കേരളത്തിന്റെ ഭഗത് സിങ്; ഐഎന്‍എ ഹീറോ വക്കം അബ്ദുൾ ഖാദറിന്റെ ഓര്‍മകള്‍ക്ക് 80 വയസ്
'ഭൂതകാലത്തെ ഓര്‍മിക്കാന്‍ കഴിയാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ്'
ജോര്‍ജ് സന്തയാന
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കേരളപുത്രന്റെ രക്തം വീണ ചരിത്രത്തിലെ ഒരു അധ്യായമാണിത്. സ്വാതന്ത്ര്യത്തിന് വേണ്ടി ചാവേര്‍പ്പടയാളിയായി മാറി, വിദേശത്ത് നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലെത്തി, പട്ടാളം പിടികൂടിയതോടെ തടവില്‍ കഴിഞ്ഞ്, കോടതി മരണശിക്ഷ വിധിച്ചതോടെ തൂക്കുമരത്തിലേറി ധീര രക്തസാക്ഷിത്വം വരിച്ച ഒരു മലയാളി സ്വാതന്ത്ര്യസമര സേനാനിയുടെ കഥ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വക്കം അബ്ദുള്‍ ഖാദര്‍ എന്ന ധീര ദേശാഭിമാനിയുടെ ജീവിതകഥ.
കേരളത്തിന്റെ ഭഗത് സിങ് എന്ന് വിളിക്കാവുന്ന ഐഎന്‍എ ഹീറോ വക്കം അബ്ദുള്‍ ഖാദര്‍ ഇരുപത്തിയാറാം വയസില്‍ സ്വാതന്ത്യസമര പോരാട്ടം നയിച്ച് ബ്രിട്ടീഷുകാരുടെ തൂക്കുമരത്തില്‍ മരണം വരിച്ചിട്ട് ഇന്ന് 80 (സെപ്റ്റംബര്‍ 10) വര്‍ഷം തികയുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്തമായ സമരമുറകളിലൂടെ പോരാടിയ ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, രാജ് ഗുരു, അസഫുള്ള ഖാന്‍, ജതീന്ദ്ര ദാസ്, ഉദ്ദംസിങ്ങ് തുടങ്ങിയവരും മറ്റനേകം അജ്ഞാതരും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സായുധ പോരാളികളായി ജീവന്‍ വെടിഞ്ഞവരാണ്. ആ സമരനായകന്മാരെ പോലെ ജീവത്യാഗം ചെയ്ത, തലയുയര്‍ത്തി തൂക്കുമരത്തിലേക്ക് നടന്ന ധീരനാണ് വക്കം അബ്ദുള്‍ ഖാദര്‍.
തിരുവനന്തപുരത്ത് നിന്ന് 35 കി.മീ മാറിയുള്ള വക്കം എന്ന കായലോര ഗ്രാമത്തില്‍ ഒരു സാധാരണ കുടംബത്തില്‍ 1917 മെയ് 25 ന് ജനിച്ച മുഹമ്മദ് അബ്ദുള്‍ ഖാദര്‍ മെട്രിക്കുലേഷന്‍ കഴിഞ്ഞ് ജീവിത മാര്‍ഗത്തിനായി സിംഗപ്പൂരിലെ മലയായില്‍ എത്തി. അന്നത്തെ തൊഴിലന്വേഷകരുടെ വാഗ്ദത്ത ഭൂമിയായിരുന്നു മലയ. 1938 ഓഗസ്റ്റില്‍ ക്‌ള്വാങ് എന്ന പ്രദേശത്തെ പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയറായി ഖാദര്‍ ജോലിയില്‍ പ്രവേശിച്ചു.
രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വിദേശത്ത്, പ്രത്യേകിച്ചും ഏഷ്യയിലുള്ള ഇന്തൃക്കാര്‍ സംഘടിച്ചിരുന്നു. ബ്രിട്ടിഷ് വൈസ്രോയിയായ ഹാര്‍ഡിഞ്ച് പ്രഭുവിനെ ഡല്‍ഹിയില്‍ ബോംബെറിഞ്ഞ വിപ്ലവകാരിയായ രാഷ് ബിഹാരി ബോസായിരുന്നു അതിന്റെ പ്രമുഖന്‍. ഇന്ത്യയില്‍ നിന്ന് ഒളിച്ച് കടന്ന് ജപ്പാനിലെത്തിയ അദ്ദേഹം 1942 മാര്‍ച്ചില്‍ 'ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ' എന്നൊരു സംഘടനയും, സൈനിക മുന്നേറ്റത്തിനായി സെപ്റ്റംബര്‍ 1 ന് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും (INA) രൂപീകരിച്ചു. പിന്നീട് യുവാക്കളുടെ ആവേശമായി മാറിയ നേതാജി സുഭാഷ് ചന്ദ്രബോസ് 1943 ജൂലൈയില്‍ ഐ എന്‍ എ നേതൃത്വം ഏറ്റെടുത്തു.
സുഭാഷ് ചന്ദ്രബോസ് ഒരു താത്കാലിക പ്രവാസി സര്‍ക്കാര്‍ ഉണ്ടാക്കുകയും രണ്ട് സംഘടനകളേയും പുനഃസംഘടിപ്പിക്കുകയും ചെയ്തു. സിവിലിയര്‍മാര്‍ക്ക് സൈനിക പരിശീലനം നല്‍കാനായി മലയായിലെ പെനാങ്ക് ഫ്രീ സ്‌കൂളില്‍ 'സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ' എന്നൊരു സൈനിക സ്ഥാപനം ആരംഭിച്ചു. സിവിലിയന്‍ മാര്‍ക്കുള്ള സൈനിക പരിശീലനവും ചാരപ്രവര്‍ത്തന ക്ലാസുകളും ആത്മഹത്യാ സ്‌ക്വാഡുകാര്‍ക്കുള്ള പരിശീലനവുമായിരുന്നു അവിടെ നടന്നിരുന്നത്.
