മണ്ണിനും മനുഷ്യൻ്റെ നിലനിൽപ്പിനും വേണ്ടി പോരാടിയ വിഎസ്
മണ്ണിനും മനുഷ്യനും നിലനിൽപ്പിനും വേണ്ടി നിലകൊള്ളുന്ന ഏതൊരു വ്യക്തിക്കും ഐക്യപ്പെടാൻ കഴിയുന്ന ഒരു നേതാവാണ് സഖാവ് വി എസ് അച്യുതാനന്ദൻ. തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും, ഇന്ന് കാണുന്ന പല കമ്മ്യൂണിസ്റ്റുകാർക്കും മനസിലാക്കാൻ സാധിക്കാത്ത അടിസ്ഥാന വിഷയങ്ങൾ മനസിലാക്കാൻ, കൃഷിയും വയലും, വയലിൻ്റെ രാഷ്ട്രീയവും കണ്ടു വളർന്ന വി എസ് എന്ന ആലപ്പുഴക്കാരന് സാധിച്ചത് അദ്ദേഹം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിൻ്റെ യഥാർത്ഥ അർത്ഥവും ആഴവും അറിഞ്ഞു എന്നതുകൊണ്ടാണ്.
പ്രതിപക്ഷത്തായാലും, ഭരണപക്ഷത്തായാലും മണ്ണിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ, സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളിൽ, പ്രകൃതിയെ സംരക്ഷിക്കാനുള്ള നിലപാടുകളിൽ വെള്ളം ചേർക്കാതെ, അവനവനെയും മറ്റുള്ളവരെയും പറ്റിക്കാതെ ജനങ്ങളോടൊപ്പം നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനാലാണ് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയ്ക്ക് അദ്ദേഹം വേറിട്ട് നിൽക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നിരവധി വിഷയങ്ങളില്‍ എടുത്തിട്ടുള്ള നിലപാടുകൾ പിന്നിട് അദ്ദേഹം മുഖ്യമന്ത്രി ആയപ്പോൾ ഒന്ന് പോലും വിടാതെ നടപ്പിലാക്കാനും, പരിഹാരം കാണാനും പദ്ധതികൾ തുടങ്ങാനും ആത്മാർത്ഥമായി ശ്രമിച്ചു എന്നുള്ളത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം നിയമം, ഭൂമി കയ്യേറ്റം തിരികെ പിടിക്കാനുള്ള ശക്തമായ നടപടികൾ, കാസർഗോഡ് ദുരിതം വിതച്ച എൻഡോസൾഫാൻ കീടനാശിനി നിരോധിക്കാൻ എടുത്ത നിലപാടുകൾ, രോഗം ബാധിച്ചവർക്ക് വേണ്ട ചികിത്സ പദ്ധതികൾ, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം, കർഷക ആത്മഹത്യ തടയാനുള്ള നടപടികൾ, കർഷകർക്ക് കടാശ്വാസ നിയമവും കമ്മീഷനും ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ ഉൽപണങ്ങളുടെ നിരോധനം, കേരളത്തിൻ്റെ റബർ കർഷകരെ ദ്രോഹിക്കാൻ കൊണ്ടുവന്ന ജി എം റബ്ബർ നിരോധിച്ചത്, തുടങ്ങി മനുഷ്യൻ്റെയും പ്രകൃതിയുടെയും നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ള സമീപനങ്ങള്‍ വേറിട്ട് നിൽക്കുന്നവയാണ്. അതില്‍ എനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് എന്‍ഡോസള്‍ഫാന്‍ വിഷയമാണ്.
