കവിതയുടെയും കരുതലിന്റെയും തണല്‍മരം

കവിതയുടെയും കരുതലിന്റെയും തണല്‍മരം

ഇന്ന് സുഗതകുമാരിയുടെ 89-ാം ജന്മദിനം
Updated on
3 min read

മലയാളകാവ്യ ലോകത്തിന്റെ പൂമുഖത്ത് പടര്‍ന്ന് പന്തലിച്ച് നിന്ന വൃക്ഷമായിരുന്നു സുഗതകുമാരി എന്ന കവയിത്രി. ഒരുപാട് പേര്‍ക്ക് തണലായി നിന്ന ആ വൃക്ഷം, കാവ്യ ജീവിതത്തില്‍ കവിതയോട് സമരസപ്പെട്ട് നില്‍ക്കുമ്പോഴും സമൂഹത്തിന് പുറത്ത് തിരസ്‌കൃതരായി നിന്ന മനുഷ്യ ജീവിതങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ ആക്ടിവിസ്റ്റ് കൂടിയായിരുന്നു. അരികുവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു സുഗതകുമാരിയുടെ കവിതകള്‍. പ്രകൃതിയുടെയും സ്ത്രീയുടെയും ആദിവാസി ജനതയുടെയും അവകാശങ്ങള്‍ക്ക് വേണ്ടി തന്റെ കവിതകളിലൂടെ അവര്‍ നിരന്തരം കലഹിച്ചു.

ആധുനിക കവിതയുടെ ശേഷിപ്പുകളുടെ പിന്തുടര്‍ച്ച പറ്റി സുഗതകുമാരി കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും ചങ്ങമ്പുഴ കൃഷ്ണപിളളയുടെ കാല്‍പനികതയുടെ വേരുകളില്‍ നിന്നും മോചിതയാകാന്‍ സുഗതകുമാരിക്ക് കഴിഞ്ഞിട്ടില്ല എന്നുളളതാണ് യാഥാര്‍ത്ഥ്യം

തിരുവനന്തപുരത്ത് ഒരു സമരവേദിയിൽ
തിരുവനന്തപുരത്ത് ഒരു സമരവേദിയിൽ

1960കളിലാണ് സുഗതകുമാരി കവിതയുമായി സഹൃദയ ഹൃദയങ്ങളിലേക്ക് എത്തിയത്. മുത്തുചിപ്പിയായിരുന്നു ആദ്യ സമാഹാരം. ആധുനിക കവിതയുടെ ശേഷിപ്പുകളുടെ പിന്തുടര്‍ച്ച പറ്റി സുഗതകുമാരി കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും ചങ്ങമ്പുഴ കൃഷ്ണപിളളയുടെ കാല്‍പനികതയുടെ വേരുകളില്‍ നിന്നും മോചിതയാകാന്‍ സുഗതകുമാരിക്ക് കഴിഞ്ഞിട്ടില്ല എന്നുളളതാണ് യാഥാര്‍ത്ഥ്യം. ഒഎന്‍വിയ്ക്കും ഭാസ്‌കരന്‍ മാഷിനും വയലാറിനും പിന്നാലെ കാല്‍പനിക പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോയതില്‍ സുഗതകുമാരിയുടെ പങ്കിനെ വിസ്മരിക്കാനാവില്ല. ഭാവഗീതത്തില്‍ എഴുതുന്ന കവിതകളില്‍ വിഷാദത്തിന്റെ വേരുകള്‍ ചുറ്റിപ്പടര്‍ന്ന് കിടക്കുന്നത് കാണാന്‍ കഴിയും. ദുഃഖത്തിന്റെ തീവ്രമായ മുഖം സുഗതകുമാരി കവിതകളില്‍ ആവര്‍ത്തിച്ച് പ്രകടമായ ഒന്നായിരുന്നു.

പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ അനുഭവിക്കേണ്ടി വന്നിരുന്ന പ്രശ്‌നങ്ങളെ അടയാളപ്പെടുത്തുക വഴി സ്ത്രീയുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുളള ശബ്ദമായും സ്ത്രീയുടെ കാവലാളായും സുഗതകുമാരി നിലകൊണ്ടു

വിഷാദത്തിലൂന്നി നില്‍ക്കുമ്പോഴും സ്ത്രീയും പ്രകൃതിയും പ്രണയവുമൊക്കെ സുഗതകുമാരി കവിതകളുടെ പ്രമേയമായി. എന്നാല്‍, ആദ്യ കാലത്തും ഒരുപക്ഷേ ഇപ്പോഴും മലയാളികള്‍ സുഗതകുമാരിയെ ഓര്‍ക്കുക കൃഷ്ണ ഭക്തയായിട്ടായിരിക്കാം. കൃഷ്ണാ നീയെന്നെ അറിയില്ല, രാധയെവിടെ, ഗോപിക, കാടാണ്, ശ്യാമരാധ, കാളിയ മര്‍ദ്ദനം, ഒരു നിമിഷം തുടങ്ങി ഒട്ടനവധി കവിതകളില്‍ കൃഷ്ണ ബിംബങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ കാളിയമര്‍ദ്ദനം സുഗതകുമാരിയുടെ ആദ്യ കവിത കൂടിയാണ്. 'സ്‌നേഹം ജപിച്ച് ജീവിതം മധുരമാക്കാന്‍ വ്രതം ധരിച്ച അമ്മയെ, ഭാര്യയെ, പ്രണയിനിയെ സുഗതകുമാരിയുടെ കവിതകളില്‍ ഞാന്‍ ഇടയ്ക്കിടെ കണ്ടുമുട്ടുന്നു' എന്ന, എം ടി വാസുദേവന്‍ നായരുടെ നിരീക്ഷണം തന്നെ നോക്കിയാല്‍ മതി, കവിതയുടെ തണല്‍ മരമായി നിന്ന കവയിത്രിയുടെ ഹൃദയത്തെ തൊട്ടറിയാന്‍.

അറുപതുകളില്‍ കാല്‍പനികതയുടെ മുഖം നല്‍കി നില്‍ക്കുമ്പോഴും, സമൂഹത്തില്‍ സ്ത്രീ അനുഭവിച്ച് വന്നിരുന്ന എല്ലാ സാമൂഹിക പ്രശ്‌നങ്ങളെയും അടയാളപ്പെടുത്താനുളള മാധ്യമം കൂടിയായിരുന്നു സുഗതകുമാരിക്ക് കവിത. നിസ്സഹായതയും അബലയും ഏകാന്തതയും ഒറ്റപ്പെടലും വേദനയും കണ്ണീരും അനാഥത്വവും ഒക്കെ അനുഭവിച്ച സ്ത്രീസ്വത്വമായിരുന്നു സുഗതകുമാരി കവിതകളുടെ അന്തര്‍ധാര. 'ജെസി', 'പെണ്‍കുഞ്ഞ്-90', 'കാത്യ', 'തെരുക്കൂത്ത്', 'കൊല്ലേണ്ടതെങ്ങിനെ', 'അമ്മ', 'ദേവദാസിയുടെ പാട്ട്' എന്നിങ്ങനെ ഒട്ടനവധി കവിതകളില്‍ സുഗതകുമാരി ഇത് വ്യക്തമാക്കുന്നുണ്ട്.

വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷയായിരുന്ന അവര്‍ 2001-ല്‍ എഴുതിയ 'വനിതാക്കമ്മീഷന്‍' എന്ന കവിതയില്‍ അടുക്കളയില്‍ നിന്നുളള സ്ത്രീയുടെ വിമോചനമാണ് ലക്ഷ്യമിട്ടത്. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ അനുഭവിക്കേണ്ടി വന്നിരുന്ന പ്രശ്‌നങ്ങളെ അടയാളപ്പെടുത്തുക വഴി സ്ത്രീയുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുളള ശബ്ദമായും സ്ത്രീയുടെ കാവലാളായും സുഗതകുമാരി നിലകൊണ്ടു.

