എം എൻ സത്യാർത്ഥി- സാഹസിക വിപ്ലവകാരിയായ വിവർത്തകൻ
1987 ഡിസംമ്പര്‍. ദേശാഭിമാനിയില്‍ ട്രെയിനിയായി ചേര്‍ന്ന് ഏതാനും ദിവസമായിക്കാണും. ക്ലാസുകളെല്ലാം കഴിഞ്ഞ സാഹചര്യത്തില്‍ ഓരോ ട്രെയിനിയും പ്രൂഫില്‍ ഊഴമിട്ട് ഇരിക്കണം. ഒന്നാംനിലയില്‍ എഡിറ്റോറിയല്‍ ഹാളിനോട് ചേര്‍ന്ന് ഒരു കുടുസ്സുമുറിയാണ് പ്രൂഫ് റീഡിങ്ങ് റൂം. താഴെയാണ് ലെറ്റര്‍ കമ്പോസിങ്ങ് വിഭാഗം. അന്ന് ഡി.ടി.പി. കേരളത്തില്‍ എത്തിയിട്ടില്ല. എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ഭാഗംതന്നെയാണെങ്കിലും പ്രൂഫ് വിഭാഗം പൊതുവേ അവഗണിക്കപ്പെടുന്നതായാണ് ആ വിഭാഗത്തില്‍പ്പെട്ടവരുടെ തോന്നല്‍. ദേശാഭിമാനിയില്‍ അന്ന് പ്രൂഫ് വിഭാഗത്തില്‍ ഉണ്ടായിരുന്നത് എ ബാലകൃഷ്ണനും പി വിജയനുമാണ്. പിന്നെ ആയിടെ മാത്രം പാലക്കാട്ടുനിന്ന് എത്തിയ മണിയേട്ടന്‍ എന്ന ടി എം മണി. യു സി ബാലകൃഷ്ണനും പ്രൂഫ് വിഭാഗത്തിലാണെങ്കിലും ഡസ്‌കിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ട്രെയിനികളാണ് പ്രൂഫിലെ ആള്‍ക്ഷാമം പരിഹരിച്ചുകൊണ്ടിരുന്നത്. ഡസ്‌കില്‍ ന്യൂസ് എഡിറ്ററും മറ്റുമുള്ളതിനാല്‍ ഒച്ചയും ബഹളവും തുറന്ന ചര്‍ച്ചയും പലപ്പോഴും അസാധ്യം. അതിനാല്‍ പ്രൂഫ് വിഭാഗമാണ് എല്ലാവരുടെയും അഭയകേന്ദ്രം.
മത്സരിച്ച് പുകവലിയാണ് അക്കാലത്തെ പത്രമോഫീസുകളിലെ ഒരു രീതി. പ്രൂഫ് വിഭാഗത്തില്‍ ചീഫായ എ ബാലകൃഷ്ണന്‍ സിസറും യു സി വില്‍സും പുകച്ചുകൊണ്ടേയിരിക്കും. ടി എം മണി ഒന്നില്‍നിന്ന് ഒന്നൊന്നായി ദിനേശ് വലിച്ചൂതുന്നുണ്ടാവും. ട്രെയിനികളും ഇടക്കിടെ ബീഡിയും സിഗരറ്റും മാറിമാറി വലിച്ചൂതുന്നതിന് പ്രൂഫിന്റെ ഭാഗത്തേക്ക് പോകും. പ്രായത്തിന്റെയോ തസ്തികയുടെയോ വലുപ്പച്ചെറുപ്പമില്ലാതെ പുകവലി. പുകച്ചുരുളുകള്‍ക്കിടയിലിരുന്ന് ഒരുനാള്‍ പ്രൂഫ് നോക്കിക്കൊണ്ടിരിക്കെയാണ് വെള്ള മല്‍മുണ്ടും വെള്ളക്കുപ്പായവും ധരിച്ച്, കുടയുമേന്തി ഒരാള്‍ അങ്ങോട്ട് കടന്നുവന്നത്. അവിടെ ഒഴിഞ്ഞുകിടപ്പുണ്ടായിരുന്ന ഒരു കസേരയില്‍ അദ്ദേഹം ഇരുന്ന്. ആ മുഖത്ത് സദാ ഒരു ചെറുചിരി കളിയാടുന്നുണ്ട്. ആരാണ് ആഗതന്‍ എന്ന സന്ദേഹിക്കെ എ ബാലകൃഷ്ണന്‍ പറഞ്ഞു, ''ബാലകൃഷ്ണന് എം എന്‍ സത്യാര്‍ഥിയെ അറിയുമോ?'' സത്യര്‍ഥിയെ ആര്‍ക്കാണറിയാത്തത് എന്നായി ഞാന്‍... എന്നാല്‍ ഇതാ നിങ്ങളുടെ മുമ്പിലിരിക്കുന്നത് സത്യാര്‍ഥി മാഷാണ്. പെട്ടെന്ന് ഇരിപ്പിടത്തില്‍നിന്ന് അറിയാതെയെന്നോണം എഴുന്നേറ്റുനിന്നുപോയി... ആലങ്കാരികമായി പറഞ്ഞാല്‍ തുളളിച്ചാടല്‍തന്നെ.
