മാന്നാർ മത്തായിയെ എല്ലാവരും ഓർക്കുന്നു; കടുവാക്കുളത്തെയോ?

മാന്നാർ മത്തായിയെ എല്ലാവരും ഓർക്കുന്നു; കടുവാക്കുളത്തെയോ?

നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കും ആ കൊച്ചു വേഷം എന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു കടുവാക്കുളം. പക്ഷേ അതുണ്ടായില്ല.
Updated on
3 min read

"എന്റെ ദൈവമേ നിങ്ങൾ ഇതുവരെ പുറപ്പെട്ടില്ലേ?" -- ഫോണിലൂടെ നാടക ബുക്കിംഗ് ഏജന്റിന്റെ ചോദ്യം. "പുറപ്പെട്ടു പുറപ്പെട്ടു, പുറപ്പെട്ടിട്ട് അര മണിക്കൂറായി; കുറച്ചു കൂടി നേരത്തെ പുറപ്പെടണോ" എന്ന് മാന്നാർ മത്തായിയുടെ മറുചോദ്യം.

ആ മറുപടിയിൽ നിന്ന് തുടങ്ങുന്നു, മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ക്ലാസിക് കോമഡി സീനുകളിലൊന്ന്. രസികൻ ഡയലോഗുകളുടെ ഒരു പരമ്പരയാണ് പിന്നീടങ്ങോട്ട്. എല്ലാം കഴിഞ്ഞു ഫോൺ വെച്ച ശേഷം, "അവർ അര മണിക്കൂർ മുൻപേ പുറപ്പെട്ടു. ഞാനത് പറഞ്ഞു ഒരു മണിക്കൂർ മുൻപേയാക്കി. എന്താ പോരേ...." എന്ന് ബുക്കിംഗ് ഏജന്റ് അഭിമാനത്തോടെ കൂട്ടുകാരോട് പറഞ്ഞുനിർത്തുമ്പോഴേക്കും ചിരിച്ചു മണ്ണു കപ്പിയിരിക്കും പ്രേക്ഷകർ.

മാന്നാർ മത്തായിയെ എല്ലാവരും ഓർക്കുന്നു; കടുവാക്കുളത്തെയോ?
നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്

ഓർത്തോർത്തു ചിരിക്കാൻ വകയുള്ള ആ രംഗത്ത് മാന്നാർ മത്തായി ആയി അഭിനയിച്ച ഇന്നസെന്റിനെ മറക്കില്ല മലയാളികൾ. എന്നാൽ ഏതാനും നിമിഷങ്ങൾ മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ബുക്കിംഗ് ഏജന്റിന്റെ പേര് എത്ര പേർ ഓർക്കുന്നുണ്ടാകും? ഇരുനൂറോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച കടുവാക്കുളം ആന്റണി എന്ന നടനെക്കുറിച്ചുള്ള ഓർമ്മകളെല്ലാം ചെന്ന് നിൽക്കുക മാണി സി കാപ്പൻ സംവിധാനം ചെയ്ത "മാന്നാർ മത്തായി സ്പീക്കിംഗ്" (1995) എന്ന സിനിമയിലെ ആ ചെറു സീനിലാണ്. കടുവാക്കുളത്തിന്റെ തന്നെ ഭാഷയിൽ "വൈകിവന്ന വസന്തം."

നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കും ആ കൊച്ചു വേഷം എന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു കടുവാക്കുളം. പക്ഷേ അതുണ്ടായില്ല. 2001 ഫെബ്രുവരിയിൽ അദ്ദേഹം യാത്രയായി; ഒരുപാട് നല്ല വേഷങ്ങൾ ഓർമ്മയിൽ അവശേഷിപ്പിച്ചുകൊണ്ട്: കായംകുളം കൊച്ചുണ്ണിയിലെ കടുവാശ്ശേരി ബാവ, അമ്മുവിലെ ശവപ്പെട്ടി അന്തോണി, ശ്രീഗുരുവായൂരപ്പനിലെ ഓലപ്പുറം, ഉദ്യോഗസ്ഥയിലെ മണ്ടൻ കുഞ്ഞുണ്ണി, ടാക്സി കാറിലെ റൗഡി രാമു, പുന്നപ്ര വയലാറിലെ ചട്ടൻ വേലായുധൻ, അജ്ഞാതവാസത്തിലെ സംവിധായകൻ ലണ്ടൻ മണ്ടൻ, മുക്കുവനും ഭൂതത്തിലെ മുഹമ്മദ്....അങ്ങനെയങ്ങനെ.

നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കും ആ കൊച്ചു വേഷം എന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു കടുവാക്കുളം. പക്ഷേ അതുണ്ടായില്ല.

