THIMMAKKA
THIMMAKKA

മരമുത്തശ്ശിയൊരുക്കിയ തണലിൽ കർണാടക

തിമ്മക്ക നട്ടുനനച്ച് വളർത്തിയ എണ്ണായിരത്തിലധികം മരങ്ങളാണ് കർണാടകയുടെ വഴിയോരങ്ങളിൽ തണല്‍ വിരിച്ചുനില്‍ക്കുന്നത്
Updated on
2 min read

പ്രായം നൂറ്റിപത്ത് കടന്നെങ്കിലും ചുറുചുറുക്കുള്ള ചെറുപ്പക്കാരിയാണ് കര്‍ണാടകക്കാര്‍ക്ക് പത്മശ്രീ ജേതാവായ പരിസ്ഥിതി പ്രവര്‍ത്തക സാലുമരദ തിമ്മക്ക. സഹമന്ത്രിക്ക് തുല്യമായ പദവിയോടെ 'ഇക്കോ അംബാസഡര്‍' പദവിയില്‍ നിയോഗിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചെങ്കില്‍ ആള് ചില്ലറക്കാരിയല്ലല്ലോ. ദേശീയ പാതയോരത്ത് 45 കിലോമീറ്ററിലായി 385 ആല്‍മരങ്ങള്‍ നട്ടുവളര്‍ത്തിയതോടെയാണ് തിമ്മക്ക ആദ്യം വാര്‍ത്തകളില്‍ ഇടം നേടുന്നത്. എന്നാല്‍, അതിനും എത്രയോ കാലം മുന്‍പേ തണലൊരുക്കി തുടങ്ങിയതാണ് അവര്‍.

ECO AMBASSADOR
ECO AMBASSADOR

തിമ്മക്കയുടെ എണ്ണായിരത്തിലധികം മരങ്ങളാണ് കര്‍ണാടകയില്‍ തണല്‍ വിരിച്ചുനില്‍ക്കുന്നത്. തുംകൂരുവിലെ ഗുബ്ബിയില്‍ 1910ല്‍ ജനിച്ച തിമ്മക്കക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല.അറുപത് വര്‍ഷം മുമ്പ് ഭര്‍ത്താവ് ചിക്കയ്യയുമൊത്താണ് സ്വന്തം കുഞ്ഞുങ്ങളെയെന്ന പോലെ മരം നട്ടു വളര്‍ത്തി പരിപാലിക്കാന്‍ തുടങ്ങിയത്. ആദ്യം തൊട്ടടുത്ത റോഡിനിരുവശവും മരങ്ങള്‍ നട്ടു. പിന്നീട് ഗ്രാമം മുഴുവന്‍ തിമ്മക്കയുടെ മക്കളായി മരങ്ങള്‍ വളര്‍ന്നു. ഗ്രാമത്തിലുള്ളവര്‍ അവരെ ഭ്രാന്തിയെന്ന് വരെ വിളിച്ചു. ഭര്‍ത്താവ് വിടപറഞ്ഞപ്പോളും തിമ്മക്ക പിന്നോട്ടുനടന്നില്ല.

ECO AMBASSADOR
ECO AMBASSADOR

ഹൂളിക്കല്‍-കുടൂര്‍ ദേശീയ പാതയോരത്ത് 45 കിലോമീറ്റര്‍ ആല്‍മരം നട്ടുപിടിപ്പിച്ചപ്പോളും ആരും സഹായത്തിന് വന്നില്ല. അവ പടര്‍ന്നുപന്തലിച്ചു തുടങ്ങിയപ്പോഴാണ് തിമ്മക്കയുടെ പരിശ്രമം ലോകമറിഞ്ഞത്. ആ മരങ്ങളുടെ കീഴില്‍ വെയിലിന്റെ കാഠിന്യമറിയാതെ ജനങ്ങളുടെ യാത്ര സുഖപ്രദമായി. ഒരു ചെറിയ കുടിലില്‍ സൗകര്യങ്ങളൊന്നുമില്ലാതെ ജീവിക്കുമ്പോഴും തിമ്മക്ക ഒരു കുറവും കൂടാതെ മരങ്ങളെ പരിപാലിച്ചു. ദൂരെ നിന്ന് കുടത്തില്‍ വെള്ളം ചുമന്നുകൊണ്ടുവന്നും, കന്നുകാലികള്‍ നശിപ്പിക്കാതെ കാത്തുസൂക്ഷിച്ചും തിമ്മക്ക യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ തന്റെ ഉദ്യമത്തിലുറച്ചുനിന്നു. കാലങ്ങള്‍ക്കിപ്പുറം വലിയ അംഗീകാരം തേടിയെത്തുമ്പോള്‍ പ്രായവും പ്രതിസന്ധികളും തകര്‍ക്കാത്ത അവരുടെ നിശ്ചയദാര്‍ഢ്യം കയ്യടി നേടുകയാണ്. തിമ്മക്കയുടെ പരിസ്ഥിതി സൗഹൃദജീവിതം വെബ് സിരീസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം . മുന്‍പ് നല്‍കിയ സ്ഥലത്തിന് പുറമെ പത്ത് ഏക്കര്‍ കൂടി നല്‍കാനും തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍ വകുപ്പ് തിമ്മക്കയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വെബ്‌സൈറ്റും തയ്യാറാക്കും.

logo
The Fourth
www.thefourthnews.in