സകലകലാവല്ലഭന്‍ എന്നതിന്റെ പൂർണരൂപം: ഡോ. ടി പി സുകുമാരന്റെ ജീവിതം

സകലകലാവല്ലഭന്‍ എന്നതിന്റെ പൂർണരൂപം: ഡോ. ടി പി സുകുമാരന്റെ ജീവിതം

ജൂലൈ എഴ്, അധ്യാപകനും ഗവേഷകനുമായ ഡോക്ടർ ടി പി സുകുമാരന്റെ 28-ാം ചരമവാർഷികമാണ്. 'വ്യക്തിരേഖകൾ, സാമൂഹ്യരേഖകൾ' എന്ന പംക്തിയിൽ ടിപി സുകുമാരനെ കുറിച്ച് കെ ബാലകൃഷ്ണൻ എഴുതുന്നു
Updated on
8 min read

നല്ലവനായ കാട്ടാളൻ എന്നത് ഡോ ടി പി സുകുമാരന്റെ ഒരു ലേഖനത്തിന്റെ തലക്കെട്ടാണ്. കടമ്മനിട്ടയെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ട്. മലയാളകവിതയിലെ സമാന്തര ധാരയായി, വിപ്ലവത്തിന്റെ പാട്ടുകളായി കടമ്മനിട്ടയടക്കമുള്ളവരുടെ കവിതകൾ തെരുവിൽ മുഴങ്ങുകയായിരുന്നെങ്കിലും നിരൂപകരും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും അത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നല്ലോ. ആ സന്ദർഭത്തിലാണ് ഡോ.ടി പി സുകുമാരൻ കടമ്മനിട്ടക്കവിതയുടെ സവിശേഷമായ ശക്തിസൗന്ദര്യങ്ങളെ നല്ലവനായ കാട്ടാളൻ എന്ന ലേഖനത്തിലൂടെ മുഖ്യധാരാ പ്രസിദ്ധീകരണത്തിലൂടെതന്നെ അവതരിപ്പിക്കുന്നത്.

കടമ്മനിട്ട-ഉർവരതയുടെ താളം എന്ന പേരില്‍ മറ്റൊരു പഠനവുമുണ്ട്. സക്കറിയയുടെ കഥകൾ വരാൻ തുടങ്ങിയ സമയത്ത് ഇതാ മലയാളത്തിൽ സവിശേഷമായ ഒരു കഥാമാർഗം വരുന്നുവെന്ന് വിളിച്ചുപറഞ്ഞതും മറ്റാരുമായിരുന്നില്ല. കറുപ്പിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് വിശദമായി എഴുതിയ സുകുമാരൻമാഷും തനി കറുപ്പനായിരുന്നു. നല്ലവനായ കാട്ടാളൻ എന്നത് ആത്മപ്രശംസയാണോ എന്ന് തമാശയിൽ അദ്ദേഹത്തോട് ചോദിച്ചാൽ അപ്പോൾ പാടുകയായി, 'തീയ്യനാണെങ്കിലും കോമളാംഗൻ...' അതോടെ ചിരിയുടെ പൂരം. സരോജിനിക്കുട്ടിയുടെ കടുംകൈ എന്ന പാട്ടുപുസ്തകത്തിലെ ( ഉത്സവപ്പറമ്പുകളിൽ പാടി വിറ്റിരുന്നത്) വരിയാണ്. സവർണത്തറവാട്ടുകാരിയായ സരോജിനിക്കുട്ടി തന്റെ കാമുകനെപ്പറ്റി വീട്ടിൽ അവതരിപ്പിക്കുന്നതാണ്.

സുകുമാരൻമാഷ് മരിച്ചപ്പോൾ എനിക്കുണ്ടായ ദുഖത്തിന് ഒരു പശ്ചാത്താപ പ്രശ്‌നവുമുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയത്തിലെ താൽക്കാലികമായ ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട ഗുരുത്വക്കേട്. അത് തൊഴിൽപരവുമായിരുന്നു.

സുകുമാരൻ മാഷ് അന്തരിച്ചിട്ട് 28 വർഷമാവുകയാണ്. 1996 ജൂലൈ ഏഴിന് അതിരാവിലെ ആ വിവരമറിഞ്ഞ് നടുങ്ങി, പൊട്ടിക്കരഞ്ഞുപോയി. തിരുവനന്തപുരത്ത് മാഞ്ഞാലിക്കുളം റോഡിലെ ദേശാഭിമാനിയുടെ മുമ്പിൽ നിരത്തിലെ പെട്ടിച്ചായക്കടയിൽനിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെയാണ് അന്ന് കണ്ണൂർ ദേശാഭിമാനിയിലായിരുന്ന പി എം മനോജിന്റെ ഫോൺവന്നത്, 'എടാ സുകുമാരൻമാഷ് പോയി...' ദേശാഭിമാനി ഫ്രണ്ട് ഓഫീസിലെ ലാൻഡ് ഫോണാണ്. ഫോൺ നിർത്താതെ റിങ്ങ് ചെയ്യുമ്പോൾ പോയെടുത്തതാണ്. മനോജ് എന്നെ കിട്ടാൻ തന്നെ വിളിച്ചതായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വീണ്ടും ചായക്കാരന്റെയടുത്തെത്തിയപ്പോൾ അവിടെയിരുന്ന് ചായകൾ കുടിക്കുകയും വിൽസുകൾ പുകയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന സി എം അബ്ദുറഹ്‌മാൻ (ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ) എന്താ സംഭവിച്ചതെന്ന് ചോദിച്ചു. ടി പി സുകുമാരൻമാഷ് മരിച്ചു... അയ്യോ എന്ന് അബ്ദുക്കയും ഒരു നിലവിളിപോലെ... അബ്ദുക്കയ്ക്കും സുകുമാരൻ മാഷെ പരിചയമുണ്ടായിരുന്നു.കോഴിക്കോട്ടെത്തിയാൽ കണ്ടുമുട്ടുന്നവരിലൊരാൾ. താജിന്റെ പ്രിയപ്പെട്ട ഗുരുസ്ഥാനീയൻ.

