കണ്ണന്‍നായര്‍: ബീഡിത്തൊഴിലാളിയില്‍നിന്ന് പത്ര മാനേജരിലേക്ക്
കണ്ണന്‍നായരെ ആദ്യം കണ്ടത് 1987-ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആണ്. കോഴിക്കോട് ദേശാഭിമാനിയിലെ ഒരു കുടുസ്സുമുറിയിൽ ജനറല്‍ മാനേജരായ അദ്ദേഹവും ചീഫ് എഡിറ്ററായ എസ് രാമചന്ദ്രന്‍പിള്ളയും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ദേശാഭിമാനി സബ് കമ്മിറ്റി കണ്‍വീനറായ എംഎം ലോറന്‍സും കോഴിക്കോട് യൂണിറ്റ് മാനേജര്‍ വിവി ദക്ഷിണാമൂര്‍ത്തിയുമടങ്ങിയ ഇന്റര്‍വ്യൂ ബോർഡ്. സബ് എഡിറ്റര്‍ തസ്തികയിലേക്ക് എഴുത്തുപരീക്ഷയില്‍ വിജയികളായവരെ അഭിമുഖം നടത്തുകയാണവര്‍. ആശങ്കയൊന്നുമില്ലാതെയാണ് അകത്ത് പ്രവേശിച്ചത്. കിട്ടിയാ നല്ലത്, കിട്ടിയില്ലെങ്കിലും തരക്കേടില്ല...
ആ സമയത്ത് പ്രവര്‍ത്തിക്കുന്ന പാരലല്‍ കോളേജില്‍നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ മൂന്നിലൊന്നേ ദേശാഭിമാനിയില്‍ പരിശീലനകാലത്ത് കിട്ടുകയുള്ളൂ. ബിഎഡ് ഉള്ളതിനാല്‍ അധ്യാപകജോലിക്കും സാധ്യതയില്ലാതില്ല. ഇപ്പോഴെന്ത് ചെയ്യുന്നു, എത്ര കിട്ടുമെന്നൊക്കെ അഭിമുഖത്തിന്റെ ആമുഖമായി, അനൗപചാരികമെന്നോണം ദക്ഷിണാമൂര്‍ത്തിയുടെ വാക്കുകള്‍... അതുകഴിഞ്ഞ് എം എം ലോറന്‍സിന്റെ വക സാര്‍വദേശീയ രാഷ്ട്രീയം സംബന്ധിച്ച ചോദ്യങ്ങള്‍. അടുത്തത് കണ്ണന്‍നായരുടെ ഊഴം.
മലയാളത്തിലെ പത്രങ്ങളെക്കുറിച്ചുള്ള താരതമ്യാഭിപ്രായമാണ് ആദ്യം ചോദിച്ചത്. പത്രത്തിലെ ഭാഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അച്ചടിത്തെറ്റുകള്‍ വളരെയേറെയാണെന്നും പറഞ്ഞു. അത് കുരുക്കാകുമെന്ന് അടുത്തനിമിഷം തന്നെ പേടിച്ചു. ഉടന്‍ വന്നു, കണ്ണന്‍നായരുടെ ചോദ്യം. അപ്പോ പ്രൂഫില്‍ നിയമിച്ചാലോ, താല്‍പ്പര്യമുണ്ടോ? അല്ല, എനിക്ക് എഡിറ്റിങ്ങിലും എഴുത്തിലുമാണ് കൂടുതല്‍ ഇഷ്ടം എന്ന് മറുപടി നല്‍കി. ശരി...വിവരമറിയിക്കാമെന്ന് പറഞ്ഞ് വിട്ടു.
ദേശാഭിമാനിയുടെ എതിര്‍പക്ഷത്തെ ഏറ്റവും വലിയ പത്രമായ മലയാളമനോരമയുടെ എല്ലാമെല്ലാമായ കെഎം മാത്യു കണ്ണന്‍നായരുടെ മാനേജ്‌മെന്റ് വൈഭവത്തെ പലതവണ പ്രശംസിക്കുകയുണ്ടായി
കണ്ണന്‍നായര്‍ ഒരു അദ്ഭുതമനുഷ്യനാണെന്ന് തോന്നിപ്പോയിട്ടുണ്ട്. മൂന്ന് എഡിഷനുള്ളതും മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തേതുമായ പത്രത്തിന്റെ ജനറല്‍ മാനേജര്‍, സുപ്രിം അതോറിറ്റി തന്നെ. അപ്പര്‍ പ്രൈമറി പൂര്‍ത്തിയാക്കാതെ 14-ാം വയസ്സില്‍ ബീഡിതെറുപ്പ് തൊഴിലാളിയായ ആള്‍ വലിയൊരു മാധ്യമസ്ഥാപനത്തിന്റെ ജനറല്‍ മാനേജരായി രണ്ട് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച് പരക്കെ അംഗീകാരം നേടിയെന്നത് അദ്ഭുതമല്ലേ. ദേശാഭിമാനിയുടെ എതിര്‍പക്ഷത്തെ ഏറ്റവും വലിയ പത്രമായ മലയാളമനോരമയുടെ എല്ലാമെല്ലാമായ കെഎം മാത്യു കണ്ണന്‍നായരുടെ മാനേജ്‌മെന്റ് വൈഭവത്തെ പലതവണ പ്രശംസിക്കുകയുണ്ടായി.
കണ്ണന്‍നായരുമായി അടുത്തു ബന്ധപ്പെടാന്‍ അവസരം ലഭിച്ചത് 1988-ലെയോ 89-ലെയോ ഓണപ്പതിപ്പ് കാലത്താണ്. മലയാളപത്രങ്ങളില്‍ ഡിടിപി പ്രചാരത്തില്‍ വരാന്‍ തുടങ്ങുന്ന കാലം. കോഴിക്കോട് കേരളകൗമുദിയിലാണ് ആദ്യം ഫോട്ടോ കമ്പോസിങ്ങ് വന്നത്. പിന്നീട് മാതൃഭൂമിയിലും മാധ്യമത്തിലും. ഇന്നത്തെ ഡിടിപി പോലെയല്ല, കുറേക്കൂടി സങ്കീര്‍ണമാണ് അന്നത്തെ ഫോട്ടോ കമ്പോസിങ്ങ്. വിലകൂടിയ ബ്രാമെയിഡ് പേപ്പറിലേ കമ്പൂട്ടറില്‍നിന്ന് പ്രിന്റ് കിട്ടുകയുള്ളൂ. കേരളത്തില്‍ ആദ്യമായി ദേശാഭിമാനിയിലാണ് വെബ് ഓഫ്‌സെറ്റ് അച്ചടി തുടങ്ങിയതെങ്കിലും ഫോട്ടോ കമ്പോസിങ്ങ് നടപ്പാക്കാന്‍ അല്‍പ്പം അമാന്തമുണ്ടായി. എന്നാൽ ഓണം വിശേഷാല്‍ പ്രതി 1989-ലോ 90-ലോ മുതല്‍ ഫോട്ടോ കമ്പോസ് ചെയ്ത് പൂര്‍ണമായും കളര്‍ വെബ് ഓഫ്‌സെറ്റില്‍ അച്ചടിക്കാന്‍ തുടങ്ങി.
