'ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ'; വ്യവസ്ഥിതിയാല്‍ നിസഹായനാക്കപ്പെട്ട ഒരു മനുഷ്യന്റെ ബൗദ്ധിക ജീവിതം
ജാതി വ്യവസ്ഥയുടെ ക്രൂരതകള്‍ അനുഭവിച്ചും നേരിട്ടുമായിരുന്നു, ഇന്ന് അന്തരിച്ച ഡോ. എം കുഞ്ഞാമന്റെ ജീവിതം. ഇതിനോടൊക്കെ പടവെട്ടിയാണ് ഉന്നത വിദ്യാഭ്യാസം നേടിയതും രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായി വളര്‍ന്നതും.
ഇരുട്ടു നിറഞ്ഞതായിരുന്നു തന്റെ ബാല്യകാലമെന്ന് കുഞ്ഞാമന്‍ സാര്‍ പറയുന്നുണ്ട് തന്റെ ജീവിതകഥയില്‍. എച്ചിലെടുത്തും, തിന്നും ജീവിക്കാന്‍ വിധിക്കപ്പെട്ട അയ്യപ്പന്റെയും ചെറോണയുടെയും മകന്‍. 'വയറുകാളാന്‍ തുടങ്ങുമ്പോള്‍ ജന്മിമാരുടെ വീട്ടിലേക്ക് പോകും. അവിടെ കഞ്ഞി പാത്രത്തില്‍ തരില്ല. മുറ്റത്തുപോലുമല്ല, തൊടിയില്‍ മണ്ണുകുഴിച്ച് , ഇലയിട്ട് ഒഴിച്ചു തരും''
ജാതിയും ജാതി നിര്‍ദ്ദേശിച്ച തൊഴിലുമെങ്ങനെയൊക്കെയാണ് തന്റെ ജീവിതത്തില്‍ അപകര്‍ഷത നിറച്ചതെന്നും കുഞ്ഞാമന്‍ സാര്‍ പറയുന്നുണ്ട്. കൂടെ പഠിക്കുന്ന കുട്ടികളുടെ വീട്ടില്‍ സദ്യയുള്ള അവസരങ്ങളില്‍ ഇലയെടുക്കാന്‍ പോകും. വൃത്തിയാക്കാനല്ല, എച്ചില്‍ കഴിക്കാന്‍. എച്ചിലിനായി മല്‍സരിക്കുന്നതും കഴിക്കുന്നതും അപകര്‍ഷത ഉണ്ടാക്കിയിരുന്നുവെങ്കിലും ഏത് അപകര്‍ഷതയെയും വെല്ലുന്നതായിരുന്നു വിശപ്പെന്നാണ് അദ്ദേഹം പറഞ്ഞത്; ''ആത്മാഭിമാനമല്ല, എന്തിനെയും ആ വേവല്‍ വെണ്ണീറാക്കുമായിരുന്നു''.
സ്‌കൂളിനെ ഓര്‍ക്കുമ്പോള്‍ തന്റെ മനസ്സില്‍ വരുന്നത് അധ്യാപകരും വിദ്യാര്‍ത്ഥികളുമല്ല, അവിടെ ഉപ്പുമാവുണ്ടാക്കിയ ലക്ഷ്മിയേടത്തിയാണെന്ന് പറഞ്ഞിട്ടുണ്ട് കുഞ്ഞാമന്‍. എന്നാല്‍ അതേ വ്യക്തി തന്നെ വൈകാതെ തിരിച്ചറിഞ്ഞു പഠനമാണ് തന്നെ മുന്നോട്ടുകൊണ്ടുപോകുക എന്ന്. കീഴ് ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് വിളിക്കുന്ന അധ്യാപകന്മാരുണ്ടായിരുന്ന കാലമായിരുന്നു അത്. അങ്ങനെ ഒരു അധ്യാപകന്‍ 'പാണന്‍' എന്നായിരുന്നു മൂന്നാം ക്ലാസുകാരനെ അധിക്ഷേപിച്ച് വിളിച്ചത്. ഒരു ദിവസം കുഞ്ഞാമന്‍ പറഞ്ഞു. 'സര്‍ എന്നെ ജാതിപേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കണം'.പാണന്റെ ഈ ആത്മാഭിമാനത്തിന് മര്‍ദ്ദനമായിരുന്നു ഫലം. അന്ന് ആ അധ്യാപകന്‍ മര്‍ദ്ദിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് കുഞ്ഞാമന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. പഠനവും വായനയും അവിടെനിന്നാണ് തുടങ്ങിയത്. പക്ഷെ ആ യാത്ര സുഖകരമായിരുന്നില്ല. കെ ആര്‍ നാരയണന് ശേഷം എംഎയ്ക്ക് റാങ്ക് നേടിയ ദലിത് വിദ്യാര്‍ത്ഥിയായിരുന്നു എം കുഞ്ഞാമന്‍. പക്ഷെ ദാരിദ്ര്യത്തിനും ഒറ്റപെടലിനുമിടയില്‍ റാങ്ക് കുഞ്ഞാമനെ ഒട്ടും സന്തോഷിപ്പിച്ചിരുന്നില്ല.
