സോണിയയുടെ വിശ്വസ്തൻ; കോൺഗ്രസിന് തള്ളാൻ കഴിയാത്ത ഡി കെ എന്ന ട്രബിൾ ഷൂട്ടർ
കർണാടക തിരഞ്ഞെടുപ്പ് വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ആരംഭിച്ച കലഹത്തിന് വിരാമം കുറിച്ചിരിക്കുകയാണ്. അഞ്ചു വർഷത്തിനുള്ളിൽ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്ന സിദ്ധരാമയ്യക്ക് ആദ്യ അവസരം നൽകണമെന്ന ഹൈക്കമാൻഡ് തീരുമാനത്തെ ഡി കെ ശിവകുമാർ എന്ന രാഷ്ട്രീയ ചാണക്യൻ അംഗീകരിക്കുകയായിരുന്നു.
കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരമേൽക്കുമ്പോൾ തിരഞ്ഞെടുപ്പ് ഗോദയിൽ ബി ജെ പിയ്ക്കെതിരെ ചടുലമായ നീക്കങ്ങൾ നടത്തിയ ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ എന്ന ഡികെ പടിക്ക് പുറത്തായിരിക്കുകയാണ്. കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ മാറ്റിനിർത്താൻ കഴിയാത്ത നേതാവായി ഡി കെ മാറിയെങ്കിലും സമീപകാലത്ത് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളും അനധികൃത സ്വത്ത് സമ്പാദന കേസും ഡി കെയുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചു.
ദേവഗൗഡയെ വീഴ്ത്തി നിയമസഭയിലേക്ക്
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്നതിലുപരി സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കെട്ടുറപ്പിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ഡി കെ ശിവകുമാർ. 1985ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച് ഡി ദേവഗൗഡയെ പരാജയപ്പെടുത്തിയാണ് ഡി കെ നിയമസഭയിലെത്തുന്നത്. വൊക്കലിഗ സമുദായത്തിന്റെ മുഖമായി മാറിയ ഡി കെ 1999ൽ നടന്ന തിരഞ്ഞെടുപ്പിൽ ദേവഗൗഡയുടെ മകൻ എച്ച് ഡി കുമാരസ്വാമിയെയും പരാജയപ്പെടുത്തി ചരിത്രം കുറിച്ചു. വിവിധ മന്ത്രിസഭകളിലായി ജയിൽ, നഗര വികസനം , ഊർജം , ഉന്നത വിദ്യാഭ്യാസം, ജലവിഭവം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇത്തവണ കനകപുരയിൽനിന്ന് ഒരുലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ ബി ജെ പിയുടെ ആർ അശോകയെ തറപറ്റിച്ചാണ് ഡി കെയുടെ വിജയം.
തിരഞ്ഞെടുപ്പ് ഗോദയിലെ ചാണക്യൻ
ട്രബിൾ ഷൂട്ടറെന്ന് വിശേഷണമുള്ള ഡി കെ, ഇത്തവണ ബി ജെ പിയുടെയും സംഘപരിവാറിന്റെയും അജണ്ടകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിക്കൊണ്ടാണ് കർണാടകയിൽ കോൺഗ്രസിന് ഉജ്ജ്വല വിജയം നേടിക്കൊടുത്തത്. ഇത്തവണ, കോൺഗ്രസ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ, ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം വളർത്തുന്ന ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുളള വർഗീയ സംഘടനകളെ നിരോധനിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ, മോദി അടക്കമുളള നേതാക്കൾ ഇതിനെ കോൺഗ്രസിനെതിരെയുളള പ്രചാരണ ആയുധമാക്കി മാറ്റിയതോടെ വിഷയം വിവാദമായി.
