പത്രാധിപര്‍ അബ്ദുക്ക
പത്രമോഫീസുകളില്‍ ന്യൂസ് എഡിറ്റര്‍ മിക്കവാറും തസ്തികപ്പേരിലാണ് വിളിക്കപ്പെടുക. സബ് എഡിറ്ററെയോ ചീഫ് സബ് എഡിറ്ററെയോ ലേഖകരെയോ ഒക്കെ അവരവരുടെ പേരുചൊല്ലി വിളിക്കാം, വിളിക്കുന്നു. എന്നാല്‍ ന്യൂസ് എഡിറ്ററെ സംബോധന ചെയ്യുമ്പോഴും മറ്റുള്ളവരോട് പറയുമ്പോഴും ന്യൂസ് എഡിറ്റര്‍ എന്നുതന്നെ പറയുന്നതാണ് അടുത്തകാലം വരെയുള്ള പതിവ്. ദേശാഭിമാനിയില്‍ ഏറ്റവും കൂടുതല്‍ കാലം അങ്ങനെ വിളിക്കപ്പെട്ട ആളാണ് സി എം അബ്ദുറഹ്‌മാന്‍.
മുണ്ട് മടക്കിക്കുത്തി പുകവിട്ടുകൊണ്ട് അദ്ദേഹം എഡിറ്റോറിയല്‍ വിഭാഗത്തിന്റെ മുറിയിലേക്ക് കടന്നുവരുമ്പോള്‍ അവിടം നിശ്ശബ്ദമാകും. അന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ പേജുകള്‍ ചെയ്തവര്‍ കടുത്ത ആശങ്കയോടെയാണ് മൗനികളാകുന്നത്. ന്യൂസ് എഡിറ്റര്‍ പൊട്ടിത്തെറിക്കുകയാണെങ്കില്‍ അത് കുറേനേരം നീളും. കസേരയില്‍ ഇരുന്ന് ഒരു സിഗരററിന് കൂടി തീക്കൊളുത്തി ആസ്വദിച്ചുവലിച്ചശേഷം ചിലപ്പോള്‍ പൊട്ടിച്ചിരിയായിരിക്കും. സ്വന്തം പത്രത്തില്‍ വന്ന തെറ്റുകളോ മനോരമയിലോ മാതൃഭൂമിയിലോ വന്ന തെറ്റുകളോ ആവും ചിരിക്ക് കാരണം.
മുണ്ട് മടക്കിക്കുത്തി പുകവിട്ടുകൊണ്ട് അദ്ദേഹം എഡിറ്റോറിയല്‍ വിഭാഗത്തിന്റെ മുറിയിലേക്ക് കടന്നുവരുമ്പോള്‍ അവിടം നിശ്ശബ്ദമാകും
1987 ഡിസംബറില്‍ കോഴിക്കോട് ദേശാഭിമാനിയില്‍ ട്രെയിനികളായെത്തിയ ഞങ്ങള്‍ കാഴ്ചക്കാരും കേള്‍വിക്കാരുമാണ്. പങ്കാളികാളായിക്കഴിഞ്ഞില്ല. വേഷത്തിലോ പെരുമാറ്റത്തിലോ സംസാരത്തിലോ ഔപചാരികത അല്പം പോലുമില്ല. സാധാരണഗതിയില്‍ ന്യൂസ് എഡിറ്റര്‍ ഏതെങ്കിലും ഇംഗ്ലീഷ് പ്രസിദ്ധീകരണത്തില്‍, അതല്ലെങ്കില്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്ന തടിച്ച ഇംഗ്ലീഷ് പുസ്തകത്തില്‍ ആയിരിക്കും. ടൈമും ന്യൂസ് വീക്കും ഏഷ്യാ വീക്കും സണ്‍ഡേയും ഇലസ്ട്രേറ്റഡ് വീക്കിലിയും.... പുകപാനം മുറയ്ക്ക് ഒന്നിന് പുറകെ ഒന്നായി നടക്കുന്നുണ്ടാവും... ഇടയ്ക്ക് പത്രത്തിന്റെ പ്രൊഡക്ഷന്‍ ചുമതലയുള്ള ചീഫ് സബ് എഡിറ്റര്‍ ഓര്‍മിപ്പിക്കും- ഇന്ന് ബ്യൂറോവില്‍ നിന്ന് ഇന്ന വാര്‍ത്ത കിട്ടിയില്ല, വൈകുകയാണ്.... അപ്പോഴാണ് ന്യൂസ് എഡിറ്ററുടെ വിശ്വരൂപം പുറത്തുചാടുക. അക്കാലത്ത് ലാന്‍ഡ്‌ഫോണും ടെലിപ്രിന്‍ററും മാത്രമാണല്ലോ ബന്ധപ്പെടാന്‍ മാര്‍ഗം. ഫോണെടുത്ത് ഒരു പ്രകടനമാണ്. വാര്‍ത്ത അതിവേഗം എത്തിക്കൊള്ളും. ബ്യൂറോകളിലെ ലേഖകരോടുള്ള അതേപോലെയാണ് കൊച്ചിയിലെ ന്യൂസ് എഡിറ്ററായ പത്മനാഭന്‍ സഖാവിനോടും ( ടി വി പത്മനാഭന്‍) പറയുക. അക്കാലത്ത് ദേശാഭിമാനിയില്‍ പി ടി ഐ ഏജന്‍സി കോഴിക്കോട്ടും യു എന്‍ ഐ കൊച്ചിയിലുമാണ്. യു എന്‍ ഐയിലുള്ള പ്രധാന വാര്‍ത്തകള്‍ ഇങ്ങോട്ടേക്കയക്കണം. വിദേശവാര്‍ത്തകള്‍ കോഴിക്കോട്ടുനിന്നാണ്. കേരളവാര്‍ത്തകള്‍ കൊച്ചിയില്‍ നിന്നും. അത് വൈകുമ്പോഴാണ് അബ്ദുറഹ്‌മാന്‍ കൊച്ചിയിലെ ന്യൂസ് എഡിറ്ററോട് പരുഷമായി സംസാരിക്കുന്നത്. 'എന്താ അവിടെ വാര്‍ത്ത ചന്തിക്കടിയില്‍ വെച്ചിരിക്കുകയാണോ' എന്നടക്കം ചോദ്യമുണ്ടാവും. ട്രെയിനികളായ ഞങ്ങള്‍ പേടിക്കുക സ്വാഭാവികം, ഒന്നും മിണ്ടാതെ, രൂക്ഷമായി നോക്കിക്കൊണ്ട് ഡസ്‌കില്‍ അച്ചടക്കം ഉറപ്പാക്കുന്ന, കര്‍മനിരതരാക്കുന്ന സാമര്‍ഥ്യം.