ആദ്യവര്‍ഷം കുറേ മാറ്ററുകള്‍ മാധ്യമം പ്രസ്സില്‍നിന്നാണ് കമ്പോസ് ചെയ്തത്. അതിന്റെ പ്രൂഫ് രണ്ടുവട്ടം ബ്രോമെയ്ഡ് പ്രിന്റെടുത്ത് വായിക്കുക വലിയ ചെലവുള്ളതായതിനാല്‍ സബ് എഡിറററായ ഞാന്‍ മാധ്യമം ഓഫീസില്‍ പോയി കമ്പ്യൂട്ടറില്‍ വായിക്കുകയായിരുന്നു. ടൈപ്പ് ചെയ്തിടത്തോളം മാറ്ററും ചിത്രങ്ങളുടെ ഫിലിമുമൈല്ലാമായി എന്നെ കൊച്ചിയിലേക്കയച്ചു. ബാക്കി മാറ്റര്‍ ഫോട്ടോ കമ്പോസ് ചെയ്യണം, അച്ചടി എസ് ടി റെഡ്ഡ്യാര്‍ പ്രസ്സിലും കൊച്ചി ദേശാഭിമാനി പ്രസ്സിലുമായി നടത്തണം. അഞ്ഞൂറോളം പേജുള്ള വിശേഷാല്‍ പ്രതിയാണ്. പരസ്യം മുക്കാല്‍ ഭാഗവും കൊച്ചിയി നിന്നുള്ളതാണ്. അവിടെ കെ വേണുഗോപാലാണ് പ്രധാന ചുമതലക്കാരന്‍.
ആഴ്ചകളോളം നീണ്ട ഈ പ്രവര്‍ത്തനത്തിനിടയിലാണ് കണ്ണന്‍നായര്‍ എന്ന മനുഷ്യന്റെ, മാനേജരുടെ, പ്രൊഫഷണലിന്റെ മഹത്തായ വ്യക്തിത്വം പൂര്‍ണതയോടെ മനസ്സില്‍ പതിഞ്ഞത്
പരശുറാം എക്‌സ്പ്രസ്സിന് ഉച്ചയ്ക്ക് രണ്ടോടെയാണ് കലൂരിലെ ദേശാഭിമാനിയിലെത്തിയത്. പ്രവേശനകവാടത്തിനടുത്ത് ആദ്യമുറിയാണ് ജനറല്‍ മാനേജരുടേത്. മുറിയില്‍ കസേരയിലിരിക്കുന്നതിന് പകരം ഓഫീസിലാകെ നടന്നുകൊണ്ടാണ് കണ്ണന്‍നായരുടെ പ്രവര്‍ത്തനമെന്ന് കേട്ടിട്ടുണ്ട്. അതങ്ങനെതന്നെയായിരുന്നു. നിറഞ്ഞ ചിരിയോടെ സ്വീകരിച്ച അദ്ദേഹം ആദ്യം പറഞ്ഞത് ഊണ് കഴിച്ചില്ലല്ലോ വാ എന്നാണ്. കാന്റീന്‍ എനിക്കറിയാം, ഞാന്‍ പോയി കഴിച്ചുവരാം എന്ന് പറഞ്ഞതൊന്നും അദ്ദേഹം കേട്ടില്ല. കാന്റീനില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി പറഞ്ഞു: ''ബാലകൃഷ്ണന്‍ നമ്മുടെ വാരികയുടെ സബ് എഡിറ്ററാണ്. ഓണപ്പതിപ്പിന്റെ പണി കഴിയുന്നതുവരെ ഇവിടെ കാണും. കണക്കിലെഴുതിയാ മതി...''
ഓണപ്പതിപ്പിലെ വിഭവങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതും തിരഞ്ഞെടുക്കുന്നതും എഡിറ്റര്‍ ഇന്‍ചാര്‍ജായ സിദ്ധാര്‍ഥന്‍ പരുത്തിക്കാടാണ്. സബ് എഡിറ്റര്‍ എന്നനിലയില്‍ എന്റെ അഭിപ്രായങ്ങളും അദ്ദേഹം മാനിക്കും. പതിറ്റാണ്ടുകളായി വാരികയുടെയും ഓണപ്പതിപ്പിന്റെയും ലേഔട്ട്് നിര്‍ദേശങ്ങളടക്കം എല്ലാ ജോലിയും ചെയ്യുന്ന അദ്ദേഹം ഇത്തവണ എന്നെ വിശ്വസിച്ച് ഏല്‍പ്പിക്കുകയായിരുന്നു മാറ്ററുകള്‍. ഓഫീസിലെ പ്രധാന ചുമതലക്കാരനായ വേണുഗോപാല്‍ എസ് ടി റെഡ്ഡ്യാര്‍ പ്രസ്സിന്റെ സി ഇ ഒയായ സുരേഷിനെ വിളിച്ച് എന്നെ പരിചയപ്പെടുത്തി. (സുരേഷിന്റെ അദ്ഭുതകരമായ കാര്യക്ഷമതയും പ്രവര്‍ത്തനശേഷിയും വിവരണാതീതമാണ്. സുരേഷ് ഇപ്പോള്‍ കാക്കനാട്ട് വലിയൊരു പ്രസ് നടത്തുകയാണത്രെ.)
