പ്രകൃതിയുടെ കാൻവാസിൽ സെക്സ് അശ്ലീലമാകാത്ത ഭരതവിസ്മയം

പ്രകൃതിയുടെ കാൻവാസിൽ സെക്സ് അശ്ലീലമാകാത്ത ഭരതവിസ്മയം

ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് കാൽനൂറ്റാണ്ടാകുന്നു
Updated on
3 min read

ഫ്രെയിമുകളെ കാൻവാസാക്കി കാഴ്ചക്കാരന്റെ മനസുകളിൽ പച്ച മനുഷ്യന്റെ നേർചിത്രം വരച്ചിട്ട ചിത്രകാരൻ. മനുഷ്യൻ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾക്ക് നിറം കൊടുത്ത സംവിധായകൻ. പ്രണയവും പ്രതികാരവും രതിയും പ്രകൃതിയുടെ നിറക്കൂട്ടിൽ ചാലിച്ച് പുതിയ ദൃശ്യാനുഭവം പകർന്നു നൽകിയ പ്രതിഭ. സംവിധാനം, കലാ സംവിധാനം, ഗാനരചന, ശില്‍പി, പോസ്റ്റര്‍ ഡിസൈനിംഗ്, സംഗീത സംവിധാനം എന്നിങ്ങനെ സിനിമ എന്ന കലയുടെ രൂപത്തിലും ഭാവത്തിലും ഉളളടക്കത്തിലും ഇടപെടലുകൾ നടത്തിയ ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് കാൽനൂറ്റാണ്ടാകുന്നു.

മലയാളികളുടെ ദൃശ്യബോധത്തിന് പുതിയ മാനങ്ങൾ തീർത്തുകൊണ്ട് 1980കളിൽ ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന സംവിധായകരാണ് പത്മരാജനും ഭരതനും. പത്മരാജന്റെ രചനയിൽ ഭരതൻ കഥയും കലാസംവിധാനവും സംവിധാനവും നിർവഹിച്ച് 1975ൽ തിയറ്ററുകളിലെത്തിയ 'പ്രയാണ'ത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് മനുഷ്യരുടെ മാനസിക വ്യാപാരങ്ങളിലേക്ക് ഇരുവരും നടത്തിയ യാത്രയ്ക്കാണ് ചലച്ചിത്രലോകം സാക്ഷ്യം വഹിച്ചത്. ആദ്യചിത്രം തന്നെ അതിന് മതിയായ തെളിവായിരുന്നു. പൂജാദികാര്യങ്ങളുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന പ്രായം ചെന്ന ഒരു ബ്രാഹ്മണൻ ഒരു യുവതിയെ വിവാഹം കഴിക്കുകയും അവൾ സമീപത്തെ ഒരു യുവാവുമായി അടുക്കുകയും ചെയ്യുന്നതാണ് പ്രയാണത്തിന്റെ ഇതിവൃത്തം. കൊട്ടാരക്കര ശ്രീധരൻ നായർ പൂജാരിയുടെ വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ഛായാ​ഗ്രഹണം ബാലു മഹേന്ദ്ര ആയിരുന്നു. യാഥാസ്ഥിതികരായ മലയാളികളുടെ മനോമണ്ഡലങ്ങളോട് കലഹിക്കുന്നതായിരുന്നു പ്രയാണം. ലൈംഗികത അശ്ലീലതയല്ലെന്ന് ആവർത്തിച്ചു പറയാനാണ് ഭരതനും പത്മരാജനും ശ്രമിച്ചിരുന്നത്.

എന്നാൽ, അക്കാലത്ത് സാഹിത്യലോകത്ത് സജീവമായിരുന്ന മാധവിക്കുട്ടിയും പത്മരാജനും, ചലച്ചിത്രലോകത്തേക്ക് വരികയാണെങ്കിൽ ഭരതൻ അടക്കമുള്ളവർ മലയാളികളുടെ ഇടുങ്ങിയ കാഴ്പ്പാടുകളിൽ അശ്ലീലം എഴുതുന്നവരും സിനിമ പിടിക്കുന്നവരുമായിരുന്നു. ലൈം​ഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീ സമത്വത്തെക്കുറിച്ചും സെക്സും കണ്സെന്റും ഇന്നും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് ഭരതന്റെ സിനിമകളെ ഓർത്തെടുക്കുമ്പോൾ അവിടെ പത്മരാജന്റെ സിനിമാ സങ്കൽപ്പങ്ങളെക്കൂടെ അടയാളപ്പെടുത്തേണ്ടി വരുമെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. സെക്സ് അശ്ലീലമെന്ന പൊതുബോധത്തിൽ ജീവിച്ചുവന്നിരുന്ന മനുഷ്യർ അതിനെ അടിച്ചമർത്തിക്കൊണ്ട് ജീവിച്ചപ്പോൾ സെക്സ് ജൈവികമാണെന്ന് അടയാളപ്പെടുത്താനാണ് രതിനിർവേദത്തിലൂടെ ഭരതൻ ശ്രമിച്ചത്.

