ഹിറ്റായ ഛായാമുഖി, ചതിക്കപ്പെട്ട പ്രശാന്ത്

ഹിറ്റായ ഛായാമുഖി, ചതിക്കപ്പെട്ട പ്രശാന്ത്

ഛായാമുഖി ഹിറ്റായെങ്കിലും തന്റെ ജീവിതം ഹിറ്റാകാതെ പോയ പ്രശാന്ത് നാരായണന്‍ ജീവിതക്കളരി വിട്ട് അരങ്ങൊഴിഞ്ഞിരിക്കുന്നു
Updated on
2 min read

''മോഹന്‍ലാല്‍ എന്നെ അടുത്തേക്കു വിളിച്ചു. ഞാന്‍ തീരെ പ്രതീക്ഷിക്കാത്തതാണു സംഭവിച്ചത്. ആ മഹാനടന്‍ ഏറെ പ്രായം കുറവുള്ള എന്റെ കാല്‍ തൊട്ടു വന്ദിച്ചു, ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ച ഞാന്‍ അടുത്തനിമിഷം അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചു,''ഛായാമുഖിയെന്ന മോഹന്‍ലാലും മുകേഷും ഒരുമിച്ച പ്രശസ്ത നാടകം എഴുതി സംവിധാനം ചെയ്ത പ്രശാന്ത് നാരായണന്റെ വാക്കുകളാണിത്.

ഛായാമുഖി ഹിറ്റായെങ്കിലും അത് പ്രശാന്തിന് അത്ര നല്ല അനുഭവങ്ങളല്ല സമ്മാനിച്ചത്. നാടകത്തിന്റെ പോസ്റ്ററിൽനിന്ന് പോലും പ്രശാന്തിന്റെ പേര് ഒഴിവാക്കപ്പെട്ടു. ആരായിരുന്നു അതിനുപിന്നിൽ? കുതികാൽ വെട്ടിന്റെയും വഞ്ചനയുടെയും സൂചനകൾ 2016 നവംബറില്‍ 'പ്രസാധകന്‍' മാസികയില്‍ മനോജ് കെ പുതിയവിളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് പറയുന്നുണ്ട്. ഒടുവിൽ ജീവിതനാടകം പകുതിയിൽ നിർത്തി പ്രശാന്ത് എന്ന പ്രതിഭ അപ്രതീക്ഷിതമായി അരങ്ങിൽനിന്ന് ഇറങ്ങിപ്പോയിരിക്കുന്നു.

ഛായാമുഖി

പലരുടെയും നാടകങ്ങളിൽനിന്ന് മോഹന്‍ലാല്‍ 'ഛായാമുഖി'യെ തന്നെ തിരഞ്ഞെടുത്തത് അത് നേടിയെടുത്ത പ്രശസ്തി തന്നെയാണ്. സിനിമാനടന്മാരിലൂടെ മാധ്യമശ്രദ്ധ വരുന്നതിനു മുമ്പ് തന്നെ 2005-ൽ ഛായാമുഖി നാഷണന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അന്താരാഷ്ട്ര നാടകോത്സവമായ ഭാരത് രംഗ് മഹോത്സവത്തില്‍ അവതരിപ്പിച്ചിരുന്നു. നിരവധി പുരസ്‌കാരങ്ങൾ ഛായാമുഖിയെ തേടിയെത്തിയിട്ടുമുണ്ട്.

അവഗണനകള്‍ക്കിടയിലും ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു തനിക്ക് അന്ന് 'ഛായാമുഖി'യെന്നു അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ സിനിമ താരങ്ങൾ അണിനിരന്നപ്പോൾ ഛായാമുഖി'യുടെ ആദ്യാവതരണം തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ അവിടെനിന്നാണ് പ്രശാന്ത് എന്ന നാടകകൃത്ത് വഞ്ചനകൾ ഏറ്റുവാങ്ങി തുടങ്ങിയത്.

