എംടി
എംടി

ചതിയൻ ചന്തുവിനെ നായകനാക്കി, ആൾക്കൂട്ടത്തിൽ തനിയെ നടന്ന മനുഷ്യൻ; ഇന്ന് എംടിക്ക് പിറന്നാള്‍

അക്ഷരങ്ങള്‍ കൊണ്ട് നാലുകെട്ടു പണിത മലയാള സാഹിത്യ ലോകത്തിന്റെ പെരുന്തച്ചന്‍
Published on

ആള്‍ക്കൂട്ടത്തിലൂടെ തനിയെ നടന്ന മനുഷ്യന്‍, ചരിത്രം ചതിയനെന്നു വിളിച്ച ചന്തുവിനെ നായകനാക്കിയ , പുരാണങ്ങളില്‍ രൗദ്രഭാവം പൂണ്ട ഭീമനെ കാമുകനാക്കിയ, അക്ഷരങ്ങളാല്‍ നാലുകെട്ടു പണിത മലയാള സാഹിത്യ ലോകത്തെ പെരുന്തച്ചന്‍... പ്രിയപ്പെട്ട എം ടി! ഒരു ഞൊടി പോലും തളരാതെ, തൂലികയിലും പറയുന്ന വാക്കുകളിലും കരുത്തും വ്യക്തിത്വവും തുറന്നു കാട്ടുന്ന മനുഷ്യന് ഇന്ന് എണ്‍പത്തിയൊന്‍പതാം പിറന്നാള്‍.

ഓരോ കാലഘട്ടത്തിന്റെയും സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ എംടിയുടെ രചനകള്‍ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. അരനൂറ്റാണ്ടിലധികമായി ഒരു നാടിന്റെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മണ്ഡലങ്ങളില്‍ കഥാകൃത്തായും നോവലിസ്റ്റായും തിരക്കഥാകൃത്തായും സംവിധായകനായും നാടകകൃത്തായും മാധ്യമപ്രവര്‍ത്തകനായും ഇളക്കംതട്ടാതെ നില്‍ക്കുന്ന വ്യക്തിത്വം. 'ഏകാകികളുടെ ശബ്ദം' മുഴക്കി അയാള്‍ വായനക്കാരെ മുഴുവന്‍ തന്നോട് ചേര്‍ത്തുകെട്ടി.

ബന്ധങ്ങളും ബന്ധനങ്ങളും പലപ്പോഴും വഴിപോക്കരെപ്പോലെ എംടിയുടെ എഴുത്തുകളിലൂടെ കടന്നുപോയി. ദൃശ്യഭംഗിയാണ് എംടി കൃതികളുടെ കാതല്‍. ജനിച്ചു വളര്‍ന്ന കൂടല്ലൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ നിന്നാണ് എംടി തന്റെ മിക്കവാറും കഥാപാത്രങ്ങളെയും കഥാതന്തുക്കളെയും കൂടെക്കൂട്ടിയത്. പാലക്കാട്ടെ നാട്ടിന്‍പുറങ്ങളും വിതയും കൊയ്ത്തും അമ്പലങ്ങളും നാലുകെട്ടും കുന്നിന്‍പുറങ്ങളും കുളിക്കടവുകളുമൊക്കെ കാലം, അസുരവിത്ത്, നാലുകെട്ട്, കുട്ട്യേടത്തി, എന്നിവയിലൊക്കെ കൊളുത്തി വച്ചിട്ടുണ്ട് അദ്ദേഹം. അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ തൻ്റെ നിളയെ സ്നേഹിച്ച, മനുഷ്യൻ്റെ കഥാകാരൻ.

എംടി
എംടി

മാതൃഭൂമിയുടെ ചെറുകഥാ മത്സരത്തിനു വേണ്ടി ' വളര്‍ത്തുമൃഗങ്ങള്‍' എഴുതിയ വാസുവില്‍ നിന്ന് എംടി എന്ന ഇതിഹാസമായി മാറിയപ്പോൾ പിന്നിട്ട വഴികളിലെല്ലാം തൻ്റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചു ആ വിശ്വമലയാളി. ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമാ സംവിധാനത്തിന് സ്വര്‍ണപ്പതക്കവും നേടി തൊട്ടതെല്ലാം പൊന്നാക്കി ആ മനുഷ്യന്‍.