എന്നാൽ, മോദിയുടെയും ബി ജെ പിയുടെയും ഉത്തരേന്ത്യേൻ രാഷ്ട്രീയത്തിന് ഡി കെ വ്യക്തമായ മറുപടിയാണ് നൽകിയത്. ബജ്‌റംഗ് ബലിയെ ബജ്‌റംഗ് ദളുമായി ബി ജെ പി തുലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കൂടാതെ, വിജയിച്ചു വന്നാൽ സംസ്ഥാനത്തുടനീളം ആഞ്ജനേയ ക്ഷേത്രം പണിയുമെന്നും നിലവിലുള്ളവയുടെ പുനരുദ്ധാരണം പൂർത്തിയാക്കുമെന്നും യുവജനങ്ങൾക്കായി ഹനുമാന്റെ പേരിൽ പദ്ധതികൾ നടപ്പാക്കുമെന്നും ഡി കെ ശിവകുമാർ പ്രഖ്യാപിച്ചു.
മൈസൂരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് ബജ്‌രംഗ് ബലി പ്രതിഷ്ഠയ്ക്ക് മുന്നിൽ അദ്ദേഹം നമസ്കരിച്ചു. മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള ഇരുപത്തിയഞ്ചോളം ഹനുമാൻ ക്ഷേത്രങ്ങൾ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന കെങ്കൽ ഹനുമന്തയ്യയുടെ കാലത്ത് പണി കഴിപ്പിച്ചതാണെന്നും ഒരു ഹനുമാൻ ക്ഷേത്രം പോലും സംസ്ഥാനത്ത് ബി ജെ പി നിർമിച്ചിട്ടില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
ഓപ്പറേഷൻ താമരയ്ക്ക് ബദൽ തീർത്ത വിജയം
2018ൽ ജെ ഡി എസുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നതിൽ കാണിച്ച തന്ത്രങ്ങൾക്കുപരിയായി കോൺഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുളള സാധ്യതകൾക്കാണ് ഇത്തവണ ഡികെ ലക്ഷ്യമിട്ടത്. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്നെ തന്നെ ബി ജെ പിക്ക് ചുവടുപിഴച്ച ഇടങ്ങളിൽ ഡി കെ തന്റെ ചാണക്യബുദ്ധി പ്രയോഗിക്കാൻ തുടങ്ങിയിരുന്നു. അതിലൊന്നാണ് സീറ്റ് തർക്കത്തെ തുടർന്ന് ബി ജെ പി വിട്ട നേതാക്കൾക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ അവസരമൊരുക്കിയത്. ഈ പട്ടികയിൽ ബി ജെ പി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി അടക്കമുളള പ്രമുഖ നേതാക്കളും ഉൾപ്പെടുന്നു.
കൂടാതെ, ജെഡിഎസ് വിട്ട് കോൺഗ്രസിലെത്തിയ ശിവലിംഗെ ഗൗഡ, എസ്ആ ർ ശ്രീനിവാസ് അടക്കമുളളവരും തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ബിജെപിയിൽ നിന്നെത്തിയ സവദിയും ഗോപാലകൃഷ്ണയും ശിവലിംഗെ ഗൗഡയും എസ് ആർ ശ്രീനിവാസും കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു.
ബിജെപി - ജെഡിഎസ് ശക്തികേന്ദ്രങ്ങൾക്ക് വലവിരിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ
ഭരണവിരുദ്ധ വികാരത്തെ പ്രയോജനപ്പെടുത്തിയും വർഷങ്ങളായി ബി ജെ പിയുടെ വോട്ട് ബാങ്കായിരുന്ന ലിംഗായത്ത് സമുദായത്തെയും ജെഡിഎസിന്റെ ശക്തികേന്ദ്രമായ വൊക്കലിഗ സമുദായത്തെയും ഡികെയുടെ ചാണക്യതന്ത്രങ്ങളിലൂടെ സ്വാധീനിക്കാൻ കഴിഞ്ഞു. ബി ജെ പിയിലെ ലിംഗായത്ത് സമുദായത്തിലെ പ്രമുഖരായ നേതാക്കളെയും ജെ ഡി എസിലെ ജനസ്വാധീനമുളള നേതാക്കളെയും പാർട്ടിയിലെത്തിച്ച് ഡി കെ നടത്തിയ തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിന് നിർണായകമായത്.
