'സ്വകാര്യതയില്‍ വിട്ടുവീഴ്ചയില്ല! എന്തു സംഭവിച്ചാലും'; ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ദുറോവിനെ ഭയക്കുന്ന ഭരണകൂടങ്ങള്‍
സമൂഹമാധ്യമങ്ങൾ ഉറപ്പുതരുന്ന സ്വകാര്യതയെല്ലാം വാഗ്ദാനങ്ങൾ മാത്രമായി തുടരുന്ന കാലത്ത് ഒരു സമൂഹമാധ്യമ ആപ്പിന്റെ സ്ഥാപകൻ, അക്ഷരാർഥത്തിലുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് നമ്മൾ എന്തും ത്യജിക്കേണ്ടി വരുമെന്നു പറഞ്ഞ് രംഗത്തെത്തുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഏതൊക്കെ തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടാലും സ്വകാര്യത തന്നെയാണ് എല്ലാറ്റിനും മുകളിൽ എന്ന ആദർശം ഉയർത്തിപ്പിടിച്ച വ്യക്തിയാണ് ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവൽ ദുറോവ്.
ടെലഗ്രാം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരവും തീവ്രവാദപ്രവർത്തനവും നടക്കുന്നു എന്നാരോപിച്ച് ഓഗസ്റ്റ് 24ന് അദ്ദേഹത്തെ ഫ്രഞ്ച് സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. ഉപഭോക്താക്കളെ ഒരു പരിധിക്കപ്പുറത്തേക്ക് നിയന്ത്രിക്കുകയോ, അവരുടെ സ്വകാര്യതയിലേക്ക് ഇടപെടുകയോ ചെയ്യുന്നത് ശരിയല്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ നിലപാടിന്റെ മറുവശമായി മയക്കുമരുന്ന് സംഘങ്ങളും തീവ്രവാദ വിഭാഗവും ടെലഗ്രാം ഉപയോഗിക്കുകയും ചെയ്യുന്നു.
എന്നാൽ ദുറോവിന്റെ നിലപാട് വ്യക്തമാണ്. അദ്ദേഹം ഇങ്ങനെ പറയും, "മോശമായി എന്തെങ്കിലും സംഭവിക്കും എന്ന നമ്മുടെ ഭയത്തിനേക്കാൾ പ്രധാനപ്പെട്ടതാണ് സ്വകാര്യത. സ്വാതന്ത്ര്യം അക്ഷരാർത്ഥത്തിൽ അനുഭവിക്കാൻ സാധിക്കണം. സ്വാതന്ത്ര്യത്തിനുവേണ്ടി എന്തും വേണ്ടെന്നുവയ്ക്കാൻ നിങ്ങൾ തയ്യാറാകണം." എന്നാൽ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സ്വാതന്ത്ര്യം അനുവദിച്ചുനൽകേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഇവിടെ പ്രസക്തം.
ടെലഗ്രാം ആപ്പ് ഉപയോഗിച്ചു നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ ഒരുതരത്തിലുള്ള നീക്കവും നടത്തിയില്ലെന്ന പേരിലാണ് പാവൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ദുറോവിനെ ജയിലിലടച്ചില്ല, പകരം 50 ലക്ഷം യൂറോയുടെ ജാമ്യത്തിൽ വിട്ടയച്ചു. കുട്ടികളുടെ പോൺ വിഡിയോകൾ ഉൾപ്പെടെയുള്ളവ ടെലഗ്രാം ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന കാര്യം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അറസ്റ്റിലേക്ക് ഫ്രഞ്ച് സർക്കാർ നീങ്ങുന്നത്. മുപ്പത്തി ഒൻപതുകാരനായ പാവൽ ദുറോവിനെ ബോർഗെറ്റ് വിമാനത്താവളത്തിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ലോകത്തെമ്പാടും ഏകദേശം 10 കോടി ഉപഭോക്താക്കളുള്ള ടെലഗ്രാമിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയെ ഉപഭോക്താക്കളെ നിയന്ത്രിക്കുന്നില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നുവന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ടെലഗ്രാം യൂറോപ്പ്യൻ യൂണിയനിലെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും, നിലവിലെ എല്ലാ നിലവാരങ്ങളും ടെലഗ്രാം ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോകുന്നതെന്നും ടെലഗ്രാം തന്നെ ഞായറാഴ്ച പ്രസ്താവിച്ചിരുന്നു.
