ആയിരത്തിലൊരുവര്‍, ചരിത്രത്തിലൊരുവന്‍
വെള്ളിത്തിരയില്‍ ആവേശം കൊള്ളിക്കുന്ന ഒരു സിനിമയല്ലായിരുന്നു അത്. മുപ്പത്തൊമ്പത് കൊല്ലം മുന്‍പ് ന്യൂയോര്‍ക്കിലെ ബ്രൂക്കിലിനിലെ ഡൗണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സെന്ററായിരുന്നു മക്കള്‍ തിലകം എംജിആറിന്റെ അപ്പോഴത്തെ ലൊക്കേഷന്‍. പതിവ് സിനിമ ഷൂട്ടിംഗായിരുന്നില്ല. അതെന്ന് മാത്രം. വെള്ളിത്തിരയിലെ വീരനായകന്‍ സിനിമയില്‍ ഒരിക്കലുമഭിനിയിക്കാത്ത റോള്‍. രോഗിയായി 'ആയിരത്തിലൊരുവന്‍'' ആശുപത്രിക്കിടക്കയില്‍ കിടന്നു... ഉലകനായകന്റെ ജീവന്‍ തന്നെ അങ്ങേയറ്റം അപകടാവസ്ഥയിലായിരുന്നു.
'തലൈവര്‍ വാഴ്ക തലൈവര്‍ വാഴ്ക ' എന്ന മുദ്രാവാക്യം അലയടിച്ചു. അത് ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ അവസാന രംഗം പോലെ തോന്നിച്ചു
1984 ഒക്ടോബര്‍ 6 നാണ് കിഡ്‌നി തകരാറിലായ തമിഴ്‌നാട് മുഖ്യമന്ത്രി എംജി രാമചന്ദ്രനെന്ന എംജിആറിനെ അതിവ ഗുരുതരാവസ്ഥയില്‍ മദ്രാസിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രമേഹം ബാധിച്ച് പ്രവര്‍ത്തനരഹിതമായ കിഡ്‌നി പുനര്‍ജ്ജീവിപ്പിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കിഡ്‌നി മാറ്റിവെയ്ക്കണം. ഒരു ദാതാവിനെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. അതിനിടെ അദ്ദേഹത്തിന് പക്ഷാഘാതം വന്നു. സംസാരശേഷി നഷ്ടമാവുകയും വലതു കാലും കൈയ്യും തളരുരുകയും ചെയ്ത് കിടപ്പിലായി.
വാര്‍ത്തയറിഞ്ഞ് തമിഴ് മക്കള്‍ പരിഭ്രാന്തരായി, തങ്ങളുടെ ഏഴെ തോഴന്റെ ജീവന്‍ അപകടത്തില്‍. ആശുപത്രിയിലേക്ക് ജനം ഇരച്ചു കയറി. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെട്ടു. ഒടുവില്‍ കൂടുതല്‍ നല്ല ചികിത്സ കൊടുക്കാന്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേരിട്ടുള്ള നിര്‍ദേശവും ഇതിനുണ്ടായി.
1984 നവംബര്‍ 4 ന്, ഡൗണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ എംജിആറിനെ പ്രവേശിപ്പിച്ചു. ഇന്ത്യയിലപ്പോള്‍ ഒരു നിര്‍ണ്ണായക രാഷ്ട്രീയ സംഭവം നടന്നു കഴിഞ്ഞിരുന്നു. തന്റെ അഭ്യുദയാംകക്ഷിയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി' നാല് നാള്‍ മുന്‍പ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. എം.ജിആര്‍ ഒരിക്കലും അറിയാതെ പോയ വാര്‍ത്തയായിരുന്നു ആ സംഭവം.
നാലു മാസം അമേരിക്കയില്‍ ചികിത്സ നടന്നു. പഴയ നായികനടിയും മൂന്നാമത്തെ ഭാര്യയുമായ വിഎന്‍ ജാനകിയായിരുന്നു കൂടെ. കൂടാതെ മദ്രാസില്‍ നിന്നുള്ള കാര്യനിര്‍വഹണ സംഘം വെറെയും. ഡൗണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ വെച്ച് ഡോ. എനിഫ് ഫ്രീഡ്മാന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒന്നല്ല രണ്ടെണ്ണം. ഒരണ്ണം ദാതാവില്‍ നിന്ന് കിഡ്‌നിയെടുക്കുന്നതും മറ്റേത് രോഗിയില്‍ വെച്ച് പിടിപ്പിക്കുന്നതും. ശരീരം കിഡ്‌നി സ്വീകരിച്ചതോടെ തലൈവര്‍ അപകട നിലയില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക് വന്നു. പക്ഷാഘാത ചികിത്സയിലും ആരോഗ്യം ഭേദപ്പെട്ടു വന്നു. ഇടതു കൈ ഉപയോഗിച്ച് കഷ്ടിച്ച് അക്ഷരമെഴുതാനും ഒപ്പിടാനും കഴിയാമെന്നായി. 'കടലാസില്‍ വിറയ്ക്കുന്ന ഇടത് കൈ കൊണ്ട് എപ്പോഴും എഴുതും' അണ്ണാ നാമം വാഴ്‌കെ '
കിഡ്‌നി ദാതാവ് ആരാണെന്ന് അപ്പോഴൊന്നും. വെളിപ്പെടുത്തിയിരുന്നില്ല. അത് ഒരു അജ്ഞാത ബന്ധു എന്ന് മാത്രം അറിയപ്പെട്ടു. ആ സസ്‌പെന്‍സ് ഈ എംജിആര്‍ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രംഗമായിരുന്നു.
തൃശൂരിലെ ചേലക്കരയില്‍ നിന്നു അതു തുടങ്ങുന്നു. കിഡ്‌നി ദാതാവിനെ അടിയന്തരമായി അമേരിക്കയിലേക്ക് അയക്കാനുള്ള ശ്രമം മദ്രാസില്‍ കൊണ്ടു പിടിച്ചു നടക്കുമ്പോള്‍ എംജിആറിന്റെ ചേട്ടന്‍ എം ജി ചക്രപാണിയുടെ രണ്ട് മക്കള്‍ കിഡ്‌നി നല്‍കാന്‍ തയ്യാറായി. തിരഞ്ഞെടുക്കപ്പെട്ട മകള്‍ തൃശൂര്‍ ചേലക്കരയില്‍ താമസിക്കുന്ന ലീലാവതിയും കൂടെ അനുജന്‍ രാജേന്ദ്രനും അമേരിക്കയിലേക്ക് പറന്നു.
ബി. പോസറ്റീവായ എംജിആറിന്റെ രക്ത ഗ്രൂപ്പായിരുന്നു 35 വയസുകാരി ലീലാവതിയുടെത്. ടിഷ്യൂ മാച്ച് പരീക്ഷണത്തിലും അനുകൂലമായ ലീലാവതിയുടെ കിഡ്‌നി എം.ജി യാറിന്റെതുമായി 92 ശതമാനം യോജിച്ചു. അതോടെ ലീലാവതിയുടെ കിഡ്‌നി മാറ്റിവെയ്ക്കാന്‍ തീരുമാനമായി. ശസ്ത്രക്രിയക്ക് ശേഷം ലീലാവതി ഇളയച്ഛനെ കാണാന്‍ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന ഉപജാപ സംഘം സമ്മതിച്ചില്ല. ഒടുവില്‍ ഡോക്ടര്‍മാര്‍ ഇടപ്പെട്ടാണ് എം.ജിആറിനെ കാണാന്‍ സാധിച്ചത്.
നാല് മാസം കഴിഞ്ഞ് ലീലാവതി തിരികെ തൃശൂര്‍ ചേലക്കരയില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. അവര്‍ പോയതും വന്നതും ആരും അറിഞ്ഞില്ല. ചേലക്കര ആശുപത്രിയില്‍ ഡോക്ടറായ രവീന്ദ്രനാഥാണ് അവരുടെ ഭര്‍ത്താവ്. ഒരു മലയാള ദിനപത്രത്തിന്റെ പ്രതിനിധിയോട് അവര്‍ അമേരിക്കയില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ആ തിരനാടകങ്ങള്‍ പുറംലോകമറിഞ്ഞത്.
കിഡ്നി മാറ്റിവെയ്ക്കുന്നത് ബന്ധത്തിലുള്ളവരുടെതായാല്‍ അപകടമാണെന്ന് ഉപജാപസംഘം പ്രവര്‍ത്തനം തുടങ്ങി. പക്ഷേ, ഡോക്ടര്‍ ഫ്രീഡ്മാന്‍ രക്തബന്ധമുള്ള കിഡ്‌നിയാണ് നല്ലതെന്ന് വിധിച്ചു. ഭാര്യ വി എന്‍ ജാനകിയും , എംജിആറിന്റെ പിന്‍ഗാമിയാകാനുള്ള ശ്രമമാരംഭിച്ചിരുന്ന ധനമന്ത്രി വി ആര്‍ നെടുഞ്ചെഴിയനുമാണ് ഉപജാപ സംഘത്തെ നിയന്ത്രിച്ചിരുന്നത്. മക്കളോ അനന്തരാവകാശികളോയില്ലാത്ത എംജിആര്‍ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചാലോ എന്ന് ഭയന്ന ഈ രണ്ടു പേരും ആരെയും ആശുപത്രിയില്‍ അടുപ്പിച്ചില്ല.
