എൻ ശങ്കരയ്യ- വിപ്ലവ വഴിയിലെ സമരതീഷ്ണ ജീവിതം

എൻ ശങ്കരയ്യ- വിപ്ലവ വഴിയിലെ സമരതീഷ്ണ ജീവിതം

ജന്മിത്തത്തിനെതിരെ പോരാടി കയ്യൂരിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ 1943 കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊല്ലുമ്പോൾ അന്ന് ആ ജയിലിലെ തടവുകാരനായിരുന്നു ശങ്കരയ്യ
Updated on
3 min read

വിപ്ലവത്തിന്റെ വഴിയിലൂടെയായിരുന്നു എന്‍ ശങ്കരയ്യയുടെ ജീവിത യാത്ര. 17-ാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം. സന്ദേഹമില്ലാത്ത മാര്‍ക്‌സിസ്റ്റ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തിരുത്തല്‍വാദമെന്ന് പാര്‍ട്ടിയില്‍ ചിലര്‍ ആരോപിച്ച പ്രവണതയ്‌ക്കെതിരെ ഉള്‍പ്പാര്‍ട്ടി സമരം ഉണ്ടായപ്പോള്‍ അതിന്റെ വക്താവായി ശങ്കരയ്യ. പിന്നീട് 1964 ല്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളുമായി. അന്ന് പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണമായ ഇറങ്ങി പോന്നവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് വി എസ് അച്യുതാനന്ദന്‍ മാത്രം.

സ്വാതന്ത്ര്യസമര സേനാനി, വിപ്ലവകാരി, എഴുത്തുകാരൻ, പ്രസംഗകൻ എന്നിങ്ങനെ നിരവധി നിലകളിൽ പ്രഗത്ഭനായിരുന്നു ശങ്കരയ്യ. തമിഴ്‌നാടിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്തിയ വിപ്ലവകാരി.

അടുത്തിടെ തമിഴ്‌നാട് ഡിഎംകെ സമരക്കാരും ഗവർണർ ആർ എൻ രവിയും തമ്മിലുണ്ടായ വലിയ ഏറ്റുമുട്ടലുകളിലൊന്ന് എൻ ശങ്കരയ്യയെ സംബന്ധിച്ചായിരുന്നു. എൻ ശങ്കരയ്യയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തെ ഗവർണർ എതിർത്തതായിരുന്നു ഏറ്റുമുട്ടലിന്റെ ഹേതു. ശങ്കരയ്യയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകാനുള്ള പ്രമേയങ്ങൾ സിൻഡിക്കേറ്റും സെനറ്റും പാസാക്കി ഗവർണർക്ക് അയച്ചെങ്കിലും അദ്ദേഹം നിരസിച്ചു. ഗവർണറുടെ നടപടിയെ അന്ന് രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി രംഗത്തെത്തിയിരുന്നു. ശങ്കരയ്യയെക്കുറിച്ച് അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കണമെന്നായിരുന്നു ഗവർണർക്ക് കെ പൊന്മുടി നൽകിയ ഉപദേശം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻ ശങ്കരയ്യ
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻ ശങ്കരയ്യ

രാഷ്ട്രീയ പ്രവേശനം

മെട്രിക്കുലേഷനുശേഷം മധുരയിലെ അമേരിക്കൻ കോളേജിൽ ചരിത്ര ബിരുദ വിദ്യാർഥിയായിരുന്നു ശങ്കരയ്യ. അക്കാലത്ത് നടന്നിരുന്ന ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളിൽ വളരെ സജീവമായിരുന്നു അദ്ദേഹം. പതിനേഴാം വയസ്സിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)യിൽ അംഗമാകുന്നത്. പാർട്ടി അന്ന് നിരോധക്കപ്പെട്ടതിനാൽ രഹസ്യമായിട്ടായിരുന്നു പ്രവർത്തനം. "കോളേജ് കാലഘട്ടത്തിൽ ഇടത് സഹയാത്രികരായ പലരുമായി സൗഹൃദത്തിലായിരുന്നു. അക്കാലത്താണ് സ്വാതന്ത്രമില്ലാതെ സാമൂഹ്യപരിഷ്കരണം നടക്കില്ലെന്ന് ഞാൻ മനസിലാക്കിയത്," കമ്മ്യൂണിസ്റ്റ് പ്രവേശനത്തെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്.

