സമരതീഷ്ണമായ ചരിത്രത്തെ സ്‌നേഹിച്ച ബാബു ഭരദ്വാജിന്റെ ജീവിതം
എസ് എഫ് ഐയുടെ സ്ഥാപക ഭാരവാഹികളിലൊരാള്‍ എന്ന നിലയിലാണ് ബാബു ഭരദ്വാജിനെപ്പറ്റി ആദ്യം കേട്ടത്. ദി ഹിന്ദു പത്രത്തിന്റെ ഡയറക്ടര്‍മാരിലൊരളും എഡിറററുമായ ലോകപ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍ റാമും ബാബു ഭരദ്വാജും എസ് എഫ് ഐയുടെ സ്ഥാപക വൈസ് പ്രസിഡന്റുമാരാണെന്ന് ഞങ്ങള്‍ പ്രചാരണവേളയില്‍ ആവേശപൂര്‍വം പറയാറുണ്ടായിരുന്നു.
കോഴിക്കോട് ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ബാബു ഭരദ്വാജിനെക്കുറിച്ച് കൂടുതല്‍ അടുത്തറിഞ്ഞത്. വര്‍ണവിവേചനത്തിനും സാമ്രാജ്യത്വത്തിനുമെതിരായ ദക്ഷിണാഫ്രിക്കന്‍ പോരാട്ടത്തിന്റെ വീരനായകന്‍ നെല്‍സണ്‍ മണ്ടേല 27 വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം പുറത്തുവരുന്ന 1990-ആദ്യം... വീവാ മണ്ടേല എന്ന മുദ്രാവാക്യം ലോകമെങ്ങും മുഴങ്ങിക്കൊണ്ടിരുന്ന ആ ദിവസങ്ങളില്‍ ദേശാഭിമാനി വാരിക ഒരു പ്രത്യേക പതിപ്പിറക്കുകയുണ്ടായി. ആ പതിപ്പിലേക്ക് ചേര്‍ക്കാന്‍ ഒരു കവിതയുമായാണ് ബാബു ഭരദ്വാജ് ഓഫീസിലെത്തിയത്. ഏറെ പറഞ്ഞുകേട്ടിട്ടുള്ള കഥാപാത്രമാണ്. ചെലവൂര്‍ വേണുവേട്ടനോടൊപ്പമാണ് ബാബു ആഗതനായത്. അപ്പോഴേക്കും സ്വീകരിക്കാന്‍ തയ്യാറായി സിദ്ധാര്‍ഥന്‍ പരുത്തിക്കാടും സി എം അബ്ദുറഹ്‌മാനും ഓഫീസിലെ ചീഫ് അക്കൗണ്ടന്റ് എന്‍ സോമന്‍നായരുമെല്ലാം ആവേശപൂര്‍വം തടിച്ചുകൂടുന്നു. പരുത്തിക്കാട് കവിത വാങ്ങി കയ്യില്‍ത്തന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ''കഥാകൃത്തല്ലേ കവിതയുമുണ്ടോ എന്ന്...'' വേണ്ടിവന്നാല്‍ നോവലും ജീവചരിത്രവും എന്തുവേണമെങ്കിലും എഴുതുമെന്ന ഭീഷണിയുമായാണ് അന്ന് പിരിഞ്ഞത്.
