ശങ്കരാടി: മലയാള സിനിമാ തറവാട്ടിലെ കാരണവർ 

ശങ്കരാടി: മലയാള സിനിമാ തറവാട്ടിലെ കാരണവർ 

ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ഹാസ്യ, സ്വഭാവ നടൻ ശങ്കരാടിയുടെ ജന്മ ശതാബ്ദിയാണിന്ന്
Updated on
9 min read

‘നായർ മേധാവിത്വത്തിൻ്റെ  പതനം’ എന്ന വിഖ്യാത ഗ്രന്ഥം എഴുതിയ റോബിൻ ജെഫ്രി ശങ്കരാടി അഭിനയിച്ച സിനിമകൾ കണ്ടിരുന്നെങ്കിൽ ഒരു പക്ഷെ അദ്ദേഹത്തെക്കുറിച്ച് തൻ്റെ പുസ്തകത്തിൽ എഴുതിയേനെ. കേരള സമൂഹത്തിൽ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയായിരുന്ന തറവാടുകളിലെ കേന്ദ്ര കഥാപാത്രമായ കാരണവർ; മക്കളെ ശാസിക്കുന്ന കരുത്തനായ അച്ഛൻ, മരുമക്കളെ നിലക്കുനിർത്തുന്ന ഒരു പ്രമാണിയായ അമ്മാവൻ എന്നിങ്ങനെയുള്ള റോളുകൾ നിരവധി ചിത്രങ്ങളിൽ അനശ്വരമാക്കിയ നടനാണ് ശങ്കരാടി. പുസ്തക രചനയ്ക്കായി റോബിൻ ജെഫ്രി കേരളത്തിലെത്തിയപ്പോൾ നേരിട്ടുകണ്ട എത് കാരണവരെക്കാളും രൂപത്തിലും ഭാവത്തിലും  ജീവിതത്തിലും മികച്ചതായിരുന്നു ചന്ദ്രശേഖര മേനോൻ എന്ന ശങ്കരാടി അവതരിപ്പിച്ച കഥാപാത്രങ്ങൾ. 

നാല് പതിറ്റാണ്ട് മലയാള സിനിമയിൽ ഇടവേളകളില്ലാതെ തുടർച്ചയായി ശങ്കരാടി അഭിനയിച്ചു. എഴുന്നൂറോളം ചിത്രങ്ങൾ. ആയിരത്തിലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും സിനിമയിൽ വേഷമില്ലാതെ ശങ്കരാടി വീട്ടിലിരുന്നില്ല. തൻ്റെ സമകാലീനരായ അടൂർ ഭാസിയും ബഹദൂറും പതിയെ   സിനിമയിൽനിന്ന് അപ്രത്യക്ഷരായപ്പോഴും ശങ്കരാടി സജീവമായി തന്നെ നിന്നു. പകരം വെയ്ക്കാനില്ലാത്ത ആ നടനെ മലയാള സിനിമയ്ക്ക് എന്നും  ആവശ്യമായിരുന്നു. ആ മഹാനായ നടന്റെ ജന്മശതാബ്ദിയാണ് ഇന്ന് (ജൂലൈ 14). 

Summary

1963 ലാണ് ശങ്കരാടി സിനിമാ രംഗത്ത് എത്തുന്നത് ഉദയായുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘കടലമ്മ’ ആയിരുന്നു ആദ്യ സിനിമ

അറുപതുകളിലേയും എഴുപതുകളിലേയും വലിയ നിലവാരമൊന്നുമില്ലാത്ത മലയാള ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമകൾ പലതും ഇന്ന് ഓർമിക്കപ്പെടുന്നത്  അതിലെ അനശ്വരമായ നല്ല  ഗാനങ്ങളിലൂടെയും ചില സഹനടന്മാരുടെ  വ്യത്യസ്തമായ അഭിനയം കൊണ്ടുമാണ്. വിരസങ്ങളായ അത്തരം പല സിനിമകളിലും ഗാനങ്ങളോടൊപ്പം പ്രേക്ഷകരെ ആകർഷിച്ചത്  ശങ്കരാടിയുടെ സാന്നിധ്യവും അദ്ദേഹം അഭിനയിച്ച രംഗങ്ങളുമായിരുന്നു. നാടകത്തിൽനിന്ന് സിനിമയിലേക്ക് ചേക്കേറിയ അക്കാലത്തെ മലയാള സിനിമയിലെ പല നടമാരിൽ നിന്നും നാടകാഭിനയത്തിൻ്റെ  സ്വാധീനം ലവശേമില്ലാതെ  അഭിനയത്തിലും ഡയലോഗിലും ശങ്കരാടി വേറിട്ടു നിന്നു.  

എറണാകുളം മഹാരാജാസിൽ നിന്ന് ഇൻ്റർ മിഡിയറ്റ് പാസ്സായി നേരെ ബറോഡയിൽ മറൈൻ എഞ്ചിനിയറിംഗിന് ചേർന്നു. എന്നാൽ ചന്ദ്രശേഖര മേനോൻ ബറോഡയിൽ പഠിച്ചത് കടലിനെ കുറിച്ചല്ല; കമ്യൂണിസത്തെപ്പറ്റിയായിരുന്നു

ചെറായിയിലെ സഹോദരൻ അയ്യപ്പൻ്റെ ഗൃഹത്തിനടുത്താണ് മേമന കണക്കു വീട്ടിൽ ചെമ്പകരാമൻ പിള്ളയുടെ മകനായ ചന്ദ്രശേഖര മേനോൻ ജനിച്ചത്. അമ്മ തോപ്പിൽ പറമ്പിൽ ജാനകിയമ്മ. സ്കൂൾ വിദ്യാഭ്യാസം ചെറായിലും തൃശൂർ കണ്ടശ്ശാംകടവിലുമായിരുന്നു. എറണാകുളം മഹാരാജാസിൽ നിന്ന് ഇൻ്റർ മിഡിയറ്റ് പാസ്സായി നേരെ ബറോഡയിൽ മറൈൻ എഞ്ചിനിയറിംഗിന് ചേർന്നു. എന്നാൽ ചന്ദ്രശേഖര മേനോൻ ബറോഡയിൽ പഠിച്ചത് കടലിനെ കുറിച്ചല്ല; കമ്യൂണിസത്തെപ്പറ്റിയായിരുന്നു. സജീവ പാർട്ടി പ്രവർത്തകനായി മാറി. പഠനത്തേക്കാൾ പാർട്ടി പ്രവർത്തനം മുന്നേറി. അവിടെ ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ ചന്ദ്രശേഖര മേനോൻ പാർട്ടി പ്രവർത്തനവുമായി നാഗ്പൂരെത്തി. അവിടെ നടന്ന ഒരു ബോംബ് കേസുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ  ബോംബെയ്ക്ക് മുങ്ങി. അവിടെ അക്കാലത്ത് പ്രസിദ്ധികരിച്ചിരുന്ന ‘ലിറ്റററി  റിവ്യൂ’ എന്ന മാസികയിൽ പത്രപ്രവർത്തകനായി. ഇടതുപക്ഷാഭിമുഖ്യമുള്ള കവിയും നടനുമായ  ഹരിന്ദ്രനാഥ് ചതോപാധ്യായ അവിടെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനായിരുന്നു. ബോബെ മലയാളികളെ പാർട്ടിയിലേക്കാകർഷിക്കലായിരുന്നു ശങ്കരാടിയുടെ അക്കാലത്തെ പ്രധാന ജോലി.

1950-ൽ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നപ്പോൾ കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകരോട്  മടങ്ങിവന്ന് സ്വന്തം നാടുകളിൽ പ്രവർത്തിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. 1952 ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി പേരെ വിജയിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു അത്. എറണാകുളത്ത് തിരിച്ചെത്തിയ ചന്ദ്രശേഖര മേനോൻ മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. പാർട്ടിയുടെ സാംസ്കാരിക പരിപാടികളോടായിരുന്നു അദ്ദേഹത്തിന് കൂടുതൽ ആഭിമുഖ്യം. 

ആ കാലത്ത് കൊച്ചിയിലെ പൊഫഷണൽ   നാടകപ്രസ്ഥാനം വളരെ സജീവമായിരുന്നു. എറണാകുളത്ത് പുതിയതായി രൂപീകരിച്ച ‘പ്രതിഭാ തിയേറ്റേഴ്സ്’ എന്ന നാടക സമിതിയുടെ സെക്രട്ടറിയായപ്പോളാണ്  ചന്ദ്രശേഖര മേനോൻ എന്ന പേര്  ഉപേക്ഷിച്ച്  ശങ്കരാടിയായത്. പി ജെ ആന്റണിയെന്ന പ്രതിഭയായിരുന്നു സമിതിയുടെ പ്രധാന നടനും സംവിധായകനും. പിന്നീട് അഭിപ്രായ വ്യത്യാസം മൂലം ആന്റണി പ്രതിഭയിൽ നിന്ന് മാറിനിന്നപ്പോൾ തോപ്പിൽ ഭാസിയെഴുതിയ ‘വിശക്കുന്ന കരിങ്കാലി’ എന്ന നാടകത്തിൽ അഭിനയിച്ചതോടെ ശങ്കരാടിയെന്ന നടൻ നാടകരംഗത്ത് അറിയപ്പെടാൻ തുടങ്ങി. പ്രതിഭക്ക് വേണ്ടി പുതിയൊരു നാടകം തോപ്പിൽ ഭാസി എഴുതാൻ ആരംഭിച്ചപ്പോൾ ശങ്കരാടി തോപ്പിലാശാനെ ഞാറയ്ക്കലിൽ കൊണ്ടു പോയി സ്വസ്ഥമായി എഴുതാൻ ഒരു വീടെടുത്ത് താമസിപ്പിച്ചു. കൊച്ചിക്കായലിനും കടലിനുമിടക്കുള്ള  ശാന്തമായ ഒരു സ്ഥലമായിരുന്നു  അത്. നല്ല കള്ളും മീനും കിട്ടും. നാടകകൃത്തിന്  പ്രചോദനം വേണല്ലോ അതും ശങ്കരാടി ഏർപ്പാടാക്കി. കൂട്ടത്തിൽ പ്രചോദനം തനിക്കും. വൈകീട്ട് 4 കുപ്പി കള്ള് എത്തും; ഒന്ന് നാടകകൃത്തിന്, ബാക്കി ശങ്കരാടിക്കുള്ള പ്രചോദനവും.

ശങ്കരാടി - വര നമ്പൂതിരി.
ശങ്കരാടി - വര നമ്പൂതിരി.

അവിടെ നല്ല നെയ് മത്തി കിട്ടും; ഒരണക്ക് 25 എണ്ണം. ശങ്കരാടി അതെല്ലാം വറുത്ത് ഒരു പാത്രത്തിൽ തല ഒരു ഭാഗത്തു തന്നെ വരുന്ന രീതിയിൽ വറുത്ത മത്തികൾ നിരത്തി വെയ്ക്കും. ഏതെങ്കിലും ഒരു മത്തി തലതിരിഞ്ഞിരുന്നാൽ  കൊണ്ടു വെച്ച ആളോട് ചൂടാകും. അത്രയ്ക്ക് ക്രമം നോക്കുന്ന ആളാണ്. മത്തി ശരിയായി വെച്ചു കഴിഞ്ഞാൽ ശങ്കരാടി തൻ്റെ മത്തി തീറ്റ ആരംഭിക്കും. തള്ളവിരലും ചൂണ്ടുവിരലും പെയോഗിച്ച് ഒരു മത്തിയുടെ വാലിൽ പിടിച്ച് തൻ്റെ തല വരെ പൊക്കും. മുഖം ഉയർത്തി ഉണ്ടക്കണ്ണുകൾ മിഴിച്ച് മത്തിയെ പരുഷമായൊന്നു നോക്കും. വാ പൊളിക്കും. മത്തിയുടെ തല വായയിലേക്കിറക്കും. ചവച്ച് ചവച്ച് മുള്ളുൾപ്പടെ  വാലടക്കം തിന്നും. അടുത്ത മത്തിയുടെ വാലിൽ പിടിക്കും. ഇതെല്ലാം കണ്ട  നിന്ന തോപ്പിൽ ഭാസി എഴുതി, “ശങ്കരാടി മത്തി തിന്നുന്നത് ഒരു കലയാണ്.”

