പി കെ വി: രാഷ്ട്രീയത്തിനു വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തിയ വ്യക്തിപ്രഭാവം

പി കെ വി: രാഷ്ട്രീയത്തിനു വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തിയ വ്യക്തിപ്രഭാവം

മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി കെ വാസുദേവൻ നായരുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ കമ്യൂണിസ്റ്റ് ജീവിതം ഓർക്കുകയാണ് ലേഖകൻ
Updated on
4 min read

ശിശിരക്കുളിരില്‍ ഡാന്യൂബ് നദീമുഖങ്ങളെ പൊതിഞ്ഞ മഞ്ഞുപടലം നോക്കി സ്വപ്നം കാണുന്ന ഇംറെ കെര്‍ട്ടസ് എന്ന നൊബേൽ ജേതാവായ എഴുത്തുകാരന്റെ പുറംചട്ടയുള്ള പുസ്തകവുമായി തിരുവനന്തപുരം എം എന്‍ സ്മാരകത്തിന്റെ വരാന്തയിലേക്കു വീശുന്ന തണുത്ത കാറ്റേറ്റ് മൃദുഹാസവുമായി ഇരിക്കുന്ന സാത്വികനായ പി കെ വാസുദേവന്‍ നായരുടെ മിഴിവാര്‍ന്ന ചിത്രം മനസ്സിലുണ്ട്. നിലാവ് പോലെയുള്ള ആ ചിരി മറക്കാനാവില്ല. അദ്ദേഹം മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പാണത്.

എ ഐ വൈ എഫ് കാലത്തെ നേതാവും സഖാവുമായ കണിയാപുരം രാമചന്ദ്രനാണ് പി കെ വിയുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയതും പരിചയപ്പെടുത്തിയതും. മുഖ്യമന്ത്രിയായ കാലത്ത് ഒറ്റപ്പാലത്തെ ഔദ്യോഗിക പരിപാടിയ്ക്കുശേഷം സ്റ്റേറ്റ് കാറില്‍ അദ്ദേഹത്തോടൊപ്പമിരുന്ന് ചെറുതുരുത്തി കലാമണ്ഡലം വരെ യാത്ര ചെയ്യാന്‍, അന്ന് പത്രപ്രവര്‍ത്തകനായി അവിടെ ജോലി നോക്കുകയായിരുന്ന എനിക്ക് ഭാഗ്യമുണ്ടായ കാര്യം പറഞ്ഞപ്പോള്‍, ഓര്‍മയില്‍നിന്ന് അദ്ദേഹം എന്നെ പതിയെ വീണ്ടെടുത്തുവെന്ന് തോന്നി.

പ്രഭാഷണകലയില്‍ ആരെയും പിന്നിലാക്കുന്ന വാഗ്മിത വരദാനമായി ലഭിച്ചവരായിരുന്നു പി കെ വിയും കണിയാപുരവും

പി കെ വിയുടെ മക്കളായ രാജേന്ദ്രന്‍, ശാരദ, കേശവന്‍കുട്ടി എന്നിവരൊക്കെ പലപ്പോഴായി വിദ്യാര്‍ഥി- യുവജനഫെഡറേഷനുകളിലുണ്ടായ കാലത്ത് അവരുടെ അച്ഛന്റെ പരന്ന വായനയെക്കുറിച്ച് പലരോടുമായി പറയാറുള്ളത് എനിക്കോര്‍മയുണ്ട്. ഫിക്ഷന്‍ വായനയില്‍ ഒരുവേള, കെ ദാമോദരനെയും എന്‍ ഇ ബാലറാമിനെയും സി അച്യുതമേനോനെയും കഴിഞ്ഞാല്‍ പി കെ വിയായിരുന്നു സി പി ഐ നേതാക്കളില്‍ മുന്‍പന്തിയിലെന്ന് തോന്നുന്നു. കോവിഡിനു മുൻപ് ഹോങ്കോങ്ങിൽനിന്ന് സൗദിയിലെത്തിയ കേശവന്‍കുട്ടിയെ കണ്ടപ്പോഴും അച്ഛന്റെ എഴുത്തും വായനയുമായിരുന്നു ഞങ്ങളുടെ മുഖ്യചര്‍ച്ച. പ്രഭാഷണകലയില്‍ ആരെയും പിന്നിലാക്കുന്ന വാഗ്മിത വരദാനമായി ലഭിച്ചവരായിരുന്നു പി കെ വിയും കണിയാപുരവും. സ്ഫുടമായ തെളിമലയാളത്തില്‍ ഇരുവരും പ്രസംഗിക്കുന്നത് ഏറെത്തവണ കേട്ട് ആവേശംകൊണ്ട കാലമുണ്ടായിരുന്നു.

