'ഗംഗേട്ടന്‍ എനിക്കിഷ്ടപ്പെട്ട ജ്യേഷ്ഠന്‍'
അന്നും ഇന്നും പി വി ജിയെ ഗംഗേട്ടന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. അദ്ദേഹം വിടവാങ്ങിയെന്ന് ഈ സമയത്തും വിശ്വസിക്കാന്‍ പറ്റുന്നില്ല, അത്ര ബന്ധമുള്ളവരായിരുന്നു ഞങ്ങള്‍.
ഞാന്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡര്‍ ആയി ജോലിനോക്കുന്ന സമയത്ത് തിരുവനന്തപുരം ഓഫീസില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പ്രൂഫ് സെക്ഷനിലൊക്കെ വന്ന് സംസാരിക്കും. കലാകാരനായതുകൊണ്ട് തന്നെ ഒരു പ്രത്യേക താത്പര്യം എന്നോട് ഉണ്ടായിരുന്നു.
പിന്നീട് കോഴിക്കോട് വന്നപ്പോഴും ഏറ്റവും അടുപ്പമുള്ള മാതൃഭൂമിയിലെ വ്യക്തിയും ഗംഗേട്ടനായി മാറി. അദ്ദേഹത്തിന്റെ വീട്ടില്‍ ആദ്യമായി പോകുന്നത് പി വി ചന്ദ്രേട്ടന്റെ മകളുടെ കല്യാണത്തിനാണെന്നാണ് ഓര്‍മ. ദാസേട്ടനെല്ലാം അന്നവിടെ ഉണ്ടായിരുന്നു.
വടക്കന്‍ വീരഗാഥയില്‍ പാട്ടെഴുതാന്‍ വിളിച്ചത് ഗംഗേട്ടനാണ്. വരികളെകുറിച്ചെല്ലാം വലിയ കാര്യമായി തന്നെ എന്നോട് പറയാറുണ്ട്. അദ്വൈതത്തിലെ 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ...' എന്നതും വടക്കന്‍ വീരഗാഥയിലെ 'ഇന്ദുലേഖ കണ്‍ തുറന്നു' എന്ന പാട്ടും അദ്ദേഹത്തിന് വലിയ ഇഷ്ടമുള്ള പാട്ടാണ്. ഒറ്റയ്ക്ക് ഇരിക്കുമ്പോഴോ സ്റ്റേജില്‍ ഇരിക്കുമ്പോഴുമെല്ലാം എന്നോട് ആ പാട്ടുകള്‍ പാടാന്‍ പറയും. ഞാന്‍ പാടിക്കൊടുക്കുകയും ചെയ്യും.
'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന ചിത്രത്തിലേക്ക് വിളിക്കുന്നതും ഗംഗേട്ടനാണ്. 'എന്ന് സ്വന്തം ജാനകിക്കുട്ടി'യുടെ സമയത്ത് ഒരു സംഭവമുണ്ടായി, അന്ന് ഞാന്‍ മദ്രാസിലായിരുന്നു. ഗംഗേട്ടന്‍ വിളിച്ചുപറഞ്ഞു, ''നിങ്ങള്‍ ക്ഷമിക്കണം, ഈ ചിത്രത്തിലെ സംഗീതം ജോണ്‍സണും യൂസഫലി കേച്ചേരിയുമായിരുന്നു. അവര്‍ ആഘോഷിച്ച് ഇരുന്നുപോയി. ഒന്നും നടന്നില്ല. ഒന്നു വരണം.''
അവര്‍ക്കാണെങ്കില്‍ പിറ്റേ ദിവസം ഷൂട്ട് തുടങ്ങണം. പൂജ സോങ് എടുക്കണം. ഞാന്‍ സമ്മതിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ മാനേജര്‍ കോയമ്പത്തൂരിലേയ്ക്കുള്ള ഫ്ളൈറ്റ് ടിക്കറ്റുമായി എന്റെ അരികിലെത്തിക്കഴിഞ്ഞിരുന്നു. അങ്ങനെയാണ് ജാനകിക്കുട്ടിയലെ എഴുത്തും മ്യൂസികും ഞാന്‍ തന്നെ ഏറ്റെടുക്കുന്നത്. വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന് എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പാട്ടുകള്‍.
എന്ത് പ്രധാന കാര്യമുണ്ടെങ്കിലും വിളിക്കും. അച്ഛനെക്കുറിച്ച് ഒരു ശ്ലോകം വേണമെന്ന് ഒരു റെക്കോര്‍ഡിങ് സമയത്ത് എന്നോട് പെട്ടെന്ന് ആവശ്യപ്പെട്ടു. ഞാന്‍ എഴുതി, ജോണ്‍സണ്‍ ഈണമിട്ടു, ദാസേട്ടന്‍ പാടി. ആ ശ്ലോകമാണ് ഇപ്പോഴും അവരുടെ പി വി സാമിയുമായി ബന്ധപ്പെട്ട പരിപാടികളിലും സിനിമകളിലുമെല്ലാം ഉപയോഗിക്കുന്നത്. ഒരു മന്ത്രം പോലെ ഇഷ്ടമായിരുന്നു ഗംഗേട്ടന് ആ പാട്ട്.
അവസാനമായി എന്നെ വിളിച്ചതും ഒരു പാട്ട് ആവശ്യത്തിനാണ്, അതിനെനിക്ക് സാധിച്ചില്ല. തിരക്കിലായിപ്പോയി. സിനിമയുടെ കാര്യത്തിന് മാത്രമല്ല, അല്ലാതെയും ഇടയ്ക്ക് വിളിക്കും, സംസാരിക്കും. സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കുന്ന ഗംഗേട്ടന്‍ എനിക്ക് ഇഷ്ടപ്പെട്ട ജ്യേഷ്ഠനായിരുന്നു. സിനിമയില്‍, മാതൃഭൂമിയില്‍, വ്യക്തിപരമായി... അങ്ങനെയെല്ലാം അടുപ്പമുള്ളയാള്‍. ആദ്യം കണ്ടപ്പോഴും ഇപ്പോഴും ഒരുപോലെ സ്‌നേഹവും ബഹുമാനവും.
എനിക്കീ വിടവാങ്ങല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല...