ദേവാസുരനും ദേവരാജനും കണ്ടപ്പോൾ...

ദേവാസുരനും ദേവരാജനും കണ്ടപ്പോൾ...

യഥാർത്ഥ 'മംഗലശ്ശേരി നീലകണ്ഠൻ' ഓർമ്മയായിട്ട് ഇരുപത്തിയൊന്ന് വർഷം
Updated on
3 min read

കിടക്കയിൽ ഒരു വശം ചെരിഞ്ഞു കിടന്ന് ദേവരാജൻ മാഷെ നോക്കി ഈറൻ കണ്ണുകളോടെ മുല്ലശ്ശേരി രാജഗോപാൽ ചോദിക്കുന്നു; പതുക്കെ, വളരെ പതുക്കെ:

"മാഷേ, ആ കയ്യിലൊന്ന് തൊടട്ടെ ഞാൻ?

ജീവിതത്തിൽ ആദ്യമായിരിക്കണം "ദേവരാഗങ്ങളുടെ രാജശില്പി"ക്ക് അങ്ങനെയൊരു അനുഭവം. മുന്നിലെ കട്ടിലിൽ പാതിയിലേറെ തളർന്ന ശരീരവുമായി കണ്ണുകൾ ചിമ്മാതെ തന്നെ നോക്കിക്കിടന്ന മനുഷ്യനെ ഒന്നും മിണ്ടാതെ നോക്കിയിരുന്നു മാഷ്. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു ആ മുഖത്ത്.

"വർഷങ്ങളായി തളർന്നു കിടക്കുന്ന ഒരാളല്ലേ ? അങ്ങനെയൊരു ആഗ്രഹം അദ്ദേഹത്തിനുണ്ടെങ്കിൽ നമ്മളത് സാധിച്ചു കൊടുത്തേ പറ്റൂ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസം ചെന്നു കാണാം..."

കിടന്ന കിടപ്പിൽ, പൂർണ്ണമായും തന്റെ ചൊൽപ്പടിക്ക് വഴങ്ങാത്ത ഇടംകൈ പണിപ്പെട്ടു നീട്ടി മൃദുവായി മാഷിന്റെ വിരലുകളിൽ ഒന്നു തൊട്ടു രാജുമ്മാമ. പിന്നെ വിടർന്ന ചിരിയോടെ എന്റെ നേരെ മുഖം തിരിച്ച് പറഞ്ഞു: "നിനക്കറിയോടോ, ഈ കയ്യിന്മേൽ ഒന്ന് തൊടാൻ മോഹിച്ചിട്ടുണ്ട് പണ്ട്. കായാമ്പൂവും ആയിരം പാദസരങ്ങളും സന്യാസിനിയും ഒക്കെ സൃഷ്ടിച്ച കയ്യല്ലേ...." ചിരകാല സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു രാജുമ്മാമ. പുഞ്ചിരിക്കിടയിലൂടെ കണ്ണുകളിൽ പൊടിഞ്ഞ നീർമുത്തിൽ ആ സാഫല്യം മുഴുവൻ കണ്ടു ഞങ്ങൾ.

ദേവരാജൻ മാഷേയും ഭാര്യയേയും കൂട്ടി മുല്ലശ്ശേരിയിൽ ചെന്ന ദിവസം ഇന്നുമുണ്ട് ഓർമ്മയിൽ. മാഷെ ഒന്നു നേരിൽ കാണാനുള്ള മോഹം നേരത്തെ പങ്കുവെച്ചിരുന്നു രാജുമ്മാമ. "മദ്രാസിൽ ചെല്ലുമ്പോഴെല്ലാം മാഷിനെ നേരിൽ കണ്ടു സംസാരിക്കാൻ മോഹിച്ചിട്ടുണ്ട്. പക്ഷേ എല്ലാവരും പിന്തിരിപ്പിക്കാനാണ് ശ്രമിക്കുക. ഭയങ്കര മുൻകോപിയാണ്, പൊട്ടിത്തെറിക്കും, ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ നിമിഷം ഇറക്കിവിടും എന്നൊക്കെ പറഞ്ഞുകൊണ്ട്. ഇനി എനിക്ക് അദ്ദേഹത്തെ നടന്നുചെന്ന് കാണാൻ പറ്റില്ലല്ലോ. കോഴിക്കോട്ട് വന്ന സ്ഥിതിക്ക് ഒന്ന് കാണണം എന്നുണ്ട്...."

