ആരും "കാണാതെ" പോയ സൂപ്പർ ഹിറ്റ് ഗാനം
സ്വന്തം പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരി ഓട്ടോഗ്രാഫായി കുറിച്ച് തരണമെന്ന് ആരാധകന്റെ വിനീതമായ അപേക്ഷ. നിശബ്ദനായി എന്തോ ചിന്തിച്ചിരുന്ന ശേഷം കീശയിൽ നിന്ന് പേനയെടുത്ത് തെല്ലു വിറയാർന്ന അക്ഷരങ്ങളിൽ പുസ്തകത്തിന്റെ ആദ്യതാളിൽ ഭാസ്കരൻ മാഷ് എഴുതി: "സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം.''
കോഴിക്കോട് അളകാപുരിയിലെ ചെമ്പക കോട്ടേജിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ നിന്ന് ഓർമയിൽ ഇന്ന് അവശേഷിക്കുന്നത് പ്രതീക്ഷാഭരിതമായ ആ വരികളാണ്. "നാഴൂരിപ്പാല്'' എന്ന ഗാന സമാഹാര പുസ്തകത്തിൽ മാഷിന്റെ ഒരു കയ്യൊപ്പ് പതിച്ചുകിട്ടാൻ വേണ്ടി കൂടെ വന്നതായിരുന്നു അധ്യാപകൻ കൂടിയായ സുഹൃത്ത്. പ്രിയഗാനത്തിന്റെ വരികളെഴുതി ചുവട്ടിൽ ഒപ്പിട്ട് പുസ്തകം ആരാധകന് തിരിച്ചുകൊടുത്ത മാഷോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല, ''എന്താണീ വരികളോട് ഇത്ര സ്നേഹം?'' .
കട്ടിയുള്ള കണ്ണടച്ചില്ലിലൂടെ ഞങ്ങളെ നോക്കി ഹൃദ്യമായി ചിരിച്ചു മാഷ്. എന്നിട്ട് പറഞ്ഞു, ''രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളല്ലേ? സ്വപ്നവും ദുഃഖവും? സ്വാനുഭവത്തിൽ നിന്നെഴുതുമ്പോൾ കവിതകളോടും ഗാനങ്ങളോടും അൽപ്പം സ്നേഹം കൂടും. ഈയിടെ ഈ പാട്ടിന്റെ ഇംഗ്ലീഷ് തർജ്ജമ ഒരാൾ അയച്ചുതന്നു. വായിച്ചുനോക്കിയപ്പോൾ കൊള്ളാം. ഈ ആശയത്തിന് ഒരു സാർവ്വജനീനത ഉണ്ടല്ലോ എന്ന് തോന്നി..''
പലരുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച പാട്ടാണതെന്ന് പറഞ്ഞ് കേൾക്കുമ്പോൾ അത്ഭുതം തോന്നും. പുറത്തിറങ്ങാതെ പോയ ഒരു സിനിമയിലെ പാട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷവും എത്രയോ പേരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്നത് തന്നെ വലിയൊരു അംഗീകാരമല്ലേ
ഷൂട്ടിങ് തുടങ്ങും മുൻപേ മൃതിയടഞ്ഞ ''കാണാൻ കൊതിച്ച്'' എന്ന സിനിമയ്ക്ക് വേണ്ടി 1985 ൽ റെക്കോർഡ് ചെയ്യപ്പെട്ട ആ ഗാനവുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരെ ഇന്നും പതിവായി കണ്ടുമുട്ടാറുണ്ട് സംഗീത സംവിധായകൻ വിദ്യാധരൻ. അത് ചിട്ടപ്പെടുത്തിയത് താനാണെന്ന് പോലും അറിയാത്ത സാധാരണ മനുഷ്യർ. പലരുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച പാട്ടാണതെന്ന് പറഞ്ഞ് കേൾക്കുമ്പോൾ അത്ഭുതം തോന്നും. പുറത്തിറങ്ങാതെ പോയ ഒരു സിനിമയിലെ പാട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷവും എത്രയോ പേരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്നത് തന്നെ വലിയൊരു അംഗീകാരമല്ലേ. പുതിയ തലമുറ പോലും ആ വരികൾ ഏറ്റുപാടുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഭാസ്കരൻ മാഷെ മനസുകൊണ്ട് അറിയാതെ നമിച്ചുപോകും വിദ്യാധരൻ.