നാട് മാത്രമല്ല എംടിയുടെ ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം അദ്ദേഹം തന്റെ എഴുത്തില്‍ വരച്ചിടുന്നു. ജന്മിത്തത്തിന്റെ അവസാനകാലത്താണ് എംടിയുടെ ജനനം. കാലക്രമേണ ഫ്യൂഡലിസം തകര്‍ച്ചയിലേക്ക് പോകുന്നതും എംടിയുടെ കണ്മുന്നിലാണ്. ജന്മിത്തത്തിന്റെ തിക്താനുഭവങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോയ ബാല്യമാണ് 'നാലുകെട്ടി'ലെ അപ്പുണ്ണിയുടേത്. നോവലിന്റെ അവസാനം അപ്പുണ്ണി ആ നാലുകെട്ട് വിലക്കു വാങ്ങി അതിനെ തകര്‍ക്കാന്‍ ആലോചിക്കുമ്പോള്‍ അവിടെ ഫ്യൂഡലിസത്തിന്റെ പതനത്തിനു കൂടി നമ്മള്‍ സാക്ഷികളാവുന്നു.

' സേതൂന് എന്നും ഒരാളോട് മാത്രേ ഇഷ്ടുണ്ടായിരുന്നുള്ളു... സേതൂനോട് മാത്രം '
എംടി -കാലം

നിളയോട് അഗാധമായ പ്രണയമാണ് എംടിക്ക്. നിളയെ പോലെ അനന്തമായ ഒഴുക്കിലാണ് അദ്ദേഹം. ഇടയ്‌ക്കെവിടെ വച്ചെങ്കിലും തട്ടിത്തെറിക്കുമ്പോള്‍ ശാന്തത കൈവെടിഞ്ഞ് അയാള്‍ രോഷം കൊള്ളുന്നു. എംടിയുടെ കഥാപാത്രങ്ങളിലും ആ ഭാവവ്യത്യാസങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ കാണാം. മഹാഭാരതത്തിലെ ഭീമനില്‍ നിന്ന് ഒരുപാട് അന്തരമുണ്ട് രണ്ടാമൂഴത്തിലെ ഭീമന്. ദ്രൗപദിക്കു വേണ്ടതെല്ലാം നല്‍കിയിട്ടും അവളുടെ സ്‌നേഹത്തിന് രണ്ടാമൂഴത്തിനായി കാത്തുനില്‍ക്കേണ്ടി വരുന്ന ഭീമന്‍ മനുഷ്യമനസ്സിൻ്റെ സങ്കീർണതകളെയും നിസ്സാഹയതകളെയും മനസ്സിലാക്കാനുള്ള കഥാകാരൻ്റെ അത്ഭുതപ്പെടുത്തുന്ന കഴിവിൻ്റെ ദർശനമാണ്

കാലത്തിന്റെ സങ്കീര്‍ണതകളെ സേതുവിലൂടെ എംടി നമ്മളിലേക്കും പകര്‍ന്നു. പലപ്പോഴും സേതുവിന്റെ കൂടെ അല്ലെങ്കില്‍ സേതുവിനെ പോലെ തനിയെ നടന്നു. കാലം ഒരു കടലാണ്, കൗമാരം മുതല്‍ യൗവ്വനം വരെ സേതു എന്ന മനുഷ്യന്റെ ഉയര്‍ച്ച താഴ്ച്ചകളെ, എംടി ആ ഒഴുക്കിനനുസരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിന്റെ മറുകര പറ്റാന്‍ കൊതിക്കുന്ന മനുഷ്യന്റെ സ്വത്വത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ' കാലം '.

'സേതൂന് എന്നും ഒരാളോട് മാത്രേ ഇഷ്ടമുണ്ടായിരുന്നുള്ളു… സേതൂനോട് മാത്രം '

നമ്മളെ മാത്രം സ്‌നേഹിക്കുന്ന നമ്മെ 'കാല'ത്തോട് ചേര്‍ത്തുവയ്ക്കാന്‍ എംടിക്ക് ഈ ഒരു വരി മാത്രം മതിയായിരുന്നു.

തണുത്തുറഞ്ഞൊരു കാത്തിരിപ്പാണ് 'മഞ്ഞ്'. എംടിയെപ്പോലെ മൗനിയാണ് വിമല. നോവലിസ്റ്റ് എഴുത്തുകളിലൂടെ സംസാരിക്കുമ്പോള്‍ വിമല ഓര്‍മകളിലൂടെ വാചാലയാവുന്നു. ഒരിക്കലും തിരിച്ചു വരാത്ത തന്റെ കാമുകനായ സുധീര്‍കുമാര്‍ മിശ്രയെ കാത്തിരിക്കുന്ന വിമല, സീസണില്‍ വരുന്ന ടൂറിസ്റ്റുകളുടെ ഇടയില്‍ ഇതുവരെ കാണാത്ത പിതാവിനെ കാത്തിരിക്കുന്ന ബുദ്ധു, മരണത്തെ കാത്തിരിക്കുന്നതിനിടയിലും സൗഹൃദങ്ങള്‍ തിരയുന്ന സര്‍ദാര്‍ജിയും വായനക്കാരന്റെ മനസിനെ കൊളുത്തി വലിക്കുന്നു. 'വരും..., വരാതിരിക്കില്ല...' എന്ന പ്രതീക്ഷയുടെ മുനമ്പിനറ്റത്ത് കെട്ടിയിടപ്പെട്ട മനുഷ്യര്‍ എംടിക്ക് എന്നും പ്രിയപ്പെട്ടവരാണല്ലോ. മഞ്ഞ് പെയ്‌തൊഴിയുമ്പോള്‍ ബാക്കിയാവുന്നത് കഥാപാത്രങ്ങള്‍ മാത്രമല്ല മനുഷ്യ മനസിന്റെ മരവിപ്പിനെ സൗന്ദര്യത്താല്‍ മൂടിപ്പുതയ്ക്കുന്ന നൈനിറ്റാള്‍ കൂടിയാണ്.

