'മുതലാളാത്ത' ചലച്ചിത്ര നിര്‍മാതാവ്; മലയാള സിനിമയെ ലോകശ്രദ്ധയിലെത്തിച്ച അച്ചാണി രവി

'മുതലാളാത്ത' ചലച്ചിത്ര നിര്‍മാതാവ്; മലയാള സിനിമയെ ലോകശ്രദ്ധയിലെത്തിച്ച അച്ചാണി രവി

സ്വന്തം സിനിമയുടെ സെറ്റില്‍ താരങ്ങള്‍ക്കൊപ്പം ഇടപഴകാനും സര്‍വതിലും തലയിടാനും ശ്രമിക്കുന്ന സിനിമാനിര്‍മാതാക്കള്‍ക്കിടയില്‍ രവീന്ദ്രനാഥന്‍ നായര്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതമായിരുന്നു
Updated on
6 min read

ഒരു തമാശ അഥവാ കൗതുകം മാത്രമായിട്ടാണ്, കൊല്ലത്ത് വെണ്ടര്‍ ഗ്രൂപ്പില്‍ പെട്ട ജൂപ്പിറ്റര്‍ കാഷ്യൂസ് മുതലാളി രവി എന്ന കെ രവീന്ദ്രനാഥന്‍ നായര്‍ സിനിമയിലെത്തുന്നത്. ആഴവും പരപ്പുമുള്ള വായനയും യാത്രാനുഭവങ്ങളും കൈമുതലായുള്ള തീര്‍ത്തും മിതഭാഷിയായ ഒരു അന്തർമുഖന്‍. പില്‍ക്കാലത്ത് 'ബിസ്‌കറ്റ് രാജാവ്' എന്നറിയപ്പെട്ട് ബിസിനസ് കുടിപ്പകയുടെയും രാഷ്ട്രീയ-പൊലീസ് അവിശുദ്ധ കൂട്ടികെട്ടിന്റെ ഇരയുമായിത്തീര്‍ന്ന ബ്രിട്ടാനിയ രാജന്‍പിള്ളയുടെ മാതൃസഹോദരനുമൊക്കെയായ രവി മുതലാളി ആദ്യം പണം മുടക്കിയത് പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന സിനമയ്ക്കു വേണ്ടിയാണ്.

കെ.രവീന്ദ്രനാഥന്‍ നായര്‍
കെ.രവീന്ദ്രനാഥന്‍ നായര്‍

1967ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ആ ചിത്രം പില്‍ക്കാലത്ത് ജനറല്‍ പിക്‌ചേഴ്‌സിന്റെ അവാര്‍ഡ് വേട്ടയ്ക്കാണ് തുടക്കം കുറിച്ചത്. ഭാസ്‌കരന്‍ മാഷിന്റെ സംവിധാനത്തില്‍ തന്നെ ലക്ഷപ്രഭു (1968), കാട്ടുകുരങ്ങ് (1969) എന്നിവയും നിര്‍മ്മിച്ചു. പൂര്‍ണമായി കമ്പോള ഫോര്‍മുലയില്‍ നിര്‍മ്മിക്കപ്പെട്ടവയെങ്കിലും ഇവ മൂന്നും അക്കാലത്തെ വിഖ്യാതരായ സാഹിത്യകാരന്മാരുടെ രചനകളായിരുന്നു; യഥാക്രമം പാറപ്പുറത്ത്, മലയാറ്റൂര്‍ രാമകൃഷ്ണന്‍, കെ. സുരേന്ദ്രന്‍.

സ്വന്തം വായനയുടെ കൂടി പശ്ചാത്തലത്തിലാണ് രവീന്ദ്രനാഥന്‍ നായര്‍ സാഹിത്യ ബന്ധമുള്ള ഈ സിനിമകള്‍ക്കു പണം മുടക്കാന്‍ തയാറായത്. അതിലപ്പുറം ലാഭേച്ഛ സിനിമയില്‍ നിന്ന് അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ നിര്‍മാണചരിത്രം പരിശോധിച്ചാല്‍ മനസിലാവും. 1977ലാണ് എ വിന്‍സന്റിന്റെ സംവിധാനത്തില്‍ 'അച്ചാണി' പുറത്തുവരുന്നത്. സൂപ്പര്‍ ഹിറ്റായ പ്രസ്തുത ചിത്രത്തില്‍ നിന്നു കിട്ടിയ ലാഭം തന്റെ നാടിന് അക്ഷരസ്മാരകം പണിയാനാണ് അദ്ദേഹം മാറ്റിവച്ചത്.

