ഒരേയൊരു രാജീവൻ!

ഒരേയൊരു രാജീവൻ!

പ്രമുഖ കവിയും എഴുത്തുകാരനുമായ ടിപി രാജീവന്റെ വിദ്യാർഥി ജീവിതകാലം ഓർക്കുന്നു സഹപാഠിയും മുതിർന്ന പത്രപ്രവർത്തകനുമായ ഹരിഹരനന്ദനൻ
Updated on
2 min read

ഇക്കഴിഞ്ഞ ദീപാവലിയുടെ തലേന്ന് ഞായറാഴ്ച ഞാൻ വടകരയിലായിരുന്നു. കൊച്ചിയിൽനിന്നു ട്രെയിൻ മാർഗം എന്റെ സുഹൃത്ത് വിജയന്റെ വീട്ടിൽ രണ്ടു ദിവസം തങ്ങാൻ പോയതാണ്. വളപട്ടണത്തുള്ള മുത്തച്ഛന്റെ ശവകുടീരം സന്ദർശിക്കുകയും പിന്നെ കുറെ ക്ഷേത്ര യാത്രകളും ലക്ഷ്യം. മറ്റൊരു സുഹൃത്തായ ടിപി രാജീവനെ കാണുകയും വേണം.

ആദ്യത്തെ ദിവസം യാത്രകളെല്ലാം തീർത്ത് രാജീവന്റെ ഭാര്യ സാധനയെ വിളിച്ചു. മുൻപ് പേരാമ്പ്രയിൽ രാജീവന്റെ അച്ഛനും അമ്മയും താമസിച്ച വീട്ടിൽ ഒന്ന് രണ്ട്‌ ദിവസം തങ്ങിയിരുന്നുവെങ്കിലും അതു മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്കു മുൻപായത് കൊണ്ട് മാർഗനിർദ്ദേശം ആവശ്യമായിരുന്നു. പക്ഷെ സാധനയും രാജീവനും അപ്പോൾ കോഴിക്കോട് ചെക്കപ്പിന് പോയതായിരുന്നു. രാജീവനോട് ഞാൻ വടകരയിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ എന്താ വല്ല കളിയുമായി വന്നതാണോ എന്ന് കളിയാക്കി (ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടേയും ദിനതന്തിയുടെയെയും സ്പോർട്സ് എഡിറ്റർ ആയി റിട്ടയർ ചെയ്തിരുന്നു).

''നിന്നെ കാണണമെന്നുണ്ടായിരുന്നു,''-- ഞാൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചു വരൂ എന്ന് അവൻ. നമുക്ക് അടുത്ത തവണ കാണാം എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല ആ തവണ ഇനിയൊരിക്കലും ഉണ്ടാവില്ല എന്ന്.

രാജീവനും സാധനയും കുട്ടികള്‍ക്കൊപ്പം
രാജീവനും സാധനയും കുട്ടികള്‍ക്കൊപ്പം

സാധനയും ഞാനും രാജീവനും MA ഇംഗ്ലീഷിനു ഒറ്റപ്പാലം NSS കോളേജിൽ 1982-84 കാലത്തു സഹപാഠികളായിരുന്നു; ഏറ്റവും അടുത്ത സുഹൃത്തുക്കളും. പൊതുവെ അന്തര്‍മുഖനായിരുന്നു ഞാൻ. സാധനയാകട്ടെ ഉള്ളു തുറന്ന പെരുമാറ്റത്തിന്റെ ഉടമ. പിന്നീട് രാജീവനും എന്നോട് എന്റെ അന്തര്‍മുഖത്വം വെടിയാൻ നിർബന്ധിച്ചു. അതിനു വേണ്ടി അവൻ കണ്ടു പിടിച്ച ഒരു മാർഗമായിരുന്നു എന്നെ സ്റ്റുഡന്റ് എഡിറ്റർ സ്ഥാനത്തേക്കു മത്സരിപ്പിക്കുക എന്നത് .