ബിമല്‍ മിത്രയുടെ 'വിലയ്ക്കുവാങ്ങാം', സാവിത്രി റോയിയുടെ 'നെല്ലിന്റെ ഗീതം', 'തുരുത്ത്' എന്നിവ മനസ്സില്‍ ഉയര്‍ന്നുപൊങ്ങി... നെല്ലിന്റെ ഗീതത്തിലെ പാര്‍ഥന്‍, തുരുത്തിലെ ഈശു....രാത്രി വൈകുവോളം പായില്‍ കമിഴ്ന്ന് കിടന്ന് ചിമ്മിനിക്കൂടിന്റെ അരണ്ട വെളിച്ചത്തില്‍ ലഹരിപിടിച്ച് വായിച്ച നോവലുകള്‍... വിപ്ലവകാരികളായ പാര്‍ഥന്റെയും ഈശുവിന്റെയും പ്രണയത്തിന്റെ ചൂട്... പ്രണയം എത്രമഹത്തരമാണെന്നനുഭവപ്പെട്ട വരികള്‍... ഈയിടെ കണ്ണൂരില്‍ ജവാഹര്‍ പബ്ലിക് ലൈബ്രറി നടത്തിയ ദ്വിദിന സാഹിത്യസമ്മേളനത്തില്‍ ബി.ജെ.പി.നതാവ് കൂടിയായ മികച്ച വായനക്കാരന്‍ സി കെ പത്മനാഭന്‍ ആനുഷംഗികമായി പറഞ്ഞ ഒരുവാചകം വല്ലാതെ മനസ്സില്‍ തറച്ചു. താനിപ്പോള്‍ അത്രയൊന്നും വായിക്കാറില്ല, പക്ഷേ ഇന്നലെ ബുക്ക് ഷെല്‍ഫില്‍ വെറുതെ നോക്കിയപ്പോള്‍ സാവിത്രിറോയിയുടെ നെല്ലിന്റെ ഗീതം കണ്ടു,, മനസ്സാകെ തരളിതമായി... ആ നോവലിലൂടെ സഞ്ചരിച്ച മഹനീയാനുഭവം മനസ്സിലെത്തി... വായനയുടെ ലോകത്തേക്കുതതിരിച്ചുപോയേ പറ്റൂ എന്നൊരു വൈകാരികാനുഭവത്തിലായിരുന്നു താനപ്പോള്‍ എന്നാണ് സി കെ പത്മനാഭന്‍ പറഞ്ഞത്.