ശങ്കരാടി: മലയാള സിനിമാ തറവാട്ടിലെ കാരണവർ 
ടി വി കെ എന്ന മലബാറിന്റെ സർവ വിജ്ഞാന കോശം

തോപ്പിൽ ഭാസി അന്നെഴുതിയ നാടകമാണ് പ്രശസ്തമായ ‘ മൂലധനം’ ഇതിലെ മാടറപ്പുകാരൻ അസനാർ എന്ന കഥാപാത്രമാണ്  നാടക രംഗത്ത് ശങ്കരാടിയെ ഏറെ പ്രശസ്തനാക്കിയത് . അതിലെ  മുസ്ലിം കഥാപാത്രമായിയുള്ള  ശങ്കരാടിയുടെ വേഷപ്പകർച്ച നാടകവേദിയിലെ ആ  കാലത്തെ  ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ നിഷ്പ്രഭമാക്കി.

മൂലധനം നാടകം പിന്നീട്  പി ഭാസ്കരൻ സംവിധാനം ചെയ്ത  ചലച്ചിത്രമായപ്പോൾ അതേ വേഷം ശങ്കരാടി അവിസ്മരണീയമാക്കി. അതോടെ  ശങ്കരാടിയെന്ന നടൻ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. 1963 ലാണ് ശങ്കരാടി സിനിമാ രംഗത്ത് എത്തുന്നത് ഉദയായുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘കടലമ്മ’ ആയിരുന്നു ആദ്യ സിനിമ.  വേലുവെന്ന കഥാപാത്രം. പടത്തിലെ ശങ്കരാടിയുടെ ആദ്യ ഡയലോഗ് മോശമല്ലായിരുന്നു. “അവനത്രക്കായോ?” എന്ന് ക്ഷോഭിച്ചാണ് കടലമ്മയിലെ ആദ്യ രംഗത്ത് പ്രതൃക്ഷപ്പെടുന്നത് തന്നെ.

രാവുണ്ണി നായർ - നിർമ്മാല്യം
രാവുണ്ണി നായർ - നിർമ്മാല്യം

നിർമാല്യത്തിൽ വെളിച്ചപ്പാടാകാൻ ആദ്യം സംവിധായകനായ എം ടിയുടെ നോട്ടം ചെന്നെത്തിയത് ശങ്കരാടിയിലായിരുന്നു. ശങ്കരാടി അഭിനയിച്ച നാടകങ്ങളൊന്നും എം ടി കണ്ടിട്ടില്ലെങ്കിലും ആ വേഷത്തിന് പാകമായ മറ്റൊരാളില്ലെന്ന് എം ടിക്ക് തിട്ടമായിരുന്നു. “പ്രായം കൂടിപ്പോയല്ലോ,” ശങ്കരാടി സ്വതസിദ്ധമായ ദൈന്യതയോടെ പറഞ്ഞു. ഒരു വെളിച്ചപ്പാടിന് വേണ്ട ആകാരം പ്രത്യേകിച്ച്, ഉയരം ഇല്ല. പിന്നീട്  ശങ്കരാടിയുടെ തന്നെ നിർദേശം പ്രകാരമാണ് പി ജെ ആൻ്റണിയെ വെളിച്ചപ്പാടാക്കുന്നത്. പക്ഷേ, നിർമാല്യത്തിലെ ഒരു ശ്രദ്ധേയ കഥാപാത്രമായ രാവുണ്ണി നായരായി ശങ്കരാടി മനോഹരമായി അഭിനയിച്ചു.

വലിയ ഒരു ഇല്ലത്തെ ഒരു ആശ്രിതനാണ് രാവുണ്ണി നായർ. പഴയ കഥകളി നടൻ കൂടിയാണ്. മനയിലെ ഒരു നിസ്സാരനായ പാവം ജോലിക്കാരൻ. കാലം മാറിയപ്പോൾ ഇല്ലത്തെ തിരുമേനി പുതിയ രീതികളിലേക്ക് മാറി. റബർ കൃഷി, ബസ് ഇതൊക്കെയാണ് പഥ്യം. കഥകളിയൊന്നും പരിഗണനയിൽ പോലുമില്ല. പഴയ കാല സ്മരണയുമായി നിരാശയോടെ നെടുവീർപ്പിട്ട് രാവുണി നായർ ദുഃഖത്തോടെ വെളിച്ചപ്പാടിനോട് പറയുന്നുണ്ട്, “കളിയൊക്കെ കഴിഞ്ഞു വെളിച്ചപ്പാടേ ഇനി യോഗം മാത്രമേയുളളൂ.” 

കൽപ്പം സേവിച്ചിരിക്കുന്ന തിരുമേനിയെ കണ്ടില്ലെന്ന് വെളിച്ചപ്പാട്  പറയുമ്പോൾ അയാൾ പഴയ രാവുണ്ണി നായരാകുന്നു കുസൃതിച്ചിരിയോടെ തൻ്റെ രണ്ട് വിരലുകൾ ഇളക്കി പറയുന്നു, “ഈ സേവകള് കുറെ ജാസ്തിയാവുന്നവർക്ക് കൊല്ലത്തിൽ ഒരു മാസം കൽപ്പം”. ദുഃഖത്തിൽ നിന്ന് ഹാസ്യം, പിന്നെ ദുഃഖം. തീർത്തും സ്വാഭാവികമായ അഭിനയമായിരുന്നു. നിർമാല്യത്തിലെ ഒന്നൊ രണ്ടൊ രംഗത്തേ ശങ്കരാടി പ്രതൃക്ഷപ്പെടുന്നുള്ളൂ. ദൈവങ്ങൾക്കും ഇപ്പോ പിഴച്ച കാലമാണ് എന്ന് വിശ്വസിക്കുന്ന, അസുഖമുള്ള കാലും വലിച്ച് വെച്ച് പതുക്കെ ഇല്ലം വിട്ട് പോകുന്ന ശങ്കരാടിയുടെ രാവുണ്ണി നായർ വെളിപ്പാടിന്റെ ഒപ്പം നിൽക്കുന്ന  അവിസ്മരണീയമായ കഥാപാത്രമാണ്.