മാന്നാർ മത്തായിയെ എല്ലാവരും ഓർക്കുന്നു; കടുവാക്കുളത്തെയോ?
മുത്തുവേല്‍ കരുണാനിധി: എന്നും തലയുയര്‍ത്തി നിന്ന ദ്രാവിഡന്‍

കടുവാക്കുളത്തെ നേരിൽ കണ്ടതും പരിചയപ്പെട്ടതും 1987 ലാണ്; സിനിമാക്കാരുടെ താവളമായിരുന്ന കോഴിക്കോട്ടെ മഹാറാണി ഹോട്ടലിന്റെ ഇടനാഴിയിൽ വെച്ച്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങിയ കാലമായിരുന്നു അത്. "എന്നെ ഞാനാക്കി മാറ്റിയ സിനിമാലോകത്തിന് തിരിച്ചെന്തെങ്കിലും നൽകണം. അതിന്റെ ഭാഗമായാണ് ഈ വരവ്."-- കടുവാക്കുളം പറഞ്ഞു. മലയാള സിനിമയിലെ പ്രശസ്തരും അപ്രശസ്തരുമായ നടീനടന്മാരെയും സാങ്കേതിക കലാകാരന്മാരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ബൃഹദ് ഗ്രന്ഥം സ്വന്തം ചെലവിൽ അച്ചടിച്ച് പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. നടൻ പോൾ വെങ്ങോലയും സുഹൃത്ത് ഫിലിപ്പ് എടയാറും ആയിരുന്നു ആ ദൗത്യത്തിൽ കടുവാക്കുളത്തിന്റെ സഹായികൾ. "വരുമാനമൊന്നും പ്രതീക്ഷിച്ചല്ല; എല്ലാവരും മറന്നുപോയ കുറെ നല്ല കലാകാരന്മാരെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നിർത്താമല്ലോ എന്നൊരു മോഹം മാത്രം." നീണ്ട കാലത്തെ അധ്വാനത്തിനൊടുവിൽ പുറത്തുവന്ന പുസ്തകം നിർഭാഗ്യവശാൽ അർഹിച്ച ശ്രദ്ധ നേടിയില്ല. കടുവാക്കുളത്തിനും കൂട്ടർക്കും ആ ദൗത്യം സമ്മാനിച്ചത് സാമ്പത്തിക ബാധ്യതകൾ മാത്രം.

"എന്നെ ഞാനാക്കി മാറ്റിയ സിനിമാലോകത്തിന് തിരിച്ചെന്തെങ്കിലും നൽകണം. അതിന്റെ ഭാഗമായാണ് ഈ വരവ്."-- കടുവാക്കുളം പറഞ്ഞു.

ഇന്നും എന്റെ ശേഖരത്തിലുള്ള ആ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ കടുവാക്കുളം എഴുതിയ വാക്കുകൾ ആരുടേയും മനസ്സിനെ തൊടും: "വെള്ളിത്തിരയിൽ വളരെക്കാലം മിന്നിത്തിളങ്ങി ഇടക്കാലത്ത് മങ്ങലിൽ കഴിയുന്ന പല നടീനടന്മാരേയും കാണുമ്പോൾ ജനം ചില ക്രൂരമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട്: ഹലോ, എന്താണ് ഇപ്പോൾ പടം ഒന്നുമില്ലേ? എങ്ങനെ കഴിയുന്നു? ഒന്നും സമ്പാദിച്ചില്ലേ? നമ്മുടെ പഴയ ഷീലയും ശാരദയുമൊക്കെ എന്തു ചെയ്യുന്നു? അവർക്ക് വേറെ വല്ല പണിയുമുണ്ടോ? പ്രേംനസീറിന് ഇപ്പൊ പടമൊന്നുമില്ലല്ലോ. അങ്ങേര് വലിയ കഷ്ടത്തിലായിരിക്കും അല്ലേ. ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ ഞാനുൾപ്പെടെ പലരും പകച്ചു നിന്നിട്ടുണ്ട്. അവർക്കെല്ലാമുള്ള മറുപടി കൂടിയാണ് എന്റെ ഈ പ്രസിദ്ധീകരണം.... മലയാള സിനിമയാകുന്ന മഹാസമുദ്രത്തിലേക്ക് എടുത്തുചാടിയ നടീനടന്മാരിൽ ആരെല്ലാം രത്നങ്ങൾ വാരി കരയ്‌ക്കെത്തി, ആരെല്ലാം മുങ്ങിമരിച്ചു, ആരെയെല്ലാം തിമിംഗലങ്ങൾ വിഴുങ്ങി, ആരെല്ലാം കര പറ്റാൻ കഴിയാതെ വെള്ളം കുടിക്കുന്നു... ഇതിന്റെ എല്ലാ കണക്കുകളും ഈ ഗ്രന്ഥത്തിലുണ്ട്..."