സംസാരശേഷി തിരികെ കിട്ടിയപ്പോള്‍ എംജിആര്‍ ആദ്യം അന്വേഷിച്ചത് ലീല എവിടെ ? എന്നായിരുന്നു. 'എന്നെ കണ്ടപ്പോള്‍ ചെറിയച്ഛന്‍ കരഞ്ഞു.' ലീലാവതി പറഞ്ഞു.
ന്യൂയോര്‍ക്കിലെ തമിഴ് സംഘടന എം.ജിആറിനും സംഘത്തിനും പിന്നിട് സ്വീകരണമൊരുക്കിയപ്പോള്‍ ഇത് ഇതേ പരിപാടിയില്‍ നിന്ന് ലീലാവതിയെ ഒഴിവാക്കി. പക്ഷേ, ഡോ. ഫ്രീഡ്മാന്‍ അതില്‍ ഇടപെട്ടതിനാല്‍ അവരെ കമ്മറ്റിക്കാര്‍ ക്ഷണിച്ചെങ്കിലും സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാതെ ലീലാവതിയും സഹോദരന്‍ രാജേന്ദ്രനും ഇന്ത്യയിലേക്ക് വിമാനം കയറി.
അപ്പോഴേക്കും എംജിആര്‍ ന്റെ പിന്‍ഗാമിയാകാനുള്ള രാഷ്ട്രീയ കളികള്‍ മദ്രാസില്‍ ആരംഭിച്ചിരുന്നു. 'ചെറിയച്ഛനോട് എനിക്ക് തീരാത്ത കടപ്പാടുണ്ട്. ആ കടപ്പാട് സന്തോഷത്തോടെ നിറവേറ്റി . എനിക്ക് അത് മാത്രം മതി. ' ലീലാവതി അന്ന് പറഞ്ഞു. പിന്നിട് ലീലാവതി ചെന്നെയില്‍ സ്ഥിര താമസമാക്കുകയും . 2017 ല്‍ അവര്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുന്‍പ് 71 കാരിയായ ലീലാവതി ചെന്നെയില്‍ വെച്ച് അന്തരിച്ചു.
1984 ഫെബ്രുവരിയില്‍ എംജിആര്‍ ചെന്നെയില്‍ തിരിച്ചെത്തി. വിമാനത്താവളം ജന സമുദ്രമായി മാറി. വിമാനത്തില്‍ നിന്ന് ഇറക്കി ഒരു തുറന്ന വാനില്‍ ഇരുത്തി . വിശാലമായ ഒരു പ്ലാറ്റ്‌ഫോം കെട്ടിപ്പൊക്കി വാന്‍ അതിലേക്ക് ഓടിച്ച കേറ്റിയാണ് തലൈവര്‍ തന്റെ ഏഴെത്തോഴര്‍ക്ക് ദര്‍ശനം നല്‍കിയത്. പ്രസംഗിക്കാന്‍ കഴിയാതെ വികാരവാമയ്‌പ്പോടെ എം.ജി.ആര്‍ തന്റെ കൈ മാത്രം ഉയര്‍ത്തി വീശി.
'തലൈവര്‍ വാഴ്ക തലൈവര്‍ വാഴ്ക ' എന്ന മുദ്രാവാക്യം അലയടിച്ചു. അത് ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ അവസാന രംഗം പോലെ തോന്നിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷം. എംജിആര്‍ തന്റെ പടങ്ങളില്‍ ഒരിക്കലും അഭിനയിക്കാത്ത വേഷമുള്ള ആ രംഗം ഒടുവില്‍ വന്നെത്തി. 1987 ഡിസംബര്‍ 24 ന് പുലര്‍ച്ചെ ചെന്നെയില്‍ വെച്ച് അര നൂറ്റാണ്ട് കാലം ഇടവേളകളില്ലാതെ ഓടിയ എംജിആര്‍ എന്ന വര്‍ണ ചലച്ചിത്രം അവസാനിച്ചു.
