തീവ്രവലതുപക്ഷത്തിൻ്റെ കൈയിൽനിന്ന് ബ്രസീലിനെ വീണ്ടെടുക്കാൻ ലുല
ബ്രസീലില്‍ വീണ്ടും ഇടതുപക്ഷം അധികാരമേറുകയാണ്. നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ബോള്‍സനാരോയെ പരാജയപ്പെടുത്തിയാണ് 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലുല ഡ സില്‍വ അധികാരത്തിലെത്തുന്നത്. മൂന്നാം തവണയാണ് 77 കാരനായ ലുല ഡ സില്‍വ ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. ലുല 50.8 ശതമാനം വോട്ട് നേടിപ്പോള്‍ ബോള്‍സനാരോക്ക് 49.1 ശതമാനം വോട്ടാണ് നേടാന്‍ കഴിഞ്ഞത്.
ബ്രസീലിയന്‍ ജനതയെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച ഇടതുനേതാവായിരുന്നു ലുല ഡ സില്‍വ. 2003 മുതല്‍ 2010 വരെ പ്രസിഡന്റ് പദവിയിലിരിക്കെ ലുല നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ ബ്രസീല്‍ എന്ന രാജ്യം വികസന പാതയിലേക്ക് കുതിച്ചു. 2018ല്‍ വീണ്ടും പ്രസിഡന്റാകാമെന്ന ഘട്ടത്തിലാണ് ലുലയെ കള്ളക്കേസില്‍ കുടുക്കുന്നതും ജയിലിലാക്കുന്നതും.
പിന്നീട് അധികാരത്തിലെത്തിയ വലതുപക്ഷ നേതാവ് ബോള്‍സനാരോയുടെ ഭരണത്തില്‍ രാജ്യം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയും അരക്ഷിതാവസ്ഥയുമാണ്. ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന ലുല ഡ സില്‍വ ബ്രസീലിയന്‍ ജനതയ്ക്ക് നല്‍കുന്ന പ്രതീക്ഷ വാനോളമാണ്.
ലുലയുടെ ഭരണവും ബ്രസീലിന്റെ വളര്‍ച്ചയും
ബ്രസീലിന്റെ സുവര്‍ണകാലഘട്ടം ലുല ഡ സില്‍വയുടെ ഭരണകാലത്താണെന്ന് വിശ്വസിക്കുന്ന ഒരു ജനതയാണ് രാജ്യത്തെ ഭൂരിഭാഗവും. സൈനിക ഏകാധിപത്യത്തില്‍ അരക്ഷിതാവസ്ഥയിലായിരുന്ന ബ്രസീലിന് മോചനം ലഭിക്കുന്നത് 1988ലായിരുന്നു. പുതുജീവന്‍ ലഭിച്ച ബ്രസീലിനെ നയിക്കാന്‍ 2003ലാണ് പ്രസിഡന്റായി ലുല ഡ സില്‍വ എത്തുന്നത്.
2010 വരെ തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച ലുല രാജ്യത്തെ ദശലക്ഷ കണക്കിന് വരുന്ന ആളുകളുടെ പട്ടിണിക്ക് അറുതി വരുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം കൊണ്ടുവന്നു. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. ബ്രസീലിനെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനത്തെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രസിഡന്റായിരിക്കെ ലുല നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് ബ്രസീലിന്റെ സാമ്പത്തികവളര്‍ച്ച ഉറപ്പാക്കിയത്.