ഷെട്ടാറിന്റെയും സവദിയുടെയും വരവ് കോൺഗ്രസിന് വടക്കൻ കർണാടകയിൽ നേട്ടമുണ്ടാക്കൻ കഴിഞ്ഞിരുന്നു. പഴയ മൈസൂരിലും ഹൈദരാബാദ് കർണാടക മേഖലയിലും കോൺഗ്രസിന്റെ നേട്ടങ്ങൾക്ക് പിന്നിൽ ഡി കെയുടെ കരങ്ങൾ ഉണ്ടായിരുന്നു. പഴയ മൈസൂരു മേഖലയിലെ വൊക്കലിഗ സമുദായത്തെ സ്വാധീനിക്കാനായി വൊക്കലിഗ നേതാക്കളെ പാർട്ടിയിലെത്തിക്കുന്നതിലും ഡി കെ വിജയിച്ചിരിക്കുന്നു.
കേന്ദ്ര ഏജൻസികൾ നിരന്തരം വേട്ടിയാടിയ നേതാവ്
എക്കാലവും ആർ എസ് എസിന്റെയും ബി ജെ പിയുടെയും കണ്ണിലെ കരടായിരുന്നു അദ്ദേഹം. ഡി കെയുടെ രാഷ്ട്രീയ തന്ത്രങ്ങളിലെ മികവ് ബി ജെ പിക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടുതന്നെ അദ്ദേഹത്തെ വിലയ്ക്കെടുക്കാനുളള ശ്രമങ്ങൾ നടത്തിയെങ്കിലും ഡി കെ അതിനൊന്നും വഴങ്ങിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ അന്വേഷണ ഏജൻസികളെ കൊണ്ട് നിരന്തരം വേട്ടയാടാനും മോദി സർക്കാർ ശ്രമിച്ചു. എന്നാൽ അതിനെയൊക്കെയും ഡി കെ അതിജീവിക്കുന്ന കാഴ്ചയാണ് കന്നഡ രാഷ്ട്രീയം കണ്ടത്.
നികുതി ക്രമക്കേടുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റ് രണ്ടിന് ശിവകുമാറിന്റെ ബെംഗളൂരുവിലെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതോടെ ഡി കെ വിവാദത്തിൽപ്പെടുകയായിരുന്നു. ന്യൂഡൽഹി, ബെംഗളൂരു, മൈസൂരു, ചെന്നൈ, ശിവകുമാറിന്റെ ജന്മനാടായ കനകപുര എന്നിവിടങ്ങളിലായി 300 ഉദ്യോഗസ്ഥർ 80 മണിക്കൂറോളമാണ് റെയ്ഡ് നടത്തിയത്. ആഗസ്ത് അഞ്ചിന് റെയ്ഡ് അവസാനിച്ചപ്പോൾ ഏകദേശം 300 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്ത് വകകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
നികുതി വെട്ടിപ്പ്, കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളിൽ പങ്കാളി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി 2019 ൽ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 50 ദിവസം ഡി കെയ്ക്ക് തിഹാർ ജയിലിൽ കഴിയേണ്ടിയും വന്നു. ജയിലിൽനിന്നു പുറത്തുവന്ന ഡികെയെ കന്നഡ ജനത ആവേശപൂർവമാണ് വരവേറ്റത്.
ഊർജ മന്ത്രിയായിരുന്ന ഡി കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി 2020 ൽ അഴിമതി നിരോധന വകുപ്പുകൾ ചുമത്തി സി ബി ഐ കേസെടുത്തിരുന്നു. 74 കോടി രൂപയുടെ അനധികൃത സ്വത്താണ് അന്വേഷണത്തിൽ സി ബി ഐ കണ്ടെത്തിയത്. ശിവകുമാറിന്റെ മകളെയും അമ്മയെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മകളുടെ പേരിലുള്ള 150 കോടി രൂപയുടെ സ്വത്ത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് സി ബി ഐയുടെ വാദം. എന്നാൽ സി ബി ഐ അന്വേഷണവും തന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചിരിക്കുകയാണ്.