കേന്ദ്ര കശുവണ്ടി ഗവേഷണ സ്ഥാപനത്തിൻ്റെ നിർദ്ദേശ പ്രകാരം പ്ലാൻ്റേഷൻ കോർപറേഷൻ ഓഫ് കേരള ഹെലികോപ്റ്റർ വഴി എൻഡോസൾഫാൻ എന്ന അതിമാരക കീടനാശിനി 20 വർഷം ജനങ്ങളുടെ മേൽ തളിച്ചത് വലിയ ചർച്ചാവിഷയമായി, ആയിരക്കണക്കിന് മനുഷ്യർക്ക് രോഗങ്ങൾ വന്നു, ജനങ്ങൾ ഈ കീടനാശിനി നിരോധിക്കാൻ ആവശ്യപ്പെട്ടു. അന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിലപാട് എടുക്കാനോ ഈ പ്രശ്നത്തെ ഗൗരവമായി കാണാനോ തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ തൊഴില്‍ നഷ്ടമാവില്ലേ എന്നുള്ളതായിരുന്നു അന്ന് ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നിലപാട്.
കീടനാശിനികൾ ഉൾപ്പെടെയുള്ള അതി മാരക വിഷവസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സ്റ്റോക്ക്ഹോം കൺവെൻഷനിലും രോട്ടർഡാം കൺവെൻഷനിലും നിരീക്ഷകർ എന്ന നിലക്ക് പോകുന്ന ഞങ്ങൾക്ക് ആ കൂടിക്കാഴ്ചകൾ തന്ന ആശ്വാസം ചെറുതൊന്നുമല്ല
ഭരിക്കുന്നത് യു ഡി എഫ് ആയിരുന്നെങ്കിലും ഇടതുപക്ഷവും ഈ വിഷയത്തിൽ തണുപ്പൻ നിലപാടാണ് എടുത്തത്. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി എൻഡോസൾഫൻ നിരോധനത്തിന് അനുകൂലമായിരുന്നെങ്കിലും, കൃഷിമന്ത്രിയായിരുന്ന ഗൗരിയമ്മ നിരോധിക്കില്ല എന്ന നിലപാടിൽ തന്നെയായിരുന്നു. അങ്ങനെയിരിക്കുന്ന സമയത്ത് പാര്‍ട്ടി നിലപാടൊന്നും നോക്കാതെ വി എസ് അവിടെ വരികയും, ദുരിത ബാധിതരായ ആളുകളെ കാണുകയും, കാര്യങ്ങൾ ശാസ്ത്രീയമായി തന്നെ മനസ്സിലാക്കുകയും ചെയ്തു. എനിക്ക് ഇപ്പോഴും ഓര്‍മ്മയുള്ള ഒരു കാര്യം, തണലിലെ ജയകുമാറിനെയും എന്നെയും കാസർഗോഡ് പോകുന്നതിന് മുമ്പും തിരികെ വന്നതിനു ശേഷവും വിളിപ്പിച്ചു. അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവാണ്. എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ട നിരവധി വിശദാംശങ്ങളായിരുന്നു ചോദിച്ചത്. അന്ന് വരെ ഒരു പൊളിറ്റിക്കല്‍ ലീഡറും ചോദിക്കാത്ത ചോദ്യങ്ങൾ അദ്ദേഹം നമ്മളോട് ചോദിച്ചു. ശരിക്കും വിഷയം മനസ്സിലാക്കാനുള്ള മനസ്സ് അദ്ദേഹത്തിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