നാലു ലക്ഷം മുടക്കിയ ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് അച്ചാണി രവി എന്നറിയപ്പെട്ട രവി അച്ചാണിയില്‍ നിന്നു കിട്ടിയ 14 ലക്ഷം രൂപ മുടക്കി എംവി ദേവനെ കൊണ്ടു രൂപകല്‍പന ചെയ്തു പണിതുയര്‍ത്തിയതാണ് കൊല്ലം റയില്‍വേ സ്റ്റേഷനു സമീപത്തുള്ള കൊല്ലം പബ്ലിക് ലൈബ്രറി കെട്ടിടവും സോപാനം ഓഡിറ്റോറിയവും, ജൂബിലി മന്ദിരമായ കലാകേന്ദ്രവും. ഇന്ത്യയില്‍ എന്നല്ല ലോകത്തു തന്നെ ഏതെങ്കിലും സിനിമയില്‍ നിന്നുള്ള ലാഭം കൊണ്ട് ഒരു നാടിന് പൊതുഗ്രന്ഥശാല കെട്ടിടമുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. സാംസ്‌കാരിക കേരളത്തിന്, അക്ഷരാഹങ്കാരമായി ഒരു സിനിമയുടെ സ്മാരകം അങ്ങനെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, സിനിമ സമൂഹത്തിന് എന്തു സംഭാവന ചെയ്തു എന്ന് ഏത് അരസികനാണ് ചോദിക്കാനാവുക? അതിന് നാം നന്ദി പറയേണ്ടത് രവീന്ദ്രനാഥന്‍ നായര്‍ എന്ന അക്ഷരസ്‌നേഹിയോടാണ്.

കൊല്ലം പബ്ലിക് ലൈബ്രറി
കൊല്ലം പബ്ലിക് ലൈബ്രറി

കൊല്ലത്ത് ഒരു പബ്ലിക് ലൈബ്രറിയെന്ന ആശയം രവി അവതരിപ്പിച്ചപ്പോള്‍ അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്റേത് അല്‍പം പ്രതികൂലമായ പ്രതികരണമായിരുന്നു. മുനിസിപ്പല്‍ ലൈബ്രറിക്കു പണം നല്‍കിയാല്‍ മതിയെന്ന ആ നിര്‍ദ്ദേശത്തോടു രവിക്ക് താല്പര്യമുണ്ടായില്ല. പബ്ലിക് ലൈബ്രറിക്കുവേണ്ടി സ്ഥലം വേണം. അന്ന് പൊതു മരാമത്തു വകുപ്പുമന്ത്രിയായിരുന്ന ടി കെ ദിവാകരന്‍ സഹായത്തിനെത്തി. ലൈബ്രറിക്കുവേണ്ടി ഗസ്റ്റ്ഹൗസ് വളപ്പില്‍ നിന്നു സ്ഥലം തേടി. പക്ഷേ ദിവാകരന്‍ കണ്ടെത്തിയത് എക്‌സൈസ് ഓഫീസ് നില്‍ക്കുന്ന രണ്ടേക്കറാണ്. അവിടെ ലൈബ്രറി വന്നാല്‍ കോളേജ് കുട്ടികള്‍ക്ക് പ്രയോജനപ്പെടുമെന്ന് രവിക്കു തോന്നി. റവന്യുമന്ത്രി ബേബി ജോണ്‍ സ്ഥലം നല്‍കാമെന്ന് സമ്മതിച്ചു. പക്ഷേ കെട്ടിടം പണിയാന്‍ കടമ്പകള്‍ വലുതായിരുന്നു. അതുകൊണ്ട് ആദ്യം ഒരോല ഷെഡ് കെട്ടി. അതിനുള്ളില്‍ പുസ്തകം നിരത്തി. റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്ന് ചില ഇരട്ടത്താപ്പൊക്കെയായി പദ്ധതി ത്രിശങ്കുവിലായിരിക്കെയാണ് രക്ഷാദൂതനെപ്പോലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ വന്നത്. പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് മലയാറ്റൂരിനെ. അനുകൂലമായ റിപ്പോര്‍ട്ടെഴുതിയ മലയാറ്റൂരാണ് ആര്‍ട്ട് ഗ്യാലറി എന്ന ആശയം മുന്നോട്ടുവച്ചതും അതുകൂടി നടപ്പാക്കുന്നതും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി കൊടുക്കുന്നവരില്‍ ഒരാളായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. അതുകൊണ്ടുതന്നെ കശുവണ്ടി വ്യാപാരം വഴിയാര്‍ജ്ജിച്ച രാജ്യാന്തര ബന്ധങ്ങളുപയോഗിച്ച് രാജ്യാന്തരതലത്തില്‍ എത്തിപ്പെടുന്ന മലയാള സിനിമകള്‍ക്ക് എന്തുകൊണ്ട് മുതല്‍മുടക്കിക്കൂടാ എന്നാണ് അദ്ദേഹം ചിന്തിച്ചത്. അങ്ങനെയാണ് ചിത്രകാരനും സംഗീതവിദൂഷിയും കാര്‍ട്ടൂണിസ്റ്റുമൊക്കെയായിരുന്ന ജി അരവിന്ദന്‍ 1978ല്‍ 'തമ്പ്' എന്ന തന്റെ ആദ്യ സിനിമയുടെ പദ്ധതിയുമായി വന്നപ്പോള്‍ നിസംശയം അതിന് നിക്ഷേപമൊരുക്കാന്‍ അദ്ദേഹം സജ്ജമാവുന്നത്. അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു. തുടര്‍ച്ചയായി അവാര്‍ഡ് സിനിമകള്‍ ഒന്നിനുപിറകെ ഒന്നായി നിര്‍മ്മിച്ച ജനറല്‍ പിക്‌ചേഴ്‌സിന്റെ ജൈത്രയാത്ര.