ഡോ ടി പി സുകുമാരൻ
ഡോ ടി പി സുകുമാരൻ
സകലകലാവല്ലഭന്‍ എന്നതിന്റെ പൂർണരൂപം: ഡോ. ടി പി സുകുമാരന്റെ ജീവിതം
സമരതീഷ്ണമായ ചരിത്രത്തെ സ്‌നേഹിച്ച ബാബു ഭരദ്വാജിന്റെ ജീവിതം

സുകുമാരൻമാഷ് മരിച്ചപ്പോൾ എനിക്കുണ്ടായ ദുഖത്തിന് ഒരു പശ്ചാത്താപ പ്രശ്‌നവുമുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയത്തിലെ താൽക്കാലികമായ ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട ഗുരുത്വക്കേട്. അത് തൊഴിൽപരവുമായിരുന്നു. അതിനെക്കുറിച്ച് പിന്നീട് പറയാം.

സുകുമാരൻമാഷ് ഞങ്ങളുടെ അധ്യാപകനായിരുന്നില്ല. ഞങ്ങൾ പഠിക്കുന്ന ബ്രണ്ണൻകോളേജിൽ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും അദ്ദേഹം എത്താറുണ്ടായിരുന്നതിനാൽ ഞങ്ങളുടെ അധ്യാപകനെപ്പോലെതന്നെയായിരുന്നു. നിർമലഗിരി കോളേജിൽ മലയാളം വകുപ്പുതലവനായ അദ്ദേഹം അവിടുത്തെ ക്ലാസ് കഴിഞ്ഞാൽ ധർമടത്തേക്ക് വരുമായിരുന്നു അക്കാലത്ത്. നിരൂപകനായ കേസരി എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന കാലമാണത്. കാലിക്കറ്റ് സർവകലാശാലയിൽ ഡോ സുകുമാർ അഴീക്കോടിന്റെ കീഴിലാണ് ഗവേഷണമെങ്കിലും യഥാർഥ വഴികാട്ടി ഞങ്ങളുടെ പ്രൊഫസറായ വിജയൻമാഷായിരുന്നു. കേസരിസാഹിത്യത്തിന്റെയും കേസരിയുടെ ചരിത്രഗവേഷണങ്ങളുടെയും എല്ലാമെല്ലാമായിരുന്ന വിജയൻ മാഷെ കാണാനും ബ്രണ്ണനിലെ ബൃഹത്തായ ലൈബ്രറി ഉപയോഗപ്പെടുത്താനുമാണ് സുകുമാരൻമാഷ് വന്നുകൊണ്ടിരുന്നത്.

അധ്യാപകരും വിദ്യാർഥികളുമെല്ലാം അദ്ദേഹത്തിന്റെ കൂട്ടുകാർ. കേസരിയുടെ സമ്പൂർണ കൃതികൾ പ്രസിദ്ധപ്പെടുത്തുകയെന്ന ലക്ഷ്യവുമായി വിജയൻമാഷ് കഴിയാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണത്. സംസ്ഥാനത്തെ വിവിധ ലൈബ്രറികളിലും പഴയ പത്രം ഓഫീസുകളിലുമെല്ലാം പോയി കേസരിയുടെ ലേഖനങ്ങൾ കണ്ടെത്തി അത് മുഴുവൻ പകർത്തിയെഴുതിക്കൊണ്ടുവരുകയായിരുന്നു. ബ്രണ്ണനിലെ പൂർവവിദ്യാർഥികളായ യു വി കുമാരൻ, കൃഷ്ണദാസ് എന്നിവരാണ് ആ ഭഗീരഥപ്രയത്‌നം നിർവഹിച്ചത്. സുകുമാരൻമാഷും കഴിയാവുന്നേടത്തെല്ലാം അവരോടൊപ്പം പോയി. മലയാളത്തിലെ ഏറ്റവും മികച്ച ഗവേഷണപ്രബന്ധങ്ങളിലൊന്നായ നിരൂപകനായ കേസരി അക്കാലത്ത് ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത് മലയാളസാഹിത്യരംഗത്ത് വലിയ ചലനം സൃഷ്ടിച്ച സംഗതിയാണ്. ( പിൽക്കാലത്ത് ഡോ ടിപി സുകുമാരനെ ഗവഷണ ഗൈഡായി അംഗീകരിച്ചപ്പോൾ ബ്രണ്ണൻകോളേജായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. രാഘവൻ പയ്യനാട്, പി വസന്തകുമാരി, ഐ വി ബാബു എന്നിവരെല്ലാം അദ്ദേഹത്തിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്. എ ടി മോഹൻരാജ്, പി ജി പത്മിനി തുടങ്ങിയവർ സുകുമാരൻമാഷുടെ കീഴിൽ ഗവേഷണം തുടങ്ങി പൂർത്തിയാക്കിയത് രാഘവൻ പയ്യനാടിന്റെ കീഴിൽ)

സകലകലാവല്ലഭന്‍ എന്നതിന്റെ പൂർണരൂപം: ഡോ. ടി പി സുകുമാരന്റെ ജീവിതം
സി പി അച്യുതന്‍: വര്‍ഗീയതക്കെതിരെ ഗര്‍ജിച്ച പത്രാധിപര്‍

1984 ജനുവരിയിൽ കാലിക്കറ്റ് സർവകലാശാലാ യുവജനോത്സവം കണ്ണൂരിൽ നടക്കുന്നു. ഞാൻ അന്ന് പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃതകോളേജിൽ ഒന്നാം വർഷം എം എ മലയാളം പഠിക്കുകയാണ്. എസ് എഫ് ഐയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണ്. സർവകലാശാലാ കലോത്സവത്തിന്റെ പ്രവർത്തനത്തിൽചില ചുമതലകളുളളതിനാൽ കണ്ണൂരിൽത്തന്നെ നിൽക്കണമെന്ന് തീരുമാനിച്ചിരുന്നു. ജൂറി കമ്മിറ്റിയുടെ ചുമതലയാണ്. ചെയർമാൻ ഡോ ടിപി സുകുമാരൻ, കൺവീനർ ഞാൻ. സുകുമാരൻമാഷെ സമ്മതിപ്പിക്കാൻ മുരളിനാഗപ്പുഴയും ഞാനുമാണ് പോയത്, മുരളിയുടെ ബൈക്കിൽ. സംഘാടകസമിതി യോഗത്തിന് അദ്ദേഹം വന്നിരുന്നില്ല. കണ്ണൂരിൽ ഇപ്പോൾ ആശിർവാദ് ഹോസ്പിറ്റലായി പ്രവർത്തിക്കുന്ന കെട്ടിടം അന്ന് ആശിർവാദ് ഹോട്ടലും ലോഡ്ജുമായിരുന്നു. അവിടെയാണ് സ്വാഗതസംഘം ഓഫീസ്. സർവകലാശാലാ യൂനിയൻ ജനറൽസെക്രട്ടറി വാസു തോട്ടത്തിലാണ്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി പ്രസാദ്കുമാറും പ്രസിഡണ്ട് എം വി ജയരാജനുമാണ്. വി പി കിരൺ, കെ വി വിശ്വനാഥൻ, കെ വി ജയരാജൻ, ജയിംസ് മാത്യു, പി ഓമന, കെ സുജാത എന്നിവരെല്ലാം സ്വാഗതസംഘത്തിന്റെ പ്രധാന ചുമതലക്കാർ.