മോശമായി എന്തെങ്കിലും സംഭവിക്കുമെന്ന നമ്മുടെ ഭയത്തിനേക്കാൾ പ്രധാനപ്പെട്ടതാണ് സ്വകാര്യത. സ്വാതന്ത്ര്യം അക്ഷരാർത്ഥത്തിൽ അനുഭവിക്കാൻ സാധിക്കണം. സ്വാതന്ത്ര്യത്തിനുവേണ്ടി എന്തും വേണ്ടെന്നു വയ്ക്കാൻ നിങ്ങൾ തയ്യാറാകണം
പാവൽ ദുറോവ്
റഷ്യയുടെ മാർക്ക് സക്കർബർഗ്
ഫേസ്ബുക്ക് പോലെയും വാട്‌സാപ്പ് പോലെയുമുള്ള പ്രധാന സമൂഹമാധ്യമങ്ങൾ നിലനിൽക്കുമ്പോൾ തന്നെ സ്വകാര്യതയിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ ടെലഗ്രാമിനെ വേറിട്ടതാക്കി നിലനിർത്താൻ പാവൽ ദുറോവിന് സാധിച്ചുവെന്നതുകൊണ്ട് തന്നെ നിലവിൽ വിളിക്കപ്പെടുന്ന 'റഷ്യയുടെ സക്കർബർഗ്' എന്ന ഓമനപ്പേരിന് അദ്ദേഹം യോഗ്യനാണ്.
റഷ്യയിൽ ജനിച്ച ദുറോവ് ഇപ്പോൾ ഫ്രഞ്ച് പൗരനാണ്. ടെലഗ്രാമല്ല ദുറോവ് ആരംഭിക്കുന്ന ആദ്യത്തെ സമൂഹമാധ്യമ സ്ഥാപനം. അതിനു മുൻപ് റഷ്യ കേന്ദ്രീകരിച്ച് 'വികെ' എന്ന പേരിൽ ദുറോവ് സമൂഹമാധ്യമ സ്ഥാപനം ആരംഭിച്ചിരുന്നു. അന്ന് അദ്ദേഹത്തിനു പ്രായം 22. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ കൂട്ടിനിൽക്കാത്തതിന്റെ പേരിൽ ക്രെംലിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തന്റെ ബിസിനസ് പങ്കാളികൾക്കു ദുറോവ് കമ്പനി വിൽക്കുകയായിരുന്നു.
ശേഷം റഷ്യ തന്നെ കേന്ദ്രീകരിച്ച് 2013-ൽ സഹോദരൻ നിക്കോളായിക്കൊപ്പം അദ്ദേഹം ടെലഗ്രാം ആരംഭിക്കുന്നു. ചെറിയ കാലയളവിനുള്ളിൽ തന്നെ വലിയ സ്വീകാര്യത അതിനുണ്ടാക്കിയെടുക്കാൻ സാധിച്ചു. എന്നാൽ ഒരുപാട് കാലം അത് നീണ്ടില്ല. 2018ൽ റഷ്യ ടെലഗ്രാമിനെ നിരോധിച്ചു. പക്ഷേ അത് എല്ലാ കാലത്തേക്കുമുള്ള നിരോധനമായിരുന്നില്ല. ഒരു അനുനയന നീക്കം അവിടെ നടന്നു. തീവ്രവാദത്തെ നേരിടാൻ ദുറോവ് സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നുപറഞ്ഞ് റഷ്യ നിരോധനം നീക്കുന്നു.
ഫ്രഞ്ച് പൗരനായിരുന്നെങ്കിലും ദുറോവ് റഷ്യയുമായുള്ള ബന്ധം നിലനിർത്തിപ്പോന്നു. 2015നും 2021നുമിടയിൽ 50 തവണ ദുറോവ് റഷ്യ സന്ദശിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ദുറോവ് അറസ്റ്റ് ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന വിമർശനവുമായി റഷ്യ രംഗത്തെത്തിയിരുന്നു. 2018ൽ ടെലഗ്രാം ആസ്ഥാനം ഫ്രാൻസിലേക്കു മാറ്റണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ആവശ്യം അദ്ദേഹം അംഗീകരിച്ചിരുന്നില്ല.
ജൂലി വാവിലോവ: ആരാണ് ആ സ്ത്രീ?
