പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരോത്സുകയായ വിദ്യാർഥി, ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ വരച്ചിട്ട പായൽ കപാഡിയ
ലോക സിനിമയുടെ നെറുകില്‍ ഇന്ത്യന്‍ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ട ദിനം. കാന്‍ ചലച്ചിത്രമേളയുടെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ കവര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സംവിധായിക പായല്‍ കപാഡിയയുടേത്.
ശക്തമായ രഷ്ട്രീയമുള്‍ച്ചേര്‍ന്നതാണ് പായല്‍ കപാഡിയയുടെ സിനിമകള്‍. ഒരുപക്ഷേ തന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്ന് പായല്‍ മനസിലാക്കിയ യാഥാര്‍ഥ്യങ്ങളില്‍ നിന്നാണ് ഓരോ സിനിമയും ഡോക്യൂമെന്ററിയും പിറന്നതെന്ന് നിസംശയം പറയാം. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രി പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയ പായലിന്റെ സമരോല്‍സുകമായ വിദ്യാര്‍ഥി ജീവിതം കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്.
മുംബൈയിൽ ആർട്ടിസ്റ്റായ നളിനി മാലിനിയുടെ മകളായ പായൽ കപാഡിയ ആന്ധ്രപ്രദേശിലെ ഋഷി വാലി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സെയിന്റ് സ്റ്റീഫൻസ് കോളേജിലേക്കാണ് എത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളിലൊന്നായ ഇവിടെനിന്ന് എക്കണോമിക്സിൽ ബിരുദം നേടിയ പായൽ സിനിമ പഠിക്കാനായി പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് തിരിയുന്നു. രാജ്യത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയവും കലയും നിലനിൽക്കുന്ന ക്യാമ്പസുകളിലൊന്നായ പൂനെ എഫ്ടിഐഐയിലെ പായലിന്റെവിദ്യാർഥി ജീവിതവും അടിമുടി രാഷ്ട്രീയമുള്ളതായിരുന്നു.
2015ൽ ഗജേന്ദ്ര ചൗഹാൻ എന്ന ടെലിവിഷൻ താരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിനെതിരെ നാലുമാസം ക്ലാസ്സുകൾ ബഹികരിച്ച് സമരം ചെയ്തവരിൽ പായലുമുണ്ടായിരുന്നു. അതിന്റെ പേരിൽ പായൽ കപാഡിയയ്‌ക്കെതിരെ എഫ്ടിഐഐ അച്ചടക്ക നടപടി സ്വീകരിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്ന പ്രശാന്ത് പത്രബെയുടെ ഓഫീസിനു മുന്നിൽ ധർണയിരുന്നതിന് പായലിനെതിരെ പൂനെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി പായലിനു ലഭിച്ചിരുന്ന ഗ്രാന്റ് എഫ്ടിഐഐ വെട്ടിക്കുറച്ചു. 35 കുട്ടികൾക്കെതിരെയാണ് അന്ന് പൂനെ പോലീസ് കേസെടുത്തത്. ഇങ്ങനെയൊരു സമരത്തിന്റെ ചരിത്രം കൂടിയുണ്ട്, പായൽ കപാഡിയ എന്ന സംവിധായികയ്ക്ക്.
2015ൽ ഗജേന്ദ്ര ചൗഹാൻ എന്ന ടെലിവിഷൻ താരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിനെതിരെ നാലുമാസം ക്ലാസ്സുകൾ ബഹികരിച്ച് സമരം ചെയ്തവരിൽ പായലുമുണ്ടായിരുന്നു
2015ൽ സമരം നടക്കുന്ന വർഷമാണ് പായൽ 'ആഫ്റ്റർനൂൺ ക്‌ളൗഡ്‌സ്' എന്ന 13 മിനിറ്റുള്ള ഹ്രസ്വസിനിമ ചെയ്യുന്നത്. തൊട്ടടുത്ത വർഷം സിനിമ കാനിൽ തിരഞ്ഞെടുക്കപ്പെട്ടു. പൊടുന്നനെ നിലപാട് മയപ്പെടുത്തി എഫ്ടിഐഐ രംഗത്തെത്തുകയും ചെയ്തിരുന്നു. "പായൽ മുമ്പത്തേതിനേക്കാൾ അച്ചടക്കമുള്ള വിദ്യാർഥിയായി മാറി" എന്നും അതിനാൽ തങ്ങൾ പായലിനെ പിന്തുണയ്ക്കുന്നു എന്നുമാണ് അന്നത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഭുപേന്ദ്ര കൈന്തോല പറഞ്ഞത്.
