STUDENT DIES OF RABIES
STUDENT DIES OF RABIES

വാക്‌സിനെടുത്തിട്ടും പേവിഷബാധ; കാരണം കണ്ടെത്താനാവാതെ വിദഗ്ധര്‍

വാക്‌സിന്‌റെ ഗുണനിലവാരമില്ലായ്മയല്ല മരണകാരണം എന്ന് ആരോഗ്യവകുപ്പ്
Updated on
2 min read

വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പാലക്കാട് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു. വാക്സിൻ സൂക്ഷിച്ചതിൻ്റെ പാകപ്പിഴയാണോ, അതോ ഗുണനിലവാരമില്ലാത്ത വാക്സിൻ ആണോ മരണകാരണം എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സിൻ്റെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമായി.

വാക്‌സിന്‌റെ ഗുണനിലവാരമില്ലായ്മയല്ല മരണകാരണം എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മരണപ്പെട്ട ശ്രീലക്ഷ്മിയുടെ കയ്യിലെ മുറിവ് ആഴത്തിലുള്ളതായിരുന്നുവെന്നും അത് പൂര്‍ണമായും വൃത്തിയാക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പാലക്കാട് ഡിഎംഒ പ്രതികരിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് വിശദ അന്വേഷണം തുടങ്ങി.

ശ്രീലക്ഷ്മിക്ക് നായയുടെ കടിയേല്‍ക്കുന്നതിനും ഒരു മാസം മുന്‍പ് പ്രദേശത്ത് രണ്ട് കന്നുകാലികള്‍ പേവിഷബാധയേറ്റ് ചത്തിരുന്നു. അതിനാല്‍ വിശദമായ അന്വേഷണത്തിലൂടെയെ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

anti-rabies vaccine
anti-rabies vaccine

മേയ് 30 നാണ് ശ്രീലക്ഷ്മിയെ അടുത്ത വീട്ടിലെ നായ കടിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വാക്‌സിനും സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കി. രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്ന് സ്വകാര്യആശുപത്രിയില്‍ നിന്നുമാണെടുത്തത്.

നായയുടെ കടിയേറ്റാല്‍ എത്ര നേരത്തിനുള്ളില്‍ കുത്തിവെയ്പ്പുകളെടുത്തുവെന്നത് ഗൗരവമേറിയതാണ്. മുറിവേറ്റ ഉടന്‍ ശക്തമായി ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകി മുറിവ് വൃത്തിയാക്കണം. കടിച്ച നായയുടെ വിവരങ്ങളും പ്രധാനമാണ്. പേവിഷബാധയുള്ള നായ ആദ്യം കടിക്കുന്നയാള്‍ക്കും പിന്നീട് കടിക്കുന്നയാള്‍ക്കും വൈറസ് ബാധയുടെ തീവ്രത വ്യത്യസ്തമാണ്. മുറിവിന്‌റെ ആഴമനുസരിച്ച് ഗ്രേഡ് തിരിച്ചാണ് ചികിത്സ. നാല് ഡോസ് ഇന്‍ട്രാ ഡെര്‍മല്‍ റാബീസ് വാക്‌സിനാണ് കടിയേറ്റവര്‍ക്ക് നിര്‍ബന്ധമായുമെടുക്കേണ്ടത്. വാക്‌സിനെടുത്തിട്ടുണ്ടെങ്കില്‍ തന്നെയും സിറം എടുത്തിട്ടില്ലെങ്കില്‍ പേവിഷബാധ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നത്. പ്രീഫോംഡ് ആന്‌റിബോഡിയാണ് സിറം. വാക്‌സിനെടുത്താല്‍ ആന്‌റിബോഡി രൂപപ്പെടാന്‍ ഏതാനും ദിവസങ്ങളെടുക്കും. കയ്യിലും മുഖത്തുമുള്ള ആഴമുള്ള മുറിവും രക്തസ്രാവവുമുള്ള കേസുകളില്‍ നിര്‍ബന്ധമായും സിറം എടുത്തിരിക്കണം. പല മുറിവുകളുണ്ടെങ്കില്‍ എല്ലാ മുറിവിന്‌റെയും സമീപത്ത് സിറം കുത്തിവെക്കണം. നായയുടെ കടിയേറ്റ അന്നും തുടര്‍ന്ന് മൂന്ന് ,ഏഴ്, ഇരുപത്തിയെട്ട് ദിവസങ്ങളിലാണ് ഐഡിആര്‍ വാക്‌സിനെടുക്കേണ്ടത്.

ശ്രീലക്ഷ്മിക്ക് നായയുടെ കടിയേറ്റ് ഒരു മാസത്തിന് ശേഷമാണ് ലക്ഷണം കാണിച്ചത്. വാക്‌സിനും സിറവും എടുത്തതിനാലാകണം ലക്ഷണം പുറത്തുവരാന്‍ വൈകിയതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍. കയ്യിലും മുഖത്തും കടിയേറ്റാല്‍ വളരെ പെട്ടെന്ന് ലക്ഷണം പുറത്തുവരാം. എന്നാല്‍, കാലിലുള്ള മുറിവാണങ്കില്‍ ചിലപ്പോള്‍ അഞ്ചോ ആറോ മാസം വരെയെടുത്തേക്കാം ലക്ഷണം കാണിക്കാനെന്നും വിദഗ്ധര്‍ പറയുന്നു

logo
The Fourth
www.thefourthnews.in