റേഡിയോയിൽ ഇന്നും ഏറ്റവും ആവശ്യക്കാരുള്ള പാട്ടുകളിൽ ഒന്നാണ് ''സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം''. കേൾക്കാനേ കഴിയൂ അത്, കാണാൻ പറ്റില്ല എന്ന് മാത്രം. ദൃശ്യാവിഷ്‌കാരം ഇല്ലാത്തതാണ് കാരണം. സിനിമ വെളിച്ചം കാണാതെ പോയിട്ടും സൂപ്പർ ഹിറ്റായിത്തീർന്ന ഗാനങ്ങൾ നിരവധിയുണ്ടല്ലോ മലയാള സിനിമാ ചരിത്രത്തിൽ. ഹൃദയം ദേവാലയം (തെരുവുഗീതം), പാദരേണു തേടി അലഞ്ഞു, ഒരുനാൾ വിശന്നേറെ (ദേവദാസി), കുടജാദ്രിയിൽ കുടികൊള്ളും (നീലക്കടമ്പ്), പൂവല്ല പൂന്തളിരല്ല (കാട്ടുപോത്ത്), യവനകഥയിൽ (അന്ന), തുമ്പപ്പൂവിൽ ഉണർന്നൂ വാസരം (അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്), ഇന്ദുസുന്ദര സുസ്മിതം (മയിൽപ്പീലി).. അങ്ങനെയങ്ങനെ. അക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്നു, ''സ്വപ്‌നങ്ങളൊക്കെയും''..
പാട്ടിന്റെ ആശയം ഒരളവോളം കാലഹരണപ്പെട്ടു എന്നത് സത്യം തന്നെ. ദാമ്പത്യത്തെ കുറിച്ചുള്ള മലയാളിയുടെ സങ്കൽപ്പങ്ങൾ തന്നെ മാറിയില്ലേ? എങ്കിലും പുതിയ തലമുറയെ സംബന്ധിച്ച് ഒരു തിരിച്ചറിവാണ് ''സ്വപ്‌നങ്ങളൊക്കെയും''. ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമുക്ക് എന്ന് ഓർമപ്പെടുത്തുന്ന ഗാനം. ദൃശ്യവത്ക്കരിക്കപ്പെടാത്ത പാട്ടുകൾക്ക് മറ്റൊരു അപാര സാധ്യത കൂടിയുണ്ട്. ആർക്കും സ്വന്തം ഇഷ്ടപ്രകാരം അത് മനസിൽ വിഷ്വലൈസ് ചെയ്യാം. ഒരു നടന്റെയും നടിയുടെയും മുഖം ആ പാട്ടിനൊപ്പം ഓർമയിൽ തെളിയില്ല. ഇന്ന് കാണുമ്പോൾ പലപ്പോഴും അരോചകമായി തോന്നുന്ന 1980 കളിലെ ഗാനചിത്രീകരണ ശൈലിയിൽ നിന്ന് ഈ ഗാനം രക്ഷപ്പെട്ടു എന്നതും ആശ്വാസകരം.
സിനിമയിൽ ഒരൊറ്റ പാട്ടാണ് സുകുമേനോൻ ഉദ്ദേശിച്ചിരുന്നത്. പടത്തിന്റെ ആത്മാവായി മാറണം ആ പാട്ട്. തീവ്രമായ പ്രണയം പലവിധ തടസങ്ങൾക്കൊടുവിൽ വിവാഹത്തിൽ കലാശിക്കുമ്പോൾ പശ്ചാത്തലത്തിൽ ഉയരേണ്ട ആശംസാഗാനമാണ്.
കെ സുകു (പിൽക്കാലത്ത് കളഭമഴ എന്ന ചിത്രം ഒരുക്കിയ സുകു മേനോൻ തന്നെ) സംവിധാനം ചെയ്യേണ്ടിയിരുന്ന പടമായിരുന്നു ''കാണാൻ കൊതിച്ച്''. ലോഹിതദാസിന്റെ ആദ്യ തിരക്കഥയിൽ നിന്ന് പിറക്കേണ്ടിയിരുന്ന സിനിമ. സിനിമയിൽ ഒരൊറ്റ പാട്ടാണ് സുകുമേനോൻ ഉദ്ദേശിച്ചിരുന്നത്. പടത്തിന്റെ ആത്മാവായി മാറണം ആ പാട്ട്. തീവ്രമായ പ്രണയം പലവിധ തടസങ്ങൾക്കൊടുവിൽ വിവാഹത്തിൽ കലാശിക്കുമ്പോൾ പശ്ചാത്തലത്തിൽ ഉയരേണ്ട ആശംസാഗാനമാണ്.
