ടി വി കെ എന്ന മലബാറിന്റെ സർവ വിജ്ഞാന കോശം
മലബാറിൻ്റെ രാഷ്ട്രീയ സാംസ്കാരിക എൻസൈക്ലോപീഡിയ ആയിരുന്നു ടി വി കെ. അര നൂറ്റാണ്ട് കാലം പത്രപ്രവർത്തകനായിരുന്ന ടി വി കെ അറിയാത്ത ഒരു രാഷ്ട്രീയ സാംസ്കാരിക ചലനവും മലബാർ മേഖലയില്‍ ഉണ്ടായിരുന്നില്ല. പ്രസംഗിച്ചും എഴുതിയും ജീവിതാവസാനം വരെ പ്രതികരിച്ച കമ്യൂണിസ്റ്റ് പത്രപ്രവർത്തകനായിരുന്നു, തെക്കെ വീട്ടിൽ കൃഷ്ണൻ എന്ന ടി വി കെ.
സഖാവ് കൃഷ്ണപിള്ളയുടെ ആദ്യത്തെ ജീവചരിത്രകാരൻ. കണ്ണൂരിലെ ആദ്യത്തെ പ്രഭാത ദിനപത്രമായ ‘ജനശ്രീ’ യുടെ സ്ഥാപക എഡിറ്റർ, മലബാർ മാന്വൽ മലയാളത്തിലേക്ക് ആദ്യമായി മൊഴിമാറ്റിയ പരിഭാഷകൻ. കേരളം ഓർക്കാൻ മറന്നു പോയ ടി വി കെ യെന്ന ബഹുമുഖ പ്രതിഭയുടെ ജന്മശതാബ്ദിയാണ് ഇന്ന്.
പത്രപ്രവർത്തകൻ, ജീവിത ചരിത്രകാരൻ, കവി, വിവർത്തകൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ, ചരിത്രകാരൻ , ലോകസമാധാന പ്രസ്ഥാനത്തിൻ്റെ മുന്നണി പ്രവർത്തകൻ, ദ്വിഭാഷി -കേരളത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ രംഗത്തിന് ടി വി കെ നൽകിയ സംഭാവനകൾ ഏറെയാണ്. മലബാർ മാന്വൽ ഉൾപ്പടെ മൂന്ന് മികച്ച ചരിത്ര ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷകൾക്ക് സാഹിത്യലോകം ടിവികെയോട് കടപ്പെട്ടിരിക്കുന്നു.
കണ്ണൂർ ചെറുകുന്നിലെ അറിയപ്പെടുന്ന ജോത്സ്യനായ കോരൻ ഗുരുക്കളുടെ മകനായി ജനനം. അച്ഛനെപ്പോലെ കവിടി നിരത്താനല്ല, കൊടിപിടിക്കാനായിരുന്നു ചെറുപ്പത്തിലേ കൃഷ്ണൻ തീരുമാനിച്ചത്. ചെറുകുന്ന് ഗവ. സ്കൂളിൽ നിന്ന് പാർട്ടി പ്രവർത്തനം നടത്തിയതിന് പുറത്താക്കിയതിനാൽ പിന്നീട് പഠനം ചിറയ്‌ക്കൽ ഹൈസ്കൂളിലായി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട ശേഷം നടന്ന ആദ്യത്തെ പ്രധാന പ്രക്ഷോഭമായിരുന്നു 1940 സെപ്റ്റബർ 15-ന് കണ്ണൂർ തളിപ്പറമ്പിനടുത്തുള്ള മോഴാറയിൽ (അഞ്ചാം പീടിക) നടന്ന പ്രതിഷേധ ദിനാചരണം. അഞ്ചാം പീടിക അങ്ങാടിക്കവലിയിലെ പഴയ കൂറ്റൻ പേരാലിൻ്റെ കീഴെ കോൺഗ്രസിൻ്റെ പതാകയും ചെങ്കൊടിയും പാറിച്ച് ഖദർ ജുബ്ബ ധരിച്ച ഒരു കൊമ്പൻ മീശക്കാരനെ ജാഥയായ് അവിടെ എത്തിയ സ്കൂൾ വിദ്യാർത്ഥിയായ, കൃഷ്ണൻ കണ്ടു. ആളുകൾ അടക്കം പറയുന്ന കേട്ടപ്പോൾ ആളെ മനസിലായി, കെ പി ആർ ഗോപാലൻ.
വൻ ജനക്കൂട്ടം ജാഥയായി അവിടെ എത്തിയിരുന്നു. അധ്യക്ഷനായ വിഷ്ണു ഭാരതീയൻ യോഗം തുടങ്ങാൻ ആരംഭിച്ചപ്പോൾ മജിസ്ട്രേറ്റിൻ്റെ യോഗം നിരോധിച്ചു കൊണ്ടുള്ള ഉത്തരവുമായി വളപട്ടണം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണമേനോൻ പോലീസ് സേനയുമായി എത്തി. കൂടെയുണ്ടായിരുന്ന തളിപ്പറമ്പ് ഇൻസ്പെക്ടർ ബീരാൻ മൊയ്തിൻ ഒരു കടലാസ് കെ പി ആറിന് കൊടുത്തു. രണ്ട് പോലിസ് മേധാവികളും തോക്ക് ധരിച്ചിരുന്നു. അയാൾ കൊടുത്ത കടലാസ് കെ പി ആർ മെഗാ ഫോണിലൂടെ വായിച്ചു. യോഗം നിരോധിച്ച തളിപ്പറമ്പ് മജിസ്ട്രേറ്റിൻ്റെ ഉത്തരവാണ്. “ആരും എഴുന്നേൽക്കരുത്,” കെ പി ആർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. പോലിസ് മേധാവി പിരിഞ്ഞ് പോകാൻ ജനങ്ങളോട ആവശ്യപ്പെട്ടു. ആരും അനങ്ങിയില്ല. തുടർന്ന് പോലീസ് ലാത്തിയുമായി വളൻറിയർമാരെ ആക്രമിച്ചു. ജനക്കൂട്ടം വടികളും കല്ലുകളുമായി പോലിസിനെ നേരിട്ടു. പോലിസ് രണ്ട് റൗണ്ട് വെടിവെച്ചു. തൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്ത പോലീസ് മേധാവി കുട്ടികൃഷ്ണമേനോൻ കല്ലേറിൽ രക്തമൊഴുകി നിലം പൊത്തുന്നത് കൃഷ്ണൻ കണ്ടു.
കരളിൽ തറച്ച, തീക്ഷ്‌ണമായ മറ്റൊരു കാഴ്ചയും അവിടെ കണ്ടു. “ഞാൻ ഒരു കോൺഗ്രസുകാരനാണ്, അംഹിംസക്കെതിരാണ്,” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കൊലവിളിയും മുദ്രാവാക്യവും മുഴക്കി കല്ലേറ് ആരംഭിച്ച ജനക്കൂട്ടത്തിന് നേരെ നെഞ്ചും വിരിച്ച് കാട്ടി നിൽക്കുന്ന കോൺഗ്രസ് നേതാവ് വിഷ്ണു ഭാരതീയൻ. അദ്ദേഹത്തെ പ്രവർത്തകർ പിന്നീട് ബലമായി അവിടെനിന്ന് മാറ്റുകയായിരുന്നു.
മൊഴാറ സംഭവത്തിൽ ഇൻസ്പെക്ടർ കുട്ടികൃഷ്ണ മേനോനും കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാരും മരണമടഞ്ഞു. 38 പേരെ കേസിൽ പ്രതി ചേർത്തു.
മോഴാറ സംഭവത്തിന് സാക്ഷിയായ കൃഷ്ണനെ മലബാർ പോലീസ് ചിറക്കൽ സ്കൂളിൽ വന്ന് ചോദ്യം ചെയ്തു. ഉദ്യോഗസ്ഥനായ അംശം മേനോൻ ദയ കാണിച്ചതിനാൽ കൃഷ്ണൻ കേസിൽ പ്രതിയാകാതെ രക്ഷപ്പെട്ടു. പക്ഷേ, സ്ക്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. മദ്രാസ് ഹൈക്കോടതി കെ പി ആറിന് വധ ശിക്ഷ വിധിച്ചു. പിന്നിട് ബ്രിട്ടീഷ് പാർലമെൻ്റ് വരെ കെ പി ആറിൻ്റെ വധശിക്ഷ ഒഴിവാക്കാൻ സമ്മർദ്ദമെത്തി. ഒടുവിൽ ബ്രിട്ടിഷ് സർക്കാർ വധശിക്ഷ റദാക്കി. അങ്ങനെ മൊഴാറ വീരസമര നായകനായി മാറിയ കെ. പി. ആറിൻ്റെ സമര വീര്യത്തിന് ദൃക്സാക്ഷിയായ ടി വി കൃഷ്ണൻ എന്ന ഹൈസ്കൂൾ വിദ്യാർത്ഥി മുഴുവൻ സമയ കമ്യൂണിസ്റ്റ് പ്രവർത്തകനായി.
ടിവികെ എന്ന ഇടതുപക്ഷ പത്രപ്രവർത്തകൻ്റെ പതിറ്റാണ്ട് നീണ്ട രാഷ്ട്രിയ ജീവിത യാത്രയുടെ തുടക്കം അതായിരുന്നു. പോലീസിൻ്റെ നോട്ടപ്പുള്ളിയായതിനാൽ നാട്ടിൽ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട ടി വി കെ കണ്ണൂരിൽ നിന്ന് നേരെ ബാഗ്ലൂർക്ക് വണ്ടി കയറി. കുടുംബം നോക്കേണ്ട ബാധ്യത കൂടെയുണ്ടായിരുന്നു. റോയൽ ഇന്ത്യാ സപ്ലൈ കോറിൽ ലാൻസ് കമ്മീഷൻഡ് ഓഫിസറായി ബാഗ്ലൂരിൽ ജോലി കിട്ടി. യോഗ്യതാ സർട്ടിഫിക്കറ്റൊന്നുമില്ലാതെ തന്നെ. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായില്ലെങ്കി ലും ഇംഗ്ലീഷിൽ സംസാരിക്കാനുള്ള ടിവികെ യുടെ പരിജ്ഞാനമാണ് സായിപ്പിന് ബോധിച്ചത്. ഇംഗ്ലീഷിലുള്ള മിക്ക ക്ലാസിക്കുകളും വായിച്ച ടിവി കെ ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യം നേടിയിരുന്നു.
ഏറെ താമസിയാതെ നിയമവിരുദ്ധമായ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ് ലാൻസ് നായിക്ക് ടി വി കൃഷ്ണനെന്ന് ഒരു രഹസ്യറിപ്പോർട്ട് പട്ടാള മേധാവിക്ക് ലഭിച്ചു. പട്ടാളത്തിൽ നിന്ന് ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യപ്പെട്ടു.
വീണ്ടും തൊഴിൽ രഹിതൻ. ബാംഗ്ലൂരിൽ നിന്ന് നേരെ ബോംബെയിലേക്ക് . ആ മഹാനഗരത്തിലെ ഒരു വൻകിട ഹോട്ടലിൽ കുറച്ചുനാൾ ഓഫീസ് ജോലി നോക്കിയെങ്കിലും താമസിയാതെ അതും അവസാനിപ്പിച്ച് കണ്ണൂരിൽ തിരിച്ചെത്തി. അക്കാലത്ത് മലബാറിലെ കമ്മ്യൂണിസ്റ്റ് വേട്ടകളും കോട്ടകളും അന്വേഷിച്ചെത്തിയ ന്യൂയോർക്ക് ടൈംസിൻ്റെ ലേഖകൻ ആൻഡ്ര്യൂ റോത്ത് അടക്കം പല വിദേശ പത്രലേഖകരുടെയും ദ്വിഭാഷിയായിരുന്നു ടി വി കെ. അവരോടൊത്ത് മലബാറിലുടനീളം സഞ്ചരിച്ചു. ഒരു ദ്വിഭാഷിയാവാനുള്ള രാഷ്ട്രീയ മനസ് അക്കാലത്തെ അനുഭവങ്ങളിൽ നിന്ന് പാകപ്പെടുത്തിയതിനാൽ ഉന്നതരായ അഖിലേന്ത്യാ പാർടി നേതാക്കളുടെ കേരളത്തിലെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുന്ന പാർട്ടിയുടെ സ്ഥിരം ദ്വിഭാഷിയായി മാറി. പി സി ജോഷി, എസ് എ ഡാങ്കേ, അജയഘോഷ്, പി സുന്ദരയ്യ, രാജേശ്വര റാവു, ബസവ പുന്നയ്യ,അരുണാ അസ്ഥലി, രേണു ചക്രവർത്തി,ജ്യോതി ബസു തുടങ്ങിയരുടെയൊക്കെ പ്രസംഗങ്ങൾ മലയാളത്തിലാക്കി ആവേശത്തോടെ ടി വി കെ സദസിന് പകർന്നു നൽകി.
പത്രപ്രവർത്തനമാണ് തൻ്റെ വഴിയെന്ന് ഇതിനകം ഉറപ്പിച്ച ടി വി കെ ആദ്യം തൃശൂരിലെ നവയുഗത്തിലും പിന്നീട് കോഴിക്കോട് ദേശാഭിമാനിയിലും എത്തി. അതിന് മുൻപ് ബോബെയിലെ ബ്ലിറ്റ്സ് വാരികയിലും ക്രോസ് റോഡ്സിലും ലേഖനങ്ങൾ എഴുതിയിരുന്നു. ദേശാഭിമാനി പത്രത്തിൽ എഡിറ്റർ വി ടി ഇന്ദുചൂഡൻ കഴിഞ്ഞാൽ രണ്ടാമനായിരുന്നു അസിസ്റ്റൻ്റ് എഡിറ്ററായ ടി വി കെ.
1957-ൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എ കെ ജി ചോദിച്ചു, “ടി വി കെ താൻ പോരുന്നോ ഡൽഹിക്ക്?” സ്വതന്ത്ര ഇന്ത്യയിലെ ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവാണ് എ കെ. ഗോപാലൻ. പ്രതിപക്ഷ നേതാവിന് പാർലിമെൻ്റിൽ പിടിപ്പതു ജോലിയുണ്ട്. അതിന് സഹായിക്കാൻ ടി വി കെയെ പ്പോലെ ഭാഷാസ്വാധീനം ഉള്ള ഒരാൾ വേണം. ടി വി കെ മലബാറിൽ എ കെ ജിയുടെ സെക്രട്ടറിയായി കുറെക്കാലം പ്രവർത്തിച്ചതുമാണ്. ടിവികെ മറുപടി പറയാതെ നിന്നപ്പോൾ എ കെ ജി പറഞ്ഞു, “ഒരു കാര്യമേ താൻ ഡൽഹിയിൽ ചെയ്യേണ്ടതുള്ളൂ. താൻപ്രമാണിത്വം കാണിക്കുക. എല്ലാം അറിയാമെന്ന ഭാവത്തിൽ നിൽക്കുക. അത്രേം മതി.”
