ആർ. സോമശേഖരൻ
ആർ. സോമശേഖരൻ

സംഗീത ശില്പി വിടവാങ്ങി; പക്ഷേ 'പുളിയിലക്കരയ്ക്ക്' മരണമില്ല

ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരനെ ദ ഫോര്‍ത്ത് ന്യൂസ് പ്രോഗ്രാം ഹെഡ് രവി മേനോന്‍ ഓര്‍മ്മിക്കുന്നു
Updated on
3 min read

അവസാനത്തെ ഫോൺ വിളിയിലും ``പുളിയിലക്കരയോലും പുടവ ചുറ്റി'' എന്ന പാട്ടായിരുന്നു ചർച്ചാ വിഷയം. തലേന്ന് രാത്രിയിലെ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ പത്തുപന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി ആ ഗാനം അതീവഹൃദ്യമായി പാടുന്നത് കേട്ടപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുവെന്ന് സോമശേഖരൻ. മൂന്ന് പതിറ്റാണ്ടിലേറെ കാലം മുൻപ് താൻ ഹൃദയം നൽകി മിനഞ്ഞെടുത്ത ഈണം പുതിയ തലമുറ പോലും ഏറ്റുപാടുന്നു എന്നത് ഏത് ഗാനശില്പിക്കും ആഹ്ളാദിക്കാൻ വകയുള്ള കാര്യമല്ലേ?

വേദന തോന്നിയത് ആ ഗാനത്തിന്റെ ക്രെഡിറ്റ്, ഷോയുടെ സംഘാടകർ മറ്റൊരു സംഗീത സംവിധായകന് ചാർത്തിക്കൊടുത്തപ്പോഴാണ്.

സ്വന്തം കുഞ്ഞിനെ കൈവിട്ടു പോകുന്ന അച്ഛന്റെ ദുഖമാണ് ഞാൻ അനുഭവിച്ചത്. രവിമേനോന് അത് മനസ്സിലാക്കാനാകുമെന്നാണ് എന്റെ വിശ്വാസം.''-- വികാരാധിക്യം മറച്ചു വെക്കാതെ സോമൻ ചേട്ടൻ പറഞ്ഞു.

അതേ വേദന മുൻപും അനുഭവിച്ചിട്ടുണ്ട് സോമശേഖരനിലെ സംഗീത സംവിധായകൻ. മറ്റൊരു കൗതുകമാർന്ന ഓർമ്മ അദ്ദേഹം പങ്കുവെച്ചതിങ്ങനെ: ``പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് ബസ്സില്‍ യാത്ര ചെയ്യുകയാണ് ഞാന്‍. തൊട്ടടുത്തിരുന്ന രണ്ടു ചെറുപ്പക്കാര്‍ കൊണ്ടുപിടിച്ച സംഗീതചര്‍ച്ചയിലാണ്. ഇഷ്ടമുള്ള വിഷയമായത് കൊണ്ടു ശ്രദ്ധിക്കാതിരിക്കാന്‍ പറ്റിയില്ല . ഇടയ്ക്കെപ്പോഴോ ചര്‍ച്ച `പുളിയിലക്കരയോലും പുടവ ചുറ്റി' എന്ന പാട്ടില്‍ ചെന്നെത്തുന്നു. പല്ലവി ആസ്വദിച്ചു പാടിയ ശേഷം ഒരാള്‍ പറഞ്ഞു: `സമ്മതിച്ചിരിക്കുന്നു നമ്മുടെ ഒ എന്‍ വിയെയും ജോണ്‍സണെയും. എന്തൊരു ഗംഭീര ലിറിക്സ്; എന്തൊരു ട്യൂണ്‍ ..'' -- അപരനും ഇല്ല മറിച്ചൊരു അഭിപ്രായം.

