സീതാറാം: ധിഷണയും സമരവും

സീതാറാം: ധിഷണയും സമരവും

രാഷ്ട്രീയ സമസ്യകളിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കുകയെന്നത്, യെച്ചൂരിക്ക് കരുതിയാൽ പോലും സാധിക്കുന്ന കാര്യമായിരുന്നില്ല
Updated on
4 min read

സീതാറാം യെച്ചൂരി എന്ന ധിഷണാശാലിയും രാഷ്ട്രീയക്കാരനും ഒത്തുചേരുന്നിടത്താണ് ഈ കാലഘട്ടത്തിൽ ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷം അതിന്റെ രാഷ്ട്രീയവഴി കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ വിദ്യാർഥിരാഷ്ട്രീയ ജീവിതം തന്നെ ഇനിയങ്ങോട്ട് ഏതു പ്രതിസന്ധിയിലും ഒരു പ്രസ്ഥാനത്തെ നയിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിന് നൽകി. അടിയന്തരാവസ്ഥയിൽ രാജ്യതലസ്ഥാനത്ത് ഭരണകൂടത്തോട് നേർക്കുനേർ നിന്ന് വിദ്യാർഥിസമൂഹത്തെ മുന്നിൽനിന്ന് നയിച്ചുകൊണ്ടാണ് യെച്ചൂരി രാഷ്ട്രീയം തുടങ്ങുന്നത്. രാഷ്ട്രീയ സമസ്യകളിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കുകയെന്നത് അന്ന് യെച്ചൂരിക്ക് കരുതിയാൽ പോലും സാധിക്കുന്ന കാര്യമായിരുന്നില്ല.

1974ൽ യൗവനത്തിന്റെ തീക്ഷ്ണതയിലാണ് ജെഎൻയുവിൽ യെച്ചൂരി എസ്എഫ്ഐയുടെ ഭാഗമാകുന്നത്. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. ആ ഒരു വർഷം കൊണ്ട് തന്നെ യെച്ചൂരി എസ്എഫ്ഐയുടെ പ്രധാനപ്പെട്ട നേതാവായി വളർന്നുകഴിഞ്ഞിരുന്നു. അന്ന് രാജ്യത്തെമ്പാടും നടന്ന സമരങ്ങൾ ഇന്ദിര ഗാന്ധിക്കെതിരാണ്, ജെഎൻയുവിലും അങ്ങനെ തന്നെ. എന്നാൽ ഇന്ദിര ഗാന്ധിക്കെതിരെ സമരം ചെയ്യാൻ അന്ന് ജെഎൻയുവിനു മറ്റൊരു കാരണം കൂടിയുണ്ട്. രാജ്യത്തെ ഏറ്റവും ബൗദ്ധികമായ ക്യാമ്പസായി കണക്കാക്കുന്ന ജെഎൻയുവിന്റെ ചാൻസലർകൂടിയായിരുന്നു ഇന്ദിര ഗാന്ധി. ചാൻസലർ സ്ഥാനത്തുനിന്ന് ഇന്ദിര ഗാന്ധി രാജിവയ്ക്കണമെന്ന ആവശ്യം കൂടിയുണ്ട് ജെഎൻയു സമരത്തിൽ.