തമിഴ് നാടിന്റെ ചരിത്രത്തെ സ്വാധീനിച്ച ഏറ്റവും വലിയ നേതാക്കളും വിഗ്രഹങ്ങളുമായ രാജാജി, കാമരാജ് , അണ്ണാദുരൈ എന്നീ മൂന്ന് നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലമായിരുന്നു എംജിആറിന്റെത്. രാജാജിയുടെ ബുദ്ധിയോ, കാമരാജിന്റെ സ്വാതന്ത്ര്യ സമര പാരമ്പ്യര്യമോ, ആര്യ മേധാവിത്വത്തെ എതിര്‍ത്ത് ദ്രാവിഡ പാരമ്പര്യത്തിലുറച്ച് തമിഴ് ഭാഷയിലൂടെ നേടിയ സ്വാധീനത്തിലൂടെ അധികാരത്തിലേക്ക് എത്തിയ അണ്ണാ ദുരെയുടെ ധീഷണാശക്തിയോ എംജിആറിന് അവകാശപ്പെടാനുണ്ടായിരുന്നില്ല.
അദ്ദേഹം തമിഴനായിരുന്നില്ല മലയാളിയായിരുന്നു. എംജിആര്‍ മരിക്കുന്നതിന് നാല് നാള്‍ മുന്‍പ് വരെ ആദ്യം മിത്രവും പിന്നീട് ആ ജന്മ ശത്രുവായ മുത്തുവേല്‍ കരുണാനിധി തന്റെ സ്ഥിരം വാദം ഉന്നയിച്ചത് ഇതിലൂന്നിയായിരുന്നു. അത് ഇങ്ങനെ: 'തമിഴരെ ഭരിക്കാന്‍ എംജിആര്‍ യോഗ്യനല്ല.'
മലയാളിയായ ഒറ്റപ്പാലം മേനക്കത്ത് ഗോപാല മേനോന്റെയും പാലക്കാട്ട് വടവന്നൂര്‍ മരുതൂര്‍ സത്യഭാമയുടെയും അഞ്ചാമത്തെ മകനാണ് 1917 ജനുവരി 17 ല്‍ ജനിച്ച എംജി രാമചന്ദ്രന്‍. അഥവാ മരുതൂര്‍ ഗോപാല മേനോന്‍ രാമചന്ദ്രന്‍. രണ്ട് സഹോദരിമാരും രണ്ട് സഹോദരന്‍മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ചക്രപാണിയെന്ന സഹോദരന്‍ ഒഴികെ എല്ലാവരും വളരെ നേരത്തെ മരിച്ചു.
പിതാവ് ഗോപാല മേനോന്‍ തൃശൂരില്‍ മജിസ്‌ട്രേട്ട് ആയിരുന്നു. ഒരു കേസിലെ പ്രതി അദ്ദേഹത്തെ അധികാരികളെ സ്വാധീനം ചെലുത്തി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ജോലി രാജി വെച്ച് സിലോണില്‍ പോയി അവിടെ കാന്‍ഡിയില്‍ പ്രിന്‍സിപ്പാളായി . അവിടെയാണ് എംജിയും ചക്രപാണിയും ജനിച്ചത്. ഇതാണ് ചില ജീവിത ചരിത്രകാരന്മാര്‍ എം ജി. ആറിന്റെ ആദ്യ കാലം രേഖപ്പെടുത്തിയത്..
എന്നാല്‍ കേരളത്തില്‍ നടന്ന ഒരു സ്മാര്‍ത്തവിചാരത്തില്‍ ഭ്രഷ്ടനായ ഗോപാല മേനോന്‍ കേരളം വിട്ടു സിലോണിലേക്ക് പോകുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചതും. പിന്നിട് മക്കളെയും കൊണ്ട് സത്യഭാമ മദ്രാസില്‍ തിരിച്ചെത്തുകയും ചെയ്തു. ഇങ്ങനെ സിനിമാ കഥ പോലുള്ള എം.ജി.ആറിന്റെ ഭൂത കാലമാണ് കുറെ കൂടി ശരിയെന്ന് ' എ എം.എന്‍ ചാക്യാരുടെ ' അവസാനത്തെ സ്മാര്‍ത്ത വിചാരം ' (2001)മെന്ന കൃതിയിലെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നു.
ഇതുകൊണ്ടാക്കെയാകാം തന്റെ മലയാള വേരുകള്‍ ജീവിതത്തില്‍ പുറുത്ത് കാണിക്കാന്‍ ഒരിക്കലും താല്‍പ്പര്യപ്പെടാത്ത വ്യക്തിയായിരുന്നു എം.ജി.ആര്‍. മലയാള സംസാരം പോലും പരിമിതമാക്കി.