കോൽക്കളിയുടെ ജഡ്ജിയായെത്തിയ മഹാപണ്ഡിതനായ വിദ്വാൻ എ കെ കൃഷ്ണൻമാഷ് അദ്ദേഹത്തിന് നിശ്ചയിച്ച ഇനങ്ങൾ കഴിഞ്ഞിട്ടും പോകുന്നില്ല. പൂരക്കളിക്കുകൂടി ജഡ്ജിയാകണം. ഞങ്ങൾ പറയാതതെന്നെ മാഷ് ജൂറിമാർക്കായി വെച്ച കസേരകളിലൊന്നിൽ ഇരുന്നു. നേരത്തെ നിശ്ചയിച്ചുവന്നവരുണ്ട്. എന്തുചെയ്യും. സുകുമാരൻമാഷ് പറഞ്ഞു, 'ബാലകൃഷ്ണൻ പോയി പറഞ്ഞുനോക്കൂ... വേറെയാളുണ്ടെന്ന്'

ജൂറി കമ്മിറ്റിയിൽ എന്റെ ജോലി പ്രധാനമായും സുകുമാരൻമാഷുടെ സന്ദേശവുമായി ജൂറിമാരെ കണ്ട് ഉറപ്പിക്കാൻ പോകലാണ്. മൊബൈൽ ഫോണില്ല, വാട്‌സാപ്പില്ല, ലാൻഡ് ഫോണും മിക്ക വീടുകളിലുമെത്തിയിട്ടില്ല. നൃത്ത ഇനങ്ങളിലെ ജഡ്ജിമാരെ തേടി കലാമണ്ഡലത്തിൽ പോയി, വാദ്യ ഇനങ്ങളുമായി ബന്ധപ്പെട്ട് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,... അങ്ങനെയങ്ങനെ മാഷുടെ കത്തുമായി എത്രയെത്രയോ കലാപ്രതിഭകളെ കണ്ടു, പരിചയപ്പെട്ടു. ജഡ്ജിമാരായെത്തിയ എല്ലാവരും സുകുമാരൻമാഷുടെ അടുത്ത സുഹൃത്തുക്കളോ മാഷെ ബഹുമാനിക്കുന്നവരോ ആയതിനാൽ വലിയ ഒച്ചപ്പാടില്ലാതെയാണ് കാര്യങ്ങൾ കടന്നുപോയത്. എന്നാൽ സാഹിത്യ ഇനങ്ങൾക്ക് ജഡ്ജിമാരെ കണ്ടെത്തുക വലിയ പ്രയാസമായിരുന്നു. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജധ്യാപകർ ജഡ്ജിമാരാകാൻ പാടില്ല. കന്നട, തമിഴ്, ഉറുദു, സംസ്‌കൃതം, അറബിക്, ഹിന്ദി വിഭാഗത്തിൽ കഥ, കവിത, പ്രബന്ധം എന്നിവയെല്ലാമുണ്ട്. ഇതിന് ജൂറിമാരെ എവിടെനിന്ന് കണ്ടെത്തും. സ്റ്റേജിനങ്ങളൊഴിച്ചുള്ളതിൽ ആളെ കണ്ടെത്തുന്ന ചുമതല ഏറെക്കുറെ പൂർണമായും മാഷ് എന്നെ ഏൽപ്പിച്ചു. മലയാളം, ഇംഗ്ലീഷ് പ്രശ്‌നമില്ല. മറ്റു ഭാഷകളിലെ വിദഗ്ധരെ കണ്ടെത്താൻ പെട്ട പാട് പറഞ്ഞറിയിക്കാനാവില്ല. മൂന്ന് ജൂറിമാർ വീതം വേണമല്ലോ... ഓട്ടോറിക്ഷയിൽ ഉറുദു, അറബിക് കഥകളുടെയും കവിതകളുടെയും പ്രബന്ധങ്ങളുടെയും കെട്ടുമെടുത്ത് അതിലെ ജഞാനികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലെത്തി വാതിൽ മുട്ടി നിരാശനായി മടങ്ങിയ അനുഭവങ്ങൾ. ഒടുവിൽ യു പി സ്‌കൂൾ അധ്യാപകരെ കണ്ടെത്തി ആശ്വസിക്കൽ. വിദഗ്ധനായ ഒരാളെയെങ്കിലും കണ്ടുകിട്ടുക ചില ഭാഷകളുടെ കാര്യത്തിൽ വലിയ പ്രയാസംതന്നെ. ദൂരെനിന്ന് കൊണ്ടുവരാൻ ഫണ്ടുമില്ല. കളക്ടറേറ്റ് മൈതാനത്ത് സമാപനസമ്മേളനത്തിൽ ജനറൽ സെക്രട്ടറി വാസു തോട്ടത്തിൽ സ്വാഗതപ്രസംഗം നടത്തുമ്പോഴും രചനാമത്സര ഫലം പൂർണമായിട്ടില്ല. ഞാനത് കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. പ്രവർത്തകർ ആ കടലാസും വാങ്ങി ഓടാൻ കാത്തുനിൽക്കുന്നു. ഒടുവിൽ ഒരുവിധം ഫലപ്രഖ്യാപനം നടത്തി പരിപാടി തീർത്തശേഷം സ്വാഗതസംഘം ഓഫീസിന് മുന്നിൽ വിക്ടോറിയാ കോളേജുകാരുടെ വക ബഹളം. സംഘർഷത്തിലേക്കു നീങ്ങവേ സി ഐ ഹക്കീം ബത്തേരി വന്ന് ബലപ്രയോഗത്തിനുള്ള ശ്രമം. ജയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാനുള്ള ശ്രമം എല്ലാവരുംചേർന്ന് പരാജയപ്പെടുത്തുന്നു.

സ്റ്റേജിനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കൗതുകകരമാണ്. കോൽക്കളിയുടെ ജഡ്ജിയായെത്തിയ മഹാപണ്ഡിതനായ വിദ്വാൻ എ കെ കൃഷ്ണൻമാഷ് അദ്ദേഹത്തിന് നിശ്ചയിച്ച ഇനങ്ങൾ കഴിഞ്ഞിട്ടും പോകുന്നില്ല. പൂരക്കളിക്കുകൂടി ജഡ്ജിയാകണം. ഞങ്ങൾ പറയാതതെന്നെ മാഷ് ജൂറിമാർക്കായി വെച്ച കസേരകളിലൊന്നിൽ ഇരുന്നു. നേരത്തെ നിശ്ചയിച്ചുവന്നവരുണ്ട്. എന്തുചെയ്യും. സുകുമാരൻമാഷ് പറഞ്ഞു, 'ബാലകൃഷ്ണൻ പോയി പറഞ്ഞുനോക്കൂ... വേറെയാളുണ്ടെന്ന്' ഞാൻ പേടിച്ചുപേടിച്ച് പോയി ചെവിയിൽ പറഞ്ഞപ്പോൾ 'പൂരക്കളിക്കോ ഞാനല്ലേ അതിനിരിക്കേണ്ടത്'. 'മാഷ് തന്നെ, പക്ഷേ മാഷക്ക് പ്രയാസമാകുമെന്ന് കരുതി വേറൊരാളെക്കൂടി കരുതിയിട്ടുണ്ട്..' ഒരു പ്രയാസവുമില്ലെന്ന് മറുപടി. സുകുമാരൻമാഷ് പറഞ്ഞു, 'എഴുന്നേൽപ്പിച്ചാൽ കലാപമാകും... ഒരു സൂത്രം ചെയ്യാം... മാഷും മാർക്കിടട്ടേ. അത് പരിഗണിക്കേണ്ടതില്ല, രേഖയിൽ വേണ്ട....' എങ്ങനെയോ കാര്യങ്ങൾ തീർത്തു. ഈ കാലഘട്ടത്തിലെ സേവനങ്ങളും ബദ്ധപ്പാടുകളുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വൃത്തങ്ങളിൽ എന്റെ പേര് ജൂറി ബാലകൃഷ്ണനെന്നായി അക്കാലത്ത്.

രണ്ടോ മൂന്നോ കൊല്ലത്തിനുശേഷം വീണ്ടും കണ്ണൂരിൽ സർവകലശാലാ കലോത്സവം വന്നപ്പോൾ ജൂറി കമ്മിറ്റിയുടെ ചെയർമാൻ മാഷും കൺവീനർ ഞാനും തന്നെയായിരുന്നു. അപ്പോഴേക്കും ജൂറിമാരെ നിശ്ചയിക്കുന്നതിൽ കുറച്ച് മാനദണ്ഡങ്ങളൊക്കെയായിരുന്നു, പ്രതിഫലത്തിന്റെ കാര്യത്തിലും തീരുമാനം. മഹാത്മാ മന്ദിരത്തിനടുത്തുള്ള കേൻകോ ടൂറിസ്റ്റ് ഹോമിലാണ് അത്തവണ സ്വാഗതസംഘം ഓഫീസ്. അവിടെ ജഡ്ജിമാരെല്ലാം ഒത്തുകൂടും. സർട്ടിഫിക്കറ്റിൽ പേരെഴുതുന്നതിൽ വിദഗ്ധൻ പെരളശ്ശേരിക്കാരൻ പി കെ രാഘവൻ മാഷാണ്. മികച്ച ചിത്രകാരനും നാടകനടനും സംവിധായകനുമാണ് ചെറിയ മുടന്തുള്ള രാഘവൻമാഷ്. കഥയുടെ ജഡ്ജിയായെത്തിയ ടി എൻ പ്രകാശ് സുകുമാരൻമാഷുടെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു. അങ്ങനെ ജൂറി കമ്മിറ്റിയിൽ സുകുമാരൻമാഷുടെ പ്രധാന സഹായിയുമായി.

കലോത്സവമൊക്കെ കഴിഞ്ഞ് ആഴ്ചകൾക്കുശേഷം സുകുമാരൻമാഷും ഞാനും നഗരസഭാ കാര്യാലയത്തിനും എസ് പി സി എ ബിൽഡിങ്ങിനുമിടയിലെ റോട്ടിലൂടെ നടക്കുമ്പോൾ രണ്ടുപേർ വന്ന് തടഞ്ഞു, 'പോവല്ല നിക്ക് നിക്ക്, നിങ്ങളല്ലേ കലോത്സവം നടത്തിയത്, കസേലയുടെ വാടക തരാതെ മുങ്ങി നടക്കുകയാണോ...' സുകുമാരൻ മാഷോടാണ്. പെട്ടെന്ന് ചൂടാകുന്ന ആളാണ്, മാഷ്, ചൂടായാൽ തണുപ്പിക്കുക എളുപ്പവുമല്ല... എന്താടോ എന്ന് കോപിഷ്ഠനായി മാഷ്... ഞാൻ പറഞ്ഞു, 'മാഷേ യൂണിയൻകാർ വാടക കൊടുത്തിട്ടുണ്ടാവില്ല, അതാണ്...' എകെ എന്ന പേരിൽ വാടക സാധങ്ങളുടെ സ്ഥാപനം നടത്തുന്നവരാണ്. ഉടനെ വാടക എത്തിക്കാൻ ഏർപ്പാടാക്കാമെന്ന് പറഞ്ഞാണ് സ്ഥലംവിട്ടത്.

കലോത്സവവിജയത്തിനായി ആഴ്ചകളോളം പാടുപെട്ട മാഷ് യാത്രാച്ചെലവായിപ്പോലും ഒരു രൂപ വാങ്ങാറില്ല. സ്വന്തം കീശയിൽ നിന്ന് കാശെടുത്ത് അവിടെ ഒപ്പമുള്ളവർക്കെല്ലാം ചായ വാങ്ങി കൊടുക്കുകയും ചെയ്യും.