പരസ്യങ്ങളടക്കമുള്ളവയുടെ ഫോട്ടോ കമ്പോസിങ്ങും കളര്‍ അച്ചടിയും ആ പ്രസ്സിലാണ്. കമ്പോസിങ്ങ് യഥാസമയം തീരണമെങ്കില്‍ മറ്റൊരു സ്ഥാപനത്തിന്റെകൂടി സഹായം വേണം. അങ്ങനെ പനമ്പിള്ളിനഗറില്‍ ദി വീക്കിന്റെ ഓഫീസിന് മുന്നില്‍ ഒരു ഫോട്ടോ കമ്പോസിങ് സ്ഥാപനത്തില്‍ ഏര്‍പ്പാടുണ്ടാക്കി. പ്രാഥമിക പ്രൂഫും ഫൈനല്‍ പ്രൂഫുമടക്കം വായിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ പണിയും റെഡ്ഡ്യാര്‍ പ്രസ്സിലും പനമ്പിള്ളി നഗറിലെ പ്രസ്സിലും രാത്രി ദേശാഭിമാനി ഓഫീസിലുമായി നിര്‍വഹിച്ചു. ലേ ഔട്ട്് നിര്‍ദേശങ്ങളടക്കമുള്ള ഗൈഡന്‍സ് സിദ്ധാര്‍ഥന്‍ പരുത്തിക്കാട് ഫോണില്‍ നല്‍കിക്കൊണ്ടിരുന്നു. (എസ് ടി റെഡ്ഡ്യാര്‍ പ്രസ്സിനോട് ചേര്‍ന്നുകൊണ്ടാണ് കൊച്ചിന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. അവിടുത്തെ ഉച്ചത്തിലുള്ള ലേലംവിളി അസഹ്യമാണ്)
ആഴ്ചകളോളം നീണ്ട ഈ പ്രവര്‍ത്തനത്തിനിടയിലാണ് കണ്ണന്‍നായര്‍ എന്ന മനുഷ്യന്റെ, മാനേജരുടെ, പ്രൊഫഷണലിന്റെ മഹത്തായ വ്യക്തിത്വം പൂര്‍ണതയോടെ മനസ്സില്‍ പതിഞ്ഞത്. കണ്ണന്‍നായര്‍ കൊച്ചി ദേശാഭിമാനിയിലെ ഒന്നാംനിലയിലെ മുറിയില്‍ തന്നെയാണ് താമസം. ഭക്ഷണം സാധാരണനിലയില്‍ കാന്റീനില്‍നിന്ന്. ചിലപ്പോള്‍ മാത്രം കലൂര്‍ മാതൃഭൂമിക്ക് മുന്നിലെ രാമകൃഷ്ണ ഹോട്ടലില്‍. (നിറയെ ദൈവങ്ങളുടെ ഫോട്ടോ തൂക്കിയ ആ ഹോട്ടലില്‍ പുട്ടും കടലയും കഞ്ഞിയും കിട്ടും. മികച്ച പെരുമാറ്റവും) ഇടയ്ക്ക് താമസിക്കുന്ന മുറിയില്‍ സ്റ്റൗ ഉപയോഗിച്ച് സ്വയം കഞ്ഞിവച്ച്് കുടിക്കും. പ്രത്യേക ചുമതലയുമായി എത്തിയതായതിനാല്‍ താമസിക്കാന്‍ എനിക്കും ഓഫീസില്‍ തന്നെ മുറിയുണ്ട്.
ലോട്ടറി ഫലം വരുന്നദിവസം കണ്ണന്‍നായര്‍ക്ക് വലിയ തിരക്കാണ്. അന്ന് പത്രം വാങ്ങാന്‍ നിരവധി ഏജന്റുമാര്‍ വരും. എല്ലാവരോടും ഒരു വാക്കെങ്കിലും ഉരിയാടി, അതല്ലെങ്കില്‍ മന്ദസ്മിതം സമ്മാനിക്കും അദ്ദേഹം
രാവിലെ എഴുന്നേറ്റ് താഴെ വന്നാല്‍ പത്രങ്ങള്‍ വായിക്കാനുള്ള സൗകര്യം ജനറല്‍ മാനേജരുടെ മുറിക്ക് മുമ്പിലെ മേശയാണ്. അവിടെ പത്രം വായിക്കാന്‍ പതിവായി എത്തുന്ന ഒരാള്‍ ഓഫീസിലെ മാനേജരായ വേണുഗോപാലിന്റെ അനുജന്‍ അരുണ്‍കുമാറാണ്. അരുണ്‍കുമാര്‍ താമസിക്കുന്നത് ദേശാഭിമാനി റോഡി തൊട്ടപ്പുറത്തെ വീട്ടിലാണ്. കൊച്ചി മുന്‍ മേയര്‍കൂടിയായ പ്രമുഖ അഭിഭാഷകന്‍ കെ ബാലചന്ദ്രന്റെ വീട്ടില്‍. ബാലചന്ദ്രന്റെ ഭാര്യ അരുണിന്റെയും വേണുഗോപാലിന്റെയും സഹോദരിയാണ്. (എ കെ ജിയുടെ അനുജന്‍ എ കെ രാഘവന്‍ നമ്പ്യാരുടെ മക്കളാണവര്‍. അവരുടെ മൂത്ത ചേച്ചിയാണ് ദേശാഭിമാനി ജനറല്‍ എഡിറ്ററായിരുന്ന കെ മോഹനന്റെ പത്‌നി). കണ്ണന്‍നായര്‍ രാവിലെ എഴുന്നേറ്റ് കുഴമ്പുതേച്ച് കുളിച്ചശേഷമാണ് വിശദമായ പത്രവായനയ്ക്കായി താഴേക്കിറങ്ങുന്നത്. അത് ഏഴരയ്ക്കും മുമ്പാണ്. അരുണ്‍കുമാര്‍ അപ്പോള്‍ പത്രവായന തുടങ്ങിക്കാണും. അതിഥിയായെത്തിയ ഞാനും അതിരാവിലെത്തന്നെ അവിടെയുണ്ടാകും. വെളുത്തമുണ്ടും വെളുത്തകുപ്പായവും അതിലേറെ ശുഭ്രമായ മന്ദഹാസവുമായി അവിടേക്കാണ് കണ്ണന്‍നായര്‍ കടന്നുവരിക.
പത്രത്തിന്റെ ഒറ്റ കോപ്പി വാങ്ങാന്‍ ചിലരൊക്കെ അപ്പോഴേക്കും എത്തും. മറ്റു ചിലര്‍ പ്രഭാതസവാരിക്കിടെ അവിടെ കയറി പത്രം നോക്കും. അവരില്‍ പലരും സാഹിത്യസാംസ്‌കാരികരംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്. അവരുമായെല്ലാം കണ്ണന്‍നായര്‍ സംസാരിക്കും. പത്രം വാങ്ങാന്‍ വരുന്നവര്‍ക്ക് ഒരു രൂപ 35 പൈസ വാങ്ങി പത്രം കൊടുക്കും. ലോട്ടറി ഫലം വരുന്നദിവസം കണ്ണന്‍നായര്‍ക്ക് വലിയ തിരക്കാണ്. അന്ന് പത്രം വാങ്ങാന്‍ നിരവധി ഏജന്റുമാര്‍ വരും. എല്ലാവരോടും ഒരു വാക്കെങ്കിലും ഉരിയാടി, അതല്ലെങ്കില്‍ മന്ദസ്മിതം സമ്മാനിക്കും അദ്ദേഹം.