1970ൽ പത്മരാജൻ എഴുതിയ 'രതിനിർവേദം' എന്ന നോവലിനെ 1978ൽ ഭരതൻ അതേപേരിൽ തന്നെ സിനിമയാക്കുകയായിരുന്നു. പത്മരാജൻ തന്നെയായരുന്നു ചിത്രത്തിന്റെ രചനയും. കൗരമാരക്കാനയായ പപ്പുവിന്റെയും യുവതിയായ രതിയുടേയും പ്രണയവും കാമതൃഷ്ണകളും സ്ക്രീനിൽ തെളിഞ്ഞപ്പോൾ മലയാളിയുടെ കപട സദാചാര ബോധത്തിന്റെയും ചിന്തകളുടെയും വേലിക്കെട്ടിനെയാണ് ഭരതൻ പൊളിക്കാനായി ആരംഭിച്ചത്. കായംകുളത്തിനടുത്ത് ചെപ്പാട്ടുമുക്ക് എന്ന സാങ്കൽപ്പികഗ്രാമത്തിൽ നടക്കുന്ന കഥയായി പത്മരാജൻ എഴുതിയ 'രതിനിർവേദം' വെളളിത്തിരയിൽ എത്തിയപ്പോൾ, ജയഭാരതിയും കൃഷ്ണചന്ദ്രനുമായിരുന്നു രതിയേയും പപ്പുവിനെയും അവതരിപ്പിച്ചത്. സെക്സ് അശ്ലീലമെന്ന മലയാളികളുടെ ദൃശ്യാനുഭവത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് ജയഭാരതിയും കൃഷ്ണചന്ദ്രനും രതിനിർവേദത്തിൽ അഭിനയിച്ചത്. മനുഷ്യന്റെ മാനസികവ്യാപാരങ്ങളിൽ അശ്ലീലമെന്ന് കരുതിയിരുന്ന സെക്സിനെ പ്രകൃതിയുടെ കാൻവാസിലേക്ക് ഭരതൻ മാറ്റിവരച്ചപ്പോൾ പത്മരാജന്റെ നോവലിനോട് കൂടി നീതിപുലർത്താനും മറന്നില്ല.

കേരളത്തിൽ ബോക്സ് ഓഫീസ് ഹിറ്റായിമാറിയ രതിനിർ‌വേദത്തിന് ധാ​രാളം വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. അശ്ലീലതയുടെ അതിപ്രസരണമാണ് ചിത്രത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം. മലയാള സിനിമ നീലച്ചിത്രമായി അധഃപതിക്കുന്നുവെന്നും വ്യാപകമായി പ്രചാരണമുണ്ടായി. എന്നാൽ, ഭരതൻ പത്മരാജൻ കൂട്ടുകെട്ടിൽ പിന്നെയും സമാനമായ ചിത്രങ്ങൾ പിറന്നു എന്നുളളതാണ് ചരിത്രം. 1979ൽ പത്മരാജൻ തിരക്കഥ എഴുതി ഭരതൻ സംവിധാനം ചെയ്ത 'തകര' തിയേറ്ററുകളിലെത്തിയപ്പോൾ മനുഷ്യമനസുകളെ പഠിച്ചിരുന്ന രണ്ട് പ്രതിഭകളുടെ സം​​ഗമം കൂടിയായിരുന്നു അത്. പത്മരാജന്‍റെ ചതുരംഗം എന്ന നോവലൈറ്റ് ആണ് തകര എന്ന സിനിമയായത്. മാനസിക വളര്‍ച്ചയില്ലാത്ത തകരയുടെ പ്രണയവും രതിയും പ്രതികാരവും പ്രണയനഷ്ടവും ആണ് ചിത്രത്തിന്റെ പ്രമേയം. പ്രതാപ് പോത്തനാണ് തകരയായി ചിത്രത്തിൽ വേഷമിട്ടത്. രതിനിർവേദത്തിൽ നിന്നും ഒരുപടികൂടി മുന്നോട്ട് പോയി പ്രണയത്തിനും രതിക്കുമപ്പുറം പ്രതികാരദാഹി കൂടിയാണ് മനുഷ്യനെന്ന് വരച്ചിടാൻ ഭരതൻ മുതിർന്നു.

