മലയാളികളുടെ കണ്ണുനനയിച്ച ഒരു ഒ എൻ വി ഗാനം

മലയാളികളുടെ കണ്ണുനനയിച്ച ഒരു ഒ എൻ വി ഗാനം

ഒ എൻ വി വിടപറഞ്ഞ് ഏഴ് വർഷം. മലയാളികളുടെ ഒരു തലമുറയുടെ ഹൃദയങ്ങളെ തൊട്ട വിഷാദാർദ്രമായ ഒരു ഒ എൻ വി - സലിൽ ചൗധരി ഗാനം ഓർത്തെടുക്കുകയാണ് രവി മേനോൻ
Updated on
2 min read

അമിത വാദ്യഘോഷമില്ല; അമ്പരപ്പിക്കുന്ന ഗമകങ്ങളില്ല. ഹൃദയത്തെ തൊടുന്ന ലളിത സുന്ദരമായ വരികളും ഈണവും മാത്രം. ഇന്നും ``മദനോത്സവ''ത്തിലെ ആ ഗാനം കേൾക്കുമ്പോൾ ഇടനെഞ്ചിൽ ഒരു നേർത്ത വിങ്ങൽ. ഒ എൻ വിയെയും സലിൽദായെയും വീണ്ടും വീണ്ടും വിഷാദമധുരമായി ഓർമ്മിപ്പിക്കുന്നു ആ ഗാനം: ''നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ...''.

'മദനോത്സവ' ത്തിലെ മറ്റു പാട്ടുകളെല്ലാം സലിൽ ചൗധരി മൂളിക്കൊടുത്ത ഈണങ്ങൾക്കൊത്ത് ഒ എൻ വി രചിച്ചവയാണ്‌; ഈ ഗാനമൊഴിച്ച്. ഈണവും വരികളും ഒപ്പത്തിനൊപ്പം പിറന്ന പാട്ടാണിതെന്ന് ഒ എൻ വി.

സിനിമയിലെ അത്യന്തം വികാരനിർഭരമായ കഥാമുഹൂർത്തം. അസുഖവിവരം അറിഞ്ഞ ശേഷം ഭാര്യയെ കൂട്ടി ഭർത്താവ് ആദ്യമായി ഡോക്ടറെ കാണാൻ പോകുകയാണ്. പരസ്പരം സംസാരിക്കുന്നില്ല ഇരുവരും. പക്ഷേ ഉള്ളിൽ വേദന തളം കെട്ടി നിൽക്കുന്നുണ്ടെന്ന് ആ മുഖങ്ങൾ കണ്ടാലറിയാം. മൂകവിഷാദം നിഴലിക്കുന്ന ഒരു പാട്ടു വേണം അവിടെ. തിരശ്ശീലയിൽ തെളിയാൻ ദൃശ്യങ്ങൾ ഏറെയില്ല. മരണത്തിലേക്ക് അനുനിമിഷം നീങ്ങുന്ന ഒരാൾ; യാത്രയാക്കാൻ വിധിക്കപ്പെട്ട മറ്റൊരാൾ. ആ രണ്ടാളുടെയും മുഖങ്ങൾ മാത്രമേ ഉണ്ടാകൂ. ഒരു പാട്ടിന് തീരെ ഇടം കുറവ്. അൽപനേരം ധ്യാനപൂർവം ഇരുന്നിട്ട് സലിൽദാ ഹാർമോണിയത്തിൽ ഒരു കൊച്ചു ഈണം വായിച്ചു: ലാ ലാലാ ലാലാലാ. എന്റെ വാക്കുകൾ അനുയാത്ര ചെയ്തു: നീ മായും നിലാവോ? വീണ്ടും സലിൽദാ: ലല്ലാലാല ല ല്ല ല്ലാ. എൻ ജീവന്റെ കണ്ണീരോ എന്ന് ഞാൻ. അങ്ങനെ കവിതയും ഈണവും ഒരുമിച്ചു പിറന്ന ഗാനമായി മാറി അത്..''-- ഒ എൻ വിയുടെ വാക്കുകൾ.

''ഈ മണ്‍കൂട് നിന്നോട് കണ്ണീരോടോതുന്നിതാ പോവല്ലേ'' എന്ന ഒരൊറ്റ വരിയിൽ കഥാസന്ദർഭത്തിന്റെ വികാരതീവ്രത മുഴുവൻ ഒരു ചിമിഴിലെന്നോണം ഒതുക്കിവെച്ചു ഒ എൻ വി. സംഗീതം കൊണ്ട് അതിനൊരു നേർത്ത അടിവരയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ സലിൽ ചൗധരിക്ക്. ചുരുക്കം സംഗീതോപകരണങ്ങൾ കൊണ്ട് ആ ഗാനത്തെ അനിർവചനീയമായ ഒരനുഭവമാക്കി മാറ്റി അദ്ദേഹം. യേശുദാസിന്റെ ശബ്ദത്തെ അനുഗമിച്ച സബിതാ ചൗധരിയുടെ ഹമ്മിംഗ് തന്നെ ധാരാളമായിരുന്നു, ഗാനത്തിൽ ഉറഞ്ഞുകിടന്ന വേദന ശ്രോതാവിന്റെ ഹൃദയത്തിലെത്തിക്കാൻ.