ഹിറ്റായ ഛായാമുഖി, ചതിക്കപ്പെട്ട പ്രശാന്ത്
പ്രശസ്ത നാടകകൃത്ത് പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തീരാത്ത ചതിയുടെ കഥ

തന്റെ നാടകത്തിലെ വെറും കഥാപാത്രം മാത്രമായിരുന്നില്ല പ്രശാന്തിനു മോഹൻലാൽ. അടുത്ത സുഹൃത്തു കൂടിയായിരുന്നു. ഛായാമുഖിയുടെ റിഹേഴ്‌സല്‍ സമയത്ത് ചോര ഛർദിച്ചു, ബോധരഹിതനായ പ്രശാന്തിനെ ആശുപത്രിയിൽ കൊണ്ടുപോയതും ചികിത്സാച്ചെലവുകൾ വഹിച്ചതും മോഹൻലാൽ. അതുവരെ മദ്യപാനിയായിരുന്ന താൻ പിന്നീട് മദ്യം കൈകൊണ്ട് തൊട്ടില്ലെന്ന് പ്രശാന്ത് അഭിമുഖത്തിൽ പറയുന്നുണ്ട്. മോഹൻലാലുമായുള്ള തന്റെ സൗഹൃദം പലര്‍ക്കും ഇഷ്ടമായിരുന്നില്ലെന്നും പ്രശാന്ത് പറയുന്നു.

ഛായാമുഖിയുടെ പ്രൊഡക്ഷന്റെ നിർവഹണം മുകേഷ് ആയിരുന്നു നടത്തിയത്. ആദ്യാവതരണത്തിനുശേഷം പ്രതിഫലം വിതരണം ചെയ്തതു മുകേഷായിരുന്നു. തുക പലരുടെയും പരിഭവത്തിനു കാരണമായി. തുടർന്ന് നടത്തിപ്പുചുമതല ഇടവേള ബാബുവിന് നൽകി.

ഛായാമുഖി തിരുവനന്തപുരത്തു കളിച്ചപ്പോൾ പ്രചരിപ്പിച്ച പോസ്റ്ററിൽ പോലും നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രശാന്തിന്റെ പേരുണ്ടായിരുന്നില്ല

എന്നാൽ ആദ്യാവതരണത്തിന്റെ വേളയില്‍ത്തന്നെ രചനയും സാക്ഷാത്കാരവും നടത്തുന്ന തന്നെ ഒഴിവാക്കി താരമൂല്യമുള്ള ആരുടെയോ പേര് ആ സ്ഥാനത്തു കൊണ്ടുവരാൻ നടത്തിപ്പുകാര്‍ക്കു താത്പര്യമുള്ളതായി തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 'ഛായാമുഖി' താനാണു ചെയ്തതെന്ന് അവകാശപ്പെട്ട് വന്നവരുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഛായാമുഖി തിരുവനന്തപുരത്തു കളിച്ചപ്പോൾ പ്രചരിപ്പിച്ച പോസ്റ്ററിൽ പോലും നാടകം രചനയും സംവിധാനവും നിർവഹിച്ച പ്രശാന്തിന്റെ പേരുണ്ടായിരുന്നില്ല. ദുബായിലും ബെംഗളൂരുവിലും കളിച്ച എല്ലായിടത്തും ഇത് തന്നെയായിരുന്നു അവസ്ഥ.

ജഗതി ശ്രീകുമാർ അടക്കമുള്ളവരായിരുന്നു പ്രശാന്തിന്റെ നാടകത്തിനുവേണ്ടി കാത്തിരുന്നത്. ജഗതിയുമായുള്ള നാടകത്തിന്റെ അവസാന വട്ട ആലോചനയ്ക്കായി കോഴിക്കോട് യോഗം ചേരാൻ തീരുമാനിച്ച സമയത്താണ് ജഗതിക്ക് വാഹനാപകടം സംഭവിക്കുന്നത്

നാടകത്തിലൂടെ പ്രശാന്തിനു കോടികള്‍ കിട്ടി, മോഹന്‍ലാല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് വാങ്ങികൊടുത്തു എന്നിങ്ങനെ പല കഥകളും പിന്നീട് പ്രചരിച്ചു. എന്നാൽ നാടകത്തിന്റെ ശബ്ദരേഖ സിഡി ആയി ഇറക്കിയ ശേഷം നല്ലതുക ലാഭം കിട്ടിയെങ്കിലും സംവിധായകന് ഒരു തുകയും ലഭിച്ചില്ല. 'മുകേഷേട്ടാ, എനിക്കൊന്നും ഇല്ലേ' എന്നു ഗതികേടുകൊണ്ടു ചോദിക്കുകപോലും ചെയ്യേണ്ടി വന്നിട്ടുണ്ട് പ്രശാന്തിന്.