പി കെ വി: രാഷ്ട്രീയത്തിനു വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തിയ വ്യക്തിപ്രഭാവം
ജീവിതത്തിലേക്കും മരണത്തിലേക്കും വച്ചുമാറിയ അസൈൻമെൻ്റ്
പി കെ വി
പി കെ വി

ഇംറെ കെര്‍ട്ടെസിനെ വായിക്കുന്ന പി കെ വി ഏറെക്കാലം ആ എഴുത്തുകാരന്റെ നാട്ടിലാണ് കഴിച്ചുകൂട്ടിയത്. ലോകജനാധിപത്യ യുവജനഫെഡറേഷന്റെ സാരഥിയെന്ന നിലയില്‍ സംഘടനയുടെ ആസ്ഥാനമായ ബുഡാപെസ്റ്റില്‍ പി കെ വിയുണ്ടായിരുന്നു. ഹങ്കറിയില്‍നിന്നുള്ള കലാകാരന്‍മാരെയും എഴുത്തുകാരെയും ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനും ഐക്യദാര്‍ഢ്യസദസ്സുകള്‍ നടത്തുന്നതിനും സി പി ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമെന്ന നിലയിലും പില്‍ക്കാലത്ത് പി കെ വിയ്ക്കു സാധിച്ചു.

ഹങ്കറിയില്‍ ഇംറെ നാഗിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളും അദ്ദേഹത്തെ ഭരണാധികാരിയായി നിയമിച്ചതിനെതിരെയുള്ള സോവിയറ്റ് ഇടപെടലുകളും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍, പ്രത്യേകിച്ച് പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ചേരിയില്‍ ശൈഥില്യം സൃഷ്ടിച്ച കാലത്ത് പി കെ വിക്ക് പ്രായം മുപ്പത്. മൂന്നു കൊല്ലം കൂടി കഴിഞ്ഞപ്പോഴാണ് എ ഐ വൈ എഫ് രൂപം കൊള്ളുന്നത്.

രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍, അരുണാ ആസഫലി, ബല്‍രാജ് സാഹ്നി, ഡോ. ധ്യാന്‍ചന്ദ് തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിക്കപ്പെട്ട എ ഐ വൈ എഫിന്റെ സാരഥ്യത്തിലെത്തിയ പി കെ വി, സംഘടനയില്‍ വിശ്വാസമര്‍പ്പിച്ചവരുടെ പ്രിയങ്കരനായ നേതാവായി വളരെപ്പെട്ടെന്നാണ് ഉയര്‍ന്നത്. ട്രാവന്‍കൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെയും തുടര്‍ന്ന് അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെയും (എ ഐ എസ് എഫ്) സമരതീക്ഷ്ണമായ കൗമാരപശ്ചാത്തലം, എ ഐ വൈ എഫ് നാളുകളുടെ പ്രക്ഷുബ്ധ യൗവനത്തെ സദാ തുടിക്കുന്ന മുദ്രാവാക്യങ്ങളാല്‍ ആരവമുഖരിതമാക്കാന്‍ പി കെ വിയ്ക്കു തുണയായി. ഇംഗ്ലിഷിലും മലയാളത്തിലും ഉജ്വലമായി പ്രസംഗിക്കാനുള്ള പാടവം, സഖാക്കളുമായി സ്ഥാപിക്കുന്ന അകംനിറഞ്ഞ കൊമ്രേഡ്ഷിപ്പ്, സുദൃഢമായ നേതൃശേഷി ഇവയൊക്കെ പി കെ വിയെ ലോകജനാധിപത്യ യുവജനഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെയെത്തിച്ചു.

അതീവ ലളിതവും കുലീനവുമായ പൊതുജീവിതം നയിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിനു വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തി കടന്നുപോയവരുടെ കൂട്ടത്തിലാണ് പി കെ വാസുദേവന്‍ നായരുടെ പേര് ചരിത്രം എക്കാലത്തും രേഖപ്പെടുത്തുക

