മലയാളികളെ ചിരിപ്പിച്ച് ഗഫൂ‍ർക്ക മടങ്ങുമ്പോൾ

മലയാളികളെ ചിരിപ്പിച്ച് ഗഫൂ‍ർക്ക മടങ്ങുമ്പോൾ

മലയാള സിനിമയിലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ വ്യക്തിയാണ് മാമുക്കോയ
Updated on
2 min read

മലയാള സിനിമയിൽ മാപ്പിള ഭാഷാ ശൈലിയിലൂടെ തന്റെ സാന്നിധ്യമറിയിച്ച പ്രതിഭയാണ് മാമുക്കോയ. ഹാസ്യവേഷങ്ങളിലൂടെ വെളളിത്തിരയിൽ എത്തുകയും 450ലധികം സിനിമയിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹം, മലയാള സിനിമയിലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ വ്യക്തി കൂടിയാണ്. കോഴിക്കോടിന്റെ മണ്ണിൽ ജനിച്ച് വളർന്ന് ആ മണ്ണിന്റെ തനിമയിൽ എന്നും ജീവിച്ച മനുഷ്യനാണ് മാമുക്കോയ.

നാടകനടനായാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1979ൽ നിലമ്പൂർ ബാലന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയിലൂടെയാണ് മാമുക്കോയ വെളളിത്തിരയിലെത്തുന്നത്. എസ്. കൊന്നനാട്ടിന്റെ സംവിധാനത്തിൽ 1983ൽ പുറത്തിറങ്ങിയ സുറുമയിട്ട കണ്ണുകൾ ആയിരുന്നു മാമുക്കോയയുടെ രണ്ടാമത്തെ ചിത്രം. എന്നാൽ, 1986ൽ സാജന്റെ സംവിധാനത്തിൽ മമ്മൂട്ടിയും നളിനിയും പ്രധാനകഥാപാത്രങ്ങളായെത്തിയ സ്നേഹമുള്ള സിംഹത്തിൽ കാമിയോ അപ്പിയറൻസ് ആയി എത്തിയ മാമുക്കോയ പിന്നെ അങ്ങോട്ട് മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനുമായുളള അദ്ദേഹത്തിന്റെ അടുപ്പമാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുന്നത്

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനുമായുളള അദ്ദേഹത്തിന്റെ അടുപ്പമാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. ശ്രീനിവാസൻ അദ്ദേഹത്തെ സത്യൻ അന്തിക്കാടിനെ പരിചയപ്പെടുത്തുകയും തുടർന്ന്, 1986ൽ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ അദ്ദേഹത്തിന് ഒരു വേഷം ചെയ്യാന്‍ അവസരമുണ്ടായി. തുടർന്ന്, സന്മനസ്സുള്ളവർക്കു സമാധാനം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, രാരീരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അതിനുമപ്പുറം, കലാം മാരി കഥാ മാരി, ഉണ്ണികളേ ഒരു കഥ പറയാം, ഇരുപതാം നൂറ്റാണ്ട് അടക്കമുളള സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

നാടോടിക്കാറ്റിലെ ഗഫൂറിന്റെ വേഷത്തിലൂടെ അദ്ദേഹത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞു

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ശ്രീനിവാസൻ തിരക്കഥ എഴുതി, സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1987ൽ വെളളിത്തിരയിൽ തരംഗം സൃഷ്ടിച്ച നാടോടിക്കാറ്റായിരുന്നു മാമുക്കോയയുടെ സിനിമാ ജീവിതത്തില്‍ ബ്രേക്കായത്. നാടോടിക്കാറ്റിലെ ഗഫൂറിന്റെ വേഷത്തിലൂടെ അദ്ദേഹത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞു. ഈ ചിത്രത്തിൽ ദാസനെയും വിജയനെയും ഗൾഫിലേക്ക് അയക്കാമെന്ന് പറഞ്ഞെത്തുന്ന ഏജന്റായാണ് ഗഫൂർക്ക എത്തുന്നത്. അസലാമും അലൈക്കും വാ അലൈക്കും ഉസലാം എന്ന് ദാസനും വിജയനും അറബി പഠിപ്പിച്ചു കൊടുത്ത ഗഫൂർക്ക നാടോടിക്കാറ്റിന്റെ തുടർച്ചയായെത്തിയ പട്ടണപ്രവേശത്തിലും ശ്രദ്ധേ സാന്നിധ്യമായി

ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല ഹാസ്യേതര വേഷങ്ങളും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച ചിത്രമായിരുന്നു കമലിന്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി . 2008ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാലും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിൽ മാമുക്കോയ ചെയ്ത ഷാജഹാൻ എന്ന കഥാപാത്രത്തിന് മികച്ച ഹാസ്യ നടനുളള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. മനു വാര്യറിന്റെ സംവിധാനത്തിൽ 2021ൽ ഒടിടിയിലെത്തിയ കുരുതിയിലെ മൂസ ഖാദറിലൂടെ തനിക്ക് മാസ് പ്രകടനം നടത്താനും കഴിയുമെന്ന് തെളിയിച്ചാണ് മാമുക്കോയ വെളളിത്തിരയിൽ നിന്നും വിടവാങ്ങുന്നത്.

logo
The Fourth
www.thefourthnews.in