ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യൻ, ഇന്ത്യൻ സമാന്തര സിനിമകളുടെ അമരക്കാരൻ; കുമാർ സാഹ്നി ഓർമയാകുമ്പോൾ
സിനിമയുടെ രാജ്യമെന്ന് ഇന്ത്യയെ വിശേഷിപ്പിക്കാൻ സാധിക്കും. വിവിധ ഭാഷകളിലായി വ്യത്യസ്ത ഴോണറുകളിൽ, രീതിയിൽ ആയിരത്തിലധികം സിനിമകളാണ് ഇന്ത്യയിൽ നിന്ന് നിർമിക്കപ്പെടുന്നത്. മുഖ്യധാര കൊമേഷ്യല്‍ സിനിമകൾക്കൊപ്പം തന്നെ ഇന്ത്യൻ സമാന്തര സിനിമകളും ചർച്ച ചെയ്യപെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ നവയുഗ സിനിമാ പ്രസ്ഥാനത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായ 'മായ ദർപണ്‍'ന്റെ സംവിധായകനായ കുമാർ സാഹ്നി ഓർമ്മയാകുമ്പോൾ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്. മണി കൗളും മൃണാൽ സെന്നും തുടക്കമിട്ട ഇന്ത്യൻ നവസിനിമാ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയവരിൽ പ്രമുഖനായിരുന്നു കുമാർ സാഹ്നി.
1940 ഡിസംബർ ഏഴിന് സിന്ധ് പ്രവശ്യയിലെ ലർക്കാനയിലാണ് കുമാർ സാഹ്നി ജനിച്ചത്. സ്വതന്ത്ര്യാനന്തരമുണ്ടായ ഇന്ത്യ വിഭജനത്തിന് പിന്നാലെ കുമാർ സാഹ്നിയുടെ കുടുംബം മുംബൈയിലേക്ക് കുടിയേറി. ബോംബെ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിലും ചരിത്രത്തിലും ബിരുദം നേടിയ ശേഷമാണ് കുമാർ സാഹ്നി പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്‌ടിഐഐ) ചേരുന്നത്. അവിടെ വെച്ചാണ് സാഹ്നി ഋത്വിക് ഘട്ടകിനെ പരിചയപ്പെടുന്നത്. പിന്നീട് ഋത്വിക് ഘട്ടക്കിന്റെ ഏറ്റവും പ്രിയ ശിഷ്യരിൽ ഒരാളായി കുമാർ സാഹ്നി മാറി.
എഫ്‌ടിഐഐയിലെ പഠന ശേഷം കുമാർ സാഹ്നി ഫ്രാൻസിലേക്ക് പോവുകയും അവിടെ 1969ൽ ഫ്രഞ്ച് സംവിധായകനായ റോബർട്ട് ബ്രെസന്റെ സംവിധാന സഹായിയാവുകയും ചെയ്തു. ബ്രെസൻ സംവിധാനം ചെയ്ത 'യുൺ ഫെമ്മെ ഡൗസ്' എന്ന ചിത്രത്തിലാണ് കുമാർ സാഹ്നി സംവിധാന സഹായിയായി പ്രവർത്തിച്ചത്. തന്റെ ഗുരുനാഥരായി കുമാർ സാഹ്നി പറയാറുള്ള രണ്ട് പേർ റിത്വിക് ഘട്ടക്കും റോബർട്ട് ബ്രെസനുമായിരുന്നു.
മാർക്‌സിസ്റ്റ് ചരിത്രകാരനായ ഡി ഡി കൊസാമ്പിയും കുമാർ സാഹ്നിയുടെ ഉപദേശകരില്‍ ഒരാളായിരുന്നു. 1972ലാണ് കുമാർ സാഹ്നി തന്റെ ആദ്യ ഫീച്ചർ ചിത്രമായ 'മായ ദർപണ്‍' സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഹിന്ദി എഴുത്തുകാരൻ നിർമ്മൽ വർമ്മയുടെ അതേപേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് കുമാർ സാഹ്നി സിനിമയൊരുക്കിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം കുമാർ സാഹ്നി നേടി.
