ഒരു 'മഴപ്പക്ഷി'യുടെ ഓർമ്മയ്ക്ക്

ഒരു 'മഴപ്പക്ഷി'യുടെ ഓർമ്മയ്ക്ക്

പ്രണയവും വാത്സല്യവും വിരഹ വേദനയുമെല്ലാം മാറി മാറി വരും ആ ആര്‍ദ്രസ്പര്‍ശത്തില്‍
Updated on
3 min read

തോരാതെ പെയ്യുന്ന മഴയിലേക്ക്‌ ഇറങ്ങിനിന്ന പോലെ തോന്നും ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍. പ്യാര്‍ ഹുവാ ഇക്ക് രാര്‍ ഹുവാ (മന്നാഡേ, ലത), രിമ്ജിം ഗിരെ സാവന്‍ (കിഷോര്‍ കുമാര്‍) ‍, ഓ സജ്നാ ബര്ഖ ബഹാര്‍ ആയെ (ലത) , ദില്‍ തേരാ ദീവാനാ ഹേ സനം (റഫി, ലത), രിമ്ജിം കെ തരാനേ ലേകെ (റഫി, ഗീതാദത്ത്), ജാനേ ചമന്‍ ശോലാ ബദന്‍ (റഫി, ശാരദ) , ആഹാ രിംജിം കെ യേ പ്യാരേ പ്യാരേ (തലത്ത്, ലത)... ആത്മാവില്‍ വര്‍ഷമേഘങ്ങളായി പെയ്തിറങ്ങിയ ഗാനങ്ങള്‍.

മറ്റു ചില പാട്ടുകളുണ്ട്. ഈര്‍പ്പമുള്ള വിരലുകളാല്‍ അവ നമ്മെ മൃദുവായി തൊടുക മാത്രം ചെയ്യുന്നു. പ്രണയവും വാത്സല്യവും വിരഹ വേദനയുമെല്ലാം മാറി മാറി വരും ആ ആര്‍ദ്രസ്പര്‍ശത്തില്‍. പെയ്തു തോര്‍ന്ന മഴയുടെ സുഖശീതളമായ അനുഭൂതി മനസ്സില്‍ നിറയ്ക്കുന്നു ആ ഗാനങ്ങള്‍. "ഗുഡ്ഡി'' എന്ന സിനിമയില്‍ ഗുല്‍സാര്‍ എഴുതി വസന്ത് ദേശായി സംഗീതം പകര്‍ന്നു വാണി ജയറാം പാടിയ "ബോല്‍ രേ പപീഹരാ'' അത്തരമൊരു അനുഭൂതിയായിരുന്നു എഴുപതുകളുടെ തുടക്കത്തിലെന്നോ റേഡിയോ സിലോണിലൂടെ ആദ്യമായി കാതില്‍ ഒഴുകിയെത്തിയ പാട്ട്.

മഴയുടെ രാഗമായ മിയാ കി മല്‍ഹറിലാണ് വസന്ത് ദേശായി ആ ഗാനം ചിട്ടപ്പെടുത്തിയതെന്ന് അന്നറിയില്ലായിരുന്നു. ബംഗാളി നടന്‍ സമിത് ഭഞ്ജയും ജയഭാദുരിയും പ്രത്യക്ഷപ്പെടുന്ന ആ ഗാനരംഗം ടെലിവിഷനില്‍ കണ്ടത് പോലും വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ്. ഋഷികേശ് മുഖര്‍ജി കാവ്യഭംഗിയോടെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ആ ഗുല്‍സാര്‍ ഗാനമായിരുന്നു വസന്ത് ദേശായിയുടെ സംഗീതഭൂമികയില്‍ കടന്നു ചെല്ലാനുള്ള ആദ്യ പ്രലോഭനം. ഇനിയും നുകര്‍ന്ന് തീരാത്ത സംഗീതാനുഭവങ്ങളിലേക്ക് ആ ഈണങ്ങള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. അടുത്തറിയുംതോറും ദേശായി ഒരു വിസ്മയമായി മനസ്സില്‍ വളരുകയായിരുന്നു. നിത്യസുന്ദരമായ എത്രയെത്ര ഗാനങ്ങള്‍. ഓരോ ഗാനവും വിശിഷ്ടമായ ഓരോ അനുഭവം.