ഭരതനും പത്മരാജനും പറഞ്ഞതിനപ്പുറം ഇന്ന് മലയാളസിനിമ പ്രേക്ഷകരോട് സംവദിക്കുന്ന തലത്തിലേക്ക് വളർന്നിട്ടുണ്ടോ എന്നതും വിലയിരുത്തേണ്ടതുണ്ട്. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം 'പ്രേമം' തിയേറ്ററുകളിൽ ഏറെ കോളിളക്കം സ‍ൃഷ്ടിച്ച ഒന്നായിരുന്നു. അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുളള പ്രണയത്തെക്കൂടി ആ ചിത്രം അടയാളപ്പെടുത്തുമ്പോൾ, ജോൺപോളിന്റെ തിരക്കഥയിൽ 1980ൽ ഭരതൻ സംവിധാനം ചെയ്ത 'ചാമര'ത്തിന്റെ കലാമൂല്യം എന്താണെന്ന് ഓരോ പ്രേക്ഷകനും തിരിച്ചറിയും. വിദ്യാർത്ഥിയും കോളേജ് അധ്യാപികയും തമ്മിലുള്ള പ്രണയകഥയായിരുന്നു ചാമരത്തിന്റെയും ഇതിവൃത്തം. പ്രണയത്തിന്റെയും പ്രണയ തിരസ്കാരത്തിന്റെയും നോവിന്റെ കഥ പറഞ്ഞ 'ചാമരം' മരണമെന്ന വിധിയെയും അടയാളപ്പെടുത്തിയാണ് കടന്നുപോയത്.

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ 'വൈശാലി'യിലൂടെയായിരുന്നു ഭരതനു പറയാനുളളത് അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്. ഭരതൻ ടച്ചെന്ന് അദ്ദേഹ​ത്തിന്റെ സിനിമകളെ വിശേഷിപ്പിക്കുമ്പോഴും അതിന്റെ പൂർണ്ണത കൈവരിക്കുന്നത് വൈശാലിയിൽ വ്യക്തമായി കാണാൻ കഴിയും. ഭരതനിലെ ചിത്രകാരനെ ആഴത്തിൽ അടയാളപ്പെടുത്തിയ ക്ലാസിക് ചിത്രമായിരുന്നു വൈശാലി. പ്രകൃതിയിലെ പക്ഷിമൃഗാദികളും സസ്യലതാദികളും പൂക്കളും കാറ്റും മഴയും ഒക്കെ സെക്സിന്റെ രൂപകങ്ങളായി ഭരതൻ തന്റെ ഫ്രെയിമിൽ കൊണ്ടു വന്നു. ഒരോ ഫ്രെയിമു‌കളിലും പ്രകൃതിയുടെ കൈയ്യൊപ്പ് പതിപ്പിക്കാൻ ഭരതൻ പ്രത്യേകം ശ്രദ്ധചെലുത്തിയ ചിത്രം. വാത്സ്യായനന്റെ കാമസൂത്രം പഠിച്ച വൈശാലി രാമായണത്തിലെ ഉപകഥകളിലൊന്നിലെ അപ്രധാനമായ കഥാപാത്രമാണ്. എംടിയും ഭരതനും ഒരുമിച്ചപ്പോൾ സെക്സ് പ്രകൃതിയിലേക്ക് ലയിച്ചുചേരുന്ന ഫ്രെയിമുകളാണ് പിറന്നത്.

കാതോട് കാതോരം, പാളങ്ങള്‍, മര്‍മ്മരം, കാറ്റത്തെ കിളിക്കൂട്, താഴ്‍വാരം, അമരം, വെങ്കലം, പാഥേയം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഭരതസ്പർശമേറ്റ് വെളളിത്തിരയിലെത്തിയത്. പരിയേറും പെരുമാൾ ചെയ്തപ്പോഴും കർണൻ ചെയ്തപ്പോഴും മാമന്നൻ ചെയ്തപ്പോഴും തേവര്‍മകന്‍ കണ്ടിട്ടാണ് സിനിമ ചെയ്തതെന്ന് മാരി സെൽവരാജ് പറയുമ്പോൾ ഭരതനിലെ ലെജൻഡിനെ സിനിമാ ആസ്വാദകർ അന്വേഷിച്ചുപോകുന്നത് കാണാം. അത്തരത്തിൽ ഇന്ന് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളിലേക്ക് അരനൂറ്റാണ്ട് മുന്നെ തന്നെ ചിന്തിക്കുകയും സിനിമ എടുക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. പ്രകൃതിയിൽ നിന്നും ഭിന്നമായി സെക്സിന് നിലനിൽപ്പില്ലെന്ന് വരച്ചിടാൻ ശ്രമിച്ച ഭരതൻ, മനുഷ്യൻ അടിച്ചമർത്താൻ ശ്രമിച്ച വികാരങ്ങളെ പുറത്തുകൊണ്ടു വരികയും മനുഷ്യന്റെ ചിന്തകളിലാണ് അശ്ലീലത നിറ‍ഞ്ഞിരിക്കുന്നതെന്നും തന്റെ സിനിമകളിലെ ഓരോ ഷോട്ടുകളിലൂടെയും പറഞ്ഞു. മരണം പതിയിരിക്കുന്ന താഴ്വാരങ്ങളിൽ പ്രണയത്തിന്റെയും രതിയുടെയും കഥ പറഞ്ഞ ഭരതൻ സിനിമകൾ കാലത്തെ അതിജീവിച്ചോ എന്നറിയാൻ നമ്മുടെ ന്യൂജനറേഷൻ സിനിമകൾ നോക്കിയാൽ മതിയാകും.

logo
The Fourth
www.thefourthnews.in