ഭരണവർഗവും തൊഴിലാളികളും തമ്മിലുള്ള അന്തരവും പിരിമുറുക്കവും ഒരു യുവതിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ചിത്രമായിരുന്നു 'മായ ദർപണ്‍'. പക്ഷെ ആദ്യ സിനിമ കഴിഞ്ഞ് തന്റെ രണ്ടാമത്തെ സിനിമയായ 'തരംഗ്' നിർമിക്കുന്നതിന് പണം കണ്ടെത്തുന്നതിന് പന്ത്രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു. മുതലാളിത്തവും തൊഴിലാളിവർഗവും തമ്മിലുള്ള സംഘർഷമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. സ്മിതാ പാട്ടീലും അമോൽ പലേക്കറുമായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പിന്നീട് 1989ൽ ഖയാൽ ഗാഥയും 1990ൽ കസ്ബയും കുമാർ സാഹ്നി സംവിധാനം ചെയ്തു. റഷ്യൻ എഴുത്തുകാരനായ ആന്റൺ ചെക്കോവിന്റെ ഇൻ ദ ഗല്ലി എന്ന നോവലായിരുന്നു ഈ ചിത്രത്തിന്റെ ആധാരം. മായ ദർപൺ പോലെ തന്നെ കസ്ബയും ഛായാഗ്രഹണത്തിനും ചിത്രത്തിലെ നിറങ്ങളുടെ ഉപയോഗത്തിന്റെ പേരിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. മനോഹർ സിംഗ്, മിതാ വസിഷ്ത്, രഘുബീർ യാദവ്, ശത്രുഘ്‌നൻ സിൻഹ എന്നിവരായിരുന്നു കസ്ബയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രവീന്ദ്രനാഥ ടാഗോർ നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1930 കളിലും 1940 കളിലും ബംഗാളിനെ അവതരിപ്പിച്ച ചിത്രമായിരുന്നു 1997 ൽ പുറത്തിറങ്ങിയ ചാർ അധ്യായ്. ഫീച്ചർ സിനിമകൾക്ക് പുറമെ കേളുചരൺ മഹാപത്രയിലൂടെ ഒഡീസി നൃത്തം പര്യവേക്ഷണം ചെയ്യുന്ന ഭവന്തരണ (1991) എന്ന ഡോക്യുമെന്ററിയും നിരവധി ഹ്രസ്വ ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിരുന്നു.
പൂർണതയിൽ എത്തിയിരുന്നെങ്കിൽ എക്കാലത്തെയും ചരിത്രമാകുമായിരുന്ന നിരവധി പ്രോജക്ടുകളും കുമാർ സാഹ്നിയുടെതായി ചർച്ചയിൽ ഉണ്ടായിരുന്നു.
ബ്രിട്ടീഷ് സൈക്കോ അനലിസ്റ്റ് വിൽഫ്രഡ് ബയോണിന്റെ ഒരു ഫാന്റസി ഫീച്ചറായ മെമോയർ ഓഫ് ദി ഫ്യൂച്ചർ, അന്ന കരീന അടിസ്ഥാനമാക്കി ഒരുക്കാൻ ഒരുങ്ങിയ ചിത്രം, അമൃത ഷെർഗിലിന്റെ ജീവചരിത്രം എന്നിവയും അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത സ്വപ്‌നങ്ങളായിരുന്നു.
മൈക്കിൾ ജാക്സണുമായി ചേർന്ന് ഷേക്ക്‌സ്പിയറിന്റെ ഹാംലെറ്റിന്റെ പുനരാവിഷ്‌ക്കരണവും കുമാർ സാഹ്നി ആസൂത്രണം ചെയ്തിരുന്നെങ്കിലും ഒന്നും പൂർണതയിലെത്തിയില്ല. മികച്ച അധ്യാപകനും സൈദ്ധാന്തികനും കൂടിയായ കുമാർ സാഹ്നിയുടെ വിവിധ ലേഖനങ്ങൾ 2015 ൽ 'The Shock of Desire and Other Essays, comprising 51 Esssay' എന്ന പേരിൽ പുസ്തകമാക്കി പുറത്തിറക്കുകയും ചെയ്തു.
കേരളവും മലയാള സിനിമയുമായും കുമാർ സാഹ്നിക്ക് ഒരു ബന്ധമുണ്ട്. 2019ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ ജൂറി ചെയർമാൻ കുമാർ സാഹ്നിയായിരുന്നു. അന്ന് പുരസ്‌ക്കാര നിർണയവുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങളുമായുള്ള തർക്കം പരസ്യമായി പുറത്തുവരികയും ചെയ്തിരുന്നു. മികച്ച ചിത്രത്തിന്റെ സംവിധായകന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നൽകണമെന്ന് കുമാർ സാഹ്നി നിർദ്ദേശിച്ചതായിരുന്നു അന്നത്തെ തർക്ക കാരണം.