ധനികനായ രാഷ്ട്രീയ നേതാവ്
ബെംഗളുരുവിനടുത്ത് കനകപുരയിൽ കെമ്പഗൗഡയുടെയും ഗൗരമ്മയുടെയും മകനായാണ് ശിവകുമാറിന്റെ ജനനം. സഹോദരൻ ഡികെ സുരേഷും സജീവരാഷ്ട്രീയത്തിൽ കൂടെയുണ്ട്. പ്രചാരണത്തിനായി സംസ്ഥാനം മുഴുവൻ സന്ദർശിച്ചതോടെ ഡി കെയ്ക്ക് ഇത്തവണ സ്വന്തം മണ്ഡലത്തിൽ കാര്യമായ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഭാര്യ ഉഷയായിരുന്നു ഡി കെയുടെ സഹോദരൻ സുരേഷിനൊപ്പം പ്രചാരണം നയിച്ചത്.
ഐശ്വര്യ, ആഭരണ, ആകാശ് എന്നിവരാണ് മക്കൾ. ഐശ്വര്യ വിവാഹം കഴിച്ചിരിക്കുന്നത് കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മകൻ അമർത്യയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും ധനികനായ വ്യക്തിയാണ് ഡികെ. 2018ൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്ഥാവരജംഗമ സ്വത്തുക്കളുടെ മൂല്യം 850 കോടി രൂപയായിരുന്നു. ഇന്നത് 1400 കോടിയിലേറെയായി ഉയർന്നിരിക്കുന്നു. 153.3 കോടി രൂപയാണ് ഉഷാ ശിവകുമാറിന്റെ ആസ്തി. 15 കോടിയിലധികം രൂപയാണ് കുടുംബത്തിന്റെ വാർഷിക വരുമാനം.
ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ
കോൺഗ്രസിന് മാറ്റിനിർത്താവുന്ന നേതാവല്ല ഡി കെ ശിവകുമാർ. പ്രതിസന്ധിഘട്ടങ്ങളിൽ കോൺഗ്രസ് ആശ്രയിക്കുന്ന ഇടമാണ് ഡി കെ. 2017ൽ, ഗുജറാത്തിൽ അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ബി ജെ പി ശ്രമിച്ച സമയത്ത്, കോൺഗ്രസ് ഡി കെയെ ആയിരുന്നു ചുമതല ഏൽപ്പിച്ചത്. അന്ന് അവിടെയുണ്ടായിരുന്ന 47 കോൺഗ്രസ് എം എൽ എമാരെയും ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ പിടിച്ചുനിർത്തിയത് ഡി കെയായിരുന്നു. 2020ൽ പി സി സി അധ്യക്ഷനായപ്പോൾ ഡി കെയ്ക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി സംസ്ഥാനത്തെ ഭരണം തിരികെപ്പിടിക്കുകയെന്നത് മാത്രമായിരുന്നു.
കസേരയെച്ചൊല്ലിയുളള തർക്കം
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോടതിയിൽനിന്ന് പ്രതികൂല വിധി ഉണ്ടായേക്കാമെന്ന കണക്കുകൂട്ടൽ മുന്നിൽ കണ്ടാണ് ഡി കെ തിരഞ്ഞെടുപ്പിൽ ഓരോ ചുവടും മുന്നോട്ടുവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഡി കെ ചില ഉപാധികൾ എ ഐ സി സിയ്ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ, സിദ്ധരാമയ്യക്കൊപ്പം രണ്ടരവർഷത്തെ ഭരണം പങ്കിടാൻ അദ്ദേഹം തയാറായിരുന്നില്ല. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ അധികാരത്തലെത്താനാണ് ഡി കെ ആഗ്രഹിച്ചിരുന്നത്. കൂടാതെ, കർണാടകയിലെ പ്രബല സമുദായങ്ങളായ വൊക്കലിഗ -ലിംഗായത്ത് മഠങ്ങളുടെ പിന്തുണയും അദ്ദേഹം ഉറപ്പാക്കിയിരുന്നു.
ഡി കെയെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രമുഖ വൊക്കലിഗ മഠമായ ആദി ചുഞ്ചന ഗിരി മഠം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ലിംഗായത്ത് മഠങ്ങളും ശിവകുമാറിനാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. 30 വർഷത്തിനുശേഷമാണ് കോൺഗ്രസിന്റെ രാഷ്ട്രീയത്തിൽ ലിംഗായത്ത് മഠങ്ങൾ ഇടപെടുന്നതെന്നതും ശ്രദ്ധേയം.