അടൂരില്‍ ബസ്സിറങ്ങി നടന്നുനീങ്ങവേ സോമശേഖരന്‍ ഇരുവരെയും അടുത്ത് വിളിച്ചു പറഞ്ഞു: ``നിങ്ങളുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. ചെറിയൊരു തിരുത്തുണ്ട്. പുളിയിലക്കരയോലും എന്ന പാട്ട് ചിട്ടപ്പെടുത്തിയത് ജോണ്‍സണ്‍ അല്ല. '' ചെറുപ്പക്കാര്‍ അന്തംവിട്ടു നോക്കിനില്‍ക്കെ ഇത്ര കൂടി പറഞ്ഞു അദ്ദേഹം: ``വിശ്വസിക്കാം. കാരണം, ആ പാട്ട് ചിട്ടപ്പെടുത്തിയ സോമശേഖരന്‍ ആണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഈ ഞാന്‍.'' സംഗീത വിദ്യാര്‍ഥികള്‍ കൂടിയായിരുന്ന രണ്ടു പേര്‍ക്കും അതൊരു പുതിയ അറിവായിരുന്നു. പശ്ചാത്താപവിവശരായി യാത്ര പറഞ്ഞ യുവാക്കള്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് തനിക്ക്‌ എസ് എം എസ് അയക്കാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട് സോമശേഖരന്‍. ``അവരെ കുറ്റപ്പെടുത്താനാവില്ല. അത്തരം അനുഭവങ്ങള്‍ ധാരാളം. ഇന്ന് അവയുമായി പൊരുത്തപ്പെടാനാകും എനിക്ക്.''

അധികം പാട്ടുകളൊന്നും സിനിമക്ക് വേണ്ടി ചെയ്തിട്ടില്ല സോമശേഖരൻ. ഏറി വന്നാൽ എട്ടോ ഒമ്പതോ ചിത്രങ്ങൾ മാത്രം. പക്ഷെ ``ജാതക'' (1989) ത്തിൽ ഒ എൻ വി രചിച്ച് യേശുദാസ് അതീവഹൃദ്യമായി പാടിയ പുളിയിലക്കരയോലും എന്ന ഒരൊറ്റ ഗാനം മതി സോമശേഖരനെ മലയാളികൾ എക്കാലവും ഓർക്കാൻ. വേറെയും സുന്ദര ഗാനങ്ങള്‍ ഉണ്ടായിരുന്നു ആ ചിത്രത്തില്‍ -- ചിത്ര ശബ്ദം നല്‍കിയ അരളിയും കദളിയും, നീരജദളനയനേ.

``എന്റെ സുഹൃത്ത് കൃഷ്ണകുമാര്‍ ആണ് പടത്തിന്റെ നിര്‍മ്മാതാവ്; സഹോദരന്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധായകനും. മസ്കറ്റില്‍ ലാബ് ടെക്നിഷ്യന്‍ ആയി ജോലി നോക്കുകയായിരുന്ന എന്നെ വിളിച്ചുവരുത്തി സംഗീതസംവിധാന ചുമതല ഏല്‍പ്പിക്കുകയായിരുന്നു അവര്‍. ഒ എന്‍ വി സാറിന്റെയും തിരക്കഥാകൃത്ത് ലോഹിതദാസിന്റെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഗീത് ഹോട്ടലില്‍ വച്ചുള്ള കമ്പോസിംഗ് മറക്കാനാവില്ല. പാട്ടുകളുടെ സിറ്റ്വേഷനുകള്‍ക്ക് അനുസരിച്ചുള്ള ഗാനങ്ങള്‍ ഒ എന്‍ വി സാര്‍ എഴുതി കൊണ്ടുവന്നിരുന്നു. ഓരോ ഗാനത്തിന്റെയും പശ്ചാത്തലവും അര്‍ത്ഥതലങ്ങളും അദ്ദേഹം എനിക്ക് വിശദമായി വിവരിച്ചു തന്നു. ആ വരികളില്‍ തന്നെ ഉണ്ടായിരുന്നു അവയുടെ സംഗീതം. എനിക്ക് അത് കണ്ടെത്തേണ്ട ദൗത്യം മാത്രം. രാവിലെ തുടങ്ങിയ കമ്പോസിംഗ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കുമ്പോഴേക്കും മൂന്നു പാട്ടും പിറന്നു കഴിഞ്ഞിരുന്നു.''