ദേശീയ പ്രസ്ഥാനത്തോട് തീവ്രമായ അഭിനിവേശമുള്ള അബ്ദുള്‍ ഖാദര്‍ തന്റെ ജോലി രാജിവെച്ച് ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്ന് സമരമുഖത്തിലേക്കിറങ്ങി. ഗാന്ധിജി കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കടക്കാവൂരില്‍ എത്തിയപ്പോള്‍ ഖാദര്‍ നേരിട്ട് ഗാന്ധിജി വന്ന ട്രെയിനടുത്തെത്തി, അദ്ദേഹത്തെ തൊട്ടു. അന്നു മുതല്‍ ഖാദര്‍ സ്വാതന്ത്ര്യസമര സേനാനിയായിക്കഴിഞ്ഞിരുന്നു.
ചാരപ്രവര്‍ത്തനത്തിനായി സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത എറ്റവും ധൈര്യശാലികളായ 33 പേരില്‍ ഒരാളായി 22 കാരനായ അബ്ദുള്‍ ഖാദറിനേയും ആത്മഹത്യാ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തു. മുപ്പത്തി മൂന്നുപേരില്‍ 11 ഭടന്മാര്‍ മലയാളികളായിരുന്നു. കരാട്ടെ, വിവിധയിനം തോക്കുകളുടെ പരിശീലനം, മലകയറ്റം, നീന്തല്‍, വേഷ പ്രച്ഛന്നനാവാന്‍ പഠിക്കല്‍ തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെട്ട കഠിനമായ പരിശീലനമായിരുന്നു. ഇതില്‍ പരിശീലനം പൂര്‍ത്തിയായ ഇരുപത് പേരെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്കയക്കാന്‍ തീരുമാനിച്ചു.
1942 സെപ്റ്റംബര്‍ 18 രാത്രി പത്ത് മണി. പെനാങ്കിലെ തുറമുഖത്തു നിന്ന് ഒരു ജപ്പാനീസ് അന്തര്‍വാഹിനി ആത്മഹത്യാ സ്‌ക്വാഡിലെ അഞ്ചു പേരെ ഇന്ത്യയില്‍ എത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. കടല്‍ നിരീക്ഷണത്തിനുപയോഗിക്കുന്ന ഒരു ജപ്പാനീസ് മുങ്ങിക്കപ്പലാണത്.
അതീവ രഹസ്യമുള്ള ഈ ദൗത്യത്തിന്റെ ഭാഗമായി രണ്ട് കവറുകള്‍ ഭടന്‍മാര്‍ക്ക് നല്‍കി. ഒന്നില്‍ ആവശ്യമായ പണവും മറ്റതില്‍ നിര്‍ദേശങ്ങളുമായിരുന്നു. നിര്‍ദേശങ്ങള്‍ പരസ്പരം പറയുകയോ ചോദിക്കുകയോ പാടില്ല എന്നൊരു നിര്‍ദേശം അവര്‍ക്കുണ്ടായിരുന്നു. ഇറങ്ങും മുന്‍പ് നിര്‍ദേശങ്ങളടങ്ങിയ കവര്‍ കപ്പലിന്റെ ക്യാപ്റ്റനെ എല്‍പ്പിക്കണം. 12 തിരകള്‍ നിറച്ച ഓരോ തോക്കുകളും അവര്‍ക്ക് നല്‍കി. ഒരു ഹോളിവുഡ് വാര്‍ ത്രില്ലര്‍ ചലചിത്രത്തെ അനുസ്മരിപ്പിക്കുന്ന ആ ദൗത്യത്തിന് ഐഎന്‍എ 'ഫൈവ് മെന്‍ ആര്‍മി' തയ്യാറായി.
സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ബാരിസ്റ്റര്‍ എന്‍ രാഘവന്‍ ഒരോരുത്തര്‍ക്കും കൈ കൊടുത്തു. വിജയാംശംസകള്‍ നേര്‍ന്നു. 'Don't die like flies in the fire, if there is need die as heroes', അദ്ദേഹം അവസാനമായി ആ പോരാളികളോട് പറഞ്ഞു.
ഞങ്ങള്‍ ജപ്പാന്‍ ചാരന്മാരല്ല. 'നേതാജിയുടെ അനുയായികളും സ്വതന്ത്ര ഭാരത 'സൈനികരുമാണ്' ഖാദര്‍ ഒട്ടും കൂസാതെ ഉറച്ച മറുപടി നല്‍കി
അന്തര്‍വാഹിനി യാത്രയാരംഭിച്ചു, ഒന്‍പത് ദിവസം കൊണ്ട് ഇന്ത്യന്‍ സമുദ്രമേഖലയില്‍ എത്തി. കോഴിക്കോടിനടുത്ത് താനൂര്‍ ഭാഗത്ത് മുങ്ങി കപ്പല്‍ നിറുത്തി ഇനി കരയിലേക്കുള്ള യാത്ര മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാവുന്നചെറിയ റബ്ബര്‍ ബോട്ടിലാണ്. അബ്ദുള്‍ ഖാദര്‍, ജോര്‍ജ്, ഈപ്പന്‍, മുഹമ്മദ് ഘാനി, അനന്തന്‍ നായര്‍ എന്നി സേനാനികള്‍ രണ്ട് ചെറു ബോട്ടുകളിലായ് ആ സാഹസിക യാത്ര ആരംഭിച്ചു. കഴിക്കാനായി ടിന്നിലടച്ച മാംസവും ബിസ്‌ക്കറ്റും കുടിവെള്ളവും ജപ്പാന്‍കാര്‍ അവര്‍ക്ക് നല്‍കിയിരുന്നു.