സത്യാര്‍ഥിമാഷെ തൊട്ടുമുമ്പില്‍ കണ്ടപ്പോഴുണ്ടായ വിസ്മയാദരങ്ങളെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഞങ്ങളുടെ ആ കുടുസ്സ് പ്രൂഫ്മുറിക്കൊരു സവിശേഷതയുണ്ട്. ടി എം മണിയുടെ ഭാഷയില്‍ അത് മണിയടിയുടെയും ചരടുവലിയുടെയും മുറിയാണ്. ടി എം മണി ദേശാഭിമാനിയുടെ പാലക്കാട് ബ്യൂറോ ചീഫായിരുന്നു ദീര്‍ഘകാലം. അടിയന്തരാവസ്ഥക്കാലത്ത് സ്വേച്ഛാധിപത്യത്തെ നേരിട്ടുവിമര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രൂപകങ്ങളിലൂടെ കുറിക്കുകൊള്ളുന്ന വിമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മികച്ച ശാസ്ത്ര റിപ്പോര്‍ട്ടുകളും ലേഖനങ്ങളുംകൂടി എഴുതി അക്കാലത്തെ വാര്‍ത്താദാരിദ്ര്യത്തെ പരിഹരിക്കുന്നതിലും മികച്ച പങ്ക് വഹിച്ചു. പക്ഷേ മദ്യോപഭോഗമുണ്ടെന്ന ആരോപണം വന്നപ്പോള്‍ ചില തര്‍ക്കങ്ങളുണ്ടാവുകയും പാലക്കാട്ടുനിന്ന് കോഴിക്കോട് ഹെഡ് ഓഫീസിലെ പ്രൂഫ് വിഭാഗത്തിലേക്ക് മാറ്റിയതുമാണ്. അതിന്റെ അസംതൃപ്തിയുടെ വിമര്‍ശവുമെല്ലാം പുകച്ചുരുളുകള്‍ക്കിടയിലൂടെ അവിടെ പ്രവഹിക്കുക സ്വാഭാവികം. മണിയടിയും ചരടുവലിയുമെന്ന പ്രയോഗവും അതിന്റെ ഭാഗം. എന്നാല്‍ അത് യാഥാര്‍ഥ്യവുമായിരുന്നു. താഴെ പ്രസ്സില്‍നിന്ന് കമ്പോസ് ചെയ്ത പ്രൂഫും മാറ്ററും ക്ലിപ്പ് ചെയ്ത് മണിയടിക്കും. മണിയടിച്ചാല്‍ മേലെനിന്ന് കയര്‍ വലിച്ച് മാറ്ററും പ്രൂഫും എടുക്കും. വായിച്ചുകഴിഞ്ഞ് അതേ കയറിലൂടെ താഴേക്ക് തൂക്കിയിടുകയും മണിയടിക്കുകയും ചെയ്യുന്നതാണ് രീതി. ഈ പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് സത്യാര്‍ഥിമാഷ് ദിവസവും ഒരുമണിക്കൂറോളം അവിടെ ചെലവഴിക്കുക. ചിലപ്പോള്‍ മേക്കുന്നത്ത് കമ്മാരന്‍നായരുമുണ്ടാകും. തലശ്ശേരി സ്വദേശിയായ കമ്മാരന്‍ നായര്‍ ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി വിരമിച്ചതാണ്. പിന്നീട് ഹോമിയോപ്പതി പഠിച്ച് ചികിത്സകനായി പ്രവര്‍ത്തിച്ചു.
മേക്കുന്നത്തുമായുള്ള സൗഹൃദമാണ് സത്യാര്‍ഥിമാഷെ ദേശാഭിമാനി പ്രൂഫ്‌സെക്ഷനിലെ 'അന്തേവാസി'യാക്കിയതത്രെ. സത്യാര്‍ഥിമാഷ് വരുമ്പോള്‍ പ്രൂഫ് വിഭാഗത്തിലെത്തി കഥകള്‍ക്ക് കാതോര്‍ക്കല്‍ പതിവായിത്തീര്‍ന്നു. യശ്പാലിന്റെ 'നിറംപടിപ്പിച്ച നുണകള്‍', 'രാജ്യദ്രോഹി' തുടങ്ങിയ നോവലുകള്‍ വായിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ തീവ്രവാദ ഭാഗത്തോട് വലിയ ആഭിമുഖ്യവും ആവേശവും നിറഞ്ഞ കാലമാണത്. പക്ഷേ യശ്പാലിനോട് എന്തോ ഒരു നീരസം സത്യാര്‍ഥിമാഷില്‍ അന്തര്‍ലീനമായിട്ടുണ്ടെന്ന് തോന്നി. പലപ്പോഴും അതു ചോദിച്ചപ്പോള്‍ ഒരുപാട് വഞ്ചനയുടെയും കുതികാല്‍വെട്ടിന്റെയും കഥകളുണ്ടെന്ന് പറഞ്ഞ് വിശദാംശത്തിലേക്കുകടക്കാതെ നിര്‍ത്തുകയായിരുന്നു അപ്പോഴൊക്കെ... ലാഹോറിലും ബംഗ്ലാദേശ് ഉള്‍പ്പെട്ട ബംഗാളിലും ചന്ദ്രശേഖര്‍ ആസാദിന്റെയും ഭഗത്‍സിങ്ങിന്റെയും പിന്നെ സുഭാഷ് ചന്ദ്രബോസിന്റെയും സാഹസിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചനാളുകളെക്കുറിച്ച് പറയുമ്പോഴും സ്വയംഉയര്‍ത്തിക്കാട്ടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കൂട്ടതിലൊരാള്‍ എന്നല്ലാതെ വേറിട്ട വ്യക്തിത്വമായി ഒരിക്കലും പറഞ്ഞില്ല. ബിമല്‍മിത്രയുടെയും സാവിത്രിറോയിയുടെയും നോവലുകള്‍ കേവലമായി വിവര്‍ത്തനം ചെയ്യുകയല്ല, അതിലെ അനുഭവങ്ങളെല്ലാം തനിക്കും പരിചിതവും അറിയാവുന്നതുമെന്നനിലയില്‍ സവിശേഷമായി ആവിഷ്‌കരിക്കുകയായിരുന്നു.