ആർ. സോമശേഖരൻ
സംഗീത സംവിധായകൻ ആർ സോമശേഖരൻ അന്തരിച്ചു

``പുളിയിലക്കര'' എന്ന അത്ര സർവ സാധാരണമല്ലാത്ത വാക്കു വെച്ച് പാട്ട് തുടങ്ങിയാൽ അത് എത്രത്തോളം ജനങ്ങൾ സ്വീകരിക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു സോമശേഖരന്. താൻ ഏറെ ആദരിക്കുന്ന കവിയോട് തുടക്കം മാറ്റിയെഴുതാൻ പറയുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും വയ്യ താനും. പക്ഷേ ഗാനം ചിട്ടപ്പെടുത്തി യേശുദാസിന്റെ ഗന്ധർവ സ്വരത്തിൽ റെക്കോർഡ് ചെയ്തു കേട്ടപ്പോൾ മനസ്സിലായി ആ വാക്ക് എത്ര ഔചിത്യത്തോടെയാണ് ഒ എൻ വി സാർ പ്രയോഗിച്ചതെന്ന്. ആ തുടക്കമാണ് ആ പാട്ടിന്റെ ഭംഗി എന്ന് തോന്നും ചിലപ്പോൾ....''

അരളിയും കദളിയും എന്ന പാട്ട് ഫോക് ശൈലിയിലാണ് സോമശേഖരന്‍ ആദ്യം ചിട്ടപ്പെടുത്തിയത്. ഈണം കേട്ട് ഒ എന്‍ വി ഇത്രമാത്രം പറഞ്ഞു: ``നന്നായിട്ടുണ്ട്. എങ്കിലും കുറച്ചു കൂടി ലളിതമായി, കല്യാണി രാഗത്തിലോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഇതിലും ആസ്വാദ്യകരമാവില്ലേ ?''

കല്യാണി രാഗം അടിസ്ഥാനമാക്കി ഗാനം വീണ്ടും കമ്പോസ് ചെയ്തു നോക്കിയപ്പോഴാണ് കവിയുടെ സംഗീതബോധത്തിന് മുന്നില്‍ നമിച്ചു പോയതെന്ന് സോമശേഖരന്‍ പറയുന്നു. ഗാനം ചിത്ര ഭംഗിയായി പാടുകയും ചെയ്തു. സിനിമയില്‍ പിന്നീട് ഒ എന്‍ വിയുമായി സോമശേഖരന്‍ ഒരുമിച്ചില്ലെങ്കിലും, ധാരാളം സീരിയലുകളില്‍ ഇരുവരും ചേര്‍ന്ന് ശ്രദ്ധേയഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒഎന്‍വിയും സോമശേഖരനും
ഒഎന്‍വിയും സോമശേഖരനും

സംവിധായകനായി സോമശേഖരൻ അരങ്ങേറിയത് ``ഇതും ഒരു ജീവിതം" (1982)എന്ന ചിത്രത്തിൽ. ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു `ജാതകം''. അതിനിടെ നിരവധി ഗാനങ്ങൾക്ക് ട്രാക്ക് പാടി. ജാതകത്തിലെ പാട്ടുകൾ സൂപ്പർ ഹിറ്റായിട്ടും സിനിമയിൽ തന്റെ ജാതകം തെളിഞ്ഞില്ലെന്ന് തമാശയായി പറയാറുണ്ടായിരുന്നു സോമൻ. ആർദ്രം, യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്സ്, അയാൾ, തുരീയം തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൂടി. സിനിമയേക്കാൾ ലളിതഗാന രംഗത്തായിരുന്നു സോമശേഖരന്റെ വിലപ്പെട്ട സംഭാവനകൾ. യുവജനോത്സവ വേദികളിൽ ഇന്നുമുണ്ട് ആ ഗാനങ്ങൾക്ക് ആവശ്യക്കാർ.

സോമശേഖരൻ യാത്രയായിരിക്കാം. പക്ഷെ, കുളിർചന്ദന തൊടുകുറി ചാർത്തി, നാഗഫണത്തിരുമുടിയിൽ പദ്‌മരാഗ മനോജ്ഞമാം പൂതിരുകി നിൽക്കുന്ന ആ സുസ്മിതയ്ക്ക് മലയാളിയുടെ സംഗീത മനസ്സിൽ മരണമില്ല. നമ്മെ എന്നും മോഹിപ്പിച്ചു കൊണ്ടേയിരിക്കും ആ ഗാനം.

logo
The Fourth
www.thefourthnews.in