സീതാറാം: ധിഷണയും സമരവും
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ചാൻസലറെ രാജിവെപ്പിക്കാനുള്ള സമരത്തിന്റെ മുന്നണിയിലായിരുന്നു സീതാറാം യെച്ചൂരി. സമരം കൂടുതൽ ശക്തിപ്രാപിച്ചു. ഒരു ദിവസം ക്യാമ്പസിലേക്കു വന്ന വൈസ് ചാൻസലറുടെ കാറ് സീതാറാം യെച്ചൂരിയും സംഘവും തടഞ്ഞുനിർത്തി. "സർവകലാശാല നിങ്ങളുടെ നിയന്ത്രണത്തിന് പുറത്താണ്" എന്ന് സമരക്കാർ വിസിയോട് പറഞ്ഞു. ഇത് കേട്ട വിസി അപ്പോൾ തന്നെ കാർ തിരിച്ച് പോവുകയും ചെയ്തു. തൊട്ടടുത്ത മണിക്കൂറുകളിൽ തന്നെ അനിശ്ചിത കാലത്തേക്ക് ക്യാമ്പസ് അടച്ചിടാനുള്ള ഉത്തരവ് വിസി പുറപ്പെടുവിച്ചു. എന്നാൽ ആ ക്യാമ്പസ് അടഞ്ഞുകിടന്നില്ലെന്നു മാത്രമല്ല അക്കാദമിക് പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുകയും ചെയ്തു. ലൈബ്രറികൾ 24 മണിക്കൂറും പ്രവർത്തിച്ചു. എന്നാൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നടത്താൻ ആരുടെയും കയ്യിൽ പണമുണ്ടായിരുന്നില്ല. ശേഷം വിദ്യാർഥികൾ പൊതുനിരത്തിലിറങ്ങി പണം പിരിക്കാൻ തുടങ്ങി. "സർവകലാശാല പ്രവർത്തിക്കുന്നുണ്ട്, വൈസ് ചാൻസലർ സമരത്തിലാണ്" എന്നെഴുതിയ പ്ലക്കാർഡുകൾ കഴുത്തിൽ തൂക്കിയാണ് വിദ്യാർഥികൾ പണം പിരിക്കാൻ ഇറങ്ങിയത്.

ജെഎൻയുവിന്റെ ചാൻസലർ സ്ഥാനത്തുനിന്ന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയെ തടയുന്നു
ജെഎൻയുവിന്റെ ചാൻസലർ സ്ഥാനത്തുനിന്ന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയെ തടയുന്നു

1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിഗാന്ധി വലിയ തിരിച്ചടി ഏറ്റുവാങ്ങിയതിനു ശേഷമാണ് ഇന്ന് രാജ്യത്തെമ്പാടും ചർച്ചചെയ്യപ്പെടുന്ന സീതാറാം യെച്ചൂരിയും ഇന്ദിര ഗാന്ധിയും ഒരുമിച്ചുള്ള ആ ചിത്രത്തിനാധാരമായ കാര്യം നടക്കുന്നത്. ചാൻസലറായ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് ജെഎൻയുവിലെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം നടക്കുന്നു. ഏകദേശം 500 പേരടങ്ങുന്ന മാർച്ചാണ്. നാലോ അഞ്ചോ പേരെ കാണാമെന്ന് ഇന്ദിര ഗാന്ധി സമ്മതിച്ചെങ്കിലും മുഴുവൻ ആളുകളെയും ഇന്ദിരാഗാന്ധി അഭിമുഖീകരിക്കണമെന്നായിരുന്നു യെച്ചൂരിയുൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യം. ഒടുവിൽ ഇന്ദിരാ ഗാന്ധി പുറത്ത് വന്ന് പ്രതിഷേധക്കാരെ കണ്ടു. അവിടെവച്ച് ഇന്ദിര ഗാന്ധിക്കെതിരെ തയ്യാറാക്കിയ പ്രമേയം അവരെത്തന്നെ വായിച്ചുകേൾപ്പിക്കുകയും അതിന്റെ പകർപ്പ് നൽകുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ഇന്ദിര ഗാന്ധി ചാൻസലർ സ്ഥാനത്തുനിന്നു രാജിവെച്ചു.