പാവൽ ദുറോവിനൊപ്പം കുറച്ചുകാലമായി ജൂലി വാവിലോവ എന്ന യുവതിയുമുണ്ട്. ജൂലിയെ പിന്തുടർന്നാണ് ഫ്രഞ്ച് പോലീസ് ദുറോവിനെ അറസ്റ്റ് ചെയ്തതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുറോവിന്റെ അറസ്റ്റിനുശേഷം, നിഗൂഢമായ സാഹചര്യത്തിൽ ദുറോവിനൊപ്പമുണ്ടായിരുന്ന ജൂലി വാവിലോവയെ പോലീസ് ചോദ്യം ചെയ്തുവെന്ന വിവരങ്ങളും പുറത്തുവരുന്നു. ഫ്രാൻസിൽ വരുന്നതിനു മുമ്പ് ഇവർ കസാക്കിസ്ഥാനിലും കിർഗിസ്ഥാനിലും അസർബൈജാനിലും സഞ്ചരിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
24 വയസുള്ള ജൂലി വാവിലോവ ക്രിപ്റ്റോ ഉപദേശകയായാണ് പ്രവർത്തിക്കുന്നത്. ദുബൈയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ജൂലി വാവിലോവ സമൂഹമാധ്യമങ്ങളിലെ താരമാണ്. ടെലിഗ്രാം, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നീ സമൂഹമാധ്യമങ്ങളിൽ വാവിലോവ സജീവമാണ്. ഇംഗ്ലിഷ്, റഷ്യൻ, സ്പാനിഷ്, അറബിക് എന്നിങ്ങനെ നാല് ഭാഷകൾ ഇവർ സംസാരിക്കും. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ജൂലി മൊസാദിന്റെ പ്രതിനിധിയാണോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ടെലഗ്രാം: ഇന്ത്യൻ സർക്കാരിന്റെ കണ്ണിലും കരട്
മയക്കുമരുന്നു വിൽപ്പന മുതൽ തീവ്രവാദവും ചൂതാട്ടവുമുൾപ്പെടെയുള്ളകാര്യങ്ങൾ ടെലഗ്രാമിലൂടെ നടക്കുന്നുവെന്നാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ പക്ഷം. നിലവിൽ സർക്കാർ ടെലഗ്രാമിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അന്വേഷണം നിരോധനത്തിൽ കലാശിക്കുമോയെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നശേഷമാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുക.
ഇന്ത്യൻ സർക്കാർ പൗരരുടെ സ്വകാര്യവിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി സമാഹരിച്ചതായുള്ള ആരോപണങ്ങൾ പലപ്പോഴായി പുറത്തു വന്നിരുന്നു. ആ സാഹചര്യത്തിലാണ് ഭരണകൂടങ്ങൾക്ക് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ കൈമാറില്ലെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ടെലഗ്രാം സജീവമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
50 കോടി വാട്സപ്പ് നമ്പറുകൾ വില്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന വാർത്ത 2022ൽ പുറത്തുവരുന്നു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേതുൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായുള്ള വാർത്തകളും നിരന്തരം വന്നുകൊണ്ടിരുന്നു. പെഗാസസ് എന്ന ഇസ്രയേൽ നിർമിത നിരീക്ഷണ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഭരണകക്ഷിയിലേതടക്കമുള്ള നേതാക്കളെ സർക്കാർ നീരീക്ഷിക്കുകയായിരുന്നുവെന്ന വാർത്തകളും പുറത്തുവന്നു. നിരോധനം വേണ്ടെന്നു സർക്കാർ തീരുമാനിച്ചാലും 2021ലെ ഐടി നിയമമനുസരിച്ച് മാത്രമേ ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധിക്കൂയെന്ന നിബന്ധന ടെലഗ്രാമിനു മുന്നിൽ വയ്ക്കാനുള്ള സാധ്യതയാണ് കാണുന്നത്.
സമൂഹമാധ്യമങ്ങളിലെ ഒളിഞ്ഞുനോട്ടം ലോകത്തെമ്പാടും ഏകാധിപത്യ സ്വഭാവമുള്ള സർക്കാരുകൾ ശീലമാക്കിക്കഴിഞ്ഞ കാര്യമാണെന്നുകൂടി ടെലഗ്രാം സ്ഥാപകൻ പാവൽ ദുറോവിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നു. എന്നാൽ വ്യവസ്ഥിതിയുടെ തന്നെ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണോ വ്യക്തി സ്വാതന്ത്ര്യത്തെ നിർവചിക്കേണ്ടതെന്നതും ചോദ്യമാണ്.