ട്രെയിനിങ്ങിന്റെ ഭാഗമായി ആദ്യം ക്ലാസെടുത്തത് ന്യൂസ് എഡിറ്റര്‍ അബ്ദുറഹ്‌മാനാണ്. അക്കാലത്ത് അബ്ദുക്ക എന്ന് വിളിക്കത്തക്ക ബന്ധമുണ്ടായിക്കഴിഞ്ഞിട്ടില്ല. യാതൊരു ഔപചാരികതയുമില്ലാതെയാണ് ക്ലാസും. വാര്‍ത്ത എങ്ങനെ എഴുതണം എന്ന ക്ലാസ്. പൂര്‍ണമായും പ്രായോഗിക പരിശീലനമാണ്. രാവിലെ ക്ലാസ്. വൈകീട്ട് ഡസ്‌കിലിരുന്ന് വാര്‍ത്തയെഴുത്ത്. അത് പരിശോധിക്കുന്ന ന്യൂസ് എഡിറ്ററുടെ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങള്‍...
ഞങ്ങളുടെ പരിശീലനകാലത്ത് ന്യൂസ് എഡിറ്റര്‍ ഒരു അപകടത്തില്‍പ്പെട്ടു. അര്‍ധരാത്രിയില്‍ സംഭവിച്ച ഒരു വീഴ്ച. കാല് പൊട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയിലായി. ഒരാഴ്ച അവിടെ കിടക്കണം. ഞങ്ങള്‍ അക്കാലത്ത് താമസിക്കുന്നത് ആശുപത്രിക്ക് അടുത്തുതന്നെയുള്ള എയര്‍ലൈന്‍സ് ലോഡ്ജിലാണ്. ആശുപത്രിയില്‍ ഒരു ബൈസ്റ്റാന്‍ഡര്‍ വേണം. അങ്ങനെ ദേശാഭിമാനിയിലെ സബ് എഡിറ്റര്‍ ട്രെയിനിയായി ഒരുമാസത്തിനകംതന്നെ ന്യൂസ് എഡിറ്ററെ വ്യക്തിപരമായി സഹായിക്കാന്‍ എനിക്ക് നിയോഗം ലഭിച്ചു. അബ്ദുക്കയുടെ വീട്ടില്‍ നിന്ന് ആര്‍ക്കും വന്ന് നില്‍ക്കാനാവില്ല. ഏകമകന്‍ റജീഷ് അന്ന് പ്രൈമറി വിദ്യാര്‍ഥിയാണ്. (ഇപ്പോള്‍ കൊച്ചിയില്‍ സ്വന്തമായി ആക്കുറേറ്റ് മീഡിയ എന്ന സ്ഥാപനം നടത്തുന്നു) ദേശാഭിമാനി ഓഫീസിന്റെ തൊട്ടുത്തുള്ള വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി. കൂട്ടത്തില്‍ പറയട്ടെ അബ്ദുറഹ്‌മാന്‍റെ മകന്‍ റജീഷും സിദ്ധാര്‍ഥന്‍ പരുത്തിക്കാടിന്റെ മൂത്ത മകള്‍ സ്മൃതിയും സഹപാഠികളാണ്. അവര്‍ ഉച്ചക്ക് കുറെ സമയം ഞങ്ങളുടെ ഓഫീസിലായിരിക്കും. രണ്ടും ഭയങ്കര പോക്കിരികളാണ്. ഓഫീസാകെ ബഹളമയമായിരിക്കും.
പരുക്കെല്ലാം മാറി തിരിച്ചെത്തുമ്പോഴേക്കും ക്ലാസെല്ലാം കഴിഞ്ഞ് ഞങ്ങളും ജോലിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. പ്രൂഫ് റീഡിങ്ങ്, റിപ്പോര്‍ട്ടിങ്ങ്. അങ്ങനെയിരിക്കെ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അന്തരിച്ച ദിവസം ന്യൂസ് എഡിറ്റര്‍ എന്നെ അടുത്ത് വിളിച്ച് ഒരു പുസ്തകം തന്ന് അത് നോക്കി ഒരു വിശദലേഖനം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. ശങ്കേഴ്‌സ് വീക്കിലിയുമായി ബന്ധപ്പെട്ട പുസ്തകമാണ്. ലേഖനമല്ല, പത്രത്തില്‍ വാര്‍ത്തയോടൊപ്പം കൊടുക്കാനുള്ളതാണ് എന്നും പറഞ്ഞു. ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ മുമ്പ് അധികം കണ്ടിട്ടില്ല. അബ്ദുക്ക തന്ന പുസ്തകം പഠിച്ച് കഴിയാവുന്നത്ര വേഗം എഴുതിക്കൊടുത്തു. അത് തരക്കേടില്ലെന്ന് പരസ്യമായിത്തന്നെ പറയുകയും ചെയ്തു. പിന്നീട് അത്തരം എഴുത്തുകള്‍ തുടര്‍ന്നു. എന്‍ വി കൃഷ്ണവാരിയര്‍ മരിച്ചപ്പോള്‍, പി നരേന്ദ്രനാഥ് മരിച്ചപ്പോള്‍ അങ്ങനെ....അതില്‍ ചിലതിന് ബൈലൈനും തന്നു.
എംടിക്ക് ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചപ്പോള്‍ ഒന്നാം പേജില്‍ പ്രത്യേക ലേഖനം എഴുതിച്ചത് എന്നെക്കൊണ്ടാണ്, ഞാനന്ന് കണ്ണൂരില്‍ ലേഖകനായിരുന്നിട്ടും. ശങ്കറിനെക്കുറിച്ചെഴുതിയ കുറിപ്പില്‍ തോന്നിയ മതിപ്പിന്റെ തുടര്‍ച്ച. കോഴിക്കോട് ഡസ്‌കില്‍ത്തന്നെ കഴിയുന്നതില്‍ നിന്നും മുക്തിയുണ്ടാക്കിയതില്‍ അബ്ദുക്കയുടെ സ്വാധീനമുണ്ടായിരുന്നു.