സാഹിത്യ അക്കാദമിയുടെ എന്തോ മീറ്റിങിനായി അന്ന് തൃശൂരിലുണ്ട് പി ഭാസ്കരൻ. എങ്കിൽ പിന്നെ മാഷെ കൊണ്ടുതന്നെ പാട്ടെഴുതിക്കാം എന്ന് തീരുമാനിക്കുന്നു സംവിധായകൻ. സംഗീത സംവിധായകനായി താരതമ്യേന പുതിയൊരു ആൾ വേണമെന്നാണ് ആഗ്രഹം. ''എന്റെ ഗ്രാമ''ത്തിൽ വിദ്യാധരൻ ചിട്ടപ്പെടുത്തിയ കൽപ്പാന്തകാലത്തോളം എന്ന പാട്ട് ഹിറ്റായി നിൽക്കുന്ന സമയം.
നേരത്തെ ''അഷ്ടപദി'യിൽ ഭാസ്കരൻ മാഷിന്റെ വരികൾക്ക് ഈണം പകർന്നിട്ടുണ്ട് വിദ്യാധരൻ. ''വിണ്ണിന്റെ വിരിമാറിൽ'' എന്ന പാട്ട് ഭേദപ്പെട്ട ഹിറ്റുമായിരുന്നു. പുതിയ പടത്തിൽ ആ കൂട്ടുകെട്ടിനെ ഒരിക്കൽ കൂടി പരീക്ഷിക്കാൻ തീരുമാനിക്കുന്നു സുകുമേനോൻ.
തൃശൂർ ബിനി ടൂറിസ്റ്റ് ഹോമിന്റെ ഒന്നാം നിലയിലെ മുറിയിലാണ് കമ്പോസിംഗ്. ''ഭാസ്കരൻ മാഷിന്റെ കൂടെയുള്ള പാട്ടുണ്ടാക്കൽ ഒരു സംഭവമാണ്''- വിദ്യാധരൻ ഓർക്കുന്നു. ''വലിയൊരു സൗഹൃദക്കൂട്ടായ്മയിലാണ് പാട്ടു പിറക്കുക. ശോഭന പരമേശ്വരൻ നായർ, സുകു, ലോഹി എല്ലാവരുമുണ്ട് മുറിയിൽ. കട്ടിലിൽ ഹാർമോണിയവുമായി ഞാനും. സംവിധായകൻ പറഞ്ഞുകൊടുത്ത സിറ്റുവേഷൻ മനസിലിട്ട് പാകപ്പെടുത്തിയെടുക്കുന്നു മാഷ്. മൂളിപ്പാട്ടൊക്കെ പാടി അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് അദ്ദേഹം. ഒന്ന് രണ്ട് പല്ലവി പാടിക്കേൾപ്പിച്ചെങ്കിലും പരമേശ്വരൻ നായർക്ക് ദഹിക്കുന്നില്ല. ഇതിലും ഉഗ്രൻ വരാനിരിക്കുന്നു എന്നറിയാം അദ്ദേഹത്തിന്. ഇടക്കെപ്പോഴോ കുളിമുറിയിൽ കയറി വാതിലടക്കുന്നു ഭാസ്കരൻ മാഷ്. പാട്ട് മൂളുന്നതൊക്കെ വെളിയിൽ കേൾക്കാം നമുക്ക്. അഞ്ച് മിനിറ്റ് കഴിഞ്ഞ് അദ്ദേഹം പുറത്തുവന്നത് ചുണ്ടിൽ നാല് വരികളുമായാണ്, ''സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം, ആശ തൻ തേനും നിരാശ തൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെക്കാം''.