ജി.അരവിന്ദന്‍
ജി.അരവിന്ദന്‍

മികച്ച സംവിധായകനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ, രണ്ടാമത്തെ ചിത്രം, ഛായാഗ്രഹണം എന്നിവയ്ക്ക് സംസ്ഥാന അവാര്‍ഡ് എന്നിവ നേടിയ തമ്പിനെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അരവിന്ദന്റെ തന്നെ കുമ്മാട്ടി. അതിന് മികച്ച ബാലസിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലണ്ടന്‍ ചലച്ചിത്രമേളയില്‍ ബഹുമതിയും.

1980ല്‍ മികച്ച ചിത്രത്തിനും സംവിധായകനുമടക്കം സംസ്ഥാന ബഹുമതി നേടിയ 'എസ്തപ്പാന്‍', 81ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ ബഹുമതിയും സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയ 'പോക്കുവെയില്‍', അങ്ങനെ അരവിന്ദന്റെ നാലു ചിത്രങ്ങള്‍ തുടരെത്തുടരെ രവി മുതലാളി എന്ന് കൂടെ പണിയെടുക്കുന്നവര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം നിര്‍മ്മിച്ചു.

മുതലാളി എന്നു വിളിപ്പേരുണ്ടായെങ്കിലും കശുവണ്ടി കയറ്റുമതിയിലോ സിനിമയിലോ അദ്ദേഹം ഒരിക്കലും വ്യവസ്ഥാപിത മുതലാളിയായിരുന്നില്ല. അനേകം പേര്‍ക്ക് ജോലി നല്‍കിയ തൊഴിലുടമയായിരിക്കുമ്പോഴും പണം അര്‍ത്ഥപൂര്‍ണമായി ചെലവാക്കി ഋഷിതുല്യമായൊരു ജീവിതം നയിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ബിസിനസോ സിനിമയോ അദ്ദേഹത്തിന് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായിരുന്നില്ല. ജീവനമാര്‍ഗമായിരുന്നെങ്കിലും അതിന് ധനാഗമമാര്‍ഗ്ഗമെന്നതിലുപരി ഒരു മൂല്യം കല്‍പിച്ച ആളായിരുന്നു അദ്ദേഹം.