 ഇരുട്ടിൻ്റെ ആത്മാവിലെ - അച്യുതൻ നായർ
ഇരുട്ടിൻ്റെ ആത്മാവിലെ - അച്യുതൻ നായർ

എം ടിയുടെ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധന്റെ നോട്ടക്കാരൻ അച്യുതൻ നായർ ശങ്കരാടിയുടെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാണ്. ‘അടിയിലും മേലെ ഒരു ഒടിയില്ല’ എന്ന് വിശ്വസിക്കുന്ന ഭ്രാന്തൻ വേലായുധനെ അടിച്ച് ചികിത്സിക്കുന്ന അച്യുതൻ നായരായി ശങ്കരാടി അഭിനയിക്കുന്നത് കണ്ടപ്പോൾ എം ടിക്ക് അത്ഭുതം തോന്നി. ശങ്കരാടി അഭിനയിച്ച നാടകങ്ങളൊന്നും കാണാൻ പറ്റിയില്ലല്ലോ എന്ന ദുഃഖവും.  എഴുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലെ അത് വരെയുള്ള നർമ സങ്കൽപ്പങ്ങളെ തൻ്റെ സിനിമയിലൂടെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു ഡോക്ടർ ബാലകൃഷ്ണൻ.  മുഖം കൊണ്ടുള്ള ഗോഷ്ടികളും ശരീരചേഷ്ടകളും ഹാസ്യമാക്കിയിരുന്ന നിലവാരമില്ലാത്ത അക്കാലത്തെ തമാശരംഗങ്ങളെ  നിരാകരിച്ച് സംഭാഷണങ്ങളിലും കഥാസന്ദർഭങ്ങളിലും നർമം കൊണ്ടുവന്ന വ്യത്യസ്തമായ രീതി ആദ്യം അവതരിപ്പിച്ചത് 1973ൽ ‘ലേഡീസ് ഹോസ്റ്റൽ എന്ന ചിത്രം സംവിധാനം ചെയ്ത ഡോ. ബാലകൃഷ്ണനായിരുന്നു. നർമ രംഗങ്ങൾക്ക് മലയാള സിനിമയിൽ പ്രാധാന്യം കൊടുക്കുക മാത്രമല്ല, അവ കഥയിലെ പ്രധാന ഘടകമാക്കി മുന്നോട്ടു കൊണ്ടു പോകാവുന്ന ശൈലിക്ക് ഡോക്ടർ ബാലകൃഷ്ണൻ തുടക്കമിട്ടു. എൺപതുകളുടെ അവസാനത്തിൽ അദ്ദേഹത്തിൻ്റെ ശിഷ്യനായ സത്യൻ അന്തിക്കാട് ഇതേ ശൈലിയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തു.

തൊണ്ണൂറുകളിൽ വന്ന ശ്രീനിവാസൻ -സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൻ്റെ ചിത്രങ്ങളാണ് ഇപ്പോഴും മലയാള സിനിമയെ ചില പ്രവണതകളെ മാറ്റി മറിച്ച പടങ്ങൾ. ഈ ചിത്രങ്ങളുടെ പ്രത്യേകതകൾ  അതിലെ അഭിനേതാക്കളെല്ലാം ഈ സിനിമകളിൽ  തുല്യ പ്രാധാന്യമുള്ള  താരങ്ങളാകുന്നു എന്നതാണ്. ഉദാഹരണത്തിന “പൊൻമുട്ടയിടുന്ന താറാവ് “ എന്ന ചിത്രത്തിൽ എല്ലാ  കഥാപാത്രങ്ങളും സൂപ്പർ താരങ്ങളാണ്. ആരെയാണ് അതിലൊഴിവാക്കാനാവുക? സത്യൻ അന്തിക്കാടിൻ്റെ  ‘സസ്നേഹം’ എന്ന ചിത്രത്തിൽ നടി ഫിലോമിന ആദ്യമായി പ്രതൃക്ഷപ്പെടുന്ന  രംഗം വന്നപ്പോൾ തിയേറ്ററിൽ വലിയൊരു ആർപ്പു വിളിയും കൈയ്യടിയുമായിയാണ് ഫിലോമിനയെ പ്രേക്ഷകർ എതിരേറ്റതെന്ന് അതേ തിയേറ്ററിൽ ഇരുന്ന് അത് കണ്ട സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്. ആ  കാലത്തെ സിനിമകളിൽ നായകനെക്കാൾ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അതിലഭിനയിച്ച മറ്റു നടമാരെയാണ്. ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ഇന്നസെൻ്റ് തുടങ്ങിയവരെ. അവർക്കൊപ്പം ഏറ്റവും അധികം പ്രേക്ഷകരുടെ സ്വീകാര്യത നേടിയ നടനായിരുന്നു ശങ്കരാടി..

സത്യൻ അന്തിക്കാടിൻ്റെ ആ കാലത്തെ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ശങ്കരാടി. ‘ചുക്കില്ലാത്ത കഷായമില്ല’ എന്ന് പറഞ്ഞ പോലെ ശങ്കരാടിയില്ലാത്ത വളരെ കുറച്ച് പടങ്ങളെ താൻ സംവിധാനം ചെയ്തിട്ടുള്ളൂവെന്ന് അന്തിക്കാട് ഒരിക്കൽ പറയുക പോലും ചെയ്തു. ബ്ലാക്ക് ആൻ്റ് വൈറ്റ് കാലത്ത് നിന്ന് കളർചിത്രങ്ങളിലേക്ക്ശൈലി പകർന്ന ശങ്കരാടി തൻ്റെ സ്വാഭാവിക അഭിനയം ഏറ്റവും നന്നായി കാഴ്ചവച്ചത്  സത്യൻ അന്തിക്കാട് ചിത്രങ്ങളിലാണ്.