സീതാറാം: ധിഷണയും സമരവും
'ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ, എന്റെ സുഹൃത്ത്'; യെച്ചൂരിയെ ഓർത്ത് രാഹുല്‍

അവസാനിക്കാത്ത സമരവും യൗവ്വനം

1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് സീതാറാം യെച്ചൂരിയുടെ ജനനം. സര്വേശ്വര സോമയാജുല യെച്ചൂരിയും കല്പകം യെച്ചൂരിയുമാണ് മാതാപിതാക്കൾ. ആന്ധ്രാപ്രദേശിലെ കാക്കിനാഡയാണ് യെച്ചൂരിയുടെ അച്ഛന്റെയും അമ്മയുടെയും സ്വദേശം. പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്നു അച്ഛൻ. അമ്മ സർക്കാർ ഉദ്യോഗസ്ഥയും. ഇപ്പോഴും ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ ജീവിക്കുന്നു. ഹൈദരാബാദിലെ ഓൾ സെയ്ന്റ്സ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സീതാറാം യെച്ചൂരി 1969 ലെ തെലങ്കാന സമരത്തിന്റെ ഭാഗമായാണ് ഡൽഹിയിലെത്തുന്നത്.

പിന്നെ ബിരുദവും ബിരുധാനാന്ത ബിരുദവുമായി പൂർണമായി ഡൽഹിയിൽ കേന്ദ്രീകരിക്കപ്പെട്ടു. 1973ൽ സെയ്ന്റ്റ് സ്റ്റീഫൻസിൽ നിന്നും എക്കണോമിക്സിൽ ബിഎ ഓണേഴ്സും 1975ൽ ജെഎൻയുവിൽ നിന്ന് എക്കണോമിക്സിൽ എംഎയും പാസായി. ജെ എൻ യുവിലെത്തിയ 1974ലാണ് യെച്ചൂരി എസ്എഫ്ഐലും ചേരുന്നത്. എംഎ പൂർത്തിയാക്കി ജെഎൻയുയിൽ തന്നെ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും ഗവേഷണം പൂർത്തിയാക്കാൻ സാധിച്ചില്ല.

സീതാറാം യെച്ചൂരി- പഴയകാല ചിത്രം
സീതാറാം യെച്ചൂരി- പഴയകാല ചിത്രം

1977-78 കാലയളവിൽ തുടർച്ചയായി മൂന്നു തവണ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന കൗതുകകരമായ സംഭവവും നടന്നു. 1978ൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തെത്തി. പിന്നീട് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനം. 1986ൽ യെച്ചൂരി എസ്എഫ്ഐയിൽനിന്നു പടിയിറങ്ങി. 1975ൽ സിപിഎം അംഗത്വത്തിലേക്കെത്തിയ യെച്ചൂരി, 1984ൽ കേന്ദ്ര കമ്മറ്റിയിൽ ക്ഷണിതാവായി. പിന്നീട് 1985ൽ നടന്ന 12-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തി. 1988 ൽ നടന്ന 13-ാം് പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1992ൽ പോളിറ്റ് ബ്യൂറോയിലെത്തിയ യെച്ചൂരി ഇന്ത്യയിലെമ്പാടുമുള്ള ഇടതുപക്ഷ പ്രവർത്തകരുടെയും ജനാധിപത്യവിശ്വാസികളുടെയും പ്രതീക്ഷയായി വളർന്നു. ഒടുവിൽ 2015ൽ പാർട്ടിയുടെ സാരഥ്യം പ്രവർത്തകർ അദ്ദേഹത്തിന് നൽകി. ഒൻപതു വർഷമായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി തുടരുന്നു.

