സർക്കസ് പോലെ ഉദ്വേഗം നിറഞ്ഞ ജീവിതം; ഓര്‍മകളില്‍ ജമിനി ശങ്കരൻ...

സർക്കസ് പോലെ ഉദ്വേഗം നിറഞ്ഞ ജീവിതം; ഓര്‍മകളില്‍ ജമിനി ശങ്കരൻ...

ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് സര്‍ക്കസ് തമ്പ് കൊണ്ട് പോവുക എന്നത് തന്നെ വലിയ കാര്യമാണ്. അപ്പോഴാണ് അദ്ദേഹം ആ കാലത്ത് സര്‍ക്കസുമായി ലോക സഞ്ചാരം നടത്തിയത്
Updated on
3 min read

നീണ്ട നൂറ് വര്‍ഷങ്ങളില്‍ സ്വയം സര്‍ക്കസായി മാറിയ ജമിനി ശങ്കരന്‍ വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോയത് ഇന്ത്യന്‍ സര്‍ക്കസ് കൂടാരങ്ങളുടെ വിസ്മരിക്കാനാകാത്ത ചരിത്രമാണ്.

ജമിനി ശങ്കരേട്ടന്‍ ഓര്‍മകളുടെ നിഘണ്ടുവാണെന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രമായ 'മലക്കം മറിയുന്ന ജീവിതം' തയ്യാറാക്കിയ എഴുത്തുകാരന്‍ താഹ മാടായി ദ ഫോര്‍ത്തിനോട് പറഞ്ഞത്. ഫ്‌ളൈറ്റ് യാത്രകളൊക്കെ ഇത്ര സാധാരണമാകുന്നതിന് മുന്നെ തന്നെ ആഫ്രിക്കയിലും മോസ്‌കോയിലുമടക്കം വിവിധ രാജ്യങ്ങളില്‍ ശങ്കരേട്ടന്‍ എത്തിയിട്ടുണ്ടെന്നും സര്‍ക്കസ് കലാകാരന്മാരും മൃഗങ്ങളുമടക്കം ഒരു സര്‍ക്കസ് തമ്പുമായാണ് അദ്ദേഹം ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് സഞ്ചരിച്ചതെന്നും താഹ മാടായി പറഞ്ഞു. നമ്മുടെ നാട്ടില്‍ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് സര്‍ക്കസ് തമ്പ് കൊണ്ട് പോവുക എന്നത് തന്നെ വലിയ കാര്യമാണ്. അപ്പോഴാണ് അദ്ദേഹം ആ കാലത്ത് സര്‍ക്കസുമായി ലോക സഞ്ചാരം നടത്തിയത്. ഇത് തന്നെ വലിയൊരു അനുഭവമാണെന്ന് താഹ മടായി കൂട്ടിച്ചേര്‍ത്തു.

ജമിനി ശങ്കരന്‍
ജമിനി ശങ്കരന്‍

ഒരു കാലത്ത് സിനിമയിലെ താരങ്ങള്‍ എന്ന പോലെ സര്‍ക്കസിലെ താരമായി അറിയപ്പെട്ട ആളാണ് ജമിനി ശങ്കരനെന്നും, സര്‍ക്കസിന് ടിക്കറ്റ് ലഭിക്കനായി ദിവസങ്ങള്‍ക്ക് മുന്‍പ് ആളുകള്‍ വന്ന് ക്യൂ നില്‍ക്കുകയും ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുകയുമടക്കമുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റെടുക്കാന്‍ എത്തിയ വലിയൊരു ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോ ജമിനി ശങ്കരന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ടെന്നും താഹ മാടായി പറഞ്ഞു. ശരിയായ രീതിയില്‍ ഇതിഹാസമാനമുള്ള ജീവിതമായിരുന്നു ജമിനി ശങ്കരന്റേതെന്ന് താഹ മാടായി.

സര്‍ക്കസ് എന്നത് ഒരു വിസ്മയ കാഴ്ചയായി എല്ലാകാലത്തും ഉണ്ടാകും, അതിന്റെ ഓര്‍മ നിലനില്‍ക്കുന്നിടത്തോളം കാലം ജമിനി ശങ്കരനും ഓര്‍മിക്കപ്പെടുമെന്നും താഹ മാടായി