ജനറല്‍ മാനേജരുടെ ഓഫീസില്‍ അദ്ദേഹം ഇരിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ്. പ്രധാനമായും നടത്തമാണ്. നടന്നുകൊണ്ടാണ് കാര്യങ്ങള്‍ സംസാരിക്കുക. പത്രവാര്‍ത്തകളെപ്പോലെയോ അതിലേറെയോ താല്‍പ്പര്യം സാഹിത്യത്തോടുണ്ടായിരുന്നു
രാവിലെ തന്റെ മുറിയില്‍നിന്ന് പുറത്തുവന്ന് പത്രവായന തുടങ്ങിയാല്‍ കണ്ണന്‍നായരുടെ മനസ്സ് ഒരു റെക്കോഡായി മാറും. എല്ലാ പത്രങ്ങളും വായിച്ച് സ്വന്തം പത്രത്തിലെ 'കുറവുകളും അധികവും' മനസ്സില്‍ കുറിച്ചിടുന്നു. ന്യൂസ് എഡിറ്റര്‍ ടി വിപത്മനാഭന്‍ വന്നാല്‍ ഉടന്‍തന്നെ അങ്ങോട്ടുചെന്ന് കുറവുകളെക്കുറിച്ച് ഓര്‍മിപ്പിക്കും. അതല്ലെങ്കില്‍ അസിസ്റ്റന്റ് എഡിറ്റര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനോടോ ബ്യൂറോയുടെ ചുമതലക്കാരായ വാസുദേവന്‍ അന്തിക്കാടിനോടോ രവി കുറ്റിക്കാടിനോടോ പറയും.
ജനറല്‍ മാനേജരുടെ ഓഫീസില്‍ അദ്ദേഹം ഇരിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ്. പ്രധാനമായും നടത്തമാണ്. നടന്നുകൊണ്ടാണ് കാര്യങ്ങള്‍ സംസാരിക്കുക. പത്രവാര്‍ത്തകളെപ്പോലെയോ അതിലേറെയോ താല്‍പ്പര്യം സാഹിത്യത്തോടുണ്ടായിരുന്നു. ആനുകാലികങ്ങളിലെ കവിതകള്‍ വായിക്കുന്നതില്‍ മാത്രമല്ല, അത് ആലപിക്കുന്നതിലും താല്‍പ്പര്യം. ഓണപ്പതിപ്പിന്റെ പണിയുമായെത്തിയ ഞാന്‍ ആ ദിവസങ്ങളില്‍ കണ്ണന്‍നായരുടെ പ്രഭാതസദസ്സിലെ അംഗമായി. ചെറുകാടും ഉറൂബും എം ടിയുമാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള എഴുത്തുകാര്‍. പി വത്സലയുടെ നോവലുകളും തന്റെ നാട്ടുകാരനായ സി വി ബാലകൃഷണന്റെ കൃതികളും വലിയ ഇഷ്ടം. അവരുടെ കൃതികളെക്കുറിച്ചെല്ലാം ആ സദസ്സില്‍ സംസാരിക്കും. സി വി ബാലകൃഷ്ണന്‍ ഇത്തവണ നമുക്ക് കഥ തന്നിട്ടില്ലേയെന്നും ചോദിക്കുകയുണ്ടായി. നമുക്ക് വാരികയിലും വാരാന്തപ്പതിപ്പിലും നല്ല നോവലുകള്‍ വേണം എന്നുംകൂടി പറഞ്ഞപ്പോള്‍, സി രാധാകൃഷ്ണന്റെയൊക്കെ നോവലുണ്ടെങ്കില്‍ സര്‍ക്കുലേഷന്‍ കൂടും, പക്ഷേ നമ്മള്‍ ഇപ്പോള്‍ കൊടുക്കുന്ന പ്രതിഫലം പോരാ എന്ന് ഞാന്‍ പറഞ്ഞു. അതോടെ ഓണപ്പതിപ്പില്‍ രാധാകൃഷ്ണന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടോയെന്നായി ചോദ്യം. കഥയുണ്ടെന്ന് ഞാന്‍ പറഞ്ഞു. എഡിറ്റര്‍ സിദ്ധാര്‍ഥന്‍ പരുത്തിക്കാട് സി രാധാകൃഷ്ണന് നോവലിനായി കത്തയക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. നോക്കട്ടെ എന്നായിരുന്നുമറുപടി.
''ഏതായാലും ബാലകൃഷ്ണന്‍ രാധാകൃഷ്ണനെ ചെന്നുകാണൂ, ഇതാ ആ റോട്ടിലൂടെ ഒരു ഫര്‍ലോങ്ങ് നടന്നാല്‍ മതി,''എന്ന് കണ്ണന്‍നായര്‍ റോഡ് ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു. അടുത്തദിവസം തന്നെ സി രാധാകൃഷ്ണന്റെ വീട് കണ്ടുപിടിച്ചു. കണ്ണന്‍നായരാണ് വഴി പറഞ്ഞുതന്നതെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം.. നോവലിന്റെ കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ അനുകൂലമായി ചിരിച്ചു. ''സിദ്ധാര്‍ഥന്റെ നിര്‍ബന്ധമുണ്ട്. എഴുതിവരുന്ന നോവല്‍ നിങ്ങള്‍ക്കുതന്നെ.'' അടുത്തദിവസം വന്നാല്‍ തന്റെ പുസ്തകങ്ങള്‍ തരാമെന്നും അദ്ദേഹം. ഒരാഴ്ച കഴിഞ്ഞ് അവിടെ ചെന്നപ്പോള്‍ 'അഗ്നി', 'ഉള്‍പ്പിരിവുകള്‍', 'എല്ലാം മായ്ക്കുന്ന കടല്‍', 'പുഴമുതല്‍ പുഴ വരെ', 'പുളളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും' തുടങ്ങിയ പുസ്തകങ്ങള്‍ തന്നു.