2016 ആദ്യം തികച്ചും പരിക്ഷീണസ്വരത്തില്‍, ബാബുവേട്ടന്‍ വിളിച്ചു. ''ഞാന്‍ നീലേശ്വരത്താണ്, ഒന്നിതുവഴിവരുമോ.'' എന്നാണ് പറഞ്ഞത്. കാസര്‍ക്കോട്ട് മാതൃഭൂമിയില്‍ ജോലിചെയ്യുകയാണന്ന് ഞാന്‍. നീലേശ്വരക്കാരനായ ഫോട്ടോഗ്രാഫര്‍ മോഹനനെയുംകൂട്ടി ബാബുവേട്ടന്റെ വാടകവീട്ടില്‍ എത്തി. മകള്‍ രേഷ്മ കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ്. അതിനാലാണ് കുടുംബസമേതം നീലേശ്വരത്ത് താമസമാക്കിയത്. തികച്ചും അവശനായതിനാല്‍ സംസാരിക്കുന്നത് വിലക്കാന്‍ ശ്രമിച്ചു. എത്രയെല്ലാം സങ്കടങ്ങളും പ്രയാസങ്ങളുമുണ്ടെങ്കിലും ചിരിച്ചും നിര്‍ത്താതെ സംസാരിച്ചും മാത്രമേ ബാബുവേട്ടനെ കണ്ടിട്ടുള്ളൂ. ''ഞാന്‍ ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. മാധ്യമം വാരികക്കാര്‍ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയെങ്കിലും പൂര്‍ത്തിയാക്കണം,'' ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
ഒരു കോളേജ് നോട്ടുബുക്കില്‍ പകുതിയിലേറെ എഴുതിയിട്ടുണ്ട്. അതെടുത്ത് കാണിച്ചുതന്നു. 'നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്ക്' എന്നാണ് നോവലിന്റെ പേര്. നീലേശ്വരം എളേരിത്തട്ടിനടുത്തുള്ള ഒരു ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് കഥ. കിടക്കയില്‍ പാതികിടന്നുകൊണ്ടാണ് ബാബുവേട്ടന്‍ സംസാരിക്കുന്നത്. നീലേശ്വരവും കാസര്‍ക്കോട്ടുമെല്ലാം എനിക്ക് സ്വന്തം നാടുതന്നെയാണ് എന്ന് മോഹനനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ ബാബു ഭരദ്വാജിന്റെ പിതാവ് എം ആര്‍ വിജയരാഘവന്‍ എല്‍എംപി ഡോക്ടറായിരുന്നു. കണ്ണൂരിലും കാസര്‍ക്കോട്ടുമെല്ലാം ജോലിചെയ്തിട്ടുണ്ട്. അതിനാല്‍ നാട്ടിലുള്ളപ്പോഴേ ഒരുതരം പ്രവാസിയായിരുന്നു ബാബു.
അന്നത്തെ കൂടിക്കാഴ്ചക്കുശേഷം കുറച്ചുനാള്‍, രണ്ടുമാസം കഴിഞ്ഞിരിക്കും, കോഴിക്കോട്ടുനിന്ന് ആ ദുഃഖവാര്‍ത്തയെത്തി. ആദ്യത്തെ കൂടിക്കാഴ്ചക്കും അവസാനത്തെ കൂടിക്കാഴ്ചക്കും ഇടയിലെ എത്രയെത്ര കൂടിക്കാഴ്ചകള്‍, എത്ര സഞ്ചാരങ്ങള്‍...
തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജിലെ എസ് എഫ് ഐ യൂനിറ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു ബാബു ഭരദ്വാജ്. പ്രസിഡന്റ് ധനഞ്ജയന്‍ മച്ചിങ്ങല്‍. വി ബി ചെറിയാനും (സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു) പ്രധാന പ്രവര്‍ത്തകന്‍. കോളേജ് കേരള സര്‍വകലാശാലയ്ക്ക് കീഴില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാറ്റുമ്പോള്‍ ഉടലെടുത്ത ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ ബാബുഭരദ്വാജ് നിരാഹാരസമരം നടത്തുകയുണ്ടായി. ഈ സമരത്തോടെയാണ് വിദ്യാര്‍ഥിരാഷ്ട്രീയരംഗത്ത് ബാബു