പുതിയ കാലതത് സര്‍ക്കസില്‍ മെയ് അഭ്യാസങ്ങള്‍ കുറഞ്ഞു വരികയും കുറേകൂടി കാല്‍പ്പനികമായ രീതിയിലേക്ക് അത് മാറുകയും ചെയ്തിട്ടുണ്ട്. എങ്കിലും സര്‍ക്കസ് എന്നത് ഒരു വിസ്മയക്കാഴ്ചയായി എല്ലാക്കാലത്തും ഉണ്ടാകും, അതിന്റെ ഓര്‍മ നിലനില്‍ക്കുന്നിടത്തോളം കാലം ജമിനി ശങ്കരനും ഓര്‍മിക്കപ്പെടുമെന്നും താഹ മാടായി പറയുന്നു. ഒരു സര്‍ക്കസുകാരന്‍ എന്ന നിലയില്‍ കര്‍ക്കശകാരനും ചിട്ടയായ ജീവിതവുമുള്ളയാളായിരുന്നു ജമിനി ശങ്കരന്‍. അതേസമയം അദ്ദേഹം സൗഹൃദങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുകയും ചെയ്തിരുന്നു. ആത്മപ്രശംസ ഒട്ടും തന്നെ ഇല്ലാത്തയാളാണ് ശങ്കരേട്ടനെന്നും 'മലക്കം മറിയുന്ന ജീവിതം' എന്ന അദ്ദേഹത്തിന്റെ ജീവചരിത്രം ആയിരം പേജുകള്‍ എങ്കിലും ആക്കാവുന്നത്ര അനുഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കനാണ് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടതെന്നും താഹ മാടായി പറഞ്ഞു. ഏത് കൊച്ചു കുട്ടിക്ക് പോലും ഉറക്കം വരാതെ എളുപ്പത്തില്‍ വായിച്ച് തീര്‍ക്കാവുന്ന അത്രയും ചുരുങ്ങിയ പേജുകള്‍ മതി തന്റെ ജീവചരിത്രമെന്ന് ആഗ്രഹിച്ചയാളാണ് ജമിനി ശങ്കരന്‍.

എം വി ശങ്കരനില്‍ നിന്ന് ജമിനി ശങ്കരനിലേക്ക്..

ഒറ്റത്തമ്പില്‍ നടക്കുന്ന ചെറിയ സര്‍ക്കസ് കൊളശേരി മൈതാനത്ത് എത്തിയപ്പോൾ കാണാന്‍ വലിയ മോഹം തോന്നി‍ ശങ്കരന്. വീട്ടുകാരറിയാതെ സര്‍ക്കസ് കാണാന്‍ പോയി. എന്നാല്‍ ടിക്കറ്റ് ഇല്ലാതെ ശങ്കരനെ തമ്പില്‍ കയറ്റിയില്ല. സംഭവം വീട്ടില്‍ അറിഞ്ഞ് പ്രശ്‌നമാവുകയും ഒടുവില്‍ ടിക്കെറ്റെടുക്കാന്‍ അച്ഛന്‍ പണം നല്‍കുകയും ചെയ്തു. തലശേരിക്കാരുടെ മെട്രോ സര്‍ക്കര്‍സായിരുന്നു കുഞ്ഞു ശങ്കരന്‍ ആദ്യമായി കണ്ടത്. അഭ്യാസങ്ങള്‍ കണ്ട് മതിമറന്ന ശങ്കരന്‍ വീട്ടിലേക്ക് പോയത് സര്‍ക്കസ് പഠിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു. അച്ഛന്‍ കവിനിശ്ശേരി രാമന്‍, ശങ്കരനെ കേരളത്തിലെ സര്‍ക്കസിന്റെ പിതാവായ കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയില്‍ ചേര്‍ത്തു. ഇവിടെ നിന്നായിരുന്നു ജമിനി ശങ്കരന്‍ എന്ന സര്‍ക്കസ് ഇതിഹാസത്തിന്റെ തുടക്കം.

തമ്പിലെ താരമായി കൈയ്യടി നേടേണ്ടിയിരുന്ന ശങ്കരനെ പിന്നീട് നാട്ടുകാര്‍ കണ്ടത് ഒരു അനാദികടയിലായിരുന്നു

കീലേരിയുടെ ശിഷ്യമാരെല്ലാം തമ്പിലെ തികഞ്ഞ അഭ്യാസികളായിരുന്നു. എന്നാല്‍ തമ്പിലെ താരമായി കയ്യടി നേടേണ്ടിയിരുന്ന ശങ്കരനെ നാട്ടുകാര്‍ പിന്നീട് കണ്ടത് ഒരു അനാദിക്കടയിലായിരുന്നു. പട്ടാളത്തില്‍ പോയ ചേട്ടന്‍ നാരായണന്റെ കട അച്ഛന്റെ നിര്‍ദേശപ്രകാരം ശങ്കരന് ഏറ്റെടുക്കേണ്ടി വന്നു. സര്‍ക്കസ് കൂടാരത്തിലെ ആരവങ്ങള്‍ മനസില്‍ ഒളിപ്പിച്ച് അനാദിക്കടയിലെ മൂന്ന് വര്‍ഷം. അവിടെയും തീര്‍ന്നില്ല, സര്‍ക്കസ് മോഹിയായ ശങ്കരന്‍ പിന്നീട് എത്തുന്നത് പട്ടാളത്തിലാണ്. സൈന്യത്തില്‍ വയര്‍ലസ് ഒബ്‌സേര്‍വറായി അദ്ദേഹം ജോലി ചെയ്തു. വിമാനങ്ങളുടെ ഗതിയും വേഗവും കണ്ടെത്തേണ്ട ചുമതലായിരുന്നു അത്. സ്വാതന്ത്ര്യാനന്തരം അദ്ദേഹം പട്ടാളത്തില്‍ നിന്ന് തിരിച്ചെത്തി.

സര്‍ക്കസുകാരുടെ പ്രിയപ്പെട്ട നഗരമായ കൊല്‍ക്കത്തയിലേക്കായിരുന്നു ശങ്കരന്‍ തന്റെ സര്‍ക്കസ് സ്വപ്‌നങ്ങളുമായി തിരിച്ചെത്തിയത്. 300 രൂപ ശമ്പളത്തില്‍ ബോസ് ലയണ്‍ സര്‍ക്കസിലായിരുന്നു തുടക്കം. ഒരു വര്‍ഷത്തിന് ശേഷം തലശേരിയിലെ റയമണ്ട് സര്‍ക്കസിലേക്ക് ചേക്കേറി. അപ്പോഴേക്കും കാണികളെ ഹരംകൊള്ളിക്കുന്ന സര്‍ക്കസ് കൂടാരത്തിലെ ആവേശമായി കഴിഞ്ഞിരുന്നു എം വി ശങ്കരന്‍.

ശങ്കരന്റെ സര്‍ക്കസ് സ്വപനങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. 1951 ആഗസ്റ്റ് 15 ന് ശങ്കരന്‍ ഒരു സര്‍ക്കസ് കമ്പനിയുടെ ഉടമയായി. അങ്ങനെ മൂര്‍ക്കോത്ത് വേങ്ങാങ്കണ്ടി ശങ്കരന്‍ ജമിനി ശങ്കരനായി. തന്റെ ജന്മരാശിയായ ജമിനിയാണ് സര്‍ക്കസ് കമ്പനിയുടെ പേരായി അദ്ദേഹം തിരഞ്ഞെടുത്തത്. ജമിനി ശങ്കരന്‍ എന്നത് പിന്നീട് ഇന്ത്യന്‍ സര്‍ക്കസിന്റെ മറ്റൊരു മുഖമായി മാറി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ജമിനി സര്‍ക്കസിന് വലിയ ആരാധരുണ്ടായി. അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ ജംബോ സര്‍ക്കസും അദ്ദേഹം സ്വന്തമാക്കി. ജമിനിയെ പോലെ തന്നെ ജംബോയും നിറഞ്ഞ കയ്യടികള്‍ നേടി പടര്‍ന്നു പന്തലിച്ചു.

സര്‍ക്കസ് കാണാനെത്തിയ പ്രധാനമന്ത്രി നെഹ്‌റു ജമിനി ശങ്കരന്റെ പ്രകടനങ്ങള്‍ കണ്ട് ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നിയെന്നും നമ്മുടെ രാജ്യത്തും ഇത്തരം സര്‍ക്കസുകളുണ്ടായതിന്‍ അഭാനമുണ്ടെന്നും പറഞ്ഞത്രെ

Edit2

1962 ല്‍ സര്‍ക്കസ് കാണാനെത്തിയ പ്രധാനമന്ത്രി നെഹ്‌റു ജമിനി ശങ്കരന്റെ പ്രകടനങ്ങള്‍ കണ്ട് ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നിയെന്നും നമ്മുടെ രാജ്യത്തും ഇത്തരം സര്‍ക്കസുകളുണ്ടായതിന്‍ അഭാനമുണ്ടെന്നും പറഞ്ഞത്രെ. ലോക സര്‍ക്കസ് വേദികളിലെ തന്നെ ഏറ്റവും മികച്ച ഹൊറിസോണ്ടല്‍ ബാര്‍ കളിക്കാരന്‍ അദ്ദേഹമായിരുന്നു. അപകടകരമായ ജീപ് ജംപിങിലും ശങ്കരന്‍ വിദഗ്ധനായിരുന്നു. വിജയ ലക്ഷ്മി പണ്ഡിറ്റിനും ഇന്ദിരാ ഗാന്ധിക്കുമൊപ്പമായിരുന്നു അന്ന് നെഹ്‌റു സര്‍ക്കസ് കാണാനെത്തിയത്. ജമിനി ശങ്കരന്റെ സര്‍ക്കസിനെ അഭിനന്ദിച്ചതില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ദലൈലാമ തുടങ്ങി ലോകത്തിലെ തന്നെ പല പ്രമുഖരും ഉണ്ടായിരുന്നു. നിരവധി രാജ്യങ്ങളില്‍ ജമിനി സര്‍ക്കസ് കയ്യടി നേടി. വിവിധ രാജ്യങ്ങളില്‍ നിന്നുളള സര്‍ക്കസ് കലാകാരന്മാരും ജമിനി സര്‍ക്കസിന്റെ ഭാഗമാവുകയും ചെയ്തു.

ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയായ വിഷ്ണു പന്ത് ഛത്രെയില്‍ നിന്ന് സര്‍ക്കസിന്റെ ചരിത്രം ഇന്ന് എത്തി നില്‍ക്കുന്നത് ജമിനി ശങ്കരനിലാണ്. ശങ്കരന്‍ അടയാളപ്പെടുത്തിയ സര്‍ക്കസ് തമ്പുകളുടെ ഏടുകള്‍ എക്കാലവും അവസ്മരണീയി തുടരുമെന്നതില്‍ സംശയമില്ല.

logo
The Fourth
www.thefourthnews.in