ഇന്ത്യയിലെ കാമ്പസുകൾ സമരമുഖരിതമായ കാലമായിരുന്നു 2015ഉം 2016ഉം. രാജ്യവ്യാപകമായ ഒരു മുന്നേറ്റമായി അത് മാറുന്നത് 2016ൽ രോഹിത് വെമുലയുടെ ആത്മഹത്യയ്ക്കു ശേഷമാണെങ്കിലും, കാമ്പസുകളിലെ കാവിവൽക്കരണത്തിനെതിരായി ആദ്യം പ്രതികരിച്ച കാമ്പസുകളിൽ ഒന്നായിരുന്നു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. അന്ന് ആ സമരങ്ങളുടെ ഭാഗമായി നിന്ന പായൽ കപാഡിയയാണ് ഇപ്പോൾ കാൻ ചലച്ചിത്രോത്സവത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഗ്രാൻഡ് പ്രി പുരസ്കാരം സ്വീകരിക്കുന്നത്.
തന്റെ വിദ്യാർഥി ജീവിതപരിസരം കൂടി ഉൾപ്പെടുന്നതാണ് 2021ൽ കാനിൽ 'ഗോൾഡൻ ഐ പുരസ്കാരം ലഭിച്ച 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന ഡോക്യുമെന്ററി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന പരസ്പരം പ്രണയിക്കുന്ന രണ്ടുപേരാണ് ഡോക്യൂമെന്ററിയിലെ പ്രധാന കഥാപാത്രങ്ങൾ. പരസ്പരം പ്രണയിക്കുന്ന ഈ രണ്ടു കഥാപാത്രങ്ങൾ ഒരേ ജാതിയിൽ നിന്നുള്ളവരല്ല എന്നതിന്റെ പേരിൽ കുടുംബം വിലക്കേർപ്പെടുത്തുകയും, പരസ്പരം പിരിയേണ്ടി വരികയും ചെയ്യുകയാണ്. അതിൽ ഒരാൾക്ക് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം ഉപേക്ഷിക്കുകയും ചെയ്യേണ്ടി വരുന്നു.
2021ലെ കാനിൽ ഡയറക്‌ടേഴ്‌സ് 'ഫോർട്ട്നൈറ്റ്' എന്ന വിഭാഗത്തിലാണ് ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്. സമരം തുടരുന്നതിനിടയിലും പായൽ സജീവമായി സിനിമാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നു. 2014ൽ പുറത്തിറങ്ങിയ 'വാട്ടർമെലന്‍, ഫിഷ് ആൻഡ് ഹാഫ് ഗോസ്റ്റ്' ആണ് പായലിന്റെ ആദ്യ സിനിമ. 2017ൽ 'ദി ലാസ്റ്റ് മാങ്കോ ബിഫോർ ദി മൺസൂൺ' എന്ന സിനിമ ചെയ്തു. ആ സിനിമയുടെ തിരക്കഥയും സംവിധാനവും, എഡിറ്റിങ്ങും ചെയ്തത് പായൽ തന്നെയാണ്. 2018ൽ 'ആൻഡ് വാട്ട് ഈസ് ദി സമ്മർ സേയിങ്' എന്ന സിനിമയും പുറത്തു വന്നു. വിദ്യാർഥി കാലത്ത് ചെയ്തതുൾപ്പെടെ ആകെ ആറ് സിനിമകളാണ് പായലിന്റേതായി പുറത്ത് വന്നിട്ടുള്ളത്.