ഗവർണർ പദത്തിലെ ഇരുപതാം മലയാളി, എഴുത്തുകാരൻ, ആശയ ഗംഭീരൻ; സിവി ആനന്ദബോസ് ബഹുമുഖ പ്രതിഭ
മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ സി വി ആനന്ദബോസിനെ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിച്ചിരിക്കുകയാണ് രാഷ്ട്രപതി. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദ ബോസിനെക്കുറിച്ച് കൂടുതലറിയാം.
ഗവര്‍ണറാകുന്ന ഇരുപതാമത്തെ മലയാളി
മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്ന സി വി ആനന്ദബോസ് ഗവര്‍ണറാകുന്ന ഇരുപതാമത്തെ മലയാളിയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ആനന്ദബോസ്. നേരത്തെ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായിരുന്നു. പി എസ് ശ്രീധരന്‍ പിള്ള ഇപ്പോഴത്തെ ഗോവ ഗവര്‍ണറാണ്. ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് സി വി ആനന്ദബോസ് പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിതനായിരിക്കുന്നത്.
ജില്ലാ കളക്ടര്‍ മുതല്‍ ചീഫ് സെക്രട്ടറി പദം വരെ
1977 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായ ആനന്ദബോസ് ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ആഡീഷണല്‍ ചീഫ് സെക്രട്ടറിയായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു ആനന്ദബോസ് വിരമിച്ചത്. ശ്രീപദ്മനാഭ ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു സി വി ആനന്ദബോസ്. യു എന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവായിരുന്നു.
ചെലവ് കുറഞ്ഞ വീടുകൾ കേരളത്തിൽ വ്യാപകമാക്കിയ നിർമിതി കേന്ദ്രത്തിനു പിന്നിലെ ആശയം ആനന്ദബോസിന്റേത് ആണ്. 1989-ഇൽ സ്ഥാപിച്ച നിർമിതി കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടറും അദ്ദേഹമാണ്
2019 ല്‍ ബിജെപി പ്രവേശം
2019 ഫെബ്രുവരിയിലായിരുന്നു ആനന്ദബോസിന്റെ ബിജെപി പ്രവേശം. പാലക്കാട്ടെ കോട്ടമൈതാനത്തില്‍ ചേര്‍ന്ന ബിജെപി പൊതുസമ്മേളനത്തില്‍ വെച്ച് മുന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായില്‍ നിന്നായിരുന്നു ആനന്ദബോസ് അംഗത്വം സ്വീകരിച്ചത്. ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ആനന്ദബോസിന്റെ ബിജെപി പ്രവേശം. അഴിമതിരഹിതവും വികസന ഭരിതവുമായ ഭരണത്തില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു ആനന്ദബോസിന്റെ പ്രതികരണം.
1951 ജനുവരി രണ്ടിന് കോട്ടയം മാന്നാനത്താണ് സി.വി ആനന്ദബോസിന്റെ ജനനം. നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 40 പുസ്തകങ്ങള്‍ ആനന്ദബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.