ശ്രദ്ധേയനാകുന്നത്. പഠിക്കുമ്പോള്‍ത്തന്നെ അറിയപ്പെടുന്ന കഥാകൃത്തുമായിരുന്നു. ബി ടെക് ബിരുദം നേടിയവര്‍ തൊഴില്‍രഹിതരാകുന്ന പ്രശ്‌നം പരിഹരിക്കാനായി എല്ലാ ബിടെക് ബിരുദധാരികള്‍ക്കും 400 രൂപ സ്റ്റൈപ്പന്റോടുകൂടി താല്‍ക്കാലിക നിയമനം നല്‍കിയിരുന്നു. ഹാര്‍ബര്‍ എന്‍ജീനിയറിങ് വകുപ്പിലാണ് ബാബു ഭരദ്വാജ് നിയമിക്കപ്പെട്ടത്. സ്റ്റൈപ്പന്റോടെ നിയമിക്കപ്പെട്ടവരെ പിന്നീട് സ്ഥിരപ്പെടുത്തുകയുമുണ്ടായി. കണ്ണൂരില്‍ അഴീക്കല്‍ ഹാര്‍ബറിലാണ് ബാബുവിന് ജോലി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ പോലീസിന്റെ നിരീക്ഷണത്തിലായി. പിടിവീണേക്കാമെന്നായപ്പോള്‍ രക്ഷപ്പെടുകയായിരുന്നു, സൗദി അറേബ്യയിലേക്ക്. തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ സഹപാഠിയായിരുന്ന പി എം അഹമ്മദ് സൗദിയില്‍ ആരംഭിച്ച നിര്‍മാണ കരാര്‍ കമ്പനിയിലെ എന്‍ജിനീയര്‍. സൗദിയിലായിരിക്കുമ്പോഴും നാട്ടിലെ സാംസ്‌കാരികരംഗത്ത് സക്രിയം. ചിന്ത രവിയുടെയും ചിന്ത ചന്ദ്രേട്ടന്റെയും ഏറ്റവും അടുത്ത സൗഹൃദവലയത്തിലായിരുന്നു എക്കാലവും. 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' എന്ന സിനിമ ആ കൂട്ടായ്മയിലാണ് പിറന്നത്. രവീന്ദ്രന്‍ സംവിധാനംചെയ്ത സിനിമ നിര്‍മിച്ചത് ബാബു ഭരദ്വാജാണ്. ചിന്ത മാനേജര്‍ കെ ചന്ദ്രനും അതില്‍ പ്രധാന പങ്കാളി.
എണ്‍പതുകളുടെ അവസാനം നാട്ടില്‍ തിരിച്ചെത്തിയ ബാബു ഭരദ്വാജ് കുറേ സുഹൃത്തുക്കളോടൊപ്പം ഒരു കമ്പനി രൂപീകരിച്ച് കോഴിക്കോട് കക്കോടിയില്‍ പ്രിന്റിങ് പ്രസ് ആരംഭിച്ചു. ഐ എന്‍ ടി യു സി കോഴിക്കോട് ജില്ലാ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി വി ശങ്കരനാരായണന്‍, ദേശാഭിമാനി മുന്‍ മാനേജർ പി സി രാഘവന്‍നായര്‍ തുടങ്ങിയവരെല്ലാം ഡയറക്ടര്‍മാരായ കമ്പനി. വന്‍ മുതല്‍മുടക്കില്‍ ആരംഭിച്ച പ്രസ്സില്‍ പ്രധാനമായും പോസ്റ്ററുകളും മറ്റുമാണടിച്ചത്. ശിവകാശിയില്‍ പോകാതെ ഇവിടെനിന്നുതന്നെ ബഹുവര്‍ണ പോസ്റ്ററുകളടിക്കാനുള്ള സംവിധാനം. സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പരിചയംവെച്ച് ബാബുവേട്ടന്‍ തന്നെയാണ് ഓഡറുകള്‍ പിടിക്കാന്‍ ഓടിനടന്നത്. പത്രപ്രവര്‍ത്തകനായ കാസര്‍ക്കോട്ടെ കെ എസ് ഗോപാലകൃഷ്ണനും ഇടക്കാലത്ത് അതുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലത്ത് ബാബുവേട്ടനെ നിരന്തരം കാണുമായിരുന്നു. അപ്പോഴൊക്കെ ചിരിച്ചുകൊണ്ടാണെങ്കിലും പറയുന്നത് ആടിയുലയുകയാണെന്നാണ്. ഒടുവില്‍ അത് സംഭവിച്ചു. ലക്ഷക്കണക്കിന് രൂപ കെ എസ് എഫ് ഇയില്‍ കടബാധ്യതയാക്കി പ്രസ് പൂട്ടി. വന്‍ കടക്കെണിയിലേക്കും ജപ്തിയിലേക്കുമൊക്കെ നീങ്ങി. പ്രധാനമായും ഇരയായത് സംരംഭത്തിന് നേതൃത്വംനല്‍കിയ ബാബുവേട്ടന്‍തന്നെ.