1957 ല്‍ തിരുവല്ലയില്‍നിന്നും 1962 ല്‍ അമ്പലപ്പുഴയില്‍ നിന്നും 1967 ല്‍ പീരുമേടുനിന്നും ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട, സംശുദ്ധമായ പാര്‍ലമെന്ററി ജീവിതത്തിന്റെ ക്രമാനുഗതമായ യാത്ര മുഖ്യമന്ത്രിയുമാകുന്നതു വരെയെത്തി. 1977 ല്‍ വ്യവസായമന്ത്രിയായ പി കെവി, എ കെ ആന്റണിയുടെ രാജിയെത്തുടര്‍ന്ന് 1978 മുതല്‍ ഒരു വര്‍ഷം മുഖ്യമന്ത്രിയായി. ദേശീയതലത്തില്‍ ഇടതുപക്ഷ ഐക്യം വികസിപ്പിക്കുകയെന്ന സി പി ഐ ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പി കെ വി മുഖ്യമന്ത്രിപദം രാജിവെച്ചു. രാഷ്ട്രീയ പ്രസക്തവും സുധീരവുമായ തീരുമാനമായിരുന്നു അതെന്ന് പില്‍ക്കാല ഇടതുരാഷ്ട്രീയം ഹ്രസ്വകാലത്തേക്കെങ്കിലും വിധിയെഴുതി. പക്ഷേ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ ഇടതുകക്ഷികളുടെ ദയനീയമായ പ്രകടനം, ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തെ റദ്ദാക്കുന്നതായിരുന്നുവെന്നു പാര്‍ട്ടിയ്ക്കകത്തെ ഭൂരിപക്ഷമാളുകള്‍ക്കും ബോധ്യമായി. ഒരു പക്ഷേ കോണ്‍ഗ്രസിനെക്കൂടി ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പഴയ തന്ത്രം പിന്തുടര്‍ന്നിരുന്നുവെങ്കില്‍ സി പി ഐയുടെ പാര്‍ലമെന്ററി പ്രകടനം എത്രയോ മെച്ചപ്പെട്ടതാകുമായിരുന്നു.

പി കെ വി: രാഷ്ട്രീയത്തിനു വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തിയ വ്യക്തിപ്രഭാവം
വഴിമുട്ടിയ ഇടതുപക്ഷത്തിന് കെ ദാമോദരനില്‍ നിന്ന് പഠിക്കാനുള്ളത്...

അതീവ ലളിതവും കുലീനവുമായ പൊതുജീവിതം നയിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിനു വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തി കടന്നുപോയവരുടെ കൂട്ടത്തിലാണ് പി കെ വാസുദേവന്‍ നായരുടെ പേര് ചരിത്രം എക്കാലത്തും രേഖപ്പെടുത്തുക. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും സ്വഭാവലാളിത്യവും ന്യൂജെന്‍ കമ്യൂണിസ്റ്റുകാരും പാര്‍ലമെന്റേറിയന്‍മാരും മാതൃകയാക്കുമെന്നു വ്യാമോഹിക്കേണ്ടതില്ല. മുഖ്യമന്ത്രിയായ കാലത്ത് അകമ്പടിക്കാരായ പോലീസുകാരോടും അംഗരക്ഷകരോടും മാനുഷികമായ അനുകമ്പയും വിനയവും ആവോളം കാണിച്ച പി കെ വിയുടെ വലുപ്പം എത്രയെന്ന് ഈ ഓര്‍മദിനത്തിലെങ്കിലും അധികാരഗര്‍വ് തലയ്ക്കു പിടിച്ച പുതുതലമുറ നേതാക്കള്‍ക്കും ഇടതു മന്ത്രിമാര്‍ക്കും ഓര്‍ക്കാവുന്നതാണ്.

എത്രയോ പേര്‍ പറഞ്ഞതും എഴുതിയതുമാണ് പി കെ വിയുടെ ബസ് യാത്രകള്‍. അതേക്കുറിച്ച് അജിത് കൊളാടി പങ്കുവെച്ച ഒരനുഭവം:

''പൊന്നാനിയില്‍, രാത്രിപരിപാടിക്കു ശേഷം താമസിക്കാത്ത ഒരു ദിവസം, അത്യാവശ്യമുള്ളതുകൊണ്ട് പെരുമ്പാവുരിലേക്ക് മടങ്ങേണ്ടി വന്നപ്പോള്‍, എന്നോട് അദ്ദേഹത്തെ കാറില്‍ എടപ്പാളില്‍ കൊണ്ടുവിടാന്‍ പറഞ്ഞു. ചാമുണ്ണി ഏട്ടനും (പാലക്കാട്ടെ സി പി ഐ നേതാവ് വി ചാമുണ്ണി), മലപ്പുറം ജില്ലാ സി പി ഐ സെക്രട്ടറി ടി എന്‍ പ്രഭാകരനുമുണ്ട് കൂടെ. പൊന്നാനി വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചാണ് വന്നത്. എടപ്പാളില്‍ ഇറങ്ങി ബസ്സില്‍ പോകാമെന്നായി അദ്ദേഹം. ഞങ്ങള്‍ കാറില്‍ പോയാല്‍ മതിയെന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചില്ല. എടപ്പാള്‍ ജങ്ക്ഷനില്‍ ബസ് കാത്തുനിന്നു. രാത്രി ഏതാണ്ട് ഒൻപത് മണി. മുന്‍ മുഖ്യമന്ത്രി ബസ്സ് കാത്തു നില്‍ക്കുന്നു. അവിടെയുണ്ടായിരുന്ന ടാക്സി ഡ്രൈവര്‍മാരും മറ്റും ചുറ്റും കൂടി. ബസ്സുകള്‍ വരുന്നതില്‍ മുഴുവന്‍ നിറയെ ആളുകള്‍. ഞങ്ങളൊക്കെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. കാറില്‍ പോകാന്‍ സമ്മതിക്കുന്നുമില്ല പി കെ വി.