കണ്ണൂര്‍ ബ്യൂറോവില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ബ്യൂറോ ഒരുദിവസം പൂട്ടിയിടുന്ന സ്ഥിതിയുണ്ടായി. പാര്‍ട്ടി ഓഫീസിലാണ് ബ്യൂറോ. ലേഖകര്‍ പുറത്ത് പരിപാടിക്ക് പോയാല്‍ അടഞ്ഞുകിടക്കുന്നതില്‍ ചിലര്‍ക്ക് അസ്വാരസ്യമുണ്ടായിരുന്നു. ഏറ്റവും സൗമ്യനായ സെക്രട്ടറിയേറ്റംഗം ഒരുദിവസം ബ്യൂറോ മറ്റൊരു പൂട്ടിട്ട് പൂട്ടി. അത് വലിയ പ്രശ്‌നമായി മാറി. സ്ഥലംമാറ്റം പൂട്ടിയ സി പിക്ക് ശാസന... ആ ഘട്ടത്തിലാണ് മാനേജര്‍ ദക്ഷിണാമൂര്‍ത്തി എന്നോട് മടിച്ചുമടിച്ചു ചോദിക്കുന്നത്, 'ബാലകൃഷ്ണന് കണ്ണൂരില്‍ പോകാന്‍ പറ്റുമോ കുറച്ചുകാലത്തേക്കെങ്കിലും.. അബ്ദുറഹ്‌മാന്‍ ബാലകൃഷ്ണനെയാണ് നിര്‍ദേശിച്ചത്' അന്ന് രാത്രി അബ്ദുക്ക എന്നോട് പറഞ്ഞു... 'നീ ധൈര്യമായി പോ... അതൊരു മാറ്റമാവും... അവസരം വേണ്ടെന്നുവെക്കരുത്'. അങ്ങനെയാണ് കണ്ണൂരില്‍ ലേഖകനായെത്തിയത്. ദേശാഭിമാനിയില്‍ 12 വര്‍ഷം ആ ചുമതല വലിയ കുഴപ്പമില്ലാതെ നിര്‍വഹിച്ചു.
പാര്‍ട്ടി പത്രത്തിലെ ഒരു പത്രാധിപരാണെന്ന നിലയില്‍ മാറിനില്‍പ്പ് അബ്ദുക്കയുടെ അജണ്ടയിലില്ലായിരുന്നു
ഞാന്‍ കണ്ണൂരില്‍ ലേഖകനായിരിക്കെ 1992 മാര്‍ച്ച് 29ന്, അതൊരു ഞായറാഴ്ചയാണ്. ഞാന്‍ അബ്ദുക്കയെ വിളിച്ചു 'നമ്മുടെ കടമ്മന്‍ മറ്റന്നാള്‍ വിരമിക്കുകയാണ്, കടമ്മനെ നമ്മുടെ പല കക്ഷികളും വിവരക്കേടുകൊണ്ട് ഗ്വാഗ്വാ വിളിക്കുകയാണല്ലോ. അതിനെയെല്ലാം എതിര്‍ത്ത് ഒരു ലേഖനം കാച്ചിയാലോ?. ''നീ വേഗം അയക്കിന്‍... വാര്‍ത്ത കുറവുള്ള ദിവസമാണ്, പണിയും കുറവ്..'' കടമ്മനിട്ട അരാജകവാദിയാണ്, ലൈംഗിക അരാജകത്വമാണാ കവിതകളില്‍, നക്‌സലൈറ്റാണ് എന്നൊക്കെയാണ് പുരോഗമനസാഹിത്യസംഘവുമായി ബന്ധപ്പെട്ട ചിലര്‍ ആക്ഷേപിച്ചത്. ഈ ആക്ഷേപങ്ങളെയെല്ലാം നിശിതമായി വിമര്‍ശിച്ച് കടമ്മനിട്ട എന്ന ജനകീയ കവിയെ, വിപ്ലവത്തിന്റെ പാട്ടുകാരന്‍ എന്നനിലയില്‍ അവതരിപ്പിക്കുന്ന വാര്‍ത്താലേഖനമാണ് അയച്ചത്. അത് വായിച്ച ഉടന്‍ ആവേശത്തോടെ അബ്ദുക്ക വിളിച്ചു. പിറ്റേന്ന് ദേശാഭിമാനിയുടെ കോഴിക്കോട് എഡിഷനില്‍ ഒന്നാം പേജില്‍ തുടങ്ങി കാരിഓവറായാണത് കൊടുത്തത്. മറ്റ് എഡിഷനുകളില്‍ ഉള്‍പേജില്‍. കടമ്മനിട്ട ഇനി ജനപഥങ്ങളിലേക്ക് എന്ന തലക്കെട്ടില്‍ ...അതപ്പടി കൊടുക്കാന്‍ ന്യൂസ് എഡിറ്റര്‍ കാണിച്ച ധൈര്യം ചര്‍ച്ചാവിഷയമായി. എപ്പോള്‍ കണ്ടാലും കടമ്മനിട്ട അക്കാര്യം പറയുമായിരുന്നു. 'എന്നെ പടിയടച്ച് പിണ്ടംവെക്കാന്‍ നോക്കിയത് ആ റഹ്‌മാന്‍ പൊളിച്ചുവെന്ന്...'
സാംസ്‌കാരികരംഗത്തെ നിരവധി പ്രതിഭകളെ പരിചയപ്പെടുന്നത് അബ്ദുക്ക മുഖേനയാണ്. പാര്‍ട്ടി പത്രത്തിലെ ഒരു പത്രാധിപരാണെന്ന നിലയില്‍ മാറിനില്‍പ്പ് അബ്ദുക്കയുടെ അജണ്ടയിലില്ലായിരുന്നു. എല്ലാറ്റിലും ആണ്ടുമുഴുകുന്ന സ്വഭാവം. കോഴിക്കോട്ടെ പ്രശസ്തമായ അലങ്കാര്‍ ലോഡ്ജായിരുന്നു ഒരു കാലത്ത് അദ്ദേഹത്തിന്റെ താവളം. സൈക്കോ പത്രാധിപരും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമുമായ ചെലവൂര്‍ വേണുവേട്ടന്റെ സന്നിധിയാണത്. അവിടെയാണ് ചിന്ത രവി എന്ന കെ രവീന്ദ്രനും സംവിധായകന്‍ ടിവി ചന്ദ്രനും രാഷ്ട്രീയനേതാവായിരുന്ന എ സുജനപാലും മറ്റും കൂടിക്കൊണ്ടിരുന്നത്. അലങ്കാര്‍ ലോഡ്ജുമായി ബന്ധപ്പെട്ടതാണ് ടി വി ചന്ദ്രന്റെ സൂസന്ന എന്ന സിനിമയുടെ കഥാബീജം. പില്‍ക്കാലത്ത് അബ്ദുക്കയുടെ നിശാസംഗമവേദി ബീച്ച് ആശുപത്രിക്ക് മുന്നിലെ എയര്‍ലൈന്‍സ് ലോഡ്ജായി. അവിടെത്തന്നെയാണ് ഞങ്ങള്‍- കെ വി കുഞ്ഞിരാമന്‍, യു സി ബാലകൃഷ്ണന്‍ തുടങ്ങിയവരും താമസം. ചിലപ്പോള്‍ ഇപ്പോഴത്തെ മീഡിയാ വണ്‍ പത്രാധിപരായ എ പ്രമോദും- താമസം. അബ്ദുക്കയുടെ സംഘത്തില്‍ പാനത്തിന് പുറമെ പ്രധാനം പാട്ടുകളാണ്. പഴയതും പുതിയതുമായ പാട്ടുകള്‍ അതിമനോഹരമായി ആലപിക്കും അബ്ദുക്ക. ആ വേദിയില്‍ പലദിവസവും എനിക്കും പങ്കാളിത്തമുണ്ടായിട്ടുണ്ട്. മികച്ച നാടകനടനും പാട്ടെഴുത്തുകാരനുമായിരുന്ന അബ്ദുക്ക സംഗീതത്തിലും ഏറെ തല്പരനായിരുന്നു. ആ സംഗമങ്ങള്‍ ചിലപ്പോള്‍ പാതിരകഴിഞ്ഞും നീളും.