ജ്വലിക്കുന്ന ആ വ്യക്തിത്വം വാണി ജയറാമിനെ സ്വാധീനിച്ചു തുടങ്ങുന്നത് 1960 കളുടെ അവസാനമാണ് --- വിവാഹശേഷം ഭര്‍ത്താവ് ജയറാമിനൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയ ശേഷം. ഇന്‍ഡോ - ബെല്‍ജിയന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ എക്സിക്യുട്ടിവ് സെക്രട്ടറിയാണ് അന്ന് ജയറാം. വാണി ബാങ്ക് ഉദ്യോഗസ്ഥയും. ഭാര്യയുടെ സംഗീതസപര്യയെ അങ്ങേയറ്റം ഗൗരവത്തോടെ കണ്ട ജയറാം ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാന് കീഴില്‍ വാണിയെ ഹിന്ദുസ്ഥാനി ലഘുശാസ്ത്രീയസംഗീതം അഭ്യസിക്കാന്‍ അയക്കുന്നു. പട്യാല ഖരാനയുടെ വക്താവായ ഉസ്താദ് വഴിയാണ് വാണി വസന്ത് ദേശായിയെ പരിചയപ്പെടുന്നത്. "കേംബ്രിഡ്ജ് കോര്‍ട്ടിലെ ഫ്ലാറ്റില്‍ ഇരുന്നു ഞാന്‍ അദ്ദേഹത്തിന് വേണ്ടി പാടി. പാട്ട് ഇഷ്ടപ്പെട്ടത് കൊണ്ടാവണം, പിറ്റേന്ന് കാലത്ത് പ്രഭാദേവിയിലെ ബോംബെ ലാബ്സ് എന്ന സ്റ്റുഡിയോയില്‍ എത്താനാണ് എനിക്ക് ലഭിച്ച നിര്‍ദേശം. മറാഠിയില്‍ നാടക ഗാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു പുറത്തിറക്കുന്ന പതിവുണ്ട് അന്ന്. സ്റ്റുഡിയോയില്‍ എത്തിയ ഉടന്‍ ഒരു ലഘു ശാസ്ത്രീയഗാനം പാടിച്ചു റെക്കോര്‍ഡ്‌ ചെയ്തു. പിന്നെ മറ്റൊരു പാട്ടിന്റെ കുറെ വരികളും.''

