'സഹാറ': തകര്‍ന്നുതരിപ്പണമായ സുബ്രതയുടെ സാമ്രാജ്യം, തിരികെ ലഭിക്കുമോ ആ 24,000 കോടി?
2000 രൂപയുമായി ഉത്തര്‍പ്രദേശിലെ ഒരു ചിട്ടിക്കമ്പനിയില്‍ നിന്ന് ആരംഭിച്ചതാണ് സുബ്രത റോയിയുടെ ബിസിനസ് ജീവിതം. റെയില്‍വെ കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവെന്ന് ടൈം മാഗസിന്‍ വരെ വാഴ്ത്തിയ, സഹാറ ഗ്രൂപ്പ് ചെയര്‍മാന്റെ വളര്‍ച്ചയും തളര്‍ച്ചയും ഒടുവില്‍ വീഴ്ചയും അതിനാടകീയമാണ്, ഒരു ത്രില്ലര്‍ സിനിമ പോലെ.
വിമാനക്കമ്പനി, എഫ് വണ്‍ ടീം, ഐപിഎല്‍ ടീം, ലണ്ടനിലും ന്യൂയോര്‍ക്കിലും നക്ഷത്ര ഹോട്ടലുകള്‍, ഫിനാന്‍ഷ്യല്‍ കമ്പനികള്‍, മ്യൂചല്‍ ഫണ്ട് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ടൗണ്‍ഷിപ്പ് തുടങ്ങി പടര്‍ന്നു പന്തലിച്ച വ്യവസായ ശൃംഖലയില്‍ പകുതിയും നിക്ഷപകര്‍ക്ക് പണം തിരികെ നല്‍കാനായി വില്‍ക്കേണ്ടിവന്നു. നീണ്ട ജയില്‍വാസത്തിനും ആശുപത്രി ദിനങ്ങള്‍ക്കുമൊടുവില്‍, സുബ്രത റോയ് വിടവാങ്ങുമ്പോള്‍, സഹാറ ഗ്രൂപ്പില്‍ നിന്ന് സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പിടിച്ചെടുത്ത 24,000 കോടിരൂപ നിക്ഷേപകരിലേക്ക് എങ്ങനെ തിരികെയെത്തുമെന്ന ചര്‍ച്ച സജീവമാണ്.
ചിട്ടിക്കമ്പനിയില്‍നിന്ന് തുടക്കം
1976ല്‍, പ്രതിസന്ധിയിലായ സഹാറ ഫിനാന്‍സ് എന്ന ചിട്ടിക്കമ്പനി ഏറ്റെടുത്തുകൊണ്ടാണ് സുബ്രത ബിസിനസ് രംഗത്തേക്കു കടന്നുവരുന്നത്. 1978ല്‍, പഴയ പിയര്‍ലെസ് ഗ്രൂപ്പിന്റെ സാമ്പത്തിക മാതൃക പിന്തുടര്‍ന്ന് സഹാറയെ അടിമുടി മാറ്റി കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാര്‍ എന്നാക്കി.
1992ല്‍ 'രാഷ്ട്രീയ സഹാറ' എന്ന പേരില്‍ ഹിന്ദി ദിനപത്രം തുടങ്ങി. പിന്നാലെ സഹാറ ടിവി ചാനലും ആരംഭിച്ചു. മുംബൈയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ ആംബിവാലി സിറ്റി (എഎംസി) ടൗണ്‍ ഷിപ്പ് നിര്‍മിച്ചത് സഹാറ ഗ്രൂപ്പിന്റെ വലിയ നേട്ടമായി വിലയിരുത്തപ്പെട്ടു. ഐപിഎല്ലില്‍ പുനെ വാരിയേഴ്‌സ് എന്ന ടീമിന്റെ ഉടമസ്ഥരായി. 2012-15 കാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരും സഹാറ ഗ്രൂപ്പായി.
സെബിയുടെ കണ്ണ് പതിയുന്നു
സഹാറ ഹൗസിങ് ഇന്‍വസ്റ്റ്‌മെന്റ് കോര്‍പ്‌റേഷന്‍ ലിമിറ്റഡിന്റെ പേരില്‍ മൂന്നു കോടിപ്പേരില്‍ നിന്ന് 24,000 കോടി പിരിച്ചെടുത്തതോടെയാണ് സഹാറ ഗ്രൂപ്പിന് മുകളില്‍ സെബിയുടെ കണ്ണുകള്‍ പതിഞ്ഞത്. സെബിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനി ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചുവെന്ന കേസില്‍ 2010ല്‍ അന്വേഷണം ആരംഭിച്ചു. നിക്ഷേപകര്‍ക്ക് എത്രയും വേഗം പണം തിരികെ നല്‍കണമെന്ന് സെബി, സഹാറ ഗ്രൂപ്പിന് നിര്‍ദേശം നല്‍കി. പൊതുജനത്തില്‍ നിന്ന് സഹാറ പണം പിരിക്കുന്നത് നിരോധിക്കുകയും ചെയ്തു.
2014ല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയെന്ന് സഹാറ ഗ്രൂപ്പ് അവകാശപ്പെട്ടെങ്കിലും 4,600പേര്‍ക്ക് മാത്രമാണ് പണം തിരികെ നല്‍കിയതെന്ന് വ്യക്തമായി. ബാക്കിയുള്ള നിക്ഷേപകരെ കണ്ടെത്താന്‍ സെബിക്ക് കഴിഞ്ഞില്ല. ഇതോടെ, 10,000 കോടി സെബിയില്‍ തിരിച്ചടയ്ക്കാത്തതിന് 2014 മാര്‍ച്ച് നാലിന് സുബ്രത റോയിയെ അറസ്റ്റ് ചെയ്തു. 5,000കോടി പണമായും 5,000 കോടി ബാങ്ക് ഗ്യാരന്റിയായി നല്‍കാതെ റോയിയെ ജയില്‍ മോചിതനാക്കരുത് എന്നായിരുന്നു സുപ്രീകോടതി വിധി.