അബ്ദുക്കയുടെ എഴുത്തുവേഗം അപാരമെന്നേ പറയാനാവൂ. മുഖപ്രസംഗമാണെഴുതുന്നതെങ്കില്‍ എഴുതിപ്പൂര്‍ത്തിയായാലേ തല നിവര്‍ത്തൂ. സല്‍മാന്‍ റുഷ്ദിക്കെതിരായി മതമൗലികവാദികള്‍ ഉയര്‍ത്തിയ ഫത്വകള്‍ക്കെതിരെ മുഴുനീള മുഖപ്രസംഗമെഴുതുന്നത് നേരിട്ടുകണ്ട് വിസ്മയിച്ചിട്ടുണ്ട്. ദേശാഭിമാനി വാരികയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കടുത്ത നിര്‍ബന്ധത്തെ തുടര്‍ന്ന് ചില ലേഖനങ്ങള്‍ എഴുതിത്തന്നിട്ടുണ്ട്. എഴുത്തിലല്ല, വായനയിലാണ്, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലാണ് അബ്ദുക്ക കൂടുതല്‍ ഊന്നിയത്. ഇംഗ്‌ളീഷില്‍ നിന്ന് അതിവേഗം അനായാസം തര്‍ജമ ചെയ്യുന്നതിലെ വൈദഗ്ധ്യം വിസമയകരമാണ്.
ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ സഖ്യസേന എന്ന ഏജന്‍സി വാര്‍ത്തകള്‍ ഇറാക്കി അധിനിവേശ സേന എന്നാണ് ദേശാഭിമാനി കൊടുത്തുപോന്നത്. ഇത്തരത്തില്‍ നിരവധി വാക്കുകളെ അബ്ദുറഹ്‌മാനാണ് പരിചയപ്പെടുത്തിയതെന്ന് ദേശാഭിമാനി എഡിറ്ററായിരുന്ന കെ മോഹനന്‍ അനുസ്മരിക്കുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍മാരുടെ മനസ്സുവെട്ടിച്ച് സമഗ്രാധിപത്യവിരുദ്ധ ആശയങ്ങളുള്ള ഫീച്ചറുകളും വാര്‍ത്തകളും എഴുതിക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും അബ്ദുറഹ്‌മാന്‍ കാണിച്ച ധൈര്യവും അനുസ്മരിക്കപ്പെട്ടിട്ടുണ്ട്. വിശേഷദിവസങ്ങളില്‍ പത്രത്തിന്റെ ലേ ഔട്ട് ചുമതല അബ്ദുറഹ്‌മാന്‍ ഏറ്റെടുക്കുമായിരുന്നു. പിന്‍ക്കാലത്ത് പത്രപ്രവര്‍ത്തന ക്ലാസുകളില്‍ അത് ചര്‍ച്ചചെയ്യപ്പെടാറുമുണ്ട്.
തര്‍ജമയില്‍ പ്രത്യേകമായുള്ള മിടുക്കും വേഗവും കാരണം പത്രത്തിന്റെതല്ലാത്ത ചില പ്രവൃത്തികള്‍ക്കും പാര്‍ട്ടി അദ്ദേഹത്തെയാണ് ആശ്രയിക്കാറുള്ളത്. രാഷ്ട്രീയപ്രമേയങ്ങളുടെയും പാര്‍ട്ടി രഹസ്യക്കത്തുകളുടെയും തര്‍ജമയടക്കം... കേന്ദ്ര കമ്മിറ്റിയുടെ രേഖകള്‍ മലയാളത്തിലാക്കുന്ന ചുമതല ദീര്‍ഘകാലം അദ്ദേഹം നിര്‍വഹിച്ചു.
ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ സഖ്യസേന എന്ന ഏജന്‍സി വാര്‍ത്തകള്‍ ഇറാക്കി അധിനിവേശ സേന എന്നാണ് ദേശാഭിമാനി കൊടുത്തുപോന്നത്. ഇത്തരത്തില്‍ നിരവധി വാക്കുകളെ അബ്ദുറഹ്‌മാനാണ് പരിചയപ്പെടുത്തിയത്
ചിന്ത രവിയും ചെലവൂര്‍ വേണുവേട്ടനും ടിവി ചന്ദ്രനും പവിത്രനും കെആര്‍ മോഹനനും ബാബു ഭരദ്വാജും താജുമടക്കമുളളവരാണ് അബ്ദുക്കയുടെ പ്രിയകൂട്ടുകാര്‍ എന്ന് പറഞ്ഞല്ലോ. അവരില്‍ പലരും സുഹൃത്തിനെ കാണാന്‍ ഓഫീസില്‍ വരും. അബ്ദുക്കയല്ലെങ്കില്‍ അവര്‍ കോയമുഹമ്മദിനെ കണ്ട് സംസാരിച്ച് മടങ്ങും. കോയമുഹമ്മദും അലങ്കാര്‍ ലോഡ്ജില്‍ ചെലവൂരിന്റെ സഹപ്രവര്‍ത്തകനായിരുന്നു. കേരളസര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ നിന്ന് എം എ ഇക്കണോമിക്‌സ് പാസായ ശേഷം സൈക്കോവില്‍ എഡിറ്റിങ്ങില്‍ സഹകരിക്കുകയായിരുന്ന കോയയെ അബ്ദുറഹ്‌മാനാണ് ദേശാഭിമാനിയിലേക്ക് വിളിക്കുന്നത്. ചെലവൂരാണ് ഒരുദിവസം കോയയോട് പറയുന്നത്, നീ പോയി അബ്ദുറഹ്‌മാനെ കാണണം.... പത്രപ്രവര്‍ത്തനരംഗത്ത് ഒരു പ്രതിഭയുടെ രംഗപ്രവേശം അങ്ങനെ സംഭവിക്കുകയാണ്.
ജോണ്‍ എബ്രഹാമും അബ്ദുറഹ്‌മാന്റെ സൗഹൃദസദസ്യനായിരുന്നു. ഒരു സായാഹ്നത്തില്‍ എഡിറ്റോറിയല്‍ യോഗം നടന്നുകൊണ്ടിരിക്കെ ജോണ്‍ മോശം നിലയില്‍ അവിടെയെത്തിയതും എഡിറ്റോറിയല്‍ യോഗമാണ് പിന്നെ കാണാമെന്ന് അ്ബദുറഹ്‌മാന്‍ പറഞ്ഞപ്പോള്‍ അതില്‍ത്തന്നെയാണെനിക്ക് ചിലത് പറയാനുള്ളതെന്ന് പറഞ്ഞ് ഹാളില്‍ കയറിയതും മുമ്പൊരിക്കല്‍ വിവരിച്ചതാണ്.
