"മരിക്കാൻ കൊതിയുണ്ടായിട്ടല്ല,
ജീവിക്കാൻ വഴി ഇല്ലാത്തതു കൊണ്ടാണ്" -  മലയാളി  ട്രാൻസ് വുമൺ

"മരിക്കാൻ കൊതിയുണ്ടായിട്ടല്ല, ജീവിക്കാൻ വഴി ഇല്ലാത്തതു കൊണ്ടാണ്" - മലയാളി ട്രാൻസ് വുമൺ

ദയാവധത്തിന് ഹർജി നൽകി മലയാളി ട്രാൻസ് വുമൺ റിഹാന ഇർഫാൻ
Updated on
1 min read

ഇരുപത്തിയൊമ്പതാം വയസിൽ ജീവിതത്തിൽ നിന്നിറങ്ങി പോകാൻ റിഹാന തീരുമാനിച്ചത് ജീവിക്കാനുള്ള വഴികളോരോന്നും അടഞ്ഞു പോയതോടെയാണ്. തല ചായ്ക്കാൻ ഒരു ഒറ്റമുറി വീട് പോലും വാടകയ്ക്ക് കിട്ടാനില്ല, തൊഴിൽ നൽകാൻ ആരുമില്ല, സമൂഹം പാടെ അവഗണിക്കുന്നു, ആശ്രയമില്ല, മരിച്ചാൽ തീരുന്ന പ്രശ്നങ്ങളായി കാണുകയാണ് ഇവയെ ഒക്കെയും ഈ ട്രാൻസ് വുമൺ. മാനസിക സംഘർഷം കനത്തതോടെ കർണാടകയിലെ കുടക് ജില്ലാ ഭരണകൂടത്തിന് ദയാവധ ഹർജി നൽകി കാത്തിരിക്കുകയാണ് അവർ.

ലൈംഗിക തൊഴിലാളി ആകാൻ ഇഷ്ടമില്ലാത്തതിനാൽ ഭിക്ഷാടനം തുടങ്ങി

8 വർഷം മുൻപായിരുന്നു ലിംഗ മാറ്റ ശസ്ത്ര ക്രിയക്കായി റിഹാന കോഴിക്കോട് നിന്നും ബെംഗളൂരുവിൽ എത്തിയത്. ഹിജഡ കമ്മ്യൂണിറ്റിയുടെ കൂടെയായിരുന്നു ജീവിതം. ലൈംഗിക തൊഴിലാളി ആകാൻ ഇഷ്ടമില്ലാത്തതിനാൽ ഭിക്ഷാടനം തുടങ്ങി. ബെംഗളൂരുവിലും കോയമ്പത്തൂരിലും മൈസൂരുവിലും വീണ്ടും ബെംഗളൂരുവിലുമായി ജീവിതം. മാന്യമായ തൊഴിൽ ചെയ്തു ജീവിക്കാൻ എല്ലായിടത്തും ശ്രമം നടത്തിയെങ്കിലും ആരും സഹായിച്ചില്ല.

5 വർഷം മുൻപായിരുന്നു കുടകിൽ എത്തിയത്. കേരളത്തിൽ നിന്ന് പ്ലസ് ടു പാസായ റിഹാന കർണാടകയിൽ ബിരുദപഠനത്തിന് ശ്രമിച്ചു. സാമ്പത്തിക പ്രശ്നം കാരണം പഠനം പാതി വഴിക്കു നിർത്തി. വീണ്ടും തൊഴിൽ തേടിയുള്ള അലച്ചിൽ. ഹിജഡ കമ്മ്യൂണിറ്റിയുടെ രീതികൾക്കൊപ്പം നിൽക്കാത്തതിനാൽ പുറത്തു കടക്കേണ്ടി വന്നു. ഭിക്ഷ യാചിക്കൽ തൊഴിലാക്കി. കുടകിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവുകളിലും ഭിക്ഷയെടുത്തു.

എനിക്ക് മരിക്കാൻ കൊതിയുണ്ടായിട്ടില്ല. ഈ ലോകത്തു അന്തസായി തൊഴിൽ ചെയ്തു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് ജീവിതത്തിൽ നിന്ന് ഇറങ്ങി നടക്കാൻ തീരുമാനിച്ചത്
ട്രാൻസ് വുമൺ റിഹാന ഇർഫാൻ

ഇതിനിടയിലായിരുന്നു താമസ സ്ഥലം പ്രശ്നമായി തുടങ്ങിയത്.ട്രാൻസ് വുമണിനു വീട് കൊടുക്കുന്നതിൽ പ്രദേശ വാസികൾ എതിർപ്പ് ഉന്നയിച്ചതോടെ താമസ സ്ഥലങ്ങളിൽ നിന്ന് ഇറക്കി വിടപ്പെട്ടു. ചില വീട്ടുടമകൾ മൂന്നിരട്ടി വാടക ചോദിച്ചു. വീട് മാറലും വീടൊഴിയലും തുടർക്കഥ ആയതോടെ വിഷമവൃത്തത്തിലായ റിഹാന ലോഡ്ജുകളിൽ മുറി എടുത്തു. ദിനവും കുറഞ്ഞത് 400 രൂപയെങ്കിലും നൽകിയാൽ മാത്രമേ വൃത്തിയുള്ള മുറിയും ശുചിമുറിയും ലഭിക്കുകയുള്ളൂ എന്ന അവസ്ഥ. ഭിക്ഷാടനം കൊണ്ട് ഇത് നടക്കില്ല.അങ്ങനെയാണ് ആദ്യമായി റിഹാന ജില്ലാ ഭരണ കൂടത്തെ സമീപിക്കുന്നത്. സർക്കാരിന്റെ ഏതെങ്കിലും അഭയ കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നായിരുന്നു അവർ അഭ്യർത്ഥിച്ചത്.

എന്നാൽ 15 ദിവസം പിന്നിട്ടിട്ടും മറുപടി ഒന്നുമുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ജില്ലാ കലക്ടർക്ക് ദയാവധത്തിനു ഹർജി നൽകുകയായിരുന്നുവെന്ന് റിഹാന പറഞ്ഞു." ദയാഹർജി വാങ്ങാൻ പോലും അവർ തയ്യാറായില്ല. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വാങ്ങിയത്. എനിക്ക് മരിക്കാൻ കൊതിയുണ്ടായിട്ടില്ല. ഈ ലോകത്തു അന്തസായി തൊഴിൽ ചെയ്തു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് ജീവിതത്തിൽ നിന്ന് ഇറങ്ങി നടക്കാൻ തീരുമാനിച്ചത് " റിഹാന ദ ഫോർത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in