'നീ മായും നിലാവോ' എന്ന ഗാനം കമലഹാസൻ - സറീനമാരുടെ കാർ യാത്രയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കാനായിരുന്നു ശങ്കരൻ നായരുടെ തീരുമാനം. അതിനും മൂന്നു വർഷം മുൻപ് 'വിഷ്ണുവിജയം' എന്ന സിനിമക്ക് വേണ്ടി മറ്റൊരു ഗാനം ഇതേ മാതൃകയിൽ ശങ്കരൻ നായരും ക്യാമറാമാൻ വില്യംസും ചേർന്ന് ചിത്രീകരിച്ചിട്ടുണ്ട്: ''പുഷ്പദലങ്ങളാൽ നഗ്നത മറയ്ക്കും സ്വപ്നസുന്ദരീ പ്രകൃതീ സർപ്പസുന്ദരീ, നിന്നരക്കെട്ടിൽ കൈചുറ്റി നിൽക്കും നിലാവിനെന്തൊരു മുഖപ്രസാദം..''. എ വി എം സ്റ്റുഡിയോയിലും മെർക്കാറയിലുമായി ചിത്രീകരിച്ച ആ ഗാനരംഗത്ത് അഭിനയിച്ചത് കമൽ ഹാസനും ഷീലയും. വയലാർ സിനിമക്ക് വേണ്ടി എഴുതിയ അവസാന ഗാനങ്ങളിൽ ഒന്നായിരുന്നു അത്.

പക്ഷേ ഇത്തവണ കമലിന് ചെറിയൊരു സംശയം: ഇത്ര മനോഹരമായ പാട്ട് ഒരു കാർ യാത്രയിൽ ഒതുക്കിയാൽ കാണികൾക്ക് മുഷിയില്ലേ? ആളുകൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയാലോ? മാത്രമല്ല രംഗത്ത് ആരും ചുണ്ടനക്കുന്നില്ല താനും. പക്ഷേ ശങ്കരൻ നായർക്ക് തെല്ലുമില്ലായിരുന്നു സംശയം. ''സ്വന്തം ഇരിപ്പിടങ്ങളിൽ അനങ്ങാതിരുന്ന് പ്രേക്ഷകർ ഈ ഗാനരംഗം കാണും. അവരുടെയൊക്കെ കണ്ണുകൾ നിറഞ്ഞിട്ടുമുണ്ടാകും. കാത്തിരുന്നു കാണാം നമുക്ക്.'' അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ വിജയവാഹിനി സ്റ്റുഡിയോയിലാണ് നീ മായും നിലാവോ എന്ന ഗാനരംഗത്തിന്റെ ക്ലോസപ്പ് സീനുകൾ ചിത്രീകരിച്ചത് എന്നോർക്കുന്നു മദനോത്സവത്തിന്റെ സഹസംവിധായകനായിരുന്ന സാജൻ. കാർ പോകുന്ന വഴിയിലെ ദൃശ്യങ്ങൾ മാത്രം കൊടൈക്കനാലിൽ നിന്ന് പകർത്തിയവയും. വേദന കടിച്ചമർത്തുന്ന മുഖഭാവത്തോടെ വേണം അഭിനയിക്കാൻ എന്നാണ് കമലിന് ശങ്കരൻ നായർ നൽകിയ നിർദേശം. കമൽ അത് അക്ഷരം പ്രതി ഉൾക്കൊള്ളുകയും ചെയ്തു. വാഹിനി സ്റ്റുഡിയോയുടെ ഒന്നാം നമ്പർ ഫ്ലോറിൽ ബാക്ക് പ്രൊജക്ഷന്റെ സഹായത്തോടെ ചിത്രീകരിച്ച ആ രംഗം കണ്ട് ആരും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയില്ലെന്നു മാത്രമല്ല, ചിലരൊക്കെ വിതുമ്പിക്കരയുകയും ചെയ്തു.

ഏറണാകുളം ഷേണായീസ് തിയേറ്ററിൽ ഇരുന്നു ആ പടം ആദ്യം കണ്ടതോർമ്മയുണ്ട്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ സ്ത്രീകൾ ആ ഗാനരംഗം കണ്ടു സ്ക്രീനിൽ നോക്കാനാകാതെ തല കുനിച്ചിരുന്നതും. പ്രായഭേദമന്യേ മലയാളികളെ ഇത്രയേറെ കരയിച്ച സിനിമകൾ ഏറെ ഉണ്ടായിട്ടില്ല; രണ്ടു പതിറ്റാണ്ടോളം കഴിഞ്ഞ് ആകാശദൂത് എത്തേണ്ടി വന്നു മദനോത്സവത്തിന്റെ ചരിത്രം തിരുത്താൻ.

logo
The Fourth
www.thefourthnews.in