എതായാലും ടിവികെ ഡൽഹിക്ക് പോയില്ല. പകരം ദേശാഭിമാനിയിൽ താൻ കണ്ടും പരിചയിച്ച മലബാറിലെ ഉൾനാടൻ ഗ്രാമങ്ങളെ കുറിച്ചെഴുതി. പോലീസിൻ്റെ കമ്യൂണിസ്റ്റ് വേട്ടയിൽ മരിച്ച അറിയപ്പെടാത്ത, പാടിക്കുന്ന് രക്തസാക്ഷികളെകുറിച്ചെഴുതി. 1948 വരെയുള്ള മലബാർ ഗ്രാമചരിത്രങ്ങളും, അവരുടെ ജീവിത പ്രശ്നങ്ങളും ആദ്യമായി ഒരു ദിനപത്രത്തിലെഴുതുന്നത് ടിവികെയാണ്. 1964 -ൽ കമ്യൂണിസ്റ്റ് പാർട്ടി പിളരുന്നു. എല്ലാ പാർട്ടി പ്രവർത്തകരേയും പോലെ ടിവികെ യും പതറിയ, ദുഖിച്ച നാളുകൾ. പതിനാല് കൊല്ലത്തെ ദേശാഭിമാനിയിലെ പത്രപ്രവർത്തനം അവസാനിപ്പിച്ച് ടിവികെ പടിയിറങ്ങി. സി പി ഐ പക്ഷത്തായിരുന്ന ടിവികെക്ക് അവിടെ തുടരാൻ താൽപ്പര്യം ഇല്ലായിരുന്നു
അടുത്ത സൗഹാർദ്ദമുണ്ടായിരുന്ന എസ് കെ പൊറ്റെക്കാടുമായി ചേർന്ന് ടി വി കെ പ്രപഞ്ചം എന്നൊരു സംസ്കാരിക വാരിക കോഴിക്കോട് നിന്നാരംഭിച്ചു. ഒ വി വിജയൻ, വി കെ എൻ, പി വത്സല, സി രാധാകൃഷ്ണൻ എന്നിവരെല്ലാം പ്രപഞ്ചത്തിൽ തുടർച്ചയായി എഴുതി. വാരിക മികച്ചതാണെങ്കിലും കുറച്ചു നാൾ കഴിഞ്ഞപ്പോൾ നിന്നു പോയി. ആയിടെയാണ് ലോക സമാധാന പ്രസ്ഥാനത്തിൻ്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ അതിൻ്റെ സജീവ പ്രവർത്തകനായ ടി വി കെ ഡൽഹിയിൽ പോകുന്നത്. അവിടെ സമ്മേളനത്തിൽ വെച്ച് ഡൽഹിയിലെ ഇടതുപക്ഷ ഇംഗ്ലീഷ് ദിനപത്രമായ
‘പേട്രിയറ്റി’ൻ്റെ എഡിറ്റർ എടത്തട്ട നാരായണനെ കണ്ടപ്പോൾ കാര്യങ്ങളൊക്കെ സംസാരിച്ചു. ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ അതികായന്മാരിലൊരാളായ എടത്തട്ട തലശ്ശേരിക്കാരനാണ്. പേട്രിയറ്റിനും ലിങ്ക് വാർത്താ മാസികക്കും കേരളത്തിൽ ഒരു പ്രതിനിധിയെ തേടുകയായിരുന്നു എടത്തട്ട. എന്ത് കൊണ്ട് ടിവികെക്ക് പേട്രിയറ്റിൻ്റെ ലേഖകനായി കൂടാ? എടത്തട്ട ചോദിച്ചു. ടിവി കെക്ക് പിന്നെ ഒന്നും ആലോചിക്കാനില്ലായിരുന്നു. 1964 ഓഗസ്റ്റിൽ ടിവികെ പേട്രിയറ്റ്, ലിങ്ക് പ്രസിദ്ധീകരണങ്ങളുടെ കേരളത്തിലെ റിപ്പോർട്ടറായി തിരുവനന്തപുരത്ത് പത്രപവർത്തനം ആരംഭിക്കുന്നു. കാമരാജ് പദ്ധതി കേരളത്തിൽ നടപ്പിലാക്കിയതിൽ കോൺഗ്രസിലുണ്ടായ സ്ഫുരണങ്ങളായിരുന്നു പ്രത്യേക ലേഖകനായ ടി വി കെ യുടെ പേട്രിയറ്റിലെ ആദ്യ റിപ്പോർട്ട്. അടുത്ത രണ്ട് ദശാബ്ദക്കാലം കേരളരാഷ്ട്രീയം പ്രത്യേകിച്ച് ഇടതുപക്ഷ മുന്നേറ്റങ്ങൾ ഡൽഹി അധികാര കേന്ദ്രങ്ങൾ അറിഞ്ഞത് പേട്രിയറ്റിൽ ടിവികെയുടെ റിപ്പോർട്ടുകൾ വഴിയായിരുന്നു.
ടി വി കെ ദേശാഭിമാനിയിൽ ഉണ്ടായിരുന്നപ്പോൾ ഒരിക്കൽ സി പി എം ജനറൽ സെക്രട്ടറിയായ ഇ എം എസ് നമ്പൂതിരിപ്പാട് എഡിറ്ററായ വി ടി ഇന്ദുചൂഡൻ്റെ ക്യാബിനിൽ കേറി വന്നു. അവിടെയുള്ള മേശയിലുള്ള പുതിയ ലക്കം ലിങ്കിൻ്റെ കോപ്പി കണ്ടപ്പോൾ അരിശത്തോടെ ഇ എം എസ് പറഞ്ഞു. ‘’നിങ്ങൾക്ക് വേറെയൊന്നും വായിക്കാൻ കിട്ടിയില്ലെ? എന്താ ഇന്ദുചൂഡാ ഇത് ? ഇ എം എസിന് ലിങ്കിനെ സഹിക്കാൻ പറ്റാത്തതിനു പിന്നിലൊരു കഥയുണ്ട്.
പാർട്ടി പിളരാൻ പോകുന്ന കാലത്ത് കമ്യൂണിസ്റ്റു പാർട്ടിയിലെ ഉൾപ്പോരുകളും കുഴപ്പങ്ങളും കൃത്യമായി ലിങ്ക് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തകളുടെ ഉറവിടം കണ്ടുപിടിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ഒടുവിൽ ലിങ്കുമായുള്ള എല്ലാ സഹകരണവും നിരോധിച്ചു കൊണ്ട് പാർട്ടി പ്രമേയം പാസ്സാക്കി. പാർട്ടി പിളർന്ന് കഴിഞ്ഞപ്പോൾ ലിങ്കിൽ വന്ന വാർത്താ വിശകലനങ്ങൾ എല്ലാം ശരിയാണെന്ന് തെളിഞ്ഞു. ഇത് പൊറുക്കാൻ ഇ.എം. എസിന് കഴിഞ്ഞില്ല. എ കെ ജിയാകട്ടെ ‘പാർട്ടി പിളർപ്പൻ വാരിക’ എന്നാണ് ലിങ്കിനെ തൻ്റെ വിശേഷിപ്പിച്ചത്.
പിൽക്കാലത്ത് ലിങ്കിൻ്റെ സ്വാതന്ത്ര്യ ദിന പതിപ്പിന് ഒരു പ്രത്യേക അഭിമുഖത്തിനായി ടി വി കെ തിരുവനന്തപുരത്ത് ശാന്തിനഗറിലെ ഇ എം എസിൻ്റെ വസതിയിൽ ചെന്നു. സി പി ഐ - കോൺഗ്രസ് സഖ്യം ഭരിക്കുന്ന കാലമാണ്. സി പി എം അധികാര രാഷ്ട്രീയത്തിൽ പുറത്തും. “ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ പേടിയറ്റിനും ലിങ്കിനും അഭിമുഖം തരുമെന്ന് എങ്ങനെ പ്രതീക്ഷിച്ചു ? നടപ്പില്ല ടിവികെ. സഖാവ്,” ഇ എം എസ് വെട്ടിത്തുറന്നു പറഞ്ഞു.
