തട്ടിലെ താരങ്ങളെ മണ്ണിലിറക്കിയ കാവാലത്താശാൻ

തട്ടിലെ താരങ്ങളെ മണ്ണിലിറക്കിയ കാവാലത്താശാൻ

തനത് നാടകവേദിയുടെ കുലപതിയും ബഹുമുഖ പ്രതിഭയുമായ കാവാലം നാരായണപ്പണിക്കർ ഓർമയായിട്ട് ഏഴ് വർഷം
Updated on
3 min read

തനത് നാടകവേദിയുടെ കുലപതിയും ബഹുമുഖ പ്രതിഭയുമായ കാവാലം നാരായണപ്പണിക്കർ ഓർമയായിട്ട് ഏഴ് വർഷം. നാടക രചയിതാവ്, സംവിധായകൻ, കവി, ഗാനരചയിതാവ്, പ്രഭാഷകൻ തുടങ്ങി നിരവധി മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കാവാലം ആധുനിക നാടകത്തെ ജനകീയവത്കരിച്ച പ്രതിഭ കൂടിയായിരുന്നു. നാടകങ്ങൾക്ക് പുറമെ മലയാളികളുടെ മനസിനെ തൊട്ടുണർത്തിയ നിരവധി ചലച്ചിത്രഗാനങ്ങളും ആ തൂലകയില്‍ വരിഞ്ഞു. അരങ്ങിൽ വിപ്ലവം തീർത്ത കാവാലം സംസ്കൃത നാടകങ്ങളെയും പാശ്ചാത്യ നാടകങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനും മറന്നില്ല.

കുട്ടിക്കാലം മുതൽ തന്നെ നാടൻ കലകളോടും സംഗീതത്തിനോടും അഭിരുചി പ്രകടിപ്പിച്ച കാവാലം അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആറ് വർഷത്തോളം അഭിഭാഷകനായി ജോലി നോക്കിയ അദ്ദേഹം ആദ്യകാലത്ത് രചിച്ച നാടകങ്ങളൊക്കെയും സംഗീതാത്മക നാടകങ്ങളായിരുന്നു. കേരളത്തിന്റെ ക്ലാസിക്കൽ നാടോടി പാരമ്പര്യങ്ങളുടെ സത്ത ചേർന്നതായിരുന്നു കാവാലത്തിന്റെ നാടകങ്ങൾ. സംസ്കൃത നാടകങ്ങളെ (വ്യാസ ഭാരതം, വിക്രമമോര്‍വശീയം, ശാകുന്തളം) വിവർത്തനം ചെയ്തതിലുപരി തനത് കലാരൂപങ്ങളെ നാടക സങ്കേതത്തിലേക്ക് പരീക്ഷിക്കാനും കാവാലം ശ്രമിച്ചിരുന്നു. 1960 കളുടെ അവസാനത്തിൽ തനതു നാടക വേദി എന്ന സങ്കല്പം കേരളത്തിൽ രൂപപ്പെട്ടപ്പോൾ സി എൻ ശ്രീകണ്ഠൻ നായർക്ക് ഒപ്പം അതിന്റെ ഭാഗമാകാനും കാവാലത്തിന് സാധിച്ചു. തിരുവരങ്ങ്‌ നാടകസംഘത്തിലൂടെ തനതു നാടകത്തിന് ജീവൻ നൽകാനും അത് മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

കാവാലത്തെ സംബന്ധിച്ചിടത്തോളം അരങ്ങ് ഒരു പരീക്ഷാ പേപ്പർ പോലെയായിരുന്നു. ഗ്രാമങ്ങളിൽ നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ കാവാലത്തിന്റെ നാടകത്തിൽ ഇടം കണ്ടെത്തി. നാടൻ കലാരൂപങ്ങൾക്ക് പുറമെ, നാടൻ ശീലുകളിലൂടെയും വായ്‌ത്താരികളിലൂടെയും അദ്ദേഹം പ്രേക്ഷകനോട് സംവദിച്ചു. സ്വതസിദ്ധ ശൈലിയിൽ വാചിക ആംഗിക ആഹാര്യരീതികളെ അരങ്ങിൽ കൊണ്ടുവരികയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ഉണ്ടായി. നാടകം എന്ന മാധ്യമം കടല് താണ്ടി വന്നതാണെന്ന സങ്കല്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു കാവാലത്തിന്റെ രചനകൾ. കേരളത്തിലെ അനുഷ്‌ഠാനകലളിലെ നാടകീയ സ്വഭാവത്തെ തിരിച്ചറിയുകയും അവയെ തന്റെ പരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തു കൊണ്ടാണ് കാവാലം നാടകാചാര്യനായി മാറുന്നത്.