1996-കാലത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററായി അതോ സീനിയര്‍ ന്യൂസ് എഡിറ്ററായോ അബ്ദുറഹ്‌മാന്‍ തിരുവനന്തപുരത്തായിരുന്നു. അക്കാലത്ത് ഏതാനും മാസം ഞാന്‍ തിരുവനന്തപുരം ബ്യൂറോവിലായിരുന്നു. ജനറല്‍ എഡിറ്റര്‍ കെ മോഹനന്‍. അബ്ദുറഹ്‌മാന്‍ താമസിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് ഞാന്‍ താമസം.
മാഞ്ഞാലിക്കുളം റോഡിലെ ഓഫീസ്. അതിലെത്തന്നെ മുറികള്‍. അതിരാവിലെ എഴുന്നേറ്റ് ചായക്കും പുകയ്ക്കുമായി പുറത്തിറങ്ങും. ഓഫീസിന്റെ തൊട്ടുമുന്നില്‍ത്തന്നെ ഒരു പെട്ടിക്കട പ്രഭാതവേളകളില്‍ മാത്രം പ്രവര്‍ത്തിക്കും. നായര്‍ എന്നാണയാളെ വിളിക്കുക. ചിന്താ പബ്ലിഷേഴ്‌സില്‍ ജോലി ചെയ്യുന്ന ഒരാള്‍, പിന്നെ ഞാനും അബ്ദുക്കയും ഒക്കെയാണ് സ്ഥിരക്കാര്‍. പറ്റും തരും.. രാവിലെ ആറുമണിക്ക് തുടങ്ങി ഏഴര-എട്ടുവരെയോളമാണ് അബ്ദുക്കയുടെ ഇരിപ്പ്. ഒറ്റ സ്റ്റൂളേയുള്ളു. അബ്ദുക്കക്കാണത്. കാരണം മൂന്ന് ചായ നാലോ അഞ്ചോ വില്‍സ്- ഇതെല്ലാം അതിലിടയ്ക്ക് അബ്ദുക്ക വാങ്ങിക്കഴിയും. നായര്‍ വാങ്ങുന്ന മനോരമയാണ് മറ്റൊരാകര്‍ഷണം. ദീര്‍ഘനേരം സാഹിത്യ-കലാ ചര്‍ച്ചയാണവിടെ നടക്കുക. ഒരുദിവസം ചായകുടിക്കുന്നതിനിടെ ഞാന്‍ പറഞ്ഞു, അത്തവണത്തെ മനോരമ ഓണപ്പതിപ്പ് ( 1996) അപാരമാണ് എന്ന്. എന്തോ പൈങ്കിളിയുണ്ടാവും അല്ലെയെന്ന് അബ്ദുക്ക. ഞാന്‍ വിവരിച്ചു. ആനന്ദിന്റെ ഒരു നോവലുണ്ട്. കാലം എന്നാണ് പേര്. അതില്‍ നഗരവധുവിനെക്കുറിച്ചും ടോര്‍ച്ചറിനെക്കുറിച്ചും ഹൃദയസ്പര്‍ശിയായ അവതരണമുണ്ട് എന്ന്... ഒരു സിഗരറ്റ് കൂടി വാങ്ങി തീക്കൊളുത്തിയ അബ്ദുറഹ്‌മാന്‍ ഒരു ഓട്ടോക്ക് കൈനീട്ടുന്നു, പോകുന്നു... ( റോട്ടില്‍ത്തന്നെയാണ് പെട്ടിക്കട) വൈകീട്ട് കണ്ടപ്പോള്‍ കരച്ചിലിനോടടുത്ത പെരുമാറ്റം... അയ്യോ... എന്തൊരു വര്‍ക്ക്... മൂപ്പര്‍ തമ്പാനൂരിലെ മാസികക്കടയിലേക്ക് ഊളിയിട്ടതായിരുന്നു രാവിലെ.
വ്യാസനും വിഘ്‌നേശ്വരനും എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ആ ലഘുനോവല്‍ അസാധ്യമായൊരു വര്‍ക്കാണെന്ന് മനുഷ്യസ്‌നേഹത്തിന്റെ ഒരു കുലപതിക്ക് മാത്രം സാധ്യമായ രചനയെന്ന് വിവരിക്കുമ്പോള്‍ അദ്ദേഹം ശരിക്കും കരയുന്നുണ്ടായിരുന്നു.
തിരുവനന്തപുരത്ത് അബ്ദുക്ക പ്രവര്‍ത്തിക്കുമ്പോഴാണ് സംസ്‌കൃത സര്‍വകലാശാലയുടെ സ്ഥലമെടുപ്പ് അഴിമതി, നിയമന അഴിമതി എന്നിവയെക്കുറിച്ച് ഞാന്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ എഴുതിയത്. അത് ഒരു പരമ്പരയാക്കാമെന്ന് അബ്ദുക്ക അഭിപ്രായപ്പെട്ടു. അന്നത്തെ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായരാണ് സംസ്‌കൃതസര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍. അഴിമതിയുടെ തലവനും അദ്ദേഹംതന്നെ. അഞ്ചോ ആറോ ലക്കത്തിലുള്ള പരമ്പര ഞാന്‍ എഴുതി. ചീഫ് ന്യൂസ് എഡിറ്ററായ അബ്ദുക്ക അത് ജനറല്‍ എഡിറ്ററായ കെ മോഹനേട്ടന് നല്‍കി. വൈകീട്ട് ഡസ്‌കില്‍ വന്ന് മോഹനേട്ടന്‍ പറഞ്ഞു.