1985-ൽ കല്ല്യാശ്ശേരി ഹൈസ്‌കൂളിൽ രണ്ടുദിവസം നീണ്ടുനിന്ന നാടൻകലാമേള സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ലോകപ്രശസ്ത സംവിധായകനായ പീറ്റർ ബ്രൂക്ക് മുഴുവൻസമയവും അവിടെയുണ്ടായിരുന്നു. നിലത്ത് വെറും മണ്ണിലിരുന്നാണ് ബ്രൂക്ക് പരിപാടികൾ കണ്ടത്്. സുകുമാരൻ മാഷുടെ ഒപ്പം ഞങ്ങളുടെ അധ്യാപകരായ രാഘവൻ പയ്യനാട്, കെ പി നരേന്ദ്രൻ, എ ടി മോഹൻരാജ് എന്നിവരും ഞാനും മാങ്ങാട് രത്‌നാകരൻ, ഉമ്മർ, മുരളി, ബച്ചു തുടങ്ങിയവരുമുണ്ടായിരുന്നു. പരിപാടികൾ തീരാൻ രാത്രി വൈകിയതിനാൽ രണ്ടുദിവസവുൂം രാത്രി തങ്ങിയത് പന്നേൻപാറയിൽ സുകുമാരൻമാഷുടെ വീട്ടിലാണ്. മാഷുടെ ഭാര്യ സി പി സരോജം അന്ന് കണ്ണൂർ ഗവ. ടൗൺ ഹൈസ്‌കൂളിലെയോ കണ്ണൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിലെയോ പ്രഥമാധ്യാപികയാണ്. മക്കളായ രഞ്ജനയും ധനഞ്ജയനും പ്രൈമറി വിദ്യാർഥികൾ.

വീട്ടിലെത്തുന്നവരെ മൃഷ്ടാന്നം ഊട്ടിക്കുകയെന്നത് മാഷുടെ പതിവാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ണൂരിലെത്തുന്ന നാടകകലാകാരരും ചിത്രകാരരുമെല്ലാം മാഷെ തേടിയെത്തും. ഭക്ഷണവും താമസസൗകര്യവും നൽകുന്ന മാഷ് പിറ്റേന്ന് അതിഥികൾ പോകുമ്പോൾ പലപ്പോഴും ബസ്സിന്റെ കാശും നൽകും. ആ കാലത്തെ അവസ്ഥ അങ്ങനെയാണല്ലോ.

സുകുമാരൻമാഷുടെ വീട്ടിൽ തങ്ങിയ രണ്ടുദിവസത്തെയും അനുഭവം ഹൃദ്യമായിരുന്നു. രാവിലത്തെ ചായ കുടി കഴിഞ്ഞ ഉടനെ മാഷ് മുകളിലത്തെ നിലയിലെ മുറിയിലേക്ക് വിളിച്ചു. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് മൃദംഗം എടുത്തു. അര മണിക്കൂറോളം മൃദംഗവാദനം. ദിവസേന അല്പസമയമെങ്കിലും മൃദംഗവാദനം പതിവാണെന്നും അത് ചെയ്യാതെ പോയാൽ എന്തോ മറന്നതുപോലെ തോന്നുമെന്നും മാഷ്. അടുത്തതായി അദ്ദേഹം അലമാരയിൽനിന്ന് നാലഞ്ച് പുസ്തകം എടുത്തു. കാലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗം ഇറക്കിയതാണ്. സാഹിത്യവിമർശം ത്രൈമാസികം. ഏതാനും ലക്കം ഭാഷാപോഷിണിയും. 'പോയി ഇത് നല്ലോണം നോക്ക്... നല്ലോണം പഠിച്ചില്ലെങ്കിൽ കാര്യം പോക്കാണ്, നിനക്ക് ആനുകൂല്യമൊന്നുമില്ലാത്തതാണെന്നും ഓർത്തോ' എന്ന മുന്നറിയിപ്പും. എം എ ഫൈനൽ പരീക്ഷക്ക് തൊട്ടുമുമ്പുള്ള സമയമായിരുന്നു അത്.

സുകുമാരൻ മാഷ് അക്കാലത്തെ ഏറ്റവും കൂടിയ പുകവലിക്കാരനാണ്. ദിനേശ് ബീഡി കൂടെക്കൂടെ വലിക്കും ഇടവേളകളിൽ സിസർ സിഗരറ്റ്. നിർമലഗിരി കോളേജിൽനിന്ന് മടങ്ങി കണ്ണൂർ ബസ് സ്റ്റാൻഡിലിറങ്ങിയാൽ ചായ കുടിയും ദേശാഭിമാനി ബുക് ഹൗസിന് പുറത്തെ സൊറ പറയലും കഴിഞ്ഞ് പന്നേൻപാറക്കുള്ള പതിനാലാം നമ്പർ ബസ്സ് നിർത്തുന്ന സ്റ്റേഡിയത്തിന് മുന്നിലെ സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മാഷുടെ കയ്യിൽ വലിയൊരു പൊതിയുണ്ടാകും. നാലോ അഞ്ചോ പാക്ക് സിസർ. അര പാക്കറ്റ് ബീഡി. ഒരു കെട്ടിന്റെ പകുതിയല്ല, ഒരു വലിയ പാക്കറ്റിന്റെ നേർപകുതി. പത്തോ പന്ത്രണ്ടോ കെട്ട്. സൗഹൃദമുള്ളവരെ കണ്ടാൽ സംസാരം തുടങ്ങുന്നതിന് മുമ്പ് സിഗരറ്റോ ബീഡിയോ നീട്ടും. അന്ന് പരസ്യമായ പുകവലിക്ക് നിരോധനമേയുണ്ടായിരുന്നില്ല.

സകലകലാവല്ലഭന്‍ എന്നതിന്റെ പൂർണരൂപം: ഡോ. ടി പി സുകുമാരന്റെ ജീവിതം
ജീവിതം ഉത്സവമാക്കിയ അക്ബര്‍

