കൊലപാതകങ്ങള്‍, ജയില്‍ചാട്ടം; ചാള്‍സ് ശോഭരാജ്, യൂറോപ്പിനെയും ഏഷ്യയെയും വിറപ്പിച്ച 'ബിക്കിനി കില്ലര്‍'
ചാള്‍സ് ശോഭരാജ്, കുപ്രസിദ്ധ സീരിയല്‍ കില്ലറുടെ പേര് വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിനെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ മോചിതനാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നേപ്പാള്‍ സുപ്രീംകോടതി. ഇനിയും ജയിലില്‍ പാര്‍പ്പിക്കുന്നത് തടവുകാരന്റെ മനുഷ്യാവകാശം ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയാണ് ജയില്‍ മോചനത്തിന് കോടതി ഉത്തരവിട്ടത്.
ചാള്‍സ് ശോഭരാജിന്റെ പിന്നീടുള്ള ജീവിതം നേപ്പാളിലെ കാഠ്മണ്ഡു ജയിലിലായിരുന്നു
ഇരട്ടക്കൊല, നീണ്ട ജയില്‍വാസം
നിരവധി കൊലപാതകങ്ങള്‍, ജയില്‍ചാട്ടം വാര്‍ത്തകളില്‍ ശോഭരാജ് ഇടം പിടിച്ചത് ഇങ്ങനെയെല്ലാമാണ്. എന്നാല്‍ ചാള്‍സ് ശോഭരാജിനെ നീണ്ട 19 വര്‍ഷത്തോളം ജയിലിലാക്കിയത് ഒരു ഇരട്ടക്കൊലപാതകമാണ്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2003 ല്‍ അറസ്റ്റിലായ ചാള്‍സ് ശോഭരാജിന്റെ പിന്നീടുള്ള ജീവിതം നേപ്പാളിലെ കാഠ്മണ്ഡു ജയിലിലായിരുന്നു.
1975 ല്‍ യുഎസ് പൗരന്‍മാരായ കോണി ജോ ബ്രോണ്‍സിച്ച്, സുഹൃത്ത് ലോറന്റ് കാരിയര്‍ എന്നിവരെ നേപ്പാളില്‍ വെച്ച് കോലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായ ചാള്‍സ് ശോഭരാജിനെ നേപ്പാളിലെ ഒരു കാസിനോയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് 20 വര്‍ഷം തടവ്ശിക്ഷയും വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് ഒരു കൊല്ലവും ചേര്‍ത്ത് 21 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി ചാള്‍സിന് നല്‍കിയത്.
ചാള്‍സ് ശോഭരാജ് 'ബിക്കിനി കില്ലര്‍' ആയതെങ്ങനെ ?
1972- 1976 നുമിടയില്‍ രണ്ട് ഡസനോളം കൊലപാതകങ്ങള്‍ നടത്തിയ ചാള്‍സ് ശോഭരാജ് 70 കളിലാണ് യൂറോപ്പിനും ദക്ഷിണേഷ്യയ്ക്കും പേടിപ്പെടുത്തുന്ന പേരായി മാറിയത്. ഇക്കാലത്ത് തായ്‌ലന്റ് സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ ഒരു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബിക്കിനി ധരിച്ച് പട്ടായ ബീച്ചിലെത്തിയ 6 വിദേശ വനിതകളെ കൊലപ്പെടുത്തിയ കേസിലായിരുന്നു വാറന്റ്. സമാനമായ കേസുകളില്‍ ഇയാള്‍ നേരത്തെയും ഇന്ത്യയിലെ പല ജയിലുകളിലും തടവില്‍ കഴിഞ്ഞിരുന്നു. ബിക്കിനി കില്ലര്‍, സപ്ലിറ്റിങ് കില്ലര്‍, സെര്‍പന്റ് കില്ലര്‍ എന്നീ അപര നാമങ്ങളും ചാള്‍സ് ശോഭരാജിനുണ്ടായിരുന്നു.
സൗഹൃദം സ്ഥാപിച്ച് ആദ്യം വിശ്വാസം നേടടിയെടുക്കും, പിന്നീട് കൊല
ആദ്യം സൗഹൃദം, പിന്നെ കൊലപാതകം
ഒരാളെ കൊല്ലാന്‍ ചാള്‍സ് ശോഭരാജ് തീരുമാനിച്ചാല്‍ അയാളുമായി സൗഹൃദം സ്ഥാപിച്ച് ആദ്യം വിശ്വാസം നേടടിയെടുക്കും. പിന്നീട് അയാളെ വകവരുത്തി പണവും പാസ്സ്‌പോര്‍ട്ടും കൈക്കലാക്കും. ആ പാസ്‌പോര്‍ട്ടുമായാകും പിന്നീട് ചാള്‍സ് ശോഭരാജിന്റെ യാത്ര.
മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട ചാള്‍സ് ലോകം ഭയക്കുന്ന കൊലപാതകിയായി
തുടക്കം മോഷണത്തിലൂടെ
ചാള്‍സ് എന്ന സീരിയല്‍ കില്ലറിന്റെ കുറ്റകൃത്യത്തിലേക്കുള്ള കടന്നുവരവ് സ്‌കൂള്‍ ജീവിതത്തിന് ശേഷമായിരുന്നു. 1960 ല്‍ പല തവണ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട ചാള്‍സ് ലോകം ഭയക്കുന്ന കൊലപാതകിയായി പിന്നീട് മാറുകയായിരുന്നു. 1976 ല്‍ ആദ്യമായി പോലീസ് പിടിയിലായി ജയിലിലായി.ജയില്‍ ചാടി. പല രാജ്യങ്ങള്‍ സഞ്ചരിച്ച് പല ഭാഷകള്‍ പഠിച്ചു.
ജയിലിലായപ്പോള്‍ മുതല്‍ പല തരത്തിലുള്ള രോഗങ്ങള്‍ അഭിനയിച്ച് ചാള്‍സ് ആശുപത്രിയിലാകും. പിന്നീട് ജയില്‍ച്ചാടും
ജയില്‍ ചാട്ടം പതിവാക്കിയ ചാള്‍സ് ശോഭരാജ്
ലോകമെങ്ങും പല രാജ്യങ്ങളില്‍ നിന്നുള്ള പോലീസുകാര്‍ ചാള്‍സ് ശോഭരാജിനായി വല വിരിക്കുമെങ്കിലും വിദഗ്ധമായി അയാള്‍ മുങ്ങും. ജയിലിലായപ്പോള്‍ മുതല്‍ പല തരത്തിലുള്ള രോഗങ്ങള്‍ അഭിനയിച്ച് ചാള്‍സ് ആശുപത്രിയിലാകും. പിന്നീട് അവിടുന്ന് ജയില്‍ച്ചാടും. രത്‌നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായുമൊക്കെ വേഷം മാറിയായിരിക്കും പിന്നീടുള്ള ജീവിതം.
1986 ല്‍ ഒരു കേസില്‍ ജയിലില്‍ കഴിഞ്ഞ ചാള്‍സ് ശോഭരാജ് സമര്‍ത്ഥമായി രക്ഷപെട്ടു. ഒരു മാസത്തിന് ശേഷം വീണ്ടും ജയിലിലായി. 1997 വരെ തിഹാര്‍ ജയിലില്‍ കഴിഞ്ഞു. വീണ്ടും ജയില്‍ ചാടി പാരീസിലേക്ക് പറന്നു. പാരീസിലെ ജയിലില്‍ വെച്ച് പരിചയപ്പെട്ട കുറ്റവാളിയായ ഫിലിക്‌സുമായുള്ള ചങ്ങാത്തം സമൂഹത്തിന്റെ ഉന്നതര്‍ക്കിടയിലേക്ക് കടന്നു ചെല്ലാന്‍ ചാള്‍സ് ശോഭരാജ് ഉപയോഗിച്ചു.
കുടുംബം
ഇന്ത്യക്കാരനായ അച്ഛന്റെയും വിയറ്റ്‌നാംകാരിയായ അമ്മയുടെയും മകനായി 1944 ലാണ് ചാള്‍സ് ശോഭരാജ് ജനിച്ചത്. അമ്മ പിന്നീട് ഒരു ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചതോടെ ജീവിതം പാരീസിലേക്ക് പറിച്ച് നടപ്പെട്ടു.
കൊടുംകുറ്റവാളിയായിരുന്നിട്ടും ലോകമെമ്പാടും ചാള്‍സ് ശോഭരാജിന് ഒരു സെലിബ്രിറ്റി പരിവേഷമായിരുന്നു ലഭിച്ചത്. തന്റെ കുപ്രസിദ്ധി ചാള്‍സ് ആസ്വദിക്കുകയും ചെയ്തിരുന്നു. നാല് ജീവചരിത്രങ്ങള്‍, മൂന്ന് ഡോക്യുമെന്ററികള്‍, സിനിമ, ഡ്രാമ സീരീസ് എന്നിവയ്ക്ക് ചാള്‍സ് ശോഭരാജിന്റെ ജീവിത കഥ അടിസ്ഥാനമായി.