ചികിത്സയുടെ ഭാഗമായി കോഴിക്കോട്ടെത്തിയതാണ് മാഷ്. ഇഷ്ടഗാനങ്ങളുടെ ശില്പിയെ ആദ്യം കണ്ടു പരിചയപ്പെടുന്നതും ആ നാളുകളിൽ തന്നെ. ബേബി മെമ്മോറിയൽ ആശുപത്രിയിലെ മുറിയിൽ ദിവസവും കാണാൻ ചെല്ലും മാഷിനെ. പാട്ട് മുതൽ പന്തുകളിയും പച്ചക്കറിയും വരെ വിഷയമാകുന്ന സംഭാഷണങ്ങൾ. ആയിടക്കൊരു നാൾ, "ദേവാസുരം" എന്ന ഹിറ്റ് ചിത്രത്തിലെ നായകകഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സൃഷ്ടിക്കാൻ രഞ്ജിത്തിന് പ്രചോദനമായ, സംഗീതവും സൗഹൃദങ്ങളും ദൗർബല്യമായ മുല്ലശ്ശേരി രാജഗോപാലിനെ വാക്കുകളിലൂടെ പരിചയപ്പെടുത്തിയപ്പോൾ മാഷ് പറഞ്ഞു: "വർഷങ്ങളായി തളർന്നു കിടക്കുന്ന ഒരാളല്ലേ ? അങ്ങനെയൊരു ആഗ്രഹം അദ്ദേഹത്തിനുണ്ടെങ്കിൽ നമ്മളത് സാധിച്ചു കൊടുത്തേ പറ്റൂ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസം ചെന്നു കാണാം..."

എന്റെ കൈപിടിച്ച് മുല്ലശ്ശേരിയിലെ കിടപ്പുമുറിയിലേക്ക് കടന്നുചെന്ന സംഗീത കുലപതിയെ അവിശ്വസനീയതയോടെ നോക്കിക്കിടന്നു രാജുമ്മാമ. ബാബുരാജൂം രാഘവൻ മാഷുമൊക്കെ വന്നിരുന്നു പാടിയ ചരിത്രമുള്ള മുല്ലശ്ശേരിയിൽ ഒരിക്കൽ ദേവരാജ സാന്നിധ്യമുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ അദ്ദേഹം. മാഷെ കണ്ടപ്പോൾ കിടന്ന കിടപ്പിൽ കൈ കൂപ്പാൻ ശ്രമിച്ചു രാജുമ്മാമ. പരാജയപ്പെട്ടപ്പോൾ ഇടറുന്ന വാക്കുകളിൽ പറഞ്ഞു : "മദിരാശിയിൽ കറങ്ങി നടന്നിരുന്ന കാലത്ത് മാഷെ പല തവണ ദൂരെ നിന്ന് കണ്ടിട്ടുണ്ട്; രേവതിയിലും എ വി എമ്മിലുമൊക്കെ റെക്കോർഡിങ് കാണാൻ ചെല്ലുമ്പോൾ. പരിചയപ്പെടാൻ മോഹിച്ചിരുന്നു അന്ന്. പക്ഷെ ധൈര്യം വന്നില്ല. അത്രയും പേടിപ്പെടുത്തുന്ന കഥകളാണ് മാഷെ പറ്റി കേട്ടിരുന്നത്. ഇന്നിപ്പോ എന്നെ കാണാൻ മാഷ്‌ ഇവിടെ എന്റെ കിടക്കക്ക് അരികിൽ വന്നിരിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ഒന്ന് തൊഴാൻ പോലും ആകുന്നില്ല എനിക്ക്. ക്ഷമിക്കണം."