ഫിദൽ കാസ്‌ട്രോയ്ക്കുമുന്നിൽ ഉത്തരം മുട്ടിയ യെച്ചുരി

പ്രത്യയശാസ്ത്ര ഭാരമെന്ന വാക്കിനെ തന്നെ നിഷ്പ്രഭമാക്കുന്ന വ്യക്തിത്വമാണ് സീതാറാം യെച്ചൂരിയെന്ന് മനസിലാക്കാൻ സാധിക്കുന്ന ചില നിമിഷങ്ങളുണ്ട്. ജ്യോതിബസുവിനോടൊപ്പം ഫിദൽ കാസ്ട്രോയെ കാണാൻ പോയ കഥ അതിലൊന്നാണ്. അത് അദ്ദേഹം അഭിമുഖങ്ങളിലുൾപ്പെടെഅവതരിപ്പിക്കുന്നത് അത്രയും സരസമായാണ്. ഫിദൽ കാസ്‌ട്രോയെ കാണാൻ പോയപ്പോൾ അദ്ദേഹം യെച്ചൂരിയോട് ഇന്ത്യയിലെ സ്റ്റീൽ നിർമാണത്തെ കുറിച്ച് ചോദിച്ചു എന്നാൽ തന്റെ കയ്യിൽ കണക്കുകളില്ലാത്തതിനാൽ മറുപടി പറയാൻ സാധിച്ചില്ലെന്നും പിന്നീട് ക്യൂബയ്ക്ക് പോയ സമയത്ത് പോക്കറ്റ് ഡയറിയിൽ സ്റ്റീൽ നിർമാണത്തിന്റെ കണക്കുകളും വിവരങ്ങളും എഴുതിക്കൊണ്ടുപോയത് തമാശയായി അദ്ദേഹം പറയും.

ഇന്ദിര ഗാന്ധിയെ ജെഎൻയു ചാൻസലർ സ്ഥാനത്തുനിന്ന് താഴെയിറക്കുമ്പോൾ യെച്ചൂരിക്ക് 25 വയസ്സാണ്. ഇന്ദിരാഗാന്ധിയെയും തന്നെയും ബന്ധപ്പെടുത്തിയും യെച്ചൂരിക്ക് പറയാനൊരു തമാശയുണ്ട്. ഇന്ദിര ഗാന്ധിയുടെ നെറ്റിക്ക് മുകളിലുള്ള മുടിയാണ് നരച്ചിരുന്നത്. എന്നാൽ ആ കാലത്ത് തന്റെ തലയ്ക്കു പുറകിലെ മുടിയാണ് നരച്ചതെന്ന് പറയുന്ന യെച്ചുരി താൻ ഇന്ദിരാഗാന്ധിയുടെ ആശയങ്ങൾക്കു വിപരീതമാണെന്ന് ആ ഉദാഹരണം വച്ചുകൊണ്ട് തന്നെ പറയുന്നു. ഈ കഥകളൊക്കെ സരസമായി പറയുമ്പോഴും രാജ്യത്ത് ഈ കാലത്തുള്ളതുപോലെ തൊഴിലില്ലായ്മ ഏതെങ്കിലും കാലത്തുണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിക്കും. രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ രാജ്യത്തിന്റെ അമാനവീകരണപ്രക്രിയ (Dehumanization of Nation)യുടെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പാർട്ടിയെ ഓടിക്കാൻ പഠിപ്പിച്ചത് ജ്യോതിബസു

യെച്ചൂരിയെ സംബന്ധിച്ച് എല്ലാ കാലത്തെയും ഏറ്റവും പ്രിയപ്പെട്ട കമ്യൂണിസ്റ്റ് ലെനിനാണ്. ഇന്നത്തെ സാഹചര്യങ്ങളിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ അവർ സമഗ്രാധിപതികളാണെന്ന് അദ്ദേഹം അംഗീകരിക്കുമ്പോഴും ആ കാലഘട്ടത്തിൽ വെച്ചാണ് അവരെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചരിത്രത്തെ നമ്മൾ ഓരോ സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നാണ് യെച്ചൂരിയുടെ പക്ഷം. യെച്ചൂരി തന്റെ രഷ്ട്രീയ ഗുരുവായി കാണുന്നത് ജ്യോതിബസുവിനെയാണ്. "എന്റെ അച്ഛൻ എന്നെ കാർ ഓടിക്കാൻ പഠിപ്പിച്ചു, പാർട്ടിയെ ഓടിക്കാൻ പഠിപ്പിച്ചത് ജ്യോതിബസുവാണ്," എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത് (My father taught me to drive a car Jyothibasu taught me to drive a party).

