കളത്തില്‍ സമ്പൂർണ ആധിപത്യം, ജനപ്രിയന്‍; ആരാധകരുടെയും സഹതാരങ്ങളുടെയും പ്രിയപ്പെട്ട കൈസര്‍
മധ്യനിരയിലും മുന്നേറ്റത്തിലും സമ്പൂർണ ആധിപത്യം, ജർമന്‍ ഫുട്ബോള്‍ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവറിന്റെ കളിശൈലിയെ ഇങ്ങനെ വിശേഷിപ്പിക്കാം. നായകനായും പരിശീലകനായും ജർമനിയെ ലോകകിരീടം നേടിക്കൊടുത്ത കാണികളുടേയും സഹതാരങ്ങളുടേയും പ്രിയപ്പെട്ട 'കൈസർ'. ബെക്കറിന്റെ കളിമികവ് അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല ക്ലബ്ബ് ഫുട്ബോളിലും കണ്ടു, ജർമന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പം.
2006 ഫുട്ബോള്‍ ലോകകപ്പിന് ജർമനി ആതിഥേയത്വം വഹിച്ചതുമായി ബന്ധപ്പെട്ട് നടന്ന കൈക്കൂലി ആരോപണം ബെക്കന്‍ ബോവറിനെ വലച്ചിരുന്നു. എങ്കിലും ബെക്കർ മൈതാനങ്ങളില്‍ തീർത്ത മാന്ത്രീകതയെ മറികടക്കാന്‍ മാത്രം ആരോപണങ്ങള്‍ക്കായില്ല.
യുദ്ധത്തില്‍ തകര്‍ന്ന മ്യൂണിക്കില്‍ പോസ്റ്റല്‍ തൊഴിലാളിയായ ഫ്രാന്‍സ് ബെക്കന്‍ ബോവറിന്റെയും അന്റോണിയോയുടെയും രണ്ടാമത്തെ മകനായി 1945 സെപ്റ്റംബര്‍ 11നാണ് ഫ്രാന്‍സ് ആന്റണ്‍ ബെക്കന്‍ ബോവര്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ബെക്കർ ഫുട്ബോളിനോടുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഫുട്ബോളിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഒമ്പതാം വയസില്‍ എസ് സി 1906 മ്യൂണിക്കിനൊപ്പമായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ബയേണിലേക്കും താരമെത്തി.
1964ല്‍ ഫുട്ബോള്‍ ലോകത്ത് ബയേണ്‍ ചുവടുവെക്കുന്ന കാലത്താണ് ബെക്കർ ടീമിലെത്തുന്നത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മനിയിലെ തന്നെ പ്രധാന ടീമായി ബയേണ്‍ മാറി. സ്ട്രൈക്കർ ജെറാഡ് മുള്ളറും, ഗോള്‍കീപ്പര്‍ സെപ്പ് മയെറും ബെക്കന്‍ ബോവറും ചേര്‍ന്ന അതുല്യ പ്രതിഭകള്‍ 1966നും 1974നും ഇടയില്‍ നാല് ബുണ്ടന്‍സ്‌ലിഗ കപ്പും നാല് ജര്‍മന്‍ കപ്പും നേടിയെടുത്തു.
വിങ്ങറായായിരുന്നു ബെക്കറിന്റെ തുടക്കമെങ്കിലും സാവധാനം സെന്‍ട്രല്‍ മിഡ്‍ഫീല്‍ഡിലേക്ക് മാറി. കളിയെക്കുറിച്ചുള്ള അസാമാന്യ ധാരണയും വീക്ഷണവും വൈകാതെ തന്നെ ടീമിന്റെ നായകപദവിയിലേക്ക് ബെക്കറിനെ എത്തിച്ചു. 1996ലെ ലോകകപ്പ് ആഗോളതലത്തില്‍ തന്നെ ബെക്കറിന്റെ സ്വീകാര്യത ഉയർത്തി. 1972ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും രണ്ട് വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പും ജര്‍മനിക്ക് ജർമനിക്ക് നേടിക്കൊടുക്കാന്‍ ബെക്കറിനായി.