സായിപ്പേ (അബ്ദുറഹ്‌മാനെ സായിപ്പെന്നാണ് മോഹനേട്ടന്‍ വിളിക്കുക) ആ ബാലകൃഷ്ണന്‍ പാഞ്ചാലിയുടെ ചേലപോലെയാണെഴുതിയിരിക്കുന്നത്. ഞാനതില്‍ കൈവെക്കും. അല്ലെങ്കില്‍ ഇത് കൊടുത്തുതീര്‍ക്കാനാവില്ല... അങ്ങനെ മോഹനേട്ടന്‍ കൈവെച്ചു. മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്റര്‍ എന്ന് എനിക്ക് ഒരാളെക്കുറിച്ചേ പറയാനാവൂ- അത് മോഹനേട്ടനാണ്. അതിമനോഹരമായ കൈപ്പടയില്‍ പച്ച മഷിയില്‍ മോഹനേട്ടന്‍ പരമ്പര മാറ്റിയെഴുതിയിരിക്കുന്നു. ആ പരമ്പര വരുമ്പോള്‍ ചീഫ് സെക്രട്ടറി സി പി നായര്‍ എന്നെ വിളിച്ചു. ( രാമചന്ദ്രന്‍ നായരെ ഒഴിവാക്കിയിരുന്നു). ഇനിയും ചില വിവരങ്ങളുണ്ട് എന്നു പറഞ്ഞു..... ആ പരമ്പര വലിയതോതില്‍ ഏശി. രാമചന്ദ്രന്‍ നായര്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പോയി, ആരാണ് ബാലകൃഷണന്‍ എന്ന് തിരക്കി.... വിജിലന്‍സ് കേസുണ്ടായി. രാമചന്ദ്രന്‍ നായര്‍ പ്രതിയാണെന്ന് സ്ഥാപിക്കപ്പെട്ടു. അബ്ദുക്ക എന്ന ന്യൂസ് എഡിറ്ററുടെ സൂക്ഷ്മതയാണ് ആ അന്വേഷണത്തിലേക്ക് എന്നെ നയിച്ചത്. പക്ഷേ പത്രങ്ങളിലൂടെ അഴിമതി പുറത്തുകൊണ്ടുവന്ന് കുറ്റം തെളിയിക്കുന്നതുവരെ പിന്തുടരുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്‍ എന്‍ സത്യവ്രതന്‍ സാര്‍ എഴുതിയ വാര്‍ത്തയുടെ ശില്പശാല എന്ന പുസ്തകത്തില്‍ ഈ വാര്‍ത്തകളും പരമ്പരയും ഈ ലേഖകന്റെ പേരിലല്ല മറ്റൊരാളുടെ പേരിലാണ് രേഖപ്പെടുത്തിയത്.
സാന്ദര്‍ഭികമായി പറയട്ടെ ഈ സംഭവത്തിന് ഒരുവര്‍ഷം മുമ്പ് കേരളത്തില്‍ 103 അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച സംഭവമുണ്ടായി. വാസ്തവത്തില്‍ 100 സ്‌കൂളിന് അനുമതി നല്‍കാനാണ് കാബിനറ്റ് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയായ രാമചന്ദ്രന്‍നായര്‍ തന്റെ തുളസീവനം വക മൂന്ന് സ്‌കൂളിന്റെ പേരുകൂടി സ്വന്തംനിലയ്ക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഈ സംഭവം കണ്ടുപിടിച്ച് കണ്ണൂരില്‍ നിന്ന് ഞാന്‍ വാര്‍ത്തയാക്കിയിരുന്നു. അതും വലിയ വിവാദമായിരുന്നു.
തിരുവനന്തപുരം വാസത്തിനിടയില്‍ ഒരു അര്‍ധരാത്രി അബ്ദുക്ക മിസ്സായത് എനിക്ക് വലിയപ്രശ്‌നം സൃഷ്ടിച്ചു. നിശാ ചര്‍ച്ചകള്‍ക്ക് ഇടയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് പോവുമായിരുന്നു. ഒരിക്കല്‍ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ആര്‍ എസ് ബാബു കൊല്ലത്തെ പ്രശസ്തമായ കടപ്പാക്കട സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിലെ ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് ദേശാഭിമാനിയിലെ ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒരു വിരുന്നൊരുക്കി. തമ്പാനൂരിലെ ചൈത്രത്തിലായിരുന്നു അത്. ഇത്തരം കൂട്ടായ്മകളില്‍ ചേരാത്ത ഏഴാച്ചേരി രാമചന്ദ്രനെപ്പോലുള്ളവര്‍ ആ വിരുന്നില്‍ ഉണ്ടായിരുന്നില്ല. അന്ന് ഭക്ഷണം കഴിഞ്ഞശേഷം സമ്പൂര്‍ണഗാനമേളയായിരുന്നു. ഗായകന്‍ അബ്ദുക്ക തന്നെ.
മകരവിളക്കിന്റെ പിറ്റേന്നായിരുന്നു അത്.അന്നത്തെ ഒന്നാം പേജില്‍ മൂന്നുകോളത്തിലാണ് മകരവിളക്ക് വാര്‍ത്ത. അത് കൊടുത്തതല്ല പ്രശ്‌നം.
ഏഴാച്ചേരിയുടെ മാര്‍ത്താണ്ഡമണ്ഡലം കായല്‍ നിലത്തിലെ കൈതവരമ്പത്ത് ഞങ്ങളുയര്‍ത്തിയ കൊടിയിത് മര്‍ദനം പേടിച്ചഴിക്കില്ലൊരുനാളും പലതവണ ആവര്‍ത്തിക്കപ്പെട്ടു. അവരാണ് ഞങ്ങളെ ആദ്യം പഠിപ്പിച്ചതടിമവര്‍ഗത്തിന്റെ സംഘബോധം എന്ന എം കൃഷ്ണന്‍കുട്ടിയുടെ പാട്ടും അദ്ദേഹം ആലപിച്ചു. ആ കവിതയുടെ പേരിലാണ് കൃഷ്ണ്‍കുട്ടിയെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിടച്ചത്. പറഞ്ഞുവന്നത് അതല്ല.
ഒരുദിവസം അബ്ദുക്ക എന്നെയും കൂട്ടി രാത്രി പുറത്തിറങ്ങി. തമ്പാനൂരിലാണ്. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് പുറകെയുള്ള ഒരുഹോട്ടല്‍. അവിടെ കെ ആര്‍ മോഹനേട്ടനുണ്ട്, ബാബു ഭരദ്വാജുണ്ട്... സുദീര്‍ഘമായ ചര്‍ച്ചകള്‍. രാത്രി 11 മണിയോടെ പുറത്തിറങ്ങി ഞാനും അബ്ദുക്കയും നടക്കുകയാണ്- ഓഫീസിലെ താമസസ്ഥലത്തേക്ക്. പിന്തിരിഞ്ഞുനോക്കുമ്പോള്‍ അബ്ദുക്കയില്ല. ഒരുമണിക്കൂറോളം തമ്പാനൂരിലാകെ പരതിയശേഷം സങ്കടത്തോടെ മടങ്ങി.. രാത്രി ഉറങ്ങിയില്ല... പിറ്റേന്ന് ആശങ്കയോടെ നായരുടെ പെട്ടിക്കടയില്‍ ചായക്ക് പോയപ്പോള്‍ അവിടെയിരിക്കുന്നു വെടിവട്ടവുമായി അബ്ദുറഹ്‌മാന്‍!