1971-ൽ സി പി ഐ സ്റ്റേറ്റ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് സഖാവ് പി കൃഷ്ണപിള്ളയുടെ ആദ്യത്തെ ജീവചരിത്രം എഴുതുന്നത്. കൃഷ്ണപിള്ളയുടെ ജീവചരിത്രകാരൻ എന്ന നിലയിൽ ടി വി കെ ഏറെ പ്രശസ്തനായി.
സഖാവ് കൃഷ്ണപിള്ളയോടൊത്ത് മലബാർ മേഖലയിൽ പാർട്ടി പ്രവർത്തനവുമായി സഞ്ചരിച്ച അനുഭവങ്ങളുള്ള ടിവികെ സഖാവ് കൃഷ്ണപിള്ളയുടെ പാർട്ടി ജീവിതവും സമരങ്ങളും സംഘടനാപാടവും പ്രേമവും വ്യക്തിബന്ധങ്ങളും ലളിതമായ ഭാഷയിൽ ഭംഗിയായി എഴുതി. നാൽപത്തി രണ്ടാം വയസിൽ പാമ്പുകടിയേറ്റാണ് ആലപ്പുഴ മുഹമ്മയിൽ വെച്ച് സഖാവ് കൃഷ്ണപിള്ള മരിച്ചത്. ഭാര്യ തങ്കമ്മ പുനർവിവാഹം ചെയ്ത് ശുചീന്ദ്രത്ത് താമസമാക്കിയിരുന്നു. അവരെ പല വട്ടം സന്ദർശിച്ച് കൃഷ്ണ പിള്ളയെ സമരകാലത്ത് അറസ്റ്റ് ചെയ്ത പോലീസുകാരെ കണ്ടെത്തി അവരോട് സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചാണ്, ടി വി കെ സഖാവിൻ്റെ ജീവചരിത്രം പൂർത്തിയാക്കിയത്. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച ‘സഖാവ്’ 8 രൂപയ്ക്കായിരുന്നു അന്ന് വിറ്റിരുന്നത്.
പുസ്തകത്തിൻ്റെ കവർ ചിത്രത്തിനും ഒരു പ്രത്യേകതയുണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ ഫോട്ടോഗ്രാഫർമാരിലൊരാളായ സി എം വിഷ്ണു നമ്പീശനെടുത്ത കൃഷ്ണപിള്ളയുടെ പ്രശസ്തമായ ഫോട്ടോവായിരുന്നു കവർ ചിത്രം. അത് ടി വി കെക്ക് നൽകിയത് തങ്കമ്മയും. പുസ്തകത്തിൻ്റെ കവറിൽ ടിവികെ എഴുതിയ ഒരു കുറിപ്പ് ഉണ്ടായിരുന്നു, “തങ്കമ്മ ഇപ്പോൾ പുനർ വിവാഹിതയായി ശുചീന്ദ്രത്ത് 3 കുട്ടികളോടൊത്ത് കഴിയുന്നു.” അതിലൊരു കുട്ടിയായിരുന്നു. പിന്നീട് പ്രശസ്ത പത്രപ്രവർത്തകനായ, ടി എൻ ഗോപകുമാർ.
ഡൽഹിയലെ പീപ്പിൾസ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച Kerala's first communist; life of 'Sakhavu' Krishna Pillai എന്ന പേരിൽ ടി വി കെ തന്നെ ഇംഗ്ലീഷിലും എഴുതിയ ജീവചരിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. അനേകം കോപ്പികൾ വിറ്റ് പോയ ഈ കൃതി വിദേശരാഷ്ടങ്ങളിൽ വരെ പ്രസിദ്ധി നേടി. എല്ലാ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും കോപ്പികൾ വാങ്ങിയ ഒരു പുസ്തകമായി ഇത് പ്രചരിച്ചു.
അമേരിക്കൻ ചാര സംഘടന സി ഐ എയുടെ ലാങ്‌ലിയിലെ വായനശാലയിൽ വരെ സഖാവ് എത്തി. കൽക്കട്ടയിലെ നാഷ്ണൽ ബയോഗ്രാഫിക്ക് സെൻ്റ്റിൻ്റെ ജീവചരിത്രപുസ്തക പരമ്പരകളിൽ ഈ പുസ്തകം സ്ഥാനം നേടി. ബംഗാൾ മുഖ്യമന്ത്രിയായ ജ്യോതി ബസു ഒരിക്കൽ കണ്ണൂരിൽ വന്നപ്പോൾ ബസുവിന് ടി വി കെ ഈ പുസ്തകം കൊടുത്തു. ജ്യോതിബസു ടിവികെ യെ അഭിനന്ദിച്ചു കൊണ്ടു കൈ കൊടുത്തു. ഒരു ചരിത്രകാരനായതിനാൽ ടി വി കെ യുടെ ജീവചരിത്രങ്ങളെല്ലാം തന്നെ വസ്തുതകളുടെ പിൻബലമുള്ള കൃതികളായിരുന്നു. തികച്ചും ആധികാരികം.
1974 ൽ പേട്രിയറ്റിൻ്റെയും ലിങ്കിൻ്റെയും കേരളത്തിലെ പ്രത്യേക ലേഖകനായിരുന്ന ടിവികെ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് ജോലിക്കാരായ ചില പാർട്ടി അനുഭാവികളുടെ താൽപ്പര്യം പരിഗണിച്ച് ലിങ്ക് വാർത്താ മാസികയുടെ മാതൃകയിൽ ആരംഭിച്ച വാരികയാണ് ‘വീക്ഷണം’.
സർക്കാർ ജോലിക്കാരുടെ പ്രശ്നങ്ങൾ, രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ തുടങ്ങിയ മാസിക കൈകാര്യം ചെയ്തു. രണ്ട് ലക്കം പുറത്ത് വന്നു. പിന്നിട് പ്രയോഗിക ബുദ്ധിമുട്ടുകൾ കാരണം മാസിക നിന്നു. ഒരു ദിവസം ടിവി കെയെ കാണാൻ ഒരു വിശ്ഷ്ടാതിഥി വീട്ടിൽ വന്നു. ടി വി കെക്ക് ചിരപരിചിതനായ അയാൾ ചോദിച്ചു, “വീക്ഷണം ‘ സ്ഥിരമായി നിറുത്തിയോ?” ടിവികെ പറഞ്ഞു, “നിറുത്തേണ്ടി വന്നു”. “എന്നാൽ വീക്ഷണത്തിൻ്റെ പ്രസിദ്ധീകരണവകാശം ഞങ്ങൾക്ക് വിട്ടു തരാമോ?” അയാൾ ചോദിച്ചു. തരാം എന്ന് ടിവി കെ മറുപടി പറഞ്ഞപ്പോൾ വന്നയാൾ കാര്യം പറഞ്ഞു. കോൺഗ്രസ് നേതാവ് എ കെ. ആൻ്റണിയായിരുന്നു ആ സന്ദർശകൻ. ആൻ്റണി കാര്യം വിശദീകരിച്ചു . കോൺഗ്രസ് ഒരു പാർട്ടി മുഖപത്രം ആരംഭിക്കുന്നു. അന്നത്തെ കെ പി സി സി അധ്യക്ഷനായ കെ കെ വിശ്വനാഥൻ്റെ നിർദ്ദേശമനുസരിച്ച് വന്നതാണ് ടി വി കെ യെ കാണാൻ.