സന്ദേശം സിനിമയിലെ പാർട്ടി താത്വികാചാര്യൻ കുമാരപിള്ള സാർ
സന്ദേശം സിനിമയിലെ പാർട്ടി താത്വികാചാര്യൻ കുമാരപിള്ള സാർ

സന്ദേശ (1991) ത്തിലെ പാർട്ടി താത്വികാചാര്യൻ കുമാരപിള്ള സാർ അനശ്വരമാക്കിയ, “താത്വികമായ ഒരു  അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനാ വാദികളും പ്രതിക്രിയാവാദികളും  പ്രഥമ ദൃഷ്ടിയാൽ അകൽച്ചയിലായിരുന്നെങ്കിലും. അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ’ ബൂർഷാസ്വികളും തക്കം പാർത്തിരിക്കുകയായിരുന്നു,” എന്ന ഡയലോഗ് അറിയാത്ത പുതിയ തലമുറയിലെ മലയാളികൾ പോലും വിരളമായിരിക്കും. “ഉൾപ്പാർട്ടി ജനാധിപത്യം  അനുവദിച്ചിട്ടുണ്ട്. ശരിയാണ്. നമ്മളെല്ലാരും ഒരുമിച്ചിരുന്ന ദിനേശ് ബീഡി വലിക്കുന്നതും അത് കൊണ്ടാണ് . എന്ന് വെച്ച് പാർട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്,” എന്ന പാർട്ടി അംഗങ്ങൾക്കുള്ള കുമാരപിള്ള സാറിന്റെ താക്കീതും ഇപ്പോഴും ഇടയ്ക്കിടെ വൈറൽ ആകുന്ന ഡയലോഗ് ആണ്. 

ഏറ്റവും സ്വാഭാവികമായി ശങ്കരാടി അഭിനയിച്ച ഈ പാർട്ടി ഓഫിസിലെ രംഗം ഒരിക്കൽ  അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ  കടന്നു പോയതാണെന്ന വസ്തുത  ആ രംഗം കണ്ട പ്രേക്ഷകരിൽ ഭൂരിഭാഗത്തിനും ഇപ്പോഴും അജ്ഞാതമായിരിക്കും. കാൽ നൂറ്റാണ്ട് മുൻപ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളത്തെ ഓഫിസ് സെക്രട്ടറിയായിരുന്നു ചന്ദ്രശേഖരമേനോൻ എന്ന ശങ്കരാടി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഒരു കെട്ടിടത്തിലായിരുന്ന പാർട്ടി ഓഫീസിൽ അക്കാലത്ത് ടി വി തോമസ്, പി ടി പുന്നൂസ്, കെ സി ജോർജ്, ജോർജ് ചടയംമുറി, തുടങ്ങിയ പല നേതാക്കളും വന്ന് പോയിരുന്നു. പി ഗംഗാധരനായിരുന്നു അന്ന് ജില്ലാ സെക്രട്ടറി. അവിടെ നടക്കുന്ന ചർച്ചകളും വാദപ്രതിവാദങ്ങളും പ്രതികരണങ്ങളും സഖാക്കളുടെ വിലയിരുത്തലുകളും ഓഫിസ് സെക്രട്ടറിയായ ശങ്കരാടിക്ക് സുപരിചിതമായിരുന്നു. ആ അനുഭവങ്ങൾ ഈ രംഗം അതി മനോഹരമായി സാക്ഷാൽക്കരിക്കാൻ ഒരു മുൻ പാർട്ടിക്കാരൻ കൂടിയായ ശങ്കരാടിയെ സഹായിച്ചു.  

1964-ൽ പാർട്ടി പിളർന്നതോടെയാണ് ശങ്കരാടി രാഷ്ട്രീയം വിട്ട് പൂർണമായും അഭിനേതാവായി മാറിയത്. മധു സംവിധാനം ചെയ്ത കെ പി എ സിയുടെ ‘നീലക്കണ്ണുകൾ ‘ എന്ന ചിത്രത്തിൽ പൽപ്പൊടി വിൽപ്പനക്കാരന്റെ വേഷത്തിൽ തേയില തോട്ടം തൊഴിലാളികളെ  സംഘടിപ്പിക്കാൻ വരുന്ന പാർട്ടി പ്രവർത്തകനായി ശങ്കരാടി അഭിനയിച്ചു. പണ്ട് ബറോഡയിലും ബോംബെയിലും നടത്തിയ  തന്റെ  രാഷ്ട്രിയ പ്രവർത്തനത്തിന്റെ ആവർത്തനം, സ്ക്രീനിലായിരുന്നുവെന്ന് മാത്രം.

ശങ്കരാടി: മലയാള സിനിമാ തറവാട്ടിലെ കാരണവർ 
മരണക്കൂട്ട്: നോവുന്ന സത്യങ്ങൾ ഉറക്കെപ്പറയുന്ന ഒരു ശവം വാരിയുടെ ആത്മകഥ

ഒരു നീണ്ട കഥ, നീണ്ട നീണ്ട കഥയെന്ന് പറഞ്ഞ് എഡിറ്ററെ കാണാൻ വരുന്ന ഒ പി ഒളശ. തിരിച്ചിട്ടാലും മറിച്ചിട്ടാലും  ഒരേ പേരുകാരൻ ഒ പി ഒളശയെന്ന സാഹിത്യകാരൻ. പ്രിയദർശന്റെ  ബോയിംഗ് ബോയിംഗിൽ  ജഗതി അഭിനയിച്ച, പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന എഡിറ്ററാണ് ശങ്കരാടി. ഒരു കാലത്ത് യഥാർത്ഥ ജീവിതത്തിൽ ഇത് പോലെ ഒത്തിരി ഒളശമാരെ ശങ്കരാടി പത്രമാഫീസിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ബോംബെയിൽ പത്രപ്രവർത്തകനായിരുന്ന ശങ്കരാടി തിരികെ കേരളത്തിലെത്തിയ ശേഷം മൂന്ന് വർഷത്തോളം  മലയാളത്തിലെ ആദ്യത്തെ സിനിമാ പ്രസിദ്ധീകരണങ്ങളൊന്നായ ‘ഫിലിം സ്റ്റാർ’ന്റെ എഡിറ്ററായിരുന്നു.  (എഡിറ്റർ- ചന്ദ്രശേഖരമേനോൻ ) പേര് എങ്ങനെയെങ്കിലും അച്ചടിച്ച് കാണമെന്നാഗ്രഹവുമായി പത്രമോഫിസിൽ കേറിയിറങ്ങുന്ന അനേകം ഒളശമാരെ വാക്ചാതുര്യം  കൊണ്ട് നേരിടുന്ന സിനിമയിലെ പോലെ  മഹാനല്ലാത്ത എഡിറ്ററായിരുന്നു ശങ്കരാടി.  വലിയ പ്രചാരമൊന്നുമൊന്നും നേടാനാകാതെ ആ  മാസിക മൂന്ന് വർഷത്തിന് ശേഷം പൂട്ടി.