ചെറുപ്പത്തിലേ റിബലായ അദ്ദേഹം യാതൊരു ജാഡക്കും വഴങ്ങിയില്ല. അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കത്തിലും വിശ്വസിച്ചില്ല. ഉറച്ച രാഷ്ട്രീയവും അതിന്റെ ആഭ്യന്തര അച്ചടക്കവും പാലിച്ചുകൊണ്ടുതന്നെ പരക്കെ സൗഹൃദം ഊട്ടിവളര്‍ത്താന്‍ ശ്രമിച്ചു
തിരുവനന്തപുരം എഡിഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അബ്ദുക്ക ഏറ്റവും കുറ്റബോധം പ്രകടിപ്പിച്ച, ദുഖിതനായ ഒരു ദിവസത്തെപ്പറ്റി ഓര്‍ക്കുന്നു. മകരവിളക്കിന്റെ പിറ്റേന്നാണ്. കെ മോഹനേട്ടന്‍ അസാധാരണമായ മുഖഭാവത്തോടെ വന്ന് ചോദിക്കുകയാണ്, സായിപ്പേ നിങ്ങള്‍ എന്നെ പറ്റിച്ചല്ലോ... ഏറ്റവും വിശ്വാസമുണ്ടെന്ന് മോഹനേട്ടന്‍ പറയാറുള്ള അബ്ദുറഹ്‌മാനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്, പറ്റിച്ചല്ലോ...
മകരവിളക്കിന്റെ പിറ്റേന്നായിരുന്നു അത്. അന്നത്തെ ഒന്നാം പേജില്‍ മൂന്നുകോളത്തിലാണ് മകരവിളക്ക് വാര്‍ത്ത. അത് കൊടുത്തതല്ല പ്രശ്‌നം. ആ വാര്‍ത്തയില്‍ മകരവിളക്ക് തെളിയുന്നതുമായി ബന്ധപ്പെട്ട് യാഥാസ്ഥിതിക- മതവാദി പത്രങ്ങളില്‍ വരുന്ന അതേ ഭാഷയിലാണ് വിവരണം. ലക്ഷക്കണക്കിന് ഭക്തര്‍ കാത്തുനില്‍ക്കെ ആകാശത്ത് മകരജ്യോതി തെളിയുന്നതും മറ്റും മറ്റുമായ വ്യാജവിവരണം. മനോരമയും മാതൃഭൂമിയും സ്ഥിരമായി കൊടുക്കുന്ന അതേ പോലെ...
അബ്ദുക്ക കരഞ്ഞില്ലെന്നേയുള്ളൂ... അദ്ദേഹം തലയ്ക്കു തല്ലി... ശബരിമല വാര്‍ത്ത നന്നായി കൊടുക്കണമെന്ന് ലേഖകനോടും ഡസ്‌കിലെ രണ്ടാം ഷിഫ്റ്റുകാരനോടും ന്യൂസ് എഡിറ്റര്‍ ചട്ടംകെട്ടിയിരുന്നു- പക്ഷേ ഇങ്ങനെ വിശ്വാസപരമാവും വാര്‍ത്തയെന്നോര്‍ത്തില്ല, ഉത്തരവാദപ്പെട്ടവരാരും വായിച്ചുനോക്കിയുമില്ല.- 1997-ലെ മകരവിളക്ക് വാര്‍ത്ത.
ആര്‍ക്കു മുമ്പിലും തല കുനിക്കാതെ സ്വാഭിപ്രായം അറുത്തുമുറിച്ചുപറയുന്നതായിരുന്നു അബ്ദുറഹ്‌മാന്റെ പ്രകൃതം. ജനറല്‍ മാനേജര്‍ പി കണ്ണന്‍നായര്‍ പങ്കെടുക്കുന്ന യോഗത്തിലായാലും, ഇഎംഎസ് പങ്കെടുക്കുന്ന യോഗത്തിലായാലും അതിന് മാറ്റമില്ല. ആ യോഗങ്ങളിലും വേദിയിലിരുന്ന് പുകവലിക്കുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്. സ്വന്തം ആവശ്യങ്ങളുമായി ആരെയും സമീപിക്കാതിരുന്നതും വ്യക്തിതാല്പര്യങ്ങള്‍ക്ക് വേണ്ടി ഒരുവാതിലിലും മുട്ടാതിരുന്നതും അദ്ദേഹത്തിന് ഉള്‍ക്കരുത്തുണ്ടാക്കി. അപാരമായ അറിവും കഴിവും പ്രത്യേകമായ തന്റേടം നല്‍കി.
നാലുപതിറ്റാണ്ടോളം കാലത്തെ തിളക്കമാര്‍ന്ന, ത്യാഗനിര്‍ഭരമായ പത്രപ്രവര്‍ത്തനാനുഭവമുണ്ടായിട്ടും അത് എഴുതിവെക്കുന്നതിന് അദ്ദേഹം മുതിര്‍ന്നില്ല. പോരാട്ടമായിരുന്നു ആ ജീവിതം. പില്‍ക്കാലത്ത് പ്രസിദ്ധരായ ഒട്ടേറെ പത്രപ്രവര്‍ത്തകര്‍ എണ്‍പതുകളിലെ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു.
ഭാര്യ കച്ചീബി എഴുപതുകളില്‍ ബിരുദധാരിയയിട്ടും അവര്‍ക്കുവേണ്ടി ഒരു ജോലിക്കായി അദ്ദേഹം ആരോടും അഭ്യര്‍ഥിച്ചില്ല. ചെറുപ്പത്തിലേ റിബലായ അദ്ദേഹം യാതൊരു ജാഡക്കും വഴങ്ങിയില്ല. അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കത്തിലും വിശ്വസിച്ചില്ല. ഉറച്ച രാഷ്ട്രീയവും അതിന്റെ ആഭ്യന്തര അച്ചടക്കവും പാലിച്ചുകൊണ്ടുതന്നെ പരക്കെ സൗഹൃദം ഊട്ടിവളര്‍ത്താന്‍ ശ്രമിച്ചു. കോഴിക്കോട്ടെ പത്രപ്രവര്‍ത്തക കുടുംബമേളകളില്‍ തിളങ്ങുന്ന താരമായിരുന്നു അദ്ദേഹം. ഐക്യത്തിന്റെ പാരസ്പര്യത്തിന്റെ മേളകള്‍. സിപിഐഎം പ്രതിനിധിസംഘത്തില്‍ അംഗമായി രണ്ടാഴ്ച ചൈനയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് അബ്ദുറഹ്‌മാന്‍. അപ്പോഴുണ്ടായ ഒരനുഭവം അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു.