ആറു സിനിമകള്‍ സംവിധാനം ചെയ്ത എംടിക്ക് ആദ്യ ചിത്രമായ നിര്‍മാല്യത്തിന് സ്വര്‍ണപ്പതക്കം ലഭിച്ചു. എഴുത്തുകാരന്‍ സംവിധായകനിലേക്ക് പരകായ പ്രവേശം ചെയ്തപ്പോള്‍, മലയാളിക്ക് ലഭിച്ചത് ഒട്ടേറെ നല്ല സിനിമകള്‍.

1965ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എംടി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, വൈശാലി, നഖക്ഷതങ്ങള്‍, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. ആറു സിനിമകള്‍ സംവിധാനം ചെയ്ത എംടിക്ക് ആദ്യ ചിത്രമായ നിര്‍മാല്യത്തിന് രാഷ്ട്രപതിയുടെ സ്വർണ പതക്കം ലഭിച്ചു. എഴുത്തുകാരന്‍ സംവിധായകനിലേക്ക് പരകായ പ്രവേശം ചെയ്തപ്പോള്‍, മലയാളിക്ക് ലഭിച്ചത് ഒട്ടേറെ നല്ല സിനിമകള്‍.

നിര്‍മാല്യം മലയാളത്തിലെ വേറിട്ട ഒരു ക്ലാസിക് ആണ്. ദേവി വിഗ്രഹത്തിന് നേരെ കാർക്കിച്ചു തുപ്പുന്ന, വാൾ വലിച്ചെറിയുന്ന വെളിച്ചപ്പാടിനെ ഇന്നാണ് എംടി ചിത്രീകരിക്കുന്നതെങ്കിൽ എന്താവുമായിരുന്നു അവസ്ഥയെന്ന് വർത്തമാനകാല രാഷ്ട്രീയ അന്തരീക്ഷത്തിൽ ചിന്തിക്കാൻ പോലും കഴിയില്ല.

നിര്‍മാല്യം
നിര്‍മാല്യം

എംടി എന്ന രണ്ടക്ഷരത്തില്‍ ഒരുപാട് തലമുറകളെ ഒതുക്കി വയ്ക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്‍റെ അസാധാരണത്വമാണ്. ഒരുപക്ഷേ പലപ്പോഴും അയാള്‍ ഉറക്കെ ചിരിക്കാന്‍ മറന്നിരിക്കാം. എന്നാല്‍ എഴുത്തില്‍ നിറയെ ചിരിയും സ്‌നേഹവും പ്രണയവും വാത്സല്യവും പകരാന്‍ എം ടി മറന്നിട്ടില്ല.

പലപല ജീവിതങ്ങൾ പല രീതിയിൽ പറഞ്ഞ എംടി സ്വന്തം കഥ പറയുമോ? വ്യക്തമായ മറുപടി എംടിയിൽനിന്നുണ്ടായിട്ടില്ല.

പലപല ജീവിതങ്ങൾ പല രീതിയിൽ പറഞ്ഞ എംടി സ്വന്തം കഥ പറയുമോ? വ്യക്തമായ മറുപടി എംടിയിൽനിന്നുണ്ടായിട്ടില്ല. പരമ്പരാഗത രീതിയിലുള്ള ആത്മകഥ ഉണ്ടാവില്ലെന്ന് പറഞ്ഞ എംടി, ജീവിതാംശങ്ങൾ രചനകളിലുണ്ടെന്നും ഇല്ലാത്തവ ഓർമ്മക്കുറിപ്പുകളായി ഉണ്ടെന്നും മാത്രമാണ് പറഞ്ഞത്. മലയാള സാഹിത്യത്തിൽ ഇനി എംടി സ്പർശം ഇല്ലാത്ത ഏക ശാഖ ആത്മകഥ വിഭാഗം മാത്രമായിരിക്കും.

logo
The Fourth
www.thefourthnews.in