കുറച്ച് നാളുകൾക്ക് ശേഷം 1976 ൽ ഇന്ദിരാഗാന്ധി ‘വീക്ഷണം’ ദിനപത്രം ഉദ്ഘാടനം ചെയ്തു. അച്ചടി നിന്നു പോയ വീക്ഷണം വാരിക അങ്ങനെ വീക്ഷണം ദിനപത്രമായി മാറി. കമ്യൂണിസ്റ്റ്കാരനായ ടിവികെ തുടങ്ങിയ പ്രസിദ്ധീകരണം കോൺഗ്രസിൻ്റെ മുഖപത്രമായി മാറിയെന്ന വൈരുദ്ധ്യം ആരും ശ്രദ്ധിച്ചില്ലെന്ന് മാത്രം.
ശാസ്ത്രീയമായ ചരിത്ര രചന നിലവിൽ വന്നിട്ടില്ലാത്ത കാലത്ത് മലബാർ കളക്ടറായ വില്യൻ ലോഗൻ രചിച്ച ചരിത്ര പ്രമാണഗ്രന്ഥമാണ് ‘ മലബാർ മാന്വൽ’. ഒരു ദേശത്തിൻ്റെ ഏണും കോണും കൃത്യമായി അളന്ന് ലോഗൻ രചിച്ച ഗ്രൻഥം. ‘മലബാർ മാന്വൽ’ എന്ന മലയാളി വായനാ സമൂഹത്തിന് പരിഭാഷപ്പെടുത്തി നൽകിയതാണ് ടി വി കെ എന്ന പരിഭാഷകൻ്റെ ഭാഷയ്ക്കുള്ള ഏറ്റവും മികച്ച സംഭാവന. മലബാറിൻ്റെ പ്രദേശിക ഭാവഭേദങ്ങളെല്ലാം കൈവെള്ളപോലെ ഹൃദയസ്ഥമായിരുന്ന ടിവികെക്ക് കാലം കാത്ത് വെച്ച നിയോഗമായിരുന്നു ആ ബൃഹദ്ഗ്രന്ഥം മൊഴിമാറ്റം ചെയ്യൽ. ചെറുകുന്നിലെ തൻ്റെ വീട്ടിലിരുന്ന് മൂന്ന് വർഷമെടുത്താണ് വില്യം ലോഗൻ്റെ ‘മലബാർ മാന്വൽ എന്ന ക്ലാസിക്ക് കൃതി മൊഴിമാറ്റം ചെയ്തത്.
1985-ൽ ആദ്യമായി മാതൃഭുമി പബ്ലിക്കേഷൻ മലബാർ മാന്വൽ പ്രസിദ്ധീകരിച്ചു. അപ്പോൾ മൂലകൃതി ഇംഗ്ലീഷിൽ പുറത്ത് വന്നിട്ട് 98 വർഷം കഴിഞ്ഞിരുന്നു. ഒരു പത്രപ്രവർത്തകനെന്ന ജീവിത പശ്ചാത്തലമാണ് ടിവികെക്ക് ഈ ഭഗീരഥ പ്രയത്നത്തിന് ആത്മധൈര്യം പകർന്നത്.
മൂലകൃതിയോട് നീതിപുലർത്തി കൊണ്ട് കൈകാര്യം ചെയ്ത വിഷയങ്ങളോടും കാലഘട്ടങ്ങളോടുമുള്ള സത്യസന്ധത പാലിച്ച് പദാനുപദ തർജ്ജമയാണ് ടിവികെ മലബാർ മാന്വലിൽ സ്വീകരിച്ചത്. ഒരിടത്തും സ്വതന്ത്ര പരിഭാഷയുടെ എളുപ്പ മാർഗം സ്വീകരിച്ചിട്ടില്ല. ടിവികെക്ക് ഏറ്റവും ആത്മസംതൃപ്തി നൽകിയ പരിഭാഷയായിരുന്നു മലബാർ മാന്വൽ.
1955ൽ ആദ്യം മൈസൂർ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അദ്ധ്യാപകനായ ഒ കെ നമ്പ്യാരുടെ Portuguese Pirates and Indian Seamen എന്ന വിഖ്യാത ചരിത്ര ഗ്രന്ഥമാണ് ടിവികെ മൊഴിമാറ്റിയ മറ്റൊരു ഉൽകൃഷ്ട ഗ്രന്ഥം. പോർച്ച്ഗീസുകാർ ഇന്ത്യയിൽ നടത്തിയ അധിനിവേശങ്ങളും അവർക്കെതിരെ പടനയിച്ച സാമൂതിരിയുടെ നാവികപ്പടക്ക് നേതൃത്വം വഹിച്ച കുഞ്ഞാലി മരയ്ക്കാരെയും കേന്ദ്ര ബിന്ദുവാക്കിയ ഈ പ്രശസ്ത ഗ്രന്ഥം ലിസ്ബൺ സർവ്വകലാശാലയുടെ സഹായത്തോടെയാണ് നമ്പ്യാർ എഴുതിയത്. ടി വി കെയുടെ നാട്ടുകാരനായ ഒ കെ നമ്പ്യാരുടേയും സുഹൃത്ത് എസ് കെ പൊറ്റെക്കാടിൻ്റെയും സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങിയാണ് ഒരു പത്രപ്രവർത്തകന് ദുർഗ്രഹമായ അതിൻ്റെ പരിഭാഷ ടി വി കെ ഏറ്റെടുത്തത്. മൈസൂർ സർവ്വകാലാശാലയിൽ ഡിഗ്രിക്ക് പാഠപുസ്തകമായിരുന്നു ഈ കൃതി.
പരിഭാഷ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായാൽ നന്നായി എന്ന് നമ്പ്യാർ ആഗ്രഹിച്ചു. അങ്ങനെയായാൽ കേരളത്തിൽ പാഠപുസ്തമാക്കാൻ കഴിയും. കുഞ്ഞാലി മരക്കാരെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥം മലയാളത്തിലോ ഇംഗ്ലീഷിലോ അത് വരെ വന്നിരുന്നില്ല. ‘പോർച്ചുഗീസ് കടൽക്കൊള്ളക്കാരും ഇന്ത്യൻ നാവികരും’ എന്ന പേരിട്ട ടിവികെയുടെ മലയാള പരിഭാഷ ചരിത്ര വിദ്യാർത്ഥികൾക്ക് നല്ലൊരു റഫറൻസാകും എന്ന വസ്തുതയാണ് നമ്പ്യാർ ചൂണ്ടികാണിച്ചത്. ഒ കെ നമ്പ്യാരും എസ് കെ പൊറ്റെക്കാട്ടും ടി വി കെ യും കൂടി അന്നത്തെ വിദ്യഭ്യാസ മന്ത്രിയായ സി എച്ച് മുഹമ്മദ് കോയയെ ഇതിനായി കാണാൻ ചെന്നു. കാര്യം അവതരിപ്പിച്ചപ്പോൾ സി എച്ച് പറഞ്ഞു,
“ഞാൻ വിദ്യഭ്യാസമന്ത്രിയായിരിക്കെ കുഞ്ഞാലി മരക്കാരെ, കഥാനായകനാക്കിയുള്ള കൃതി പാഠപുസ്തകമാക്കിയാൽ അനാവശ്യമായ ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കും. നിങ്ങൾ മുഖ്യമന്ത്രിയെ കാണുക.” നിരാശരായി മൂവരും മുറി വിട്ടിറങ്ങി. മുഖ്യമന്തി സി അച്യുതമേനോനെ കാണാനൊന്നും ഒ കെ നമ്പ്യാർ തയ്യാറായില്ല. അങ്ങനെ കുഞ്ഞാലി മരയ്ക്കാരുടേയും ആധികാരികമായ ഒരു ചരിതം പഠിക്കാനുള്ള അവസരം കേരളത്തിലെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടു. പിന്നീട് മലയാള മനോരമ പബ്ലിക്കേഷനാണ് 1972 ൽ ഇത് പുറത്തിറക്കിയത്.