വിഷയങ്ങള്‍ നടക്കുന്നതിനിടയിലും 2010ല്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും മൂന്നു ഹോട്ടലുകള്‍ സഹാറ ഗ്രൂപ്പ് വാങ്ങി. 2017ല്‍ ഈ ഹോട്ടലുകളുടെ ഓഹരികള്‍ വില്‍ക്കേണ്ടിവന്നു. 2013ല്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സഹാറ ഗ്രൂപ്പിന്റെ മുഴുവന്‍ ആസ്തികളും കണ്ടുകെട്ടാന്‍ സെബി നടപടി ആരംഭിച്ചു. കേരളം അടക്കമുള്ള 60 സംസ്ഥാനങ്ങളിലെ സഹാറയുടെ വസ്തുവകകള്‍ ലേലം ചെയ്യാന്‍ എസ്ബിഐയ്ക്കും എച്ച്ഡിഎഫ്‌സിക്കും സെബി നിര്‍ദേശം നല്‍കി.
കെട്ടിപ്പൊക്കിയ സ്വപ്‌ന ടൗണ്‍ഷിപ്പ്
സഹ്യാദ്രി മലനിരകള്‍ക്ക് ചുവട്ടില്‍ 10,600 ഏക്കറില്‍ കെട്ടിപ്പൊക്കിയ സ്വപ്‌ന ടൗണ്‍ഷിപ്പാണ് ആംബി വാലി. കൃത്രിമ ജലാശയങ്ങളും കൃത്രിമ ബീച്ചും ബോട്ടിങ്ങും സര്‍ഫിങ്ങും അടക്കമുള്ള വിനോദോപാധികള്‍, വില്ലകള്‍, അപ്പാര്‍ട്‌മെന്റുകള്‍, ഹോട്ടല്‍, ഗോള്‍ഫ് കോഴ്‌സ്, എയര്‍സ്ട്രിപ്, ഷോപ്പിങ് പ്ലാസകള്‍, ആശുപത്രി, ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്നിവ ഈ നഗരത്തിലുണ്ട്.
എന്നാല്‍, ഈ സ്വപ്‌ന നഗരവും സഹാറയുടെ കൈവിട്ടുപോകുന്ന സ്ഥിതിയായി. പൂനെ ജില്ലയില്‍ വ്യാപിച്ചു കിടക്കുന്ന ഈ ടൗണ്‍ ഷിപ്പിന്റെ 6,700 ഏക്കര്‍ വില്‍ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. 2018ല്‍ 37,392 കോടിക്ക് റിസര്‍വ് ബാങ്ക് ലേലം ക്ഷണിച്ചതോടെയാണ് നടപടികള്‍ ആരംഭിച്ചത്. 1993ലാണ് സഹാറ ഇന്ത്യ വിമാന സര്‍വീസ് ആരംഭിച്ചത്. 2000ല്‍ എയര്‍ സഹാറ എന്ന് പേരുമാറ്റി. വെറും 1,450 കോടിക്കാണ് 2007-ല്‍ എയര്‍ സഹാറയെ ജെറ്റ് എയര്‍വേസ് വാങ്ങിയത്. 2011-ല്‍ ഫോര്‍മുല വണ്‍ റേസില്‍ സഹാറ ഫോഴ്‌സ് ഇന്ത്യക്ക് വേണ്ടി സഹാറ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. വിജയ് മല്യയ്ക്കും ഈ നിക്ഷേപത്തില്‍ ഓഹരിയുണ്ടായിരുന്നു. എന്നാല്‍, ഇതും വലിയ സാമ്പത്തിക നഷ്ടമാണ് സഹാറയ്ക്ക് വരുത്തിവച്ചത്.
നിക്ഷേപകരുടെ പണം തിരികെ ലഭിക്കുമോ?
നിക്ഷേപകര്‍ക്ക് പണം തിരികെനല്‍കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 5,000 കോടിയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. സഹാറ റീഫണ്ട് പോര്‍ട്ടല്‍ എന്നപേരില്‍ നിക്ഷേപകരെ സഹായിക്കാനായി കേന്ദ്രം വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 18 ലക്ഷം പേര്‍ ഇതിനോടകം ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒമ്പതു മാസത്തിനുള്ളില്‍ നാല് സഹകരണ സംഘങ്ങളിലെ പത്തുകോടി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് മാര്‍ച്ചില്‍ സര്‍ക്കാര്‍ അറിയിച്ചു.
സഹാറ-സെബി റീഫണ്ട് അക്കൗണ്ടില്‍നിന്ന് 5,000 കോടി രൂപ സഹകരണ സംഘങ്ങളുടെ സെന്‍ട്രല്‍ രജിസ്ട്രാര്‍മാര്‍ക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്രം നടപടികള്‍ ആരംഭിച്ചത്. സഹാറ ഹൗസിങ് ഇന്‍വസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ നിക്ഷേപിച്ചവരുടെ മെമ്പര്‍ഷിപ്പ് നമ്പര്‍, ഡെപ്പോസിറ്റ് അക്കൗണ്ട് നമ്പര്‍, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി വേണം നിക്ഷേപകര്‍ സൈറ്റില്‍ റീഫണ്ടിനുവേണ്ടി അപേക്ഷിക്കേണ്ടത്.