മരങ്ങളെ മക്കളായി വളർത്തിയ തിമ്മക്ക; കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡർ

മരങ്ങളെ മക്കളായി വളർത്തിയ തിമ്മക്ക; കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡർ

വൃക്ഷങ്ങളുടെ അമ്മയെന്ന് അറിയപ്പെടുന്ന സാലമരത തിമ്മക്ക കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡറായി തുടരുമെന്ന് സിദ്ധരാമയ്യ സര്‍ക്കാർ അറിയിച്ചിരുന്നു
Updated on
3 min read

ആരാണ് സാലുമരത തിമ്മക്ക ?

ഒരു മുത്തശ്ശി കഥ പോലെ മനോഹരമായ കഥയിലെ നായികയാണ് അവര്‍ . പണ്ട് പണ്ടെന്നു പറഞ്ഞു തുടങ്ങുകയാണെങ്കില്‍ നമ്മുടെ രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്‍പുള്ള കഥയാണ് തിമ്മക്കയുടേത്. കര്‍ണാടകയിലെ ഇന്നത്തെ തുംകുരു ജില്ലയിലെ ഗുബ്ബി എന്ന സ്ഥലത്തായിരുന്നു 1910 ല്‍ തിമ്മക്ക ജനിച്ചത് . തൊട്ടടുത്തുള്ള ഹുളിക്കല്‍ എന്ന ഗ്രാമത്തില്‍ 18 ആം വയസില്‍ വിവാഹിതയായി എത്തുകയായിരുന്നു അവര്‍. ഹുളിക്കലിലെ ചിക്കയ്യയാരുന്നു തിമ്മക്കയെ വിവാഹം ചെയ്തതത് . വിവാഹം കഴിഞ്ഞു ഒരു കുഞ്ഞു ജനിക്കുന്നത് സ്വപ്നം കണ്ടു ഇരുവരും . എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായില്ല . അതിവരെ അതീവ ദുഃഖത്തിലാഴ്ത്തി . തിമ്മക്ക ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു . 20 വര്‍ഷങ്ങള്‍ കണ്ണീരില്‍ മുങ്ങി കടന്നു പോയി

മരങ്ങളെ മക്കളായി കാണാൻ തീരുമാനിക്കുന്നു

കുട്ടികളില്ലാത്ത സങ്കടം മറക്കാൻ ഇരുവരും കണ്ടെത്തിയ മാർഗമായിരുന്നു മരങ്ങൾ നട്ടുവളർത്തൽ . ആ തീരുമാനമെടുത്ത ശേഷം അവർ ഒരിക്കൽ പോലും മക്കളില്ലാത്ത സങ്കടമറിഞ്ഞതേയില്ല . 1948 ൽ ആയിരുന്നു ആ നിർണായക തീരുമാനം . ഹുളിക്കലിൽ പാത ഓരത്ത് പേരാൽ മര തൈകൾ നട്ടു തുടങ്ങി . നാല് കിലോമീറ്റർ നടന്നു പോയി വെള്ളം ചുമന്നു കൊണ്ട് വന്നു വൈകുന്നേരങ്ങളിൽ നനച്ചു . കന്നുകാലികൾ തൈ ചെടി നശിപ്പിക്കാതിരിക്കാൻ വേലി കെട്ടി . ഒഴിവു നേരങ്ങളിൽ കാവലിരുന്നു . കുഞ്ഞുങ്ങളെ എന്നതുപോലെ പരിപാലിച്ചു, തൊട്ടു സ്നേഹിച്ചു, ഇലകൾക്ക് ഉമ്മ കൊടുത്തു, മരങ്ങളെ കെട്ടിപിടിച്ച് വർത്തമാനം പറഞ്ഞു. മരങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയം തികയാതെ വന്നതോടെ പ്രദേശത്തെ ക്വാറിയിൽ ഉണ്ടായിരുന്ന ജോലി തിമ്മക്ക ഉപേക്ഷിച്ചു .

ഒന്നും രണ്ടുമല്ല എണ്ണായിരം മരങ്ങൾ

ആദ്യം അഞ്ചു മരങ്ങൾ പിന്നീട് പത്തെണ്ണം വർഷാ വര്‍ഷം എണ്ണം കൂടി കൂടി വന്നു . 1948 ൽ തുടങ്ങിയ ഉദ്യമം ഇരുവരും തുടർന്ന് കൊണ്ടേയിരുന്നു . അപ്പോഴേക്കും നാട് പുരോഗമിച്ചു ഗ്രാമങ്ങൾ നഗരങ്ങളായി തുടങ്ങി .നാട്ടിട വഴികൾ ദേശീയ പാതകളായി. ഹുളിക്കലിൽ നിന്ന് നെലമംഗലയിലേക്ക് നീളുന്ന ദേശീയ പാതയോരത്ത് ഇന്നും തലയെടുപ്പോടെ തണൽ വിരിച്ചു നിൽപ്പുണ്ട് അവർ ഇരുവരും നട്ട മരങ്ങൾ , ഒന്നും രണ്ടുമല്ല 385 പേരാൽ മരങ്ങൾ . ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലുമായി എണ്ണായിരത്തോളം മരങ്ങൾ വേറെയും . ദുഃഖം മറക്കാൻ നട്ട മരങ്ങൾ നാടിന് തണൽ കുടകൾ നിവർത്തിയത് അവരെ ആനന്ദഭരിതരാക്കി .