ജാതിയും സാമ്പത്തിക വ്യവസ്ഥയും നല്‍കുന്ന പ്രിവിലേജുകളെ ചൂണ്ടികാണിച്ച് കുഞ്ഞാമന്‍, വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. കെ എന്‍ രാജിനോട് ഒരിക്കല്‍ പറഞ്ഞു. ' താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പോലും പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഒരു നൊബേല്‍ സമ്മാന ജേതാവായേനെ. ആ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്'
സിഡിഎസില്‍ പ്രവേശനത്തിനായുള്ള അഭിമുഖത്തില്‍ ഗവേഷണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ കഴിയാതെ പോയതിനെക്കുറിച്ച് കുഞ്ഞാമന്‍ ഓര്‍ത്തെടുക്കുന്നുണ്ട് തന്റെ ജീവിത കഥയില്‍. ഗവേഷണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ അറിയില്ലെങ്കില്‍ പിന്നെ എന്തിന് വന്നുവെന്നായി ഇന്റര്‍വ്യ ബോര്‍ഡിന്റ ചോദ്യം. അതിന് കുഞ്ഞാമന്റെ ഉത്തരം ഇങ്ങനെയായിരുന്നു ''അടിമുടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍, മുഴവന്‍ വ്യവസ്ഥിതിയും മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനകത്തെ ഒരു ഉപവ്യവസ്ഥിതി ഒരു തരത്തിലുമുള്ള മാറ്റമില്ലാതെ നില്‍ക്കുന്നു. അവരുടെ കാര്യത്തില്‍ സാമ്പത്തികമോ സാമൂഹ്യമോ സാംസ്‌ക്കാരികമോ ആയ ഒരു മാറ്റവും സംഭവിക്കുന്നില്ല. അത് അതിശയമാണ്. അത് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്''.
ജാതിയും സാമ്പത്തിക വ്യവസ്ഥയും നല്‍കുന്ന പ്രിവിലേജുകളെ ചൂണ്ടികാണിച്ച് കുഞ്ഞാമന്‍ , വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. കെ എന്‍ രാജിനോട് ഒരിക്കല്‍ പറഞ്ഞു. ' താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പോലും പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഒരു നൊബേല്‍ സമ്മാന ജേതാവായേനെ. ആ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്'.
മാര്‍ക്‌സിസത്തെ ഗൗരവത്തിലെടുക്കുമ്പോഴും അതിലെ ചില കല്‍പനകളില്‍ അദ്ദേഹം സന്ദേഹിയായിട്ടുണ്ട്. പലപ്പോഴും. വര്‍ഗേതര സമരങ്ങള്‍ക്ക് മാര്‍ക്‌സ് പ്രാധാന്യം കല്‍പിച്ചില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. അമേരിക്കയിലെ അടിമ സമ്പദ്രായത്തെക്കുറിച്ച് പറഞ്ഞ മാര്‍ക്‌സ് പിന്നീട് വര്‍ഗേതരമായ സമരങ്ങളെ പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. റോസാലക്‌സംബര്‍ഗിനെയും ഗ്രാംഷിയേയും ഒഴികെയുള്ള മാര്‍ക്‌സിസ്റ്റുകളെക്കുറിച്ച് പൊതുവില്‍ അദ്ദേഹം ഇങ്ങനെ തന്നെ വിലയിരുത്തുന്നു. വര്‍ഗ പ്രശ്‌നത്തിലപ്പുറം മേലാള മേല്‍ക്കോയ്‌മയാണ് മുഖ്യപ്രശ്‌നമായി കുഞ്ഞാമന്‍ കാണുന്നത്. മേലാളരുടെ അധീശത്വം എന്ന അനുസ്യൂതയെ ചെറുക്കാന്‍ കീഴാള പ്രതിരോധമാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു.