കീടനാശിനികൾ ഉൾപ്പെടെയുള്ള അതിമാരക വിഷവസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സ്റ്റോക്ക്ഹോം കൺവെൻഷനിലും രോട്ടർഡാം കൺവെൻഷനിലും നിരീക്ഷകർ എന്ന നിലക്ക് പോകുന്ന ഞങ്ങൾക്ക് ആ കൂടിക്കാഴ്ചകൾ തന്ന ആശ്വാസം ചെറുതൊന്നുമല്ല. കാരണം ഒരുപാട് പഠനങ്ങളും സമരങ്ങളും ഒക്കെ കഴിഞ്ഞിട്ടും സർക്കാരിൻ്റെ ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ വിഷയം സർക്കാരിൻ്റെയും ജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്താൻ ഏറ്റവും ശക്തനായ നേതാവിനെ തന്നെ കിട്ടിയല്ലോ എന്ന ആശ്വാസം. കാസര്‍ഗോഡ് കുമാരന്‍ മാസ്റ്റര്‍ ഉണ്ട്. അദ്ദേഹത്തിന് ലിവര്‍ കാന്‍സര്‍ ആയിരുന്നു. പുറത്ത് നിന്ന് ഭക്ഷണം പോലും കഴിക്കാറില്ല, കള്ള് കുടിയോ സിഗററ്റ് വലിയോ ഇല്ല, പിന്നെ എങ്ങനെ അദ്ദേഹത്തിന് കാന്‍സര്‍ എന്നാണ് വി എസിന്റെ സംശയം. മുകളില്‍ അടിക്കുന്ന കീടനാശിനി എങ്ങനെയാണ് കുമാരന്‍ മാസ്റ്റര്‍ക്ക് കാന്‍സര്‍ ഉണ്ടാക്കുന്നത്? ശാസ്ത്രമാണ് ചോദിക്കുന്നത്. ഞങ്ങള്‍ ശാസ്ത്രീയമായി അത് വിശദീകരിച്ചു. അങ്ങനെ പല ചോദ്യങ്ങള്‍. വിശദീകരണങ്ങൾ മുഴുവനായും അദ്ദേഹം ഇരുന്ന് കേള്‍ക്കുകയാണ്. കേട്ട് കഴിഞ്ഞിട്ട് ഇത് ഞാന്‍ ഇന്ന് തന്നെ നിയമസഭയില്‍ ഉന്നയിക്കും എന്ന് പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് അതിന് മുമ്പ് ഒരുപാട് നേതാക്കന്മാരെ ഞങ്ങൾ പോയി കണ്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുൾപ്പെടെ പല നേതാക്കള്‍ അവിടെ പോയിരുന്നു. അവിടുത്തെ വൻ ദുരന്തം നേരിട്ട് കണ്ടിട്ടും ഒരു ചെറുവിരല്‍ പോലും അവര്‍ അനക്കിയതായി എനിക്ക് ഓര്‍മ്മയില്ല. പഠനങ്ങളെ കുറിച്ചും ഡോക്ടര്‍മാരുടെ കണ്ടെത്തലുകളെ കുറിച്ചും ഭവിഷ്യത്തുകളെ കുറിച്ചുമൊക്കെ അവരോട് പറഞ്ഞിട്ടും അവര്‍ക്ക് ബോധ്യപ്പെടാതിരുന്നത്, എല്ലാം രാഷ്ട്രീയമായും പാർട്ടി നിലപാടുകളുടെ ചട്ടക്കൂടുകളിൽ നിന്ന് കൊണ്ടും, പ്രായോഗികതകൾ ആലോചിച്ചും മാത്രം മനസിലാക്കിയതുകൊണ്ടായിരിക്കാം .
മൂന്നാർ ഓപ്പറേഷൻ സമയത്തതാണ് ഭൂമിഭൂമിയുടെ രാഷ്ട്രീയം കേരളത്തിൽ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചത്
നിയമസഭയില്‍ അദ്ദേഹം വിഷയം ഉന്നയിച്ചു. അതിരൂക്ഷമായി സർക്കാരിനെ കടന്നാക്രമിച്ചു. കീടനാശിനി നിരോധിക്കാത്തതിന് സഭയിൽ അദ്ദേഹം ഗൗരിയമ്മയെ നേരിട്ടാക്രമിക്കുകയായിരുന്നു. ഉടനെ ആന്റണി ആരോഗ്യമന്ത്രി ശങ്കരനെ വിളിപ്പിക്കുകയും ശങ്കരന്‍ ഗൗരിയമ്മയുടെ അടുത്ത് പോയി എന്തോ പറയുകയും ചെയ്യുന്നു, ഗൗരിയമ്മ അപ്പോള്‍ തന്നെ എഴുന്നേറ്റ് കേരളത്തില്‍ ഈ കീടനാശിനിയുടെ ഉപയോഗം തടയാന്‍ ഞാന്‍ തയ്യാറാണ് എന്ന് പറയുന്നു. അങ്ങനെയാണ് സംസ്ഥാനം എന്‍ഡോസള്‍ഫാന്റെ ഉപയോഗം തടയാം എന്നൊരു നിലപാടിലേക്കെത്തുന്നത്. വർഷങ്ങൾക്ക് ശേഷം 2011ലെ ഇലക്ഷൻ കഴിഞ്ഞ് രണ്ടാം ദിവസം എൻഡോസൾഫാൻ്റെ ആഗോള നിരോധനം ജനീവയിൽ ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യ നിരോധനത്തെ എതിർക്കുന്ന ഏക രാജ്യവും. അന്ന് കേരള മുഖ്യമന്ത്രി വി എസിൻ്റെ നേതൃത്വത്തിൽ നിരാഹാര സമരം. ഇത് ലൈവായി ഞങ്ങൾ ഐക്യരാഷ്ട്ര സഭയിൽ കാണിക്കുന്നു. കേന്ദ്രത്തിനുമേൽ ഇത് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയത്.
രക്തസാക്ഷി മണ്ഡപത്തിൽ വി എസ് നിരാഹാരം കിടക്കുമ്പോൾ നിവൃത്തിയില്ലാതെ അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ഒടുവിൽ ഇന്ത്യ നിരോധനം അംഗീകരിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭയെ അറിയിക്കുന്നു. അങ്ങനെയാണ് എൻഡോസൾഫാൻ എന്ന കീടനാശിനിക്ക് ആഗോള നിരോധനം ഉണ്ടാവുന്നത്. വി എസിൻ്റെ ധാർമിക നിലപാടുകളുടെ ശക്തമായ പ്രകടനം കൂടിയായിരുന്നു അത്. ഇലക്ഷൻ കഴിഞ്ഞ സ്ഥിതിക്ക് എന്തിന് എന്ന് ഇന്ന് പല നേതാക്കന്മാരും ചോദിക്കാൻ സാധ്യതയുള്ള നിലപാടല്ല അന്ന് വി എസ്സ് എടുത്തത്. അതേ സമീപനം തന്നെയായിരുന്നു മൂന്നാറിലെ കയ്യേറ്റങ്ങളുടെ കാര്യത്തിലും. ഒരു ഭരണകര്‍ത്താവിനും ചെയ്യാന്‍പറ്റാത്ത മുന്നേറ്റം വി എസ് അവിടെ നടത്തി. അന്ന് ഇന്ത്യയില്‍ ഭൂവിനിയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ കാര്യമായി നടക്കുന്നുണ്ട്. അന്ന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കോണ്‍ഗ്രസ് കർഷക വിരുദ്ധാമായ നിലപാടെടുത്തിട്ടുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്.