മമ്മുട്ടിയ്ക്കൊപ്പം ശങ്കരാടി
മമ്മുട്ടിയ്ക്കൊപ്പം ശങ്കരാടി

മദ്രാസിൽ  മദ്യനിരോധനക്കാലമാണ്. ശങ്കരാടി താമസിക്കുന്ന ഹോട്ടലിൽ കള്ളക്കടത്തുകാരുണ്ടെന്ന് വിവരം കിട്ടി പോലിസ് എത്തി. ശങ്കരാടിയുടെ മുറിയിൽ മദ്യപാന സദസ് നടക്കുകയായിരുന്നു. കൂടെ നടൻ മധുവുമുണ്ട്. പോലിസ് കേസെടുത്തു അവരെ സ്റ്റേഷനിൽ കൊണ്ട് പോയി. പിന്നിട് ചെമ്മീനിലഭിനയിച്ച വലിയ നടനാണ് മധു എന്ന് മനസിലായപ്പോൾ പോലിസുകാർക്ക് എങ്ങനെയെങ്കിലും ഇവരെ ഒഴിവാക്കിയാൽ മതി എന്നായി.

ശങ്കരാടി നല്ല മൂഡിലാണ്. പാട്ടൊക്കെ പാടി പോലീസുകാരുമായി സംഭാഷണത്തിൽ. പണ്ട് അറസ്റ്റിലായതും ജയിൽ കിടന്നതൊക്കെ പോലീസുകാരോട്  വിശദീകരിക്കുകയാണ്. ഒടുവിൽ പോകാമെന്ന് ഇൻസ്പെക്ടർ പറഞ്ഞപ്പോൾ ശങ്കരാടിക്ക് പോലീസ് വണ്ടിയിൽ പോകണം. വഴിയിൽ ഏതെങ്കിലും ഹോട്ടലിൽ നിന്ന്  നല്ല ഭക്ഷവും മദ്യവും പോലീസ് വാങ്ങിത്തരണം. “കാശൊക്കെ ഞങ്ങൾ കൊടുത്തോളാം നിങ്ങളുടെ മേൽനോട്ടം വേണം എന്ന് മാത്രം,” പോലിസുകാർ പുലിവാല് പിടിച്ചു. ശങ്കരാടിക്കുണ്ടോ പോലീസ് പട്ടാളവും? ഒടുവിൽ കൂടെയുള്ളവർ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഗോളാന്തര വാർത്ത എന്ന ചിത്രത്തിൽ ശങ്കരാടി പഞ്ചായത്ത് പ്രസിഡൻ്റ് ആണ്. നാട്ടുകാരുടെ പ്രിയപ്പെട്ടവനായ മുരിങ്ങച്ചോട്ടിൽ രമേശൻ നായർ സ്ഥലത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പൊതു കാര്യ പ്രസക്തനാണ്. ആ നാട്ടിൽ പോലിസിന് ജോലിയില്ല. രമേശൻ നായരെ പൊക്കാൻ കലിപൂണ്ടെത്തിയ എസ്  ഐ ഇരുമ്പൻ ജോർജ്  ചോദിക്കുന്നു, “അപ്പോൾ പിന്നെ ഞങ്ങൾക്കെന്താ ജോലി?” പഞ്ചായത്ത് പ്രസിഡൻറ് ശങ്കരാടിയുടെ മറുപടി, “കുറ്റവാളികളെ പിടിച്ചാൽ പോലീസിലേൽപ്പിക്കും. അവരെ കോടതിയിലാക്കും. കോടതി അവരെ ശിക്ഷിക്കും. കോടതി ശിക്ഷിക്കുന്നവരെ കൊണ്ടു പോയി ജയിലിലാക്കാം. അതാവശ്യം  പോസ്റ്റ്മോർട്ടത്തിന് കാവലു നിൽക്കാം. ഇത്രയൊക്കെ നിങ്ങൾക്കും ചെയ്യാം”.  

സന്ദേശത്തിൽ താത്വികാചാര്യൻ കുമാരപിള്ള സാർ സഖാവ് പ്രഭാകരൻ കോട്ടപ്പള്ളിയോട് പറയുന്നുണ്ട്, “ലൗകികമായ തൃഷ്ണകളെ നമ്മൾ അതിജീവിക്കണം. എല്ലാ എസ്റ്റാബ്ലിഷ്മെന്റുകൾക്കെതിരെയാണ് നമ്മുടെ യുദ്ധം. തുറന്ന് പറയാം അടിസ്ഥാനപരമായി നമ്മുടെ പാർട്ടിക്ക് കല്യാണം ഇഷ്ടമല്ല.”

ശങ്കരാടി: മലയാള സിനിമാ തറവാട്ടിലെ കാരണവർ 
കേരള രാഷ്ട്രീയചരിത്രത്തിന്റെ ഒന്നാം സാക്ഷിയായ കെ സി ജോൺ 

മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലർ ക്ലബിലെ അംഗം ശങ്കരാടി കുമാര പിള്ള സാർ പറഞ്ഞ എസ്റ്റാബ്ലിഷ്മെൻ്റിനെതിരെയുള്ള യുദ്ധം അവസാനിച്ച് വിവാഹിതനാകാൻ തീരുമാനിച്ചത് അന്ന് സിനിമാ രംഗത്ത് ഒരു കൗതുക വാർത്തയായിരുന്നു. ഗുരുവായൂർ വെച്ചായിരുന്നു അമ്പതു വയസ് കഴിഞ്ഞ  ശങ്കരാടിയുടെ  വിവാഹം. കടവന്ത്ര, ചെറുപറമ്പത്തെ നാൽപ്പതുകാരി ശാരദയായിരുന്നു വധു. രണ്ടു പേരും കണ്ടാൽ മെയിഡ് ഫോർ ഈച്ച് അദർ  പോലെ. സിനിമയിൽ പെണ്ണുകാണൽ ശങ്കരാടി നിരവധി തവണ നടത്തിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഒറ്റത്തവണ മാത്രമേ പെണ്ണു കണ്ടുള്ളൂ. അത്  ശാരദയെയായിരുന്നു. വധു ശാരദയെ മണ്ഡപത്തിലക്ക് ആനയിച്ച് കൊണ്ടു വരുമ്പോൾ വിവാഹത്തിന്  വന്നിരുന്ന ഇന്ത്യൻ എക്സ്പ്രസിലെ  പത്രപ്രവർത്തക  ലീലാ മേനോൻ ചോദിച്ചു, “ നെർവസാണോ? ടെൻഷനുണ്ടോ?” ഈ സീൻ സിനിമയിൽ താൻ നൂറ് പ്രാവശ്യമെങ്കിലും അഭിനയിച്ചിട്ടില്ലെയെന്നായിരുന്നു ശങ്കരാടിയുടെ മറുപടി.