' വെളളം കോരുന്നവനും വിറക് വെട്ടുന്നവനുമല്ല ചരിത്രം സൃഷ്ടിച്ചത്. വെള്ളം കോരിച്ചവനും വിറക് വെട്ടിച്ചവനുമാണ്... അയ്യങ്കാളിയെപോലൊരാള്‍ക്ക് തന്റെ ധീഷണാവൈഭവം ചരിത്രത്തെക്കൊണ്ട് വിപുലമായി അംഗീകരിപ്പിക്കാന്‍ കഴിയാതിരുന്നത് പാണ്ഡിത്യത്തിന്റെ അഭാവം മൂലമായിരുന്നു. അംബേദ്കര്‍ക്ക് അത് സാധിച്ചത് അദ്ദേഹം ആര്‍ജിച്ച ആധുനിക വിദ്യാഭ്യാസം മൂലമാണ്''.
കേരളത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാവണം അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. ' വെളളം കോരുന്നവനും വിറക് വെട്ടുന്നവനുമല്ല ചരിത്രം സൃഷ്ടിച്ചത്. വെള്ളം കോരിച്ചവനും വിറക് വെട്ടിച്ചവനുമാണ്... അയ്യങ്കാളിയെപോലൊരാള്‍ക്ക് തന്റെ ധീഷണാവൈഭവം ചരിത്രത്തെക്കൊണ്ട് വിപുലമായി അംഗീകരിപ്പിക്കാന്‍ കഴിയാതിരുന്നത് പാണ്ഡിത്യത്തിന്റെ അഭാവം മൂലമായിരുന്നു. അംബേദ്കര്‍ക്ക് അത് സാധിച്ചത് അദ്ദേഹം ആര്‍ജിച്ച ആധുനിക വിദ്യാഭ്യാസം മൂലമാണ്''.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും, മാര്‍ക്‌സിസത്തെക്കുറിച്ചുമെല്ലാം, വ്യത്യസ്തവും, മറ്റ് പല ദളിത് പണ്ഡിതരില്‍നിന്നും വ്യത്യസതമായ സമീപനമായിരുന്നു കുഞ്ഞാമന്. ഇ എം എസിനെക്കുറിച്ച് ആദരവോടെ പറയുമ്പോഴും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് തീര്‍ത്തും ഭിന്നമായ അഭിപ്രായമായിരുന്നു കുഞ്ഞാമന്. ഇന്ത്യയില്‍ നക്‌സല്‍ബാരി വന്നതിന് ശേഷമാണ് മാര്‍ക്‌സിസത്തെ വിശകലനാത്മക രീതിയില്‍ നോക്കി കാണാന്‍ നോക്കികാണാന്‍ തുടങ്ങിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മാര്‍ക്‌സ് വ്യാഖ്യാനിച്ചതല്ല, ഇവിടെ ഇ എം എസ് അവതരിപ്പിച്ചത്. അദ്ദേഹം ഒരു മൗലിക ചിന്തകനായിരുന്നില്ല. ഇഎംഎസിന് ചരിത്രത്തില്‍ നല്‍കാന്‍ കഴിയുന്നത് ഒരു പരിഭാഷകന്റെ സ്ഥാനം മാത്രമാണെന്നായിരുന്നു കുഞ്ഞാമന്‍ സാറിന്റെ പക്ഷം. തന്റെ ജീവിത കഥയില്‍ മറ്റൊരു സാഹചര്യത്തില്‍ പറയുന്നത് പോലെ വ്യവസ്ഥിതിയാല്‍ നിസ്സാഹയനാക്കപ്പെട്ട ഒരാളായി മാറിയിട്ടുണ്ടാകാം എം കുഞ്ഞാമന്‍. അപ്പോഴും പരാജയങ്ങള്‍ ലോകത്തിന് യഥാര്‍ത്ഥ പാഠങ്ങള്‍ നല്‍കുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്.