ലാഹോറില്‍ മലയാളി ഉദ്യോഗസ്ഥനായ കൃഷ്ണന്റെ മകനായി ജനിച്ച മഹേന്ദ്രനാഥ് സത്യാര്‍ഥി 1928-ല്‍ 15-ാം വയസ്സിലാണ് സാഹസിക പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലാകുന്നത്. പിന്നീട് ബംഗാളിലേക്ക് നാടുകടത്തപ്പെട്ട സത്യാര്‍ഥി അവിടെവെച്ച് ഭഗത് സിങ്ങിനെ കാണുന്നു. വിപ്ലവപ്രവര്‍ത്തനത്തില്‍ സജീവമായ സത്യാര്‍ഥി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ അംഗമാകുന്നു. തുടര്‍ന്ന് ബംഗാളില്‍ അനുശീലന്‍ സമിതിയെന്ന തീവ്രവാദി ഗ്രൂപ്പുമായി ബന്ധപ്പെടുന്നു. പഞ്ചാബ് ഗവര്‍ണര്‍ കൊലചെയ്യപ്പെട്ട കേസില്‍ ജീവപര്യന്തം തടവിലായ സത്യാര്‍ഥി ജയില്‍വാസത്തിനിടയില്‍ ഉറുദുവില്‍ ബിരുദം നേടുകയാണ്. ആന്‍ഡമാനിലെ ജയിലിലേക്കുള്ള യാത്രക്കിടയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട സത്യാര്‍ഥി വടക്കുകിഴക്കന്‍ മേഖലയില്‍ സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത അനുയായിയായി
കോഴിക്കോട് മേരിക്കുന്നിനടുത്ത് മുണ്ടക്കല്‍താഴത്തെ കൊച്ചുവീട്ടില്‍നിന്ന് നടന്നാണ് സത്യാര്‍ഥിമാഷ് നഗരത്തിലേക്കുവരുന്നത്. മുണ്ട് മാടിക്കെട്ടി, മുറുക്കി, തോളില്‍ കുടയും കയ്യില്‍ സഞ്ചിയുമായാണ് ഇറക്കം. ഒത്തുതീര്‍പ്പ് വശമില്ലെന്നതിനാല്‍ മിത്രങ്ങളേക്കാള്‍ ശത്രുക്കളോ ശത്രുസമാനരോ ഉണ്ടെന്നതാണ് മാഷുടെ സവിശേഷത. ചെറിയ കാര്യങ്ങളില്‍പ്പോലും വിട്ടുവീഴ്ചയോ രാജിയോ അദ്ദേഹത്തിന് വശമില്ലായിരുന്നു. പ്രൂഫ് മുറിയില്‍ മണിയേട്ടന്‍ ചരടുവലി, മണിയടി എന്ന ആക്ഷേപമുയര്‍ത്തുമ്പോള്‍ അല്പം സിനിക്കലായ സത്യാര്‍ഥിമാഷില്‍ ഗൂഢമായ ഒരുചിരിയുണ്ടാകുന്നുണ്ടോയെന്ന് സംശയിച്ചിട്ടുണ്ട്. വിപ്ലവകാരിക്ക് സഹജമായ അതൃപ്തിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പഴയകാലത്തെ അനുഭവങ്ങളുമായാണ് പുതിയകാലത്തെ ശൈലികളും രീതികളും അദ്ദേഹം താരതമ്യപ്പെടുത്തിയതെന്നും തോന്നിയിട്ടുണ്ട്. തലശ്ശേരി മേഖലയിൽ എവിടെയോ ആണ് തറവാടെന്ന കേട്ടുകേള്‍വിയില്‍ പലതവണ അദ്ദേഹത്തോട് തിരക്കുകയുണ്ടായി, എവിടെയാണാരൂഢം... പക്ഷേ അങ്ങോ'ട്ടേക്കുളള കിളിവാതില്‍ തുറക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരന്നു. 1957-ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് സത്യാര്‍ഥി കേരളത്തിലെത്തുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ പാര്‍ട്ടി മുഖപത്രമായ സ്വാധീനതയ്ക്ക് കേരളവാര്‍ത്തകൾ അയയ്ക്കാന്‍ നിയോഗിച്ചയക്കുകയായിരുന്നു. അന്ന് പക്ഷേ തസ്തികയോ വേജ് ബോഡോ ഒന്നുമില്ലായിരുന്നു. ഉറുദുവും പഞ്ചാബിയും ബംഗാളിയും ഇംഗ്ലീഷുമല്ലാതെ മലയാളം അത്രവശമില്ലാത്ത മലയാളി.