യാത്രക്കായി ഡല്‍ഹിയിലെത്തിയപ്പോള്‍ പാര്‍ട്ടിയുടെ വിദേശകാര്യ ചുമതലയുള്ള പിബി അംഗമായ സീതാറാം യെച്ചൂരി സംഘത്തെ വിളിച്ചുകൂട്ടി ചെറിയൊരു ക്ലാസ് നടത്തി. പാനോപചാരമടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ വേണം. അവരുടെ മര്യാദകള്‍ പാലിക്കണം എന്നൊക്കെ. അതുകഴിഞ്ഞ് ചൈനയുടെ ഡല്‍ഹിയിലെ എംബസ്സിയില്‍ ഒരു കൂടിക്കാഴ്ച. അവിടെയും പാനോപചാരമുണ്ട്. അബ്ദുറഹ്‌മാന്‍ പതിവുപോലെ നന്നായി ആസ്വദിച്ച് നല്ല ലവലായി. അധികം കഴിക്കരുതെന്ന് സംഘത്തലവന്റെ നിര്‍ദേശം. താന്‍ പരാതിപ്പെടുമെന്നും പാര്‍ട്ടി നടപടി വരും എന്നുംകൂടി സംഘത്തലവന്‍ പറഞ്ഞു. തിരിച്ചുവന്നശേഷം പരാതി നല്‍ക്കിക്കോളൂ എന്നായി അബ്ദുറഹ്‌മാന്‍.
അങ്ങനെ അവര്‍ ബെയ്ജിങ്ങിലെത്തി. ഹോട്ടലില്‍ ഓരോരാള്‍ക്കും ഓരോ മുറി. മുറിയിലെ ചെറിയ ഫ്രിഡ്ജില്‍ ഓരോ ചെറിയ കുപ്പി ബിയറുണ്ട്. അതെടുത്ത് കുടിച്ച അബ്ദുറഹ്‌മാന്‍ തൊട്ടടുത്ത മുറിയുടെ വാതിലില്‍ മുട്ടി. സംഘത്തലവന്റെ മുറിയാണ്. ആ ഫ്രിഡ്ജ് തുറന്ന് അതിലെ ബിയറെടുത്തു തരൂ എന്നായി അബ്ദുറഹ്‌മാന്‍. അപ്പോള്‍ സംഘത്തലവന്‍ വിഷണ്ണനായി നില്പായിരുന്നു. അയാള്‍ നേരത്തതന്നെ കാലിയാക്കി ഇനി എവിടെനിന്ന് കിട്ടുമെന്ന് നോക്കിയിരിപ്പായിരുന്നു.....
അടിയന്തരാവസ്ഥക്കാലത്തും അതുകഴിഞ്ഞ ഉടനെയുമാണ് അബ്ദുറഹ്‌മാന്റെ പത്രപ്രവര്‍ത്തക പ്രതിഭ കൂടുതല്‍ തിളക്കത്തോടെ വെളിവായത്. സി ആര്‍ ഓമനക്കുട്ടനെക്കൊണ്ട് ശവംതീനികള്‍ എഴുതിക്കുന്നതിലും പിന്നീട് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ കക്കയം ക്യാമ്പ് കഥ പറയുന്നുവെന്ന ബൃഹത് പരമ്പര പ്രസിദ്ധപ്പെടുത്തുന്നതിലും അബ്ദുറഹ്‌മാന്റെ പങ്ക് പ്രധാനമായിരുന്നു.
തിരൂരിലെ വെട്ടത്ത് സി എം കുഞ്ഞിമുഹമ്മദിന്റെയും ഫാത്തിമയുടെയും മൂത്തമകനായി ജനിച്ച അബ്ദുറഹ്‌മാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെതന്നെ റബലായി
നാലുപതിറ്റാണ്ടോളം കാലത്തെ തിളക്കമാര്‍ന്ന, ത്യാഗനിര്‍ഭരമായ പത്രപ്രവര്‍ത്തനാനുഭവമുണ്ടായിട്ടും അത് എഴുതിവെക്കുന്നതിന് അദ്ദേഹം മുതിര്‍ന്നില്ല. പോരാട്ടമായിരുന്നു ആ ജീവിതം. പില്‍ക്കാലത്ത് പ്രസിദ്ധരായ ഒട്ടേറെ പത്രപ്രവര്‍ത്തകര്‍ എണ്‍പതുകളിലെ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ദി ഹിന്ദുവില്‍ ഡല്‍ഹിയില്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്ന, ഇപ്പോഴത്തെ ദി ഐഡം മാനേജിങ്ങ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററും മീഡിയാവണ്‍ ചീഫ് എഡിറ്ററുമായ സി എല്‍ തോമസ്, കൈരളി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ പി ചന്ദ്രശേഖരന്‍, മീഡിയാവണിന്റെ ചീഫ് എഡിറ്റര്‍ എ പ്രമോദ് തുടങ്ങി ഒട്ടേറെപ്പേര്‍ അബ്ദുക്കയുടെ മാര്‍ഗനിര്‍ദേശത്തോടെ പത്രപ്രവര്‍ത്തനമേഖലയില്‍ പ്രതിഷ്ഠ നേടിയവരാണ്.
തിരൂരിലെ വെട്ടത്ത് സി എം കുഞ്ഞിമുഹമ്മദിന്റെയും ഫാത്തിമയുടെയും മൂത്തമകനായി ജനിച്ച അബ്ദുറഹ്‌മാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെതന്നെ റബലായി. നാടകങ്ങളില്‍, പ്രത്യേകിച്ച് കെടി മുഹമ്മദിന്റെ ഇത് ഭൂമിയാണ് പോലുള്ള നാടകങ്ങളില്‍ അഭിനയിക്കുകയും നാടകാവതരണങ്ങളുടെ അണിയറപ്രവര്‍ത്തകനാവുകയും ചെയ്തതോടെ മതയാഥാസ്ഥിതികത്വത്തിന്റെ നോട്ടപ്പുള്ളിയായി. പോരാത്തതിന് യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും. ഫാറൂഖ് കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം തിരൂരില്‍ പോളിടെക്‌നിക്കില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടു. നാടകം തലക്കുപിടിച്ചതോടെ പള്ളിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.
യുക്തിവാദി പ്രസ്ഥാനത്തിലൂടെ അബ്ദുറഹ്‌മാന്‍ നേരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണെത്തിയത്. 1962ല്‍ അവിഭക്ത പാര്‍ട്ടിയില്‍ അംഗത്വം. രാഷ്ട്രീയവും നാടകവും മൂത്തതോടെ പളളിയില്‍ നിന്ന് മാത്രമല്ല വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. അതോടെയാണ് കോഴിക്കോട്ടെത്തി കെ ചാത്തുണ്ണി മാസ്റ്റരെ കാണുന്നത്. ചാത്തുണ്ണി മാസ്റ്റര്‍ കെഇകെ നമ്പൂതിരിയുടെ സഹായിയായി ചിന്ത വാരികയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ചേര്‍ക്കുന്നു. അടുത്തവര്‍ഷം അതായത് 1968- ദേശാഭിമാനി പത്രാധിപസമിതിയി അംഗം. മലയാളത്തിലെ ഏററവും ശ്രദ്ധേയനായ ഒരു പത്രപ്രവര്‍ത്തകന്റെ തുടക്കം. കൊച്ചിയില്‍ ദേശാഭിമാനിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി 2004-ലാണ് വിരമിച്ചത്. 2016 ജനുവരി ആറിന് അന്തരിച്ചു.