പേരു കേട്ട പിശുക്കന്നായിരുന്ന ശങ്കരാടി ആദ്യമായി കാശ് ചിലവാക്കുന്നത് കല്യാണ വസ്ത്രം വാങ്ങാനാണെന്ന് കഥ അപ്പോഴേക്കും പ്രചരിച്ചിരുന്നു. സദ്യ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ സിനിമാ നടന്മാരൊന്നും വിവാഹത്തിന് വരില്ലെന്നൊരു കഥയും പ്രചരിച്ചു. “എന്താണ് വൈകിയ വേളയിൽ ഈ മനം മാറ്റത്തിന് കാരണം ?”  ലീലാ മേനോൻ്റെ ചോദ്യത്തിന് ശങ്കരാടി മറുപടി പറഞ്ഞു. “വയസു കാലത്ത് ഒരു കൂട്ട് വേണമെന്ന് തോന്നി. പഴയ സുഹൃത്തും സഖാവുമായ തോപ്പിൽ ഭാസി രോഗം വന്ന് കാല് മുറിച്ചു. ഞാൻ കാണാൻ ചെന്നപ്പോൾ ഭാസി പറഞ്ഞു. താൻ കല്യാണം കഴിക്കണം. പ്രായമാകുമ്പോൾ, സുഖമില്ലാതാകുമ്പോൾ ശുശ്രൂഷക്ക് ഒരു ഭാര്യയാണ് ഏറ്റവും ആവശ്യം.”

മാലയിട്ട് മൂന്ന് തവണ വലം വെച്ച് ശാരദയുടെ കൈ പിടിച്ച് മണ്ഡപത്തിൽ നിന്ന് ഇറങ്ങി വന്നപ്പോൾ സ്വതസിദ്ധമായ തൻ്റെ ചിരിയോടെ ലീലാ മേനോനോട് പറഞ്ഞു, “ ഞാൻ അടുർ ഭാസിക്ക് ഒരു കത്തെഴുതിയിട്ടുണ്ട്. കാല് മാറിയതിൽ ക്ഷമിക്കണം എന്നപേക്ഷിച്ച്.”  ബാച്ചിലർ ക്ലബിലെ മറ്റൊരു അംഗമായിരുന്നു അടൂർ ഭാസി ശങ്കരാടിയുടെ സമകാലീനൻ. രണ്ടു പേരും  മുൻ പത്രപ്രവർത്തകരും പേരുകേട്ട  പിശുക്കൻമാരും അവിവാഹിതരുമായിരുന്നു അതു വരെ.

ശങ്കരാടി ഭാര്യ ശാരദയോടൊത്ത്
ശങ്കരാടി ഭാര്യ ശാരദയോടൊത്ത്

ഖദർ മുണ്ടിൻ്റെ തുമ്പ് ഒരു കക്ഷത്തിൽ വെച്ച് ഖദർ ഷർട്ടും ധരിച്ച് ചുണ്ടിൽ ഒരു ബീഡിയുമായി മലയാള സിനിമയിലെ കാരണവരായി ലോക്കേഷനിൽ വരുന്ന ശങ്കരാടിക്ക് ആ സ്വാതന്ത്ര്യവും സീനിയോറിറ്റിയും  എല്ലാവരും അംഗീകരിച്ചു കൊടുത്തിരുന്നു.  സത്യൻ- നസീർ- മധു, സോമൻ സുകുമാരൻ- മമ്മുട്ടി- മോഹൻലാൽ താരാധിപത്യത്തിലും അത് തുടർന്നു. 30 വർഷം മുൻപ് ശങ്കരാടി അഭിനയിച്ച ആദ്യ ചിത്രത്തിന്റെ സംവിധായകൻ കുഞ്ചാക്കോവിന്റെ കൊച്ചു മകൻ കുഞ്ചാക്കോ ബോബന്റെ ഒപ്പം വരെ- ശങ്കരാടി  അഭിനയിച്ചു. എല്ലാ തലമുറക്കാരോടും സൗഹാർദം സ്ഥാപിച്ചു. 

നോട്ടത്തിലും ഭാവത്തിലും ശുദ്ധമലയാളിത്വം അതായിരുന്ന ശങ്കരാടിയുടെ വ്യക്തിത്വം. സംവിധായകൻ ഭരതൻ ഒരിക്കൽ പറഞ്ഞു, “കോണകമുടുത്ത നായരെന്ന് വിളിക്കാൻ നമ്മുടെ സിനിമയിൽ ഒരാളുണ്ടെങ്കിൽ അതിയാളാണ്”.   

ശങ്കരാടി മോഹന്‍ലാലിനും ശ്രീനിവാസനും ഒപ്പം

നിർമാല്യത്തിൻ്റെ 25ാം വർഷം തിരുവനന്തപുരത്ത് ആലോഷിച്ചപ്പോൾ ശങ്കരാടി പ്രസംഗിച്ചു, “എംടിയുടെ നിരവധി കഥാപാത്രങ്ങൾ ഞാനവതരിപ്പിച്ചു. അദ്ദേഹത്തിൻ്റെ അച്ഛന്റെ സാമ്യമുള്ള കഥാപാത്രങ്ങൾ വരെ. അതിലെനിക്ക് അഭിമാനമുണ്ട് . അഭിനയം ഒരു തൊഴിലായി തുടരാവുന്ന പ്രായം കഴിഞ്ഞു. ഇനി ഒരാഗ്രഹമെ ബാക്കിയുള്ളൂ എംടി യുടെ തിരക്കഥയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അവസാനിപ്പിക്കണം. ഒരു ഗോൾഡൻ ഷേക് ഹാൻഡ് പോലെ”. സദസ്സ് ആദരവോടെ, ആ മഹാനടന്റെ വാക്കുകൾ കയ്യടിച്ച് ഹർഷാരവത്തോടെ സ്വീകരിച്ചു. പക്ഷേ, നിർഭാഗ്യവശാൽ ശങ്കരാടിക്ക് അതിന് ഭാഗ്യം ഉണ്ടായില്ല.