സി എൻ ശ്രീകണ്‌ഠൻ നായരുടെ ‘കലി’യിലൂടെ തനതു നാടകത്തിന്റെ ബീജം രംഗവേദിയിലേക്ക് എത്തിയപ്പോൾ, അതിന്റെ വളർച്ച കാവാലത്തിൻറെ അവനവൻ കടമ്പയിലൂടെയും ദൈവത്താറിലൂടെയും മലയാളികൾ കണ്ടു. കേരളത്തിന്റെ രംഗകലകളുടെ പാരമ്പര്യ സ്വാംശീകരണമാണ് കാവാലത്തിന്റെ നാടകങ്ങളിലൂടെ കാണാൻ കഴിഞ്ഞത്. നാടകത്തെ ജീവവായുവായി കണ്ടിരുന്ന കാവാലത്തിന്റെ തനതു നാടക സങ്കൽപ്പങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ നാടകസംഘത്തിലെ മികവുറ്റ നടന്മാരായ നെടുമുടി വേണവും നടരാജനും പ്രവർത്തിച്ചിരുന്നു. നാട്യശാസ്ത്രവും നാടൻ ശീലുകളും നാടോടി പുരാവൃത്തങ്ങളും ഇഴുകിച്ചേർന്ന അദ്ദേഹത്തിന്റെ നാടകങ്ങളാണ് സാക്ഷിയും കരിങ്കുട്ടിയും അവനവൻ കടമ്പയും. 28 ഓളം നാടകങ്ങളാണ് അദ്ദേഹം രചിച്ചത്.

പ്രേക്ഷകരും നാടകം കളിക്കുന്നവരും തമ്മിലുളള അതിർവരമ്പുകളെയാണ് കാവാലം തന്റെ തനതു സങ്കേതത്തിലൂടെ പൊളിച്ചുമാറ്റിയത്. അങ്ങനെ വ്യാസനേയും ഷേക്സ്പിയറിനെയും ( ഒരുമധ്യവേനൽ, രാക്കനവ്, കൊടുങ്കാറ്റ്) തനതുനാടകവേദിയിൽ എത്തിച്ച് പുതിയ രംഗഭാഷയ്ക്ക് തിരികൊളുത്തിയപ്പോൾ ചെണ്ടയും ഉടുത്തും തുടിയും നാട്ടുമനുഷ്യന്റെ താളം പിടിച്ചത് മലയാളികൾ മതിമറന്നു കണ്ടു. അതിലുപരി നാടകാഭിനേതാക്കളും പ്രേക്ഷകരും ഒന്നായി മാറിയെന്നുവേണം പറയാൻ. അതിനുമുൻപ് വരെ ഉയർന്ന തട്ടുകളില്‍ കർട്ടനും പുത്തൻ സാങ്കേതികവിദ്യകളുടെയും മറവിൽ നിന്നിരുന്ന അഭിനേതാക്കളെയാണ് കാവാലം സ്റ്റേജുകളിൽ നിന്നും തുറസ്സായിടങ്ങളിലേക്ക് എത്തിച്ച് നാടകം കളിപ്പിച്ചത്. നാടകമെഴുതും മുമ്പെ പ്രമേയത്തെ കവിതാ രൂപത്തിലെഴുതുകയും ശേഷം കവിതയിലെ ബിംബങ്ങളുപയോഗിച്ചാണ് കാവാലം നാടകത്തെ വികസിപ്പിച്ചിരുന്നത്. നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയെ അദ്ദേഹം തന്റെ നാടകങ്ങളിൽ പ്രയോഗിച്ചതിലൂടെയാണ് തനത് ശൈലിയെ കാവാലം വിശേഷിപ്പിച്ചത്.