അടൂര്‍ ഗോപാലകൃഷ്ണൻ
അടൂര്‍ ഗോപാലകൃഷ്ണൻ

1981 ലാണ് മലയാളത്തിന്റെ മഹാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ തന്റെ മാസ്റ്റര്‍പീസായ എലിപ്പത്തായത്തിനു വേണ്ടി കൊല്ലത്ത് രവീന്ദ്രനാഥന്‍ നായരുമായി യോജിക്കുന്നത്. പിന്നീടതൊരു മഹാ സൗഹൃദത്തിന്റെ നാന്ദിയായി. മികച്ച മലയാള ചിത്രത്തിനും ശബ്ദലേഖകനുമുള്ള ദേശീയ ബഹുമതികള്‍ നേടിയ 'എലിപ്പത്തായം' ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നേടിയ ആദ്യ മലയാളചിത്രമായി.

1982ല്‍ എം.ടി എഴുതി സംവിധാനം ചെയ്ത മഞ്ഞ് നിര്‍മ്മിച്ച ശേഷം 84ല്‍ മുതല്‍ ഒരു ദശകത്തിനിടെ അടൂര്‍ സംവിധാനം ചെയ്ത് രാജ്യാന്തര കീര്‍ത്തി നേടിയ എല്ലാ ചിത്രങ്ങളും നിര്‍മ്മിച്ചത് രവിയാണ്. മികച്ച മലയാള ചിത്രത്തിനും തിരക്കഥയ്ക്കും ശബ്ദലേഖനത്തിനുമുള്ള ദേശീയ അവാര്‍ഡും മികച്ച ചിത്രത്തിനടക്കം അഞ്ച് സംസ്ഥാന അവാര്‍ഡും നേടിയ 'മുഖാമുഖം', മലയാള ചിത്രത്തിനും ശബ്ദലേഖനത്തിനുമുള്ള ദേശീയ അവാര്‍ഡും മികച്ച സംവിധായകനടക്കം അഞ്ചു സംസ്ഥാന പുരസ്‌കാരം നേടിയ 'അനന്തരം', (87), മികച്ച മലയാള ചിത്രത്തിനും നടനുമുള്ള ദേശീയ ബഹുമതിയും മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരവും നേടിയ 'വിധേയനു'മായിരുന്നു ആ സിനിമകള്‍.

തന്റെ സിനിമകള്‍ ഒരിക്കലും തനിക്ക് നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയ അപൂര്‍വം ചലച്ചിത്രനിര്‍മ്മാതാക്കളിലൊരാളായിരുന്നു ജനറല്‍ പിക്‌ചേഴ്‌സ് രവി. അടൂരും അരവിന്ദനും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതനുസരിച്ച്, സ്വയം നിര്‍മ്മിക്കുന്ന സിനിമകളുടെ സെറ്റുകളില്‍ ഒരിക്കല്‍ പോലും ഒന്നു വന്നുപോവുക പോലും ചെയ്യാത്ത നിര്‍മ്മാതാവ്. സ്വന്തം സിനിമയുടെ സെറ്റില്‍ താരങ്ങള്‍ക്കൊപ്പം ഇടപഴകാനും സര്‍വതിലും തലയിടാനും ശ്രമിക്കുന്ന സിനിമാനിര്‍മാതാക്കള്‍ക്കിടയില്‍ രവീന്ദ്രനാഥന്‍ നായര്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതമായി.

'പണിയറിയാവുന്ന ഒരാളെ അതേല്‍പ്പിക്കുന്നതിലാണ് അദ്ദേഹം ഏറ്റവും ശ്രദ്ധിക്കുന്നത്. അതു കഴിഞ്ഞാല്‍ അവര്‍ അവരുടെ പണി വൃത്തിയായി ചെയ്തുകൊള്ളും എന്നദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ഒരു സംവിധായകനെ, സ്‌ക്രിപ്റ്റ് വായിച്ചു ബോധ്യപ്പെട്ട് ചുമതലയേല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ തന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് അറിയാമായിരുന്ന നിര്‍മാതാവ്. അതായിരുന്നു രവീന്ദ്രനാഥന്‍ നായര്‍' അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരിക്കലല്ല പലപ്പോഴും ജനറല്‍ പിക്‌ചേഴ്‌സ് രവിയെ സംഭാഷണങ്ങളില്‍ അങ്ങേയറ്റം സ്‌നേഹബഹുമാനത്തോടെ സൂചിപ്പിച്ചിട്ടുള്ളത് ഇങ്ങനെയാണ്.