കൈരളി ചാനല്‍ തുടങ്ങിയതോടെ അതിന്റെ പ്രോഗ്രാം വിഭാഗത്തില്‍ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ് എന്ന പേരിലോ മറ്റോ ബാബുവേട്ടന്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലാണ്. പ്രോഗ്രാം വിഭാഗത്തിന്റെ തലവന്‍ ചലച്ചിത്ര സംവിധായകനായ കെ ആര്‍ മോഹനേട്ടനാണ്. മോഹനേട്ടനും ബാബുവേട്ടനും മനസ്സൊന്നിച്ചുള്ളവരായതിനാല്‍ മികച്ച പരിപാടികള്‍ നിര്‍മിക്കാനും അവതരിപ്പിക്കാനും അങ്ങനെ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കാനും സാധിച്ചിരുന്നു. കൈരളി ടിവിയുമായി അക്കാലത്ത് ഈ ലേഖകനും അടുത്ത് ബന്ധപ്പെട്ടിരുന്നു. ചാനല്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ അതിന്റെ പേര് നിര്‍ദേശിക്കുന്നതിലും പങ്ക് വഹിച്ചു. കൈരളിയെന്നും മലയാളമെന്നുമുള്ള നിര്‍ദേശം. കൈരളിയെന്ന പേരില്‍ ചിലര്‍ക്ക് താല്പര്യമില്ലാത്തതിനാല്‍ മലയാളം തിരഞ്ഞെടുക്കപ്പെട്ടു. മലയാളം എന്ന പേര് അംഗീകരിക്കപ്പെടാതെ പോയത് അതേ സന്ദര്‍ഭത്തില്‍ ദൂരദര്‍ശന്‍ ഭാഷാ ചാനലുകള്‍ തുടങ്ങുകയും കേരളത്തിലേതിന് മലയാളം എന്ന് പേരിടുകയും ചെയ്തതാണ്. അതിനാല്‍ കൈരളി ടിവിക്ക് ആദ്യം ഉദ്ദേശിച്ച മലയാളം എന്ന പേര് മാറ്റി കൈരളിയെന്നാക്കുകയായിരുന്നു. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ കൈരളി ചാനല്‍.
ഒരുദിവസം എന്നെ ബാബു ഭരദ്വാജ് വിളിച്ചു,''നിന്നെ മോഹനേട്ടന്‍ കാണണമെന്ന് പറയുന്നു. നാളെത്തന്നെ ഇങ്ങോട്ട് വാ.'' അങ്ങനെ തിരുവനന്തപുരത്ത് പത്മവിലാസം റോഡിലെ കൈരളി ഓഫീസിലെത്തി. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കാലമാണ്. മോഹനേട്ടനും ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ് ബാബു ഭരദ്വാജും കൂടി ആവശ്യപ്പെടുകയാണ്- ''കൈരളിയില്‍ ഒരു ജനകീയ പരിപാടി തുടങ്ങുകയാണ്. നിങ്ങള്‍ വേണം അതുചെയ്യാന്‍.'' അയ്യോ എനിക്ക് പറ്റില്ല, ക്യാമറയ്ക്ക് മുമ്പില്‍ ഒന്നുമാകില്ല. പതറിപ്പോകുമെന്ന് ഞാന്‍. പിന്നെ അവരുടെ വക അര മണിക്കൂറോളം ഉപദേശനിര്‍ദേശങ്ങളാണ്. ഡയറക്ടര്‍ പി ടി കുഞ്ഞുമുഹമ്മദുമുണ്ടായിരുന്നു. ജനവിചാരണ എന്ന് പേരിട്ട പരിപാടിയാണ്. കഴിയാവുന്നത്ര നിയമസഭ മണ്ഡലങ്ങളില്‍പോകണം. എം എല്‍ എയെയാണ് വിചാരണ ചെയ്യേണ്ടത്. പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ പ്രവര്‍ത്തകര്‍...ഇവരെല്ലാം പങ്കെടുക്കുന്ന പരിപാടി. ഇപ്പോള്‍ എല്ലാ ചാനലുകളും തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരം ചര്‍ച്ചകള്‍ അതത് മണ്ഡത്തിലും മറ്റും നടത്താറുണ്ടെങ്കിലും എം എല്‍ എയെ ഇരുത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന പരിപാടി ഇല്ല. ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി ഞാന്‍ സമ്മതിച്ചു.