ബ്രിട്ടീഷ് കാരനായ മാർക്സിസ്റ്റ് ചരിത്ര പണ്ഡിതനായ കോൺറാഡ് വുഡിൻ്റെ The Moplah Rebellion and its genesis എന്ന ചരിത്രഗ്രന്ഥമാണ് ടി വി കെ മലയാള ചരിത്ര ശാഖക്ക് നൽകിയ മറ്റൊരു പരിഭാഷ. 1987ൽ ഡൽഹിയിലെ പീപ്പിൾസ് പബ്ലിഷിങ്ങ് ഹൗസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൻ്റെ വസ്തുനിഷ്ഠതയും വിശ്വാസതയുമാണ് ടിവി കെ യെ പരിഭാഷക്ക് പ്രേരിപ്പിച്ചത്. വിഷയത്തോടും ചരിത്രത്തോടും നീതി പുലർത്താൻ പരിഭാഷയുടെ മാപ്പിള ലഹള എന്ന ശീർഷകം മാറ്റി മലബാർ കലാപം എന്നാക്കി. ‘മലബാർ കലാപം: അടിവേരുകൾ’ എന്ന ശീർഷകം നൽകാൻ കോൺറാഡ് വുഡ് അനുവാദം നൽകി. വിദേശാധിനിവേശത്തിനെതിരെ തുടക്കം തൊട്ടുള്ള ചെറുത്തു നിൽപ്പിൻ്റെ അവിസ്മരണീയമായ എടുകൾ, കടന്നു പോയ ഒരു നൂറ്റാണ്ടിൻ്റെ അറിയപ്പെടാത്ത സംഭവ കഥയുടെ വേരുകളുടെ വ്യത്യസ്തമായ ഉൾക്കാഴ്ചയാണ് ഈ ചരിത്ര പഠന ഗ്രന്ഥം. മലബാർ മാന്വൽ പോലെ ടിവികെ യുടെ ലളിതമായ, ഭാഷയിൽ എഴുതിയ 300 പുറം വരുന്ന ഈ പരിഭാഷ 2000 മാർച്ചിൽ പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ചു.
കേരളത്തിൽ നിന്ന് പേട്രിയറ്റ് പതിപ്പ് പ്രസിദ്ധീകരിക്കാൻ പേട്രിയറ്റിൻ്റെ ചെയർമാൻ അരുണ അസ്ഥലി തീരുമാനിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പതിപ്പുകൾ ആരംഭിക്കാനായിരുന്നു പദ്ധതി.
രണ്ടിടങ്ങളിലും യൂണിറ്റ് സ്ഥാപിക്കാൻ സ്ഥലം വാങ്ങുകയും ചെയ്തു. പക്ഷേ, എറെ താമസിയാതെ അരുണാ അസഫലി ആ സ്ഥാപനത്തിൽ നിന്ന് നിഷ്ക്കാസിതയായി. പേടിയറ്റിൻ്റെ പുതിയ മാനേജ്മെൻ്റ് ആ സ്ഥാപനം തകർത്തു. അതോടെ കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പേട്രിയറ്റ് ദിനപത്രം സ്വപ്നം മാത്രമായി അവശേഷിച്ചു. കണ്ണൂരിൽ പേട്രിയറ്റ് ദിനപത്രം തുടങ്ങാൻ ഉദ്ദേശിച്ച സ്ഥലത്താണ് പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ഉയർന്നത്. ആ സമയത്ത് തന്നെ ടിവികെ പേട്രിയറ്റിൽ നിന്ന് വിരമിച്ചു കഴിഞ്ഞിരുന്നു. തിരുവനന്തപുരം വിട്ട് കണ്ണൂരിൽ കണ്ണപുരത്തെ തൻ്റെ വസതിയിൽ സ്ഥിരതാമസമാക്കി.
സി അച്യുതമേനോനായിരുന്നു രാഷ്ട്രീയമായും വ്യക്തിപരമായും ടി വി കെ മാനിച്ചിരുന്ന, അടുപ്പമുള്ള അപൂർവം വ്യക്തികളിലൊരാൾ. പേടിയറ്റിൽ നിന്ന് വിരമിച്ച ടിവികെ കണ്ണൂരിൽ നിന്ന് ഒരു ദിനപത്രം തുടങ്ങാൻ തീരുമാനിച്ചു. അതിൻ്റെ വിവരം പറയാൻ കണ്ണൂർ എതോ പരിപാടിക്ക് എത്തിയ അച്യുതമേനോനെ കണ്ടപ്പോൾ സ്നേഹപൂർവ്വം അദ്ദേഹം ടിവികെയെ ഇതിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചു. “ബാങ്കിൽ നിന്നും കടമെടുത്താണോ ടി വി കെ തനിയെ ദിനപത്രം തുടങ്ങാൻ പോകുന്നത് ? വേണ്ട, ടിവികെ. കാശുണ്ടെങ്കിൽ പ്രപഞ്ചം പോലൊരു വാരിക ആരംഭിക്ക് . ദിനപത്രം തുടങ്ങിയാൽ കൈ പൊള്ളും, വെന്തുപോകും.”
അച്യുത മേനോന്റെ വാക്കുകൾ ആദരവോടെ കേട്ടെങ്കിലും തീരുമാനം മാറ്റാൻ ടി വി കെ തയാറായിരുന്നില്ല. 1988 ജനുവരിയിൽ കണ്ണൂരിൽ നിന്ന് ഇറങ്ങുന്ന ആദ്യത്തെ പ്രഭാത ദിനപത്രമായ ‘ ജനശ്രീ’ വായനക്കാരുടെ കയ്യിലെത്തി.
ഒരു ദിനപത്രത്തിനും അന്ന് കണ്ണൂർ പതിപ്പില്ല. ടിവികെ എഡിറ്റർ’ കൂടെ എഡിറ്റോറിയൽ സ്റ്റാഫായി കുറെ ചെറുപ്പക്കാരായ പത്രപ്രവർത്തകരും. കണ്ണൂർ തളാപ്പിലെ ജോൺ മിൽ കോമ്പൗണ്ടിലായിരുന്നു ജനശ്രീ അച്ചടിച്ചത്. 8000 കോപ്പികളായിരുന്നു ആദ്യ പ്രിൻ്റ് ഓർഡർ. പത്രത്തിൻ്റെ പ്രകാശനം നിർവഹിച്ച മാതൃഭൂമി ദിനപത്രത്തിൻ്റെ ചീഫ് എഡിറ്റർ എൻ വി കൃഷ്ണവാര്യർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു, “പത്രം നടത്തിപ്പും പത്രപ്രവർത്തനവും രണ്ടും രണ്ടാണ്. പരസ്പര പൂരകമാണെങ്കിലും പത്രം നടത്തിപ്പ് ഒരു ബിസിനസ്സാണ്. ഒരു പത്രപ്രവർത്തകന് ബിസിനസുകാരനാകാൻ കഴിയുമോയെന്ന് എനിക്ക് സംശയമുണ്ട്.” എൻ വി പറഞ്ഞത് തെറ്റിയില്ല. ടി വി കെ ബിസിനസുകാരനല്ലായിരുന്നു. ഒരു വർഷത്തിനകം ജനശ്രീ പത്രം പൂട്ടി. അച്യുതമേനോൻ പറഞ്ഞപോലെ ടി വി കെ യുടെ കൈ പൊള്ളി, വെന്തുപോയി. ആ വകയിൽ ടി വി കെക്ക് നഷ്ടം 8 ലക്ഷം രൂപ. താമസിക്കുന്ന വീടും പറമ്പും, ഭാര്യയുടെ സ്വർണ്ണവും ബാങ്കിന് പണയമായി.