1974 മുതല്‍ 76 വരെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ യൂറോപ്യന്‍ കപ്പില്‍ ബയേണ്‍ കിരീടം ചൂടിയപ്പോഴും ബോവര്‍ തന്നെയാണ് ടീമിനെ നയിച്ചത്. 1976ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബോവര്‍ നയിച്ച പശ്ചിമ ജര്‍മനി രണ്ടാം സ്ഥാനം നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലാണ്.
1977ല്‍ ബൂട്ടഴിക്കുമ്പോള്‍ 104 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്ത് താരത്തിനുണ്ടായിരുന്നു. മറ്റാർക്കും അവകാശപ്പെടാനാകാത്ത റെക്കോഡ്. പിന്നാലെ വടക്കന്‍ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ന്യൂയോര്‍ക്ക് കോസ്‌മോസില്‍ പെലെയുടെ കൂടെ മത്സരിക്കാന്‍ ഓഫറും ലഭിച്ചു.
''ഒരു ഫുട്‌ബോള്‍ താരം എന്ന നിലയില്‍ കരുത്തിനേക്കാള്‍ ബുദ്ധികൊണ്ടാണ് അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. ഫുട്‌ബോളില്‍ അദ്ദേഹം ജര്‍മന്‍കാരന്‍ എന്നതിനേക്കാള്‍ ബ്രസീലിയനാണ്'', ബോവറിനെക്കുറിച്ചുള്ള പെലെയുടെ അഭിപ്രായം.
പരിശീലകനെന്ന നിലയില്‍ പരിചയസമ്പത്തില്ലായിരുന്ന കാലാത്താണ് ജർമനിയെ 1986 ലോകകപ്പില്‍ ഫൈനല്‍ വരെ ബെക്കറെത്തിച്ചത്. അന്ന് അർജന്റീനയോടായിരുന്നു കലാശപ്പോരില്‍ പരാജയപ്പെട്ടത്. നാല് വർഷത്തിന് ശേഷം അർജന്റീനയെ തന്നെ കീഴടക്കി കണക്ക് തീർത്തു ബെക്കറും സംഘവും.
1990-91ല്‍ സ്‌പോര്‍ടിങ് ഡയറക്ടറായാണ് അദ്ദേഹത്തെ മാര്‍സെയില്‍ എന്ന ഫ്രഞ്ച് ക്ലബ് ക്ഷണിച്ചത്. ലീഗ് വണ്ണില്‍ ക്ലബിനെ ബോവര്‍ ഒന്നാമതെത്തിച്ചു. മാര്‍സെയില്‍ ആ സീസണില്‍ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ എത്തുകയും ചെയ്തു. 1993-94 വര്‍ഷങ്ങളില്‍ ബോവര്‍ ബയേണിലേക്ക് തിരികെയെത്തി. 2009 വരെ അദ്ദേഹം ബയേണിന്റെ പ്രസിഡന്റായി തുടർന്നു. ഇതിനുപുറമെ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
2006ലെ ലോകകപ്പില്‍ ആതിഥേയത്വം വഹിച്ച ജര്‍മനിയുടെ സംഘാടന മികവും വിജയവും ജര്‍മന്‍ ജനതയുടെ കണ്ണില്‍ അദ്ദേഹത്തിനൊരു സ്ഥാനം നല്‍കി. ഫുട്ബോളിലെ സ്വീപ്പര്‍ (ലിബറോ) എന്ന പൊസിഷന്‍ ലോകത്തിന് പരിചയപ്പെടുത്തിയതും ബേവര്‍ തന്നെ. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും നേടിയ ലോകത്തെ ചുരുക്കം ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ബോവര്‍. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ബോവറിന്റെ പേരില്‍ തന്നെയാണ്.
ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട ലേലനടപടികളില്‍ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളും ബോവറിനെതിരെ ഉയര്‍ന്നു. ഈ സമയങ്ങളില്‍ തന്നെ ബോവര്‍ ഹൃദയ സംബന്ധമായ രോഗങ്ങളും നേരിട്ടിരുന്നു. 2016ലും 2017ലും ശസ്ത്രക്രിയയും നടത്തി. എന്നിരുന്നാലും ആരോപണങ്ങളെയെല്ലാം നേരിട്ട് കരുത്തുറ്റ, ജനപ്രീതിയുള്ള നേതാവായി മാറാന്‍ ബേവറിന് സാധിച്ചിട്ടുണ്ട്.