മൂന്നാർ ഓപ്പറേഷൻ സമയത്തതാണ് ഭൂമിയുടെ രാഷ്ട്രീയം കേരളത്തിൽ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചത്. 2006-11 ലെ ഭരണം പോലെയായിരുന്നില്ല പിന്നീടുള്ളതൊന്നും. മറ്റ് സർക്കാരുകളുടെയും നിലപാടുകളും പ്രഖ്യാപനങ്ങളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഭൂമി എന്ന അടിസ്ഥാനവിഷയവുമായി ബന്ധപ്പെട്ട്, നിലനില്‍പ്പുമായി ബന്ധപ്പെട്ട് ഇതുപോലൊരു നിലപാടെടുത്തിട്ടുള്ള സര്‍ക്കാര്‍ ഉണ്ടാവില്ല. മുമ്പുള്ള കരുണാകരന്റേയും ആന്റണിയുടേയും നായനാരുടേയും ഭരണങ്ങള്‍ എടുത്ത് നോക്കിയാൽ അത് കഴിഞ്ഞ് വി എസ് വന്നപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു കാലമായിരുന്നു എന്ന് മനസിലാകും. കേരളത്തിന് ഏറ്റവും അനുയോജ്യമായ വികസനം പരിസ്ഥിതിയെയും അടിസ്ഥാന വർഗത്തിൻ്റെ നിലനിൽപ്പിനെയും , കർഷകരെയും ചെറു തൊഴിൽ ചെയ്തു ജീവിക്കുന്നവരെയും സംരക്ഷിച്ചും പരിപോഷിപ്പിച്ചും തന്നെയായിരിക്കണം എന്ന് കാണിച്ച് തന്ന സർക്കാർ. എന്റെ അഭിപ്രായത്തില്‍ അതിന് ശേഷം വന്നത് മോഹന വാഗ്ദാനങ്ങളിൽ ജനങ്ങളെ മയക്കി കേരളത്തെ കൂടുതല്‍ വിവശമാക്കുന്ന സര്‍ക്കാരുകളാണ്. അതിവേഗം ബഹുദൂരം, എല്ലാം ശരിയാകും എന്നൊക്കെ പറഞ്ഞ് കേരളത്തിൻ്റെ ഭൂവിഭവങ്ങളെ വൻകിട പദ്ധതികളുടെ നിർമാണത്തിന് വേണ്ടി ചൂഷണം ചെയ്യുകയും കേരളത്തിൻ്റെ ഭൂപ്രകൃതിയെ എന്നെന്നേക്കുമായി നശിപ്പിക്കുകയും ചെയ്ത സർക്കാരുകൾ. വി എസ് സർക്കാരിൻ്റെ നിലപാടുകളോട് പക തീർക്കുന്നത് പോലെയാണ് ഇന്ന് സ്വപ്നപദ്ധതി വികസനം നടക്കുന്നത്. അതോടൊപ്പം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ കണ്ട മട്ട് കാണിക്കുന്നില്ല. പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം ഇടതാണോ കോണ്‍ഗ്രസ് ആണോ ഭരിക്കുന്നത് എന്നതല്ല, ഭരണകർത്താക്കൾ എടുക്കുന്ന നിലപാടുകള്‍ ആ സര്‍ക്കാരിനെ എങ്ങനെ കൊണ്ടുപോവുന്നു എന്നതിലാണ് കേരളത്തിൻ്റെ ഭാവി നിൽക്കുന്നത്.
അങ്ങനെ നോക്കുമ്പോൾ വി എസ് മന്ത്രിസഭയുടെ അഞ്ച് വര്‍ഷം എന്നത് കേരളത്തില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല ഭരണകാലമായിരുന്നു. കേരളത്തിന്റെ നിലനില്‍പ്പ്, ഭൂവിനിയോഗം, ഭൂപ്രകൃതി, ഭൂമിയുടെ നിലനില്‍പ്പ്, ഭൂമിയുടെ ഉടമസ്ഥത അങ്ങനെയുള്ള വിഷയങ്ങളിലെല്ലാം വ്യക്തമായ നിലപാടെടുത്തത് വി എസ് സര്‍ക്കാരാണ്. ഉദാഹരണമാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം. നെൽവയലുകൾ സംരക്ഷിക്കാനും തൊഴിലും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനും നടത്തിയ, കോളിളക്കം സൃഷ്ടിച്ച വെട്ടിനിരത്തൽ സമര ചരിത്രം ഉള്ളയാളാണ് വി എസ്. അത് ഒരുപാട് ഭൂവുടമകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും തന്നെ കർഷകർക്കോ, കർഷക തൊഴിലാളികൾക്കോ പരിസ്ഥിതിക്കോ എതിരായിരുന്നില്ല. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കേരളത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമാണ്. അത് മനസ്സിലാക്കിയാണ് വി എസ് നീങ്ങിയത്. അന്നത്തെ മന്ത്രിസഭയിൽ ഈ നിലപാടുകളോട് പൂർണ പിന്തുണയുമായി സിപിഐ മന്ത്രിമാരായ മുല്ലക്കര രത്നാകരൻ, കെ പി രാജേന്ദ്രൻ, ബിനോയ് വിശ്വം എന്നിവർ ഉണ്ടായിരുന്നു. അവരുടെയും കൂടി ശ്രമം ആയിരുന്നു നെൽവയൽ നീർത്തട സംരക്ഷണ നിയമം. വിദ്യാഭ്യാസ യോഗ്യതകൾ കുറവായിരുന്നിട്ടും ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭാവി കേരളത്തെ മുന്നിൽകണ്ട് ചില നിലപാടുകൾ വി എസ് കൈക്കൊണ്ടിരുന്നു. പ്രകൃതി ദുരന്തങ്ങൽ ആവർത്തിച്ച് അനുഭവിക്കുന്ന കേരളത്തിന് ഈ നിലപാടുകളെ ഇനിയും അംഗീകരിക്കാതിരിക്കാനാകില്ല. കേരളത്തിലെ ഭൂപ്രകൃതി, ആവാസവ്യവസ്ഥ, അടിസ്ഥാനവര്‍ഗങ്ങളുടെ ജീവിതം, അവരുടെ സംസ്ക്കാരം ആവശ്യങ്ങൾ ഒക്കെ മനസ്സിലാക്കിയ ഒരു രാഷ്ട്രീയ നേതാവ് വേറെ ഉണ്ടായിട്ടില്ല. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കൽ അന്ന് നടപ്പാക്കിയിരുന്നെങ്കില്‍ വി എസ്സിൻ്റെ സ്വപ്നമായിരുന്ന നവീന മുന്നാർ ഇന്ന് നടപ്പാകുമായിരുന്നു . മുന്നാർ നടപടികൾക്ക് ജനത്തിന്റെ എത്രത്തോളം പിന്തുണ അന്നുണ്ടായിരുന്നു എന്നതിന് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവേകളിൽ 90 ശതമാനത്തിലധികം ജനങ്ങളും വി എസിനൊപ്പമായിരുന്നു.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കിയത് തന്നെ ഒരു വലിയ മുന്നേറ്റമാണ്. മന്ത്രിമാരും എം എൽ എ മാരും അടങ്ങുന്ന അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് റീജ്യണുകളിലായി വിശദമായി ചര്‍ച്ച ചെയ്യുകയും എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം സ്വീകരിക്കുകയും ചെയ്തതിന് ശേഷമാണ് നിയമസഭയിൽ ഈ നിയമം അവതരിപ്പിക്കപെട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങളോട് ഉള്‍പ്പെടെ വിദഗ്ധരോടെല്ലാം വി എസും മറ്റ് മന്ത്രിമാരും ചർച്ച ചെയ്തിട്ടുണ്ട്. നെല്‍വയല്‍ നിയമത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെ എതിർപ്പുണ്ടായിരുന്നു. ഒടുവില്‍ നിയമസഭയില്‍ ചര്‍ച്ച വരുന്നു. വയൽ നികത്താതെ വികസനം പറ്റില്ലെന്ന് വിശ്വസിച്ചിരുന്ന സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ അതിനെ എതിര്‍ത്തുകൊണ്ട് വാക്ക് ഔട്ട് ചെയ്തിട്ടുണ്ട്. ഇടത്പക്ഷത്ത് തന്നെ എതിർപ്പുള്ളവർ ഉണ്ടായിരുന്നു. നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞത് വി എസ് വിപ്പ് പുറപ്പെടുവിച്ചില്ലെങ്കിൽ ഇരുപത് പേരുപോലും ഈ നിയമത്തിന് വോട്ട് ചെയ്യില്ലായിരുന്നു എന്നാണ്. പക്ഷെ കേരളത്തിലെ കര്‍ഷകര്‍ക്കും പൊതുജനത്തിനും വേണ്ടി വി എസ് എടുത്ത നിലപാടായിരുന്നു ഈ നിയമം. അതിന് ശേഷം വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ ദിവസം മുതല്‍ ഈ നിയമത്തില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വി എം സുധീരനും വി ഡി സതീശനും പ്രതാപനും ഉള്‍പ്പെടെയുള്ളവരുടെ ശ്രമത്തിലാണ് അഞ്ച് വര്‍ഷം ആ നിയമം പിടിച്ച് നിന്നത്. പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം സംരക്ഷിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി. എന്നാല്‍ പിന്നീട് ചില വലിയ പദ്ധതികൾക്ക് വേണ്ടി നിയമത്തില്‍ വെള്ളംചേര്‍ക്കുകയും നിയമം തന്നെ ഭേദഗതി പൊളിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി ചെയ്യാൻ ശ്രമിച്ചതിനേക്കാൽ മോശമായ രീതിയിലാണ് പിണറായി സര്‍ക്കാര്‍ അത് ചെയ്തത്.
വി എസ് ഒരു വികസന വിരുദ്ധനായിരുന്നു എന്ന പ്രചാരണവും ഉണ്ടായിരുന്നു. അന്നത്തെ വികസന കണക്കുകൾ എടുത്ത് നോക്കിയാൽ തീരാവുന്നതേയുള്ളു ആ പ്രചാരണം. വലിയ ബൃഹത് പദ്ധതികളും സ്പെഷ്യൽ ഇക്കണോമിക് സോണുകളുമാണ് വികസനം എന്ന് പ്രചരിപ്പിക്കപ്പെട്ട മൻമോഹൻ സിംഗ് കാലമായിരുന്നു അത്. എന്നാൽ ആ കാലത്ത് സ്ഥാപിച്ച IT പാർക്കുകൾ തന്നെയാണ് ഇന്ന് കേരളത്തിൽ കാണുന്ന 90% IT പാർക്കുകളും. IT പാർക്കുകൾ കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കുമെന്നും അതിന് വലിയ ഭൂമി ഏറ്റെടുക്കൽ ഇല്ലാതെ, കഴിയുന്നതും സർക്കാർ ഭൂമിയിൽ വയലൊന്നും നികത്താതെ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പാക്കിയിരുന്നു. അങ്ങനെയാണ് കുണ്ടറയിലും ചേർത്തലയിലും ഒക്കെ IT park വരുന്നത്. അദ്ദേഹം ഭരണത്തിൽ കേറുമ്പോൾ വെറും 350 കോടി രൂപയുടെ വരവുണ്ടായിരുന്ന കേരളത്തിലെ IT മേഖല 2011 ആയപ്പോൾ 10000 കോടി രൂപയുടെ വരവുള്ള അവസ്ഥയിലേക്ക് മാറിയിരുന്നു. വി എസിന്റെ കാലത്താണ് കേരളത്തില്‍ എണ്‍വയോണ്‍മെന്റല്‍ പോളിസി ഉണ്ടായത്. അതേ കാലത്താണ് ഇന്ത്യയില്‍ ഏറ്റവും നല്ല ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് എന്ന അംഗീകാരം ലഭിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനവും ഇവിടെ നടന്നത്.
ഒരു ഭരണാധികാരി തന്റെ ചൊല്പടിക്ക് കൂടെ നിൽക്കാൻ വേണ്ടിയല്ല ഉദ്യോഗസ്ഥർക്ക് ചുമതലകള്‍ നല്‍കേണ്ടത്. ആ കസേരയ്ക്ക് യോഗ്യനായ ഒരാളെ ഇരുത്തുകയെന്നതാണ് പ്രധാനം. ഡോ. വി എസ് വിജയനെ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചുമതലകള്‍ ഏല്‍പ്പിക്കുക വഴി തെളിയിക്കപ്പെട്ടാൽ അതാണ്. അതിരപ്പള്ളി പദ്ധതി നടപ്പാകും എന്ന് പറഞ്ഞപ്പോൾ സംസ്ഥാന സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തത് വി എസ് വിജയനാണ്. അതിനിടെ വിജയനെ വിളിച്ച് വി എസ് ഒരിക്കല്‍ സംസാരിക്കുന്നു. ഒരു പോസ്റ്റ് ഒഴിവുണ്ട്, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍, അതിന് താത്പര്യമുണ്ടോ എന്ന്. അത് വി എസ് തീരുമാനിച്ചാല്‍ മതി എന്ന് വിജയന്‍ തിരിച്ച് പറയുന്നു. പക്ഷേ പോസ്റ്റ് ഏറ്റെടുത്താലും സര്‍ക്കാരിനെതിരെയുള്ള കേസ് പിന്‍വലിക്കില്ല എന്ന് വിജയന്‍ പറഞ്ഞു. കേസ് അല്ലേ, അത് അങ്ങനെ നടക്കും, അതിനെന്താ കുഴപ്പം എന്നാണ് വി എസ് പറഞ്ഞ മറുപടി. അതിന് ശേഷമോ മുമ്പോ ഉള്ള ഏതെങ്കിലും സര്‍ക്കാരിൽ നിന്ന് ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാൻ സാധിക്കുമോ? അതായിരുന്നു വി എസ് എന്ന നേതാവും ഭരണാധികാരിയും. അത് കൊണ്ടുതന്നെ ഭരണം ഒരിക്കലും ഒരു ഏകാധിപത്യ രീതിയിൽ ആയിരുന്നില്ല അദ്ദേഹം കൈകാര്യം ചെയ്തത്. എല്ലാ മന്ത്രിമാർക്കും അവരുടേതായ ഓട്ടോണമി ഉണ്ടായിരുന്നു എന്ന് അടുത്തറിയാവുന്ന മന്ത്രിമാരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.
അതിന് ശേഷം വന്ന ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടിയിലൂടെ കാണിച്ചത് നമ്മൾ കണ്ടതാണ്. ഫയലുകൾ ഒക്കെ തീർപ്പാകുന്നത് മഹാരാജാക്കന്മാർ ചെയ്യുന്നത് പോലെ നേരിട്ട് ജനങ്ങളെ വിളിച്ചു തീർപ്പാക്കി കൊടുക്കുന്ന പരിപാടി വേണ്ടിവരുന്നത് തന്നെ ഭരണം കൃത്യമായി നടക്കാതെ പോകുന്നത് കൊണ്ടാണ്. ഇന്നിപ്പോൾ അതിനേക്കാളും മോശം അവസ്ഥയിലാണ് ഭരണം. എല്ലാ അധികാരവും ഒരു കേന്ദ്രത്തിലേക്ക് ചുരുങ്ങി ഇരിക്കുന്ന അവസ്ഥ. വി എസിന് ഇന്ന് 100 വയസ്സ്. പ്രായം കൊണ്ട് സെഞ്ചുറി അടിച്ച സഖാവിനെ നമ്മൾ ആദരപൂർവം ആഘോഷിക്കും. പക്ഷേ യഥാർത്ഥത്തിൽ നമ്മൾ ആഘോഷിക്കേണ്ടത് അദ്ദേഹം എടുത്ത നിലപാടുകളെയാണ്, നടത്തിയ മാതൃകാപരമായ ഭരണത്തെയും. അദ്ദേഹത്തോട് പാർട്ടിക്കും അണികൾക്കും കേരള ജനതയ്ക്കും ശരിക്കും ആദരവുണ്ടെങ്കിൽ ചെയ്യേണ്ടത് അദ്ദേഹം വെട്ടിയ വഴി ഒന്നുകൂടി തെളിച്ച്, പടർന്ന് കേറിയ കളകളൊക്കെ പിഴുതു മാറ്റി, കേരളത്തെ നിലനിർത്താനുള്ള ചുവടുകൾ വീണ്ടും ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു കൊണ്ട് മുന്നോട്ട് നടക്കുകയാണ്.