സിനിമാലോകത്തെ സുഹൃത്തുക്കൾക്ക് നന്മയുടേയും സ്നേഹത്തിന്റെയും പ്രതീകമായിരുന്നു കടുവാക്കുളം. എല്ലാ അർത്ഥത്തിലും ഒരു സഹായി. "കടുവാക്കുളം ആന്റണി എന്നല്ല കടത്തുകാരൻ ആന്റണി എന്നാണയാളെ വിളിക്കേണ്ടത്."- തിക്കുറിശ്ശി ഒരിക്കൽ പറഞ്ഞു. "ജീവിതക്ലേശങ്ങളിൽ പെട്ടുഴലുന്ന അനേകം മലയാളികളെ ഗതികേടിൽ നിന്ന് കരകയറ്റാൻ സുദീർഘമായ മദ്രാസ് ജീവിതത്തിനിടയിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അങ്ങനെ കരപറ്റിയവർ ഒരു നന്ദിവാക്ക് പോലും പറയാതെ പോകുമ്പോഴും ഈ പാവം അവരെ സന്തോഷത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. മറ്റുള്ളവരുടെ ദുഖങ്ങളെ സ്വന്തം ദുഃഖമായി കരുതിയ ഒരാൾ." സിനിമ പൂർത്തിയാക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലെത്തിയ നിർമ്മാതാക്കളെ മാർവാഡികളിൽ നിന്ന് കൊള്ളപ്പലിശക്ക് കടം വാങ്ങിയും ഭാര്യയുടെ ആഭരണം വിറ്റും സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന കടുവാക്കുളം ഒരു അത്ഭുതമനുഷ്യനായിരുന്നു പലർക്കും.

"കടുവാക്കുളം ആന്റണി എന്നല്ല കടത്തുകാരൻ ആന്റണി എന്നാണയാളെ വിളിക്കേണ്ടത്."- തിക്കുറിശ്ശി ഒരിക്കൽ പറഞ്ഞു

കോട്ടയത്തിനടുത്ത് കടുവാക്കുളത്ത് ജനിച്ച ആന്റണി മോണോ ആക്റ്റിലൂടെയും ശബ്ദാനുകരണത്തിലൂടെയുമാണ് കുട്ടിക്കാലത്തേ ശ്രദ്ധയാകർഷിച്ചത്. കൊല്ലാട് സുകുമാരൻ സംവിധാനം ചെയ്ത വെളിച്ചം എന്ന നാടകത്തിലൂടെ ഹാസ്യനടനായി അരങ്ങേറ്റം. സിനിമയിൽ തുടക്കം കുറിച്ചത് മെരിലാൻഡിന്റെ "ഭക്തകുചേല"യിൽ. ശ്രീകൃഷ്ണന്റെ കളിക്കൂട്ടുകാരനായ കുട്ടിപ്പട്ടരുടെ വേഷമായിരുന്നു ആ സിനിമയിൽ. തുടർന്ന് ചെറുതും വലുതുമായി നിരവധി വേഷങ്ങൾ. അതിനിടെ നാടകത്തിൽ ഒപ്പം അഭിനയിച്ചിരുന്ന ബിയാട്രീസിനെ ജീവിത പങ്കാളിയായി സ്വീകരിക്കുകയും ചെയ്തു ആന്റണി. മുപ്പത് വർഷത്തോളം സിനിമയിൽ ചുറ്റിപ്പറ്റി നിന്നിട്ടും വരുമാനം തുച്ഛമായിരുന്നു. ഉള്ള സമ്പാദ്യമാകട്ടെ സിനിമക്ക് വേണ്ടിത്തന്നെ ത്യജിക്കുകയും ചെയ്തു. വേദനാജനകമായിരുന്നു അവസാനനാളുകൾ.

പ്രശസ്തിയോടൊപ്പം ഏറെ നഷ്ടങ്ങളും നന്ദികേടുകളും വേദനകളും സമ്മാനിച്ച സിനിമാലോകത്തെ എന്നിട്ടും തള്ളിപ്പറഞ്ഞില്ല കടുവാക്കുളം. ആരോടും പരിഭവങ്ങൾ പങ്കുവെച്ചുമില്ല. തിരിച്ചടികൾ പോലും നർമ്മബോധത്തോടെ കണ്ടു അദ്ദേഹം. "എന്റെയത്ര ചെക്കുകൾ കിട്ടിയവർ സിനിമയിൽ കുറവായിരിക്കും. ഒരു അലമാര നിറയെ ചെക്കുകളാണ്. എല്ലാം വണ്ടിച്ചെക്കുകൾ ആണെന്ന് മാത്രം."-- ഒരിക്കൽ അദ്ദേഹം എഴുതി. "അവയൊക്കെ പ്ലാസ്റ്റിക്ക് ചെക്കുകളായിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കാറുണ്ട് ഞാൻ. തുന്നിക്കെട്ടി സഞ്ചിയാക്കി കൊണ്ടുനടക്കാമായിരുന്നല്ലോ.."

ഇതിലും ഹൃദയസ്പർശിയായി എങ്ങനെ വരച്ചിടാനാകും സിനിമ സമ്മാനിച്ച ദുരിതാനുഭവങ്ങളെ?

logo
The Fourth
www.thefourthnews.in