'ബീഹാര്‍', 'ബയാഹു', 'നിങ്ങളീ ഇന്ത്യയെ ഇപ്പോഴും സ്‌നേഹിക്കുന്നുവോ?', 'കൊളോസസ്', 'വിധി ദിനങ്ങള്‍', 'അഭയാര്‍ത്ഥിനി', 'ധര്‍മം എന്ന പശു', 'ധര്‍മത്തിന്റെ നിറം കറുപ്പാണ്', 'ഹേ രാമ', 'പുതിയ പാതാളം', 'സ്വാതന്ത്ര്യം 1976', 'ആഗസ്റ്റ് 15', '1981', 'തലശേരികള്‍', 'പഞ്ചാബ്', 'സാരേ ജഹാം സേ അഛാ', 'ആദിവാസി സാക്ഷരത' തുടങ്ങിയ നിരവധി കവിതകള്‍ ആ തൂലികയില്‍ നിന്നും പിറവികൊണ്ടു. കാവ്യലോകത്ത്, പ്രകൃതിയെ ഇത്രമേല്‍ സ്‌നേഹിക്കുകയും പ്രകൃതിയുടെ സംരക്ഷണത്തിനായി അധികാര വ്യവസ്ഥിതികളോട് നിരന്തരം കലഹിക്കുകയും ചെയ്ത എഴുത്തുകാര്‍ വേറെയില്ലെന്ന് തന്നെ പറയാം. അത്രമാത്രം പ്രകൃതിക്കായി വെയിലും മഴയും നനഞ്ഞ ഹൃദയമായിരുന്നു സുഗതകുമാരിയുടേത്. സൈലന്റ് വാലി പ്രക്ഷോഭ കാലത്ത് അവര്‍ എഴുത്തിലൂടെയും അല്ലാതെയും നടത്തിയ ഇടപെടലുകള്‍ അതിനുദാഹരണമാണ്.

'ശവപുഷ്പങ്ങള്‍ എനിക്ക് വേണ്ട, മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട, ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക, അതുമാത്രം മതി'യെന്ന് നിലപാട് വെളിപ്പെടുത്തിയ പ്രതിഭ.'വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്, ഒറ്റചിറകിന്റെ താളമോടെ, ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ, ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി'യെന്ന് തന്റെ തേങ്ങലുകള്‍ ആധുനിക മനുഷ്യനോട് പങ്കുവച്ച കവയിത്രി.

'അഭയ'യിലൂടെ സുഗതകുമാരി നിര്‍ധനരായ സ്ത്രീകള്‍ക്കായി ഭവനവും മാനസികരോഗികള്‍ക്കുള്ള ഡേ കെയര്‍ സെന്ററും ഉണ്ടാക്കി. ഈ സംരംഭം പിന്നീട് വിപുലീകരിക്കുകയും മയക്കുമരുന്നിന് അടിമകളായവരെ പരിചരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും സ്ത്രീകള്‍ക്ക് സൗജന്യ താമസസൗകര്യം നല്‍കുകയും ചെയ്തു. അനാഥരായ സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയമായിരുന്നു അഭയ.

പുരുഷന്റെ അധികാരത്തിന്റെ കീഴില്‍ സ്ത്രീയും പ്രകൃതിയും അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളെയാണ് കവിതയ്ക്ക് ബീജമായി സുഗതകുമാരി സ്വീകരിച്ചത്. അങ്ങനെ ഹരിത രാഷ്ട്രീയത്തിന്റെ കൊടിയേന്തി സ്ത്രീകള്‍ക്കും അനാഥ കുട്ടികള്‍ക്കും ആദിവാസികള്‍ക്കുമായി അവരുടെ ശബ്ദം ഉയര്‍ന്നു. അട്ടപ്പാടി ഗോത്രമേഖലയിലെ കഞ്ചാവ് കര്‍ഷകര്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തുകൊണ്ട് കാടിന്റെ മക്കള്‍ക്കായി അവര്‍ ഉറച്ചുനിന്നു. 'ആദിവാസിക്കല്ലോ കാടില്ലാത്തു, കാടുള്ളതോ?, കയ്യേറി തമ്പ്രാക്കന്മാര്‍ക്ക്'എന്ന് തുറന്ന വിമര്‍ശനം ഉന്നയിച്ച് ഭരണകൂടത്തിന്റെ അധികാര താത്പ്പര്യങ്ങളെ പൊളിച്ചഴുതിയ കവയിത്രി, വരും തലമുറയ്ക്ക് ഇന്നും കാവ്യലോകത്ത് തണലായി നില്‍ക്കുന്നു...

logo
The Fourth
www.thefourthnews.in