ജ്യോതിബസുവിനൊപ്പം സീതാറാം യെച്ചൂരി
ജ്യോതിബസുവിനൊപ്പം സീതാറാം യെച്ചൂരി

1996ൽ ആദ്യമായി ഒരു മാർക്സിസ്റ്റ് പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടായപ്പോൾ ആസ്ഥാനത്തേക്കുയർന്ന പേര് ജ്യോതി ബസുവിന്റേതായിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി വേണ്ടെന്നു വെച്ചു. വി പി സിങ്, ലാലുപ്രസാദ് യാദവ്, മുലായം സിങ് യാദവ്, ദേവെഗൗഡ, ചന്ദ്രശേഖർ, കരുണാനിധി എന്നിവർ ചേർന്നാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. 32 സീറ്റ് മാത്രമാണ് അന്ന് സിപിഎമ്മിന് ലോക്സഭയിലുണ്ടായിരുന്നത്. ഭൂരിപക്ഷം സീറ്റുകളില്ലാതെ ഭരണത്തിൽ വന്നാൽ സഖ്യകക്ഷികളുടെ താല്പര്യത്തിനനുസരിച്ച് ഭരണം നടത്തേണ്ടിവരുമെന്നതാണ് ഈ വാഗ്ദാനം തള്ളിക്കളയാൻ കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ കാരണം. താല്പര്യമില്ലാത്ത നയങ്ങൾ തങ്ങൾ നടപ്പിലാക്കേണ്ടിവരും എന്നതായിരുന്നു പാർട്ടിക്ക് മുന്നിലെ ആശങ്ക.

മകന്റെ വേർപാടിൽനിന്ന് കരകയറാനാകാതിരുന്ന യെച്ചൂരി

രാഷ്ട്രീയത്തിൽനിന്ന് റിട്ടയർമെന്റ് ആഗ്രഹിക്കാത്ത നേതാവാണ് യെച്ചൂരി. റിട്ടയർ ചെയ്തിട്ട് താൻ എന്തുചെയ്യുമെന്ന ചോദ്യമാണ് അതിനുള്ള വിശദീകരണം. ജീവിതം അടിമുടി പാർട്ടിക്കായി മാറ്റിവച്ച യെച്ചൂരി ആകെ തകർന്നുപോയത് മകൻ ആശിഷ് യെച്ചൂരിയുടെ മരണത്തെത്തുടർന്നാണ്. മാധ്യമപ്രവർത്തകനായിരുന്ന ആശിഷ് രാജ്യത്തെ പ്രധാനപ്പെട്ട ന്യൂസ് റൂമുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, പൂനെ മിറർ എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചതിനു ശേഷം അദ്ദേഹം സമാന്തര ഡിജിറ്റൽ മാധ്യമമായ ന്യൂസ് ലോണ്ടറിയിൽ പ്രവർത്തിച്ചു. മകനൊപ്പമുള്ള പ്രിയപ്പെട്ട ഓർമകൾ ഉൾചേർന്ന ഫോട്ടോകൾ ചേർത്ത് സ്വന്തം ഓഫീസിൽ യെച്ചൂരി ഒരു കലണ്ടർ തന്നെ ഡിസൈൻ ചെയ്തുവച്ചിരിക്കുന്നു.

സീതാറാം യെച്ചൂരി മകൻ ആശിഷ് യെച്ചൂരിക്കൊപ്പം
സീതാറാം യെച്ചൂരി മകൻ ആശിഷ് യെച്ചൂരിക്കൊപ്പം

മുൻനിര ഡിജിറ്റൽ മാധ്യമമായ ദി വയറിന്റെ എഡിറ്റർ സീമ ചിഷ്തിയാണ് സീതാറാം യെച്ചൂരിയുടെ ഭാര്യ. വയറിൽ വരുന്നതിനുമുമ്പ് ഇന്ത്യൻ എക്സ്പ്രസിൽ റസിഡന്റ് എഡിറ്ററായിരുന്നു. സീമയെ വിവാഹം ചെയ്യുന്നതിനു മുൻപ് അദ്ദേഹം ഇന്ദ്രാണി മജുംദാറിനെ വിവാഹം ചെയ്തിരുന്നു. അഖില യെച്ചൂരിയാണ് മറ്റൊരു മകൾ.

logo
The Fourth
www.thefourthnews.in