അദ്ദേഹം സ്വാതന്ത്ര്യസമര സേവനങ്ങളുടെ ഭാഗമായിരുന്ന കാലത്താണ് ചിദംബരം അണ്ണാമലൈ സർവകലാശാലയിൽ വലിയ വിദ്യാർത്ഥി മുന്നേറ്റം നടക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായ അണ്ണാമലൈ സർവകലാശാല വിദ്യാർഥി മീനാക്ഷിയെ അറസ്റ്റ് ചെയ്തത് നടപടിയെ അപലപിക്കാൻ മധുരയിൽ ഒരു യോഗം നടന്നു. ശങ്കരയ്യയുടെ സുഹൃത്തും വിദ്യാർഥിനേതാക്കളിൽ ഒരാളുമായ നാരായണസാമിയുടെ മുറിയിൽനിന്ന് ലഘുലേഖകൾ കണ്ടെത്തിയതോടെയാണ് ശങ്കരയ്യ ആദ്യമായി അറസ്റ്റിലാകുന്നത്. 1941 ഫെബ്രുവരി 28 ന്, കോളേജ് ഫൈനൽ പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം മുൻപായിരുന്നു ഈ അറസ്റ്റ്. അതുകാരണം അദ്ദേഹത്തിനൊരിക്കലും ബിരുദപഠനം പൂർത്തിയാക്കാനായില്ല.

1946-ലെ മധുര ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ജയിൽ ശിക്ഷ. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ശങ്കരയ്യ മധുര സെൻട്രൽ ജയിലിൽനിന്ന് പുറത്തുവരുന്നത്
മികച്ച വാഗ്മിയും എഴുത്തുകാരനുമായിരുന്നു എൻ ശങ്കരയ്യ
മികച്ച വാഗ്മിയും എഴുത്തുകാരനുമായിരുന്നു എൻ ശങ്കരയ്യ

സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലിൽ പോകുന്നതിൽ അഭിമാനം തോന്നിയിരുന്നു എന്നാണദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. അന്ന് വെല്ലൂർ ജയിലിൽവച്ച് എ കെ ഗോപാലൻ അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ അദ്ദേഹം കണ്ടുമുട്ടി. അവിടെ വച്ച് 19 ദിവസം നീണ്ട നിരാഹാരസമരം നടത്തി. വിദ്യാർഥിയായിരിക്കെ ആദ്യ ജയിൽശിക്ഷ 18 മാസം വരെ നീണ്ടു. 1946-ലെ മധുര ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ജയിൽശിക്ഷ. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ശങ്കരയ്യ മധുര സെൻട്രൽ ജയിലിൽനിന്ന് പുറത്തുവരുന്നത്.

ജന്മിത്തത്തിനെതിരെ പോരാടിയ കയ്യൂരിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ 1943 കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊല്ലുമ്പോൾ അന്ന് അവിടെ തടവുകാരനായിരുന്നു ശങ്കരയ്യ.

സ്വാതന്ത്ര്യത്തിന് മുൻപും ശേഷവുമായി അനവധി തവണ എൻ ശങ്കരയ്യ ജയിൽ ജീവിതം അനുഭവിച്ചു. 1948 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചതോടെ വീണ്ടും ഒളിവ് ജീവിതം ആരംഭിച്ചു. 1950 ൽ അറസ്റ്റിലായി. ഒരു വർഷത്തിനുശേഷം പുറത്തിറങ്ങി. ഇന്ത്യ - ചൈന യുദ്ധത്തിന്റെ സമയത്ത് ജയിലിൽ കിടന്ന അനവധി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ഏഴ് മാസമാണ് അന്ന് ജയിലിൽ കിടന്നത്. 1965-ൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ മറ്റൊരു അടിച്ചമർത്തലിൽ 17 മാസം കൂടി ജയിലിൽ കിടന്നു. ആകെ എട്ട് വർഷമാണ് അദ്ദേഹം ജയിലിൽ കിടന്നത്.

സിപിഐ പിളർപ്പ്

1964 ഏപ്രിൽ 11 ന് നടന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ 32 അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. പാർട്ടി ചെയർമാൻ എസ് എ ഡാങ്കെയുടെ ഐക്യവിരുദ്ധ നയങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പിന്നീട് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ നേതാവുമായിരുന്നു. 1995 മുതൽ 2002 വരെ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം അവിടുത്തെ പാർട്ടി മുഖപത്രമായ തീക്കതിറിന്റെ പത്രാധിപരായിരുന്നു.

മൂന്ന് തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 1967ൽ ഡിഎംകെ തമിഴ്‌നാട്ടിൽ അധികാരം പിടിച്ചപ്പോൾ മധുര വെസ്റ്റിൽനിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1977ലും 1980ലും മധുരൈ ഈസ്റ്റിൽനിന്ന് വീണ്ടും വിജയിച്ചു. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ നവമണിയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്.

logo
The Fourth
www.thefourthnews.in