷം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ചെയർപേഴ്സണായും ആന്ധ്രാപ്രദേശ് പിന്നാക്കവിഭാഗ കമ്മിഷന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചു.