വി എസ് എന്ന വലിയ രാഷ്ട്രീയ ശരി 

വി എസ് എന്ന വലിയ രാഷ്ട്രീയ ശരി 

വി എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായ ലേഖകൻ തന്നെ ആകർഷിച്ച അദ്ദേഹത്തിലേക്കടുപ്പിച്ച ഗുണങ്ങളെപ്പറ്റി എഴുതുന്നു 
Updated on
3 min read

മുരടൻ, ചിരിക്കാത്തവൻ, വെട്ടിനിരത്തലുകാരൻ....  ഒരുകാലത്ത് വിഎസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ച് എന്റെ ഉള്ളിന്റെ ഉള്ളിൽ രൂപപ്പെട്ട ധാരണകൾ ഇങ്ങനെയൊക്കെയായിരുന്നു. അത്തരമൊരു ചിത്രം വരച്ച് എന്റെ ഹൃദയഭിത്തിയിൽ തൂക്കിയത് കേരളത്തിലെ മാധ്യമങ്ങളായിരുന്നു. 

കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പും 32 പേരുടെ ഇറങ്ങിപ്പോക്കുമെല്ലാം നടക്കുന്ന സമയത്ത് ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു.  പിന്നീട്, ഇടതുപക്ഷത്തോട് ഒട്ടി നീങ്ങിയപ്പോഴും വിഎസ് എന്ന മനുഷ്യൻ എന്തുകൊണ്ടോ എന്റെ മനസ്സിൽ ബിംബമാക്കപ്പെട്ടില്ല. അദ്ധ്യാപകനും കെജിടിഎക്കാരനും ആയപ്പോഴും വിഎസ് എന്നിൽ വലിയ സ്വാധീനമുണ്ടാക്കിയില്ല.  കെജിടിഎയും കെപിടിയുവും സമന്വയിച്ച് കെ എസ് ടി എ രൂപപ്പെട്ടപ്പോഴും വിഎസ് എന്ന രണ്ടക്ഷരം എന്നിൽ വലിയ അനുരണനങ്ങളുണ്ടാക്കിയിരുന്നില്ല. 

വി എസ് എന്ന വലിയ രാഷ്ട്രീയ ശരി 
വി എസിന്റെ നര്‍മത്തിനും രാഷ്ട്രീയമുണ്ട്, അതില്‍ ജീവിതമുണ്ട്
വി എസ് എന്ന വലിയ രാഷ്ട്രീയ ശരി 
വി എസ്- പ്രായോഗിക്കവൽക്കരിക്കപ്പെട്ട വിമതത്വം
വികസനവും സുസ്ഥിര വികസനവും തമ്മിലുള്ള വിടവ് ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു വിഎസ്സിന്

സ്വാനുഭവങ്ങളിലൂടെയാണല്ലോ നാം മഹത്വത്തെ ഉൾക്കൊള്ളുന്നത്. അത്തരമൊരു സന്ദർഭം എനിക്കുമുണ്ടായി.  രണ്ടായിരാമാണ്ടിൽ, പതുക്കെ പതുക്കെ കമ്പ്യൂട്ടറുകളും കമ്പ്യൂട്ടർ സോഫ്റ്റ് വേറുകളും വ്യാപകമായിത്തുടങ്ങിയ കാലഘട്ടത്തിൽ, സ്വതവെ അൽപ്പം കമ്പ്യൂട്ടർ പ്രേമിയായ എനിക്ക് അസ്വാസ്ഥ്യമുണ്ടാക്കിയ ചില സംഭവങ്ങളുണ്ടായി.  കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന സോഫ്റ്റ് വേറിന്റെ കുത്തക അക്കാലത്ത് മൈക്രോസോഫ്റ്റ് എന്ന കമ്പനിക്കായിരുന്നു. അക്കാലത്താണ് സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഗ്നു-ലിനക്സിന്റെ വ്യാപനത്തിന് തുടക്കമിടുന്നത്. റിച്ചാർഡ് സ്റ്റാൾമാനെപ്പോലുള്ളവരുടെ പ്രഭാഷണങ്ങൾ എന്നെ സ്വാധീനിച്ചിരുന്നു. വിജ്ഞാനത്തിന്റെ സ്വാതന്ത്ര്യം എന്ന ഇടതുപക്ഷ ആശയത്തോട് വല്ലാത്ത ആഭിമുഖ്യം തോന്നിയ നാളുകളായിരുന്നു അത്. 

വി എസ് എന്ന വലിയ രാഷ്ട്രീയ ശരി 
വി എസ്- പ്രായോഗിക്കവൽക്കരിക്കപ്പെട്ട വിമതത്വം
ലേഖകൻ വിഎസ്സിനൊപ്പം
ലേഖകൻ വിഎസ്സിനൊപ്പം

സ്വതന്ത്ര സോഫ്റ്റ് വേറിന്റെ വ്യാപനത്തിൽ ബിസിനസ് നഷ്ടം കണ്ട മൈക്രോസോഫ്റ്റും ഇന്റൽ എന്ന കമ്പ്യൂട്ടർ കമ്പനിയും ചേർന്ന് അക്കാലത്തൊരു പദ്ധതിയുണ്ടാക്കി.  Intel Teach To The Future എന്ന പേരിൽ, വിവിധ രാജ്യങ്ങളിലെ കുട്ടികളെ കമ്പ്യൂട്ടറിൽ മൈക്രോസോഫ്റ്റ് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ഒരു പാഠ്യപദ്ധതിക്ക് അവർ രൂപം നൽകി. നാനൂറ് ദശലക്ഷം ഡോളർ ഈ പ്രവർത്തനത്തിനായി അവർ നീക്കിവെച്ചു.  ഇന്ത്യയിലും അവർ ഈ പദ്ധതി നടപ്പിലാക്കാനാരംഭിച്ചു.  അദ്ധ്യാപകർക്ക് പരിശീലനം നൽകുക, പരിശീലനം ലഭിച്ച അദ്ധ്യാപകരെക്കൊണ്ട് മറ്റ് അദ്ധ്യാപകരെ പരിശീലിപ്പിക്കുക, ഇതിനെല്ലാം കനത്ത പ്രതിഫലം നൽകുക എന്നതായിരുന്നു ആ പരിപാടി. 

ആ കാലത്തുതന്നെയാണ് കേരളത്തിലെ കരിക്കുലം നവീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്.  സ്വാഭാവികമായും പുതിയ സാങ്കേതികവിദ്യകൾക്ക് നമ്മുടെ പാഠ്യപദ്ധതിയിൽ സ്ഥാനം വേണ്ടേ എന്ന ചോദ്യവുമുണ്ടായി.  അന്നത്തെ മുഖ്യമന്ത്രി ശ്രീ. നായനാർ ചെയ്തത് ഇതേക്കുറിച്ച് പഠിക്കാൻ ഒരു കർമ്മസേനയെ നിയോഗിക്കുകയാണ്.  പ്രൊഫസർ യു ആർ റാവു അദ്ധ്യക്ഷനായ ആ ടാസ്ക് ഫോഴ്സ് അതേ നവംബറിൽ തന്നെ അവരുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.  IT in Education - Vision 2010 എന്ന ആ രേഖയുടെ ആമുഖത്തിൽത്തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. "ഐടി എന്നത് ഒരു പഠനവിഷയമാക്കുകയല്ല വേണ്ടത്, മറിച്ച് ഫലപ്രദമായ കരിക്കുലം വിനിമയത്തിനും അദ്ധ്യാപക ശാക്തീകരണത്തിനും വേണ്ട ഉപാധിയാക്കുകയാണ്" എന്നതായിരുന്നു അത്. ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി രൂപംകൊടുത്ത പ്രോജക്റ്റായിരുന്നു ഐടി അറ്റ് സ്കൂൾ.

2001ൽ യുഡിഎഫ് അധികാരത്തിലെത്തി, യു ആർ റാവുവിന്റെ നയരേഖ മാറ്റിവെച്ച് എട്ടാം ക്ലാസിലേക്ക് ഐടി പാഠപുസ്തകങ്ങൾ തയ്യാറാക്കാനാരംഭിച്ചു. കേരളത്തിൽ പാഠപുസ്തകങ്ങളുണ്ടാക്കുന്ന പ്രക്രിയ എസ് സി ഇ ആർ ടിയുടെ ചുമതലയാണ്. അവരെ സംബന്ധിച്ചിടത്തോളം ഐടി എന്ന വിഷയത്തിന് ഫാക്കൾട്ടിയില്ല. അതിനാൽ സർക്കാർ തീരുമാനം നടപ്പാക്കാൻ അവർ മൈക്രോസോഫ്റ്റിന്റെ പാഠ്യപദ്ധതിയെ ആശ്രയിച്ചു. 

വി എസ് എന്ന വലിയ രാഷ്ട്രീയ ശരി 
വി എസിന്റെ ഒരു ദിനം

കേരളത്തിന്റെ യുവ തലമുറയെ മൈക്രോസോഫ്റ്റ് എന്ന കുത്തകയുടെ അടിമകളാക്കി മാറ്റുന്ന ഈ തീരുമാനത്തെ സ്വതന്ത്ര സോഫ്റ്റ് വേർ പ്രസ്ഥാനവും കെ എസ് ടി എയും  എതിർത്തു. ഇനി ഇടതുപക്ഷ പ്രസ്ഥാനങ്ങൾകൂടി ഒപ്പം നിന്നാൽ മതി. അന്ന് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. വി എസ് പ്രതിപക്ഷ നേതാവും. കോടിയേരിയും എ വിജയരാഘവനുമടക്കം ഇടതുപക്ഷ നേതാക്കളിൽ പലരെയും നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ഫലം കാണാതെ വന്നപ്പോൾ അവസാനം വിഎസ്സിനെ സമീപിക്കാൻ തീരുമാനിച്ചു.  ആ വിശദീകരണ കൂടിക്കാഴ്ച്ചയിലൂടെയാണ് ഞാൻ വിഎസ് എന്ന ഇടതുപക്ഷത്തെ രോമാഞ്ചത്തോടെ തിരിച്ചറിഞ്ഞു തുടങ്ങിയത്. 

ആ സമരം വിഎസ് അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കുകയായിരുന്നു. ഒടുവിൽ, ഇന്ന് കേരളത്തിലെ ഓരോ കുട്ടിയും മൈക്രോസോഫ്റ്റ് എന്ന കുത്തക സോഫ്റ്റ് വേർ കാണുക പോലും ചെയ്യാതെ സ്വതന്ത്രമായി കമ്പ്യൂട്ടറുകൾ ഉപയോഗിക്കുകയും സ്വന്തമായി പ്രോഗ്രാമുകൾ വരെ തയ്യാറാക്കുകയും ചെയ്യുന്നു. 

2006ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചപ്പോൾ വിഎസ് മുഖ്യമന്ത്രിയായി. 2001-2006 കാലത്തെ വിഎസ്സുമായുള്ള സഹവർത്തിത്തത്വമായിരിക്കണം എന്നോട് പേഴ്സണൽ സ്റ്റാഫിൽ ചേരാൻ വിഎസ് നിർബ്ബന്ധിച്ചു. അങ്ങനെ 2006 മുതൽ ഔദ്യോഗികമായിത്തന്നെ വിഎസ്സിനോടൊപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായി. 

ഭൂമി ഉൽപ്പാദനോപാധിയാണെന്നും വിനിമയം ചെയ്യാനുള്ള ചരക്കല്ലെന്നും വിഎസ് ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തി

2002 മുതൽ 2006 വരെയുള്ള പ്രതിപക്ഷ നേതാവിന്റെ ശൌര്യവും 2006 മുതൽ 2011 വരെയുള്ള മുഖ്യമന്ത്രിയുടെ നയചാതുരിയും നേരിട്ട് കാണാൻ എനിക്ക് അവസരമുണ്ടായി.  കേരളത്തിലെ ജനങ്ങൾ നേരിട്ട് കണ്ട കാഴ്ച്ചകളും നിലപാടുകളും ഞാനിവിടെ വിവരിക്കേണ്ടതില്ല. രണ്ട് കാര്യങ്ങൾ മാത്രം പറയാതെ പോവുന്നതും ശരിയായിരിക്കില്ല. അതിൽ ഒന്നാമത്തേത് ഭൂമിയുടെ ഉപയോഗത്തെക്കുറിച്ചും വിനിമയത്തെക്കുറിച്ചും വിഎസ്സിനുണ്ടായിരുന്ന ഉറച്ച നിലപാടുകളാണ്. ഭൂമി ഉൽപ്പാദനോപാധിയാണെന്നും വിനിമയം ചെയ്യാനുള്ള ചരക്കല്ലെന്നും വിഎസ് ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തി. പഴയ വെട്ടിനിരത്തലിന്റെ രാഷ്ട്രീയ ശരിമ ശരിക്കും എനിക്ക് ബോദ്ധ്യപ്പെടുന്നതും ഈ കാലയളവിലാണ്.  മൂന്നാർ ഓപ്പറേഷൻ മുതൽ തണ്ണീർത്തട നിയമം വരെയുള്ള നടപടികൾ ആ രാഷ്ട്രീയ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വികസനവിരുദ്ധൻ എന്ന പേര് കേട്ടപ്പോഴും വളന്തക്കാട്ടെ കണ്ടൽക്കാടുകൾ വെട്ടിവെളുപ്പിച്ചുള്ള വികസനം വേണ്ടതില്ല എന്ന നിലപാടെടുത്തതും അതുകൊണ്ടായിരുന്നു. കൊച്ചി സ്മാർട് സിറ്റി എന്ന റിയൽഎസ്റ്റേറ്റ് ഇടപാടിനെ ഐടി വ്യവസായ ഹബ്ബാക്കി രൂപപരിണാമം വരുത്തിയതും അതുകൊണ്ടുതന്നെ. 

രണ്ടാമത്തേത് വിഎസ്സിന്റെ വികസന സങ്കൽപ്പമാണ്.  വികസനവും സുസ്ഥിര വികസനവും തമ്മിലുള്ള വിടവ് ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു വിഎസ്സിന്.  അതുകൊണ്ടാണ് ജെസിബികൾക്ക് സമാന്തരമായി നവീന മൂന്നാർ എന്ന പദ്ധതിയും വിഎസ് മുന്നോട്ടുവെച്ചത്. കേവലമായ ടൂറിസം വികസനം നിലനിൽക്കുന്നതല്ലെന്നും തദ്ദേശീയരും ദേശീയതയുമുണ്ടെങ്കിലേ സഞ്ചാരികൾ വിഭവസ്രോതസ്സാവൂ എന്നും വിഎസ് വിശ്വസിച്ചു. അതുകൊണ്ടാണ് കോവളം കൊട്ടാരത്തിന്റെ വിഷയത്തിൽ വിഎസ് നിയമപോരാട്ടത്തിനിറങ്ങിയത് എന്നാണ് എനിക്ക് തോന്നുന്നത്.

സ്ത്രീപക്ഷ, പരിസ്ഥിതി സൗഹൃദ നിലപാടുകൾ, എൻഡോസൾഫാൻ വിരുദ്ധ നിലപാടുകൾ, പ്രത്യയശാസ്ത്ര ദാർഢ്യം, സമര പോരാട്ടങ്ങൾ....  ഓർത്തെടുക്കാൻ ഏറെയുണ്ട്.  പുറമെ കാണുന്ന കനത്ത മുഖത്തിനു പിന്നിൽ ആർദ്രമായ ഒരു കരുതലും പേറി, നൂറാം വയസ്സിലേക്ക് കടക്കുന്ന ആ രാഷ്ട്രീയ പ്രതിഭയ്ക്കു മുമ്പിൽ ഇത്രയും കുറിച്ചിട്ടാൽ പോര എന്നറിയാം.  സ്നേഹം സ്നേഹത്തിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യും എന്നാണല്ലോ. 

logo
The Fourth
www.thefourthnews.in