അങ്ങനെ SFI യുടെ ബാനറിൽ സ്വതന്ത്രനായി ഞാൻ മത്സരിച്ചു. എനിക്ക് താൽപ്പര്യമില്ല എന്ന് പറഞ്ഞെങ്കിലും അവൻ വിട്ടില്ല. ജേര്‍ണലിസത്തിന് റാങ്ക് വാങ്ങിയ നീ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കാൻ പാടില്ല എന്ന അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ മത്സരിച്ചു. പിന്നെ രണ്ടാഴ്ച ക്ലാസിൽ പോവാതെയുമായി. കാരണം എനിക്ക് തോൽക്കാനായിരുന്നു താല്പര്യം. പക്ഷെ എന്നെ തന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ ഒരു നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുകയായിരുന്നു. നീ ഒളിവിൽ പോയത് കൊണ്ടാണ് ജയിച്ചതെന്നു അവൻ പറയുമായിരുന്നു.

പിന്നീട് ഞാൻ ബോംബേയിലേക്കും അവൻ വടകരയിൽ പാരലൽ കോളേജിലേക്കും ചേക്കേറി. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ ഞാൻ വടകരയിൽ പോവുകയും ചെയ്തിരുന്നു. പാരലൽ കോളേജ് ജോലി അവൻ ഇഷ്ടപ്പെട്ടു കാരണം മണിക്കൂറുകൾക്കാണ് പ്രതിഫലം.അന്ന് വടകരയിൽ ദിവസം രണ്ടോ മൂന്നോ മണിക്കൂർ പണിയെടുത്താൽ അതും ആഴ്ചയിൽ നാല് ദിവസം മാത്രം കിട്ടിയിരുന്ന തുക മറ്റേതു സ്ഥലത്തേക്കാൾ കൂടുതലും ആയിരുന്നു. അത്തരമൊരു പാരലൽ തരംഗം അവിടെ ഉണ്ടായിരുന്നു. അവനു ധാരാളം സമയം എഴുതാനും കിട്ടുമായിരുന്നു.

പിന്നീട് ഞാൻ നാട്ടിൽ വന്നപ്പോൾ രാജീവനും സാധനയും ഏതാണ്ടൊരു സൗന്ദര്യ പിണക്കത്തിലായിരുന്നു. രാജീവന് സൗഹൃദം മാത്രം മതി എന്നുള്ള നിലപാട്. ഞാൻ ആ നാടകത്തിനു അന്ത്യം കുറിച്ച് അവരുടെ വിവാഹാലോചനയുമായി കണ്ണിയംപുറത്തുള്ള അവളുടെ വീട്ടിൽ പോവാൻ തീരുമാനിച്ചു (അപ്പോളേക്കും ബോംബെ എന്റെ അന്തര്‍മുഖത്വം ഒരു വിധം മാറ്റിക്കഴിഞ്ഞിരുന്നു). അന്ന് സാധനയുടെ 'അമ്മ എന്നോട് ചോദിച്ച ചോദ്യം എനിക്കിപ്പോളും ഓര്‍മയുണ്ട്. കുട്ടി വിവാഹം കഴിച്ചതാണോ എന്നായിരുന്നു ചോദ്യം. ഇല്ല എന്നാലും ഞാനൊരു കാരണവരാണ് എന്നായിരുന്നു ഞാൻ പറഞ്ഞത്.

വിവാഹം കഴിഞ്ഞു പലപ്പോളും യൂണിവേഴ്സിറ്റിയിൽ അവരുടെ കൂടെ പോയി താമസിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. ല കവിതകളും അവൻ പാലപ്പുറത്തെ ഡോക്ടേർസ് ലോഡ്‌ജിൽ വെച്ച് എഴുതുമ്പോൾ  ഞാൻ അവന്റെ സമീപത്തുണ്ടായിരുന്നു. അതിൽ  'അങ്ങനെ പോയവൻ' എന്ന കവിതയാണ് ഇപ്പോൾ എനിക്കോർമ്മ വരുന്നത്. 

logo
The Fourth
www.thefourthnews.in