എം ടി വാസുദേവന്‍ നായർ
എം ടി വാസുദേവന്‍ നായർ

ഇതിഹാസപാത്രങ്ങളെ മനുഷ്യരാക്കിയ എഴുത്തുകാരന്‍

മനുഷ്യന്റെ നൊമ്പരങ്ങളും വിഹ്വലതകളും ദേവഭാവമുള്ള ഇതിഹാസ കഥാപാത്രങ്ങളെ എം ടി ഭൂമിയിലേക്ക് കൊണ്ടുവന്നു. രണ്ടാമൂഴത്തിലെ ഭീമനും വടക്കന്‍ വീരഗാഥയിലെ ചന്തുവും, പെരുന്തച്ചനും അങ്ങനെ മനുഷ്യരായി
Updated on
2 min read

അമാനുഷികതയുടെയും അമാനവികതയുടെയും ചുറ്റുവട്ടങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രങ്ങളെ മനുഷ്യരുടെ വൈകാരികതകളുടെ ഭൂമികയിലേക്ക് മാറ്റുകയായിരുന്നു എംടി തന്റെ വിഖ്യാത സൃഷ്ടികളിലൂടെ. ഇതിഹാസ പാത്രങ്ങള്‍ മനുഷ്യരായപ്പോള്‍, പാടിയും പറഞ്ഞും കേട്ട കഥകള്‍ക്ക് മറുഭാഷ്യങ്ങളായി. പണ്ഡിതരും സാധാരണക്കാരും ഒരു പോലെ അത് ഏറ്റെടുത്തു. മനുഷ്യന്റെ നൊമ്പരങ്ങളും വിഹ്വലതകളും ദേവഭാവമുള്ള ഇതിഹാസ കഥാപാത്രങ്ങളെ ഭൂമിയിലേക്ക് കൊണ്ടുവന്നു. രണ്ടാമൂഴത്തിലെ ഭീമനും വടക്കന്‍ വീരഗാഥയിലെ ചന്തുവും, പെരുന്തച്ചനും അങ്ങനെ മനുഷ്യരായി. സാധാരണക്കാരന്റെ വൈകാരിക ഭാവങ്ങള്‍ വിളക്കിച്ചേര്‍ത്ത് ഇതിഹാസപാത്രങ്ങളെ മാനുഷിക തലത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അവര്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു

തച്ചുശാസ്ത്രത്തിന്റെ കാണാക്കയങ്ങളില്‍ തേച്ചുമിനുക്കിയ ഉളിയുമായി അത്ഭുതങ്ങള്‍ സൃഷ്ടിച്ച പെരുന്തച്ചന്‍. 'പറയിപെറ്റ പന്തിരുകുല'ത്തിലെ പെരുന്തച്ചന് കാലം നല്‍കിയത് 'പുത്രഘാതകന്‍' എന്ന പേരായിരുന്നു. മകന്‍ തന്നെക്കാള്‍ ഉയരത്തിലെത്തുന്നു എന്ന ബോധ്യത്തില്‍ നിന്ന് ഉടലെടുത്ത ഈഗോ അയാളെ കൊലപാതകിയാക്കുന്നു.

എല്ലാത്തിലും നന്മ മാത്രം കാണുന്ന എംടിക്ക് പെരുന്തച്ചനെ അത്രവേഗം കൈയൊഴിയാന്‍ കഴിഞ്ഞില്ല. ഒരു പ്രാദേശിക മിത്തില്‍, അസൂയ കൊണ്ട് മകനെ വീതുളി എറിഞ്ഞുകൊന്ന പിതാവിനെ എംടി നായകനാക്കി. എംടിയിലൂടെ പെരുന്തച്ചന്‍ പുനര്‍ജ്ജനിച്ചു. മകനായ കണ്ണന്റെ ബുദ്ധിയും സാമര്‍ത്ഥ്യവും തച്ചനില്‍ അസൂയ ഉണ്ടാക്കിയില്ല എന്നല്ല, അതിനുമപ്പുറം രാജാവിന്റെ അഭിമാനം സംരക്ഷിക്കാനായി മകനു നേരെ ഉളിയെറിയുന്ന ഒരു രാജഭക്തനാക്കിയാണ്‌ എംടി, പെരുന്തച്ചന് പുത്രഘാതക പ്രതിച്ഛായയില്‍നിന്ന് മോചനം നല്‍കിയത്. തിലകനിലൂടെ പെരുന്തച്ചനെ ദൃശ്യവല്‍ക്കരിച്ചപ്പോള്‍ മലയാളിക്ക് പെരുന്തച്ചന്‍ തിലകനായി.

പെരുന്തച്ചന്‍
പെരുന്തച്ചന്‍

പുരാണങ്ങളില്‍ പെരുന്തച്ചന്‍ അമാനുഷികനാണ്. എന്നാല്‍ എംടിയുടെ രാമന്‍ പെരുന്തച്ചനായപ്പോള്‍ ആ അസാധാരണത്വം എങ്ങോ പോയി. അയാളില്‍ പ്രണയവും, കാമവും, ക്രോധവുമെല്ലാം ഒരുപോലെ സമ്മേളിച്ചു. ആത്മസംഘര്‍ഷങ്ങളുണ്ടായി, സദാചാര ബോധമുണ്ടായി അങ്ങനെയൊരു ചുറ്റുപാടില്‍ ജീവിക്കുന്ന മനുഷ്യന്‍ നിലതെറ്റി ചെയ്തുപോയ തെറ്റായിരുന്നു ആ 'കൊലപാതകം'.