കൂരാകൂരിരുട്ടാണ്; കടല്‍ കാറ്റും കോളും കൊണ്ടു ക്ഷോഭിച്ച മട്ടില്‍. ഒന്‍പത് ദിവസത്തെ മുങ്ങിക്കപ്പല്‍ യാത്ര അവരെ നന്നെ ക്ഷീണിതരാക്കിയിരുന്നു; അഞ്ചാറ് മണിക്കൂര്‍ തുഴഞ്ഞു കാണും. ഒടുവില്‍ അവര്‍ മലപ്പുറത്തിനടുത്തെ താനൂരിലെ കരക്കടിഞ്ഞു. ബോട്ട് തുഴഞ്ഞ ക്ഷീണവും മരവിപ്പും ഛര്‍ദിയും വയറിളക്കവും കാരണം അവര്‍ തളര്‍ന്നു വീണുപോയി.
1942 സെപ്റ്റംബര്‍ 27 ആയിരുന്നു അന്ന്. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. റംസാന്‍ മാസത്തിന്റെ നോമ്പ് അവസാനിക്കുന്ന ദിവസമായിരുന്നു. വല്ലാത്ത വിശപ്പും ദാഹവും കൊണ്ട് പൊറുതി മുട്ടിയ അവര്‍ ചുറ്റിലും സഹായത്തിനായ് പരതി.
ഇതേ സമയം ഒരാള്‍ കടല്‍ക്കരയില്‍ ഇരുട്ടിന്റെ മറവില്‍ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കടല്‍ത്തീര നിരീക്ഷകനായി സര്‍ക്കാര്‍ നിയോഗിച്ച താല്‍ക്കാലിക കോസ്റ്റല്‍ പട്രോളിംഗ് കോണ്‍സ്റ്റബള്‍ ചെറിയ പുരയ്ക്കല്‍ മുഹമ്മദലിയായിരുന്നു അത്. യുണിഫോം ഇല്ലാത്ത ഈ വിഭാഗക്കാര്‍ അസാധാരണമായി കടലിലോ കടപ്പുറത്തോ എന്തെങ്കിലും കണ്ടാല്‍ ഉടനെ അധികൃതരെ അറിയിക്കും..
സിംഗപ്പൂര്‍ പിടിച്ചടക്കിയ ശേഷം ജപ്പാന്‍ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത വര്‍ദ്ധിച്ചതിനാല്‍ ബ്രിട്ടന്‍ വളരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ജപ്പാന് അക്കാലത്ത് ഇന്ത്യയിലെ തുറമുഖ പട്ടണങ്ങളേയും ഡല്‍ഹി, ബനാറസ് എന്നീ നഗരങ്ങളും ആക്രമിക്കാന്‍ പദ്ധതിയുള്ളതായി വാഷിങ്ടണിലെ നാഷണല്‍ ആര്‍ക്കൈവ് രേഖകള്‍ പിന്നിട് വെളിപ്പെടുത്തിയിരുന്നു.
മുഹമ്മദലി അടുത്തെത്തി അവരോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. തങ്ങള്‍ ഉല്ലാസ യാത്രക്ക് ഇറങ്ങിയ വിദ്യാര്‍ത്ഥികളാണെന്നും ആലപ്പുഴ, കൊച്ചി, പൊന്നാനിയുമൊക്കെ കണ്ട് കോഴിക്കോട് പോകുകയാണെന്നും അതിനിടയില്‍ യാത്രാബോട്ട് കേട് വന്നെന്നും അതാണ് ഇവിടെ ഇറങ്ങാന്‍ കാരണമെന്നും ഖാദര്‍ അയാളോട് പറഞ്ഞു.
അതിനിടയില്‍ മണ്ണ് മാന്തി ചെറു ബോട്ട് കുഴിച്ചിടാനായി അവര്‍ കുഴിയെടുത്തിരുന്നത് മുഹമ്മദലി കണ്ടു. അതോടെ അപകടം മണത്ത അയാള്‍ ഉറപ്പിച്ചു ഇവന്‍മാര്‍ ജപ്പാന്‍ ചാരന്മാര്‍ തന്നെ! പെരുനാള്‍ നൊയമ്പ് അവസാനിക്കുന്ന സമയമായതിനാല്‍ ഈ വാര്‍ത്തയറിഞ്ഞ് കടപ്പുറത്ത് ജനം തടിച്ച് കൂടി.
കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ മുഹമ്മദലിയുടെ പോലീസ് ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അയാള്‍ സര്‍ക്കാരിന്റെ വിശ്വസ്തനും താനൂരെ പ്രമുഖനുമായ സെയ്താലിക്കുട്ടി മാസ്റ്ററെ രഹസ്യമായി ഈ വിവരമറിയിച്ചു. അതിനിടയില്‍ ഖാദറിനും കൂട്ടര്‍ക്കും എന്തെങ്കിലും ഭക്ഷണം വാങ്ങാന്‍ ഒരാളെ അങ്ങാടിയിലേക്ക് പറഞ്ഞച്ചത് അവരുടെ മുന്നില്‍ വെച്ചായിരുന്നതിനാല്‍ ഈ സേനാനികള്‍ അയാളെ ഒട്ടും സംശയിച്ചില്ല.
എന്നാല്‍ പിന്നീട് നടന്നത് അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. 1921 ലെ മാപ്പിള ലഹളക്കാലത്ത് താനൂര്‍ പല പ്രക്ഷോഭങ്ങള്‍ക്കും സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച സ്ഥലമായതിനാല്‍ ബ്രിട്ടീഷ് അധികാരികള്‍ എന്നും ജാഗ്രതയോടെ നിരീക്ഷിച്ചിരുന്ന മര്‍മ പ്രധാനമായ ഒരു മേഖലയായിരുന്നു താനൂര്‍. അത് കൊണ്ട് തന്നെ, താനൂരില്‍ ഒരു സൈനിക ഔട്ട് പോസ്റ്റ് ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവിടെ നിന്ന് പട്ടാളക്കാര്‍ കുതിച്ചെത്തി തോക്കുചൂണ്ടി കടപ്പുറം വളഞ്ഞു. അവിടെയെത്തിയ സൈനിക മേധാവി കീഴടങ്ങാന്‍ അവരോടാവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ അവര്‍ തങ്ങളുടെ ആയുധം വലിച്ചെറിഞ്ഞ് കൈകള്‍ ഉയര്‍ത്തി കീഴടങ്ങി. കൈകളില്‍ വിലങ്ങു വെച്ച ശേഷം സൈനിക മേധാവി സംഘത്തലവന്‍ എന്ന് തോന്നിപ്പിക്കുന്ന ആ കൂട്ടത്തിലെ ഒരു യുവാവിനെ ചോദ്യം ചെയ്തു.
' പേര് ? : ' മുഹമ്മദ് അബ്ദുള്‍ ഖാദര്‍ '
സ്വദേശം : 'ചിറയിന്‍കീഴ്'
എവിടെ നിന്ന് വരുന്നു?. :'പെനാങ്കില്‍ 'നിന്ന്'
'നിങ്ങള്‍ ജപ്പാന്‍ ചാരമാരല്ലെ?'
ഞങ്ങള്‍ ജപ്പാന്‍ ചാരന്മാരല്ല. 'നേതാജിയുടെ അനുയായികളും സ്വതന്ത്ര ഭാരത 'സൈനികരുമാണ്' ഖാദര്‍ ഒട്ടും കൂസാതെ ഉറച്ച മറുപടി നല്‍കി.
ബാക്കി നാല് പേരും അവരുടെ പേരുകള്‍ പട്ടാള ചിട്ടയില്‍ തന്നെ വിളിച്ചു പറഞ്ഞു. അനന്തന്‍ നായര്‍- തിരുവനന്തപുരം
കെ എ ജോര്‍ജ് -അമ്പലപ്പുഴ
സി പി ഈപ്പന്‍- തിരുവല്ല
മുഹമ്മദ് ഘാനി- തിരുച്ചിറപ്പള്ളി
അതിനിടെ ജപ്പാന്‍ ചാരന്മാരെ പട്ടാളം പിടികൂടി എന്ന വാര്‍ത്ത നാടു മുഴുവന്‍ പരന്നു.
നേരം പുലര്‍ന്നതോടെ അഞ്ച് പേരേയും സര്‍ക്കാരിന് വേണ്ടി സബ് മജിസ്ട്രേറ്റ് കണ്ണനും തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഹമീദ് ഖാനും പിന്നീട് മലബാര്‍ പോലിസ് സൂപ്രണ്ടില്‍ നിന്ന് ഔദ്യോഗികമായി എറ്റു വാങ്ങി താനൂരെ ട്രാവലേഴ്‌സ്ബംഗ്ലാവിലെ മുറിയില്‍ അടച്ചു.
അനന്തന്‍ നായര്‍ നല്‍കിയ വിവരങ്ങള്‍ സംഗതി കൂടുതല്‍ കുഴപ്പത്തിലാക്കി. എന്തോ പ്രധാന ലക്ഷ്യവുമായി അട്ടിമറിക്കാണ് ഈ ചാവേറുകള്‍ ഇന്ത്യയിലേത്തിയതെന്ന നിഗമനത്തിലേക്കാണ് ചോദ്യം ചെയ്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ എത്തിയത്
അപകടത്തില്‍ പെട്ടിരിക്കുകയാണെന്ന് ഖാദറും മറ്റ് സൈനികരും മനസ്സിലാക്കിയെങ്കിലും അപകടത്തിന്റെ വ്യാപ്തി അപ്പോള്‍ അവര്‍ക്കറിയില്ലായിരുന്നു. ഖാദര്‍ ചങ്ങമ്പുഴക്കവിതകള്‍ പാടിയും സഹപ്രവര്‍ത്തകരോട് ഉറക്കെ തമാശ പറഞ്ഞും പൊട്ടി ചിരിച്ചും മനസാന്നിധ്യം കൈവിടാതെ സൂക്ഷിച്ചു. അഞ്ച് ജപ്പാന്‍ ചാരന്മാരെ പിടികൂടിയെന്ന വാര്‍ത്ത പൊടിപ്പും തൊങ്ങലുമായി നാടെങ്ങും പ്രചരിച്ചതോടെ മലബാര്‍ പ്രവശ്യ ഒരിക്കല്‍ കൂടി വാര്‍ത്താ പ്രാധാന്യം നേടി.
ഐഎന്‍എക്കാരെ പിടികൂടാന്‍ സഹായിച്ച കുട്യാലിക്കടവത്ത് സെയ്താലിക്കുട്ടി മാസ്റ്റര്‍ക്കും അയാളുടെ സഹോദരനും ബ്രിട്ടീഷ് സര്‍ക്കാര്‍ യുദ്ധാനന്തരം ബഹുമതികള്‍ നല്‍കി. സെയ്താലിക്കുട്ടിക്ക് 10 പവന്റെ സ്വര്‍ണ മെഡലും അയാളുടെ സഹോദരന്‍ കുഞ്ഞ് മുഹമ്മദിന് അഞ്ച് പവന്റെ സ്വര്‍ണമെഡലും നല്‍കി ആദരിച്ചു. മലബാര്‍ കളക്ടര്‍ എ ആര്‍ മത്തിവന്‍ താനൂരില്‍ വന്ന് ഒരു ചടങ്ങില്‍ വെച്ച് ഇരുവര്‍ക്കും സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചു. മദ്രാസിലെ മൗണ്ട് റോഡിലെ P-O & osns Jewellers എന്ന സ്ഥാപനം നിര്‍മ്മിച്ച ഇതില്‍ 'രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടിഷ് ഗവണ്‍മെന്റിന് നല്‍കിയ സഹായത്തിന് നല്‍കിയ മെഡല്‍' എന്ന് ആ ലേഖനം ചെയ്തിരുന്നു.
എന്നാല്‍ കടല്‍ക്കരയില്‍ ഖാദറിനേയും സംഘത്തേയും ആദ്യം കണ്ട് റിപ്പോര്‍ട്ട് ചെയ്ത മുഹമ്മദലിയെ അധികാരികള്‍ സമ്മാനമൊന്നും നല്‍കാതെ അവഗണിച്ചു.
ഐന്‍എന്‍എയിലെ ചാര സംഘടനയിലെ പ്രത്യേക സൈനികരാണ് ഇവരെന്ന സംശയം ബലപ്പെട്ടതോടെ ഡല്‍ഹിയില്‍ നിന്നും കല്‍ക്കട്ടയില്‍ നിന്നും വിവിധ റാങ്കുകളുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി കോഴിക്കോട് എത്തി. തടവുകാരെ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി ഓരോരുത്തരേയും പ്രത്യേകം മുറിയില്‍ അടച്ച് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. അതികഠിനമായ മര്‍ദ്ദനമുറകളായിരുന്നു അവര്‍ക്ക് നേരെ പ്രയോഗിച്ചത്. അന്വേഷണച്ചുമതല ഗോപാലകൃഷ്ണ മേനോന്‍ എന്ന സിഐഡി ഇന്‍സ്പെക്ടര്‍ക്കായിരുന്നു.
അതിനിടയില്‍ അബ്ദുള്‍ ഖാദറും സംഘവുമറിയാതെ ഒരു നിര്‍ണായക സംഭവം നടന്നിരുന്നു. ആദ്യം അറസ്റ്റ് ചെയ്ത വേളയില്‍ താനൂരിലെ ട്രാവലേഴ്‌സ് ബംഗ്ലാവില്‍ വച്ച് സംഘത്തിലെ അനന്തന്‍ നായര്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി ഒരു മൊഴിയായ് എഴുതിക്കൊടുത്തു. ഇന്ത്യയിലേക്ക് തിരിച്ച മറ്റ് സംഘത്തിന്റെ വിശദാശങ്ങളും സഞ്ചാരപഥങ്ങളും അയാള്‍ വെളിപ്പെടുത്തി. ഇതിന്റെ ഫലമായി ഇന്ത്യയില്‍ എത്തിയ മറ്റ് സംഘാംഗങ്ങള്‍ പല സ്ഥലങ്ങളിലും വച്ച് പിടിയിലായി.
പിന്നീട് പ്രശസ്തനായ സിജികെ റെഡ്ഡി ഈ തടവുകാരിലുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസിനോടൊപ്പം ബറോഡ ഡൈനമിറ്റ് കേസില്‍ അറസ്റ്റിലായ, പിന്നീട് ഹിന്ദു പത്രത്തിന്റെ മാനേജറുമായ അതേ സി ജി കെ റെഡ്ഡി തന്നെ.
അനന്തന്‍ നായര്‍ നല്‍കിയ വിവരങ്ങള്‍ സംഗതി കൂടുതല്‍ കുഴപ്പത്തിലാക്കി. എന്തോ പ്രധാന ലക്ഷ്യവുമായി അട്ടിമറിക്കാണ് ഈ ചാവേറുകള്‍ ഇന്ത്യയിലേത്തിയതെന്ന നിഗമനത്തിലേക്കാണ് ചോദ്യം ചെയ്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ എത്തിയത്. പിന്നെ അത് പറയിക്കാനായി അവരുടെ ശ്രമം. ചിലതൊക്കെ കഠിനമായ ഭേദ്യം ചെയ്യലില്‍ അവര്‍ സമ്മതിച്ചു. ഏറ്റവും കൂടുതല്‍ മര്‍ദ്ദനം ഏറ്റത് ഖാദറിനായിരുന്നു. അന്വേഷണോദ്യോഗസ്ഥരെ എതിര്‍ക്കുകയും മറു ചോദ്യം ചോദിച്ച് പ്രകോപ്പിക്കാന്‍ ഖാദര്‍ ശ്രമിച്ചതിനാല്‍ അവര്‍ കഠിന മുറകള്‍ പ്രയോഗിച്ചു.
1942 ഒക്ടോബറില്‍ അവരെ മദ്രാസിലെ സെന്റ് ജോര്‍ജ് കോട്ടയിലെ ഇരുട്ടറയിലെ തടവിലേക്ക് മാറ്റി. ഏഷ്യയിലെ തന്നെ അന്നത്തെ ഏറ്റവും വലിയ തടവറയാണത്. ഇതിനകം ഇന്ത്യയുടെ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ എല്ലാവരേയും അവിടെക്ക് കൊണ്ടുവന്നു. മൊത്തം 20 ഐഎന്‍എ തടവുകാര്‍.
105 ദിവസം ഇരുട്ടറയില്‍ കഴിഞ്ഞ അവരെ സന്ദര്‍ശിക്കാന്‍ ഒരു വിശിഷ്ടാതിഥി ജയിലില്‍ എത്തി. അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ആര്‍തര്‍ ഹോപ്പ് ആണ് അപ്രതീഷിതമായി ജയില്‍ സന്ദര്‍ശനത്തിനെത്തിയത്.
എല്ലാ തടവുകാരേയും ഒറ്റവരിയില്‍ നിറുത്തി. നാലു മാസത്തിന് ശേഷമാണ് ആ ഐഎന്‍എ ഭടന്മാര്‍ പരസ്പരം കാണുന്നത്. തടവുകാരാകട്ടെ കടുത്ത മര്‍ദനത്തിനിരയായി അവശരും വികൃതരുമായി കാണപ്പെട്ടു. ഷേവ് ചെയ്യാനോ ശരിയായ രീതിയില്‍ കുളിക്കാനോ ആ തടവറയില്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ പ്രത്യാശ വിടാതെ തിളങ്ങുന്ന കണ്ണുകള്‍ മാത്രം.
ഗവര്‍ണര്‍ അവരോട് എന്തെങ്കിലും പരാതിയുണ്ടോ എന്നാരാഞ്ഞു. തടവുകാര്‍ ഒറ്റക്കെട്ടായി തങ്ങളുടെ ആവലാതി ബോധിപ്പിച്ചു.
' ഇരുട്ടറയില്‍ പോലും കാല്‍ച്ചങ്ങല. വൃത്തിഹീനമായ മുറികളില്‍ കുളിക്കാനോ ദിനചര്യകള്‍ ചെയ്യാനോ സാധിക്കുന്നില്ല. തരുന്ന ആഹാരം വിശപ്പടക്കാന്‍ തികയുന്നില്ല'
ഗവര്‍ണര്‍ ആര്‍തര്‍ ഹോപ്പ് ഹൃദയാലുവായിരുന്നു. അദ്ദേഹം ഈ പരാതികള്‍ പരിഗണിച്ചു. ജയില്‍ മേധാവികളെ വിളിച്ച് ഈ അനാസ്ഥയെ ശക്തമായി വിമര്‍ശിച്ചു താക്കീത് നല്‍കി. ഉടന്‍ തന്നെ ഐഎന്‍എ തടവുകാരെ മദ്രാസ് സെല്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു.
ഇരുട്ടറയില്‍ നിന്ന് സെന്‍ട്രല്‍ ജയിലേക്കുള്ള മാറ്റം തടവുകാരില്‍ ശുഭാപ്തി വിശ്വാസമുണര്‍ത്തി. മാത്രമല്ല കാലില്‍ ചങ്ങല ഇല്ല. വെളിച്ചമുള്ള മുറികളും കിടക്കാന്‍ സിമന്റ് കട്ടിലും കിട്ടി. മുട്ടയും ഇറച്ചിയുമുള്ള ഭക്ഷണവും കിട്ടി. കൂടുതല്‍ സഞ്ചാര സ്വാതന്ത്രവും.
ഖാദറിനെ സന്ദര്‍ശിക്കാന്‍ പിതാവായ വാവാക്കുഞ്ഞ് ജയിലില്‍ എത്തി. ഖാദര്‍ താന്‍ എവിടെയുണ്ട് എന്ന് കാണിച്ച് ഒരു കത്ത് അയച്ചതിന്റെ ഫലമായിരുന്നു അത്. കുറെ നാളായി മകനെ കുറിച്ച് യാതൊരു വിവരവുമില്ലാതെ വിഷമിച്ച പിതാവ് ഉടനെ അവിടെ പാഞ്ഞെത്തുകയായിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ആ കൂടിക്കാഴ്ച; അതും ജയിലില്‍. സ്വാഭാവികമായും കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സമാഗമമായിരുന്നു അത്.
'നമ്മളൊക്കെ പാവങ്ങളല്ലെ ? എന്തിനാണ് ഇതിനൊക്കെ പോയത് ? എന്ന് മാത്രം ആ പിതാവ് ദുഃഖത്തോടെ മകനോട് ചോദിച്ചു.
കത്തില്‍ ആവശ്യപ്പെട്ട രണ്ട് കാര്യങ്ങള്‍ ആ പിതാവ് മകന് നല്‍കി. 50 രൂപയും ചങ്ങമ്പുഴയുടെ ' രമണന്റെ ഒരു കോപ്പിയും'. യാത്ര പറയുമ്പോള്‍ ഇനി ഒരിക്കലും പരസ്പരം കാണില്ലെന്ന് ഇരുവര്‍ക്കും ഉറപ്പില്ലായിരുന്നു. തന്റെ മകന്‍ വലിയവനാണ് എന്ന് മാത്രം ആ പിതാവ് മനസിലോര്‍ത്തു.
1943ല്‍ ഐഎന്‍എ കേസ് കൈകാര്യം ചെയ്യാന്‍ ' എനിമിറ്റി ഏജന്റ്‌സ് ഓഫ് ഓഡിനന്‍സ് നമ്പര്‍ 1943 പുറത്തിറക്കി. അതനുസരിച്ച് അയര്‍ലണ്ടുകാരനായ ഇ ഇ മാര്‍ക്ക് ജഡ്ജിയായി പ്രത്യേക കോടതി നിലവില്‍ വന്നു. 1943 ഫെബ്രുവരി 15 ന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.
'ഇന്ത്യയുടെ ഭരണ വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ ജപ്പാന്റെ പ്രതിഫലം പറ്റി ചാരപ്രവര്‍ത്തി നടത്തിയെന്നായിരുന്നു പ്രധാന കുറ്റം. ആകെ 19 പ്രതികള്‍ ഒരാള്‍ മാപ്പു സാക്ഷിയായി. തലശേരിക്കാരന്‍ ബാലകൃഷ്ണന്‍ നായര്‍. കേസിന്റെ ആദ്യ ഘട്ടത്തില്‍ താനൂരിലെ കേസനേഷണ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണ മേനോന്റെ ബന്ധുവായിരുന്നു അയാള്‍.
ഗോപാലകൃഷ്ണ മേനോന്റെ നിര്‍ദേശമനുസരിച്ച് മലബാര്‍ ഡിസ്ട്രിക്ട് മജിസ്റ്റിന് മാപ്പപേക്ഷ എഴുതിക്കൊടുത്ത് ബാലകൃഷ്ണന്‍ നായര്‍ മാപ്പു സാക്ഷിയായി.
പിതാവിനുള്ള ഖാദറിന്റെ കത്ത് ഒരു വിപ്ലവകാരിയുടെ ധീരത തുടിച്ചു നില്‍ക്കുന്ന വാക്കുകളും ചിന്തകളുള്ള പക്വതയുള്ള ഒരു തത്വചിന്തകന്റെ വാക്കുകളാണ്. തടവറിയിലെ ജിവിതം ആ യുവാവിനെ ശുഭാപ്തിവിശ്വാസം ഒട്ടും നഷ്ടപ്പെടാത്ത കുറ്റബോധമില്ലാത്ത ഉറച്ച ഒരു ദേശാഭിമാനിയാക്കി മാറ്റിയിരുന്നു. ആ ചിന്തകളാണ് അവസാനമെഴുതിയ രണ്ട് കത്തുകളിലും പ്രതിഫലിക്കുന്നത്.
'സമാധാനപരവും അഞ്ചലവുമായ ഒരു ഹൃദയം തന്ന് അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുകയാണ്. ഇവിടെയാണ് അല്ലാഹുവിന്റെ അഭീഷ്ടത്തില്‍ സംതൃപ്തനായി ആത്മത്യാഗത്തിനുള്ള സന്ദര്‍ഭം. എന്നെ ജീവഹാനി കൊണ്ടാണെങ്കില്‍ നിങ്ങളെ സന്താന നഷ്ടം കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു. ഞാന്‍ ഈ അയക്കുന്നത് ഒരെഴുത്തല്ല. ഒരു ടോര്‍പിഡോ ആണെന്ന് എനിക്കറിയാം പ്രിയപ്പെട്ട പിതാവേ ഞാന്‍ എന്നെന്നേക്കുമായി വിട്ട് പിരിയുന്നു. നാളെ രാവിലെ ആറുമണിക്കു മുന്‍പായി എന്റെ എളിയ മരണം. ധൈര്യപ്പെടുക. ഞാന്‍ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചെതെന്ന് നിങ്ങള്‍ ഒരവസരത്തില്‍ ദൃക്‌സാക്ഷികളില്‍ നിന്ന് അറിയാന്‍ ഇടയാകുമ്പോള്‍ തീര്‍ച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും. ഞാന്‍ നിറുത്തട്ടെ.'
എട്ട് പേജുള്ള ആ കത്തിലെ തന്റെ അവസാന വാക്കുകള്‍ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കവിത പോലെ ഖാദര്‍ വരികള്‍ മാറ്റി എഴുതി.
'മണി മുഴക്കം മറഞ്ഞ ദിനത്തിന്റെ
മണി മുഴക്കം മധുരം വരുന്നു ഞാന്‍'
ഒന്നാം പ്രതി വക്കം അബ്ദുള്‍ ഖാദര്‍ തന്നെയായിരുന്നു. തികച്ചും ധിക്കാരപരവും നിഷേധാത്മക നിലപാടായിരുന്നു കേസന്വേഷണത്തില്‍ ഖാദര്‍ പ്രകടിപ്പിച്ചത്. ചോദ്യം ചെയ്യല്‍ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ ഏറ്റവും മര്‍ദനമേറ്റതും ഖാദറിന് തന്നെ. പ്രതിയുടെ ധിക്കാരം സഹിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തില്‍ അതിന്റെ വിരോധം തീര്‍ക്കുമെന്നത് ഉറപ്പായിരുന്നു.
രണ്ടാം പ്രതി അനന്തന്‍ നായര്‍, കെ എ ജോര്‍ജ് , സി പി ഈപ്പന്‍, മുഹമ്മദ് ഘാനി എന്നിവര്‍ മൂന്നു മുതല്‍ അഞ്ച് വരെ പ്രതികളായി.
രണ്ടാം പ്രതിയായ അനന്തന്‍ നായര്‍ തന്റെ രക്ഷ ഉറപ്പാക്കാനാണ് എല്ലാം തുറന്നു പറഞ്ഞത്. പക്ഷേ, അത് വിജയിച്ചില്ല.
അബ്ദുള്‍ ഖാദറിനും കൂട്ടാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ എര്‍പ്പെടുത്തിയ വക്കീല്‍ മദിരാശിയിലെ പ്രശസ്തനായ രാജഗോപാല്‍ അയ്യങ്കാറായിരുന്നു.
സര്‍ക്കാറിന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രശസ്തനായ വി എന്‍ എത്തിരാജ് ഹാജരായി. അതീവ രഹസ്യമായാണ് വിചാരണ നടത്തിയത്. ആവശ്യമുള്ളപ്പോള്‍ മാത്രം സാക്ഷികളെ ഹാജരാക്കി. പ്രതികളും വക്കീല്‍മാരും കോടതി ജോലിക്കാരും ഒഴികെ ആരെയും പ്രവേശിപ്പിച്ചില്ല.