പ്രോഗ്രാം ഡയറക്ടറുടെ യോഗം കഴിഞ്ഞശേഷം വാ നമുക്കൊരു ചായകുടിക്കാമെന്നും പറഞ്ഞ് ബാബുവേട്ടന്‍ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. ''ഒന്നും ഭയപ്പെടേണ്ട, രണ്ടുമൂന്നെണ്ണം കഴിയുമ്പോഴേക്കും സഭാകമ്പം താനേ പോയ്‌ക്കോളും. ഈ അവസരം തട്ടിക്കളയരുത്,'' ബാബുവേട്ടന്‍ ഉപദേശിച്ചു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഞങ്ങള്‍ റവ്യു ചെയ്ത് മാറ്റങ്ങള്‍ നിര്‍ദേശിക്കാമെന്നും ഉറപ്പുനല്‍കി. അങ്ങനെയാണ് ജനവിചാരണ എന്ന പരിപാടി തുടങ്ങിയത്. റഫീഖ് റാവുത്തറാണ് പ്രൊഡ്യൂസര്‍. ആദ്യം കണ്ണൂരിലായിരുന്നു, കെ സുധാകരന്‍ എം എല്‍ എ. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ ജനവിചാരണ. ആളുകളെ സംഘടിപ്പിക്കലും വേദി നിശ്ചയക്കലുമൊക്കെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പാട്യത്തെ രാജന്‍ ചെയ്തുകൊള്ളും. സുധാകരന്റെ പരിപാടി കഴിഞ്ഞ ശേഷം ബാബുവേട്ടന്‍ വിളിച്ചു, ''അക്ഷരസ്ഫുടത ശ്രദ്ധിക്കണം. കണ്ണൂര്‍ ഭാഷ അധികമായിപ്പോകരുത്.'' പിന്നെ കൈ ആംഗ്യത്തിലെ പ്രശ്‌നങ്ങള്‍...
കണ്ണൂര്‍ മുതല്‍ തിരുവന്തപുരം വരെയായി ഇരുപതോളം മണ്ഡലങ്ങളില്‍ ജനവിചാരണ നടത്താന്‍ കഴിഞ്ഞു. നാദാപുരത്ത് സത്യന്‍ മൊകേരിയെ ജനവിചാരണ ചെയ്തത് നാദാപുരം റെസ്റ്റ് ഹൗസ് പരിസരത്താണ്. പലതവണ നിര്‍ത്തിവെക്കുകയും അനുരഞ്ജനചര്‍ച്ചക്കുശേഷം പുനഃരാരഭിക്കുകയുമായിരുന്നു അവിടെ. അവിടെ മക്കള്‍ സമരമോ അതുപോലെ മറ്റന്തോ സമരമോ നടക്കുകയായിരുന്നു. അതിന്റെ ഒരാള്‍ നിരവധി അനുയായികളോടൊപ്പമെത്തി ബഹളവും തമാശയും. കൈരളിയുടെ പുതിയ മൂന്ന് ക്യാമറകളിലാണ് ചിത്രീകരണം. ബഹളം മൂക്കമ്പോള്‍ ക്യാമറയുമായി ശ്രീകുമാറും ശ്രീകുമാര്‍ പെരുമ്പടവവുമൊക്കെ ഓടലാണ്. നാദാപുരം പരിപാടി കഴിഞ്ഞപ്പോള്‍ ബാബുവേട്ടന്‍ വിളിച്ച്, ഇതാ മോഹനേട്ടന് കൊടുക്കാമെന്ന് പറഞ്ഞു. മോഹനേട്ടന്‍ പറഞ്ഞു, ''ക്ലിക്കായി... കഴിയാവുന്നത്ര എംഎല്‍എമാരുടെ പരിപാടി നടത്തണം.'' മാനന്തവാടിയില്‍ രാധാരാഘവനെ പങ്കെടുപ്പിച്ചുള്ള പരിപാടിക്ക് അവര്‍ താല്പര്യമെടുത്തതാണെങ്കിലും നിശ്ചിതസമയത്ത് എത്തിയില്ല. മുങ്ങി. ഒടുവില്‍ ഒരു കസേര ഒഴിച്ചിട്ട് രാധാരാഘവന്‍ അവിടെ ഇരിക്കുന്നതായി സങ്കല്പിച്ചാണ് പരിപാടി നടത്തിയത്.