കുഭകോണത്ത് ഒരു പ്രൈമറി സ്‌കൂളില്‍ ഏതാനും വര്‍ഷം പഠിച്ചതാണ് ആകെയുള്ള വിദ്യഭ്യാസം. ബാക്കിയെല്ലാം ജീവിതാനുഭവങ്ങളിലൂടെ നേടിയതാണ്. മധുരാ ഒറിജിനല്‍ ബോയസ് എന്ന നാടക കമ്പനിയില്‍ ആദ്യം നാടകങ്ങളില്‍ ചെറു വേഷം. 1935 ല്‍ 'സതി ലീലാവതി ' എന്ന ചിത്രത്തിലൂടെ സിനിമയില്‍.
മുത്തുവേല്‍ കരുണാനിധി എഴുതിയ ' മരുതനാട്ട് ഇളവരശി' യിലൂടെ നായക പദവിയിലേക്ക് ഉയര്‍ന്നു. കരുണാനിധി സംഭാഷണം എഴുതിയ ചിത്രങ്ങളിലൂടെയാണ് എംജിആര്‍ താരപദവിയിലേക്കുയര്‍ന്ന് മക്കള്‍ തിലകമാവുന്നത്. ജനപ്രിയ തമിഴ് ചിത്രങ്ങളില്‍ ഏഴകളുടെ കൂടെ നിന്ന് അനീതിയോട് പൊരുതി ജയിക്കുന്ന അതിസുന്ദരനും, ധീരനും, നിത്യ കാമുകനുമായ ജയനായകന്‍ എന്ന പ്രതിച്ഛായ എംജിആറിന് ചാര്‍ത്തിക്കൊടുത്തത് കരുണാനിധി എഴുതിയ പടങ്ങളായിരുന്നു.
തമിഴ് മാസികയായ തുഗ്ലക്കിന്റെ എഡിറ്ററും നടനും രാഷ്ട്രീയ വിമര്‍ശകനുമായ ചോ രാമസ്വാമി എഴുതി. 'നടന്നെന്ന നിലയില്‍ താനൊരു പ്രതിഭാശാലിയായണെന്ന തെറ്റിദ്ധാരണയൊന്നും എംജിആറിന് ഉണ്ടായിരുന്നില്ല. തന്റെ പടത്തിന്റെ തിരകഥകള്‍ തന്നില്‍ നിന്ന് വലിയ അഭിനയ വൈദഗ്ധ്യമൊന്നും ആവശ്യപ്പെടാതിരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചു. ശണ്ഠ, അടിയിടി കുത്ത്, വാള്‍പ്പയറ്റ്, റൊമാന്‍സ്, യുഗ്മഗാനങ്ങള്‍, കണ്ണിരൊഴുക്കുന്ന അതിഭാവുക രംഗങ്ങള്‍ അണ്ണാദുരെയുടെ മഹത്വം വര്‍ണ്ണിക്കല്‍, മാതൃത്വത്തിനോടുള്ള ആരാധന' ഇതായിരുന്നു ഒരു എംജിആര്‍ പടം.''
തമിഴ് നാട്ടിലെ സിനിമാ പ്രേക്ഷകരെ കീഴടക്കാന്‍ ഇതു വഴി അദ്ദേഹത്തിന് കഴിഞ്ഞു. ഈ പ്രതിഛായ എം.ജി.ആര്‍ വൈദഗ്ധ്യത്തോടെ ഉപയോഗിച്ചു.
തമിഴ് മക്കളുടെ മനസ് സിനിമയിലൂടെ സമ്മൂലം കീഴടക്കിയ തമിഴനല്ലാത്ത മറ്റ് രണ്ടുപേരുണ്ട്. മലയാളിയായ പുരശ്ചിത ലൈവര്‍ എംജിആറും കര്‍ണ്ണാടകക്കാരനായ സ്റ്റെല്‍ മന്നന്‍ രജനികാന്തും .
എംജിആര്‍ ആരേയും വിശ്വസിച്ചില്ല. തന്റെ മന്ത്രിമാരെയും പ്രതിപക്ഷാംഗങ്ങളെയും ഒരേ പോലെ സംശയത്തിന്റെ നിഴലില്‍ നിരീക്ഷിച്ചു. രോഗാവസ്ഥയിലും പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല
തമിഴ് സംസ്‌കാരം സംരക്ഷിക്കുന്നതില്‍ താല്‍പ്പര്യവും കഴിവും എംജിആറിനുണ്ടെന്ന ധാരണ സാധാരണക്കാരായ തമിഴരുടെ ഹൃദയത്തില്‍ സൃഷ്ടിച്ചു നിലനിറുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തമിഴ് സിനിമാ ലോകത്തിന്റെ താരാരാധന നേടിയ കാര്യത്തില്‍ എംജിആറിനെ മറികടക്കാന്‍ അക്കാലത്ത് ആര്‍ക്കും കഴിഞ്ഞില്ല.