ലാഹോറില്‍ മലയാളി ഉദ്യോഗസ്ഥനായ കൃഷ്ണന്റെ മകനായി ജനിച്ച മഹേന്ദ്രനാഥ് സത്യാര്‍ഥി 1928-ല്‍ 15-ാം വയസ്സിലാണ് സാഹസിക പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലാകുന്നത്. പിന്നീട് ബംഗാളിലേക്ക് നാടുകടത്തപ്പെട്ട സത്യാര്‍ഥി അവിടെവെച്ച് ഭഗത് സിങ്ങിനെ കാണുന്നു. വിപ്ലവപ്രവര്‍ത്തനത്തില്‍ സജീവമായ സത്യാര്‍ഥി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ അംഗമാകുന്നു. തുടര്‍ന്ന് ബംഗാളില്‍ അനുശീലന്‍ സമിതിയെന്ന തീവ്രവാദി ഗ്രൂപ്പുമായി ബന്ധപ്പെടുന്നു. പഞ്ചാബ് ഗവര്‍ണര്‍ കൊലചെയ്യപ്പെട്ട കേസില്‍ ജീവപര്യന്തം തടവിലായ സത്യാര്‍ഥി ജയില്‍വാസത്തിനിടയില്‍ ഉറുദുവില്‍ ബിരുദം നേടുകയാണ്. ആന്‍ഡമാനിലെ ജയിലിലേക്കുള്ള യാത്രക്കിടയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട സത്യാര്‍ഥി വടക്കുകിഴക്കന്‍ മേഖലയില്‍ സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത അനുയായിയായി പ്രവര്‍ത്തിക്കുന്നു. മുമ്പിലിരിക്കുന്ന ഈ കൊച്ചുമനുഷ്യനാണോ, ഈ സാധുമനുഷ്യനാണോ ലാഹോറിലും ബംഗാളിലും സാഹസികപ്രവര്‍ത്തനം നടത്തി ജയിലില്‍കഴിഞ്ഞതും ജയില്‍ചാടിയതുമെന്നുമെല്ലാം മിന്നല്‍പിണരുകള്‍പോലെ മനസ്സില്‍ ചിന്തകളുയര്‍ന്നു...