കൈരളി ടിവിയുടെ പ്രോഗ്രാം ചാനലായി പീപ്പിള്‍ ടിവി തുടങ്ങുമ്പോള്‍ പ്രോഗ്രാം ഹെഡ്ഡായി കെആര്‍ മോഹനന് പകരം ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയാണുണ്ടായിരുന്നത്. പീപ്പിള്‍ ടിവിയില്‍ കേരളപര്യടനം ആഴ്ചയില്‍ ഒരു എപ്പിസോഡെന്ന കണക്കില്‍ കൊടുക്കണം, ചിത്രീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ തിരുവനന്തപുരത്ത് എത്തണമെന്ന് പറഞ്ഞ് വിളിച്ചതും ക്രിയേറ്റീവ് എക്‌സിക്യൂട്ടീവായ ബാബുവേട്ടന്‍തന്നെ. കേരളപര്യടനം തുടങ്ങിയപ്പോള്‍ ഒന്നും രണ്ടും ലക്കം വായച്ചശേഷം പിണറായി എന്നെ വിളിച്ച് അഭിനന്ദിക്കുകയും അത് കൈരളിയില്‍ കൂടി വരുന്ന തരത്തില്‍ പ്ലാന്‍ ചെയ്യണമെന്ന് പറഞ്ഞതുമായിരുന്നു. പക്ഷേ കൈരളിയില്‍നിന്ന് ആദ്യം മുന്‍കൈ ഉണ്ടായില്ല. പീപ്പിള്‍ ടിവിയില്‍ മൂന്നോ നാലോ എപ്പിസോഡിന് ശേഷം അത് നിലച്ചത് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. ദീപക് നാരായണനായിരുന്നു പ്രൊഡ്യൂസര്‍.
2002-ല്‍ സി പി എം സംസ്ഥാന സമ്മേളനം നടന്നത് കണ്ണൂരിലാണ്. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം നടക്കുന്ന ആദ്യസമ്മേളനം. ഇ പി ജയരാജനാണ് സ്വാഗതസംഘം സെക്രട്ടറി. സമ്മേളനം വന്‍വിജയമാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ പഴയകാല പോരാളികളുടെ ജീവിതത്തെപ്പറ്റി, പോരാട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ചെറു സിനിമ എടുക്കണമെന്ന് തീരുമാനിച്ചു. കൈരളി ചാനലാണ് അതിന് നേതൃത്വം നല്‍കിയത്. ബാബുവേട്ടനായിരുന്നു ചുമതല. ബാബുവേട്ടന്‍ കണ്ണൂരില്‍വന്ന് ക്യാമ്പ് ചെയ്തു. ഞാനും ഇഎം അഷറഫും നടന്‍ സന്തോഷ് കീഴാറ്റൂരും സഹായികള്‍. സന്തോഷ് അന്ന് സിനിമയിലെത്തിയിട്ടില്ല, നാടകമായിരുന്നു തട്ടകം. ഞാന്‍ ദേശാഭിമാനി വാരികയില്‍ കേരളപര്യടനം പരമ്പര ആരംഭിച്ച് കുറച്ചുകാലമായതേയുള്ളൂ. പരമ്പരയില്‍ ജന്മിത്തത്തിനെതിരായി നടന്ന സമരങ്ങളും കടന്നുവരുന്നുണ്ട്. ബാബുവേട്ടന്‍ അതെല്ലാം പിന്തുടരുന്നുമുണ്ടായിരുന്നു. അത്തരം കേന്ദ്രങ്ങളിലടക്കം ഞങ്ങള്‍ യാത്രചെയ്താണ് ടെലിഫിലിമിന്റെ സ്‌കിപ്റ്റിനുള്ള തയ്യാറെടുപ്പ് നടത്തിയത്. അതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തത് ബാബുവേട്ടനും സന്തോഷ് കീഴാറ്റൂരുമാണെന്നാണ് ഓര്‍മ. സ്‌ക്രിപ്റ്റും ബാബുവേട്ടന്‍ വക.. അദ്ദേഹത്തിന് കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ പഴയകാലസമരചരിത്രം ഹൃദിസ്ഥമായിരുന്നു, അതിന്റെ വൈകാരികതയോടെ...