'ജീവിതത്തില്‍ ചന്തുവിനെ തോല്പിച്ചിട്ടുണ്ട്, പലരും… പലവട്ടം'

വടക്കന്‍പാട്ടുകളില്‍ കേട്ടറിഞ്ഞ ചതിയന്‍ ചന്തു വീരനായകനായത് എംടിയിലൂടെയാണ്.

'ജീവിതത്തില്‍ ചന്തുവിനെ തോല്പിച്ചിട്ടുണ്ട്, പലരും… പലവട്ടം'

എംടിയുടെ ചന്തു തോറ്റുപോയവനായിരുന്നു. ജീവിതത്തില്‍ അച്ഛനും കാമുകിയും സുഹൃത്തുമെല്ലാം അയാളെ പരാജയപ്പെടുത്തി. അവസാനം കാലവും അയാളെ തഴഞ്ഞു.

ഒരു വടക്കന്‍ വീരഗാഥ
ഒരു വടക്കന്‍ വീരഗാഥ

തന്റെ എല്ലാ സൗഭാഗ്യങ്ങളെയും തട്ടിയെടുത്ത ആരോമലിനെ അങ്കത്തട്ടില്‍ ചതിച്ചുകൊല്ലാനും ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ വിശ്രമമുറിയില്‍ വച്ച് കുത്തുവിളക്ക് കൊണ്ട് കുത്തിക്കൊല്ലാനും മടിയില്ലാത്ത നീചനായ ചന്തു. കെട്ടുകഥകള്‍ ചന്തുവിനു കൊടുത്ത ക്രൂരഭാവത്തില്‍ നിന്നു മാറി പരാജിതന്റെ നിസ്സഹായതയായിരുന്നു 'ഒരു വടക്കന്‍ വീരഗാഥ'യിലെ ചന്തുവിന്. ചന്തുവിനെ മറ്റൊരു കൈകൊണ്ട് ഇല്ലാതാക്കാന്‍ പോലും എംടിക്ക് സാധ്യമല്ലായിരുന്നു. എല്ലാം നഷ്ടപ്പെട്ടപ്പോഴും ധീരത കൈവെടിയാത്ത ആ വീരന്‍ സ്വയം മരണം വരിച്ചു.

മലയാള സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ് 'രണ്ടാമൂഴം'. മഹാഭാരതത്തില്‍ അര്‍ജ്ജുനന്റെയും യുധിഷിഠിരന്റെയും നിഴലില്‍ നായകാത്വം നഷ്ടപ്പെട്ടു പോയവന്‍,പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി രണ്ടാമൂഴത്തിനായി കാത്തിരിക്കേണ്ടി വന്ന ഭീമസേനന്‍. ഭീമനെ നായകനാക്കി നോവല്‍ പുറത്തിറങ്ങിയപ്പോള്‍ അത് ഇതിഹാസ പാഠങ്ങള്‍ക്ക് ബദലായി . കരുത്തനായ ഭീമന്റെ മനസിലെ വേദനകളും പ്രണയവും വിരഹവും എല്ലാം സവിശേഷമായ അനുഭവമായി.

പാഞ്ചാലിയുടെ പ്രണയം നേടാന്‍ ഭീമന്‍ പലതും ചെയ്തു. കൗരവ സദസില്‍ അവള്‍ അപമാനിതയായപ്പോള്‍ ചോദ്യം ചെയ്യാനും കാരണക്കാരനായ ദുശ്ശാസനനെ ഇല്ലാതാക്കാനും ഭീമനുണ്ടായിരുന്നു. അവന്‍ അവള്‍ക്കു വേണ്ടി കല്ല്യാണസൗഗന്ധികം തേടിപ്പോയി, മറ്റാരെക്കാളും അവളെ പ്രണയിച്ചു, അവളുടെ നിഴലുപോലെ കൂടെ നടന്നു.എന്നിട്ടും ദ്രൗപതി അര്‍ജ്ജുനനെ മാത്രം സ്‌നേഹിച്ചു.

രണ്ടാമൂഴം
രണ്ടാമൂഴം

ഭീമ പുത്രനായ ഘടോല്‍ക്കചന്‍ യുദ്ധമുഖത്തു വച്ച് കൊല്ലപ്പെട്ടപ്പോഴും ആരും ശ്രദ്ധിച്ചില്ല. അവന്റെ വീരകഥകള്‍ പറഞ്ഞതുമില്ല. അഭിമന്യുവിന്റെ മുന്നില്‍ ഘടോല്‍കചന്‍ ഒന്നുമല്ലാതായി. രണ്ടാമൂഴക്കാരായ അച്ഛന്റെ മകനായതുകൊണ്ടു മാത്രം തരം താഴ്ത്തപ്പെട്ട അവനെ ഓര്‍ത്ത് ആ പിതാവിന്റെ മനസ് വല്ലാതെ നീറുന്നുണ്ട്.സ്വന്തം പിതൃത്വം പോലും ചോദ്യം ചെയ്യപ്പെട്ട് ഭൂമിയോളം താഴേണ്ടി വന്ന ഭീമസേനനെ നമുക്ക്‌ കാണിച്ചു തന്നത്‌ എംടിയാണ്.കരുത്തനായ യോദ്ധാവിനെ വികാരങ്ങളുടെ ചുഴിയില്‍പ്പെട്ട നിസ്സഹായനായ മനുഷ്യനാക്കി മാറ്റി വായനക്കാരോട് ചേര്‍ത്തു വയ്ക്കാന്‍ എംടിക്ക് സാധിച്ചു.

logo
The Fourth
www.thefourthnews.in