സ്റ്റാലിന്റെ വഴിയേ ചിന്നവരും; തമിഴക രാഷ്ട്രീയത്തിലെ പുതിയ താരോദയം
ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്ര കമ്പനികളിലൊന്നിന്റെ തലവനും സിനിമാ നടനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിന്റെ മന്ത്രിസഭയിലേക്കുള്ള വരവിനെ ഡിഎംകെയിലെ തലമുറമാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മൂന്ന് വർഷം മുൻപ്, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപാണ് ഉദയനിധി സ്റ്റാലിൻ തന്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്. ചെന്നൈയിലെ ചെപ്പോക്ക്-തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഉദയനിധിയുടെ വിജയം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നാണിത്. അതായത് സാക്ഷാൽ കരുണാനിധിയുടെ മണ്ഡലം. റെക്കോർഡ് വോട്ടുകളോടെയാണ് ചെപ്പോക്കുകാർ ഉദയനിധിയെ നിയമസഭയിലേക്ക് അയച്ചത്.
2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി സ്റ്റാലിൻ. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. 2021ല്‍ തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി. തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45കാരനായ ഉദയനിധി. യുവജന കാര്യവും കായിക വകുപ്പുമാണ് ഉദയനിധിയുടെ വകുപ്പുകൾ.
1977 നവംബർ 27ന് ജനിച്ച ഉദയനിധി, ചെന്നൈയിലെ ഡോൺ ബോസ്‌കോ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ലയോള കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻസ് ബിരുദം നേടി. തന്റെ മുൻഗാമികളെപ്പോലെ, ഉദയനിധിയും ആദ്യം സിനിമ മേഖലയിലേക്കാണ് ഇറങ്ങിയത്. പക്ഷേ അത് നിർമ്മാതാവ് എന്ന നിലയിലായിരുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ 2008ൽ വിജയും തൃഷയും അഭിനയിച്ച കുരുവി എന്ന ചിത്രം നിർമ്മിച്ചു. പിന്നീട് ആധവൻ (2009), ഏഴാം അറിവ് (2011), ഭാര്യ കിരുത്തിഗ സംവിധാനം ചെയ്ത വണക്കം ചെന്നൈ (2013) തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. 2002ൽ വിവാഹിതനായി. കൃതികയാണ് ഭാര്യ, ഒരു മകനും മകളുമുണ്ട്.
സിനിമാ നിർമാണത്തോടൊപ്പം തന്നെ അഭിനയരംഗത്തും ഉദയനിധി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഉദയനിധിയുടെ അഭിനയ ജീവിതം ആരംഭിച്ചത് അദ്ദേഹം നിർമ്മിച്ച സിനിമകളിലൊന്നായ ആധവൻ എന്ന ചിത്രത്തിലെ ഒരു ചെറിയ അതിഥി വേഷത്തിലൂടെയാണ്. എം രാജേഷിന്റെ ഒരു കൽ ഒരു കണ്ണാടി (2012) എന്ന ചിത്രത്തിലൂടെ ഹൻസിക മോട്വാനി, സന്താനം എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിച്ചു. കാട്ടുവാക്കുള രണ്ട് കാതൽ, മൃഗം, വിക്രം, പൊന്നിയിൻ സെൽവൻ-1 തുടങ്ങിയ സമീപകാല വാണിജ്യ ഹിറ്റുകൾ ഉൾപ്പെടെയുള്ള സിനിമകൾ ഉദയനിധിയുടെ ഹോം ബാനറായ റെഡ് ജയന്റ് മൂവീസിന് കീഴിൽ വിതരണം ചെയ്തിട്ടുണ്ട്.
കീർത്തി സുരേഷ്, ഫഹദ് ഫൈസൽ, വടിവേലു എന്നിവർക്കൊപ്പം മാരി സെൽവരാജിന്റെ മാമന്നനിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ നടനെന്ന നിലയിൽ തന്റെ അവസാന ചിത്രമായിരിക്കും മാമന്നൻ എന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉദയനിധി പ്രഖ്യാപിച്ചു. സിനിമാ തിരക്കുകൾ കാരണമാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത് വൈകിപ്പിച്ചത്.