സംവിധായകന്റെ മനസിലുള്ളത് വിട്ടുവീഴ്ചയില്ലാതെ ഫിലിമിലേക്കു പകര്‍ത്താന്‍ അദ്ദേഹത്തെ സാമ്പത്തികവും ധാര്‍മ്മികവുമായി പിന്തുണയ്ക്കുകയാണ് ഒരു നിര്‍മ്മാതാവിന്റെ കര്‍ത്തവ്യം എന്നാണ് രവി വിശ്വസിച്ചിരുന്നത്. 'പോക്കുവെയിലും' 'കാഞ്ചനസീത'യുമൊക്കെ കേരളത്തിലെ തിയേറ്ററുകളിൽ വളരെ കുറച്ചു ദിവസമേ ഓടിയിട്ടുള്ളൂ. അപ്പോള്‍ പിന്നെ രവീന്ദ്രനാഥന്‍ നായര്‍ അവകാശപ്പെടുന്നതുപോലെ നഷ്ടമുണ്ടാവാത്തത് എന്തുകൊണ്ടാണ്? അവിടെയാണ് സിനിമയുടെ ലോകവിപണി കണ്ടെത്തിയ ക്രാന്തദര്‍ശിയായൊരു ചലച്ചിത്രനിര്‍മ്മാതാവിനെ തിരിച്ചറിയാനാവുക. ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ സര്‍ക്ക്യൂട്ടുകള്‍ മുതല്‍ രാജ്യാന്തര ടിവി വിപണിയില്‍ വരെ അദ്ദേഹം തന്റെ സിനിമകളെയെത്തിച്ചു.

അടൂരിനെപ്പോലെ കൃതഹസ്തനായ ചലച്ചിത്രകാരന്മാരുടെ ക്ലിനിക്കൽ തികവോടെയുള്ള ആസൂത്രണവും നിര്‍വഹണവും നിര്‍മാണ ചെലവ് പരമാവധി ചുരുക്കി. സിനിമയുടെ നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തപ്പോഴും പാഴ്‌ചെലവുകള്‍ നിയന്ത്രിച്ച് അതിനെ വീണ്ടെടുക്കാവുന്ന ബജറ്റില്‍ നിര്‍ത്തിക്കൊണ്ടാണ് രവീന്ദ്രനാഥന്‍ നായര്‍ ഈ നേട്ടം കൈവരിച്ചത്.

ഒട്ടുമേ പ്രൊഫഷനല്‍ അല്ലാത്ത മലയാള ചലച്ചിത്രരംഗത്തെ ആദ്യത്തെ പ്രൊഫഷനല്‍ നിര്‍മ്മാതാവ് എന്ന് ജനറല്‍ പിക്‌ചേഴ്‌സ് രവിയെ വിളിച്ചാല്‍ തെറ്റല്ല. സ്വന്തമായി വലിയ കഴിവുകളൊന്നുമുണ്ടായിട്ടില്ല, പക്ഷേ കുട്ടിക്കാലം മുതല്‍ക്കേ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായിരുന്നു താല്‍പര്യം എന്നാണ് രവീന്ദ്രനാഥന്‍ നായര്‍ പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനും നടനും എഴുത്തുകാരനുമായ നീലനു നല്‍കിയ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജില്‍ പഠിക്കുമ്പോള്‍ സഹപാഠിയുമായിച്ചേര്‍ന്ന് ഷെയ്ക്‌സ്പിയറുടെ 'ഒഥല്ലോ' അരങ്ങിലെത്തിച്ചിട്ടുണ്ട് നാടകപ്രിയനായിരുന്ന രവി.

'അന്വേഷിച്ചു കണ്ടെത്തിയില്ല' വായിച്ച് വല്ലാതെ ഇഷ്ടപ്പെട്ടപ്പോഴാണ് അത് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടത്

മെഡിസിനു പോകാനായിരുന്നു ഇഷ്ടമെങ്കിലും അപ്പോഴേക്ക് പിതാവ് നഷ്ടപ്പെട്ട് കുടുംബത്തിന്റെ ചുമതലയേറ്റെടുത്തു ബിസിനസുകാരനാവാനായിരുന്നു വിധി. പാറപ്പുറത്തിന്റെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' വായിച്ച് വല്ലാതെ ഇഷ്ടപ്പെട്ടപ്പോഴാണ് അത് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടത്. വിന്‍സന്റിനെയായിരുന്നു സംവിധായകനായി മനസിലോര്‍ത്തത്.