ജനയുഗം പത്രാധിപരായ കാമ്പിശ്ശേരി കരുണാകരനോടാണ് കേരളത്തില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നതെന്ന് സത്യാര്‍ഥിമാഷ് അനുസ്മരിക്കുമായിരുന്നു. ബംഗാളി കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രത്തിന്റെ ലേഖകനായാണ് കേരളത്തില്‍ എത്തിയതെങ്കിലും അതുമായി അധികം മുന്നോട്ടുപോകാനായില്ല. പഞ്ചാബിലെയും മറ്റും ഉറുദു പത്രങ്ങളില്‍ ലേഖനമെഴുതി ലഭിക്കുന്ന ചെറിയ റോയല്‍റ്റികൊണ്ട് കഞ്ഞിക്കുള്ള വക കിട്ടുന്നുമില്ല. കാമ്പിശ്ശേരി ജനയുഗം വാരികയിലേക്ക് ബംഗാളി നോവലുകള്‍ വിവര്‍ത്തനംചെയ്യാന്‍ നിര്‍ദേശിച്ചപ്പോള്‍ പ്രധാന തടസ്സം, നല്ല മലയാളം കയ്യിലില്ലെന്നതാണ്. അര്‍ഥശോഷണമില്ലാതെ അയച്ചാല്‍ ഭാഷയൊക്കെ തങ്ങള്‍ ശരിയാക്കിക്കൊള്ളുമെന്ന് പത്രാധിപരുടെ ഉറപ്പ്. മലയാളി വായനക്കാരെ ജനയുഗം വാരികക്കായി ആകാംക്ഷയോടെ കാത്തിരുത്തിയ, വര്‍ഷങ്ങളോളം നീണ്ടുനിന്ന 'വിലയ്ക്കുവാങ്ങാം' എന്ന നോവല്‍ വിവര്‍ത്തനത്തിന്റെ പിറവി അങ്ങനെ... മലയാളത്തിലും അതിവേഗം ഭാഷാസ്വാധീനമാര്‍ജിച്ച സത്യാര്‍ഥി പിന്നീട് തിരിഞ്ഞുനോക്കിയില്ല. ചിമ്മിനിവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ പിറവിയെടുത്ത നോവല്‍ പരിഭാഷകള്‍, ജീവചരിത്രങ്ങള്‍... സ്വതന്ത്ര കൃതികള്‍... 'പ്രഭുക്കളും ഭൃത്യരും', 'ബീഗം മേരീ ബിശ്വാസ്', 'പദ്മമേഘന', 'മുഷിഞ്ഞ പുടവ', തേഭാഗ കലാപത്തിന്റെ കഥപറയുന്ന ബംഗാളി വിപ്ലവ നോവലിസ്റ്റ് സാവിത്രിറോയിയുടെ 'നെല്ലിന്റെ ഗീതം', 'തുരുത്ത്'... 'നേതാജിയുടെ ബാല്യം', 'ജവാഹര്‍ലാല്‍ നെഹ്‌റു', 'രക്തസാക്ഷികള്‍', 'നാവികകലാപത്തിന്റെ ഇടിമുഴക്കം' തുടങ്ങി സ്വതന്ത്ര കൃതികള്‍...
സര്‍ട്ടിഫിക്കറ്റുകളൊന്നുമില്ലാതിരുന്നിട്ടും കോഴിക്കോട് ജെ ഡി ടി ഇസ്ലാം സ്‌കൂളില്‍ ഉറുദു അധ്യാപകനായി നിയമനം ലഭിച്ചതാണ് സത്യാര്‍ഥിമാഷ്ക്ക് തുണയായത്. പത്‌നിയായ നന്ദിനിക്ക് അതേ സ്‌കൂളില്‍ ഹിന്ദി അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. 1991- ഒക്ടോബറില്‍ കോഴിക്കോട് ദേശാഭിമാനിയില്‍നിന്ന് കണ്ണൂരിലേക്ക് സ്ഥലംമാറ്റമായതോടെ സത്യാര്‍ഥിമാഷുമായുള്ള ബന്ധംമുറിഞ്ഞു. പിന്നീട് കോഴിക്കോട് ടൗണ്‍ഹാളില്‍ ഒന്നോ രണ്ടോതവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ടൗണ്‍ഹാളിലെ സാംസ്‌കാരികരിപാടികളില്‍ മിക്കപ്പോഴും അദദേഹത്തിന്റെ സാന്നിധ്യമുണ്ടാകും, പിന്‍ സീറ്റുകളിലൊന്നില്‍ നിശ്ശബ്ദനായി ഒതുങ്ങിക്കൂടി. ഒരിക്കല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഞങ്ങളെക്കുറിച്ച് അല്പം കയ്പുണ്ടായ സംഭവം ഖേദപൂര്‍വം ഓര്‍ക്കുന്നു. ആറോ ഏഴോ ലക്കങ്ങളില്‍ കൊടുക്കാവുന്ന ഒരു ബംഗാളി നോവലെറ്റ് അദ്ദേഹം എന്നെ ഏല്‍പ്പിക്കുകയുണ്ടായി. ഞാനന്ന് ദേശാഭിമാനി വാരികയില്‍ സബ് എഡിറ്ററാണ്. സിദ്ധാര്‍ഥന്‍ പരുത്തിക്കാടാണ് എഡിറ്റര്‍ ഇന്‍ചാര്‍ജ്. പ്രസിദ്ധീകരണയോഗ്യമായ നോവലുകളും കഥകളും തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും അദ്ദേഹമാണ്. ഒരുമാസത്തിനിയില്‍ നാലോ അഞ്ചോതവണ എന്തായി നോവലെറ്റിന്റെ കാര്യം എന്ന് സത്യാര്‍ഥിമാഷ് ചോദിച്ചു. വായിച്ചില്ലെന്ന് മറുപടി... ആ സമയത്ത് പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയ രണ്ട് നോവലും തീരാന്‍ മൂന്നാലുമാസമെടുക്കും, പിന്നെ ബംഗാളി നോവലിസ്റ്റിന്റെ സമ്മതപത്രവും വേണം. ഒരുദിവസം സത്യാര്‍ഥിമാഷ് വന്നപ്പോള്‍ എഡിറ്റര്‍ പറഞ്ഞ അക്കാര്യം ഞാന്‍ അറിയിച്ചു... പിന്നെ മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഒരു സത്യാര്‍ഥിമാഷെയാണ് കണ്ടത്. വല്ലാതെ ക്ഷുഭിതനായി ആ മുഖം ജ്വലിക്കുകയാണ്... അതിങ്ങെടുക്കിന്‍ എന്ന് അദ്ദേഹം. കയ്യില്‍നിന്ന് പിടിച്ചുവലിക്കുന്നതുപോലായിരുന്നു. പക്ഷേ ആ രോഷം ഒരേയൊരു ദിവസത്തേക്കുമാത്രമായിരുന്നു. പിന്നെയും മാഷ് ദേശാഭിമാനിയില്‍ പതിവായി വന്നുകൊണ്ടിരുന്നു, നഗരത്തില്‍ വരുമ്പോഴൊക്കെ... സൗഹൃദത്തിന് മങ്ങലേയുണ്ടായില്ല.
സത്യാര്‍ഥിമാഷെ മനസ്സിലാക്കുന്നതില്‍ സാംസ്‌കാരികലോകം വിജയിച്ചുവെന്ന് പറയാനാവില്ല. അക്കാദമിയുടെ പുരസ്‌കാരങ്ങളൊക്കെ ലഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകള്‍, അദ്ദേഹത്തില്‍നിന്നുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വിജയിച്ചെന്ന് പറയാനാവില്ല. അദ്ദേഹത്തിന്റെ തന്നെ അന്തര്‍മുഖത്വവും ഒഴിഞ്ഞുമാറല്‍-വിട്ടുനില്‍ക്കല്‍ പ്രവണതയും കാരണം അനുഭവങ്ങളുടെ ആ ഖനി അടഞ്ഞുതന്നെ കിടന്നു. നിഗൂഢതകള്‍ നിറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു അച്ഛന്‍, ആരോടും ഒന്നും തുറന്നുപറയാന്‍ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരന്‍ എന്നാണ് മകള്‍ സല്‍മി സത്യാര്‍ഥി അഛനെ വിശേഷിപ്പിച്ചത്.
കിഷന്‍ചന്ദറിന്റെയും ബിമല്‍ മിത്രയുടെയും സാവിത്രി റോയിയുടെയും നാരായണ്‍ ഗംഗോപാധ്യായയുടെയും മലയാള വിവര്‍ത്തകനായ സത്യാര്‍ഥിമാഷ് കേരളമനസ്സിനെ വിശാലമാക്കാന്‍ നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. പി വത്സല പ്രസിഡന്റും മാഷുടെ ജാമാതാവും സാസ്‌കാരികപ്രവര്‍ത്തകനുമായ ഒ കുഞ്ഞിക്കണാരന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സത്യാര്‍ഥി സ്മാരകട്രസ്റ്റ് ഓരോ വര്‍ഷവും അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സത്യാര്‍ഥി പുരസ്‌കാരം ഈ വര്‍ഷം പ്രൊഫ. പി ജയേന്ദ്രനാണ് ലഭിക്കുന്നത്. വാന്‍ഗോഗിന്റെ ജീവിതംപറയുന്ന ഇര്‍വിങ്ങ് സ്‌റ്റോണിന്റെ 'ലസ്റ്റ് ഫോര്‍ ലൈഫ്' ജീവിതാസക്തി എന്ന പേരില്‍ മലയാളത്തിലാക്കി ശ്രദ്ധേയനായ ജയേന്ദ്രന്‍ മാഷ്‌ക്കാണ് പുരസ്‌കാരമെന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു. ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ച ഊരാച്ചേരി ഗുരുക്കളുടെ പ്രപൗത്രനാണ് ജയേന്ദ്രന്‍ മാഷ്.