മറ്റൊരിക്കല്‍ ബാബുവേട്ടനും ചിന്ത ചന്ദ്രേട്ടനും കൂടി കണ്ണൂര്‍ ദേശാഭിമാനിയില്‍വന്ന് എന്നോട് പറഞ്ഞു, ''വാ വണ്ടിയില്‍ കയറ്.'' ഒരു വഴിക്ക് പോവുകയല്ലേ, ഒരു ധൈര്യത്തിന് ഫോട്ടോഗ്രാഫര്‍ മോഹനനെയും കൂട്ടാം... അവര്‍ സമ്മതിച്ചു. ആദ്യം പോയത് മാവിലായിയിലേക്കാണ്. നല്ലക്കണ്ടി പൊക്കന്റെ വീട്ടിലേക്ക്. ഇ എം എസ്. ഒളിവില്‍ കഴിഞ്ഞ വീട്. അവരെ കാണാൻ എന്താ പരിപാടിയെന്നു മാത്രം പറഞ്ഞില്ല. പിന്നീട് മൊറാഴയിലേക്കാണ് പോയത്. മൊറാഴ സംഭവത്തെപ്പറ്റി, കെ പി ആറിന്റെ നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്‍പ്പിനെപ്പറ്റി ഒരു മുഴുനീള ചലച്ചിത്രം നിര്‍മിക്കുന്നതിന്റെ പ്രാരംഭ സന്ദര്‍ശനമായിരുന്നു അത്. കെപിപി നമ്പ്യാര്‍ പണം മുടക്കാമെന്ന് തത്വത്തില്‍ സമ്മതിച്ചിരുന്നുവത്രെ. ചിന്ത രവി എന്ന രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന മൊറാഴ ചിത്രം. പക്ഷേ പിന്നീട് അതിനെക്കുറിച്ചൊന്നും കേട്ടതേയില്ല.
വി എസ് അച്യുതാനന്ദന് ബാബുഭരദ്വാജിനോട് വലിയ സ്‌നേഹമായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരിക്കെ ബാബുവേട്ടൻ ഇടയ്ക്ക് ക്ലിഫ് ഹൗസില്‍ വരും. ആദ്യം എന്നെ വിളിച്ച് സമയം നിശ്ചയിച്ചാണ് വരിക. അങ്ങനെയിരിക്കെ ബാബുവേട്ടന് ഒരാഗ്രഹം. വി എസിന്റെ ജീവചരിത്രം രചിക്കണം. പലരും മുമ്പ് അത്തരം ആവശ്യവുമായെത്തിയിരുന്നെങ്കിലും വിഎസ് തിരക്കാണ്, പിന്നെയാവട്ടെ എന്നൊക്കെ പറഞ്ഞ് ഒഴിയുകയായിരുന്നുവത്രെ. പക്ഷേ ബാബുവിനോട് വരാന്‍ പറയൂയെന്ന് വി എസ് സമ്മതിച്ചു. 2008-ല്‍ ജൂലായ്- ഓഗസ്റ്റ് കാലത്ത് വിഎസ് രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സയിലായിരുന്നു. ആ സമയത്ത് ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ വിഎസുമായി സംസാരിച്ച് വിവരങ്ങളെടുക്കാമെന്ന് നിശ്ചയിച്ചു. ആദ്യത്തെ മൂന്നുദിവസം വി എസ് നന്നായി സഹകരിച്ചു സംസാരിച്ചു. പിന്നീട് ചെറിയ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഒരുദിവസം നടന്നില്ല. അതുപിന്നെ മുടങ്ങുകയായിരുന്നു. എന്നാല്‍ 'ഒരു സംശയവും വേണ്ട, ഒന്നും ഞാന്‍ മറന്നിട്ടില്ല' എന്ന തലക്കെട്ടില്‍ 2008 ഓഗസ്റ്റ് അവസാനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വി എസുമായി ബാബു ഭരദ്വാജ് നടത്തിയ ദീര്‍ഘസംഭാഷണം എന്ന പേരില്‍ ഒരു ലേഖനം അച്ചടിച്ചുവന്നു. 