വസന്ത് ദേശായി
വസന്ത് ദേശായി

വാണി ജയറാമിന്റെ സംഗീത ജീവിതത്തിലെ പുതിയൊരധ്യായം തുടങ്ങുന്നത് അവിടെ നിന്നാണ്. വസന്ത് ദേശായിയുടെ ഈണത്തില്‍ പിന്നെയും ധാരാളം ചലച്ചിത്രേതര ഗാനങ്ങള്‍ വാണി പാടി ; ഏറെയും ശാസ്ത്രീയരാഗാധിഷ്ഠിതമായ പാട്ടുകള്‍. സിനിമ അന്നും വിദൂരമായ സ്വപ്നമാണ് വാണിയ്ക്ക്. ആയിടയ്ക്കാണ് ഹൃഷികേശ് മുഖര്‍ജി തന്റെ പുതിയ സിനിമക്ക് പാട്ടുകള്‍ ഒരുക്കാന്‍ വസന്ത് ദേശായിയെ ക്ഷണിക്കുന്നത്. ആനന്ദ് (1970 ) എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം മുഖര്‍ജി സംവിധാനം ചെയ്യുന്ന പടം. പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നു അഭിനയം പഠിച്ചുവന്ന ജയഭാദുരി എന്ന ജബല്‍പ്പൂര്‍ക്കാരിയാണ് നായിക. മുന്‍പ് ഒന്ന് രണ്ടു സിനിമകളില്‍ ബാലകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജയ ആദ്യമായി മുഴുനീള നായികാവേഷത്തില്‍ വരുന്ന പടമാണ്‌ ഗുഡ്ഡി . സൂപ്പര്‍ താരമായ ധര്‍മേന്ദ്രയുടെ താരപ്രഭാവത്തില്‍ മയങ്ങിപ്പോകുന്ന ഒരു സ്കൂള്‍ കുട്ടിയുടെ റോള്‍. "പുതിയ നായിക ആയതു കൊണ്ട്, കേള്‍വിയില്‍ പുതുമ തോന്നിക്കുന്ന ഒരു ഗായികാ ശബ്ദം വേണം''- മുഖര്‍ജി വസന്ത് ദേശായിയോടു പറഞ്ഞു. ദേശായി നിര്‍ദേശിച്ചത് പ്രിയശിഷ്യയായ വാണി ജയറാമിന്റെ പേരാണ്.

ഗുല്‍സാറിന് മുന്‍പേ വാണിയെ അറിയാം; പാട്ടുകാരിയായല്ല എന്ന് മാത്രം. വസന്ത് ദേശായിയെ കുറിച്ച് വിശ്വാസ് നെരുര്‍ക്കരും ബിശ്വനാഥ് ചാറ്റര്‍ജിയും ചേര്‍ന്നു എഴുതിയ പുസ്തകത്തില്‍ വാണി ജയറാമുമായുള്ള ആദ്യ കൂടിക്കാഴ്ച ഗുല്‍സാര്‍ അയവിറക്കുന്നതിങ്ങനെ: "സംഗീതത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദാദയുടെ ഫ്ലാറ്റില്‍ പോകുമ്പോഴെല്ലാം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കാണാം.. മുറിയുടെ ഒരു മൂലയില്‍ ഇരുന്നു കയ്യിലെ നോട്ട് ബുക്കില്‍ എന്തോ കുത്തിക്കുറിക്കുകയാണ് അവള്‍ . ക്ലാസില്‍ ഒട്ടും ശ്രദ്ധിക്കാതെ കുനിഞ്ഞിരുന്നു ചിത്രം വരച്ചു തള്ളുന്ന വികൃതിയായ ഒരു സ്കൂള്‍ കുട്ടിയെ ആണ് ഓര്‍മ വന്നത്. കഷ്ടം തോന്നി എനിക്ക്; ജീവിതത്തില്‍ ഈ പെണ്‍കുട്ടി ഒന്നുമാകാതെ പോകുമല്ലോ. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഞാന്‍ എഴുതിയ ബോല്‍ രേ പപീഹരാ എന്ന ഒരൊറ്റ പാട്ടിലൂടെ അവള്‍ ഇന്ത്യക്കാരുടെ മുഴുവന്‍ ഹൃദയം കവര്‍ന്നു. പിന്നീടുള്ളത് മറ്റൊരു കഥയാണ്‌..''