ദീർഘകാലം സുകുമാരൻമാഷുടെ സംഭാഷണങ്ങൾ മുഴങ്ങിയത് കണ്ണൂർ ദേശാഭിമാനി ബുക്ഹൗസിലാണ്. വൈകീട്ട് അഞ്ചുമണിയോടെ മാഷ് അവിടെയെത്തും. ബുക്ഹൗസിലെ ഇ കെ വിജയൻ, എം എൻ ജനാർദനൻ എന്നിവരുമായി നാല് വർത്താനം പറഞ്ഞ് രണ്ടോ മൂന്നോ ബീഡി വലിച്ചൂതുന്നതിനിടയിൽ കവികളും സാംസ്‌കാരികപ്രവർത്തകരുമായ കരുണാകരൻ പുതുശ്ശേരി, ഉമേഷ്ബാബു കെ സി എന്നിവരും ചിത്രകാരൻ മുരളി നാഗപ്പുഴയും എത്തും. പിന്നെ കഥാകൃത്ത് ടി എൻ പ്രകാശ്, പത്രപ്രവർത്തകരായ ഈ ലേഖകൻ, പി പി ശശീന്ദ്രൻ, ഇ എം അഷറഫ്് എന്നിവരും കഥാകൃത്തും ഫോട്ടോഗ്രാഫറുമായ കെ ടി ബാബുരാജും പലദിവസവുമുണ്ടാകും. അരമുക്കാൽ മണിക്കൂർ പിന്നവിടെ സംവാദവും കൊച്ചുവർത്തമാനവുമൊക്കെയാണ്. അതെല്ലാം കഴിഞ്ഞ് മാഷുടെ നേതൃത്വത്തിൽ അവിടെയുള്ള എല്ലാവരുംകൂടി ബസ് സ്റ്റാൻഡിനടുത്തുള്ള പ്രഭ ഹോട്ടലിലേക്കൊരു നടത്തം. ചായയും കടിയും. എല്ലാദിവസവും കാശ് കൊടുക്കുന്നത് മാഷ് തന്നെയായിരിക്കും. ആരെങ്കിലും തടയാൻ ശ്രമിച്ചാൽ 'എടാ കുഞ്ഞിമ്മോനെ പൈസയുണ്ടെടോ...' തന്റെ കയ്യിലുള്ള പണം തന്റേതുമാത്രമല്ല എന്ന തരത്തിലാണ് സുകുമാരൻമാഷുടെ പ്രവർത്തനശൈലി.

നടപ്പിലും വർത്താനത്തിലും പെരുമാറ്റത്തിലും വളർന്ന പരിസരത്തെ, തന്നിലത്തെ ഒരിക്കലും മറന്നില്ലെന്നതാണ് മാഷുടെ പ്രത്യേകത. കണ്ണൂർ തിലാനൂരിലെ പൊന്മുടിയൻ പുതിയവീട്ടിൽ മാധവിയുടെയും കിഴുന്നയിലെ തെക്കേപുരയിൽ കുമാരന്റെയും മൂത്തമകനായി 1934 ഒക്ടോബർ ആറിനാണ് സുകുമാരൻ ജനിച്ചത്. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം നെയ്ത്തുപണിയിലേർപ്പെട്ടു. ജോലിചെയ്തുകൊണ്ടായിരുന്നു ഉന്നതവിദ്യാഭ്യാസം. ബ്രണ്ണൻ കോളേജിൽനിന്ന് പി യു സി പാസായശേഷം ടി ടി സി പാസായി, സാഹിത്യവിശാരദും. അതേസമയം തന്നെ ചിത്രകലാധ്യാപകനാകുന്നതിനുള്ള ഡിപ്ലോമ പരീക്ഷയും പാസായി. പിന്നീട് തോട്ടട വെസ്റ്റ് യു പി സ്‌കൂളിൽ അധ്യാപകൻ. ഇതേകാലത്ത്് സംഗീതാഭ്യസനവും തുടങ്ങി. പിന്നീട് മലയാളത്തിൽ ബി എ പരീക്ഷ പ്രൈവറ്റായി റാങ്കോടെ പാസായി. മലയാളത്തിൽ എം എയും പ്രൈവറ്റായി മികച്ച നിലയിൽ പാസായി. ചൊവ്വ ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായി ചേർന്ന സുകുകുമാരനെ രണ്ടാഴ്ചക്കകം പിരിച്ചുവിട്ടത്് കമ്മ്യൂണിസ്റ്റെന്ന് മുദ്രകുത്തിയായിരുന്നു. പിന്നീട് കണ്ണൂർ എസ് എൻ കോളേജിൽ അധ്യാപകനാകുന്നതിനു തടസമായതും കമ്മ്യൂണിസ്റ്റ് മുദ്രകാരണം. എന്നാൽ 1964-ൽ കൂത്തുപറമ്പിൽ നിർമലഗിരി കോളേജ് വന്നപ്പോൾ സുകുമാരൻമാഷ് സ്വാഗതം ചെയ്യപ്പെട്ടു. പണ്ഡിതനും എഴുത്തുകാരനും ചിത്രകാരനും പ്രഭാഷകനും സംഗീതജ്ഞനും- സകലകലാവല്ലഭനായ സുകുമാരൻ കോളേജിന് മുതൽക്കൂട്ടാകുമെന്ന് ബിഷപ്പ് വള്ളോപ്പിള്ളിയും സഭാ മാനേജ്‌മെന്റും തിരിച്ചറിഞ്ഞു.

സകലകലാവല്ലഭന്‍ എന്നതിന്റെ പൂർണരൂപം: ഡോ. ടി പി സുകുമാരന്റെ ജീവിതം
ബ്രണ്ണന്‍ അലയും ബ്രണ്ണന്‍കാലവും