16 പേജുളള ആ ലേഖനം വി എസിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ആധികാരികരേഖയാണ്. ആ സംഭാഷണം ഈ ലേഖകന്റെ സാന്നിധ്യത്തിലാണ് മിക്കവാറും നടന്നത്. ചികിത്സയുടെ ഭാഗമായ ക്ഷീണംകൊണ്ട് വിഎസ് ഇടയ്ക്കിടെ മയങ്ങും. സുരേഷ് തട്ടിയുണര്‍ത്തും. പറഞ്ഞു നിര്‍ത്തിയതെവിടെയാ എന്ന ഉറങ്ങിപ്പോയതിന്റെ വിഷമത്തോടെ വി എസ്... തന്നെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളില്‍ വി എസിന് ഏറ്റവും ഇഷ്ടപ്പെട്ടത് ബാബു ഭരദ്വാജിന്റെ ഈ ലേഖനമായിരുന്നു.
1989-ലോ 90-ലോ ആദ്യം കണ്ടപ്പോള്‍ 'വീവാ മണ്ഡേല' എന്ന കവിത തന്നപ്പോള്‍ പറഞ്ഞകാര്യം ആമുഖമായി സൂചിപ്പിച്ചവല്ലോ. കഥ മാത്രമല്ല, കവിത മാത്രമല്ല എന്തും എഴുതുമെന്ന്. കെ പി എ സി ലളിതയുടെ ജീവചരിത്രം ചോദിച്ചെഴുതിയത് അദ്ദേഹമാണ്. പൂര്‍ത്തിയാക്കാനായില്ലെങ്കിലും വി.എസിന്റെ ഭാഗികമായ ജീവിതകഥയും അക്കൂട്ടത്തില്‍ പെടുത്താം. 'കലാപങ്ങള്‍ക്കൊരു ഗൃഹപാഠം' എന്ന അക്കാദമി അവാർഡ് ലഭിച്ച നോവല്‍, 'ശവഘോഷയാത്ര', 'പപ്പറ്റ് തീയേറ്റര്‍', 'പഞ്ചകല്യാണി' തുടങ്ങിയ സമാഹാരങ്ങള്‍ അങ്ങനെയങ്ങനെ... ദൃശ്യമാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍... സ്വകാര്യദുഃഖങ്ങള്‍ മറന്ന് സാമൂഹ്യദുഃഖങ്ങളില്‍ ശ്രദ്ധിച്ച ആ മനുഷ്യനെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രവാസിയുടെ കുറിപ്പുകളും പ്രവാസിയുടെ വഴിയമ്പലങ്ങളുമെല്ലാം മനസ്സിലെത്തും. ബെന്യാമിന്റെ 'ആടുജീവിതം' നോവൽ ആസ്പദമാക്കിയുള്ള സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണല്ലോ ഇപ്പോള്‍ ചുറ്റും. മണലാരണ്യത്തിലെ പ്രവാസജീവിതത്തെക്കുറിച്ച് ഏറ്റവുംകൂടുതല്‍ എഴുതിയ ബാബു ഭരദ്വാജിനെക്കുറിച്ചുകൂടി ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്.