ദേവാസുരനും ദേവരാജനും കണ്ടപ്പോൾ...
മംഗലശ്ശേരി നീലകണ്ഠൻ്റെ മുല്ലശ്ശേരി തറവാട്

മാഷിന്റെ മുഖത്തെ സ്ഥായിയായ ഗൗരവഭാവം ഒരു കൊച്ചു മന്ദഹാസത്തിന് വഴിമാറുന്നു: "അതൊക്കെ ആളുകൾ പറഞ്ഞുണ്ടാക്കുന്നതാ. ഞാൻ അത്ര കൊള്ളരുതാത്തവൻ ഒന്നുമല്ല. പിന്നെ ചിലരുടെ സംസാരം, പെരുമാറ്റം ഒന്നും ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് മറച്ചുവെക്കാനാകുകയുമില്ല. എന്തു ചെയ്യാം? എന്റെ കുഴപ്പമാകാം..."

നടക്കാൻ അൽപ്പം പ്രയാസമുണ്ടായിരുന്നു അക്കാലത്ത് ദേവരാജൻ മാസ്റ്റർക്ക്. ഒരു പക്ഷാഘാതത്തിന്റെ പരിണിതഫലം. മുന്നിൽ ആകാശം ഇടിഞ്ഞുവീണാൽ പോലും പോനാൽ പോകട്ടും പോടാ എന്നു പറഞ്ഞ് നെഞ്ചു വിരിച്ചു നടന്നുപോകുമായിരുന്ന മനുഷ്യനെ മാനസികമായി ഒരു പരിധിയോളം തളർത്തിയ അനുഭവമായിരുന്നു അത്. അതുകൊണ്ടു തന്നെ കാൽ നൂറ്റാണ്ടോളമായി ഒരു മുറിയുടെ ഏകാന്തതയിൽ തളച്ചിടപ്പെട്ടിട്ടും ജീവിതത്തെ ലാഘവത്തോടെ, നർമ്മബോധത്തോടെ നോക്കിക്കണ്ട രാജഗോപാലിനെ ഒരത്ഭുതമനുഷ്യനായി കണ്ടിരിക്കണം മാസ്റ്റർ.

ഒത്തിരി സ്നേഹവും കുസൃതിയും ഇത്തിരി സാഹസികതയും നിറഞ്ഞ സ്വന്തം ജീവിത കഥ രാജുമ്മാമ വിവരിക്കുന്നത് നിശ്ശബ്ദനായി കേട്ടിരുന്നു ദേവരാജൻ മാസ്റ്റർ. 1970 കളുടെ മധ്യത്തിലെന്നോ വയനാടൻ ചുരത്തിൽ വെച്ചുണ്ടായ ഒരു ബൈക്കപകടമാണ് രാജുമ്മാമയെ എന്നെന്നേക്കുമായി കിടക്കയിൽ തളച്ചത്. കാൽവിരലിൽ നിന്ന് പതുക്കെ കയറി വന്ന തരിപ്പ് കഴുത്തറ്റം എത്താൻ ഒന്ന് രണ്ടു വർഷമെടുത്തു എന്ന് മാത്രം. എണ്ണകളും തൈലങ്ങളും ഗുളികകളും ഒക്കെ വിധിയോട് തോറ്റു തുന്നം പാടിയിരുന്നു അതിനകം.

കഴുത്തിൽ നിന്ന് ആ തളർച്ച മുകളിലേക്ക് പടരാതെ തടഞ്ഞത് രാജുമ്മാമയുടെ ഉറച്ച മനസ്സാണെന്ന് തോന്നിയിട്ടുണ്ട് . "മറ്റെല്ലാ അവയവങ്ങളും നിശ്ചലമായാലും കാതുകളെ വെറുതെ വിടണേ എന്നായിരുന്നു അന്നൊക്കെ ഈശ്വരനോടുള്ള എന്റെ പ്രാർത്ഥന. കേൾവി നശിച്ചാൽ പിന്നെങ്ങനെ പാട്ട് കേൾക്കും ? നിശബ്ദത സഹിക്കാനാവില്ല എനിക്ക്, ഭ്രാന്തു പിടിക്കും .''

മാസ്റ്ററുടെ മുഖത്ത് അപൂർവമായി വിരിയുന്ന ആ പുഞ്ചിരി വീണ്ടും. സംഗീതത്തിന്റെ മാന്ത്രികസിദ്ധിയെ കുറിച്ച് ആരും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ അദ്ദേഹത്തെ.