ചലച്ചിത്ര സംവിധായകനായ അരവിന്ദൻ, പത്മരാജൻ, നാടകകൃത്ത് സി എൻ ശ്രീകണ്ഠൻ നായർ, കവി അയ്യപ്പപണിക്കർ, നടൻമാരായ ഗോപി, നെടുമുടി വേണു, മുരളി, മോഹൻലാൽ (കർണഭാരം ) അടക്കമുളള മികച്ച പ്രതിഭകൾ കാവാലത്തിന്റെ രംഗവേദിയുടെയും സംഗീതത്തിന്റെയും കവിതയുടെയും തണലുകൊണ്ടവരായിരുന്നു. നാടകത്തിലുപരി നാടൻ പാട്ടുകളും ലളിതഗാനങ്ങളും അടക്കം നൂറുകണക്കിന് പാട്ടുകളാണ് കാവാലത്തിന്റേതായുളളത്. ഇതിൽ തന്നെ നിരവധി ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചുവളർന്ന അദ്ദേഹത്തിന് തന്റെ ജീവിതചുറ്റുപാടുകളിലെ മനുഷ്യരുടെ തുടിയും താളവും പാട്ടുകളിലും സന്നിവേശിപ്പിക്കാൻ കഴിഞ്ഞിരുന്നു. രതിനിർവേദം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തിയ കാവാലം തമ്പ്, കുമ്മാട്ടി, പടയോട്ടം, ചില്ല്, സൂര്യൻ, വിടപറയും മുമ്പേ, ആമ്പൽപ്പൂവ്, വേനൽ, സ്വത്ത്, പവിഴമുത്ത്, പെരുവഴിയമ്പലം, തമ്പുരാട്ടി, തുടങ്ങിയ ഒട്ടനവധി സിനിമകൾക്ക് ഗാനങ്ങൾ എഴുതി. 1978 ലും 1982ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. സംഗീത സംവിധായകൻ എംജി രാധാകൃഷ്ണനൊപ്പമാണ് അദ്ദേഹം കൂടുതലും പ്രവർത്തിച്ചത്. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ കാവാലം രചിച്ച ''കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ'' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചത് മോഹൻലാലും ചിത്രയും ചേർന്നാണ്.

പി പത്മരാജന്റെ ‘വാടകയ്ക്കൊരു ഹൃദയം’ എന്ന നോവലിനെ ഐ വി ശശി സിനിമയാക്കിയപ്പോൾ ചിത്രത്തിന് വേണ്ടി കാവാലം എഴുതി, ജി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് ആലപിച്ച ‘പൂവാംകുഴലി പെണ്ണിനുണ്ടൊരു’ എന്നു തുടങ്ങുന്ന ഗാനവും മലയാളിമനസുകളിൽ എക്കാലവും നിറഞ്ഞുനിന്നവയായിരുന്നു. ഭരതന്റെ സംവിധാനത്തിൽ 1987 ൽ പുറത്തിറങ്ങിയ ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’ എന്ന ചിത്രത്തിലെ ‘മേലേ നന്ദനം പൂത്തേ’ ഗാനവും ജോൺ പോളിൻറെ രചനയിൽ ഭരത് ഗോപി സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ‘ഉത്സവപിറ്റേന്ന്’ എന്ന ചിത്രത്തിലെ ഗാനങ്ങളും കാവാലം രചിച്ചതായിരുന്നു. ''പുലരിത്തൂമഞ്ഞുതുള്ളിയിൽ'' എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് കേരള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡും ലഭിച്ചിരുന്നു. രാജീവ് നാഥിന്റെ സംവിധാനത്തിൽ 1992-ൽ പുറത്തിറങ്ങിയ അഹം സിനിമയിൽ കാവാലം രചിച്ച നിറങ്ങളേ പാടൂ എന്ന ഗാനം പ്രേക്ഷകമനസുകളിൽ ഇടം പിടിച്ച ഒന്നായിരുന്നു. ഇങ്ങനെ സംഗീതത്തെയും നാടകത്തെയും ഒരുപോലെ സ്നേഹിച്ച പച്ചമനുഷ്യനായിരുന്നു കാവാലം. അതുകൊണ്ട് തന്നെ അന്യംനിന്നുപോയ രംഗകലകളെ നാട്ടുമനുഷ്യന്റെ സംസ്കൃതിയോട് ചേർത്തുനിർത്തി തനതു നാടകവേദിയെ ജനകീയവത്കരിക്കാൻ മുഴുനീളം ശ്രമിച്ച കലാപ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കർ.

logo
The Fourth
www.thefourthnews.in