''പല്ലവി ഇതുതന്നെ മതി, ഗംഭീരം''-ശോഭന പരമേശ്വരൻ നായർ പ്രഖ്യാപിക്കുന്നു. ലോഹിക്കും സുകുവിനുമില്ല മറിച്ചൊരു അഭിപ്രായം. ''ഇനി പൊടിപ്പും തൊങ്ങലും വിദ്യാധരന്റെ വക. അപ്പോഴേക്കും മാഷ് ബാക്കിയെഴുതും''. പതിനഞ്ച് മിനിറ്റേ വേണ്ടിവന്നുള്ളൂ പല്ലവി ചിട്ടപ്പെടുത്താൻ എന്ന് വിദ്യാധരൻ. ''മാഷിന്റെ വരികളിൽ തന്നെ ഉണ്ടായിരുന്നു അവയുടെ സംഗീതം. ഒരൊറ്റ തവണ പാടിനോക്കുകയേ വേണ്ടി വന്നുള്ളൂ ഈണം കണ്ടെത്താൻ''. അടുത്ത ദിവസം തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയിൽ പടത്തിന്റെ പൂജയും റെക്കോർഡിങും. അന്നാണ് രാജാമണി ആദ്യമായി തന്റെ ഓർക്കസ്ട്ര സഹായിയുടെ റോൾ ഏറ്റെടുത്തതെന്ന് ഓർക്കുന്നു വിദ്യാധരൻ. ''കൽപ്പാന്തകാലം'' ഉൾപ്പെടെ അതുവരെയുള്ള പാട്ടുകളിലെല്ലാം അസിസ്റ്റ് ചെയ്തത് ജോൺസണാണ്. ''സ്വപ്നങ്ങളൊക്കെയും'' ആദ്യം റെക്കോർഡ് ചെയ്തത് ചിത്രയുടെ ശബ്ദത്തിൽ. അത് കഴിഞ്ഞ് യേശുദാസിന്റെയും. അകമ്പടിക്ക് ഗിറ്റാർ, തബല, ഫ്ലൂട്ട്, കീബോർഡ്, റിഥം പാഡ്, അങ്ങനെ വിരലിലെണ്ണാവുന്ന ഉപകരണങ്ങൾ മാത്രം. ബാലകൃഷ്ണൻ ആയിരുന്നു ശബ്ദലേഖകൻ.
ശീർഷകം പോലെ തന്നെയായി സിനിമയുടെ വിധിയും. പടം ''കാണാൻ കൊതിച്ച്'' കാത്തിരുന്നവർ നിരാശരായത് മിച്ചം.
ശീർഷകം പോലെ തന്നെയായി സിനിമയുടെ വിധിയും. പടം ''കാണാൻ കൊതിച്ച്'' കാത്തിരുന്നവർ നിരാശരായത് മിച്ചം. വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയില്ലെന്ന് പറയും സുകുമേനോൻ. ''ജോലി കിട്ടി നിർമാതാവ് ഗൾഫിലേക്ക് പോയി. ലോഹിയുടെ തിരക്കഥ പൂർത്തിയായതുമില്ല. ഒടുവിൽ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു.
ഭാസ്കരൻ മാഷിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം പാട്ടുകളിൽ ഒന്നായിരുന്നു സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം. അൽഷൈമേഴ്‌സ് ബാധിച്ച് മറവിയുടെ തീരത്തുകൂടി സഞ്ചരിക്കുമ്പോഴും വല്ലപ്പോഴുമൊക്കെ നേരിൽ കാണുമ്പോൾ ആ പാട്ടിനെ കുറിച്ച് ചോദിക്കാറുണ്ടായിരുന്നു മാഷ്. ''നിങ്ങൾ ഒരു പടം ചെയ്യണം. അതിന് സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം എന്ന പേരിടണം. സിനിമയ്ക്ക് ഇണങ്ങുന്ന പേരാണ്. അതിനും പാട്ടെഴുതുന്നത് ഞാനായിരിക്കും..'' അവസാന കൂടിക്കാഴ്ച കഴിഞ്ഞ് യാത്രയാക്കവേ മാഷ് സംവിധായകനോട് പറഞ്ഞു. പക്ഷേ മറവിയുടെ ലോകത്ത് നിന്ന് ഒരു തിരിച്ചുവരവുണ്ടായില്ല മാഷിന്. സ്വപ്‌നങ്ങൾ ബാക്കിവെച്ച് സുകുമേനോൻ യാത്രയായത് 2018 ൽ.