തമിഴരദ്ദേഹത്തെ ' വാദ്ധ്യാര്‍' എന്ന് വിളിച്ചു. തമിഴ്നാട്ടില്‍ തിയറ്ററില്‍ ഒരു പടത്തില്‍ വാള്‍ പയറ്റ് നടന്നു കൊണ്ടിരിക്കെ എംജിആറിന്റെ കയ്യില്‍ നിന്ന് വാള്‍ തെറിച്ച് പോയി. സെക്കന്റുകള്‍ക്കുള്ളില്‍ ഒരു കത്തി സ്‌ക്രീനില്‍ വന്നു വീണു. പിന്നാലെ ഒരു അലര്‍ച്ചയും' ഇതാ വാദ്ധ്യാരെ , അറന്തിടവനെ ' കലി മൂത്ത ആരാധകന്‍ സ്‌ക്രീനിലേക്ക് ചാടിക്കേറിയതിനാല്‍ പ്രദര്‍ശനം അല്‍പ്പ സമയം നിറുത്തി വെയ്ക്കണ്ടി വന്നു.
രാമുകാര്യാട്ടിന്റെ ചെമ്മീനിലെ പളനിയായ സത്യന്‍ കടലില്‍ സ്രാവുമായുള്ള പോരാട്ടത്തില്‍ അവസാനം കടലില്‍ മറയുന്ന രംഗം കണ്ട് ഒരു തമിഴ് പ്രേക്ഷകന്‍ പറഞ്ഞത് ഇങ്ങനെ 'അന്ത സീനില്‍ വാദ്ധ്യാര്‍ ഇരുന്താല്‍ പോട്ടു തള്ളിടും'.
ചില പ്രശസ്ത സംവിധായകര്‍ അവരുടെ ചിത്രങ്ങളിലെ നായകന്‍ എംജിആര്‍. ഫോട്ടോകള്‍ക്ക് മുന്‍പില്‍ കൈ കൂപ്പുന്നതും എംജിആര്‍ പടങ്ങളിലെ ഗാനങ്ങളോ ഡയലോഗോ ഉദ്ധരിക്കുന്നതും ചിത്രത്തില്‍ ഉള്‍പ്പെടുത്തി.. ആ രംഗം വന്നാല്‍ സെക്കന്റില്‍ തിയറ്ററില്‍ കനത്ത കരഘോഷമുയരും . 1990 കള്‍ വരെ തമിഴ് സിനിമയെ സ്വാധീനിച്ചിരുന്നുവെന്ന് തെളിയിക്കുന്ന എംജിആര്‍ ഇഫക്റ്റാണത്.
1973 ല്‍ ഈജിപ്റ്റ് സന്ദര്‍ശിച്ച എംജിആര്‍ മണലാര്യണ്യത്തിലെ കുറ്റന്‍ പൗരാണിക സ്ഫിംങ്സ് പ്രതിമയും പിരമിഡും കണ്ടപ്പോള്‍ പറഞ്ഞു. 'ഇങ്കെ ഷൂട്ട് പണ്ണമാട്ടെ ! സെറ്റ് പോതും' ഇവിടെ ചിത്രീകരിച്ചാലും മദ്രാസില്‍ സെറ്റിട്ട് ചെയ്താലും ഒരേ ചിലവാണ്. അതിനാല്‍ മദ്രാസില്‍ തന്റെ സ്റ്റുഡിയോവില്‍ സെറ്റ് ഇട്ട് ഷൂട്ട് ചെയ്യാം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. സ്ഫിംങ്സ് പ്രതിമയും പിരമിഡും - ആ ലോകാത്ഭുതങ്ങള്‍ മറ്റൊരു വിധത്തില്‍ ഒരു താല്‍പ്പര്യവും അദ്ദേഹത്തില്‍ സൃഷ്ടിച്ചില്ല കാരണം സിനിമ മാത്രമായിരുന്നു. അദേഹത്തിന്റെ ജീവശ്വാസം.
ചലച്ചിത്ര രംഗത്ത് നിന്ന് നായകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അവിടെയും പ്രബലനായ ജനനായകനായ സിനിമാ ഹീറോ ആണ് എംജിആര്‍. ചരിത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗന്‍ മാത്രമേ ഈ കാര്യത്തില്‍ എംജിആറിന് മുന്‍പിലുള്ളൂ.
