'ആ  ഏകാധിപതി രൂപം കൊണ്ടത് ഒറ്റ രാത്രികൊണ്ടായിരുന്നില്ല'; നെഹ്റുവില്‍ നിന്നും ഇന്ദിര ഗാന്ധിയിലേക്കുള്ള ദൂരം

'ആ ഏകാധിപതി രൂപം കൊണ്ടത് ഒറ്റ രാത്രികൊണ്ടായിരുന്നില്ല'; നെഹ്റുവില്‍ നിന്നും ഇന്ദിര ഗാന്ധിയിലേക്കുള്ള ദൂരം

സംഭവ ബഹുലമാണ് ഇന്ദിരാ ഗാന്ധിയുടെ ജീവിതവും മരണവും
Updated on
3 min read

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നേതാവ്, ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയുടെ 106-ാം ജന്മദിനമാണ് ഇന്ന്. പ്രതിപക്ഷ നേതാക്കള്‍ പോലും 'ഇന്ത്യയുടെ ദുര്‍ഗ' എന്ന് വിശേഷിപ്പിച്ച വ്യക്തിത്വം. അടിയന്തരാവസ്ഥയിലേക്ക് ഇന്ത്യയെ തള്ളിവിട്ട നേതാവ്. സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി. അതേ മരണം കൊളുത്തിവിട്ട സിഖ് വിരുദ്ധ കലാപം. സംഭവ ബഹുലമാണ് ഇന്ദിരാ ഗാന്ധിയുടെ ജീവിതവും മരണവും.

ഇന്ത്യന്‍ രാഷ്ട്രീയം ഇന്നും ഇന്ദിരാ ഗാന്ധി എന്ന അച്ചുതണ്ടിന് ചുറ്റും കറങ്ങുകയാണ്. ജനതാ പാര്‍ട്ടിയില്‍ തുടങ്ങി ബിജെപിയില്‍ എത്തിനില്‍ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം രാജ്യം ഭരിക്കുമ്പോള്‍ അറിയാതെയെങ്കിലും പറയും ' അപ്രഖ്യാപിത അടിയന്തരാവസ്ഥ' എന്ന്. ബംഗ്ലാദേശ് രാജ്യം രൂപം കൊള്ളാനിടയാക്കിയ 1971ലെ യുദ്ധത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്ദിര ഉരുക്കു വനിതയാകും. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെയും അതിന്റെ പിന്തുണയോടെ രാജ്യത്തെയും നയിച്ചു. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളെ വെല്ലുവിളിച്ച് തനിച്ച് രാജ്യം ഭരിച്ച സംഘടനാ പാടവമുള്ള നേതാവ്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്ദിരാ ഗാന്ധിയെ ലളിതമായി ഇത്തരത്തില്‍ നിര്‍വചിക്കാം.

എന്നാല്‍, സ്വന്തം പിതാവും രാഷ്ട്രശില്‍പിയുമായ ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന് രാഷ്ട്രീയ പാഠങ്ങള്‍ പഠിച്ച ഇന്ദിരയെ ഏതുതരത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുന്നത്? നെഹ്റുവില്‍ നിന്നും അദ്ദേഹം മുന്നോട്ട് വച്ച രാഷ്ട്രീയത്തില്‍ നിന്നും ഇന്ദിര വ്യത്യസ്തയാകുന്നത് എങ്ങന? ഇന്ത്യന്‍ എഴുത്തുകാരിയും നെഹ്‌റു കുടുംബാംഗവുമായ (നെഹ്റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍) നയന്‍താര സെഹ്ഗാളിന്റെ 'ഇന്ദിരാ ഗാന്ധി ട്രിസ്റ്റ് വിത്ത് പവര്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നത് ഏറെ ശ്രദ്ധേയമാണ്.  