ക്രമേണ കണ്ണപുരത്തെ വീട്ടിൽ എഴുത്തും വായനയുമായി ടിവികെ യിലെ പത്രപ്രവർത്തകനും എഴുത്തുകാരനും വീണ്ടും സജീവമായി. ഇത്തവണ മറ്റൊരു നേതാവിൻ്റെ ആത്മകഥ രൂപപ്പെടുത്തലായിരുന്നു എഴുത്ത്. കേരളത്തിലെ ആദ്യകാല സ്വാതന്ത്യസമര സേനാനിയും കമ്യൂണിസ്റ്റ് പാർടി സ്ഥാപകാംഗവും തൊഴിലാളി പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ച നേതാവുമായ എൻ സി ശേഖർ എഴുതി വെച്ച കുറിപ്പുകൾ സമാഹരിച്ച് എൻ സിയുടെ ആത്മകഥ ടിവികെ എഴുതി. 1987 ൽ എൻ.സി ശേഖർ മരിച്ചപ്പോൾ എൻ സിയുടെ അനുസ്മരണ യോഗത്തിൽ പൂർത്തിയാക്കേണ്ട അദ്ദേഹത്തിൻ്റെ ആത്മകഥ ചിട്ടപ്പെടുത്തേണ്ടത് ആരാണെന്ന ചോദ്യംഉയർന്നു. പ്രസംഗിച്ചവരെല്ലാം ഒരേ പേരാണ് പറഞ്ഞത് ടി വി കെ വേണം അതെഴുതാൻ.
പി കൃഷ്ണപിള്ളയുടെ ജീവചരിത്രമെഴുതിയ ടി വി കെ തന്നെ തൻ്റെ ചിരകാല മിത്രവും ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി അംഗവുമായ എൻ സിയുടെ ജീവിതകഥ പൂർത്തിയാക്കി. എൻ.സി. നേരെത്തെ തന്നെ എഴുതി വെച്ച ശീർഷകം തന്നെ നൽകി - ’ അഗ്നി വീഥി’.
പാർട്ടി പിളർന്നപ്പോൾ എൻ സി ശേഖർ ആദ്യം സി പി എമ്മിലായിരുന്നു. വേഗം തന്നെ പാർട്ടി നേതൃത്വവുമായി തെറ്റി പിരിഞ്ഞു. പിന്നെ ഒരു പാർടിയിലും ചേർന്നില്ല. സ്വത(ന്തനായി നിന്നു. അഗ്നിവീഥിയിൽ ഇ എം എസ് നമ്പൂതിരിപ്പാടിനെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള പരാമർശങ്ങളെ ചൊല്ലി വിവാദമുണ്ടായി. ഇ എം.എസ് പാർട്ടിക്ക് തൻ്റെ സ്വത്ത് ഒന്നും തന്നെ നൽകിയില്ലെന്ന വാദം ആദ്യമുയർത്തിയത് എൻ സിയായിരുന്നു. വ്യക്തിപരമായി തന്നെ ആക്രമിക്കുന്ന ശൈലിക്ക് മറുപടിയായി എൻ. സി പ്രതികരിച്ചു. മരണത്തിന് ഒരു വർഷം മുൻപ് 1986 ഫെബ്രുവരി 9 - 15 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഇ എം എസ് സ്വത്ത് കൊടുത്തിട്ടില്ല’ എന്ന കുറിപ്പിൽ വ്യക്തമായി ഇക്കാര്യം വിശദീകരിച്ചു. ആ കുറിപ്പിന് മറുപടി മറുഭാഗത്ത് നിന്നുള്ള നീണ്ട നിശബ്ദതയായിരുന്നു.
“മന്ത്രിയാകണമെങ്കിൽ ടി വി ഗൗരിയമ്മയെ വിവാഹം ചെയ്യണമെന്ന് ടി വി തോമസിനെ പാർട്ടി നിർബന്ധിച്ചു,”വെന്ന് വെളിപ്പെടുത്തിയത് ടി വി കെ ആയിരുന്നു. തൻ്റെ അവസാനത്തെ കൃതിയായ ടി വി തോമസിൻ്റെ ജീവചരിത്രത്തിൻ്റെ പ്രകാശനവേളയിലായിരുന്നു ആ പ്രസംഗം. ടി വി കെ രചിച്ച കമ്യൂണിസ്റ്റ് നേതാവും മുൻ വ്യവസായ മന്ത്രിയുമായ ടി വി തോമസിൻ്റെ ജീവിത കഥ എന്ന ജീവചരിത്രം വിവാദമായതോടെയാണ് ടി വി തോമസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടി വി കെ രംഗത്ത് വന്നത്.
1984 ജൂലൈയിലാണ്. സാംസ്കാരിക വകുപ്പിന് വേണ്ടി ടിവിയുടെ ജീവചരിത്രമെഴുതാൻ സാംസ്കാരിക വകുപ്പ് സെക്രട്ടറി രാമചന്ദ്രൻ നായരുമായി ടി വി കെ ഒരു കരാറിൽ ഒപ്പ് വെയ്ക്കുന്നത്. 2500 രൂപ പ്രതിഫലം കൈപ്പറ്റിയ ടിവി കെ 1985 ൽ 416 പേജുള്ള സ്ക്രിപ്റ്റ് സമർപ്പിച്ചു.
അത് വലുപ്പം കൂടി എന്ന പേരിൽ തിരിച്ചയച്ചു. മൂന്ന് മുഖ്യമന്ത്രിമാരുടെ കാലത്ത് - കരുണാകരൻ, ആൻ്റണി , നായനാർ - ഓരോ കാരണം തടസമായി പറഞ്ഞു. അങ്ങനെ അത് വെളിച്ചം കണ്ടില്ല. ടിവികെ എഴുതിയ കൃതിയുടെ വലുപ്പം കൊണ്ടല്ല, അതിലെ ദഹിക്കാത്ത ചില സത്യങ്ങളുടെ വലുപ്പം കാരണമാണ് ജീവചരിത്രം പ്രസിദ്ധീകരിക്കാൻ മടിക്കുന്നതെന്ന് ടി വി കെക്കും തടസവാദികൾക്കും അറിയാമായിരുന്നു.
പിന്നെ ടിവികെ മടിച്ച് നിന്നില്ല. സ്വന്തം നിലയിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ വഴി തേടി. ഇപ്പോഴത്തെ ഗോവ ഗവർണ്ണറും അന്നത്തെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ ശ്രീധരൻ പിള്ള മുൻകൈയ്യെടുത്ത് ബി ജെ പി അനുഭാവ പ്രസാധകരായ കോഴിക്കോടെ പ്രണവം ബുക്സ് 1998 നവംബറിൽ ടി വി. തോമസ് -ജീവിതകഥ പ്രസിദ്ധീകരിച്ചു. ടി വി തോമസ് - ഗൗരി ബന്ധം 1957 ലെ ആദ്യത്തെ മന്ത്രിസഭയിൽ ചില പ്രതിസന്ധികൾക്ക് വഴിയൊരുക്കി എന്ന വിവാദ ഭാഗമാണ് പുസ്തകം രണ്ട് ഇടതു പാർട്ടികൾക്കും അനഭിമതമായത്.