എല്ലാവരോടും സ്‌നേഹവാത്സല്യങ്ങളോടെ പെരുമാറിയ കണ്ണന്‍നായര്‍ അച്ചടക്കത്തിന്റെയും സാമ്പത്തികത്തിന്റെയും കാര്യത്തില്‍ കടുകിട വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യക്കാരനാണ്. അതുപോലെ ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും
കണ്ണന്‍നായരുമായുള്ള സാഹിത്യസംസാരമാണ് പറഞ്ഞുവന്നത്. ഏതാനും മാസങ്ങള്‍ക്കുശേഷം കോഴിക്കോട്ട് യൂണിറ്റ് മാനേജര്‍ വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു, സതീഷ്ബാബു പയ്യന്നൂരിന്റെ ഒരു നോവല്‍ വാരാന്തത്തില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം കണ്ണന്‍നായര്‍ പറഞ്ഞിരുന്നു, ബാലകൃഷ്ണനോട് അത് വായിച്ചുനോക്കാനും പറഞ്ഞിട്ടുണ്ട് എന്ന്. വാരാന്തത്തിന്റെ എഡിറ്റര്‍ കെ രമയാണ്. കണ്ണൂര്‍ ജില്ലയിലെ പഴയകാല കര്‍ഷകസമരവുമായി ബന്ധപ്പെട്ട നോവലായതിനാലാണ് എന്നോട് വായിക്കാന്‍ പറഞ്ഞത്. അടുത്തദിവസംതന്നെ സതീഷ്ബാബു പയ്യന്നൂര്‍ നോവലുമായെത്തി. കാവുമ്പായി കര്‍ഷകകലാപത്തെക്കുറിച്ചുള്ള 'മണ്ണ്' എന്ന നോവല്‍. സതീഷ്ബാബു ശ്രീകണ്ഠപുരത്ത് എസ് ബി ഐയില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന കാലത്ത് കാവുമ്പായി സമരസേനാനികളില്‍നിന്ന്് വിവരശേഖരണം നടത്തി തയ്യാറാക്കിയതാണ്. ചില പോരായ്മകളുണ്ടെങ്കിലും കാവുമ്പായി സമരത്തെക്കുറിച്ചുള്ള നോവലെന്നനിലയില്‍ പ്രസിദ്ധീകരിക്കുന്നത് ഉചിതമാവുമെന്ന് ഞാന്‍ മൂര്‍ത്തിമാഷെ അറിയിച്ചു. ഒരുമാസത്തിനകം പ്രസിദ്ധീകരണവും തുടങ്ങി. അതിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടും പിന്നെ ചര്‍ച്ച നടന്നു. കണ്ണന്‍നായര്‍ ഇടപെട്ട് പ്രതിഫലത്തുക അല്പം കൂട്ടുകയും ചെയ്തു.
എല്ലാവരോടും സ്‌നേഹവാത്സല്യങ്ങളോടെ പെരുമാറിയ കണ്ണന്‍നായര്‍ അച്ചടക്കത്തിന്റെയും സാമ്പത്തികത്തിന്റെയും കാര്യത്തില്‍ കടുകിട വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യക്കാരനാണ്. അതുപോലെ ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും. എഴുത്തുകാരനായ എം പി നാരായണപിള്ള ഒരിക്കല്‍ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്്. ദേശാഭിമാനിയിലെ പ്രസ്സ് കാണാനെത്തിയപ്പോഴുണ്ടായ അനുഭവം. പ്രസ് കാണിച്ചുകൊടുക്കുകയും അതിന്റെ സവിശേഷത വിവരിക്കുയും ചെയ്യുന്നതിനിടയില്‍ കുനിഞ്ഞ് അഴുക്കെടുത്ത് ദൂരേ കൊണ്ടുപോയി നിക്ഷേപിക്കുന്ന കരുതല്‍. ക്ലീന്‍ ചെയ്തശേഷം ബാക്കിയായ കോട്ടണ്‍ വേസ്റ്റ് കണ്ടെടുത്ത് കുറേക്കൂടി ക്ലീനാക്കാനുള്ള സവിശേഷത. ഓഫീസിലെ ലൈബ്രറി സംവിധാനം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം കര്‍ശനനിലപാടാണ് സ്വീകരിച്ചത്.
ചെലവുചുരുക്കലിന്റെ പേരില്‍ 'ഭീകര'നായും രഹസ്യമായി അദ്ദേഹം അറിയപ്പെട്ടു. അക്കാലത്ത് പത്രമോഫീസുകളിൽ ഏറ്റവും ചെലവേറിയ ഇനം ഫിലിമും പിന്നെ ഫോണുമാണ്. ഒരു ധര്‍ണയുടെ പടമെടുക്കാന്‍ രണ്ടോ മൂന്നോ ഫിലിം...അതിലധികമാകുന്നുവെന്ന മനസ്സിലായാല്‍ കണ്ണന്‍നായര്‍ ക്ഷോഭിക്കും
അറ്റന്‍ഡറും പിന്നീട് ലൈബ്രേറിയനുമായ ഒ വി മോഹനന്‍ സുസജ്ജമായ ലൈബ്രറി ഒരുക്കുന്നതില്‍ ഏറെ ശുഷ്‌കാന്തി കാണിച്ചു. ദേശാഭിമാനിയിലെ സ്‌പോര്‍ട്‌സ് വിഭാഗത്തെ നയിച്ചത് രവീന്ദ്രദാസാണ്. എഴുപതുകളില്‍ കായികരംഗം കൈകാര്യംചെയ്തിരുന്ന മോഹന്‍ദാസിന്റെ സഹോദരനാണ് രവീന്ദ്രദാസ്. രവീന്ദ്രദാസിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് വിഭാഗം മറ്റു പത്രങ്ങളേക്കാളും മികച്ചുനില്‍ക്കുന്നുവെന്നതില്‍ കണ്ണന്‍നായര്‍ക്ക് വലിയ അഭിമാനവും ആഹ്ലാദവുമായിരുന്നു. പാര്‍ട്ടിവാര്‍ത്തകള്‍ സ്ഥലംകുറവായതിനാല്‍ പലതും മാറ്റിവയ്ക്കുമ്പോള്‍ എന്തിനാണ് ക്രിക്കറ്റിനും മറ്റും ഇത്ര സ്ഥലം കളയുന്നതെന്ന് ചില നേതാക്കളടക്കം ആകഷേപം പറയുമ്പോള്‍ കണ്ണന്‍നായര്‍ പറയുക, നമ്മുടെ പത്രം പൊതുപത്രമാകണമെന്നതാണ് തീരുമാനം എന്നാണ്. പൊതുപത്രമാകണമെങ്കില്‍ അതിന് എല്ലാ വിഭാഗം ആളുകളിലും സ്വീകാര്യതയുണ്ടാകണം. സ്‌പോര്‍ട്‌സില്‍ ഇപ്പോള്‍ നമ്മള്‍ മുന്നിലെത്തിക്കൊണ്ടിരിക്കുകയാണ്... പ്രഭാതസദസ്സില്‍ ചിലപ്പോള്‍ ഇതെല്ലാം അദ്ദേഹം പറയും.