'ആ  ഏകാധിപതി രൂപം കൊണ്ടത് ഒറ്റ രാത്രികൊണ്ടായിരുന്നില്ല'; നെഹ്റുവില്‍ നിന്നും ഇന്ദിര ഗാന്ധിയിലേക്കുള്ള ദൂരം
തമസ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ തെളിമയോടെ ഉയര്‍ന്നുവരുന്ന ജവഹര്‍ലാല്‍ നെഹ്‌റു

ഒരു ഏകാധിപതിയാകാന്‍ നെഹ്‌റുവിന് എളുപ്പം സാധിക്കുമായിരുന്നു, പക്ഷേ ആ ആശയം അദ്ദേഹം പൂര്‍ണമായി തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്‍റെ ഗുണങ്ങള്‍ അനുഭവിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. എന്നാല്‍ നെഹ്‌റുവിന്റെ തത്വങ്ങളില്‍ നിന്നും തീര്‍ത്തും വിരുദ്ധമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ നിലപാടുകള്‍. ഇന്ദിരയുടെ നയങ്ങള്‍ രാജ്യത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വഴിതുറന്നു. ഏകാധിപത്യത്തിന്റെ പരകോടിയിലേക്കായിരുന്നു ഇത് രാജ്യത്തെ നയിച്ചത്.

ഇന്ദിരയ്ക്ക് മുന്‍പുള്ള ഇന്ത്യന്‍ രാഷ്ട്രീയം ഏറെ കരുതലോടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്, മനുഷ്യത്വപരവും സംസ്‌കാരസമ്പന്നവുമായിരുന്നു. രാജ്യത്തെ വികസനം തൊട്ടു തീണ്ടാത്ത ജനതയുടെ ഉന്നമനം ലക്ഷ്യമിട്ടായിരുന്നു ഇന്ദിരയുടെ മുന്‍ഗാമികളായ നേതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഏകാധിപത്യം എന്ന ആശയം പോലും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. ഇന്ദിരാ ഗാന്ധിയുടെ സ്വഭാവപ്രകൃതത്തിന്റെ പ്രതിഫലമായിരുന്നു അവരിലെ ഏകാധിപതിയിലേക്കുള്ള വളര്‍ച്ച. എന്നാല്‍ അതൊരിക്കലും ഇന്ത്യയിലെ സാഹചര്യത്തിന് അനുകൂലമല്ലായിരുന്നു എന്നാണ് നയന്‍താര സെഹ്ഗാള്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് അടിയന്തരാവസ്ഥ  പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ നിലപാടിനെ സ്വന്തം നിലനില്‍പിനുള്ള നടപടിയായിട്ടാണ് നയന്‍ താര സെഹ്ഗാള്‍ വിലയിരുത്തുന്നത്. തന്നെയും തന്റെ സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനായി ഇന്ദിര ഉയര്‍ത്തിയ വാദങ്ങള്‍. എന്നാല്‍ ആ തീരുമാനങ്ങള്‍ ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ അതിജീവനത്തിന് വേണ്ടി മാത്രമായിരുന്നു. ഒറ്റ രാത്രികൊണ്ടായിരുന്നില്ല ഇന്ദിരയിലെ ഏകാധിപതി രൂപം കൊണ്ടതെന്നും നയന്‍ താര സെഹ്ഗാള്‍ അടിവരയിടുന്നു.


കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങളിലൂടെ ആയിരുന്നു ഇന്ദിര ഗാന്ധി ആദ്യമായി രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത്. ആ സമയം അവര്‍ പാര്‍ട്ടിക്ക് വിധേയപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ച് പോന്നത്. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് എതിരെ സ്വന്തം പ്രതിനിധിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കും എന്ന നിലയില്‍ നിന്ന് തെരുവ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും ഇന്ദിര തയ്യാറായി. പാര്‍ട്ടിക്ക് അപ്പുറത്തേക്ക് ജനങ്ങള്‍ക്ക് താല്‍പര്യം തന്നോടാണെന്നു തെളിയിക്കാനായിരുന്നു ഇന്ദിര ശ്രമിച്ചത്.  

ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു നേതാവ് എന്നാല്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ മാത്രമുള്ള നേതാവ് മാത്രമായിരുന്നില്ല. ഭാഷാപരവും സാംസ്‌കാരികവും സാമ്പത്തികവുമായ ഘടകങ്ങളുടെ കൂടിച്ചേരല്‍ കൂടിയായിരുന്നു അത്. എന്നാല്‍ ഇന്ദിരാ ഗാന്ധി മാധ്യമങ്ങളുടെയും മറ്റ് സമാന സംവിധാനങ്ങളുടെയും തുണയോടെ തന്റെ പ്രതിശ്ചായ പടുത്തുയര്‍ത്തുകയാണ് ചെയ്തത്. നെഹ്‌റു എന്ന ബ്രാന്‍ഡും ഇതിന്‌ ഇന്ദിരയെ ഏറെ സഹായിച്ചു. ഇത്തരം രീതികള്‍ നടപ്പായത് മകന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ആയിരുന്നു.

അടിന്തരാവസ്ഥക്കാലത്ത്‌ തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇന്ദിര നല്‍കിയ ശക്തമായ സന്ദേശം കൂടിയായിരുന്നു എന്നും നയന്‍താര സെഗാള്‍ വിലയിരുത്തുന്നു. തനിക്കൊപ്പം നിന്നില്ലെങ്കില്‍  തങ്ങളുടെ ഭാവി എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനകള്‍ അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍ ഇന്ദിര പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും നല്‍കിയിരുന്നു.

നെഹ്റുവിന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇന്ദിരാ ഗാന്ധി എത്രത്തോളം അകന്നു പോയി എന്നതിന് ജനങ്ങളോട് അവര്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് നയന്‍താര സെഹ്ഗാള്‍ വിലരുത്തുന്നത്.  ഇന്ദിരാ ഗാന്ധി രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് പിതാവില്‍ നിന്നായിരുന്നു. പൊതുജനങ്ങളോടും വ്യക്തികളോടും വലിയ ആള്‍ക്കൂട്ടത്തോടും അടുത്ത് ഇടപഴകുന്നതായിരുന്നു നെഹ്റുവിന്റെ രീതി എന്നാല്‍ ഇന്ദിരയുടെ സ്വഭാവ സവിശേഷത അവരെ നെഹ്റുവില്‍ നിന്നും വഴിമാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിതയാക്കി.

'ആ  ഏകാധിപതി രൂപം കൊണ്ടത് ഒറ്റ രാത്രികൊണ്ടായിരുന്നില്ല'; നെഹ്റുവില്‍ നിന്നും ഇന്ദിര ഗാന്ധിയിലേക്കുള്ള ദൂരം
ഇന്ദിരാ ഗാന്ധിയും ഹിന്ദുത്വ രാഷ്ട്രീയവും

ഇന്ദിര ഗാന്ധി എന്ന പേരിനോടുള്ള ഭയഭക്തി ജനങ്ങള്‍ അവരോട് അകലം പാലിക്കുന്നതിലേക്ക് എത്തിച്ചു. ഇന്ദിരാ ഗാന്ധി പങ്കെടുത്ത പൊതു പരിപാടികളില്‍ പോലും ഈ വ്യത്യാസം പ്രകടമായിരുന്നു. നെഹ്റു പ്രസംഗിക്കുന്ന ഇടങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുമായിരുന്നു. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ പൊതു പരിപാടികള്‍ തീര്‍ത്തും ഔപചാരികമായിമാറിക്കൊണ്ടിരുന്നു. പതിയെ  നെഹ്റു എന്ന പിതാവിന്റെ തേജോവലയം അവരെ വിട്ടൊഴിഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ പൊതുപരിപാടികള്‍ക്ക് വലിയ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രങ്ങളും നടപ്പായിത്തുടങ്ങി. ഇതോടെ നെഹ്‌റു പുത്രി ഉന്നതരലാത്തവര്‍ക്ക് അപ്രാപ്യയായ നേതാവായി മാറി.

അടിയന്തരാവസ്ഥക്കാലം ഇന്ദിര ഗാന്ധി എന്ന നേതാവിന്റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായിപോലും അക്കാലത്ത് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ 1980 ല്‍ ഇന്ദിര ഗാന്ധി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമായി തുടരുന്നു.

logo
The Fourth
www.thefourthnews.in