ഉറച്ച കമ്മ്യൂണിസ്റ്റായ സുകുമാരൻമാഷ് സിപിഐയിലോ സിപിഐഎമ്മിലോ നക്‌സലൈറ്റു ഗ്രൂപ്പുകളിലോ അംഗമായി ചേർന്നില്ല. എന്നാൽ പുരോഗമന സാംസ്‌കാരികപ്രവർത്തനത്തിൽ മലബാറിലെ ഏറ്റവും വലിയ നായകനായി പ്രവർത്തിച്ചു. മലബാറിലെ കലാസമിതികളുടെയും വായനശാലകളുടെയം വാർഷികങ്ങളിൽ യാത്രാപ്പടി വാങ്ങാതെയാണ് മാഷ് പ്രസംഗിക്കാൻ പോയിരുന്നത്. നാടകമത്സരത്തിന്റ സ്ഥിരം ജഡ്ജിമാരിലൊരാളായിരുന്നു. സുകുമാരൻമാഷുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഏതാനും നാടകമത്സരങ്ങളിൽ ഈ ലേഖകൻ ജഡ്ജിയായി പ്രവർത്തിച്ചത്. തൊണ്ണൂറുകളുടെ ആദ്യം കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ ബ്ലോക്ക് കേരളോത്സവവുമായി ബന്ധപ്പെട്ടോ മറ്റോ ഒരു നാടകമത്സരം. ജഡ്ജിയായി വരാമെന്നോ അതല്ലെങ്കിൽ മറ്റൊരാളെ ഒപ്പിച്ചുകൊടുക്കാമെന്നോ മാഷ് ഏറ്റിരുന്നു. എന്തോ പ്രശ്‌നം സംഭവിച്ചു. മത്സരത്തിന്റെ തലേദിവസം മാഷ് എന്നെ വിളിച്ചു. നാളെ വൈകീട്ട് ആയഞ്ചേരിയിൽ പോകണം. എന്താ മാഷെ കാര്യമെന്ന് ചോദിച്ചപ്പോൾ നിങ്ങളെ ജഡ്ജിയായി നിയമിച്ചിരിക്കുന്നുവെന്ന മറുപടിയും ചിരിയും. അയ്യോ പറ്റില്ലെന്ന് ഞാൻ. വീട്ടിൽവന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്ന് ഭീഷണി! അതുകഴിഞ്ഞ് ഏതാനും നാൾക്കുശേഷം അതാ വീണ്ടും വിളി. കാലിക്കറ്റ് സർവകലാശാലയുടെ ബി.സോൺ കലോത്സവത്തിന് നാടക ജഡ്ജിമാരിലൊരാളായി ശുപാർശ ചെയ്തുവെന്ന്! പ്രശസ്തരായ ടി സുധാകരേട്ടൻ, ഖാൻ കാവിൽ എന്നിവർക്കൊപ്പം അങ്ങനെ ജഡ്ജിയായി. ആ പരിചയം പിന്നീട് കോഴിക്കോട് കലയുടെ നാടകമത്സരത്തിന്റെ ജഡ്ജിയാവുന്നതിലേക്കെത്തിച്ചു. വൈദ്യുതി ബോഡിലെ ജീവനക്കാരുടെ സംഘടനയുടെ നേതാവായ കെ അശോകേട്ടനാണ് കലയുടെ ജീവാത്മാവും പരമാത്മാവും. നാടകത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തലിന് പുറമെ നാടകാവതരണത്തിന്റെ ജഡ്ജിയും. രണ്ടുവർഷം തുടർച്ചയായി.

കണ്ണൂരിലെ എല്ലാ നല്ലകാര്യങ്ങളുടെയും മുന്നിൽ സുകുമാരൻമാഷ് ഉണ്ടാകുമായിരുന്നു. കണ്ണൂരിൽ 1987-91-ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അനുവദിച്ച ഗവ.ആയുർവേദ കോളേജ് പ്രവർത്തിച്ചത് കണ്ണൂർ ഗവ.ടൗൺ ഹൈസ്‌കൂളിലെ ഒരു ബ്ലോക്കിലാണ്. രണ്ടുമൂന്ന് വർഷം മുമ്പ് കണ്ണൂർ ഗവ.എൻജിനിയറിങ്ങ് കോളേജ് തുടങ്ങിയതും അവിടെത്തന്നെ. ആയുർവേദ കോളേജിന് കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ വിദ്യാർഥികൾ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സാമൂഹ്യസംഘടനകളുടെയും പിന്തുണയോടെ സമരം നടത്തി. കളക്ടറേറ്റിന് മുമ്പിൽ രണ്ടാഴ്ചയിലേറെ നീണ്ട നിരാഹാരസമരം നടന്നു. ആദ്യം ജയചന്ദ്രൻ, പിന്നീട്, ഇ വി സുധീർ, ധന്യ എന്നിവർ നിരാഹാരമനുഷ്ഠിച്ചു. പത്രങ്ങൾ വലിയ പിന്തുണനൽകി. സമരസഹായസമിതി ചെയർമാൻ ടി പി സുകുമാരൻ മാഷായിരുന്നു. എല്ലാ ദിവസവും മാഷ് സമരപ്പന്തലിലെത്തി മണിക്കൂറുകളോളം അവിടെ ചെലവഴിക്കും. സമരം ഉദ്ഘാടനംചെയ്തത് എം എൻ വിജയൻ മാഷാണ്. ഒടുവിൽ സമരം ഒത്തുതീർപ്പായപ്പോൾ ആഹാളാദപ്രകടനവും പൊതുയോഗവും നടന്നപ്പോഴാണ് അനിഷ്ട സംഭവമുണ്ടായത്. ജാഥയ്ക്കുശേഷം സ്‌റ്റേഡിയം കോർണറിൽ യോഗം. അധ്യക്ഷൻ സുകുമാരൻമാഷ്. ജില്ലാ കൗൺസിൽ പ്രസിഡണ്ട് ടി കെ ബാലേട്ടനും ഓരോ വിദ്യാർഥിസംഘടനയുടെയും ഓരോ പ്രതിനിധിയും പ്രസംഗം. എസ് എഫ് ഐ. പ്രതിനിധിയായി ഉദ്ദേശിച്ചത് സംസ്ഥാന സെക്രട്ടറി യു പി ജോസഫാണ്. എന്നാൽ ജോസഫ് കോഴിക്കോട്ടുനിന്ന് പരശുരാമിൽ പുറപ്പെട്ട് എത്താൻ വൈകി. അതിനാൽ എസ്എഫ്‌ഐ. പ്രതിനിധിയായി ടി അനിലോ എ പി അബ്ദുള്ളക്കുട്ടിയോ പ്രസംഗിച്ചു. യോഗം പിരിച്ചുവിടാറായപ്പോൾ യു പി ജോസഫ് എത്തി. ജോസഫിനെ പ്രസംഗിക്കാൻ വിളിക്കണമെന്ന് എസ് എഫ് ഐക്കാർ അധ്യക്ഷന് കുറിപ്പ് നൽകി. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല. എസ് എഫ് ഐ നേതാക്കൾ സുകുമാരൻമാഷുമായി കയർത്തു. പ്രസംഗകരുടെ പേരെഴുതിയ കടലാസ് ചുരുട്ടിയെറിഞ്ഞ് അദ്ദേഹം ക്ഷോഭിച്ച് പോവുകയായിരുന്നു. ഓരോ സംഘടനയക്കും ഓരോ പ്രതിനിധിയെന്ന മുൻനിശ്ചയം മാറ്റിയാൽ മറ്റുള്ളവരോട് എന്തുപറയുമെന്നതായിരുന്നു മാഷുടെ വാദം.