ചലച്ചിത്ര രംഗത്ത് നിന്ന് നായകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അവിടെയും പ്രബലനായ ജനനായകനായ സിനിമാ ഹീറോ ആണ് എംജിആര്‍
1950 ലാണ് ആദ്യം കോണ്‍ഗ്രസ് അനുഭാവിയായിരുന്ന എംജിആര്‍ അണ്ണാദുരെയുമായി അടുക്കുന്നത്. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ബ്രാഹ്‌മണ മേധാവിത്വത്തിനെതിരെ ദ്രാവിഡ സ്വപ്നവുമായി സിഎന്‍ അണ്ണാദുരെ തമിഴ് നാട് കീഴടക്കിയ കാലം.
പാര്‍ട്ടി യോഗങ്ങളില്‍ എംജിആര്‍ സ്ഥിരമായി പങ്കെടുക്കാന്‍ തുടങ്ങിയതോടെ വാത്തിയാരെ കാണാന്‍ ജനം ഇരച്ചെത്തി. ബുദ്ധിമാനായ അണ്ണാദുരൈ ഇത് ഉപയോഗിച്ചു പാര്‍ട്ടിയില്‍ ആളെക്കൂട്ടി. തന്റെ രണ്ട് കണ്ണുകള്‍ എന്നാണ് പാര്‍ടി സമ്മേളനങ്ങളില്‍ ഇടതും വലതും ഇരുന്ന എംജിആറിനേയും കരുണാനിധിയെയും അണ്ണാദുരെ വിശേഷിപ്പിച്ചത്.
വെള്ളിത്തിരയ്ക്ക് പുറത്ത് എംജിആറിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ട തമിഴ് മക്കള്‍ അദ്ദേഹത്തെ ദൈവമായി കണക്കാക്കാന്‍ തുടങ്ങി. തമിഴ് നാട്ടില്‍ അനാഥാലയങ്ങളും വയോജന മന്ദിരങ്ങളും ആരംഭിച്ച എംജിആര്‍ സാധാരണ തമിഴരുടെ പ്രത്യക്ഷ ദൈവമായി മാറി.
ഈ രാഷ്ട്രീയ താരോദയം ആദ്യം തന്നെ പ്രഖ്യാപിച്ചത് അണ്ണാദുരെയായിരുന്നു ''എംജിആറിന്റെ മുഖം കണ്ടാല്‍ 40,000 വോട്ട് ഉങ്കള്‍ക്ക് ജനം തരും. അവന്‍ സംസാരിച്ചാല്‍ വോട്ട് നാല് ലക്ഷമാകും' എംജിആര്‍ രസികര്‍ മന്‍ട്രങ്ങള്‍ വളരുന്നതുണ്ട് (ഫാന്‍ ക്ലബ്) അദ്ദേഹം പറഞ്ഞു.
പിന്നീട് അണ്ണാ ദുരെയുടെ മരണശേഷം ഏറെ താമസിയാതെ ആത്മമിത്രങ്ങളായ എംജിആര്‍ കരുണാനിധി ദ്വയം എന്നെന്നേക്കുമായി വേര്‍പിരിഞ്ഞു ആജന്മ ശത്രുക്കളായി. 1977 ല്‍ ഇലക്ഷനില്‍ കരുണാനിധിയെയും പാര്‍ട്ടിയേയും തറപറ്റിച്ച് മുഖ്യമന്ത്രിയായ എംജിആര്‍ അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി നാട്ടി.