സമയം വൈകുന്നു. പിന്നീട് കോഴിക്കോട്ടുനിന്ന് പെരുമ്പാവൂരിലേക്കു നേരിട്ടുള്ള ബസ്സ്. രണ്ടും കല്‍പ്പിച്ച് സഖാവ് ടി എന്‍ റോഡിലിറങ്ങി നിന്നു കൈ കാണിച്ചു. ബസ്സ് നിര്‍ത്തി. നിറയെ ആളുകള്‍. പ്രഭാകരേട്ടന്‍ ഡ്രൈവറോടും കണ്ടക്ടറോടും കാര്യം പറഞ്ഞു. സഖാവ് പി കെ വിക്ക് യാത്ര ചെയ്യണം. അവരും പരിഭ്രാന്തരായി. മുന്‍ മുഖ്യമന്ത്രി തിരക്കുള്ള ബസ്സില്‍ കയറി തിരക്കില്‍ നിന്നു. ബസ്സ് യാത്ര പുറപ്പെട്ടു. പിന്നീടറിഞ്ഞു, കണ്ടക്ടറും മറ്റുള്ള ഒന്നു രണ്ടു യാത്രക്കാരും അദ്ദേഹത്തിനുവേണ്ടി മാറി മാറി ഇരിപ്പിടം ഒഴിഞ്ഞുകൊടുത്തുവെന്ന്.

ഇന്ന് ഏത് മന്ത്രിമാര്‍ തുടരും ലളിതമായ ഈ ജീവിത ശൈലി? പൊന്നാനിയില്‍ പെരുന്നാള്‍ നോമ്പുകാലത്ത് ഇടയ്ക്ക് പി കെ വി വന്നാല്‍ വൈകുന്നേരം, അച്ഛന്‍ (കൊളാടി ഗോവിന്ദന്‍കുട്ടി), പി പി ബീരാന്‍ കുട്ടിക്ക, എ കെ മുഹമ്മദ് കുട്ടിക്ക, ബാവക്ക, ഹംസക്ക, ആലിമോന്‍ എന്നിവരോടൊപ്പം മുസ്ലിം സഖാക്കളുടെ വീട്ടില്‍ നോമ്പുതുറയ്ക്കു പോകും. ഏതു ചെറിയ വീട്ടിലും. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍...''

പ്രസ്ഥാനത്തോടുള്ള കൂറ്, ആശയ പ്രതിബദ്ധത, അസാമാന്യ നേതൃപാടവം, സഹജീവി സ്നേഹം, വിനയം, മനുഷ്യരോടുള്ള ഉത്കൃഷ്ഠമായ പെരുമാറ്റം...ഇതൊക്കെ കണ്ടുപഠിക്കണം പി കെ വിയില്‍നിന്ന്

പ്രസ്ഥാനത്തോടുള്ള കൂറ്, ആശയ പ്രതിബദ്ധത, അസാമാന്യ നേതൃപാടവം, സഹജീവി സ്നേഹം, വിനയം, മനുഷ്യരോടുള്ള ഉത്കൃഷ്ഠമായ പെരുമാറ്റം...ഇതൊക്കെ കണ്ടുപഠിക്കണം പി കെ വിയില്‍നിന്ന്. എപ്പോഴും സുസ്മേര വദനന്‍, നിഷ്‌കളങ്കന്‍. വലിയ വലിയ സുഹൃദ് വലയത്തിന് ഉടമ. എത്ര ഉന്നത പദവിയില്‍ ഇരുന്നാലും വിനയം കൈവെടിയാതിരുന്ന നേതാവ്.

1957 ലെ തിരഞ്ഞെടുപ്പില്‍ തിരുവല്ലയിൽനിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി കെ വി, 1962 ല്‍ അമ്പലപ്പുഴയില്‍നിന്നും 1967 ല്‍ പീരുമേട്ടില്‍നിന്നും വിജയമാവർത്തിച്ചു. 2004ൽ തിരുവനന്തപുരത്തുനിന്ന് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്ന ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായും ജനയുഗം ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. 2005 ജൂലൈ പന്ത്രണ്ടിന് ന്യൂഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു പി കെ വിയുടെ അന്ത്യം.

logo
The Fourth
www.thefourthnews.in