എന്നാല്‍ ചെലവുചുരുക്കലിന്റെ പേരില്‍ 'ഭീകര'നായും രഹസ്യമായി അദ്ദേഹം അറിയപ്പെട്ടു. അക്കാലത്ത് പത്രമോഫീസുകളിൽ ഏറ്റവും ചെലവേറിയ ഇനം ഫിലിമും പിന്നെ ഫോണുമാണ്. ഒരു ധര്‍ണയുടെ പടമെടുക്കാന്‍ രണ്ടോ മൂന്നോ ഫിലിം...അതിലധികമാകുന്നുവെന്ന മനസ്സിലായാല്‍ കണ്ണന്‍നായര്‍ ക്ഷോഭിക്കും. ഫോട്ടോഗ്രാഫര്‍ കെ രവികുമാറൊക്കെ പലപ്പോഴും ഫിലിമിന്റെ കാര്യത്തിലുള്ള നിയന്ത്രണത്തെക്കുറിച്ച് പറയും. ഫോണ്‍ ബില്‍ വര്‍ധിച്ചുവരുന്നതിനെക്കുറിച്ച് പരസ്യമായി നിരന്തരം ഓര്‍മിപ്പിക്കുന്ന അദ്ദേഹം, ഓഫീസിലുളളവര്‍ സ്വകാര്യാവശ്യത്തിന് കൂടുത സമയം ഫോണ്‍ വിളിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച് തടയുകയും ചെയ്യുമായിരുന്നു.
വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതിലോ പേര് പത്രത്തില്‍ വരുന്നതിലോ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജീവചരിത്രമെന്നല്ല, അതിലേക്ക് വെളിച്ചംവീശുന്ന കുറിപ്പുപോലുമെഴുതിയിട്ടില്ല
കണ്ണന്‍നായര്‍ 1990 മാര്‍ച്ച് ആറിന് അന്തരിച്ചു. ദേശാഭിമാനിയെ സംബന്ധിച്ച് മാത്രമല്ല സി പി എമ്മിനെ സംബന്ധിച്ചും വലിയൊരാഘാതമായിരുന്നു അത്. വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതിലോ പേര് പത്രത്തില്‍ വരുന്നതിലോ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജീവചരിത്രമെന്നല്ല, അതിലേക്ക് വെളിച്ചംവീശുന്ന കുറിപ്പുപോലുമെഴുതിയിട്ടില്ല. താന്‍ കൂടി നേതൃത്വം നല്‍കിയ മുനയന്‍കുന്ന് ചെറുത്തുനില്‍പ്പില്‍ ക്രൂരമര്‍ദനമേല്‍ക്കുകയും അറസ്റ്റിലായി ദീര്‍ഘകാലം ജയിലില്‍ കഴിയുകയും ചെയ്തിട്ടും അതിനെക്കുറിച്ച് ലേഖനമെഴുതിയപ്പോള്‍ തന്റെ പേര് പരാമര്‍ശിച്ചില്ല!
അതുകൊണ്ടുതന്നെ കണ്ണന്‍നായരുടെ നാടായ പയ്യന്നൂരില്‍ പോയി വിവരശേഖരണം നടത്തി ദീര്‍ഘലേഖനം വാരികയില്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു. രണ്ടുദിവസം പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും സഞ്ചരിച്ച് പഴയകാല സമരസേനാനികളില്‍നിന്നും മറ്റും വിവരശേഖരണം നടത്തി ലേഖനം പ്രസിദ്ധപ്പെടുത്തി. ഏതാനും മാസത്തിനുശേഷം ചിന്ത പബ്ലിഷേഴ്‌സ് പി കണ്ണന്‍നായര്‍ എന്ന പേരില്‍ ചെറിയൊരു പുസ്തകം പ്രസിദ്ധപ്പെടുത്തി. ഇ എം എസും നായനാരും വി എസും ടി കെ രാമകൃഷ്ണനും എം എം ലോറന്‍സുമടക്കമുള്ളവരുടെ ലേഖനത്തിനൊപ്പം എന്റെ ലേഖനവും അതിലുള്‍പ്പെടുത്തിയിരുന്നു. ഐ വി ദാസായിരുന്നു എഡിറ്റര്‍. കണ്ണന്‍നായരുടെ ജീവചരിത്രസംബന്ധിയായത് എന്റെ ലേഖനമാണ്. ആ ലേഖനമെഴുതുന്നതിനായി പയ്യന്നൂരിൽ പോയപ്പോഴാണ് കണ്ണന്‍നായര്‍ എന്ന ഉജ്ജ്വല വിപ്ലവവ്യക്തിത്വം മനസ്സില്‍ കൂടുതല്‍ തെളിമയോടെ നിറഞ്ഞത്.