രാഷ്ട്രീയപ്രവേശനം, പാര്‍ട്ടി രൂപീകരണം
1969ല്‍ ഭാര്യ മാരിയ ടെലോറസ് ഹെപ്പറ്റെറ്റിറ്റിസ് മൂലം മരണപ്പെട്ടതിന് ശേഷമാണ് ലുല ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തില്‍ ചേരുന്നത്. തൊഴിലാളികളുടെ ദുരിതജീവിതം നേരില്‍ക്കണ്ട ലുലയുടെ പോരാട്ടം പിന്നീട് തൊഴിലാളി വര്‍ഗത്തിന് വേണ്ടിയായിരുന്നു. 1970ല്‍ ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് രാജ്യത്തെ തൊഴിലാളി വര്‍ഗം നടത്തിയ സമരത്തിലെ ജനപ്രിയ മുഖമായിരുന്നു ലുല. പിന്നീട് 1975ല്‍ മെറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ലുല 1980ല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് രൂപം നല്‍കുകയും ചെയ്തു. 'എത്തിക്കല്‍ ഗവേണന്‍സ്' ആയിരുന്നു പ്രധാന മുദ്രാവാക്യം.
കള്ളക്കേസും ജയില്‍വാസവും
53 ശതമാനം ജനങ്ങളുടെ പിന്തുണയോടെ 2018ല്‍ വീണ്ടും പ്രസിഡന്റാകുന്ന ഘട്ടത്തിലാണ് ലുല കള്ളക്കേസില്‍ കുടുങ്ങുന്നത്. സാവോ പോളോ നഗരത്തിലെ കാര്‍ വാഷ് കമ്പനിയില്‍ നിന്ന് ഒരു അപ്പാര്‍ട്ട്‌മെന്റ് കൈക്കൂലിയായി നേടിയെന്നായിരുന്നു ലുലയ്‌ക്കെതിരായ കുറ്റം. തെളിവുകളേതുമില്ലാതെ ലുലയ്‌ക്കെതിരെ കേസെടുക്കുകയും ഒമ്പതു വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ജഡ്ജി സെര്‍ജിയോ മോറോ ആയിരുന്നു ജയില്‍ശിക്ഷ വിധിച്ചത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ബോള്‍സനാരോ പിന്നീട് ഈ ജഡ്ജിയെ നീതിന്യായ മന്ത്രിയാക്കുകയും ചെയ്തു. ജയില്‍ ശിക്ഷ വിധിച്ചതിനുള്ള പാരിതോഷികമായാണ് സെര്‍ജിയോ മോറോയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയതെന്ന ആക്ഷേപം ശക്തമായിരുന്നു.
എന്നാല്‍ അപ്പീല്‍ സാധ്യതകളെല്ലാം അവസാനിച്ചാല്‍ മാത്രമേ ഒരു വ്യക്തിയെ തടവിലിടാവൂവെന്ന സുപ്രീംകോടതി നിരീക്ഷണത്തെത്തുടര്‍ന്ന് 580 ജയില്‍വാസം അവസാനിപ്പിച്ച് 2019 ലുല പുറത്തിറങ്ങി. 'ലുലയെ സ്വതന്ത്രമാക്കൂ' എന്ന മുദ്രാവാക്യവുമായി ആര്‍ത്തലച്ചെത്തിയ ജനസാഗരമാണ് ലുലയെ ജയിലിന് പുറത്ത് വരവേറ്റത്.
പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത് ലുല പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഭരണകൂടം ഒരു വ്യക്തിയെയല്ല, ഒരു ആശയത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ബ്രസീലിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുകയല്ല മോശമാവുകയാണ് ചെയ്തത്. പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിച്ചു' . 19 മാസം ലുലയെ അന്യായമായി ജയിലിലിട്ടെന്ന് ബ്രസീലിയന്‍ ജനതയ്ക്കിടയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്.
1945ല്‍ ബ്രസീലിലെ പേനാംബുക്കോയില്‍ കര്‍ഷകരായ മാതാപിതാക്കളുടെ മകനായാണ് ജനനം. കപ്പലണ്ടി വിറ്റും ഷൂ പോളിഷ് ചെയ്തുമായിരുന്നു കുട്ടിക്കാലം ചെലവഴിച്ചത്. പതിനാലാമത്തെ വയസ്സില്‍ മെറ്റല്‍ വര്‍ക്കറായിട്ടായിരുന്നു ലുലെയുടെ ആദ്യത്തെ ജോലി.