രാഷ്ട്രപതിയുടെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് തിമ്മക്ക പുരസ്‌കാരം ഏറ്റുവാങ്ങിയത് ചര്‍ച്ചയായിരുന്നു

അംഗീകാരങ്ങളുടെ പെരുമഴ

1995 ല്‍ ഭര്‍ത്താവ് ചിക്കയ്യയുടെ മരണ ശേഷമാണ് ഇരുവരും ചെയ്ത നന്മ ലോകം അറിയുന്നത് . ഭര്‍ത്താവിന്റെ വിയോഗം മാനസികമായി തളര്‍ത്തിയെങ്കിലും തിമ്മക്ക മരം നടല്‍ അവസാനിപ്പിച്ചില്ല . ചിക്കയ്യയുടെ ഓര്‍മദിനത്തിലും അല്ലാത്തപ്പോഴുമൊക്കെ അവര്‍ തണല്‍ നട്ടു . 2019 ല്‍ രാജ്യം തിമ്മക്കയെ പത്മശ്രീ നല്‍കി ആദരിച്ചു . അന്നത്തെ രാഷ്ട്രപതി ആയിരുന്ന രാംനാഥ് കോവിന്ദിനെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു തിമ്മക്ക പുരസ്‌കാരം ഏറ്റുവാങ്ങിയത് ചര്‍ച്ചയായിരുന്നു . പ്രോട്ടോക്കോള്‍ തെറ്റിച്ചു ആദ്യമായായിരുന്നു രാഷ്ട്രപതി ഭവനില്‍ ഇങ്ങനൊരു സംഭവം നടന്നത് . പത്മശ്രീക്കു മുന്‍പേ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സിറ്റിസണ്‍ പുരസ്‌കാരം ,കര്‍ണാടക സര്‍ക്കാരിന്റെ വിവിധ അംഗീകാരങ്ങള്‍ ,ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള നൂറു വനിതകളില്‍ ഒരാള്‍ തുടങ്ങീയ അംഗീകാരങ്ങളെല്ലാം തിമ്മക്കയെ തേടിയെത്തി .

തിമ്മക്കയുടെ ത്യാഗസുരഭിലമായ പരിസ്ഥി സൗഹൃദ ജീവിതം കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ വെബ് സീരീസായി പുറത്തിറക്കും

'സഹമന്ത്രി' പദവിയോടെ പരിസ്ഥിതി അംബാസിഡര്‍

കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ തിമ്മക്കയെ തേടി കര്‍ണാടക സര്‍ക്കാരിന്റെ മറ്റൊരു അംഗീകാരം വന്നു . കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡറായി തിമ്മക്കയെ നിയോഗിച്ചു കൊണ്ടുള്ള പ്രഖ്യാപനം . സഹമന്ത്രിക്കു തുല്യമാണ് ഈ പദവി എന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു . തിമ്മക്കയുടെ ത്യാഗസുരഭിലമായ പരിസ്ഥി സൗഹൃദ ജീവിതം കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ വെബ് സീരീസായി പുറത്തിറക്കും . തിമ്മക്കയുടെ ജീവിതം സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിച്ചു വരികയാണ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് .

പ്രായം തളര്‍ത്തുന്നേയില്ല

അംഗീകാരങ്ങളും പദവിയും വലിയ ഉത്തരവാദിത്തമായി കാണുകയാണ് 111 വയസുള്ള തിമ്മക്ക . പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ പഠിപ്പിക്കാന്‍ തിമ്മക്ക സ്‌കൂളുകള്‍ കയറിയിറങ്ങാറുണ്ട് . രാജ്യത്തുടനീളം സഞ്ചരിക്കുന്നുണ്ട് അവര്‍ ദത്തു പുത്രന്റെ മകന്‍ ഉന്മേഷിന്റെ കൈകളിലൂന്നി . ബെംഗളൂരുവില്‍ ജാലഹള്ളിയില്‍ ദത്തു പുത്രന്റെ കുടുംബത്തോടൊപ്പം കഴിയുകയാണ് അവര്‍ . പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനായുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനും ചികിത്സക്കുള്ള സൗകര്യാര്‍ത്ഥവുമാണ് നഗരത്തിലേക്ക് പറിച്ചു നട്ടത് . മെട്രോ നഗരത്തിലും തീര്‍ത്തും പരിസ്ഥിതി സൗഹൃദ ജീവിതം നയിക്കുകയാണ് അവര്‍. മരം എന്നാല്‍ പ്രകൃതിയുടെ വരം എന്ന് സദാ ഓര്‍മിപ്പിക്കുകയാണ് പുതുതലമുറയെ . ഇപ്പോഴും ഒരു തൈ മരം നടുമ്പോള്‍ ചിക്കയ്യയുടെ കൈ പിടിച്ചു ഹുളിക്കലില്‍ എത്തിയ പഴയ 18 കാരിയുടെ ചുറുചുറുക്കും ഊര്‍ജ്ജസ്വലതയുമാണ് ആയുസിന്റെ ശതാബ്ദി കടന്ന തിമ്മക്കയ്ക്ക്.

logo
The Fourth
www.thefourthnews.in