പാർട്ടി നിര്‍ബന്ധത്തിന് വഴങ്ങി ദേശാഭിമാനി ജനറൽ മാനേജരുടെ ചുമതലയേറ്റെടുക്കാന്‍ കൊച്ചിയിലേക്ക് പോകുമ്പോള്‍ കണ്ണന്‍നായര്‍ കരയുകയായിരുന്നുവെന്ന് സുബ്രഹ്മണ്യ ഷേണായി ഈ ലേഖകനോട് പറഞ്ഞു
കൊച്ചിയില്‍ ദേശാഭിമാനി എഡിഷന്‍ തുടങ്ങുമ്പോള്‍ മാനേജരായി കണ്ണന്‍നായരെ നിയോഗിക്കാന്‍ സി പി എം സംസ്ഥാനനേതൃത്വത്തില്‍ ആലോചന വന്നു. തുടര്‍ന്ന് ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്‌ളിഷിങ്ങ് കമ്പനി ചെയര്‍മാന്‍കൂടിയായ അഴീക്കോടന്‍ രാഘവന്‍ പയ്യന്നൂരില്‍ ചെന്ന് സുബ്രഹ്മണ്യഷേണായിയടക്കമുള്ള അവിടുത്തെ നേതാക്കളുമായി സംസാരിച്ചു. ഒരു കാരണവശാലും കണ്ണന്‍നായരെ പയ്യന്നൂരില്‍നിന്ന് വിട്ടുതരാനാവില്ലെന്ന് ഷേണായിയും കൂട്ടരും. പിന്നീട് സംസ്ഥാന സെക്രട്ടറി സി എച്ച് കണാരനും അഴീക്കോടനും ഒരുമിച്ച് പയ്യന്നൂരിലെത്തി നേതൃയോഗം വിളിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു, കണ്ണന്‍നായരെയല്ലാതെ മറ്റാരെയും കണ്ടെത്താനാവുന്നില്ല എന്ന്... നിര്‍ബന്ധത്തിന് വഴങ്ങി പുതിയ ചുമതലയേറ്റെടുക്കാന്‍ കൊച്ചിയിലേക്ക് പോകുമ്പോള്‍ കണ്ണന്‍നായര്‍ കരയുകയായിരുന്നുവെന്ന് ഷേണായി ഈ ലേഖകനോട് പറഞ്ഞു. ''ഇത്ര കണിശതയുള്ള സഖാക്കളെ അധികം കണ്ടുകിട്ടില്ല. ഷേവ് ചെയ്യുന്നതില്‍ പോലുമുണ്ടായിരുന്നു ആ കണിശത. പഴയ ബ്ലേഡ് കുപ്പിച്ചില്ലില്‍ രാകിമിനുക്കി മൂര്‍ച്ച കൂട്ടി ഷേവ് ചെയ്യുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഷേവ് ചെയ്യാതിരുന്നുകൂടേ എന്ന് ചോദിച്ചാല്‍ ചിരിയായിരിക്കും മറുപടി,'' ഷേണായി പറഞ്ഞത് ഓര്‍ക്കുന്നു.
1948-ല്‍ പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരായ സമരത്തിന്റെ ഭാഗമായി കാങ്കോല്‍ ആലക്കാട്ട് നടന്ന നെല്ലെടുപ്പ് സമരത്തില്‍ നായകസ്ഥാനത്ത് കണ്ണന്‍നായരുണ്ടായിരുന്നു
പയ്യന്നൂര്‍ മേഖലയില്‍ 1940-കളില്‍ നടന്ന എല്ലാ കമ്യൂണിസ്റ്റ്-കര്‍ഷകമുന്നേറ്റങ്ങളിലും നേതൃസ്ഥാനത്ത് കണ്ണന്‍നായരുണ്ടായിരുന്നു- ഒരുകാര്യത്തിലൊഴികെ. ക്വിറ്റ് ഇന്ത്യാസമരത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തപ്പോള്‍ കണ്ണന്‍നായര്‍ നേരെമറിച്ചുള്ള സമീപനത്തിലായിരുന്നു. കണ്ണന്‍നായര്‍കൂടി ഭാരവാഹിയായ ബീഡിത്തൊഴിലാളി യൂണിയനിലെ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് അനുഭാവികളും പോരാളികളുമായപ്പോള്‍ ഈ പ്രശ്‌നം കാരണം കണ്ണന്‍നായര്‍ കോണ്‍ഗ്രസ് പക്ഷത്ത് നിലയുറപ്പിച്ചു. 1943-ഓടെ രാഷ്ട്രീയപഠനത്തിലൂടെ കാര്യങ്ങള്‍ വ്യക്തമായശേഷമാണ് കണ്ണന്‍നായര്‍ കമ്യൂണിസ്റ്റായത്.
1948-ല്‍ പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരായ സമരത്തിന്റെ ഭാഗമായി കാങ്കോല്‍ ആലക്കാട്ട് നടന്ന നെല്ലെടുപ്പ് സമരത്തില്‍ നായകസ്ഥാനത്ത് കണ്ണന്‍നായരുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കോറോം ചെറുത്തുനില്‍പ്പിനെതിരെയുണ്ടായ പോലീസ് വെടിവയ്പില്‍ കര്‍ഷകത്തൊഴിലാളിയായ ബി പൊക്കന്‍ രക്തസാക്ഷിയായി. മര്‍ദനവാഴ്ചയ്‌ക്കെതിരെ കയ്യില്‍കിട്ടുന്ന ആയുധങ്ങളെടുത്ത് പോരാടുകയല്ലാതെ ഗത്യന്തരമില്ലാതായി. അങ്ങനെയാണ് കെ സി കുഞ്ഞാപ്പു മാസ്റ്ററുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഫര്‍ക്കയിലെ 42 വിപ്ലവകാരികള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി എരമം വില്ലേജ് കേന്ദ്രീകരിച്ച് കാട്ടിലൂടെ രണ്ടുദിവസം യാത്രചെയ്ത് മുനയന്‍കുന്നിലെത്തിയത്. ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയുടെ ഭാഗമായ ഏളേരിയിലുള്‍പ്പെട്ട സ്ഥലമാണത്. അവിടെയെത്തി നാലാംദിവസം പുലര്‍ച്ചെയാണ് പോലീസ് വളഞ്ഞ് വെടിവച്ചത്.
ഒരു കൃഷിക്കാരന്‍ വിട്ടുകൊടുത്ത ചിറ്റാരി (കൊയ്‌തെടുത്ത നെല്ല് സംഭരിച്ചുവയ്ക്കുകയും മറ്റും ചെയ്യുന്ന പുല്‍മാടം) യിലും പരിസരത്തുമായാണ് 42 പേര്‍ കഴിയുന്നത്. അന്നവിടെ നടന്നതുകണ്ട, അനുഭവിച്ച ഒരേയൊരാള്‍ മാത്രമാണ് അതേക്കുറിച്ചെഴുതിയത്, അത് കണ്ണന്‍നായരാണ്, 1970-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ സുവനീറില്‍. പക്ഷേ ആ ലേഖനത്തിലും സ്വന്തം പേര് പ്രത്യേകമായി ഉയര്‍ത്തിക്കാട്ടിയതേയില്ല. ആറുപേര്‍ രക്തസാക്ഷികളായ മുനയന്‍കുന്ന് സംഭവത്തില്‍ 16 പേരാണ് അറസ്റ്റിലായത്. വെടിയേറ്റവരും ഓരോ കാല്‍ നഷ്ടപ്പെട്ട രണ്ടുപേരുമടക്കം 16 പേര്‍. അക്കൂട്ടത്തില്‍ ഒരാളായിരുന്നു കണ്ണന്‍നായര്‍. ആ സംഭവത്തെപ്പറ്റി അദ്ദേഹം എഴുതിയ ലേഖനത്തിലെ ഒരു ഭാഗം എടുത്തുചേര്‍ത്തുകൊണ്ട് നിര്‍ത്താം.