ഛായാമുഖിക്ക് ശേഷവും പ്രതികാരം പ്രശാന്തിനെ വേട്ടയാടിയിട്ടുണ്ട്. വി എസ് അച്യുതനന്ദൻ സര്‍ക്കാരിന്റെ കാലത്ത് സംഗീതനാടക അക്കാദമി സെക്രട്ടറിസ്ഥാനത്തേക്ക് പ്രശാന്തിന്റെ പേരാണ് പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് സാംസ്‌കാരിക മന്ത്രിയായ എം എ ബേബിയോടു നിര്‍ദേശിച്ചത്. ബേബിയെ ഔദ്യോഗിക വസതിയില്‍ ചെന്ന് കണ്ടിട്ടും മുകേഷ് ചെയര്‍മാനായി അക്കാദമി പുനഃസംഘടിപ്പിച്ചപ്പോള്‍ പ്രശാന്ത് ഒഴിവാക്കപ്പെട്ടു. എന്നാൽ പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍, തനിക്കു താത്പര്യമില്ലാതിരുന്നിട്ടും കാവാലം നാരായണ പണിക്കർ ശിപാര്‍ശ ചെയ്തു. പക്ഷേ, കമ്മ്യൂണിസ്റ്റല്ലേയെന്നു മന്ത്രിയുടെ ഓഫീസ് ചോദിച്ചതായാണ് അക്കാര്യത്തിൽ പ്രശാന്തിനു ലഭിച്ച മറുപടി.

ഹിറ്റായ ഛായാമുഖി, ചതിക്കപ്പെട്ട പ്രശാന്ത്
ഐഎഫ്എഫ്കെ: ജീവിതം സിനിമയാകുമ്പോൾ

നാടകത്തിനു കാത്തിരുന്ന സിനിമാക്കാർ

ജഗതി ശ്രീകുമാർ അടക്കമുള്ളവർ പ്രശാന്തിന്റെ നാടകത്തിനുവേണ്ടി കാത്തിരുന്നവരായിരുന്നു. ജഗതിയുമായുള്ള നാടകത്തിന്റെ അവസാന വട്ട ആലോചനയ്ക്കായി കോഴിക്കോട് യോഗം ചേരാൻ തീരുമാനിച്ച സമയത്താണ് ജഗതിക്ക് വാഹനാപകടം സംഭവിക്കുന്നത്.

മഞ്ജു വാര്യരും നാടകത്തിന്റെ താല്പര്യം പറഞ്ഞുകൊണ്ട് പ്രശാന്തിനെ സമീപിച്ചിരുന്നു. കൂടാതെ സരയൂ, ഇന്ദ്രന്‍സ്, നിഷാന്ത് സാഗര്‍, സുധീഷ് എന്നിവര്‍ ചേര്‍ന്നുള്ള 'വജ്രമുഖന്‍' ചെയ്യാനുള്ള പദ്ധതിയും വന്നിരുന്നു. ഗോകുലം ഗോപാലന്‍ നാടകം നിർമിക്കാനും തയാറായി. 12 ലക്ഷത്തിന്റെ പ്രൊജക്റ്റ് തയാറാക്കി, നാലുമാസത്തോളം തയാറെടുപ്പുകളും നടന്നു. കടം വാങ്ങിയാണു കാര്യങ്ങള്‍ നടത്തിയത്.

ഇതിനിടെ 'അമ്മ'യുടെ ഒരു യോഗം നടന്നു. അതുകഴിഞ്ഞു ക്യാമ്പ് തുടങ്ങിയപ്പോള്‍ ചില രംഗങ്ങള്‍ എങ്ങനെ ചെയ്യും എന്നൊക്കെയുള്ള അനാവശ്യ സന്ദേഹങ്ങള്‍ ചില നടന്മാരുടെ ഭാഗത്തുനിന്നുണ്ടായി. അവസാനം ആ നാടകവും കാരണമില്ലാതെ മുടങ്ങി. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പുറത്താക്കപ്പെട്ട, പിന്നീട് അവിടെ അതിഥിയായി ക്ഷണിക്കപ്പട്ടയാളാണ് പ്രശാന്ത്.

logo
The Fourth
www.thefourthnews.in