അയര്‍ലൻഡുകാരനായ ജഡ്ജി മാര്‍ക്ക് പ്രതികളോട് അനുഭാവപൂര്‍ണമായ സമീപനമായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഭരണത്തിലിരിക്കുന്ന വെള്ളക്കാരുടെ മുന്‍വിധികളൊന്നും അദ്ദേഹത്തെ വിചാരണയില്‍ സ്വാധീനിച്ചില്ല. ഓഡിനന്‍സിന്റെ അവ്യക്തയെ വിമര്‍ശിച്ച ആ ജഡ്ജി അധികാരികളുടെ ഇച്ഛക്ക് വിധിയെഴുതുന്ന വ്യക്തിയല്ലായിരുന്നു. പക്ഷേ, തെളിവുകളും സാക്ഷിമൊഴികളും പ്രതികള്‍ കുറ്റം ചെയ്തവരാണെന്ന് ഉറപ്പിക്കുന്നവയായതിനാല്‍ അദ്ദേഹത്തിന്റെ വിധി ഈ തടവുകാര്‍ക്കെതിരായി.
താനൂരില്‍ എത്തിയ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വന്നവരാണെന്ന സാക്ഷി മൊഴികള്‍ ഖാദറിനെതിരായി. അബ്ദുള്‍ഖാദര്‍, അനന്തന്‍ നായര്‍, ഫൗജാ സിങ്ങ് , സത്യേന്ദ ചന്ദ്ര ബര്‍ധാന്‍ എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചു. സെപ്റ്റംബര്‍ 10 ന് തൂക്കിലിടാന്‍ തീരുമാനിച്ചു.
തൂക്കുമരം ഒഴിവാക്കാനായി വൈസ്രോയിക്ക് ദയാഹര്‍ജി പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയെങ്കിലും അത് നിരസിക്കപ്പെട്ടു. ബറോഡയില്‍ നിന്ന് പിടികൂടിയ ബോണിഫെസ് പെരേരെയെ ആദ്യം തുക്കാന്‍ വിധിച്ചെങ്കിലും അപ്പീലില്‍ നാട്ടു പ്രജയായ അയാള്‍ മറ്റൊരു നാട്ടുരാജ്യത്തില്‍ ബോട്ടില്‍ വന്നത് ഗൂഢാലോചനയായി വ്യാഖ്യാനിക്കാന്‍ കഴിയില്ലന്ന കാരണത്താല്‍ വധശിക്ഷ ഒഴിവാക്കി 5 വര്‍ഷം കഠിന തടവ് വിധിച്ചു.
സെന്‍ട്രല്‍ ജയിലില്‍ ഒരേ സമയം രണ്ടുപേരെ തൂക്കിലിടാനെ സൗകര്യമുള്ളൂ. ആദ്യം ഖാദറെയും ഫൗജാസിങ്ങിനേയും പിന്നിട് അനന്തന്‍ നായരെയും ബര്‍ധാനേയും കഴുവിലേറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു. തുക്കു മരത്തില്‍ കയറുന്നതിന് തലേ നാള്‍ ഖാദര്‍ രണ്ട് കത്തുകള്‍ എഴുതി. ആദ്യത്തേത് പിതാവിനും രണ്ടാമത്തേത് ബോണിഫെസ് പെരേരക്കും.
ബോണിഫെയ്‌സ് പെരേരക്കുള്ള കത്തില്‍
' നമ്മുടെ മരണം മറ്റനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. ഇന്ത്യന്‍ നാഷണലിസ്റ്റ് ടീമും ബ്രിട്ടീഷ് ഇംപീരിയലിസ്റ്റ് ടീമും ആയുള്ള അവസാന കളിയില്‍ നാം തന്നെ ഗോളടിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു സ്വതന്ത്ര ഭാരത പുത്രനാകാന്‍ സ്വാതന്ത്ര്യമാതാവിന്റെ കൈകളില്‍ ആലിംഗനം ചെയ്യപ്പെടാന്‍ നിങ്ങള്‍ക്ക് ഇടവരട്ടെ'
1943 സെപ്റ്റംബര്‍ 10. വെള്ളിയാഴ്ച .
അന്ന് രാവിലെ അഞ്ച് മണിക്ക് നാല് ധീരന്മാരായ ദേശാഭിമാനികള്‍ തൂക്കു മരത്തിന്റെ കീഴില്‍ സധൈര്യം നിന്നു. തന്റെ അന്ത്യാഭിലാഷമായി ഖാദര്‍ ജയില്‍ സൂപ്രണ്ടിനോട് ഒരു കാര്യമാവശ്യപ്പെട്ടു.
'ഹിന്ദു - മുസ്ലിം മൈത്രിയുടെ പ്രതികമായി എന്നോടൊപ്പം ഒരു ഹിന്ദുവിനെ തൂക്കിലിടണം.' അക്കാലത്ത് എല്ലാം മതപരമായി വേര്‍തിരിച്ചായിരുന്നു ചെയ്തിരുന്നത്.
അതിനെ നിഷേധിക്കാന്‍ അയാള്‍ക്കായില്ല.
നിശബ്ദത തളം കെട്ടിയ ആ കൊലയറയില്‍ തൂക്കുകയര്‍ കഴുത്തില്‍ വീഴുമ്പോള്‍ ' അവര്‍ ഉറക്കെ വിളിച്ചു.
'ഭാരത് മാതാ കീ ജയ്
ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ!'