മേയ് ഒന്ന് പിറക്കാന്‍ പോകുന്നു. സമയം ഉദ്ദേശം മൂന്നുമണിയായിക്കാണും. ഇടവിടാതെയുളള വെടിയൊച്ചയും അട്ടഹാസവും കേട്ടാണ് ഉറക്കം ഞെട്ടിയത്. കണ്‍തുറന്നുനോക്കി. ചീറിപ്പായുന്ന വെടിയുണ്ട നാനാഭാഗത്തേക്കും ചിതറുകയാണ്. എഴുന്നേറ്റുനോക്കി, എങ്ങോട്ടും നീങ്ങാന്‍ പഴുതില്ല. വെടിയുണ്ട ചീറിപ്പായുകയാണ്. വീണ്ടും കിടന്നു, നിമിഷങ്ങള്‍ കഴിഞ്ഞു. വെടിയൊച്ചയും അട്ടഹാസവും നിലച്ചു. കിടപ്പില്‍നിന്ന് അനങ്ങരുത്. എം എസ് പിയുടെ ആജ്ഞയാണ്. വെടിവെപ്പിനെത്തുടര്‍ന്ന് ആ പുല്‍മാടം എം എസ് പി വളഞ്ഞിരിക്കുകയാണ്. കിടന്നിരുന്നവരെ ഓരോരുത്തരെയായി ക്രൂരമായി മര്‍ദിച്ചശേഷം പുറത്തുകൊണ്ടുവന്നു. രണ്ടുപേര്‍ രണ്ട് ഭാഗത്തുനിന്ന് കൈപിടിച്ച് മറ്റൊരാള്‍ നെഞ്ചില്‍ തോക്ക് ചൂണ്ടിപ്പിടിച്ചുകൊണ്ടാണ് ഓരോരുത്തരെയും പുറത്തുകൊണ്ടുവന്നത്. എല്ലാവരെയും കയ്യും കാലും കെട്ടിയിട്ട് മുറ്റത്തേക്കിട്ടു. അവിടെവെച്ചും മര്‍ദനങ്ങള്‍ തുടര്‍ന്നു. എന്തൊക്കെയാണ് നടന്നതെന്നും ആരൊക്കെയാണ് ബാക്കിയുള്ളതന്നെും വ്യക്തമല്ല...
നേരം പുലര്‍ന്നു. പ്രകാശം പരന്നു. കെട്ടിയിട്ട കിടപ്പില്‍നിന്ന് തലയുയര്‍ത്തിനോക്കി. സഖാവ് കെ എ ചിണ്ടപ്പൊതുവാള്‍ മരണവുമായി മല്ലിടുകയാണ്. നെഞ്ചിലാണ് വെടിയേറ്റത്. അല്‍പ്പസമയത്തിനകം ആ സഖാവ് അന്ത്യശ്വാസം വലിച്ചു. സഖാവ് കുഞ്ഞാപ്പുമാസ്റ്റര്‍ ഉള്‍പ്പെടെ ആറ് സഖാക്കള്‍ രക്തസാക്ഷികളായി. അറസ്റ്റിലായത് 16 പേരാണ്. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. ആ രംഗമാകെ ഒരു യുദ്ധക്കളത്തിന് സമാനമായിരുന്നു. ആറ് സഖാക്കള്‍ മരിച്ചുകിടക്കുന്നു. അറസ്റ്റിലായവരില്‍ പലര്‍ക്കും വെടിയേറ്റിട്ടുണ്ട്. ബയണറ്റിന്റെയോ ലാത്തിയുടെയോ പരുക്കേല്‍ക്കാത്ത ആരുംതന്നെയില്ല. ചോരവാര്‍ന്നൊലിച്ച പാടുകള്‍ അവിടവിടെ കാണാമായിരുന്നു.
ഇരുട്ടിന്റെ മറപറ്റി എത്തിയ എം എസ് പി യന്ത്രത്തോക്കുപയോഗിച്ചാണ് വെടിവച്ചത്. സായുധകാവല്‍ക്കാരനായ സഖാവ് പനയന്തട്ട കണ്ണന്‍നമ്പ്യാര്‍ക്കാണ് ആദ്യം വെടിയേറ്റത്. അറസ്റ്റ് ചെയ്തവരെ അന്ന് പകല്‍ മുഴുവന്‍ ആ കുടിലിന്റെ മുറ്റത്ത് പൊരിവെയിലില്‍ കെട്ടിയിട്ടശേഷം വൈകുന്നേരം പാടിയോട്ടുചാലിലേക്ക് കൊണ്ടുവന്നു. ആറ് രക്തസാക്ഷികളുടെ മൃതദേഹവും ഒപ്പം കൊണ്ടുവന്നു. പാടിയോട്ടുചാലിലെ ആ കുഴിമാടത്തില്‍ ആറ് സഖാക്കളുടെയും മൃതദേഹങ്ങള്‍ ഒന്നിച്ചു സംസ്‌കരിച്ചു.
തീര്‍ന്നില്ല, കണ്ണന്‍നായര്‍ തുടരുന്നു... മുനയന്‍കുന്നില്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടവരില്‍ സഖാവ് മാവില ചിണ്ടന്‍ നമ്പ്യാരെയും മാരാങ്കാവി കുഞ്ഞമ്പുവിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദിച്ച് കൊല്ലുകയാണുണ്ടായത്. വെടിവയ്പില്‍ പാവൂര്‍ കണ്ണന്‍, കെ പി കുട്ടി എന്നിവരുടെ ഓരോ കാല്‍ നഷ്ടപ്പെട്ടു. മുനയന്‍കുന്നില്‍ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഏല്‍ക്കേണ്ടിവന്ന കടുത്ത മര്‍ദനത്തിന്റെ ഫലമായി കോറോത്തെ സഖാവ് കെ അബ്ദുള്‍ഖാദര്‍ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൃതിയടഞ്ഞു...
'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍' എന്നാണല്ലോ. അന്യജീവനുതകണമെന്നല്ലാതെ സ്വജീവിതം ധന്യമാകണമെന്ന ആലോചനയേ ഇല്ലാതിരുന്ന മഹാനായ വിപ്ലവകാരിയായിരുന്നു സഖാവ് പി കണ്ണന്‍നായര്‍...