സകലകലാവല്ലഭന്‍ എന്നതിന്റെ പൂർണരൂപം: ഡോ. ടി പി സുകുമാരന്റെ ജീവിതം
ട്രേഡ് യൂണിയന്‍ രംഗത്തെ അതികായനായ ഒ ഭരതന്‍

ഏതായാലും സമരവിജയാഹ്ലാദം പിരിമുറുക്കമാണ് സൃഷ്ടിച്ചത്. ഏറെക്കുറെ അലങ്കോലം. ദേശാഭിമാനിയുടെ ജില്ലാ ലേഖകൻ എന്ന നിലയിൽ അതിന്റെ വാർത്തക്കൊപ്പം ചെറിയൊരു റൈറ്റപ്പ് അനിവാര്യമായി. അധ്യക്ഷനായ സുകുമാരൻമാഷെ വിമർശിച്ചുകൊണ്ടുള്ള റൈറ്റപ്പ്. അതോടെ മാഷുമായുള്ള ബന്ധം ഏറെക്കുറെ മുറിഞ്ഞു. സിപിഐഎമ്മുമായി ബന്ധപ്പെട്ട വേദികളിൽ പിന്നീട് മാഷ് വന്നില്ല. അകൽച്ച വലുതായിരുന്നു. പ്രസ്ഥാനത്തിന് വലിയ സഹായംചെയ്ത പ്രതിഫലമോ സ്ഥാനമാനങ്ങളോ സ്വീകരിക്കാതെ കമ്യൂണിസ്റ്റ് എന്നനിലയിൽ പാർട്ടിയുമായും ബഹുജനസംഘടനകളുമായും സഹകരിച്ച മാഷ് പൂർണമായും പാർട്ടിയുമായി അകലുകയായിരുന്നു. അതിന് മുമ്പുതന്നെ മാഷുടെയും കൂടി ഗുരുസ്ഥാനീയനായ എംഎൻ വിജയൻമാഷുമായി അദ്ദേഹം അകന്നിരുന്നു. വിജയൻമാഷ് അന്ന് പുരോഗമനകലാസാഹിത്യസംഘം പ്രസിഡണ്ടും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായിരുന്നു. പത്രാധിപരാകുന്നതിന് മുമ്പ് ഈ ലേഖകൻ വാരികയിൽ പ്രവർത്തിക്കുന്ന സമയത്ത് വിജയൻമാഷ് കാഴ്ചപ്പാട് പംക്തിയിൽ എഴുതിയ ഒരു ലേഖനം വിവാദമായിരുന്നു. അധ്യാപകരെ വിദ്യാർഥികൾ വിലയിരുത്തണം എന്നതായിരുന്നു വിജയൻമാഷുടെ പ്രമേയം. അതിനെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു മുഴുപ്പേജ് കത്ത് സുകുമാരൻമാഷ് എഴുതി. അത് ചെറിയ അസ്വാരസ്യമുണ്ടാക്കിയിരുന്നു. ആശയപരമായി അവർ തമ്മിൽ ചെറിയ ഭിന്നതകൾ നേരത്തെതന്നെയുള്ളതാണ്. അത് വർധിച്ചു. സുകുമാരൻമാഷ്‌ക്ക് സിപിഐയുടെ നയങ്ങളോട് കൂടുതൽ ചായിവുമുണ്ടായിരുന്നു.

സിപിഐയുടെ നിയന്ത്രണത്തിലുള്ള യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിക്കുകയായിരുന്നു പിന്നീട് മാഷ്. 62-ാമത്തെ വയസ്സിൽ അകാലത്തിൽ മരിച്ച സുകുമാരൻമാഷ്് വാസ്തവത്തിൽ ഏറ്റവും തലയെടുപ്പുള്ള നിരൂപകനും നാടകകൃത്തും സംവിധായകനും ഫോകലോറിസ്റ്റും സംഗീതജ്ഞനും ചിത്രകാരനും ഉജ്ജ്വല പ്രഭാഷകനുമായിരുന്നു. കറുപ്പിന്റെ സൗന്ദര്യശാസ്ത്രത്തെപ്പറ്റി, പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തെപ്പറ്റിയൊക്കെ മലയാളത്തിൽ ഏറ്റവും സുവ്യക്തമായി ആദ്യം എഴുതിയ ചിന്തകൻ. സാമൂഹ്യവിമർശത്തിന് പഴയകാലത്ത് വെള്ളരിനാടകം എങ്ങനെ പ്രയോജനപ്പെടുത്തിയെന്നുകൂടി ഓർമിപ്പിക്കുന്ന ആയഞ്ചേരി വല്യെശമാൻ എന്ന അദ്ദേഹത്തിന്റെ വെള്ളരിനാടകം ആദ്യം അവതരിപ്പിച്ചത് കണ്ണൂർ റെഡ്സ്റ്റാറാണ്. സംവിധാനംചെയ്ത്ത് ടി പവിത്രൻ. ഈയടുത്തകാലത്തും യുവകലാസാഹിതിയുടെ നേതൃത്വത്തിൽ പുതിയ ടീം പലവേദികളിലായി അവതരിപ്പിച്ചു. പ്രൊഫ എംകെ സാനു അദ്ദേഹത്തെ വിശേഷിപ്പിച്ചത് പച്ചമരത്തിന്റെ കാതൽ എന്നാണ്. ടി എൻ പ്രകാശ് മാഷെക്കുറിച്ചെഴുതിയ ജീവചരിത്രപഠനത്തിന്റെ അവതാരികയിൽ സാനുമാഷ് ഇങ്ങനെ കുറിച്ചു.' ഉത്തരകേരളത്തിലെ അത്യന്തം പ്രസന്നവും സജീവവുമായ ഒരു സർഗാത്മകസാന്നിധ്യമായിരുന്നു ഡോ ടി പി സുകുമാരൻ. മിക്കവരുടെ കാര്യത്തിലും പൊതുവായ അതിപ്രശംസയും അർധസത്യവും ആയി അനാഥത്വം വരിക്കാൻ വിധിക്കപ്പെട്ട സർവകലാവല്ലഭൻ എന്ന ആ പ്രയോഗമുണ്ടല്ലോ, അത് സനാഥവും അർഥവത്തും ആകുന്നത് ടിപി സുകുമാരനെ വിശേഷിപ്പിക്കുമ്പോഴാണ്. ആ മനസ്സ് ഓടാത്ത വഴികളും ഉപസ്ഥിതി നേടാത്ത കലാരീതികളും സുദുർല്ലഭം.'

logo
The Fourth
www.thefourthnews.in