പാവങ്ങളുടെ കണ്ണിരൊപ്പുന്ന എഴെത്തോഴന്റെ രാഷ്ട്രീയത്തിലെ ഇമേജ് ചലചിത്രനടനായ മക്കള്‍ തിലകത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഏറെ വൈരുദ്ധ്യങ്ങളും ഉണ്ട്. ''ആര്‍ക്കും പിടികിട്ടാത്ത ഒരു വ്യക്തിത്വമായിരുന്നു രാഷ്ട്രീയക്കാരനും മുഖ്യമന്ത്രിയുമായ എജിആര്‍. തന്റെ മാരകമായ രോഗാവസ്ഥ അംഗീകരിക്കാന്‍ വിസമ്മതിച്ച എംജിആര്‍ ആരേയും വിശ്വസിച്ചില്ല. തന്റെ മന്ത്രിമാരെയും പ്രതിപക്ഷാംഗങ്ങളെയും ഒരേ പോലെ സംശയത്തിന്റെ നിഴലില്‍ നിരീക്ഷിച്ചു. രോഗാവസ്ഥയിലും പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
കരുണാനിധിയുമായുള്ള രാഷ്ട്രീയ പോരാട്ടം തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറ്റവും മോശപ്പെട്ട അദ്ധ്യായങ്ങളിലൊന്നായിരുന്നു.'' എംജിആര്‍ എ ലൈഫ് എന്ന ജീവചരിത്രത്തില്‍ ആര്‍. കണ്ണന്‍ എഴുതി. തമിഴ്‌നാട്ടില്‍ കൃഷിയോ വ്യവസായമോ. വളര്‍ത്തുന്നതിന് തന്റെ മുന്‍ഗാമിയായ കാമരാജ് ചെയ്ത പരിശ്രമങ്ങളൊന്നും എംജിആര്‍ തന്റെ ഭരണത്തില്‍ ചെയ്തില്ല. എന്നാല്‍ 1982 ല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമെത്തിക്കുന്ന പരിപാടി 'സത്തുണവുതിട്ടം' എംജിആര്‍ നടപ്പിലാക്കിയത് തമിഴരുടെ ദാരിദ്ര്യം അകറ്റാന്‍ കഴിഞ്ഞില്ലെങ്കിലും വിശപ്പെങ്കിലും അകറ്റി.
84 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെട്ട, വര്‍ഷത്തില്‍ 200 കോടി ചിലവിടുന്ന ഈ പദ്ധതി ഗ്രാമങ്ങളിലെ വൃദ്ധര്‍ക്കും നിരാശ്രയര്‍ക്കും ആശ്വാസം നല്‍കി. കൂടാതെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതി. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി പാല്‍പ്പൊടി നല്‍കല്‍ ഇവയൊക്കെ സാധാരണക്കാരുടെ മനസില്‍ എംജിആര്‍ എന്ന ദൈവം കുടികൊള്ളുന്ന സംഭവങ്ങളായി നില നിന്നു.
ഇന്ത്യയിലാദ്യമായി വിഘടന വാദം ഉയര്‍ന്ന പ്രദേശങ്ങളൊന്നായ തമിഴ്‌നാട്ടില്‍ ഇന്ത്യക്ക് തലവേദനയാവുകയും പിന്നിട് ഒരു പ്രധാനമന്ത്രിയുടെ വധത്തിന് കാരണമായ തമിഴ് തീവ്രവാദ സംഘടന എല്‍ടിടിഇ എം.ജി.യാറിന്റെ ആശിര്‍വാദ അനുഗ്രഹങ്ങളോടെയാണ് പ്രഭാകരന്‍ ആദ്യ ഘട്ടത്തില്‍ വളര്‍ത്തിയെടുത്തത്. മറ്റ് തമിഴ് തീവ്രവാദ സംഘടനകള്‍ക്കൊന്നും കിട്ടാത്ത പരിഗണന ചെന്നെയില്‍ എംജിആര്‍ വേലുപിള്ള പ്രഭാകരന് നല്‍കി.
1984 ല്‍ കോടികള്‍ കറന്‍സി നോട്ടുകളായി എം.ജി.ആര്‍ നല്‍കിയത് ഉപയോഗിച്ചാണ് ആദ്യ ഘട്ടത്തില്‍ സംഘടന ആയുധങ്ങളും യൂണിഫോമും വാങ്ങിയതെന്ന് എല്‍ടിടിഇ സൈദ്ധാന്തികന്‍ അന്റണ്‍ ബാല സിങ്കം വെളിപ്പെടുത്തിയിരുന്നു. തമിഴ് നാട് മുഖ്യമന്ത്രിയോടൊത്ത് പ്രാതല്‍ കഴിക്കുന്നതു വരെയുണ്ടായിരുന്നു പ്രഭാകരന്റെ എംജിആര്‍ ബന്ധം .
പിന്നീട് നടന്ന സംഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറച്ചു. അത് കാണാന്‍ തമ്പി പ്രഭാകരന്റെ അണ്ണന്‍ ജീവനോടെ ഉണ്ടായില്ലെന്ന് മാത്രം. ഒരു നോട്ടം കൊണ്ട് ലക്ഷങ്ങളെ ചലിപ്പിക്കാന്‍ കഴിയുന്ന എം ജി ആര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറി.
ആയിരത്തിലൊരുവനല്ല ചരിത്രത്തില്‍ തന്നെ ഒരുവനായിരുന്നു എംജിആര്‍. 'തമിഴ് മക്കള്‍ അവനെ ദൈവമെന്ന് വിളിച്ചു'.