പാർട്ടി ഉൾക്കഥയൊക്കെ കൃത്യമായി അറിയാവുന്ന ടിവി കെ പറയുന്നത് 1957 ൽ തന്നെ ടി വി തോമസിനെ മന്ത്രിസഭയിലെടുക്കാതിരിക്കാൻ ആദ്യം തന്നെ ചില കളികൾ നടന്നിരുന്നു എന്നാണ്. തിരുകൊച്ചിയിൽ നിന്ന് ടി വി തോമസും മലബാറിൽ നിന്ന് കെ പി ഗോപാലനും മന്ത്രിസഭയിൽ വന്ന് കൂടെന്ന് നിർബന്ധമുള്ളവർ തന്നെ പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്നു. ടി വി തോമസും കെ ആർ ഗൗരിയും തമ്മിലുളള പ്രേമബന്ധമാണ് അതിന് ഒരു തടസ്സം. പിന്നീട് പാർടി സ്റ്റേറ്റ് കൗൺസിലിൽ ടി വിക്ക് വേണ്ടി വാദിച്ച ടിവി കെ തിരു കൊച്ചി മാത്രമല്ല കേരളമാണിതെന്നും കേരള മന്ത്രിസഭയിൽ ടിവി തോമസ് വേണമെന്നും ആവശ്യപ്പെട്ടു. രണ്ട് പേരെയും മന്ത്രിയാക്കുക. അത് പാർട്ടി വിചാരിക്കണം. അത് കമ്മറ്റിക്ക് ബോധ്യമായി. മന്ത്രിമാരായി, വിവാഹവും നടന്നു. ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഈ പുസ്തകം ചിലർക്ക് അപ്രിയമാകാൻ കാരണം.
പുസ്തകത്തിലെ മറ്റൊരു ഭാഗത്ത് മുഖ്യമന്ത്രിയായത് ടി വി തോമസല്ല, ഇ എം എസ് നമ്പൂതിരിപ്പാടാണെന്ന് അവിശ്വസനീയമായി തോന്നി. എന്ത് പറ്റി എന്ന് ചോദിച്ചാൽ പാർട്ടി അങ്ങനെയാണ്. എന്നാൽ അതിൻ്റെ കാരണം പ്രശസ്ത മാധ്യമ നിരീക്ഷകൻ അഡ്വ ജയശങ്കറിൻ്റെ 2005 ൽ പുറത്ത് വന്ന തൻ്റെ പുസ്തകമായ ‘ കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഭരണ കക്ഷി എം എൽ എമാരിൽ ഗണ്യമായ ഒരു വിഭാഗം മലബാറിൽ നിന്നായതു കൊണ്ട് പാർട്ടി സെക്രട്ടറി പദവിയും മുഖ്യമന്ത്രി പദവിയും തിരുവിതാംകൂറിൽ ഭാഗത്തു നിന്ന് വേണ്ട എന്നതായിരുന്നു എം എൻ ഗോവിന്ദൻ നായരുടെ അഭിപ്രായം. എല്ലാറ്റിനും ചുക്കാൻ പിടിച്ച പാർട്ടി സെക്രട്ടറിയായിരുന്ന എം എൻ്റെ ശക്തമായ നിലപാട് ഇ എം എസിനെ മുഖ്യമന്ത്രിയാക്കി. ചിലർക്ക് അസൗകര്യമുണ്ടാക്കുന്ന സത്യങ്ങൾ പുസ്തകം വായിച്ചവർ അറിഞ്ഞു എന്നതൊഴിച്ചാൽ മറ്റൊന്നും ടി വി തോമസിൻ്റെ ജീവചരിത്രം കൊണ്ട് സംഭവിച്ചില്ല. എന്നാൽ ടിവികെ പബ്ലിസിറ്റിക്ക് വേണ്ടി നടത്തിയ പ്രഹസനമാണ് ഇതെനന്നായിരുന്നു സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ കണ്ടെത്തൽ.
ബി ജെ പി നേതാവിൻ്റെ ശുഷ്കാന്തിയിൽ തൻ്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതു കൊണ്ട് ഈ പുസ്തകത്തിൻ്റെ പ്രസക്തി കുറയുകയോ തൻ്റെ അഭിപ്രായത്തിന് മാറ്റം വരുകയോ ഇല്ലെന്ന് ടി വി കെ പറഞ്ഞു. “40 കൊല്ലം മുൻപ് കമൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൻ്റെ നിർബന്ധം കൊണ്ട് മാത്രമാണ് പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം ‘സഖാവ് ‘ രചിച്ചത്. അത് അന്നും ഇന്നുമുള്ള പാർട്ടി നേതൃത്വത്തിനു സ്വീകാര്യമായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കേരള രാഷ്ട്രീയത്തിലെ സംഭവഗതികളാണ് ടി വി തോമസിൻ്റെ ജീവചരിത്രത്തിലൂടെയും പ്രതിപാദിച്ചിരിക്കുന്നത്. ടി വിയുടേയും ജീവചരിത്രമെഴുതാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോൾ എതിർക്കാൻ മാത്രം ഈ പുസ്തകത്തിൽ ഒന്നും ഇല്ല. പി കൃഷ്ണപിള്ളയുടേയും ടി വി. തോമസിൻ്റെയും ജീവചരിത്രങ്ങൾ വായിച്ചാൽ വിട പറയാൻ പോകുന്ന ഇരുപതാം നൂറ്റാണ്ടിലെ കേരള രാഷ്ട്രീയ ചരിത്രമായി,” ചരിത്ര്യാന്വേഷിയായ ടി വി കെ പറഞ്ഞു.
ടി വി കെ യുടെ അവസാനത്തെ പുസ്തകമായിരുന്നു ടി വി തോമസ് - ജീവിത കഥ. അതിനും 56 വർഷം മുൻപ് 1942 ൽ പ്രസിദ്ധീകരിച്ച കിഷൻ ചന്ദരുടെ കഥകൾ ‘തീയും പൂവും ‘ പരിഭാഷയാണ് അച്ചടിച്ച ആദ്യ കൃതി. ബാരിസ്റ്റർ എം കെ നമ്പ്യാരുടെ ജീവചരിത്രം മകൻ അഡ്വ കെ കെ വേണുഗോപാലിൻ്റെ ആവശ്യപ്രകാരം എഴുതി കുടുംബത്തിനെ ഏൽപ്പിച്ചെങ്കിലും അത് ഇത് വരെ പുറത്ത് വന്നില്ല. 2004 സെപ്റ്റംബർ 14 ന് 80ാം വയസിൽ കണ്ണൂരിൽ വെച്ച് ടിവികെ അന്തരിച്ചു.
467 പേജുകളിലായി എഴുതിയ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ടി വി കെ യാത്രയായി. വിലപ്പെട്ട ചരിത്രരേഖയാകുമായിരുന്ന ആ പുസ്തകം പിന്നീട് പുറത്തിറങ്ങിയില്ല. മികച്ച ചരിത്ര ഗ്രന്ഥങ്ങൾ മലയാളിക്ക് മൊഴിമാറ്റി നൽകിയ ടിവി കെ യെ കേരള ചരിത്ര ഗവേഷകൗൺസിലോ സാഹിത്യ അക്കാദമിയോ മറ്റ് പ്രസ്ഥാനങ്ങളോ ഇനിയും ഓർക്കുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. പത്രപ്രവർത്തനും ചിത്രരചനയും നന്ദിയില്ലാത്ത പണികൾ ആണല്ലോ!