'മുറപ്പെണ്ണ്' കണ്ടിഷ്ടമായിട്ടായിരുന്നു അത്. പക്ഷേ വിന്‍സന്റിന് ആ കഥയത്ര ബോധിച്ചില്ല. അപ്പോഴാണ് രവി പി ഭാസ്‌കരനെ സമീപിക്കുന്നത്.തമിഴ്‌നാട്ടില്‍ അച്ചാണി എന്ന പേരില്‍ തന്നെ അനേകം സ്റ്റേജുകളില്‍ ഹിറ്റായ നാടകത്തില്‍ നിന്നാണ് അച്ചാണി സിനിമയുണ്ടാവുന്നത്. വിന്‍സന്റാണ് ആ പ്രമേയം നിര്‍ദ്ദേശിച്ചത്. അതിഷ്ടപ്പെട്ടപ്പോള്‍ അതു വിന്‍സന്റിനെ കൊണ്ടു തന്നെ സംവിധാനം ചെയ്യിക്കാന്‍ തീരുമാനിക്കുകയായിരുന്നു രവി.

'ഉത്തരായണം' കണ്ട് ഇഷ്ടപ്പെട്ടിരിക്കെ ഒരു പത്രസമ്മേളനത്തില്‍ അരവിന്ദന്‍ പറഞ്ഞത് രവി പത്രത്തില്‍ വായിക്കാനിടയായി. നല്ല സിനിമയ്ക്ക് പണം മുടക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് നല്ല സിനിമ മലയാളത്തിലുണ്ടാവാത്തത് എന്നായിരുന്നു അരവിന്ദന്റെ പരാതി. പട്ടത്തുവിള കരുണാകരന്റെ അഭ്യര്‍ഥന മാനിച്ച് 'ഉത്തരായണം' സൗജന്യമായി റിലീസ് ചെയ്തത് ജനറല്‍ പിക്‌ചേഴ്‌സാണ്. ആ പരിചയമാണ് പിന്നീട് തമ്പിലെത്തിക്കുന്നത്.

അതുപോലെ തന്നെയാണ് 'കാഞ്ചനസീത'യുടെ ജനനവും. സിഎന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകം കണ്ടപ്പോഴേ രവിക്കത് ക്ഷ ബോധിച്ചു. അതു സിനിമയാക്കാമെന്നു തോന്നി, ഒപ്പം വന്ന പി ഭാസ്‌കരനോട് അതു പറയുകയും ചെയ്തു. പക്ഷേ സി.എന്നിന് അതിലത്ര താല്‍പര്യമുണ്ടായില്ല. ഭാസ്‌കരന്‍ മാഷിന്റെ രാമായണ വീക്ഷണത്തോട് വിയോജിപ്പുണ്ടായിരുന്ന സിഎന്നാണ് അരവിന്ദനെ നിര്‍ദ്ദേശിക്കുന്നത്. അങ്ങനെയാണ് രവിയുടെ 'കാഞ്ചനസീത' അരവിന്ദന്‍ സംവിധാനം ചെയ്തത്.

ഗോത്രകഥയായി രാമായണത്തെ പൊളിച്ചു പണിത അരവിന്ദസമീപനം കണ്ട് പലരും രവിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രവി അവരോട് പറഞ്ഞത് ഇങ്ങനെയാണ് "സിനിമ സംവിധായകന്റെ കലയായിരിക്കെ അതിന്റെ രൂപഭാവങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകനു വിട്ടുകൊടുക്കണമെന്നാണ് എന്റെ നിര്‍ബന്ധം. പണമിറക്കുന്നതുകൊണ്ടു മാത്രം അതിലൊക്കെ തലയിടാന്‍ ശ്രമിക്കരുതെന്ന പക്ഷക്കാരനാണ് ഞാന്‍." സിനിമ പൂര്‍ത്തിയായി കണ്ടശേഷവും അതില്‍ തനിക്കു തരിമ്പും നിരാശ തോന്നിയില്ലെന്ന് പിന്നീട് രവീന്ദ്രനാഥന്‍ നായര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

വന്‍ വിജയമായ കൊടിയേറ്റം കഴിഞ്ഞ ദീര്‍ഘമായ ഇടവേളയിലൊരിക്കൽ കണ്ടപ്പോള്‍ അടൂരിനോട് രവി ചോദിച്ചു, എന്താ സിനിമയെടുക്കാത്തത്? പ്രൊഡ്യൂസറെ കിട്ടിയില്ലെന്ന അടൂരിന്റെ മറുപടികേട്ടപ്പോള്‍ എന്നാല്‍ നമുക്കു സിനിമയെടുക്കാമെന്നായി രവി. കഥയും തിരക്കഥയുമൊക്കെ അടൂരിന് വിട്ടു. അതായിരുന്നു മലയാളത്തിലെ എക്കാലത്തെയും മികച്ച അഞ്ചുസിനിമകളിലൊന്നായി പല വോട്ടെടുപ്പുകളിലും ഇടം നേടിയ 'എലിപ്പത്തായം'.

