ഇരുവഴിഞ്ഞിപുഴയുടെ 'കടത്തുകാരി' ; പുഴയോളം ഓര്‍മ്മകളുമായി കീകി താത്ത
കോഴിക്കോട് മുക്കം കക്കാട് കടവില്‍ തൂക്കുപാലം വരുന്നതിന് മുന്‍പുള്ള കാലം. പുഴയുടെ ഇരുകരകളിലേക്കുമുള്ള നാട്ടുകാരുടെ യാത്രയ്ക്ക് ഏക ആശ്രയമായിരുന്നു കീകീ താത്തയുടെ കടത്തുവള്ളം. പാലം വന്നു കടത്തുനിന്നു. കീകീ താത്തയുടെ തൊഴില്‍ നഷ്ടമായി . എങ്കിലും കടത്ത് ആവശ്യമുള്ളവരെ സഹായിക്കാന്‍ ഒരുവിളിക്ക് അപ്പുറം ഇപ്പോഴും കീകീ താത്തയുണ്ട് .
മൂന്ന് പതിറ്റാണ്ടിലേറെ തോണിക്കടത്ത് നടത്തിയിരുന്ന കീകീ താത്ത കോഴിക്കോട് മുക്കം ഇരുവഞ്ഞിപ്പുഴയിലെ അവസാന കടത്തുകാരിയാണ്. 2018ലെയും 2019 ലെയും പ്രളയകാലം . വെള്ളം കയറി വീടിന് മുകളില്‍ അകപ്പെട്ടവരെ മുഴുവന്‍ മറുകരയിലെത്തിച്ചത് കീകീ താത്തയാണ്. സ്വന്തം വീട്ടുകാരുടെ എതിര്‍പ്പ് പോലും അവഗണിച്ചായിരുന്നു രക്ഷാദൗത്യം. പുഴയുടെ ഇരു കരങ്ങളിലായി കിടക്കുന്ന രണ്ട് ദേശങ്ങളെ ഇത്രയും കാലം ബന്ധിപ്പിച്ചിരുന്നത് കീകീ താത്തയെന്ന സുലൈഖയാണ്. ഭര്‍ത്താവിന്റെ വീട്ടുകാരായിരുന്നു ആദ്യം കടത്ത് നടത്തിയിരുന്നത് . പിന്നീട് സുലൈഖ അത് ഏറ്റെടുക്കുകയായിരുന്നു. 35 വര്‍ഷത്തിനിപ്പുറം മുക്കം ഇരുവഞ്ഞിപ്പുഴയിലെ തോണികടത്ത് അവസാനിക്കുമ്പോള്‍ കീ കീ താത്തക്ക് പുഴയോളം ഓര്‍മ്മകളുണ്ട്.