ശങ്കരാടി: മലയാള സിനിമാ തറവാട്ടിലെ കാരണവർ 
മരണക്കൂട്ട്: നോവുന്ന സത്യങ്ങൾ ഉറക്കെപ്പറയുന്ന ഒരു ശവം വാരിയുടെ ആത്മകഥ

സ്വതവേ പിശുക്കൻ എന്ന ഖ്യാതി തനിക്കുള്ളതൊതൊന്നും അദ്ദേഹം കണക്കാക്കിയില്ല. മറ്റുള്ളവരെ സഹായിക്കുന്നത് ആരോടും പറയാനും മുതിർന്നില്ല. ഒരിക്കൽ തിരക്കഥാ കൃത്തായ സി വി ബാലകൃഷ്ണനുമായി ലൊക്കേഷനിൽ സംസാരിച്ചിരിക്കെ ശങ്കരാടിയെ കാണാൻ ഒരാൾ വന്നു. പഴയ കാലത്ത് ചെറു വേഷം ചെയ്ത ഒരു നടനാണ് അയാളെ കണ്ട പാടെ ശങ്കരാടി ചോദിച്ചു. “നീയിനിയും ഓപ്പറേഷൻ ചെയ്തില്ലേ?” കാശ് തികഞ്ഞില്ലെന്ന് ദൈന്യതയോടെ അയാൾ മറുപടി പറഞ്ഞു. “ഇതും കൊണ്ട് നീ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി?” എന്ന് പറഞ്ഞുകൊണ്ട് പേഴ്സ് തുറന്ന് പണം എടുത്തുകൊടുത്തു.  

പഴയ പാർട്ടി പ്രവർത്തന  അച്ചടക്കത്തിന്റെ ഭാഗമായുള്ള മിതവ്യയം ആകാം ഈ പിശുക്കിന് കാരണം. ഒരു ചായ കുടിക്കണമെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കേണ്ട കാലത്ത് ജീവിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശങ്കരാടി. കൃഷിമാത്രം വരുമാനമുള്ള  പഴയ തവവാട്ടുകാരണവരുടെ സൂക്ഷിച്ചുള്ള ചിലവിടലും ചേർന്നതാകാം നടന്റെ ആ സ്വഭാവം.

1970 ലും 71 ലും മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുസ്ക്കാരം ശങ്കരാടിയെ തേടിയെത്തി. തൊണ്ണൂറുകളിൽ മികച്ച വേഷങ്ങളുണ്ടായിട്ടും അംഗീകാരങ്ങൾ ഒഴിഞ്ഞുപോയി. പി ജെ ആന്റണിയുടെ അഭിനയ സ്കൂളിൽ നിന്നാണ് ഞാൻ ബിരുദമെടുത്തത് എന്ന ഊറ്റമായിരുന്നു ശങ്കരാടി എന്ന നടന്റെ ആത്മവിശ്വാസം. എല്ലാ തരം  കഥാപാത്രങ്ങളും ശങ്കരാടി അഭിനയിച്ചു. “സകല കലാ വല്ലഭൻ - വകതിരിവ് വട്ടപ്പൂജ്യം,” എന്ന് ആടുതോമയെ കുറിച്ച് പറയുന്ന സ്ഫടികത്തിലെ  ജഡ്ജി. “ഈ ഭൂതത്തെ ഇപ്പോൾ പേടിച്ചാൽ ഈ ജന്മം തനിക്കവരെ ഇറക്കി വിടാൻ കഴിയില്ല,”എന്ന് ഗോപാലകൃഷ്ണ പണിക്കരെ വിരട്ടുന്ന, സൻമനസ്സുള്ളവർക്ക് സമാധാനത്തിലെ വക്കീൽ, നാടോടിക്കാറ്റിലെ “ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്. പാല് ശറ പറായെ”ന്ന് പറഞ്ഞു കൊതിപ്പിക്കുന്ന പണിക്കർ. അങ്ങനെ എത്രയോ മറക്കാത്ത അഭിനയ മുഹൂർത്തങ്ങൾ. 

അവസാന കാലത്ത് എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ നാട്ടുകാരും എറണാകുളത്തുകാരും നൽകിയ വൻസ്വീകരണത്തിൽ ശങ്കരാടിയെന്ന നടന് അവാർഡുകളോ അംഗീകാരങ്ങളോ ലഭിക്കാത്തതിനെ കുറിച്ച് പലരും  പറഞ്ഞു. ശങ്കരാടി ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞു, “ഔദ്യോഗികമായ അംഗീകാരത്തേക്കാളൊക്കെ വിലപിടിച്ചത് കലാ ജീവിതം കൊണ്ട് എനിക്കു കിട്ടിയ അളവറ്റ സൗഹൃദവും സ്നേഹവുമാണ്. നന്ദി”.   തന്റെ കണ്ണുകൾ നനഞ്ഞത് മറ്റുള്ളവർ കാണാതിരിക്കാൻ അദ്ദേഹം മുഖം തിരിക്കുകയായിരുന്നു.

രോഗം വന്നതോടെ, ഡയലോഗുകൾ തെറ്റുകയും ഓർമ പാളുകയും ചെയ്യുന്നെന്ന് അറിഞ്ഞ ഘട്ടത്തിൽ  പതുക്കെ ശങ്കരാടി അഭിനയത്തിൽ നിന്ന് പിൻവാങ്ങി. ചെറായിയിലെ വീട്ടിൽ അവസാന കാലം ചെലവഴിച്ച ശങ്കരാടി 2001 ഒക്ടോബർ 9 ന് വിടവാങ്ങി.

logo
The Fourth
www.thefourthnews.in