അതേപ്പറ്റി അടൂര്‍ ഓര്‍ത്തെടുത്തിട്ടുള്ളത് ഇപ്രകാരം. സിനിമയെ സംബന്ധിച്ചുള്ള അടങ്ങാത്ത ആവേശവും യുവത്വത്തിന്റെ സ്പന്ദനങ്ങളും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവുമെല്ലാം തിക്താനുഭവങ്ങളുമായി ഞാന്‍ മനസ്സുപുകഞ്ഞു കഴിഞ്ഞ ഒരു വിളറിയ പ്രഭാതത്തില്‍ കൊല്ലത്തുനിന്ന് ട്രങ്ക് കോള്‍ വിളിച്ച് രവി സംസാരിച്ചു

''നമ്മളെക്കൊണ്ട് ഒരു പടമെടുപ്പിക്കണമെന്നുണ്ട്. നേരിട്ടു സംസാരിക്കാനായി ഒന്നിതുവരെ വരാമോ? ഡ്രൈവറെ കാറുമായി അയയ്ക്കാം."

ആ ക്ഷണം ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നതല്ല.

''തീര്‍ച്ചയായും എത്താം.'

മറ്റൊരു മറുപടി പറയാന്‍ എനിക്കുമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ഏതെങ്കിലുമൊരു നിര്‍മ്മാതാവ് എന്നെത്തേടിയെത്തുമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയിട്ടുള്ള വൃഥാന്വേഷണങ്ങള്‍ മറന്നിട്ടില്ലാത്ത ഞാനോ കുശാഗ്രബുദ്ധികളായ എന്റെ ഉറ്റ ശത്രുക്കളോ ഒരിക്കലും സ്വപ്നം കണ്ടിരുന്നുപോലുമില്ല.

കൊല്ലത്തുപോയി രവിയെക്കണ്ടു.

''സ്ക്രിപ്റ്റ് റെഡിയാവുമ്പോള്‍ പറഞ്ഞാല്‍ മതി, പടമെടുക്കാം" - രാത്രിയില്‍ ഭക്ഷണശേഷം യാത്രപറഞ്ഞിറങ്ങുമ്പോള്‍ രവി സൗമ്യമായി പറഞ്ഞു. അതായിരുന്നു രവി.

സംഗീതത്തിലും ഏറെ താല്‍പര്യമുണ്ടായിരുന്ന നിര്‍മ്മാതാവായിരുന്നു രവി. അദ്ദേഹത്തിന്റെ ഭാര്യ മികച്ച ഗായികയായിരുന്നു. തമ്പിലെ കാനകപ്പെണ്ണ് ചെമ്പരത്തി എന്ന ഒരൊറ്റ പാട്ടു മതി ഉഷാ രവി എന്ന ഗായികയുടെ പേര് മലയാള ചലച്ചിത്രഗാനസംഗീതവിഹായസില്‍ അനശ്വരയാക്കാന്‍.

ഉഷാ രവി
ഉഷാ രവി

മലയാള സിനിമ ലോകശ്രദ്ധയിലെത്തുന്നതില്‍ എല്ലാ അര്‍ത്ഥത്തിലും കടപ്പെട്ടിട്ടുള്ള ഒരേയൊരു നിര്‍മ്മാതാവാണ് രവീന്ദ്രനാഥന്‍ നായര്‍ എന്ന ജനറല്‍ പിക്‌ചേഴ്‌സ് രവി. അദ്ദേഹം ശരീരം കൊണ്ടില്ലാതായാലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹം നിര്‍മ്മിച്ച കലാപരമായി മികച്ച അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ചലച്ചിത്രങ്ങളിലൂടെ മലയാള സിനിമയുള്ളിടത്തോളം കാലം നിലനില്‍ക്കും.

logo
The Fourth
www.thefourthnews.in