സംസാരിച്ചുകൊണ്ടേയിരുന്നു രാജുമ്മാമ. എഴുപതുകളിലെ മദ്രാസിനെ കുറിച്ച്, അന്നത്തെ പാട്ടുകളെ കുറിച്ച്; പുതിയ ഓരോ സിനിമയുടെയും ഗ്രാമഫോൺ ഡിസ്കുകൾ പുറത്തിറങ്ങാൻ ആകാംക്ഷയോടെ കാത്തിരുന്നതിനെ കുറിച്ച്... ആയിരം പദസരങ്ങളും കായാമ്പൂവും കേൾക്കാൻ വേണ്ടി മാത്രം "നദി" ആവർത്തിച്ചു കണ്ടതിനെ കുറിച്ച്.... കൗതുകത്തോടെ, വാത്സല്യത്തോടെ ആ ഓർമ്മകൾ കേട്ടിരുന്നു ദേവരാജൻ മാഷ്.

"മറ്റെല്ലാ അവയവങ്ങളും നിശ്ചലമായാലും കാതുകളെ വെറുതെ വിടണേ എന്നായിരുന്നു അന്നൊക്കെ ഈശ്വരനോടുള്ള എന്റെ പ്രാർത്ഥന. കേൾവി നശിച്ചാൽ പിന്നെങ്ങനെ പാട്ട് കേൾക്കും ? നിശബ്ദത സഹിക്കാനാവില്ല എനിക്ക്, ഭ്രാന്തു പിടിക്കും .''

വിധിനിയോഗം പോലെ ഇടക്കെപ്പോഴോ മുറിയിലെ ടെലിവിഷനിൽ പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഗാനരംഗം തെളിയുന്നു. "അച്ചാണി"യിലെ "എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ വന്നിറങ്ങിയ രൂപവതി.." ഭാസ്കരൻ മാസ്റ്ററുടെ വരികളിൽ നിന്ന് ദേവരാജൻ മാസ്റ്റർ സൃഷ്ടിച്ച ക്ലാസ്സിക് ഗാനം. പാടി അഭിനയിക്കുന്ന യേശുദാസിന്റെ യൗവ്വനയുക്തമായ രൂപം സ്‌ക്രീനിൽ.

ഒരു നിമിഷം എഴുപതുകളുടെ തുടക്കത്തിലേക്ക് തിരിച്ചുപോയിരിക്കണം രാജമ്മാമയുടെ മനസ്സ്. "ഈ പാട്ടൊക്കെ റെക്കോർഡ് ചെയ്യുന്ന സമയത്ത് മദ്രാസിലുണ്ട് ഞാൻ. മിക്കവാറും ദിവസം മാഷെ കാണും; ദൂരെ നിന്ന്. അടുത്തു വന്നു പരിചയപ്പെടാൻ ധൈര്യമില്ലല്ലോ..." ചെറുതായി മന്ദഹസിച്ചുവോ മാസ്റ്റർ?

പാട്ട് ചരണത്തിലേക്ക് പ്രവേശിക്കേ, യാത്ര പറയാനായി പതുക്കെ എഴുന്നേൽക്കുന്നു ദേവരാജൻ മാസ്റ്റർ. കിടന്നുകൊണ്ട് തന്നെ ആ കൈകളിൽ മൃദുവായി സ്പർശിച്ച് രാജുമ്മാമ മന്ത്രിക്കുന്നു: "ഇന്നെനിക്ക് ഒരു വിശേഷ ദിവസമാണ്. മറക്കില്ല ഈ ദിവസം..."

മുല്ലശ്ശേരിയിൽ നിന്ന് തിരിച്ചു പോരുമ്പോൾ ദേവരാജൻ മാസ്റ്റർ പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് കാതിൽ : "ഈശ്വരവിശ്വാസിയല്ല ഞാൻ. പ്രാർത്ഥിക്കാറുമില്ല. എങ്കിലും ആ മനുഷ്യനെ ഒന്ന് എഴുന്നേറ്റു നടത്താൻ ഏതെങ്കിലും ദൈവത്തിനു കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ...''

logo
The Fourth
www.thefourthnews.in