ഗുല്‍സാർ
ഗുല്‍സാർ

നമ്മുടെ സിനിമാസംഗീത ചരിത്രത്തിന്റെ തന്നെ ഭാഗമായ ആ കഥ ബോംബെ ലാബ്സിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്നു തുടങ്ങുന്നു -- 1970 ഡിസംബര്‍ 22 ന്. ഗുഡ്ഡിക്ക് വേണ്ടി വസന്ത് ദേശായിയുടെ ഈണത്തില്‍ വാണി ആദ്യം റെക്കോര്‍ഡ്‌ ചെയ്തത് "ഹരി ബിന്‍ കൈസേ ജിയൂം'' എന്ന് തുടങ്ങുന്ന മീരാ ഭജന്‍. ബി എന്‍ ശര്‍മ റെക്കോര്‍ഡ്‌ ചെയ്ത ആ പാട്ടിന്റെ പശ്ചാത്തലത്തില്‍ പുല്ലാങ്കുഴല്‍ വായിച്ചത് ഹരി പ്രസാദ് ചൌരസ്യ ആണെന്ന പ്രത്യേകതയുണ്ട്. അവശേഷിച്ച ഗാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ നാല് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. പടത്തിന്റെ ചിത്രീകരണം നീണ്ടു പോയതാണ് കാരണം. ഒടുവില്‍ 1971 ഏപ്രിലില്‍ ``ഹം കോ മന്‍ കി ശക്തി ദേനാ'' എന്ന പ്രാര്‍ഥനാ ഗീതവും, ജൂലൈയില്‍ `ബോല്‍ രേ പപീഹരാ'യും റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നു. "ദാദയുടെ ഫ്ലാറ്റില്‍ വച്ചുള്ള റിഹേഴ്സലുകള്‍ രോമാഞ്ചജനകമായ ഓര്‍മയാണ്. ഓരോ ഗാനത്തിന്റെയും വിശദാംശങ്ങളിലേക്ക് കടന്നു ചെന്ന്, ഭാവഗാംഭീര്യത്തോടെ അദ്ദേഹം പാടിത്തരുന്നത് കേട്ടിരിക്കുക തന്നെ അപൂര്‍വമായ അനുഭവമായിരുന്നു.''

സിനിമാ ജീവിതത്തില്‍ വസന്ത് ദേശായിക്ക് പുനര്‍ജ്ജന്മം നല്‍കിയ ചിത്രമായിരുന്നു ഗുഡ്ഡി. ബോല്‍ രേ പപീഹര ആവേശപൂര്‍വമാണ് ഇന്ത്യന്‍ ജനത ഏറ്റെടുത്തത്. ഹിന്ദി സിനിമയിലെ മികച്ച അര്‍ദ്ധശാസ്ത്രീയ ഗാനത്തിനുള്ള താന്‍സന്‍ സമ്മാന്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ വാണിക്ക് നേടിക്കൊടുത്ത ആ ഗാനം 1972 ലെ ബിനാക്ക ഗീത് മാലയുടെ വാര്‍ഷിക പട്ടികയിലും ഇടം നേടി. ഹം കോ മന്‍ കി ശക്തി ദേനാ എന്ന ഗാനം ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള നിരവധി സ്കൂളുകളില്‍ പ്രാര്‍ഥനാരൂപത്തില്‍ പ്രതിധ്വനിക്കുന്നു ഇന്നും. ഒരിക്കല്‍ ഹൈദരാബാദില്‍ വച്ച് മൂവായിരത്തോളം കുട്ടികള്‍ ചേര്‍ന്നു ആ ഗാനം പാടുന്നത് ആത്മഹര്‍ഷത്തോടെ കേട്ടുനിന്നിട്ടുണ്ട് വാണി. ഗായികയെന്ന നിലയില്‍ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷങ്ങളില്‍ ഒന്ന്. മനസ്സില്‍ തെളിഞ്ഞത് ദാദയുടെ തേജസ്സാര്‍ന്ന രൂപമാണ്.

" വസന്ത് ദേശായി ഇല്ലായിരുന്നെങ്കില്‍ വാണി ജയറാം എന്ന പിന്നണി ഗായികയും ഉണ്ടാവില്ലായിരുന്നു. സിനിമയുടെ വിചിത്രവഴികള്‍ക്ക് മുന്നില്‍ പകച്ചു നിന്ന എനിക്ക് ജീവിതത്തില്‍ ദിശാബോധം നല്‍കിയത് ദാദയാണ്. സംഗീതം അതിനൊരു ഉപാധിയായെന്നു മാത്രം'' --വാണി പറഞ്ഞു.

logo
The Fourth
www.thefourthnews.in