എംഎൽഎ ആകുന്നതിന് മുൻപ് ഡിഎംകെയുടെ രാഷ്ട്രീയ പ്രചാരണങ്ങളിൽ സജീവമായിരുന്നു ഉദയനിധി. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഉദയനിധി 68.92% വോട്ടുകൾ നേടി മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021 സെപ്റ്റംബറിൽ അണ്ണാ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗമായും അസംബ്ലി സ്പീക്കർ അപ്പാവു അദ്ദേഹത്തെ നിയമിച്ചു. 2020ൽ വിനായക ചതുർത്ഥി സമയത്ത് ഹിന്ദു ദൈവമായ വിനായകന്റെ ചിത്രം ട്വിറ്ററിൽ അടിക്കുറിപ്പില്ലാതെ പോസ്റ്റ് ചെയ്തതിന് ഉദയനിധി വിമർശനം നേരിട്ടിരുന്നു.
കോവിഡാനന്തര കാലത്തും പ്രളയ കാലത്തും മണ്ഡലത്തില്‍ ഉദയനിധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, തന്റെ മണ്ഡലത്തിൽ റോബോട്ടിക് മലിനജല ശുചീകരണ തൊഴിലാളികളെ അവതരിപ്പിച്ചതും ഉദയനിധി സ്റ്റാലിന് ഏറെ കയ്യടി നേടി കൊടുത്തു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കെതിരെയും ഉദയനിധി വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഉദയനിധിയുടെ നേതൃത്വത്തിൽ നടന്ന 'എയിംസ് ബ്രിക്' പ്രചാരണം കുറച്ചൊന്നുമല്ല എതിർപക്ഷത്തെ അസ്വസ്ഥരാക്കിയത്. സംസ്ഥാനത്തിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരും അന്നത്തെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) കാണിക്കുന്ന നിസ്സംഗത ഉയർത്തിക്കാട്ടുന്ന പ്രചാരണമായിരുന്നു അത്.
കുടുംബാധിപത്യം തുടരുന്ന ആദ്യത്തെ പാർട്ടിയല്ല ഡിഎംകെ. എന്നാൽ അച്ഛനും മകനും ഒരേ മന്ത്രിസഭയിൽ വരുന്നത് താരതമ്യേന അപൂർവമാണ്. സ്ഥാപകൻ സി എൻ അണ്ണാദുരൈയിൽ നിന്ന് ഡിഎംകെയുടെ ഭരണം ഏറ്റെടുത്ത എം കരുണാനിധി, മക്കളായ സ്റ്റാലിൻ, എം കെ അഴഗിരി, കനിമൊഴി എന്നിവരെ പാർട്ടിയിലെ പ്രമുഖ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ എം കെ സ്റ്റാലിന് 50വയസ് വരെ കാത്തിരിക്കേണ്ടി വന്നു. 50കളുടെ അവസാനത്തിലാണ് ആദ്യമായി അദ്ദേഹം മന്ത്രിപദവിയിലെത്തുന്നത്. നാലാം തവണ എംഎൽഎയായപ്പോൾ മാത്രമാണ് അദ്ദേഹം പിതാവ് എം കരുണാനിധിയുടെ മന്ത്രിസഭയിലെത്തിയത്. 2006-2011ൽ കരുണാനിധി മന്ത്രിസഭയിലേക്ക് സ്റ്റാലിനെത്തിയപ്പോൾ, പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകളുണ്ടായിരുന്നു. ഉദയനിധിക്കെതിരെയും സമാനമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിൽ സ്റ്റാലിന്റെ പിൻഗാമിയാകും ഉദയനിധിയെന്ന വാദപ്രതിവാദങ്ങളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
2009-2011 കാലത്ത് കരുണാനിധിയുടെ കീഴിൽ ആദ്യം മന്ത്രിയായും പിന്നീട് ഉപമുഖ്യമന്ത്രിയായും സ്റ്റാലിൻ ഭരണപരിചയം നേടിയതിന് പിന്നിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃപാടവം ഉണ്ടായിരുന്നു. കരുണാനിധിയുടെ ഭരണത്തിന് കീഴിലുള്ള ഡിഎംകെയുടെ പദ്ധതികൾക്ക് പിന്നിൽ, പ്രത്യേകിച്ച് സ്റ്റാലിൻ വഹിച്ചിരുന്ന വകുപ്പുകളിൽ ഫലപ്രദമായ പല തന്ത്രങ്ങളും നടപ്പിലാക്കിയതിന് പിന്നിൽ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് വർധൻ ഷെട്ടിയായിരുന്നു. അത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ഉദയനിധിയുടെ വകുപ്പിലും ഉണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.